മുന്‍‌കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ കഥ

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് മുതലാളിത്തം പതാക ഉയര്‍ത്തിയിട്ട് കാല്‍ നൂറ്റാണ്ടാകുന്നു.ഇക്കാലയളവില്‍ കമ്യൂണിസത്തില്‍ നിന്നും മുതലാളിത്തത്തിലേയ്ക്ക് കൂറുമാറിയ രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നൊരാലോചന.ആലോചന നടത്തുന്നത് പി ടി നാസര്‍ മാധ്യമം ദിനപത്രത്തില്‍
ബെര്‍ലിന്‍ മതില്‍ പൊളിക്കാനാരംഭിച്ചപ്പോള്‍
ടംവലം
പരിശോധിച്ചിടത്തോളം കണക്കപ്പിള്ളമാര്‍ കൂട്ടിക്കിഴിച്ച് പുറത്തുവിട്ട ബാക്കിപത്രം നോക്കുമ്പോള്‍ നഷ്ടത്തിന്‍െറ വിളയാട്ടമാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിച്ച്, കമ്യൂണിസത്തെ കാലഹരണപ്പെട്ടതായി പ്രഖ്യാപിച്ചിട്ട് ഈ നവംബറിലേക്ക് കാല്‍നൂറ്റാണ്ടായി. കമ്യൂണിസത്തെ സംബന്ധിച്ച് രണ്ട് ആണ്ടറുതികളാണ് ഈ മാസത്തില്‍. റഷ്യയില്‍ വിപ്ളവം പൂര്‍ത്തീകരിച്ച് ലെനിന്‍െറ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിച്ചിട്ട് 95 വര്‍ഷം പൂര്‍ത്തിയായി. സോവിയറ്റ് യൂനിയന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചയെ പ്രതീകവത്കരിച്ച ബര്‍ലിന്‍ മതില്‍ തകര്‍ന്നിട്ട് 25 വര്‍ഷവും പൂര്‍ത്തിയായി. 1989 നവംബര്‍ ഒമ്പതിനാണ് ലോകം ആഘോഷത്തോടെ ബര്‍ലിന്‍ മതില്‍ തകര്‍ത്തത്. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള കിഴക്കന്‍ ജര്‍മനിയും മുതലാളിത്ത സാമ്പത്തികക്രമം പിന്തുടരുന്ന പടിഞ്ഞാറന്‍ ജര്‍മനിയും തലസ്ഥാനമായ ബര്‍ലിന്‍ നഗരത്തെ പകുത്തെടുത്തിരുന്നു. കമ്യൂണിസ്റ്റ് ബര്‍ലിനെയും മുതലാളിത്ത ബര്‍ലിനേയും വേര്‍തിരിക്കാന്‍ കെട്ടിയ മതിലാണ് ബര്‍ലിന്‍ മതില്‍. അതിന്‍െറ തകര്‍ച്ച കമ്യൂണിസത്തിന്‍െറ തകര്‍ച്ചയായാണ് അന്ന് കണക്കാക്കിയിരുന്നത്. ആ മതില്‍ തകരുന്നതോടെ ജനാധിപത്യവും തുറന്ന വിപണിയും കടന്നുവരുമെന്നും എല്ലാരാജ്യങ്ങളും മുതലാളിത്ത രീതിയില്‍ വികസിത രാജ്യങ്ങളാകുമെന്നും പ്രചരിപ്പിക്കപ്പെട്ടു. പ്രചാരണം പ്രചാരണം മാത്രമാണെന്ന് ഇപ്പോള്‍ തെളിയുകയാണ്. യാഥാര്‍ഥ്യം വേറെയാണ്. അതിന്‍െറ രൂപം പട്ടിണിയും ദാരിദ്ര്യവുമാണ്.
ബര്‍ലിന്‍ മതിലിന്‍െറ തകര്‍ച്ചയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വേഗംകൂട്ടിയത്. 1991 ഡിസംബര്‍ 25ന് സോവിയറ്റ് യൂനിയന്‍െറ പതനവും പൂര്‍ത്തിയായി. ആ മഹാരാജ്യം ഛിന്നഭിന്നമായി. മുക്കാലോഹരിയിലധികം വരുന്ന റഷ്യ ബോറിസ് യെറ്റ്സിന്‍െറ നേതൃത്വത്തില്‍ മുതലാളിത്ത രാജ്യമായി. അന്നത്തേയും മുന്നത്തേയും പിന്നത്തേയും അമേരിക്കന്‍ പ്രസിഡന്‍റുമാരുമായ റൊണാള്‍ഡ് റീഗന്‍, ബില്‍ ക്ളിന്‍റണ്‍, ജോര്‍ജ് ബുഷ് തുടങ്ങിയവരൊക്കെ ആശിര്‍വാദം കോരിച്ചൊരിഞ്ഞു. പോരാത്തതിന് മാര്‍പാപ്പയും. മുതലാളിത്തവും അതിന്‍െറ പ്രയോക്താക്കളും ആകപ്പാടെ ഉഷാറിലായിരുന്നു. ലോകത്തെ ഏതാണ്ടെല്ലാ സാമ്പത്തികശാസ്ത്ര പണ്ഡിതന്മാരും ആ ഭാഗത്തായിരുന്നു ആ ദിവസങ്ങളില്‍. ഫ്രാന്‍സിസ് ഫുകുയാമ, തിമോത്തി ഗാര്‍ട്ടന്‍ ആഷ്, ബെര്‍നാഡ് ഹെന്‍ലി ലെവ്ലി തുടങ്ങി നീണ്ടൊരു പണ്ഡിതനിരതന്നെ അന്ന് യെറ്റ്സിന്‍െറ സാമ്പത്തിക ഉപദേഷ്ടാക്കളായി പ്രത്യക്ഷപ്പെട്ടിരുന്നു. ജനാധിപത്യത്തോടൊപ്പം അഭിവൃദ്ധിയും കടന്നുവരുമെന്നാണ് അവരൊക്കെയും പ്രവചിച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു, ബ്രാന്‍കോ മിലനോവിക് എന്ന സാമ്പത്തികശാസ്ത്ര പണ്ഡിതന്‍.
മിലനോവിക് ആരെന്നല്ളേ. ന്യൂയോര്‍ക്കിലെ സിറ്റി യൂനിവേഴ്സിറ്റിയിലെ പ്രഫസറായ അദ്ദേഹം അറിയപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. ബര്‍ലിന്‍ മതിലും മുതലാളിത്തവിരുദ്ധ സാമ്പത്തിക ക്രമംതന്നെയും തകര്‍ന്നടിയുന്നത് അടുത്തുനിന്നുകണ്ടയാളാണ്. അക്കാലത്തെ വിശകലനങ്ങളും നിരീക്ഷണങ്ങളും അദ്ദേഹം 1998ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ‘വരുമാനം, അസമത്വം, ദാരിദ്ര്യം എന്നിവ വിപണിസാമ്പത്തിക ക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തിന്‍െറ കാലത്ത്’ എന്നതാണ് ആ ഗ്രന്ഥം. ആ പരിവര്‍ത്തനത്തിന് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മിലനോവിക് ചെയ്തത് ഈ കാലയളവിലെ കണക്കുപരിശോധിക്കുകയാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതിനുശേഷം മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ മുതലാളിത്ത പാതയില്‍ എത്രമാത്രം വികസനം കൈവരിച്ചു എന്നാണ് മിലനോവിക് പരിശോധിച്ചത്. കമ്യൂണിസ്റ്റാനന്തര കാല്‍നൂറ്റാണ്ടിന്‍െറ കണക്കുകള്‍ അദ്ദേഹം കഴിഞ്ഞയാഴ്ച പുറത്തുവിട്ടു തന്‍െറ ബ്ളോഗിലൂടെ. ആഗോള അസമത്വം എന്നാണ് അതിന്‍െറ തലക്കെട്ടുതന്നെ.
ചില രാജ്യങ്ങള്‍ കമ്യൂണിസം വരുന്നതിനേക്കാള്‍ അമ്പതോ അറുപതോ വര്‍ഷം പിറകിലാണത്തെിയത്. വികസിച്ച രാജ്യങ്ങളില്‍തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഏറെ വലുതാണ്. അസമത്വം കൊടികുത്തി വാഴുകയാണ്. മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളെ നാലാക്കി തരംതിരിച്ചാണ് മിലനോവിക് വിശകലനം ചെയ്തത്. സാമ്പത്തിക ശാസ്ത്രജ്ഞര്‍ സാധാരണയായി ഉപയോഗിച്ചുപോരുന്ന മറ്റ് അളവുകോലുകളും 2013ലെ മൊത്ത ആഭ്യന്തര വരുമാനത്തിന്‍െറ നിരക്കുമാണ് മിലനോവിക് മാനദണ്ഡമാക്കിയത്. 2013ലെ മൊത്ത ആഭ്യന്തര ഉല്‍പാദനം പരിശോധിച്ചപ്പോള്‍ 1990ലെ വരുമാനത്തിന് തുല്യമായ വരുമാനംപോലും രേഖപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളാണ് ഒന്നാം പട്ടികയില്‍. അതായത്, പറ്റേതോറ്റവര്‍. തജികിസ്താന്‍, മല്‍ഡോവ, യുക്രെയ്ന്‍, കിര്‍ഗിസ് റിപ്പബ്ളിക്, ജോര്‍ജിയ, ബോസ്നിയ, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് ഇതില്‍ പെടുന്നത്. ഈ രാജ്യങ്ങളെല്ലാംതന്നെ കടുത്ത ആഭ്യന്തരക്കുഴപ്പത്തിലും വംശീയവും വര്‍ഗീയവുമായ ചേരിതിരിവിലും പെട്ട് ഉഴലുകയാണ് എന്നത് മറ്റൊരു കാര്യം. ഇവയിലൊരു രാജ്യംപോലും അടുത്തൊന്നും മെച്ചപ്പെടാനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നില്ളെന്ന് മിലനോവിക് പറയുന്നു.
വികസിത രാജ്യങ്ങളുടെ വേഗതയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇഴഞ്ഞുനീങ്ങുന്നവയാണ് രണ്ടാം പട്ടികയില്‍. 2013ല്‍ കണക്ക് നോക്കിയപ്പോള്‍ 1.7 ശതമാനം മാത്രം വളര്‍ച്ചനിരക്ക് ഉള്ളവര്‍. മാസിഡോണിയ, ക്രൊയേഷ്യ, റഷ്യ, ഹംഗറി എന്നിവ ഇതിലാണ് വരുന്നത്. ഭൂമിശാസ്ത്രപരമായ വിസ്താരം കാരണം ജനസംഖ്യ കൂടുതല്‍ ഇവിടെയാണ്. മുന്‍കമ്യൂണിസ്റ്റ് ജനസംഖ്യയുടെ 40 ശതമാനം ഇവിടങ്ങളിലാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ തൊട്ടുപിന്നിലത്തൊന്‍ കഴിഞ്ഞത് അഞ്ചു രാജ്യങ്ങള്‍ക്കാണ്. ചെക് റിപ്പബ്ളിക്, സ്ലൊവീനിയ, തുര്‍ക്മെനിസ്താന്‍, ലിത്വേനിയ, റുമേനിയ എന്നിവയാണവ. 1.7 ശതമാനത്തിനും 1.9നും ഇടയിലാണ് അവയുടെ വളര്‍ച്ചനിരക്ക്. മുന്‍ കമ്യൂണിസ്റ്റ് ജനതയുടെ പത്തുശതമാനം ഇവിടെയാണ്.
ഇനിയാണ് മുതലാളിത്ത പാതയില്‍ വിജയിച്ച രാജ്യങ്ങളുടെ നിര. 12 എണ്ണമാണ് ആ പട്ടികയില്‍. ഉസ്ബകിസ്താന്‍, ലാത്വിയ (ശരാശരി വളര്‍ച്ച നിരക്ക് രണ്ടുശതമാനം), ബള്‍ഗേറിയ (2.2 ശതമാനം), സ്ലോവാക്യ, കസാഖ്സ്താന്‍ (2.4ശതമാനം), അസര്‍ബൈജാന്‍, എസ്തോണിയ, മംഗോളിയ, അര്‍മേനിയ (മൂന്നു ശതമാനത്തിന് ചുറ്റുപാട്), ബെലറൂസ്(3.5 ശതമാനം),പോളണ്ട്(3.7 ശതമാനം),അല്‍ബേനിയ (3.9 ശതമാനം) സ്വര്‍ണം തുടങ്ങിയ ലോഹങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങളുടേയും നിക്ഷേപമാണ് അസര്‍ബൈജാന്‍, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍ എന്നിവയുടെ വിജയത്തിന്‍െറ രഹസ്യം. മുതലാളിത്ത രീതിയിലുള്ള വിപണികൊണ്ടുമാത്രം വിജയംവരിച്ചത് അഞ്ചുരാജ്യങ്ങള്‍ മാത്രമാണ്. അല്‍ബേനിയ, പോളണ്ട്, ബെലറൂസ്, അര്‍മേനിയ, എസ്തോണിയ എന്നിവ മാത്രം. പരമ്പരാഗത വന്‍കിട മുതലാളിത്ത രാജ്യങ്ങളുടേതിനേക്കാള്‍വരും ഇവരുടെ വളര്‍ച്ചനിരക്ക്. അതും പ്രകൃതിവിഭവങ്ങളുടെ പിന്തുണയില്ലാതെ.
വളര്‍ച്ചനിരക്കിന്‍െറ കണക്ക് ഇങ്ങനെയാണെങ്കിലും അസമത്വം ഭയാനകമാണെന്നു പറയുന്നു മിലനോവിക്. റഷ്യയിലും അര്‍മേനിയയിലും ജോര്‍ജിയയിലും സെര്‍ബിയ, ബോസ്നിയ, സൈബീരിയ തുടങ്ങിയവിടങ്ങളിലും നടമാടുന്ന അസമത്വം അവിശ്വസനീയമാണ്. അഴിമതി തഴച്ചുവളരുകയുമാണ്. കലാ സാഹിത്യ രംഗങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലും പറയത്തക്ക താരങ്ങളൊന്നും ഈ രാജ്യങ്ങളില്‍നിന്ന് ഇക്കാലയളവില്‍ ഉയര്‍ന്നുവരുകയുണ്ടായില്ല. പുടിന്‍ അല്ലാതെ മറ്റാരും അവരവരുടെ രാജ്യത്തിനുപുറത്ത് പരക്കെ അറിയപ്പെടുന്നവരായും രാഷ്ട്രാന്തരീയ രംഗത്ത് പ്രസക്തരായും വളര്‍ന്നുവന്നില്ല. ഇതെല്ലാം എടുത്തുപറഞ്ഞ ശേഷം, ബോറിസ് യെറ്റ്സിനെ അന്ന് ഉപദേശിച്ച സാമ്പത്തിക പണ്ഡിതരുടെ പ്രതീക്ഷക്കൊത്ത് മുതലാളിത്തം മുന്‍ കമ്യൂണിസ്റ്റ് ജനതയെ സഹായിച്ചില്ളെന്ന് പരിതപിച്ചുകൊണ്ടാണ് മിലനോവിക് ബാക്കിപത്രം എഴുതിനിര്‍ത്തരുത്.
യാദൃച്ഛികമായിട്ടാണെങ്കിലും ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഈ രാജ്യങ്ങളിലെ ദാരിദ്യം സംബന്ധിച്ച് ലോകബാങ്കിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്നത്. തെക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലും സഹാറാമരുഭൂമിക്കു ചുറ്റുമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ ദാരിദ്ര്യം മധ്യേഷ്യയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും ഇപ്പോള്‍ ഉണ്ടെന്നാണ് ലോകബാങ്കിന്‍െറ കണ്ടത്തെല്‍. പട്ടിണി, തൊഴിലില്ലായ്മ എന്നിവ എങ്ങനെയാണ് ഈ ജനതയെ വലക്കുന്നത് എന്നു കാണിച്ചുതരുന്ന ദൃശ്യറിപ്പോര്‍ട്ട് തന്നെ ലോകബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. മുതലാളിത്ത രീതിയില്‍ പുരോഗതി പ്രാപിച്ചുവെന്ന് മിലനോവിക് പറയുന്ന പോളണ്ടില്‍നിന്നുള്ള ദയനീയ ദൃശ്യങ്ങളുമുണ്ട് അതില്‍. അസമത്വം കൊടുമ്പിരികൊള്ളുകയാണെന്ന് മിലനോവിക് പറഞ്ഞത് ലോകബാങ്ക് കാണിച്ചുതരുന്ന ദൃശ്യങ്ങള്‍ ശരിവെക്കുന്നു.
അവസാനമായി: ഓര്‍മയില്‍ വരുന്നത് 1991 ഡിസംബര്‍ 23ന്, എന്നുവെച്ചാല്‍ സോവിയറ്റ് യൂനിയന്‍ പിരിച്ചുവിടുന്നതിന് രണ്ടുദിവസം മുമ്പ് ഉണ്ടാക്കിയ ഒരു കരാറാണ്. സോവിയറ്റ് യൂനിയന്‍െറ അവസാനത്തെ ഭരണാധികാരിയായ മിഖായേല്‍ ഗോര്‍ബച്ചേവും മുതലാളിത്ത റഷ്യയുടെ ആദ്യ പ്രസിഡന്‍റായ ബോറിസ് യെറ്റ്സിനും തമ്മിലുണ്ടാക്കിയ കരാര്‍. ഗോര്‍ബച്ചേവിന് ലഭിക്കുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള കരാറായിരുന്നു അത്. ദിവസങ്ങളായി രണ്ടു നേതാക്കളും അത് രൂപപ്പെടുത്തിയെടുക്കാനുള്ള ചര്‍ച്ചയിലായിരുന്നു. ഇരുവരും മാന്യന്മാരെപോലെ ഇരുന്ന് ഒച്ചയും ബഹളവും ഇല്ലാതെ വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് കണ്ടുകൊണ്ട് അലക്സാണ്ടര്‍ യാക്കോവ്ലേവ് നില്‍ക്കുന്നുണ്ടായിരുന്നു- കമ്യൂണിസ്റ്റ് യുഗത്തിലെ ബുദ്ധിജീവി.
പെരിസ്ട്രോയ്ക എന്ന രാഷ്ട്രീയ പുന$സംഘടനാ പരിപാടി ആവിഷ്കരിക്കാന്‍ ഗോര്‍ബച്ചേവിനെ സഹായിച്ചയാള്‍. യാക്കോവ്ലോവ് പിന്നീട് പറഞ്ഞതിങ്ങനെ: ‘ഈ രണ്ടു നേതാക്കളും ഇത്രയും സഹകരണം കുറച്ചുകാലം മുമ്പേ കാണിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും വരില്ലായിരുന്നു.’
Post a Comment