അങ്ങനെ അവസാനം തമ്പുരാന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു, ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്.ആദ്യം അങ്ങേര്‍ ആഭരണങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ എടുത്ത് വൈക്കാനാണ് തുടങ്ങിയത്.അന്നേരം അത് പബ്ലിക്കായി വേണമെന്ന് പറഞ്ഞ് മറ്റൊരാള്‍ കേസ് കൊടുത്തു.സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തു.അങ്ങനെ ബി നിലവറയൊഴിച്ച് ബാക്കിയെല്ലാം പൊടിതട്ടിക്കുടഞ്ഞെടുത്ത് എണ്ണിക്കണക്കാക്കാക്കി വച്ചു.പ്രശ്നവിധിപ്രകാരമല്ലെങ്കിലും സുപ്രീം കോടതിയില്‍ കേസിനു പോയവന്‍ വടിയായി.എന്നാല്‍ ഭാഗ്യത്തിനന്ന് പ്രശ്നക്കാര്‍ എത്തിയിരുന്നില്ല.അതിനാല്‍ ആ മരണം ദൈവശാപത്താലെന്ന് വിധി വന്നില്ല.(ദൈവം കാത്തു.) അതൊഴിച്ച് ബാക്കിയെല്ലാം പ്രശ്നകാരന്മാര്‍ പറഞ്ഞു.അമ്പലത്തില്‍ കാര്യങ്ങളൊക്കെ അലമ്പായിട്ടാണ് നടക്കുന്നത്(സംശയമില്ലാതെ ആര്‍ക്കും പറയാവുന്ന കാര്യം),ആര്‍ക്കും ശുദ്ധിയും വൃത്തിയുമില്ല( അതു പറയാനും വലിയ ജ്യോതിഷമൊന്നും വേണ്ട).പിന്നീട് കാര്യങ്ങള്‍ നിലവറ പ്രശ്നത്തിലേക്ക് കടന്നു.സുപ്രീം കോടതിയല്ല അതിനപ്പുറത്തെ കോടതിയായാലും അമ്പലത്തെ തൊട്ടു കളിക്കരുതെന്ന് പറഞ്ഞു.പിന്നെയാണോര്‍ത്തത്, സുപ്രീം കോടതിക്കെതിരെ എന്തു ചെയ്യാന്‍ പറ്റും?.അതുകൊണ്ട് പതുക്കെ റൂട്ടൊന്നു മാറ്റി.ബി നിലവറ തുറക്കരുത്.തുറന്നാല്‍ തുറന്നവന്‍ തട്ടിപോകും.നിധിയുടെ മൂല്യം കണക്കാക്കരുത്.അവരും തട്ടിപ്പോകും.അപ്പോഴാണോര്‍ത്തത് കേരള മന്ത്രിസഭ നൂല്‍പ്പാലത്തിലൂടെയാണല്ലോ പോകുന്നത്.അതാണെങ്കില്‍ ദൈവവിശ്വാസികളുടേയും.എന്നാല്‍ ആ വഴിക്കും ഒന്ന് ശ്രമിച്ചു നോക്കാം എന്നുവച്ച് ഒരു തട്ട് അങ്ങോട്ടും.നാടിനും നാട്ടാര്‍ക്കും ആപത്ത്.( തങ്ങള്‍ ജീവിക്കുന്നത് നരകത്തിലായതിനാല്‍ ഇനിയും നരകത്തിലയക്കുമെന്ന് തമാശ പറയരുതെന്ന് പഴയ കഥ ഓര്‍ത്ത് നാട്ടുകാര്‍.) നാടിന്റെ ഭരണം തന്നെ മാറിപ്പോകും എന്ന് പ്രശ്നക്കാര്‍.അത് പെട്ടെന്നു തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്തു.ജനങ്ങളെ മാനിക്കുമെന്നും പ്രശ്നവിധി പഠിക്കട്ടെയെന്നും നമ്മുടെ മുഖ്യമന്ത്രി.പക്ഷെ പെട്ടെന്നദ്ദേഹം വായടച്ചുകളഞ്ഞു.അതോടെ ആ വഴിയും ചീറ്റി എന്നു തന്നെയല്ല ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണ്ണയകമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോകുകയും സുപ്രീം കോടതി അതിനനുവദിക്കുകയും ചെയ്തതോടെ പ്രശ്നവിധിക്കാര്‍ തലയില്‍ മുണ്ടിട്ട് മടങ്ങുകയും ചെയ്തു.അങ്ങനെയാണ് മഹാരാജാവ് തന്റെ കാര്യസാദ്ധ്യത്തിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഇടയായത്.
ഏതായാലും ശബരിമലയില്‍ പരപ്പനങ്ങാടി കണ്ടെത്തിയതും പറഞ്ഞതും കേട്ടതും ഫോണ്‍ ഡ്രൈവറുടെ കയ്യില്‍ കൊടുത്തിട്ട് ഊണു കഴിക്കാന്‍ പോയതുപോലത്തെ അബദ്ധങ്ങള്‍ ഇത്തവണ പറ്റാഞ്ഞതുകൊണ്ടും തിരുവനന്തപുരത്തെ പ്രശ്നവിധി കത്തിക്കയറിയില്ല. തന്നേയുമല്ല പഴയ പരപ്പനങ്ങാടി പ്രശ്നത്തില്‍ കോടതി തെളിവുകള്‍ പത്രത്തില്‍ വന്നതു വായിച്ചു മനസ്സിലാക്കിയ ജനം ഒരു പരിധി വരെ പ്രശ്നത്തിലിടപെടാതെ മാറി നില്‍ക്കുകയും ചെയ്തതും ഈ പ്രശ്നം വളരെ പെട്ടെന്ന് കത്തിത്തീര്‍ന്നു.ഇതിനേക്കുറിച്ചഭിപ്രായം പറഞ്ഞ രണ്ടോ മൂന്നോ രാഷ്ട്രീയ നേതാക്കളേയുള്ളൂ.1.ഉമ്മന്‍ ചാണ്ടി.അദ്ദേഹം പറഞ്ഞത് പ്രശ്നവിധിയെ മാനിക്കും എന്ന ഒരു ചാണ്ടല്‍ പ്രസ്താവന മാത്രമാണ്.2.വി.എസ്.അദ്ദേഹം പ്രശ്നവിധിക്കെതിരെ ആഞ്ഞടിച്ചു.ഇത് രാജകുടുംബവും പ്രശ്നക്കാരുമായുള്ള ഒത്തുകളിയാണെന്ന് സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. 3. പിന്നീട് മാര്‍ക്സിസ്റ്റു പാര്‍ട്ടി സെക്രട്ടറി പിണറായിയും കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചറും പ്രശ്നവിധിക്കെതിരെ പ്രതികരിച്ചു.
അങ്ങനെ ആ കൊടുംകാറ്റും ചായക്കോപ്പയിലൊതുങ്ങിപ്പോയി.ഞാനിവിടെ തുനിയുന്നത് ജ്യോതിഷം എന്ന ശാസ്ത്രത്തെ(?) എനിക്കറിയാവുന്ന രീതിയില്‍ ഒന്നു വിശകലനം ചെയ്യാനാണ്.ഇതിനോട് യോജിക്കുന്നവരും അല്ലാത്തവരുമുണ്ടാകാം.എല്ലാവരും വിചാരിച്ചാല്‍ ഇതൊരു തുറന്ന ചര്‍ച്ചാ വേദിയാക്കി മുന്നേറാം.
മനുഷ്യനുണ്ടായ കാലം മുതല്‍ അല്ലെങ്കില്‍ അവനൊരല്‍പ്പം വിശ്രമസമയം കിട്ടിത്തുടങ്ങിയ കാലം മുതല്‍ തന്നെ ആകാശത്തുകാണുന്ന അല്‍ഭുതങ്ങളില്‍ വിസ്മയം കൂറിയതായി കാണുന്നു.പകല്‍ കത്തിജ്വലിച്ച സൂര്യന്‍ അന്തിയാവുമ്പോള്‍ കത്തിക്കരിഞ്ഞ് അസ്തമനക്കടലില്‍ താഴുന്നതും, രാത്രി മനോഹരിയായ ചന്ദ്രികയും താരകളും നൃത്തമാടുന്ന ആ നീലാകാശവും പിന്നെ പിന്നെ കിഴക്കേ ചെരുവില്‍, തലേന്ന് പിണ്‍ടം വച്ച് പടിയിറക്കിയ സൂര്യന്‍ പതുക്കെ ഉദിച്ചുയരുന്നതും മനുഷ്യനെ അല്‍ഭുതപ്പെടുത്തഇയിരുന്നു.അന്നത്തെ ഭാവനക്കനുസരിച്ച് അവര്‍ പല നിഗമനങ്ങളിലും എത്തുകയും സാഹിത്യസൃഷ്ടികള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നെ പിന്നെ അവര്‍ മറ്റൊരു സത്യം കണ്ടെത്തി, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം താനധിവസിക്കുന്ന ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നെന്ന്.എന്നു വച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നവര്‍ കണ്ടെത്തി, അവരുടെ നിരീക്ഷണങ്ങളില്‍നിന്ന്.( ഇന്നും മനസ്സുവച്ചാല്‍, ഒന്നു നിരീക്ഷിച്ചാല്‍ താരങ്ങള്‍ ഭൂമിക്കുചുറ്റും കറങ്ങുന്നതു നമുക്ക് കാണാന്‍ കഴിയും.) എന്നാല്‍ ഈ ചുറ്റിത്തിരിയല്‍ ഭൂമിയുടെ കറക്കവും ഭ്രമണവും മൂലമായിരുന്നെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ അത്രയും വലിയ ഒരു ഞ്നാനത്തിന്റെ ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ പ്രപഞ്ചവിജ്നാനവുമായി ജനം സുഖമായി ജീവിച്ചു.എന്തായിരുന്നു ആ പ്രപഞ്ചവിജ്നാനം? ഭൂമിയാണ് നമുക്ക് കാണാനാകുന്ന പ്രപഞ്ചത്തിന്റെ കേന്ദ്രം.ബാക്കിയുള്ളതെല്ലാം ഭൂമിയെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു.അതുകൊണ്ട് മനുഷ്യജന്മമാണ് ശ്രേഷ്ഠം, ആ ജന്മം നല്‍കിയ ഈശ്വരനെ വാഴ്ത്തുക.ഏതാണ്ടിങ്ങനെയാണ് അന്നത്തെ ആകാശസാസ്ത്രം പുരോഗമിച്ചത്.അന്നത്തെ ജീവിതത്തിനതു മതിയായിരുന്നു.അപ്പോഴും നക്ഷത്രങ്ങളെക്കൊണ്ട് ദീക്കറിയുക, സമയമറിയുക എന്നീ ഏകദേശ ഉപയോഗങ്ങളുമുണ്ടായിരുന്നു.ഭാരതം,ഗ്രീക്ക്,ചൈന,ഈജിപ്ത്,മൊസൊപ്പൊട്ടോമിയ( ഇന്നത്തെ ഇറാക്കിനെ ഭൂരിഭാഗവും കൂടിയത്) എന്നീ പ്രദേശങ്ങളായിരുന്നു ജ്യോതിശാസ്ത്രത്തില്‍ മികച്ചുനിന്നത്.എന്നാല്‍ ജ്യോതിഷം അന്ന് പ്രചാരത്തില്‍ വന്നതേയില്ല.തന്നേയുമല്ല നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം അന്നുണ്ടായിരുന്നുമില്ല.