Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

നാണക്കേടുകളിൽ കുളിച്ചുനിൽക്കുന്ന മലയാളി.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     പണ്ട് നടന്ന ഒരു സംഭവമാണ്. അമേരിക്ക ഇറാക്കിലിടപെട്ടു.കാരണം ഇറാക്ക് രാസായുധങ്ങളുണ്ടാക്കി ഒളിപ്പിച്ചുവച്ചിട്ടുണ്ടത്രെ. ആരു പറഞ്ഞു, അമേരിക്ക പറഞ്ഞു. പലവട്ടം അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി യു എൻ ഇറാക്കിനോട് തിരച്ചിലിനു വിധേയമാകാൻ ആവശ്യപ്പെട്ടു.എന്നാൽ ഇറാക്ക് വഴങ്ങിയില്ല.കാരണം അത് രാജ്യത്തിന്റെ സ്വതന്തബോധത്തെ ഹനിക്കും.അവസാനം നാറ്റോ സഖ്യം ഇറാക്കിലേക്ക് ഇരച്ചുകയറി. രാസായുധം ഒളിച്ചുവച്ചിരിക്കുന്നതൊക്കെ തങ്ങൾ പുറത്തുകൊണ്ടുവരും എന്നായിരുന്നു വീരവാദവും വെല്ലുവിളിയും.ഇറാക്ക് പ്രസിഡണ്ട് സദ്ദാം ഹിസൈനിനു ഒളിച്ചോടേണ്ടി വന്നു. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സഖ്യം രാസായുധങ്ങൾക്കായി ഇറാക്കിനേ ഉഴുതുമറിച്ചു. ഭൂഗർഭത്തിലെ ഒരു ബങ്കറിൽ നിന്ന് സദ്ദാംഹുസ്സൈനെ പട്ടാളം പിടികൂടി തൂക്കിക്കൊന്നു.(രാസായുധം കണ്ടെടുക്കാൻ അവർക്കായില്ല എന്നുതന്നെയല്ല ഒരു മാതിരി മാനം മര്യാദയായി പൊയ്ക്കൊണ്ടിരുന്ന ഒരു രാജ്യത്തെ കുട്ടിച്ചോറാക്കുന്നതിൽ അമേരിക്കയും സഖ്യകക്ഷികളും വിജയിക്കുകയും ചെയ്തു.പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല. സദ്ദാമിനെ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച് ലോകത്ത് ഒരേ ഒരു സ്ഥലത്തുമാത്രമേ പ്രതിഷേധം നടന്നുള്ളു, അത് ഈ കൊച്ച് കേരളത്തിലായിരുന്നു.കേരളം ഒരു ദിവസം മുഴുവൻ ഹർത്താലാചരിച്ചു.
                         ഇതിനെച്ചൊല്ലി പല അഭിപ്രായക്കാർ കാണും. അമ്മയെതല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ പഴമൊഴി.സി പി എമ്മിനു വോട്ട് കിട്ടാനാൺ! ഹർത്താലാചരിച്ചത്, സി പി എം ന്യൂനപക്ഷക്കാർക്ക് അവിഹിതമായത് ചെയ്യുന്ന സംഘടനയാണ് എന്നുമൊക്കെ നിരവധി ആരോപണങ്ങളുണ്ടായി.പക്ഷെ പറഞ്ഞുവരുന്നത്  ലോകത്തെവിടെ എന്തുസംഭവമുണ്ടായാലും അതിന്റെ പ്രതികരണങ്ങൾ ഇവിടെ കേരളത്തിൽ ഉയരുമായിരുന്നു.അത് അലന്റെയെ വെടിവച്ചുകൊന്നപ്പോഴായാലും കൂബയുടെ നേരെ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പൊഴാണെങ്കിലും ഒക്കെ പ്രതികരിക്കാനുള്ള ഹൃദയവലുപ്പമുള്ള ലോകത്തെ ഒരേഒരു ജനത കേരളീയ ജനതയായിരിക്കുമെന്ന് സധൈര്യം പറയാമായിരുന്നു.എവിടെ ജനത ക്രൂശിലേറപ്പെടുന്നുവോ , എവിടെ ജനങ്ങൾ വേദനിക്കുന്നുവോ അവരോടൊപ്പം തോളോട് തോൾ ചേർന്ന് വേദനകൾ പങ്കുവൈക്കാനുള്ളവരായിരുന്നു നമ്മൾ.
                        എന്നാലിന്നോ?ഇന്നത്തെ സുപ്രധാനപ്പെട്ട ഒരു വാർത്ത മാധ്യമങ്ങൾ പിൻതുടരുന്നത് , എഴുപത് വയസ്സുകഴിഞ്ഞ ഒരു മുഖ്യമന്ത്രി ഉൾപ്പെട്ടു എന്ന് കരുതുന്ന ലൈംഗീകപവാദക്കേസിലെ സി ദിക്കുവേണ്ടിയുള്ള യാത്രയാണ്. എത്ര അധ:പതിച്ചിരിക്കുന്നു നമ്മൾ എന്ന് നോക്കൂ! സിഡി ഉണ്ടാവുകയോ ഉണ്ടാവാതിരിക്കുകയോ ചെയ്യട്ടെ. പക്ഷെ ആ വിവരം ഉയർത്തിവിട്ട ഉന്മാദം , അത് സിഡിക്കു പോകുന്ന ടീം സഞ്ചരിക്കുന്ന ആ വാഹനത്തോടൊപ്പം സഞ്ചരിക്കുകയാണ്.എന്നാൽ ഇതിൽ നമ്മൾ മാത്രമാണോ കുറ്റക്കാർ?കേരളത്തിലെത്രയോ വിവാദസ്ത്രീകളുണ്ടായിരുന്നിട്ടുണ്ട്.എന്നാൽ രാഷ്ട്രീയ നേതൃത്വം എന്നും ഇത്തരം കേസുകളിൽനിന്നകന്നുമാറി സഞ്ചരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപവാദം എന്ന് പറയാവുന്നത് പഴയ ആ പി റ്റി ചാക്കോ കേസാണ്.ഈ സംഭവത്തിൽ നമ്മുടെ മുഖ്യമന്ത്രി കാണിച്ച അമിതമായ വിശദീകരണങ്ങളാണ് ഈ കേസിനെ ഇത്രത്തോളം വഷളാക്കിയത്.ആവശ്യമില്ലാത്ത നിഷേധങ്ങൾ. ഏതായാലും ഈ പ്രശ്നത്തിൽ നമ്മളെല്ലാം ലോകരുടെ മുന്നിൽ തലകുനിച്ചുനിൽക്കുകയാണ്.
                         ഇതുപോലെ ഇനിയും ഒരുപാടുകേസുകൾ എടുത്തുകാണിക്കാനുണ്ട്.എങ്കിൽകൂടിയും അനാവശ്യമെന്ന്  എനിക്ക് തോന്നുന്നത് ഹിന്ദു ദേവാലയങ്ങളിലെ കാണിക്ക വിവാദമാണ്.ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ആളുകളും ദേവാലയങ്ങളിൽ പോകുന്നവരും ദൈവപ്രീതിക്കായും സ്വന്തം കാര്യസാദ്ധ്യത്തിനായും വഴിപാടുകളും കാണിക്കകളും അർപ്പിക്കുന്നവരുമാണ്. ചില ദേവാലയങ്ങളിലെ ദൈവങ്ങൾക്ക് ശക്തികൂടിയതുകൊണ്ടാണോ എന്നറിയില്ല അവിടങ്ങളിലെ നടവരവ് കൂടുതലാണ്. ഈ പെടാപ്പാടെല്ലാം പെട്ടിട്ടും അവരുടെ ആഗ്രഹങ്ങൾ പൂവണിയുന്നുണ്ടോ എന്ന കാര്യത്തിൽ ആർക്കും യാതൊരുൽക്കണ്ഠയുമില്ല. അവിടെ വിഴുന്ന കാണിക്കപ്പണത്തിലാണ് ഇവരുടെ കണ്ണ്. ഹിന്ദുദൈവങ്ങളിലെ ഈ വരവ് യാതൊരു തത്വദീക്ഷയുമില്ലാതെ സർക്കാർ കൊണ്ടുപോവുകയാണെന്നും അത് മറ്റുജാതിക്കാർക്കായി ചിലവാക്കുകയാണെന്നുമാണ് ഇപ്പോളിവിടത്തെ തർക്കം.അതും ഹിന്ദുദൈവങ്ങളുടെ പേരിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണീ പ്രശ്നം ഉയർത്തുന്നതെന്നതാണ് ഏറ്റവും സങ്കടം.
                    കാണിക്കയിടുന്ന പണം ദൈവത്തിവകാശപ്പെടുന്നതല്ലേ?അതിനു പിന്നെ ഭക്തജനങ്ങൾ അവകാശം പുറപ്പെടുവിക്കുന്നത് ശരിയാണോ?ഒരാവശ്യം ഉന്നയിച്ച് ദൈവത്തിനു പണം നൽകുന്നു. ആ സംതൃപ്തിയിൽ ഭക്തൻ വീട്ടിൽ പോയി കിടന്നുറങ്ങുന്നു. അവന്റെ ആഗ്രഹം ആ പണത്തിൽ തൃപ്തനായി ദൈവം അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടുണ്ടാകാം , അല്ലെങ്കിൽ കൂടുതൽ പണം നൽകിയ മറ്റൊരാൾക്കുവേണ്ടി അത് നൽകിയിട്ടുണ്ടാവാം.എന്തായാലും ആ പണത്തിനു പിന്നെ അവകാശി ദൈവമാണ്. ആ ദൈവം ആ പണംകൊണ്ടെന്ത് ചെയ്യുന്നെന്ന് ഭക്തനറിയണ്ട കാര്യമുണ്ടോ? ദൈവത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതിന്നു തുല്യമല്ലേ അത്? വേണമെങ്കിൽ ദൈവത്തിനു കാണിക്കയിടാതിരിക്കാം , ഒരു ദൈവവും ചോദിക്കാൻ വരില്ല.  ആ സ്വാതന്ത്ര്യം ഉപയോഗിക്കാതെ കാണിക്കയിട്ടിട്ട് അതെന്ത് ചെയ്തൂ ദൈവം എന്നന്വേഷിക്കുന്നത് നാലാം തരം പരിപാടിയല്ലേ?
           ഇനി ആ പണം സർക്കാർ കയ്യിട്ടുവാരുന്നുണ്ടെങ്കിൽ, ദൈവത്തിനതിഷ്ടമില്ലെങ്കിൽ ദൈവം സർക്കാറിനു പണികൊടുത്തോളും.അല്ലാതെ ദൈവത്തിന്റെ പണത്തിന്റെ കാര്യത്തിൽ മനുഷ്യനിടപെടുന്നതിൽ കാര്യമില്ല. അത് ദൈവത്തിന്റെ സ്വാതന്ത്ര്യത്തിൽ മനുഷ്യൻ കൈകടത്തുന്നതിന്നു തുല്യമല്ലേ? ആര് അല്ലെങ്കിൽ ഏത് ദൈവം അതിനവർക്ക് അധികാരം കൊടുത്തു?
                    ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ധനാർത്ഥിക്കുവേണ്ടി ദൈവത്തിനെപ്പോലും ബുദ്ധിമുട്ടിക്കുന്ന കേരളിയന്റെ ശീലം അത്ര നല്ലതല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

മുല്ലപ്പൂ വിപ്ലവവും അതിനു ശേഷവും

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                              തൊഴില്‍ രഹിതനായ മുഹമ്മദ് ബുവാസി എന്ന ബിരുദധാരിയുടെ ജീവിതമാര്‍ഗമായിരുന്ന ഉന്തുവണ്ടിക്കച്ചവടം അധികൃതര്‍ നിറുത്തലാക്കിയപ്പോള്‍ 2010 ഡിസംബര്‍ 18 ന് അയാള്‍ ആത്മഹത്യ ചെയ്തു.ഇതില്‍ പ്രതിഷേധിച്ചുണ്ടായ പോരാട്ടമാണ് മുല്ലപ്പൂ വിപ്ലവമെന്ന പേരില്‍ അറബ് ലോകം മാത്രമല്ല, യൂറോപ്പും അമേരിക്കയും കടന്ന് ഏഷ്യയെ വരെ ബാധിച്ചത്.മുല്ലപ്പൂവിപ്ലവം ബാധിച്ച പ്രദേശങ്ങളിലെല്ലാം വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
                         ടുണീഷ്യയില്‍ അരങ്ങേറിയ ഈ വിപ്ലവത്തെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് ഫേസ്‌ബുക്ക്, യു‌ട്യൂബ് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണെന്നുള്ള പ്രചരണം അന്നുമുതലേ ശക്തമായിട്ടുണ്ടായിരുന്നു.മുഖ്യധാരാമാധ്യമങ്ങളേക്കാള്‍ വേഗത്തിലും സത്യസന്ധമായും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയ ഇവ വളരെ വേഗം ജനശ്രദ്ധ പിടിച്ചെടുക്കുകയും ജനങ്ങളെ വിപ്ലവത്തിലേക്കാകര്‍ഷിക്കുകയും ചെയ്തു.ആഞ്ഞടിച്ച പ്രതിഷേധക്കൊടുങ്കാറ്റിനൊടുവില്‍ ഭരണാധികാരിയായ ബെന്‍ അലിക്ക് കീഴടങ്ങേണ്ടി വന്നു.
                         മുല്ലപ്പൂ വിപ്ലവത്തിന്റെ കൊടുംകാറ്റ് പിന്നീട് ആഞ്ഞടിച്ചത് ഈജിപ്തിലായിരുന്നു, അവിടത്തെ ഒരു ചെറുപ്പക്കാരനായ ഖാലിദ് സയ്യിദ് എന്ന ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തോടെ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഭരണാധികാരി ഹുസ്നി മുബാറക്കിന്റെ പതനത്തിലാണ് കലാശിച്ചത്.ഈ സമരവുമായി ബന്ധപ്പെട്ട് അസ്മെ മെഹ്‌ഫൂസ് എന്ന സാധാരണ യുവതി ഫേസ്‌ബുക്കിലിട്ട ഒരു വീഡിയോ ക്ലിപ് ജനലക്ഷങ്ങള്‍ ഷെയര്‍ ചെയ്യുകയും സമരത്തിന്റെ തീക്ഷണത കൂട്ടാനിതുകാരണമാവുകയും ചെയ്തു.തുടര്‍ന്ന് അറബ് ലോകം മുഴുവന്‍ വിപ്ലവപോരാട്ടത്തിന്റെ അലയൊലി മുഴങ്ങി.അത് അവിടെ മാത്രമായി ഒതുങ്ങിയില്ലെന്ന് ചരിത്രം പറയുന്നു.അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം പോലും മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം പേറിയിരുന്നു.
                      ഈ സമരങ്ങളിലൊക്കെ ട്വിറ്റര്‍,ബ്ലോഗ്,യുട്യൂബ്,ഫേസ്‌ബുക്ക് എന്നീ മീഡിയകള്‍ കൂടിച്ചേര്‍ന്ന സോഷ്യല്‍ മീഡിയ വളരെ നിര്‍ണായകമായ പങ്ക് വഹിചിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.ഭരണകൂടങ്ങളുടെ ഭാഗഭാക്കായ മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ സത്യം പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ സോഷ്യല്‍ മീഡിയക്കാര്‍ തങ്ങള്‍ക്കു ചുറ്റും നിന്ന് ലഭിച്ച സത്യങ്ങളുടെ ചെറിയ ചെറിയ ഭാഗങ്ങള്‍ തങ്ങളുടേതായ രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും അവ മറ്റു എഡിറ്റിങ്ങുകളോ മറക്കലുകളോ,മായ്ക്കലുകളോ ഇല്ലാതെ തന്നെ ജനങ്ങള്‍ക്കു മുന്നിലെത്തി.അവ ജനങ്ങളിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് ഈ സമരങ്ങളുടെ വിജയം കണ്ട് ഒരു വിഭാഗം ആമോദമടയുന്നു.മാര്‍ക്സിസവും വര്‍ഗസമരവും കുപ്പത്തൊട്ടിയിലേക്ക് പോകട്ടെ, ഇനിയൊരു വിപ്ലവം സോഷ്യല്‍ മീഡിയായിലൂടെ എന്നവര്‍ ആര്‍ക്കുന്നു.
                   എന്നാല്‍ എന്താണ് മുല്ലപ്പൂ വിപ്ലവങ്ങളുടെ അനന്തരഫലം എന്നുകൂടി നോക്കാം.വിപ്ലവാനന്തരം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ടുണീഷ്യയിലും ഈജിപ്തിലും ഇസ്ലാമികപാര്‍ട്ടികള്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചത് എന്ന സത്യം കൂടി നാമറിയണം.ഇവിടങ്ങളില്‍ മാത്രമല്ല മൊറോക്കോയിലെ രാജഭരണപ്രദേശത്തും ഇസ്ലാമിക ഭരണത്തിനാണ് മുന്തൂക്കം.ഇതൊക്കെ കണ്ടപ്പോള്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ,അറബ് വസന്തത്തിന്റെ പിതൃത്വം ഏറ്റെടുത്ത് തീവ്ര  മതമൌലീകവാദികള്‍ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു.ഇനി വിപ്ലവം നടത്തുക ഇടതുപക്ഷക്കാരല്ലെന്നും ഇസ്ലാമുകളാണെന്നും നടക്കാന്‍ പോകുന്നത് ഇസ്ലാമികവിപ്ലവങ്ങളാണെന്നും അറബ് വസന്തവും മുല്ലപ്പൂ വിപ്ലവവും ഉദ്ഘോഷിക്കുന്നെന്നും അവര്‍ ആവര്‍ത്തിക്കുന്നു,നമ്മുടെ നാട്ടില്‍‌പോലും.
                    ഇതു മാത്രമല്ല, ഗദ്ദാഫിയെ കൊലപ്പെടുത്തി അമേരിക്കന്‍ നാറ്റോ സഖ്യം പൊളിച്ചടുക്കിയ ജനകീയവിപ്ലവപ്രദേശമായ ലിബിയയിലും, അധികാരഭൃഷ്ടനാവാന്‍ കാത്തിരിക്കുന്ന യെമനിലും,കലാപം രൂക്ഷമായി തുടരുന്ന സിറിയയിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരത്തിലെത്തുക ഇസ്ലാമികഭരണമായിരിക്കും.തീര്‍ന്നില്ല, ഒരു ഭരണമാറ്റവും സൃഷ്ടിക്കുകയില്ലെങ്കിലും കുവൈറ്റിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതും ഇസ്ലാമിസ്റ്റുകള്‍ക്കാണ്.
                      പക്ഷെ വിജയം ഇസ്ലാമിസ്റ്റുകളെ മറ്റൊരു പതനത്തിലെത്തിച്ചിരിക്കുന്നു.ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് “നേടിയ രാഷ്ട്രീയ വിജയം ഇസ്ലാമിസ്റ്റുകളിലെ വിരുദ്ധ ചിന്താഗതികളെ ആളിക്കത്തിച്ചിരിക്കുന്നു” എന്നാണ്.ഇസ്ലാമിന്റെ ചട്ടക്കൂടില്‍ മതേതരത്വവും ആധുനീകതയും ചേര്‍ത്ത തുര്‍ക്കി മാതൃകയും ഇറാനില്‍ നിലനില്‍ക്കുന്ന മതാധിപത്യവും രാഷ്ട്രീയ ഇസ്ലാമില്‍ ഇന്ന് സജീവ ചര്‍ച്ചക്കു വിധേയമായിരിക്കുന്നു.(ടുഡെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന സമരം നിര്‍ണ്ണായകഘട്ടത്തില്‍ റാഞ്ചിയ ഖൊമേനിയെ ഓര്‍ക്കുക.)അതുകൊണ്ടുതന്നെ നിര്‍ണ്ണായകഘട്ടമെത്തിയപ്പോള്‍ ടുണീഷ്യയിലെ എന്നഹ്ദ ഇസ്ലാമികപാര്‍ട്ടിയുടെ നേതാവ് റഷീദ് ഗനുഷിയും ഇജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയും സമരരംഗത്തേക്കിറങ്ങുകയായിരുന്നു.
                         കലാപാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ എന്നഹ്ദയുടെ പാര്‍ട്ടിക്ക് 40% വോട്ടാണ് ലഭിച്ചത്.രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ 4 പാര്‍ട്ടികള്‍ ബാക്കി വോട്ട് പങ്കിട്ടു.217 അംഗ അസംബ്ലിയില്‍ ഇടതുമതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ എന്നഹ്ദ പാര്‍ട്ടി സമ്മതിച്ചിട്ടുണ്ട്.സാക്ഷരതയിലും വനിതാക്ഷേമത്തിലും മുന്‍‌നിരയിലുള്ള ടുണീഷ്യയില്‍ ഒരു ഇസ്ലാമിക പാര്‍ട്ടിയുടെ കടന്നുവരവ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അറബ് - മുസ്ലീം സത്വം മതേതരത്ത്വത്തിന്റെ പേരില്‍ നഷ്ടപ്പെടാനനുവദിക്കുകയില്ലെന്ന എന്നഹ്ദയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍.ഇതു പോലെ തന്നെ ഈജിപ്തില്‍ മൂന്നുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് 47% ഉം,തീവ്ര സലഫി ചിന്ത പുലര്‍ത്തുന്ന അല്‍‌നൂര്‍ 27%ഉം വോട്ട് നേടി.ഇടതുപക്ഷവും മിതവാദ വഫദ് പാര്‍ട്ടിയും 10% വീതം വോട്ടും നേടി.
                 സോഷ്യല്‍ മീഡിയാകളിലൂടെ ആകൃഷ്ടരായി വിപ്ലവത്തിനിറങ്ങിയ ചെറുപ്പക്കാരുടെ പ്രയ്ത്നഫലമാണിത്.ഫ്രീഡം പാര്‍ട്ടിയും അല്‍‌നൂറ് പാര്‍ട്ടിയും സഖ്യത്തില്‍ ഭരിച്ചാല്‍ മതാധിപത്യമായിരിക്കും ഫലം. ഇതിനാണോ സോഷ്യല്‍ മീഡിയ പ്രയത്നിച്ചത്?കടുത്ത മതവിശ്വാസികളായ അല്‍‌നൂറുമായി സഖ്യത്തിനില്ലെന്ന് ബ്രദര്‍ഹുഡ് പറയുന്നുണ്ടെങ്കിലും അത് മുഖവിലക്കെടുക്കാനാവില്ല എന്നാണ് പറയുന്നത്.
                          ഏകാധിപതിയായിരുന്നെങ്കിലും സ്വന്തം നാടിനു വേണ്ടി വളരെയേറെ ചെയ്തയാളായിരുന്നു,നാടിന്റെ വികസനത്തിൽ ശ്രദ്ധാലുവായിരുന്നു ഗദ്ദാഫി.എന്നാൽ അദ്ദേഹത്തിന്റെ ക്രൂരമായ കൊലയ്ക്കുശേഷം എണ്ണ സമ്പന്നമായ ലിബിയയെ നാറ്റോ അമേരിക്കൻ സഖ്യം അക്ഷരാർത്ഥത്തിൽ പങ്കിടുകയണ്.അൽഖൊയ്ദയും മറ്റു ജിഹാദി ഗ്രൂപ്പുകളും ആ സമ്പന്ന രാഷ്ടത്തെ കടിച്ചുകുടഞ്ഞു കീറിക്കൊണ്ടിരിക്കുകയണ്.നാറ്റോ അമേരിക്കൻ സഖ്യം അധികാരത്തിലേറ്റിയ ദേശീയ പരിവർത്തനകൗൺസിൽ നാടിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിലോ സമാധാനം പുനസ്ഥാപിക്കുന്നതിലോ പരാജയമാണ്.
                      കലാപകലുഷിതമായ സിറിയയിലും സമരത്തെ അടിച്ചമർത്താനുള്ള ശ്രമത്തിലായിരുന്നു ഭരണാധികാരിയായ ബാഷർ ആസാദും.കൂടെ ലിബിയയിൽ വിജയിച്ച തന്ത്രവുമായി അമേരിക്കയും, അമേരിക്കക്ക് പറയാനൊരു അറബ് ലീഗും.എന്നാൽ സ്വന്തം സഖ്യകക്ഷിയായ സിറിയയെ രക്ഷിക്കാൻ റഷ്യ മുന്നിട്ടിറങ്ങിയത് അമേരിക്കൻ സ്വപ്നങ്ങളെ പിന്നോട്ടടിച്ചു.ബാഷർ ആസാദിനെ സ്ഥാനഭ്രഷ്ഠനാക്കാൻ അമേരിക്ക യു എന്നിൽ കളിച്ച കളിയെ റഷ്യ വീറ്റോ ചെയ്യുകയും പകരം സിറിയയിലെ പ്രസിഡണ്ടിനേയും പ്രതിപക്ഷത്തിനേയും റഷ്യ ചർച്ചക്കു വിളിക്കുകയും ചെയ്തിരിക്കുന്നു.ലിബിയയിലേയും സിറിയയിലേയും തങ്ങൾക്കു വഴങ്ങാത്ത പ്രസിഡണ്ടുമാർക്കെതിരെ അട്ടിമറി പ്രോത്സാഹിപ്പിച്ച അമേരിക്ക തങ്ങളുടെ ചിറകിനടിയിലെ ഇസ്ലാമിക നേതാക്കൾക്കെതിരെ ഉരിയാടുന്നില്ല എന്നത് ശ്രദ്ധാർഹം.ഉദാഹരണം യെമൻ.അധികാരകൈമാറ്റമെന്ന നാടകത്തിലൂടെ ജനകീയ രോഷം തണുപ്പിക്കാനണ് അവിടുത്തെ ശ്രമം.നിലവിലെ വൈസ് പ്രസിഡണ്ടിനെ പ്രസിഡണ്ടാക്കുകയും സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും ജനകീയ രോഷം തണുപ്പിക്കാനവർക്ക് കഴിഞ്ഞില്ല എന്നു തന്നെയുമല്ല ഒരു വർഷത്തിലേറെയായി നീളുന്ന സമരത്തിൽ അൽഖൊയ്ദ പോലുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കുകയും ചെയ്തു.
                         സൗദിയിലാകട്ടെ രാജഭരണത്തിനെതിരെയുള്ള അമർഷവും ഷിയാവിഭാഗത്തിന്റെ കലാപവും പിടിവിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അടിച്ചമർത്തലുകൾക്കെതിരെ സ്ത്രീകൾ പോലും രംഗത്തിറങ്ങിയിരിക്കുന്നു.ഷിയാകലാപം തന്നെയണ് ബഹറൈനിലും സ്ഥിതിഗതികൾ വഷളാക്കിയത്.യു എ ഇ യുടേയും മറ്റും സഹായത്തോടെ കലാപം അടിച്ചമർത്തപ്പെട്ടുവെങ്കിലും തീ അണഞ്ഞിട്ടില്ലെന്നു തന്നെയാണ് കാര്യങ്ങളുടെ പോക്ക് കാണിക്കുന്നത്.ഷിയാഭരണംഉള്ള ഇറാനും സോഷ്യലിസത്തിന്റെ പേരിൽ ഏകാധിപത്യഭരണം നടത്തുന്ന സിറിയയും നിലനിൽക്കുന്നത് സുന്നിഭൂരിപക്ഷരാജ്യങ്ങൾ അത്ര സുഖത്തിലല്ല കാണുന്നത്.അമേരിക്കയും അവരോട് ചേർന്നിരിക്കുന്നു.അറബ് വിപ്ലവത്തിന്റെ ഗുണഭോക്താവാൻ കാത്തിരുന്ന തുർക്കി സാഹചര്യം നോക്കി  സിറിയയുമായി അകലുകയും ചെയ്തു.ഈ സാഹചര്യത്തിൽ ആസാദില്ലാത്ത സിറിയയിലെ അടുത്ത നടപടികളെക്കുറിച്ച് തുർക്കിയുമായി ചർച്ചയും തുടങ്ങിവച്ചു.എന്നാൽ സിറിയയിലുണ്ടാകുന്ന ഏതു ചലനവും സ്ഫോടനാത്മകമായ സ്ഥിതിവിശേഷം നിലനിൽക്കുന്ന ലബനോണിൽ ചലനങ്ങളുണ്ടാക്കുമെന്ന് അമേരിക്കക്കറിയാം.സുന്നി ഷിയ വിഭാഗങ്ങൾക്കു പുറമെ നിരവധി ക്രൈസ്തവഗ്രൂപ്പുകളും ഡ്രൂസെ, മാരണൈറ്റ് തുടങ്ങിയ അനവധി തീവ്രവാദഗ്രൂപ്പുകൾ പരസ്പരം പോരടിക്കുന്ന രാഷ്ട്രമാണത്.അതുകൊണ്ടുതന്നെ അവിടത്തെ കലാപം ആളിക്കത്തിക്കാൻ തൽക്കാലം ആരും ആഗ്രഹിക്കുന്നില്ലെന്നു മാത്രം.
                         ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യം, പാലസ്തീനിലെ വിരുദ്ധരാഷ്ട്രീയ ശക്തികൾ ദീർഘകാലമായുണ്ടായിരുന്ന വൈരം മറന്ന് സഖ്യത്തിലായത് ഇസ്രായേലിനും അമേരിക്കക്കും ആഘാതമായി.ഖത്തറിന്റെ മധ്യസ്ഥതയിൽ ഫത്തയുടെ നേതാവ് കൂടിയായ പാലസ്തീൻ (വെസ്റ്റ് ബാങ്ക്) പ്രസിഡണ്ടുമായ മെഹ്‌മൂദ് അബ്ബാസും ഗാസമുനമ്പ് ഭരിക്കുന്ന ഹമാസിന്റെ പ്രതിനിധി ഖാലിദ് മിഷാലും തമ്മിലാണ് ഒത്തുതീർപ്പുണ്ടായത്.
                     ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയായുടെ പിന്തുണയോടെ നടന്ന വിപ്ലവങ്ങൾ വിചാരിച്ച ഫലമല്ല ഉണ്ടാക്കിയത് എന്ന് കാണാം.വിപ്ലവത്തിന്റെ ഗുണഫലങ്ങൾ മതഗ്രൂപ്പുകളും അമേരിക്കയും ചേർന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.എങ്കിലും ഒരിക്കൽ സ്വാതന്ത്രബോധത്തിലെത്തിപ്പെട്ട ജനത എപ്പോഴും സ്വാതന്ത്രത്തിനുവേണ്ടി പോരാടിക്കൊണ്ടേയിരിക്കും.   

കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(1917 ലെ ഐതിഹാസികമായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 94-)0 വാര്‍ഷികമാണിന്ന്.അതുമായി ബന്ധപ്പെട്ട് ഇന്നത്തെ (07/11/11) ദേശാഭിമാനി ദിനപ്പത്രത്തില്‍ ശതമന്യൂ എഴുതിയ പ്രതിവാരപംക്തിയുടെ ചിലഭാഗങ്ങള്‍ ഞങ്ങള്‍ പോസ്റ്റിലിടുകയാണ്.)
                    സോവിയറ്റെന്നൊരു നാടുണ്ടത്രെ,കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല.സോവിയറ്റ് യൂണിയനെപ്പറ്റി പറയുന്നതു പോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍‌പടയുടയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളേയും ഇരമ്പി വരുന്ന ചെമ്പടയേയുമെല്ലാം സ്വപ്നം കണ്ട ഒരു കാലമുണ്ടായിരുന്നു.ഇന്നതിനേക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും.സോവിയറ്റ് യൂണിയന്‍ പോയി, മാര്‍ക്സിസം കാലഹരണപ്പെട്ടു, ചെങ്കൊടി റെയില്‍‌വേ സ്റ്റേഷനില്‍ മാത്രമേ കാണൂ, സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991 ല്‍ മുഴങ്ങിയ ഉപദേശം.ഇരുപത് കൊല്ലം കഴിഞ്ഞു.ചെങ്കൊടിയുടെ ചുവപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല.അമേരിക്കയിലെ ജനപ്രതിനിധി സഭക്ക് ഒരു സ്പീക്കറുണ്ട്.നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ.ജോണ്‍ ബോയ്‌നര്‍ എന്നാണ് പേര്.ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞദിവസം പറഞ്ഞൂ;“ താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ,അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ് യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും.സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു.”എന്ന്.
                      അമേരിക്കന്‍ സായ്‌പന്‍‌മാര്‍ക്ക് അഹന്ത മാത്രമല്ല വിവരവും ഉണ്ട്.സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല.അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു.കൃത്യം 20 വര്‍ഷം മുന്‍പ് 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചത്.അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു.ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡെറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്.അമേരിക്ക മാത്രമല്ല റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നു.
                      വാള്‍‌സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീ കോരിയിട്ടു.കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്ക്കോയില്‍ തടഞ്ഞു.പത്രം പോലീസ് പിടിച്ചെടുത്തു.ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനേയും പിടികൂടിയിരിക്കുന്നു.
                      റഷ്യയിലെ വലിയ റിപ്പബ്ലിക്കായ ബഷ്‌കോര്‍‌തോസ്ഥാന്‍ തലസ്ഥാനത്ത് നവമ്പര്‍ നാലിന് വോള്‍ഗോ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു.ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെറ്റുത്തു.ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റേഡിയോ ഫ്രീ യൂറോപ്പ് പറയുന്നു; “ ഈ റിപ്പബ്ലിക്കിലും അടുത്തുള്ള താര്‍‌താര്‍‌സ്ഥാന്‍ റിപ്പബ്ലിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്.നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നു; കമ്യൂണിസ്റ്റു നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു.ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം”.സോവിയറ്റ് യൂണിയനില്‍ നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് റേഡിയോ ഫ്രീ യൂറോപ്പ്.അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്.
                      റഷ്യയില്‍ ഗവണ്മെന്റ് നടത്തുന്ന മൂന്ന് ടി വി ചാനലുകള്‍ ഉണ്ട്; ചാനല്‍ വണ്‍,എന്‍.ടി.വി.;റോസ്സിയ.മൂന്നിലും തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിനു കത്തയച്ചു.തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍ നിന്ന് എന്തിനു മറച്ചു വയ്ക്കണം എന്നാണ് ചോദ്യം.റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല.
                    എല്ലാ വിപ്ലവങ്ങളുടേയും അമ്മയാണ് ഒക്ടോബര്‍ വിപ്ലവം.മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു.റഷ്യയെ മാത്രമല്ല ലോകത്തെയാകെ അത് മാറ്റി മറിച്ചു.റഷ്യയുടെ സമ്പദ് വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്ര സാങ്കേതീക വിദ്യയും വളര്‍ന്നു.സോവിയറ്റ് യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ശാസ്ത്രജ്‌ഞരേയും സങ്കേതീക വിദഗ്ധരേയും സൃഷ്ടിച്ചു.സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു.എല്ലാ വര്‍ഷവും മിച്ച ബഡ്ജറ്റ്, പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല.വിദ്യാഭ്യാസവും ചികിത്സയും സൌജന്യം.സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ് യൂണിയനെ ഭയപ്പെട്ടു - സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു.
                     ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു.നാസി ജര്‍മ്മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്തത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു.ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി.കോളനികളില്‍ നിന്നും ബ്രിട്ടണ്‍ ഒഴിഞ്ഞു പോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും വിമോചനപ്പോരാട്ടങ്ങളുടെ തീവ്രതക്കും സോവിയറ്റ് യൂണിയന്‍ കാരണമായി.ചൈനയില്‍ വിപ്ലവത്തിന്റെ കൊടി പാറി.ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിനു കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റുപാര്‍ട്ടി പ്രഖ്യാപിച്ചു.ലാവോസിലും കമ്പൂച്ചിയായിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്ക്വരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂടും ചൂരും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ.കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ്റ് ഐക്യത്തിന്റേയും ക്യൂബന്‍ വിപ്ലവജ്വാലയുടേയും കരുത്ത് സോവിയറ്റ് യൂണിയനില്‍നിന്നും സംക്രമിച്ചു.
                 തൊണ്ണൂറ്റിനാലുവര്‍ഷം മുന്‍പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നു പോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം.ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു.വെനിസ്വേല, ബ്രസീല്‍,ഉറൂഗ്വേ,അര്‍ജെന്റീന,ഇക്വഡോര്‍,പരാഗ്വായ്,ബൊളീവ്വിയ ,നിക്കരാഗ്വേ - ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു.അവസാനവാക്ക് എന്ന് കരുതിയ മുതലാളിത്വവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്.തൊണ്ണൂറ്റിനാലുകൊല്ലം മുന്‍പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റെതല്ല - നേടാനുള്ള പുതിയ ലോകത്തിന്റേതു തന്നെയാണ്.നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം ചുളിച്ച് പുച്ഛിച്ച് ചിരിക്കേണ്ടതില്ല എന്നര്‍ത്ഥം.താമസിയാതെ നമ്മുടെ മനോരമക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടി വരും.
               

പൊന്നിന്‍‌കട്ട തുരുമ്പെടുക്കുമ്പോള്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അമേരിക്ക മറ്റൊരു തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പഴയ മുദ്രാവാക്യം പ്രസിഡണ്ട് ഒബാമയെ തിരിഞ്ഞുകൊത്തുകയാണ്.വിരലിലെണ്ണാവുന്ന യുവാക്കള്‍ ന്യൂയോര്‍ക്കിലെ വാള്‍‌സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ ജനകീയ്യമുന്നേറ്റമായി മറ്റ് അമേരിക്കന്‍ നഗരങ്ങളിലേക്കും പടരുന്നു.നഗരങ്ങളുടെ ഹൃദയഭാഗത്ത്, അമേരിക്കന്‍ വരേണ്യവിഭാഗത്തിന്റെ ആര്‍ത്തിയുടെ പ്രതീകമായ ധനസ്ഥാപനങ്ങളുടെ കാര്യാലയങ്ങള്‍ക്ക് സമീപം താല്‍ക്കാലിക തമ്പുക ള്‍കെട്ടി അവിടെത്തന്നെ ഉണ്ടുറങ്ങുകയാണ് ജനസഹസ്രങ്ങള്‍.”മാറ്റം സംഭവിക്കുന്നതുവരെ ഞങ്ങള്‍ ഇവിടെ തുടരും” എന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്.മാറ്റം; അതായിരുന്നല്ലോ നാലു വര്‍ഷം മുന്‍പ് ഒബാമ അമേരിക്കന്‍ ജനതക്കു നല്‍കിയ വാഗ്ദാനം.
                      സെപ്തെമ്പര്‍ 17 ന് ഒരു സംഘം ആളുകള്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനു സമീപം ടെന്റുകള്‍ കെട്ടി കുത്തിയിരുന്നു പ്രതിഷേധിക്കാന്‍ എത്തിയപ്പോള്‍ ഒബാമ സര്‍ക്കാര്‍ കരുതിയില്ല അതു രാജ്യമാകെ പടരാന്‍ പോകുന്ന തീപ്പൊരിയാണെന്ന്.സ്റ്റോക് എക്സ്ചേഞ്ചിനടുത്ത് പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചപ്പോള്‍ പ്രക്ഷോഭകര്‍ തൊട്ടടുത്തുള്ള സുക്കോട്ടി പാര്‍ക്കിലേക്ക് നീങ്ങി.സ്വകാര്യ ഉടമസ്ഥതയിലുള്ള പാര്‍ക്കായിരുന്നു പിന്നെ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം.
                      ജനങ്ങളില്‍ ഭൂരിപക്ഷത്തേയും ദുരിതത്തിലാഴ്ത്തുകയും ഒരു ശതമാനം വരുന്ന അതിസമ്പന്നരെ മാത്രം സംരക്ഷിക്കുകയും ചെയ്യുന്ന വന്‍‌കിട ധനസ്ഥാപനങ്ങള്‍ക്കും അവയുടെ അതിക്രമത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാറിനുമെതിരായ ജനരോഷത്തില്‍ അമേരിക്ക തിളച്ചുമറിയുകയാണിപ്പോള്‍.ധനസ്ഥാപനങ്ങളുടേയും അമേരിക്കന്‍ ഓഹരി വിപണിയുടേയും കേന്ദ്രമായ വാള്‍സ്ട്രീറ്റിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മടിക്കുമ്പോള്‍ “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകര്‍ സമരകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.ചെ ഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത പതാകകളുമായും പ്രക്ഷോഭകര്‍ എത്തി.ഭക്ഷണവും ഔഷധങ്ങളും സംഗീതവും കലയും എല്ലാം അവിടെയുണ്ട്. പ്രക്ഷോഭകര്‍ തന്നെ ഭക്ഷണശാലകളും ചെറുവായനശാലകളും താല്‍കാലീക ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്.അമേരിക്കയെ പിടിച്ചുലയ്ക്കുന്ന പോരാട്ടത്തിന്റെ ജിഹ്വയായി സ്വന്തമായി പത്രവും പ്രക്ഷോഭകര്‍ പുറത്തിറക്കുന്നു.സാക്ഷാല്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ വാള്‍‌സ്ട്രീറ്റ് ജേര്‍ണലിന്റെ പേര് ഓര്‍മ്മിപ്പിക്കുന്ന “ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍”.
                     അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രക്ഷോഭത്തെ തീര്‍ത്തും അവഗണിച്ചപ്പോഴാണ് അവര്‍ സ്വന്തം പത്രം തുടങ്ങിയത്.സുതാര്യതയുടേയും വസ്തു‌നിഷ്ഠമായ വാര്‍ത്താ പ്രചാരണത്തിന്റേയും നാട്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന അമേരികന്‍ മാധ്യമങ്ങള്‍ ലോകത്തിന്റെ വിദൂരകോണുകളില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിച്ച് വിളമ്പുന്നവരാണ്.അധിനിവേശങ്ങള്‍ക്കും അട്ടിമറികള്‍ക്കും കലാപണ്‍ഗള്‍ക്കും എല്ലാം തറയൊരുക്കാന്‍ അമേരിക്കക്കു കുത്തകനിയന്ത്രണത്തിലുള്ള മാധ്യമങ്ങളുടെ ‘സേവനം’ ലഭ്യമാണ്. എന്നാല്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം തുടങ്ങിയ ശേഷം ആദ്യ ഒമ്പതുദിവസം നാഷണല്‍ പബ്ലിക് റേഡിയോ ഇതിനെകുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നതില്‍നിന്ന് അറിയാം ജനങ്ങളുടെ ശബ്ദമുയരുന്നതിനെ അവ എത്രമാത്രം ഭയക്കുന്നുവെന്ന്.
               എന്നാല്‍ ഈ തമസ്കരണം അതിജീവിച്ച് പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നതോടെയാണ് പ്രമുഖമാധ്യമങ്ങള്‍ അവ വാര്‍ത്തയാക്കാന്‍ തയ്യാറായത്.അപ്പോഴും സമരം നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളിലാണ് അവയ്ക്കു താല്പര്യം.എന്നിട്ടും തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡിസിയിലേക്കും ലോസ് ആഞ്ചലസ്, സിയ്യറ്റില്‍, മയാമി, ഷിക്കാഗോ,ബോസ്റ്റണ്‍ തുടങ്ങി നിരവധി നഗരത്തിലേക്കും പ്രക്ഷോഭം പടര്‍ന്നു.ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തൊഴില്‍ രഹിതരായ യുവാക്കളാണ്.വിദ്യാഭ്യാസ വായ്പകളുടെ കനത്ത ഭാരം താങ്ങാനാകാത്ത വിദ്യാര്‍ത്ഥികളും ഭവനവായ്പകളിലേക്ക് വന്‍‌തുക അടച്ചിട്ടും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാകാത്ത തൊഴിലാളികളും വിവേചനം നേരിടുന്ന ആഫ്രിക്കന്‍ വംശജരുമെല്ലാം സജീവമായി രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനമുന്നേറ്റമാകുകയാണ്.
                     കോര്‍പറേറ്റുകളുടെ ആര്‍ത്തിയേയും സാമൂഹ്യാസമത്വങ്ങളേയും അമേരിക്കയിലെ സാധാരണക്കാരന് ജീവിതം അസാധ്യമാക്കുന്ന മറ്റ് അനീതികളേയും മാത്രമല്ല പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്.കാലാവസ്ഥാവ്യതിയാനത്തിലുള്ള ഉല്‍ക്കണ്ഠയും ശക്തമായ യുദ്ധവിരുദ്ധ വികാരവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക കടന്നാക്രമണം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ഷിക്കാ‍ഗോയിലും മറ്റും നടന്ന പ്രകടനം ഇതിന് ഉദാഹരണമാണ്.വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഷിക്കാഗോ പിടിച്ചെടുക്കല്‍ സമരം നടത്തുന്നവരാണവിടെ യുദ്ധവിരുദ്ധപ്രകടനം നടത്തിയത്.ഷിക്കാഗോയിലെ പ്രക്ഷോഭം  ശനിയാഴ്ച്ച 16 ദിവസം പിന്നിട്ടു.
                     വാഷിംഗ്‌ടണ്‍ ഡിസിയില്‍ വ്യാഴാഴ്ച യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് “തൊഴിലുകള്‍’ എന്നാണ്.ബാങ്ക് ഓഫ് അമേരിക്ക, ചെസ് വെത്സ് ഫര്‍ഗോ തുടങ്ങിയ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്കു മുന്നിലും ദിവസെന പ്രകടനം നടത്തുകയാണ്.അറബ് വസന്തം അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ സന്ദേശം ഒബാമക്കു വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.സമരം 20 ദിവസത്തോളമായപ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒബാമ ഇതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത്.അമേരിക്കന്‍ ജനതയുറ്റെ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ ഒബാമ എന്തു ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
 (എ.ശ്യാം ഇന്നത്തെ(09/10/2011) ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പ്.തലക്കെട്ടിനു മാറ്റം വരുത്തിയിട്ടുണ്ട്.)