Showing posts with label റഷ്യ. Show all posts
Showing posts with label റഷ്യ. Show all posts

കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(1917 ലെ ഐതിഹാസികമായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 94-)0 വാര്‍ഷികമാണിന്ന്.അതുമായി ബന്ധപ്പെട്ട് ഇന്നത്തെ (07/11/11) ദേശാഭിമാനി ദിനപ്പത്രത്തില്‍ ശതമന്യൂ എഴുതിയ പ്രതിവാരപംക്തിയുടെ ചിലഭാഗങ്ങള്‍ ഞങ്ങള്‍ പോസ്റ്റിലിടുകയാണ്.)
                    സോവിയറ്റെന്നൊരു നാടുണ്ടത്രെ,കാണാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന് ഇനി പാടാന്‍ കഴിയില്ല.സോവിയറ്റ് യൂണിയനെപ്പറ്റി പറയുന്നതു പോലും പരിഹാസമാണ് പലര്‍ക്കും. അമേരിക്കയുടെ ഏഴാം കപ്പല്‍‌പടയുടയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സോവിയറ്റ് പടക്കപ്പലുകളേയും ഇരമ്പി വരുന്ന ചെമ്പടയേയുമെല്ലാം സ്വപ്നം കണ്ട ഒരു കാലമുണ്ടായിരുന്നു.ഇന്നതിനേക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ കളിയാക്കും; മനോരമ പുച്ഛിക്കും.സോവിയറ്റ് യൂണിയന്‍ പോയി, മാര്‍ക്സിസം കാലഹരണപ്പെട്ടു, ചെങ്കൊടി റെയില്‍‌വേ സ്റ്റേഷനില്‍ മാത്രമേ കാണൂ, സഖാക്കളേ മതിയാക്കിക്കോളൂ എന്നാണ് 1991 ല്‍ മുഴങ്ങിയ ഉപദേശം.ഇരുപത് കൊല്ലം കഴിഞ്ഞു.ചെങ്കൊടിയുടെ ചുവപ്പിന് മങ്ങലൊന്നും ഏറ്റിട്ടില്ല.അമേരിക്കയിലെ ജനപ്രതിനിധി സഭക്ക് ഒരു സ്പീക്കറുണ്ട്.നമ്മുടെ കാര്‍ത്തികേയനെപ്പോലെ താടിയില്ല എന്നേയുള്ളൂ.ജോണ്‍ ബോയ്‌നര്‍ എന്നാണ് പേര്.ആ പുള്ളിക്കാരന്‍ ഒബാമയോട് കഴിഞ്ഞദിവസം പറഞ്ഞൂ;“ താങ്കളുടെ റഷ്യന്‍ നയങ്ങള്‍ ഉടനെ മാറ്റിക്കോളൂ,അല്ലെങ്കില്‍ റഷ്യ പഴയ സോവിയറ്റ് യൂണിയന്റെ വഴിയില്‍ അതിവേഗം എത്തും.സോവിയറ്റ് ഗൃഹാതുരത്വവുമായി ഒരു ഭരണാധികാരി അവിടെ താമസിയാതെ വരാന്‍ പോകുന്നു.”എന്ന്.
                      അമേരിക്കന്‍ സായ്‌പന്‍‌മാര്‍ക്ക് അഹന്ത മാത്രമല്ല വിവരവും ഉണ്ട്.സോവിയറ്റ് യൂണിയന്‍ കുഴിച്ചുമൂടപ്പെട്ടു എന്ന് അമേരിക്ക കരുതുന്നില്ല.അവര്‍ ഭയത്തോടെതന്നെ റഷ്യയെ നോക്കുന്നു.കൃത്യം 20 വര്‍ഷം മുന്‍പ് 1991 നവംബര്‍ ആറിനാണ് ബോറിസ് യെട്സിന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചത്.അന്ന് ആ തീരുമാനത്തോട് റഷ്യയിലെ 47 ശതമാനം ജനങ്ങള്‍ വിയോജിച്ചു.ഇന്നും അവിടെ ഭൂരിപക്ഷത്തിനും അതേ അഭിപ്രായമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡെറേഷന്‍ ഇന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്.അമേരിക്ക മാത്രമല്ല റഷ്യയിലെ ഭരണാധികാരികളും കമ്യൂണിസ്റ്റുകാരെ ഭയപ്പെടുന്നു.
                      വാള്‍‌സ്ട്രീറ്റില്‍ ചെങ്കൊടി പൊങ്ങിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതും റഷ്യയിലെ പുടിന്‍ ഭരണത്തിന്റെ മനസ്സില്‍ തീ കോരിയിട്ടു.കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വാര്‍ത്തകളടങ്ങിയ 84000 കോപ്പി പത്രങ്ങളുമായി പോയ ട്രക്ക് വ്യാഴാഴ്ച മോസ്ക്കോയില്‍ തടഞ്ഞു.പത്രം പോലീസ് പിടിച്ചെടുത്തു.ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു മുന്നേറ്റമുണ്ടാകുമെന്ന ഭീതി പുടിനേയും പിടികൂടിയിരിക്കുന്നു.
                      റഷ്യയിലെ വലിയ റിപ്പബ്ലിക്കായ ബഷ്‌കോര്‍‌തോസ്ഥാന്‍ തലസ്ഥാനത്ത് നവമ്പര്‍ നാലിന് വോള്‍ഗോ നദിയെ സാക്ഷിയാക്കി ഒരു കൂടിച്ചേരല്‍ നടന്നു.ലെനിന്റെ കൂറ്റന്‍ മാര്‍ബിള്‍ പ്രതിമയുടെ അനാച്ഛാദനം. റഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവ് ഗെന്നഡി സ്യുഗാനോവും പങ്കെറ്റുത്തു.ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റേഡിയോ ഫ്രീ യൂറോപ്പ് പറയുന്നു; “ ഈ റിപ്പബ്ലിക്കിലും അടുത്തുള്ള താര്‍‌താര്‍‌സ്ഥാന്‍ റിപ്പബ്ലിക്കിലും ജനങ്ങള്‍ വലിയ തോതില്‍ സോവിയറ്റ് ഗൃഹാതുരത്വം പേറുന്നവരാണ്.നിരവധി നിരത്തുകളും പട്ടണങ്ങളും സോവിയറ്റ് കാലത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്നു; കമ്യൂണിസ്റ്റു നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നു.ലെനിന്റെ പ്രതിമകള്‍ പലേടത്തും കാണാം”.സോവിയറ്റ് യൂണിയനില്‍ നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാന്‍ അവതരിച്ച സ്ഥാപനമാണ് റേഡിയോ ഫ്രീ യൂറോപ്പ്.അവരുടെ കണ്ണിലും ചെങ്കൊടിയും ലെനിനും കരടാണ് ഇന്ന്.
                      റഷ്യയില്‍ ഗവണ്മെന്റ് നടത്തുന്ന മൂന്ന് ടി വി ചാനലുകള്‍ ഉണ്ട്; ചാനല്‍ വണ്‍,എന്‍.ടി.വി.;റോസ്സിയ.മൂന്നിലും തങ്ങള്‍ക്ക് അര്‍ഹമായ പ്രചാരണാവസരം നല്‍കുന്നില്ല എന്നും അത് നിയമനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഗെന്നഡി സ്യുഗാനോവ് പ്രസിഡന്റിനു കത്തയച്ചു.തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറയാനുള്ളത് ജനങ്ങളില്‍ നിന്ന് എന്തിനു മറച്ചു വയ്ക്കണം എന്നാണ് ചോദ്യം.റഷ്യയില്‍ കനലുകള്‍ അണഞ്ഞിട്ടില്ല.
                    എല്ലാ വിപ്ലവങ്ങളുടേയും അമ്മയാണ് ഒക്ടോബര്‍ വിപ്ലവം.മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരമായ സംഭവം എന്ന് അതിനെ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് വിളിച്ചു.റഷ്യയെ മാത്രമല്ല ലോകത്തെയാകെ അത് മാറ്റി മറിച്ചു.റഷ്യയുടെ സമ്പദ് വ്യവസ്ഥയും വ്യവസായവും വിദ്യാഭ്യാസവും കൃഷിയും ആരോഗ്യപരിപാലനവും ശാസ്ത്ര സാങ്കേതീക വിദ്യയും വളര്‍ന്നു.സോവിയറ്റ് യൂണിയന്‍ കൂടുതല്‍ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ശാസ്ത്രജ്‌ഞരേയും സങ്കേതീക വിദഗ്ധരേയും സൃഷ്ടിച്ചു.സോവിയറ്റ് വികസനത്തിന് താരതമ്യമില്ലായിരുന്നു.എല്ലാ വര്‍ഷവും മിച്ച ബഡ്ജറ്റ്, പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ ഇല്ല.വിദ്യാഭ്യാസവും ചികിത്സയും സൌജന്യം.സ്ത്രീകള്‍ക്ക് തുല്യത. അമേരിക്കന്‍ സാമ്രാജ്യത്വം സോവിയറ്റ് യൂണിയനെ ഭയപ്പെട്ടു - സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തടയപ്പെട്ടു.
                     ലോകത്താകെ വിമോചനപ്പോരാട്ടങ്ങള്‍ക്ക് റഷ്യയില്‍നിന്ന് ഊര്‍ജം കൈവന്നു.നാസി ജര്‍മ്മനിയെ സോവിയറ്റ് പട തകര്‍ത്തപ്പോള്‍ സാമ്രാജ്യത്തത്തിന് അസാധ്യമായ ഒന്ന് സാധിതമാവുകയായിരുന്നു.ലോകയുദ്ധാനന്തരം സാമ്രാജ്യത്വം ദുര്‍ബലമായി.കോളനികളില്‍ നിന്നും ബ്രിട്ടണ്‍ ഒഴിഞ്ഞു പോയി. കൊളോണിയല്‍ വ്യവസ്ഥയുടെ അന്ത്യത്തിനും ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും വിമോചനപ്പോരാട്ടങ്ങളുടെ തീവ്രതക്കും സോവിയറ്റ് യൂണിയന്‍ കാരണമായി.ചൈനയില്‍ വിപ്ലവത്തിന്റെ കൊടി പാറി.ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ് സ്റ്റേറ്റിന്റെ സഹായമാണ് വിയറ്റ്നാമിന്റെ സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിനു കാരണമായതെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റുപാര്‍ട്ടി പ്രഖ്യാപിച്ചു.ലാവോസിലും കമ്പൂച്ചിയായിലും മൊസാംബിക്കിലും അംഗോളയിലും എത്യോപ്യയിലും നിക്ക്വരാഗ്വയിലും വിമോചനപ്രസ്ഥാനങ്ങള്‍ക്ക് ചൂടും ചൂരും പകര്‍ന്നുകിട്ടിയതും റഷ്യയില്‍നിന്നുതന്നെ.കിഴക്കന്‍ യൂറോപ്പില്‍ ചുവന്ന വെളിച്ചം പടര്‍ന്നു.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന സാമ്രാജ്യത്വവിരോധത്തിന്റെയും സോഷ്യലിസ്റ്റ് ഐക്യത്തിന്റേയും ക്യൂബന്‍ വിപ്ലവജ്വാലയുടേയും കരുത്ത് സോവിയറ്റ് യൂണിയനില്‍നിന്നും സംക്രമിച്ചു.
                 തൊണ്ണൂറ്റിനാലുവര്‍ഷം മുന്‍പ് ഉദിച്ചുയര്‍ന്ന രക്തതാരകം കത്തിക്കരിഞ്ഞ് അമര്‍ന്നു പോയി എന്ന് കരുതിയവരെ തിരുത്തുന്ന വാര്‍ത്തകളാണ് ഇന്ന് വരുന്നതെല്ലാം.ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വ വിരോധം ഒരു വികാരമായി കത്തിപ്പടരുന്നു.വെനിസ്വേല, ബ്രസീല്‍,ഉറൂഗ്വേ,അര്‍ജെന്റീന,ഇക്വഡോര്‍,പരാഗ്വായ്,ബൊളീവ്വിയ ,നിക്കരാഗ്വേ - ആഗോളവല്‍ക്കരണ വിരുദ്ധ ഗവണ്മെന്റുകളുടെ എണ്ണവും കരുത്തും തുടര്‍ച്ചയായി വലുതാകുന്നു.അവസാനവാക്ക് എന്ന് കരുതിയ മുതലാളിത്വവും അതിന്റെ തലസ്ഥാനമായ അമേരിക്കയും തകര്‍ച്ചയുടെ വഴിയിലാണ്.തൊണ്ണൂറ്റിനാലുകൊല്ലം മുന്‍പത്തെ നവംബര്‍ ഏഴിന്റെ സ്മരണ നഷ്ടവസന്തത്തിന്റെതല്ല - നേടാനുള്ള പുതിയ ലോകത്തിന്റേതു തന്നെയാണ്.നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടുകേട്ടാല്‍ ആരും പുരികം ചുളിച്ച് പുച്ഛിച്ച് ചിരിക്കേണ്ടതില്ല എന്നര്‍ത്ഥം.താമസിയാതെ നമ്മുടെ മനോരമക്ക് കുടിക്കാന്‍ വീപ്പക്കണക്കിന് വിഷം കരുതേണ്ടി വരും.
               

ഹാപ്പി കൃസ്തുമസ്

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പഴയ ഒരു ടോള്‍സ്റ്റോയ് കഥ കേട്ടിട്ടില്ലെ?. പണ്ട് പണ്ട് റഷ്യയില്‍ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് പീറ്റര്‍ എന്നൊരു ചെരുപ്പുകുത്തി ഭാര്യയും മക്കളുമായി ഒരു കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്നു. വളരെ ദരിദ്രമായ ആ പ്രദേശത്ത് രാവിലെ മുതല്‍ വൈകീട്ട് വരെ കുത്തിയിരുന്ന് പണിയെടുത്താല്‍ വളരെ തുച്ചമായ ഒരു തുകയേ കിട്ടുമായിരുന്നുള്ളു.അതു തന്നെ പീറ്ററിന് മദ്യപിക്കാന്‍ തികയുമായിരുന്നില്ല. വൈകീട്ട് മദ്യപിച്ച് വന്ന് ഭാര്യയേയും മക്കളേയും തല്ലും ഇടിയും നടത്തി ക്ഷീണിച്ച് കിടന്നുറങ്ങി രാവിലെ വീണ്ടൂം പണിക്കിറങ്ങുക എന്നതായിരുന്നു പീറ്ററിന്റെ ദിനചര്യ.
അങ്ങനെയിരിക്കെ നാട്ടില്‍ നടപ്പു ദീനം വന്നു ആയിരക്കണക്കിന് ആളുകള്‍ മരിച്ച കൂട്ടത്തില്‍ പീറ്ററിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അങ്ങനെ ഭാര്യയും മക്കളും മരിച്ച് ഒറ്റക്കായതോടു കുടി പീറ്റര്‍ ആളാകെ മാറിപ്പോയി. ഞായറാഴ്ചയോ പെരുന്നാള്‍ ദിവസങ്ങളില്പോലുമോ പള്ളിയില്‍ പോകാത്ത,ബൈബീള്‍ വായിക്കാത്ത പീറ്റര്‍ ബൈബിള്‍ നിലത്തു വൈക്കാത്ത സ്ഥിതിയായി. പണി ചെയ്യുമ്പോള്‍ പോലും അടുത്തൊരിടത്ത് കാണാന്‍ പാകത്തിന് ബൈബിളും വൈച്ച് വായിച്ചു കൊണ്ടാണ് ഇപ്പോള്‍ പീറ്റര്‍ പണിയെടുക്കുന്നതു പോലും.അയല്‍ പക്കങ്ങളില്‍ കടന്നു ചെല്ലാനും അവിടത്തെ കാര്യങ്ങളന്വേഷിക്കാനും പീറ്റര്‍ സമയം കണ്ടെത്തി. ചുരുക്കി പറഞ്ഞാല്‍ കുടുംബമില്ലാതായതിനുശേഷം പീറ്ററിന്റെ ജീവിതം തന്നെ ബൈബിളിനും യേശുവിനും സമര്‍പ്പിക്കപ്പെട്ടതായി.
അങ്ങനെയിരിക്കെ ഒരുനാള്‍ പണിയെല്ലാം കഴിഞ്ഞ് ബൈബിളും വായിച്ച് കിടക്കുകയായിരുന്നു പീറ്റര്‍. പുറത്താണെങ്കിലോ സൈബീരിയായിലെ മഞ്ഞുകാലവും.അങ്ങനെ വായിച്ചുകിടന്ന് പതിവു പോലെ പീറ്റര്‍ മയങ്ങിപ്പോവുകയും ചെയ്തു. പെട്ടെന്ന് തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ യേശുവാണെന്ന് തിരിച്ചറിഞ്ഞ പീറ്റര്‍ ചാടിയെഴുനേറ്റ് വന്ദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പീറ്ററിനോട് പറഞ്ഞൂ, പീറ്ററേ നിന്റെ ഭക്തിയില്‍ ഞാന്‍ സന്തോഷവാനാണ്, ഒരുങ്ങിയിരുന്നോളൂ പീറ്റര്‍ നിന്നെ കാണാനായി ഞാന്‍ നാളെ വരുന്നുണ്ട്.അതേപോലെ തന്നെ പുഞ്ചിരിയോടെ അദ്ദേഹം അപ്രത്യക്ഷനാകുകയും ചെയ്തു.പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോഴാണ് പീറ്ററിന് മനസ്സിലായത് ഇതുവരെ കണ്ടതൊക്കെ സ്വപ്നമായിരുന്നെന്ന്. ഏതായാലും ഇനി ഉറങ്ങണ്ട, ബൈബിള്‍ വായിക്കാം എന്നു തീരുമാനിച്ച പീറ്റര്‍ വിളക്കു കൊളുത്തി വായനയില്‍ മുഴുകുകയും ചെയ്തു.
അങ്ങനെ കുറേ സമയം കഴിഞ്ഞു, പിറ്റര്‍ വായനയില്‍ത്തന്നെ.അപ്പോഴാണ് പുറത്ത് ഒരു ചുമയും ഏങ്ങി ഏങ്ങി ശ്വാസം വലിക്കുന്ന ഒച്ചയും പീറ്റര്‍ കേട്ടത്. കതകു തുറന്ന പീറ്റര്‍ കണ്ടത് റോഡ് അടിച്ചു വാരുന്ന കിഴവിയായ മറിയത്തള്ളയെ ആണ്, വയ്യാതെ പീറ്ററിന്റെ ചുമരില്‍ ചാരി നിന്ന് ആസ്മ കാരണം ബുദ്ധിമുട്ടുന്ന മറിയത്തള്ള. പാവം ഭര്‍ത്താവ് മരിച്ചു,ചെറിയ കുട്ടികളുമുണ്ട്, ജീവിക്കാന്‍ വല്ലതെ കഷ്ടപ്പെടുന്നു അവര്‍.പീറ്റര്‍ അവരെ അകത്തേക്ക് ക്ഷണിച്ചു :-
“ഹാരിത് മറിയയൊ, വാ അകത്തേക്ക് കടന്നിരിക്ക്, കുറച്ചുനേരം തണുപ്പില്‍ നിന്നും വിട്ടുനിന്നാല്‍ ഒരാശ്വാസം കിട്ടും. ഞാനൊരു ചായയും ഉണ്ടാക്കാം.“ ചായക്ക് വെള്ളം വച്ച പീറ്റര്‍ അകത്തു പോയി പഴയ പെട്ടികളൊക്കെ തപ്പി ഭാര്യയുടെ പഴയ കംബിളിത്തുണികളൊക്കെ എടുത്തുകൊണ്ടു വന്നു,കുട്ടികളുടേയും.എന്നിട്ടു പറഞ്ഞു “ ഇന്നാ ഇതു വച്ചോ, ഇങ്ങനെ തണുപ്പുകൊണ്ടു നടക്കണ്ടാ” ചായയും കുടിച്ച് ആശ്വാസത്തോടെ പോകുമ്പോള്‍ മറിയ പറഞ്ഞു, നന്നായി മോനെ,യേശു നിന്നെ അനുഗ്രഹിക്കും.
നേരം വെളുത്തപ്പോള്‍ പീറ്റര്‍ അടുക്കളയില്‍ കയറി പാചകത്തില്‍ മുഴുകി.അയാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വിഭവങ്ങളയാള്‍ ഉണ്ടാക്കി.യേശു തന്റെ കൊച്ചു കുടിലിലേക്ക് വിരുന്നു വരുന്ന ദിവസമല്ലേ.തന്നേയുമല്ല ഒരുങ്ങിയിരിക്കാന്‍ യേശു പറയുകയും ചെയ്തിരിക്കുന്നു.അങ്ങനെ ഭക്ഷണമുണ്ടാക്കി കുളീച്ചു വന്ന് പീറ്റര്‍ യേശുവിനേയും കാത്ത് പ്രാര്‍ഥനയില്‍ മുഴുകി.സമയം കടന്നു പോയിക്കൊണ്ടിരുന്നു.താന്‍ ഭക്ഷണം കഴിക്കാനെഴുനേറ്റാല്‍ ആ സമയത്ത് യേശു വന്നെങ്കിലോ എന്നു കരുതി അതിനു പോലും പീറ്റര്‍ എഴുനേറ്റില്ല.സമയം ഉച്ച കഴിഞ്ഞു,യേശു വരുന്നില്ല,വരും വരാതിരിക്കില്ല എന്നു തന്നെ പീറ്റര്‍ കരുതി.
അപ്പോഴാണ് പുറത്തു നിന്നാരോ വിളിക്കുന്നത് പീറ്റര്‍ കേട്ടത്.കതകു തുറന്ന പീറ്റര്‍ കണ്ടത് ഒരു സ്ത്രീയും മൂന്നു കുഞ്ഞുങ്ങളുമാണ്.ദൈവത്തെയോര്‍ത്ത് എന്തെങ്കിലും തരണേ ചേട്ടാ എന്നവര്‍ കെഞ്ചിയപ്പോള്‍ പീറ്റര്‍ മറ്റൊന്നുമോര്‍ത്തില്ല, യേശുവിന് ഉണ്ടാക്കി വച്ച വിഭവങ്ങളെല്ലാം അവര്‍ക്കെടുത്തു കൊടുത്തു പീറ്റര്‍.ഭക്ഷണം കഴിച്ചെഴുനേല്‍ക്കുന്ന അവര്‍ക്ക് പീറ്റര്‍ ഭാര്യയുടേയും മക്കളുടേയും, രാവിലെ കൊടുത്തതിനുശേഷം ബാക്കിയിരുന്നതെല്ലാം എടുത്തുകൊടുത്തു. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ, യേശു നിങ്ങളെ രക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ സ്ഥലം വിട്ടു.അപ്പോഴാണ് പീറ്ററിനു കണ്ണു തള്ളിപ്പോയത്.ദൈവമേ അങ്ങേക്കുവേണ്ടിയുണ്ടാക്കിയതെല്ലാം താന്‍ അവര്‍ക്കു കൊടുത്തല്ലോ, ആ സാരമില്ല എന്റെ യേശുവല്ലെ കാര്യങ്ങള്‍ പറയാം എന്നുമയാള്‍ കണക്കാക്കി.വീണ്ടുമയാല്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞാപ്പോഴാണ് പുറത്തൊരു കശപിശ.സംഭവം നിസ്സാരം. അമ്മൂമ്മ കൊട്ടയില്‍ കുറേ നാരങ്ങയുമായി വില്‍ക്കാന്‍ ചന്തയില്‍ പോകുകയായിരുന്നു.അപ്പോള്‍ കുറേ വികൃതിപ്പിളേര്‍ വന്ന് കൊട്ടയില്‍ കയ്യിട്ട് വാരിയത്.അവരും അമ്മൂമ്മയും തമ്മിലുള്ള ശണ്ഠയാണ് സംഭവം.പീറ്റര്‍ ഉടനെ ക്കൂട്ടികളേയും അമ്മൂമ്മയേയും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.അവസാനം അമ്മൂമ്മ പറഞ്ഞു,സാരമില്ല പീറ്ററെ, ഇതു വിറ്റിട്ട് വേണം റേഷന്‍ വാങ്ങാന്‍.അതോര്‍ത്തപ്പോള്‍ ദേഷ്യം വന്നതാണ്.അപ്പോള്‍ കുട്ടികള്‍ പറഞ്ഞു,അമ്മൂമ്മ ഈ വയസുകാലത്ത് കൊട്ട ചുമക്കണ്ട,ഞങ്ങളതു ചന്തയില്‍ എത്തിച്ചുതരാം.അങ്ങനെ അവരും സന്തോഷമായി പോകുന്നത് പീറ്റര്‍ നോക്കി നിന്നു എന്നിട്ട് ബൈബിള്‍ വായനയിലേക്കു തിരിഞ്ഞു.വായിച്ചു വായിച്ച് പീറ്റര്‍ കിടന്നുറങ്ങീപ്പോയി.
അപ്പോള്‍ അതാ തലേ ദിവസത്തേപ്പോലെ പുഞ്ചിരിച്ചുകൊണ്ട് യേശു വന്നിരിക്കുന്നു.മുട്ടിന്മേല്‍ നിന്നു കൊണ്ട് വേദനയോടെ പീറ്റര്‍ ചോദിച്ചു:- “കര്‍ത്താവെ എനിക്കുള്ളതിലും വച്ച് നല്ലതെല്ലാമുണ്ടാക്കി ഞാന്‍ കാത്തിരുന്നുവല്ലോ, അങ്ങെന്ത്യേ വന്നില്ല.”യേശു വിടര്‍ന്നു പുഞ്ചിരിച്ചുകൊന്ണ്ട് പറഞ്ഞു, “പീറ്ററേ ഞാന്‍ ഇന്ന് പല പ്രാവശ്യം നിന്നെ കാണാനെത്തിയല്ലോ, നീയെന്നെ സല്‍ക്കരിക്കുകയും ചെയ്തല്ലോ പീറ്ററേ“. യേശുവിനെ കണ്ടതിലുണ്ടായ ആനന്ദക്കണ്ണിരിലൂടെ പീറ്റര്‍ കണ്ടു,ആസ്ത്മ കൊണ്ട് വിഷമിക്കുന്ന തണുപ്പില്‍ കോച്ചി ചുമരും ചാരി നില്ക്കുന്ന മറിയത്തള്ള, ഭക്ഷണം യാചിച്ചെത്തിയ സ്ത്രീയും അവരുടെ കുട്ടികളും, നാരങ്ങക്കൊട്ടയുമേന്തി പോകുന്ന വൃദ്ധയും കുട്ടികളും, കൂടെ ചിരിക്കുന്ന യേശുവും.
സുഹൃത്തുക്കളെ, ടോള്‍സ്ടോയ് കാലങ്ങള്‍ക്ക് മുന്‍പെഴുതിയ “യേശു വരുന്നു” എന്ന ചെറുകഥയുടെ രൂപമാണിത്.താങ്കളിത് കൃസ്തുമസ്സിന്റെ ആഘോഷതിമിര്‍പ്പുകള്‍ക്കിടയില്‍ താങ്കളുടെ മക്കള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുക. കാരണം ഈ കഥക്ക് വളരെയധികം പ്രസക്തിയുണ്ട് ഇന്നും.