ഒറ്റപ്പാലം ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്പോടനത്തില്‍ 10 പേര്‍ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ഭാരതപുഴയുടെ തീരത്തുള്ള പടക്കനിര്‍മാണശാലയില്‍ ചൊവ്വാഴ്ച വൈകീട്ട് 4.45നാണ് സ്പോടനമുണ്ടായത്.
ഇന്ന് രാവിലത്തെ എല്ലാ പത്രങ്ങളിലേയും മുഖ്യതലക്കെട്ട് ഇതായിരുന്നു.തന്നേയുമല്ല കേരളത്തില്‍ ഉത്സവ സീസണായാല്‍ ഇടക്കിടക്ക് മരണ സംഖ്യയില്‍ അല്ലറ ചില്ലറ മാറ്റങ്ങളോടെ ഈ വാര്‍ത്ത പ്രത്യക്ഷപ്പെടുകയും ചെയ്യും.എല്ലാവരും കഴിവിന്റെ പരമാവധി ഞെട്ടുകയും നടുങ്ങുകയും മരിച്ച സഹോദരങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യും.ഗവണ്മെന്റാകട്ടെ ഒരു പടികൂടി കടന്ന് മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിക്കുകയും വലിയ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യും.ഇത്തവണ സിറ്റിംങ് ജഡ്ജിയെ അന്വേഷണക്കമ്മീഷനായി വിട്ടുതരണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുകയും കോടതി അത് നിരസിക്കുകയും ചെയ്തു.പത്രങ്ങളാകട്ടെ രണ്ടുദിവസം ഇതിന്റെ പിന്നാലെ കൂടുകയും പിന്നെ പിന്നെ മറ്റു വിഷയങ്ങള്‍ കിട്ടുന്നതനുസരിച്ച് അങ്ങോട് മാറുകയും ചെയ്യും.അവസാനം പോയത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്ന സ്ഥിതി വരികയും ചെയ്യും, അടുത്ത ദുരന്തം വരെ.അപ്പോള്‍ ഈ പറഞ്ഞതെല്ലാം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കും.
നമുക്ക് കുറച്ചുകൂടി ഉള്ളിലേക്ക് കയറി ഒന്നന്വേഷിച്ചു നോക്കാം. നമ്മുടെ നാട്ടില്‍ എല്ലാത്തിനും വ്യക്തമായ നിയമങ്ങള്‍ ഉണ്ട്.നിയമങ്ങള്‍ ഉണ്ട് എന്നു തന്നേയുമല്ല അതൊക്കെ നടപ്പാക്കുന്നതിന് ആവശ്യമായ കൃത്യമായ നടപടിക്രമങ്ങളും അതു പാലിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ശിക്ഷാക്രമങ്ങളും കൃത്യമായി എഴുതി വിച്ചിട്ടുണ്ട്.ആ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നു നോക്കുന്നതിനായുള്ള ഉദ്യോഗസ്ഥവൃന്ദവും നമുക്കിവിടെഉണ്ട്.ഈ നിയമങ്ങളൊക്കെ കൃത്യമായി പാലിക്കുകയും അത് ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ എന്താ കുഴപ്പം.ഒരു കുഴപ്പവുമില്ല.പക്ഷെ അത് എത്രത്തോളം നടപ്പിലാവുന്നു എന്ന് ഒരു പടക്ക മുതലാളിയെ മുന്‍ നിര്‍ത്തി ഒന്നു ചിന്തിച്ചു നോക്കാം.
അപ്പോള്‍ നമ്മൂടെ പടക്കനിര്‍മാണശാലാ മുതലാളി കഴിഞ്ഞ രണ്ടുകൊല്ലവും ഒറ്റപ്പാലത്തുള്ള ---------എന്ന മുതലാളിയുടെ പടക്ക നിര്‍മാണശാലയിലെ മെയിന്‍ പണിക്കാരനായിരുന്നു.പടക്കത്തിന്റെ കൂട്ടു മുതല്‍ അതുണ്ടാക്കുന്നതിലെ പല രഹസ്യങ്ങളുമറിയാമായിരുന്ന ഒരു മെയിന്‍ പണിക്കാരന്‍.കഴിഞ്ഞ സീസണില്‍ അവന്‍ അവന്റെ മുതലാളിയോട് കുറച്ചു ക്കൂലികൂടുതല്‍ ചോദിച്ചു,മുതലാളിയത് നിഷ്കരണം നിഷേധിക്കുകയും ചെയ്തു.ആ വാശിക്കവന്‍ അവിടന്ന്ചാടി സ്വന്തം നാട്ടിലെത്തി കൂട്ടുകാരുമായി ആലോചിച്ചു തട്ടിക്കൂട്ടിയതാണീ പുതിയ ശാല.അതിനെ ഒരു ഫാക്ടറി എന്നൊന്നും വിളിക്കാന്‍ പറ്റില്ല,പിന്നയോ ലോക്കല്‍ സാധനങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു ഷെഡ് മാത്രമാണത്.അതീ രൂപത്തിലാക്കാന്‍ തന്നെ കാശെത്ര അവന്‍ ചിലവാക്കി എന്നറിയാമോ? സ്വന്തം പറമ്പും പുരയിടവും പണയം വച്ചതു കൂടാതെ, സീസണ്‍ കഴിയുമ്പോള്‍ എടുത്തു തരാമെന്നു പറഞ്ഞ് ഭാര്യയുടെ കാതിലും കഴുത്തിലും കിടന്നതു പലതും അയാള്‍ക്ക് വില്‍ക്കേണ്ടതായും വന്നു.പണിക്കാര്‍ പിന്നെ ഇഷ്ടം പോലെയായിരുന്നു,പണിയില്ലാതെ നടക്കുന്ന കൂട്ടുകാരും സ്വന്തക്കാരും ബന്ധുക്കളും അവരുടെ ഭാര്യമാരുമെല്ലാം.അപ്പോള്‍ ഷെഡ് കെട്ടി ബാക്കിയുള്ള കാശിന് അസംസ്കൃതവസ്തുക്കളും വാങ്ങി അവരങ്ങനെ ആരംഭിക്കുകയാണ്.നാടെങ്ങുമുള്ള അമ്പലങ്ങള്‍, അവിടങ്ങളിലെല്ലാമുള്ള ഉത്സവങ്ങള്‍,ആ സീസണ്‍ നോക്കി ആരംഭിക്കുന്നു.