തകരുന്ന മുല്ലപ്പെരിയാറിനേക്കാള്‍ അപകടം ഇതാണ്.

**msntekurippukal | 7 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
              മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളം ഇന്ന് ഒറ്റക്കെട്ടായി സമരരംഗത്താണ്.സമീപകാലകേരളം കണ്ട ഏറ്റവും വലിയ ഐക്യമാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.ഇന്ന് കേരളത്തില്‍ പത്താളെക്കൂട്ടാന്‍ പറ്റിയ വിഷയമായി മാറി മുല്ലപ്പെരിയാര്‍.നാടിനോടും നാട്ടാരോടും ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാടും കേരളവും തമ്മില്‍ വൈരാഗ്യം വളര്‍ത്താത്ത  രീതിയില്‍ കേരളത്തിന്റെ ഒത്തൊരുമീച്ചുള്ള പ്രതിഷേധം വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ മറ്റു ചില ഈര്‍ക്കിലി സംഘടനകളും പാര്‍ട്ടികളും മുതലെടുപ്പുരാഷ്ട്രീയവുമായി രംഗത്തിറങ്ങി.അവര്‍ക്ക് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധമൊന്നും പ്രശ്നമായിരുന്നില്ല.ആരംഭകാലം മുതല്‍ കേരളത്തിന്റെ വികാരത്തോട് യോജിക്കാതിരുന്ന തമിഴ്‌നാട്ടുകാര്‍ ഈ സന്ദര്‍ഭത്തിലും അലസവും പ്രത്യക്ഷത്തില്‍ കേരളവിരുദ്ധമെന്നു തോന്നിപ്പിക്കുന്നതുമായ ഒരു നിലപാടാണെടുത്തിരുന്നത്.
                 കേരളത്തിന്റെ വികാരങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അടിയേറ്റ സംഭവമായിരുന്നു ഹൈക്കോടതിയില്‍ നടത്തിയ വാദം.കേരളം ഇന്നോളം പാടുപെട്ട് പടുത്തുയര്‍ത്തിയ വാദമുഖങ്ങളൊന്നാകെ  തകര്‍ത്തുകളഞ്ഞ ഒരു പ്രസ്താവനയായിരുന്നു എ.ജി.ശ്രി.ദണ്ഡപാണി ഹൈക്കോടതിയില്‍ നടതിയത്.എ.ജിയുടെ പ്രസ്താവന - കേരള മന്ത്രിസഭക്ക് അമ്പരപ്പ് എന്നാണ് കേരള കൌമുദി എഴുതിയത്.മാത്രമല്ല അല്പമെങ്കിലും ബോധവും വിവരവും ബാക്കി നില്‍ക്കുന്ന എല്ലാ മലയാളികളും ഈ പ്രസ്താവനയില്‍ അമര്‍ഷവും അമ്പരപ്പും വേദനയും രേഖപ്പെടുത്തി.കേരളത്തിന്റെ വാദമുഖങ്ങളൊക്കെയും അടിയോടെ പിഴുത് തമിഴ്‌നാടിന്റെ കയ്യില്‍ കൊണ്ടുകൊടുക്കുക എന്ന കാര്യമാണ് എ.ജി തന്റെ ഹൈക്കോടതി വാദത്തിലൂടെ നടത്തിയത്.
            എ.ജി ശ്രീ ദണ്ഡപാണിയെ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ ഏല്‍പ്പിച്ചപ്പോള്‍തന്നെ ദേശാഭിമാനി ദിനപ്പത്രം, ശ്രീ ദണ്ഡപാണി കാലങ്ങളായി മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്ന ആളാണെന്ന് എഴുതിയിരുന്നു.എന്നാല്‍ അന്നിതെഴുതുമ്പോള്‍ ദേശാഭിമാനി പോലും വിചാരിച്ചു കാണില്ല ശ്രി.ദണ്ഡപാണി പണി പറ്റിക്കുമെന്ന്.ആദ്യഘട്ടത്തില്‍ ശ്രീ ദണ്ഡപാണിയെ പിന്തുണച്ച്,അതാണു ശരിയെന്ന് ഘോരഘോരം വാഴ്ത്തിയ റവന്യൂ മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വളരെപെട്ടെന്ന് തന്റെ പ്രസ്താവന പിന്‍‌വലിക്കുകയും അഡ്വക്കേറ്റ് ജനറലിനെ തള്ളിപ്പറഞ്ഞു.അങ്ങനെ എല്ലാവരാലും തള്ളിക്കളയപ്പെട്ട ഒരാളായി മാറി നമ്മുടെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ.ദണ്ഡപാണി.
                 എന്നാല്‍ പിന്നീട് ഇതിന്റെ ഉള്ളുകള്ളികള്‍ വെളിവായി.മനോരമാ പത്രത്തിന്റെ മാനസപുത്രനാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍‌ചാണ്ടി.മനൊരമയുടെ ബാലജനസഖ്യത്തിലൂടെ ജനിച്ച്, മനോരമയുടെ പ്രത്യേക ശ്രദ്ധകിട്ടി വളര്‍ന്ന് കെ എസ് യു വിലുടെ യൂത്ത് കോണ്‍ഗ്രസ്സിലെത്തി അവിടന്ന് മൂത്ത കോണ്‍ഗ്രസ്സ് കാരനായി എം എല്‍ എ  ആയി മന്ത്രിയായി മുഖ്യമന്ത്രിയായി മാറിയ ആളാണ് നമ്മുടെ മുഖ്യന്‍.മനോരമ പത്രമാകട്ടെ തമിഴ്‌നാട്ടില്‍ വലരെയധികം കൃഷിയും വ്യവസായങ്ങളും ( എം ആര്‍ എഫ് ഒര്‍ക്കുക) ഒക്കെയുള്ള ഒരു കുടുംബത്തിന്റേയും.അതുകൊണ്ടു തന്നെ മനോരമക്ക് കേരളത്തിലെ 35 ലക്ഷം ജനങ്ങളെക്കാളധികം വലുത് തങ്ങളുടെ തമിഴ്‌നാട്ടിലെ ബിസിനസ് - കൃഷി മോഹങ്ങളാണ്.കേരളത്തിന്റെ ചരിത്രത്തില്‍ മനോരമ തങ്ങളുടെ ബിസിനസ് താല്പര്യത്തേക്കാള്‍ വലുതായി കേരളീയരെ കാലമില്ല.ശ്രീ ദാണ്ഡപാണിയാണെങ്കിലോ, മനോരമയും കാര്‍ട്ടൂണിസ്റ്റ് യേശുദാസനും ടോംസും (ബോബനും മോളിയും ഫെയിം) തമ്മിലുള്ള കേസില്‍ മനോരമക്കുപകരിച്ച വക്കീലും. എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ മൂന്നും നാലും അഞ്ചും കൂടി കൂട്ടിയപ്പോള്‍ പന്ത്രണ്ടു തന്നെ.ഈ പ്രശ്നത്തില്‍ ഉരുണ്ടതല്ലാതെ മുഖ്യന്‍ കൃത്യമായി ഒരു മറുപടി തന്നില്ല എന്നും ഓര്‍ക്കുക.
                   ഞാനെഴുതിവന്ന വിഷയം വേറെയാണ്.ശ്രീ ദണ്ഡപാണിക്കെതിരെ എല്ലാവരും ചന്ദ്രഹാസമിളക്കി അട്ടഹസിച്ചപ്പോള്‍ അക്കൂട്ടത്തിലൊന്ന് എന്‍ എസ് എസിന്റേതായിരുന്നു.എന്‍ എസ് എസ് സെക്രട്ടറി ശ്രീ.ജി.സുകുമാരന്‍ നായര്‍ പറഞ്ഞു, എജിയെ മാറ്റി നിറുത്തി അന്വേഷിക്കണമെന്ന്.സര്‍ക്കാര്‍ എജിയെ മാറ്റി നിറുത്തി കോടതിയില്‍ സത്യാവസ്ഥ ബൊധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (കേരള കൌമുദി ദിനപ്പത്രം 05/12/2011).മറ്റെല്ലാവരേയും പോലെ എന്‍ എസ് എസും ഒരഭിപ്രായം പറഞ്ഞൂ എന്നേ വിചാരിക്കേണ്ടതുള്ളൂ.എന്നാല്‍ മറുവശത്ത് മറ്റൊരു വിതണ്ഡവാദവുമായി ഉടന്‍ ചാടി വീണു എസ്.എന്‍.ഡി.പി.പ്രസിഡണ്ട് വെള്ളാപ്പിള്ളി നടേശന്‍.5-)0 തീയതിയിലെ കേരള കൌമുദി തന്നെ നോക്കുക.എജിക്ക് സംസ്ഥാനസര്‍ക്കാര്‍ എഴുതി നല്‍കിയ കാര്യമാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത് എന്നാണദ്ദേഹം പ്രസ്താവിച്ചത്.തന്നെയുമല്ല ഭരണപക്ഷത്തുള്ളവര്‍ തന്നെ എജി അഡ്വക്കേറ്റ് ജനറലിനെതിരെ തിരിയുന്നത് തോന്ന്യവാസമാണെന്നും അദ്ദേഹം പറഞ്ഞു.
                      പിറ്റേന്നത്തെ ( 06/12/2011) കേരള കൌമുദിയില്‍ അദ്ദേഹം പിന്നേയും പൊട്ടിത്തെറിക്കുന്നു; സര്‍ക്കാറിന്റെ അഭിപ്രായം പറഞ്ഞ എജിയെ ക്രൂശിക്കുന്നു.തീര്‍ന്നില്ല, കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന ന്യായമാണ് എജിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.അവിടംകൊണ്ടും നിറുത്താതെ, ഈഴവ സമുദായാംഗമായതിനാലാണ് എജിയെ ക്രൂശിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദെഹം പറഞ്ഞു. (അടിവരയും കടുപ്പിക്കലും എന്റേത്.)
                         ഈയൊരു പ്രസ്താവനയാണ് ഇതുവരെ നമ്മള്‍ കെരളീയര്‍ നടത്തിയ ഒത്തൊരുമയുടേയും ഐക്യത്തിന്റേയും ശോഭ കെടുത്തിക്കളഞ്ഞത്.നമുക്കെല്ലാവര്‍ക്കും അറിയാം അദ്ദേഹം ഈഴവസമുദായത്തിലായതിനാലല്ല നാമൊക്കെ അദ്ദേഹത്തെ എതിര്‍ത്തതെന്ന്.അദ്ദേഹം ഏതുജാതിയില്‍ പെട്ടതായാലും ഇമ്മാതിരി പ്രസ്താവനകള്‍ നടത്തിയാല്‍ ജാതിനോക്കാതെ നാമെതിര്‍ക്കും.ഒരു പക്ഷെ ഈഴവജാതിക്കാരായ അനേകമാളുകള്‍ എജിക്കെതിരായ നീക്കത്തില്‍ പങ്കുചേരുന്നുണ്ടാകും.അവരൊക്കെ ഇന്നും സമരമുഖത്തുറച്ചു നില്‍ക്കുന്നത് ഡാം പൊട്ടിയാല്‍ ഈഴവന്മാര്‍ മരിക്കും എന്നതുകൊണ്ടല്ല, പകരം കേരളീയര്‍ ഇല്ലാതാകും എന്നതിനാലാണ്. ഇങ്ങനെ വളര്‍ന്നുവരുന്ന ഒരു സമരത്തെയാണ് കേവലം ഒരു മനുഷ്യന്‍ ഈഴവ ഈഴവേതര സമരമായി ഇതിനെ മാറ്റിമറിക്കാന്‍ നോക്കുന്നത്. കേരളത്തിന്റെ ശാപം ഇത്തരക്കാരായ നേതാക്കന്മാരാണെന്നു സംശയരഹിതമായി ഉറക്കെ പ്രഖ്യാപിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ്.നമ്മള്‍,കേരളീയര്‍ നന്നാവാന്‍ ഒരു തരത്തിലും സമ്മതിക്കാത്തവരായ കടല്‍ക്കിഴവന്മാരായ ഇത്തരം നേതാക്കന്മാരെ വിളക്കുകാലില്‍ കെട്ടി ചമ്മട്ടിക്കടിക്കുന്ന കാലം വിദൂരമല്ല. അക്കാലം വന്നാല്‍ മാത്രമെ ഈ നാട് - കേരളം നന്നാവൂ.

7 comments :

  1. കേരളത്തിന്റെ ശാപം ഇത്തരക്കാരായ നേതാക്കന്മാരാണെന്നു സംശയരഹിതമായി ഉറക്കെ പ്രഖ്യാപിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ്.നമ്മള്‍,കേരളീയര്‍ നന്നാവാന്‍ ഒരു തരത്തിലും സമ്മതിക്കാത്തവരായ കടല്‍ക്കിഴവന്മാരായ ഇത്തരം നേതാക്കന്മാരെ വിളക്കുകാലില്‍ കെട്ടി ചമ്മട്ടിക്കടിക്കുന്ന കാലം വിദൂരമല്ല. അക്കാലം വന്നാല്‍ മാത്രമെ ഈ നാട് - കേരളം നന്നാവൂ.

    ReplyDelete
  2. വക്കീലിന്‍െറ മഹാപരാധമായി സര്‍വദേശസ്നേഹികളും മുല്ലപ്പെരിയാര്‍ ചെണ്ടക്കാരും പറയുന്ന അടുത്ത ഇനമെടുക്കാം -ഡാമിന്‍െറ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ളെന്ന വക്കീല്‍ ഭാഷ്യം. ഡാമിന്‍െറ കാലപ്പഴക്കവും പ്രദേശത്തിന്‍െറ ഭൂകമ്പസാധ്യതയുമാണ് യഥാര്‍ഥ ഭീഷണികളെന്ന് വക്കീല്‍ ബോധിപ്പിച്ചതില്‍ എന്താണ് പിശക്? ഇപ്പറഞ്ഞ രണ്ടുംതന്നെയാണ് കേരളം 2006 മുതല്‍ ഉയര്‍ത്തിപ്പറയുന്നത്. ജലനിരപ്പ് 120 അടിയായി കുറച്ചെടുത്താലെന്താ ഇപ്പറഞ്ഞ രണ്ടു ഭീഷണികളും ഭീഷണിയല്ലാതാവുമോ?142 അടിയായി നിരപ്പുയര്‍ത്താന്‍ സുപ്രീംകോടതിയാണ് പറഞ്ഞത്. വിദഗ്ധ റിപ്പോര്‍ട്ടെന്ന പച്ച നുണവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍പോലും ജലനിരപ്പല്ല കേരളം ഉന്നയിക്കുന്ന യഥാര്‍ഥ ഭീഷണിയുടെ അടിത്തറയെന്ന് എല്ലാവര്‍ക്കുമറിയാം. ഭൂകമ്പബാധിത പ്രദേശത്ത് ഒരു വലിയ അണ കെട്ടിയാല്‍ അതിനെത്ര ഉറപ്പുണ്ടെന്നതാണ് ചോദ്യം. അതിലുപരി അങ്ങനെയൊരു അണ അവിടെ പാടുണ്ടോ എന്നതാണ് ശരിയായ ചോദ്യം. എക്സ്പയറി ഡേറ്റും കഴിഞ്ഞ് കൊല്ലം 66 കടന്നിരിക്കുന്ന ഒരു വലിയ അണക്കെട്ട് ഏതുനേരവും കയറിവരാവുന്ന ഭൂകമ്പത്തിന് കാതോര്‍ക്കുന്നിടത്ത് സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ബോധിപ്പിച്ച വിപുല ചിത്രം എങ്ങനെയാണ് ‘ചാരപ്പണി’യാവുക?
    സൗണ്ട്ബൈറ്റിന്‍റെ ചതിക്കുഴികള്‍

    ReplyDelete
  3. ശ്രീ എമ്മെസ് - ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ടെ, ഉടന്‍ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. മനോരമയും കാര്‍ട്ടൂണിസ്റ്റ് യേശുദാസനുമായല്ല, മനോരമയും കാര്‍ട്ടൂണിസ്റ്റ് ടോംസുമായി ആയിരുന്നു കേസ്(ബോബനും മോളിയും സൃഷ്ടിച്ചത് ഇദ്ദേഹമാണ്). കേസ് മനോരമ ജയിച്ചെങ്കിലും പിന്നീട് കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ വെച്ച് കുറേക്കാലം മനോരമയില്‍ ബോബനും മോളിയും വരപ്പിച്ചെങ്കിലും അതു വായിച്ചവര്‍ക്ക് ചിരിക്കു പകരം കരച്ചിലാണ് വരുന്നതെന്നു മനസിലായതോടെ വലിയ ഓദാര്യം ചെയ്യുന്നു എന്ന മട്ടില്‍ അരപ്പേജ് വാര്‍ത്ത നല്‍കിക്കൊണ്ട് ബോബനും മോളിയും ടോംസിനു തന്നെ തിരികെ നല്‍കേണ്ടി വന്നു.

    http://anilphil.blogspot.com/2011/12/blog-post_6300.html

    ReplyDelete
  4. ആദ്യത്തെ അനോണിയും രണ്ടാമത്തെ അനോണിയും ഒരാളല്ല. രണ്ടാം അനോണി ഞാനാണ് എന്റെ സനോണി പ്രൊഫൈലില്‍ കമന്റ്റാന്‍ പറ്റുന്നില്ല. (തോമ)

    ReplyDelete
  5. വളരെ സത്യസന്ധമായി പറഞ്ഞിരിക്കുന്നു. ജാതി മത കോമരങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക.
    ഭാവുകങ്ങള്‍.

    അനോണി മൂന്നാമന്‍

    ReplyDelete
  6. 1. പേരു പിന്നെപ്പറയാം:- ഞാന്‍ പറഞ്ഞ ദിവസത്തെ കേരള കൌമുദി വായിക്കുക.കൌമുദിക്കുമറിയാം ഈ വാര്‍ത്ത കേരള ജനതയോടുള്ള ചതിയാണെന്ന്.അതുകൊണ്ട് ഉള്ളിലെ പേജിലാണ് വാര്‍ത്ത.
    2.അനോണി(1):- കണ്ടാല്‍ കളി,കണ്ടില്ലേല്‍ കാര്യം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? അതാണ് എജിയും മുഖ്യനും കളിച്ചത്.കോടതിയില്‍ നാമാവശ്യപ്പെട്ടത് പെട്ടെന്നുള്ള പ്രശ്നപരിഹാരമാണ്,ജലനിരപ്പുയരുകയും ഡാം ഭ്രംശഭീഷണിയില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ എന്നതാണ് നാം കോടതിയില്‍ ആവശ്യപ്പെട്ടത്.അതിന് ചരിത്രവും ഭൂമിസാസ്ത്രവും ഒക്കെ പഠിപ്പിക്കുന്ന ഇല്ലാത്ത ഭാഷ്യം ചമക്കുന്ന സുഹ്രുത്തേ.................
    അനോണി(3):- ക്ഷമിക്കണം എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റാണ്, തിരുത്താം.ചൂണ്ടിക്കാണിച്ചതിനു നന്ദി.
    അനോണി(3):- കമന്റിയതിനു നന്ദി.ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്നയോടെ തള്ളിയാല്‍ അടുത്ത പ്രാവശ്യം കുറച്ചുകൂടി കൂടുതലാക്കും,ഒട്ടകത്തെപ്പോലെ.

    ReplyDelete