മരടിലെ ഫ്ലാറ്റു പൊളിക്കൽ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

              തീരദേശ നിയമം ലംഘിച്ചു നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകളും പൊളിക്കാനായി സുപ്രീംകോടതി നിർദ്ദേശിച്ച തീയതിയായ സെപ്തംബർ 20 കഴിഞ്ഞുപോയി.ഫ്ലാറ്റുകൾ ഇപ്പോഴും പൊളിച്ചു നീക്കിയിട്ടില്ല.പകരം സർക്കാർ സുപ്രീംകോടതിക്കു മുന്നിൽ അഫിഡവിറ്റ് സമർപ്പിച്ചിരിക്കയാണ്.ഫ്ലാറ്റ് പൊളിക്കുന്നതിനായി മരട് നഗരസഭ ടെൻഡർ ക്ഷണിച്ചപ്പോൾ 13 പേരാണ്പൊളിക്കാൻ തയ്യാറായി വന്നിരിക്കുന്നത്.
                     ഈ പ്രശ്നവുമായി ഒരുപാട് അഭിപ്രായങ്ങളാണ് മുഖപുസ്തകത്തിൽ വന്നുകൊണ്ടിരിക്കുന്നത്.ഇവയെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം.ആദ്യത്തെ ഗ്രൂപ്പ് സർക്കാരിനും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുമൊപ്പം നിൽക്കുന്നവരാണ്.ഫ്ലാറ്റുകൾ പൊളിക്കാതെ തന്നെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നവർ.ഈ ഗ്രൂപ്പിൽ പെടുന്നവർ അധികമില്ല എന്നത് രാഷ്ട്രീയ പാർട്ടികളും സർക്കാരും മനസ്സിലാക്കേണ്ടതാണ്.രണ്ടാമത്തെ ഗ്രൂപ്പുകാർ എന്നത് നാട്ടിലെ പരിസ്ഥിതി പ്രവർത്തകരാണ്.അവരൊന്നടങ്കം ഫ്ലാറ്റ് പൊളിച്ചേ മതിയാകൂഎന്നാവശ്യപ്പെടുന്നു,വിശദാംശങ്ങളിലേക്കു പോകുമ്പോൾ വിവിധ തട്ടുകളിലാണെങ്കിലും.വ്യക്തിപരമായി ഞാനും ആ പക്ഷത്താണ്.എൻറെ സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഫ്ലാറ്റുകൾ പൊളിക്കണമെന്ന പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
                     മൂന്നാമത്തെ ഗ്രൂപ്പാണെങ്കിലോ,ശ്രീ.പിണറായി വിജയൻ മുഖ്യമന്ത്രിയായതുകൊണ്ടു മാത്രം ഫ്ലാറ്റ് പൊളിക്കണമെന്ന അഭിപ്രായക്കാരാണ്. അതിനവർ നൽകുന്ന (ദുഃ)സൂചനകളാണ് രസകരം.ആദ്യം പറഞ്ഞത് ശബരിമലയിൽ കാണിച്ച ഉൽസാഹം മരടിൽ കാണിക്കുന്നില്ല എന്നായിരുന്നു.ശബരിമല സുപ്രീം കോടതിയുടെ വിധിയാണെന്നും മരടിലേത് അങ്ങനെയല്ലെന്നും ചൂണ്ടിക്കാണിച്ചതോടെ ആ വാദത്തിൻറെ മുനയൊടിഞ്ഞു. പിന്നീട് വന്ന ആക്ഷേപങ്ങളായിരുന്നു മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ,മുത്തങ്ങ കുടിയൊഴിപ്പിക്കൽ,ചെങ്ങര കുടിയൊഴിപ്പിക്കൽ.ഇവിടെയൊന്നും പരിസ്ഥിതി സംരക്ഷണമായിരുന്നില്ല പ്രശ്നം.വികസനവും വീടുവയ്ക്കാനുള്ള ഭൂമിയും മറ്റുമായിരുന്നു പ്രശ്നം.തന്നേയുമല്ല അവിടങ്ങളിലെ യഥാർത്ഥ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയുമാണ് ഈ സർക്കാർ അതിൻറെ ലൈഫ് പദ്ധതിയിൽ പെടുത്തി.അപ്പോൾ നിലവിലെ ഗവൺമെൻറ് പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ ഉയർത്തിക്കാട്ടി ആ ഗവൺമെൻറിനെ തന്നെ അടിക്കാൻ ശ്രമിക്കുന്ന കാഴ്ച രസകരം തന്നെ.
                                 എന്തായാലും ഫ്ലാറ്റ് പ്രശ്നത്തിലേയ്ക്കു വരാം.കാര്യങ്ങൾ എല്ലാവർക്കുമറിയാമെന്നതുകൊണ്ട് വിശദീകരിക്കുന്നില്ല.ഈ അഞ്ച് ഫ്ലാറ്റുകളിലുമായി നാനൂറ് കുടുംബങ്ങൾ താമസിക്കുന്നു.ശരാശരി ആയിരത്തിയഞ്ഞൂറു പേർ.ഈ ആയിരത്തിയഞ്ഞൂറു പേരെ ഒരു സുപ്രഭാതത്തിൽ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് അവരുടെ മുഴുവൻ കിടപ്പാടം തകർത്തുകളയാൻ ഒരു ജനകീയ ഗവൺമെൻറിനും സാധ്യമല്ല.അവർ പണക്കാരായിരിക്കാം,ഒരുപക്ഷെ അവരെ പറ്റിച്ചതായിരിക്കാം,അല്ലെങ്കിൽ അവർ ബിൽഡർമാരെ പറ്റിച്ചതായിരിക്കാം.പലർക്കും ഈ ഫ്ലാറ്റുകൾക്ക് പുറമേ രണ്ടും മൂന്നൂം അതിൽ കൂടുതലും വീടുകൾ ഉണ്ടായിരിക്കാം.ഇതൊന്നും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമല്ലല്ലോ നിലവിലെ നിയമപ്രകാരം ഒരാൾക്ക് എത്ര വീടുകൾ വേണമെങ്കിലും കൈവശം വയ്ക്കാം.
                       ഇത്രയുമൊക്കെയാണ് എന്നതുകൊണ്ട് ഒരു ജനകീയ ഗവൺമെൻറും ഒരാളേയും ഇറക്കിവിടാൻ പോകുന്നില്ല,എന്നല്ല ഇറക്കി വിടരുത്.പകരം സംവിധാനമാകുന്നതു വരെയെങ്കിലും സർക്കാർ അവരെ സംരക്ഷിക്കണമെന്നത് നിയമപരമായ എന്നതിലുപരി മനുഷ്യത്വപരമായ കാര്യമാണ്.സുപ്രീം കോടതി ഫ്ലാറ്റുടമകളോട് ആകെ പറഞ്ഞത് ഇവർക്ക് വേണമെങ്കിൽ മറ്റു ഫോറങ്ങളിൽ പോയി നഷ്ടപരിഹാരം തേടാവുന്നതാണ്.ബിൽഡർമാർ ഇക്കാര്യത്തിൽ പറഞ്ഞത് തങ്ങൾക്കതിൽ ഉത്തരവാദിത്വം ഇല്ലെന്നാണ്. എന്നുവച്ചാൽ നഷ്ടപരിഹാരം സംബന്ധിച്ച് കേസിനുപോയാൽ അതൊരിക്കലും അവസാനിക്കാതെ നീണ്ടുപോകാനാണ് സാധ്യത.പോരാത്തതിന് ഇന്ത്യൻ നീതിന്യായക്കോടതികളുടെ ഒച്ചിനെ വെല്ലുന്ന വേഗതയും.അപ്പോൾ ഫ്ലാറ്റുടമകൾ ഇറങ്ങിക്കൊടുക്കാത്തതാണ് ബുദ്ധി.
                      അപ്പോൾ ചോദിക്കും,സുപ്രീം കോടതിയുടെ പൊളിക്കാനുള്ള  ഉത്തരവോ എന്ന്.കോടതി മാനുഷീകമായപരിഗണന  കാണിച്ചിട്ടേയില്ല.അവർ നിയമം മാത്രം നോക്കി.ബാക്കി മനുഷ്യത്വമോ മറ്റു കാര്യങ്ങൾക്കുമോ ചെവി കൊടുക്കേണ്ട ഉത്തരവാദിത്വം അവർ കാണിക്കാത്തതുകൊണ്ട് ആ പണി ജനകീയ സർക്കാരിനുമായി.
                     ഇനി വേറൊരു തരത്തിലൂടെ ഈ പ്രശ്നത്തെ ഒന്നു നോക്കൂ.2004 മുതലോ മറ്റോആണ് ഈ ഫ്ലാറ്റുകളുടെ പണി ആരംഭിക്കുന്നത്.2019ലാണ് പൊളിക്കാനുള്ള കോടതി വിധിയുണ്ടാകുന്നത്.ഇത്രയും വർഷങ്ങളായി ഈ ഫ്ലാറ്റുകൾ ഒരുപാട് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്.ഈനില ഒരൽപ്പകാലം കൂടി തുടർന്നാലും വലിയമാറ്റങ്ങളൊന്നും സംഭവിക്കാനില്ല.അപ്പോൾ നിലവിലെ സ്ഥിതി തുടർന്നുകൊണ്ട് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് മാന്യമായ റീഹാബിലിറ്റേഷൻ നൽകാൻ ബിൽഡർമാരിൽ സമ്മർദ്ദം ചെലുത്തുകയാണ് ഗവൺമെൻറ് ചെയ്യേണ്ടത്.മറ്റൊന്ന് തീർച്ചയായും ഫ്ലാറ്റ് പൊളിക്കൽ ധാരാളം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും.ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് അത്തരം പ്രശ്നങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തിയ ശേഷം പൊളിച്ചു കളയുന്നതല്ലേ പ്രായോഗീകം.