ബ്രഹ്മാവിന്റെ ബലാല്‍സംഗവും സ്ത്രീ പീഡനത്തിന്റെ രാഷ്ട്രീയവും.

**Mohanan Sreedharan | 13 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(യുക്തിരേഖ 2013 മാര്‍ച് ലക്ക( വാല്യം 28, ലക്കം 3) ത്തില്‍ ശ്രീ രേഖ കെ നായര്‍ എഴുതിയ ലേഖനം ഞങ്ങള്‍ ഇവിടെ ഒരു പോസ്റ്റായി നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.വായിക്കുകയും കഴിയുന്നത്ര ആളുകളെക്കൊണ്ട് വായിപ്പിക്കുകയും കഴിയുന്നത്ര കമന്റുകള്‍ ചെയ്യുകയും ചെയ്യുക.)

           സോണിയാഗാന്ധി,ഷീല ദീക്ഷിത്,എന്നീ പെണ്ണരചകള്‍ നാടുഭരിക്കുന്ന ഡല്‍ഹിയിലെ ഓടുന്ന ബസ്സിലെ കൂട്ട ബലാല്‍‌സംഗത്തിന്റെ പശ്ചാത്തലത്തില്‍ പലരും ഉരുവിട്ട ഒരു പതിവ് മന്ത്രമാണ് ഭാരതം സ്ത്രീകളെ ദേവിമാരെപ്പോലെ ആദരിക്കുന്ന ഒരു രാജ്യമാണെന്നും നമ്മുടെ സംസ്കാരത്തിനു നിരക്കാത്തതാണ് ബലാല്‍‌സംഗമെന്നും. ഇത് വസ്തുതകള്‍ക്ക് നിരക്കാത്ത സന്ന്കീര്‍ത്തനമാണെന്ന് ഇതിഹാസങ്ങളും പുണ്യപുരാണഗ്രന്ഥങ്ങളും ഒരാവര്‍ത്തി കമ്പോട് കമ്പ് വായിക്കാന്‍ സന്മനസ്സ് കാണിച്ചാല്‍ ബോധ്യമാകും.മാത്രമല്ല ബലാല്‍‌സംഗം തുടങ്ങിവച്ച ആദ്യ പീഡകന്‍ ഒരസുരനോ നിഷാദനോ ആയിരുന്നില്ല. മറിച്ച് സൃഷ്ടികര്‍ത്താവായ സാക്ഷാല്‍ ബ്രഹ്മാവാണെന്നും മകളെപ്പോലും മാനഭംഗപ്പെടുത്തിയ അയാളെ ശിക്ഷിക്കുകയോ ഷണ്ഡീകരിക്കുകയോ ചെയ്തില്ലെന്ന വസ്തുതയും. ബ്രഹ്മലോകത്തിലെ സ്ഥിതി ഇതായിരിക്കെ കാമപൂരണാര്‍ത്ഥമുള്ള ഒരു കളിക്കോപ്പായി കരുതിപോരുന്ന ഭൂലോകത്തിലെ സ്ത്രീകളെ എങ്ങനെ ഭോഗിക്കണമെന്ന് വിശദീകരിക്കുന്ന രതിവൈകൃതശാസ്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടതും മറ്റെവിടയുമല്ല ആര്‍ഷഭാരതത്തിലാണ്. ‘തരുണീപാദജഗര്‍ഹണി ശ്രുതി ‘ എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വിലക്കായിരുന്നു ഇവിടെ പ്രാബല്യത്തിലിരുന്ന ‘സ്ത്രീ സുരക്ഷ’ സാമൂഹികനിയമം.
                           ഹൈന്ദവപുരാണങ്ങളില്‍ ധാരാളം ദേവിമാരുണ്ടെങ്കിലും അവരെല്ലാം കാ‍മകേളിക്ക് നിപുണന്മാരായ ദേവന്മാരുടെ മാംസദാഹശമനത്തിനായി സൃഷ്ടിക്കപ്പെട്ട ശയനേഷു വേശ്യകളായ സപത്നികളായിരുന്നുവെന്നാണ് പുരാണങ്ങള്‍ കഥനം ചെയ്യുന്നത്.അതുകൊണ്ടും ഒടുങ്ങാത്ത കാമത്തിനു അറുതി വരുത്താന്‍ മറ്റു സ്ത്രീകളെ പ്രാപിക്കുന്നതില്‍ അവരൊരു തെറ്റും കണ്ടില്ല.അതുപോലെ തിരിച്ചും, അതുകൊണ്ടാണ് ‘സ്ത്രീയെ” അമ്മയായും ജഗദമ്മയായും,ശക്തിസ്വരൂപിണിയായും പ്രകീര്‍ത്തിക്കുമ്പോഴും വ്യാവഹാരികജീവിതത്തില്‍ അവള്‍ മൃഗസമാനമായ ദുരവസ്ഥയില്‍ ബലാല്‍‌സംഗം ചെയ്യപ്പെടുന്നത്.അടുക്കളപ്പണിക്കാരികളായ നാരികള്‍ക്ക് ഭാരഥത്തില്‍ പശുവിന്റെ സ്ഥാനം പോലും നിഷേധിക്കുന്നത് അതുകൊണ്ടാണ്.കടത്തുകാരി മുക്കുവപ്പെണ്ണിനെ പ്രലോഭിപ്പിച്ച് ബലാല്‍ക്കാരം ചെയ്തത് വേദവ്യാസന്റെ പിതാ‍വ് പരാശരമഹര്‍ഷിയാണെങ്കില്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോയ ആദ്യവ്യക്ക്തി ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് പ്രബോധനം നല്‍കുന്ന ഭീഷ്മരാണ്.പരസ്ത്രീഗമനം തെറ്റല്ലെന്ന് മാത്രമല്ല അതു പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു പോന്നു.ഇത്തരം അവിഹിതബന്ധങ്ങളിലൂടെ രതിരസം നുകരുന്ന ഏര്‍പ്പാടിനെ സഹജയാനം എന്ന ഓമനപ്പേരിട്ടാണ് മഹത്വവല്‍ക്കരിച്ചിട്ടുള്ളത്.ജന്മസിദ്ധവും അക്കാരണത്താല്‍ സുഗമവുമായതിലാണ് സഹജയാനമായത്.ചന്ദ്രസേനന്‍ എന്ന ഇടയന്റെ പത്നിയായ രാധയുമായുള്ള ബന്ധത്തിന്റെ രതിവര്‍ണ്ണനയാണ് ഗീതാഗോവിന്ദത്തിലെ പ്രതിപാദ്യം.ദേവന്മാരെല്ലാം തന്നെ രതിസുഖം ആവോളം നുകര്‍ന്നിട്ടും മതിവരാതെ മൃഗഭോഗം വരെ നടത്തിയ രതിവികൃതികളായിരുന്നുവെങ്കില്‍ ഇന്ദ്രിയസുഖപാരാവാരത്തിന്റെ മരുകരകണ്ട ഇന്ദ്രിയസുഖലോലുപനായിരുന്ന രംഭ തിലോത്തമ ഉര്‍വ്വശി മേനക തുടങ്ങിയ പത്ത് അപ്സരസ്സുകളുടേയും പതിനാറായിരത്തെട്ട് സുന്ദരികളുടേയും ശരീര - സ്പര്‍ശ - സാമീപ്യം അനുഭവിച്ചു പോന്ന ദേവാധിപതിയായ സഹസ്രലിംഗങ്ങളുള്ള ദേവേന്ദ്രന്‍. ഒരു ലിംഗം മാത്രമുള്ള മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന പേക്കുത്തുകള്‍ വായിക്കുമ്പോള്‍ തന്നെ പേടിയാകുന്ന പശ്ചാത്തലത്തില്‍ സഹസ്രലിംഗകാരനായ ദേവേന്ദ്രന്‍ ചെയ്തു കൂട്ടാവുന്ന പേക്കൂത്തുകള്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
                    ലിംഗാരാധാരകരാക്കും വിധം കുലടകളാക്കി ഇകഴ്ത്തപ്പെട്ട സ്ത്രീകളെ പുരുഷന്റെ മാരകേളിപ്പാട്ടങ്ങളായാണ് പുരുഷന്മാര്‍ കണ്ടു പോന്നിട്ടുള്ളത്.പുരുഷന്റെ ഇഛയ്ക്ക് വഴങ്ങുകയല്ലാതെ മറ്റൊരു അസ്തിത്വവും ധര്‍മ്മവും അവള്‍ക്ക് കല്‍പ്പിച്ചിരുന്നില്ല.അതിനുള്ള പരിശീലനമാണ് വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും അവള്‍ക്ക് നല്‍കിപ്പോന്നത്.പണ്ടൊക്കെ പെണ്ണുങ്ങള്‍ക്ക് വേശ്യ എന്നര്‍ത്ഥം വരുന്ന വേശു എന്ന് പേരിട്ടിരുന്നു.പെണ്ണുങ്ങള്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞാല്‍ അഭിമാനത്തോടെ ചോദിക്കാറുണ്ടായിരുന്നുവത്രെ,”എന്നെ കണ്ടാല്‍ വേശുവിനെപ്പോലെ തോന്നുന്നില്ലെ?” .വ്യഭിചാരത്തിനുതകും വിധം ഒരു വഴങ്ങുന്ന സ്ത്രീസമൂഹത്തിനു കേരളത്തില്‍ ബീജാവാപം കൊടുത്തത്, നായര്‍ക്ക് ആചാരാനുസാരിയായ വിവാഹം പാടില്ലെന്നും അവരുടെ സ്ത്രീകള്‍ നമ്പൂതിരിമാര്‍ക്ക് വഴങ്ങണമെന്നും കല്പിച്ചത് കേരളത്തിന്റെ സൃഷ്ടി കര്‍ത്താവായ പരശുരാ‍മനാണെന്ന് പറയാം, ഐതിഹ്യത്തില്‍ കഴമ്പുണ്ടെങ്കില്‍. എന്തായാലും നായര്‍ സ്ത്രീകള്‍ അവരില്‍ ദൈവം അര്‍പ്പിച്ച ചുമതല അക്ഷരം പ്രതി പരിപാലിച്ചിട്ടുണ്ടെന്ന് ചരിത്രത്തിലൂടെ കടന്നു പോകുമ്പോള്‍ കാണാവുന്നതാണ്. സ്ത്രീ പീഡനം പുരുഷന്റെ ന്യായമായ അവകാശമാണെന്ന രൂഡമൂലമായ ധാരണയാണ് ദൈവങ്ങള്‍ക്കെന്നപോലെ പുരുഷപ്രജകള്‍ക്കുമുണ്ടായിരുന്നത്.അതിനുദാഹരണമാണ് പുരുഷനു വഴങ്ങാത്ത “സന്മാര്‍ഗഹീനകളായ” സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന കാര്‍ത്തികപ്പിള്ളിയിലെ വെട്ടിമന നാടുവാഴിയുടെ ശാസന. ‘ നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷനു വശംവദയാകാത്ത സന്മാര്‍ഗഹീനകളായ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവരെ വധിക്കേണ്ടതാണ്.’ (കേരളത്തിന്റെ സാംസ്കാരികചരിത്രം: പി കെ ഗോപാലകൃഷ്ണന്‍, പുറം 437).അതുപോലെ രതിസുഖം പോരാതെ വന്നതുകൊണ്ട് പെണ്ണിന്റെ പൃഷ്ഠം അടിച്ചു പൊളിച്ച ചരിത്രവും ദൈവത്തിന്റെ സ്വന്തം നാടിനു സ്വന്തം.( പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം: പി ഭാസ്കരനുണ്ണി, പുറം 501).
                         ഈ സാമൂഹ്യ സാംസ്കാരിക അപച്യുതിക്ക് അടിസ്ഥാനം നമ്മുടെ പുണ്യപുരാണ ഗ്രന്ഥങ്ങാളീലെ വൈശിക വ്യഭിചാരം ഉള്ളടക്കമാണെന്നാണ് വസ്തുത.ബ്രഹ്മലോകത്തിലെ പഞ്ചചൂഡ എന്ന അപ്സരസ്സിനെക്കൊണ്ട് സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് വ്യാസന്‍ പറയിപ്പിക്കുന്നത്  ഭോഗതൃഷ്ണയില്‍ സദാ അഭിരമിക്കുന്ന വെട്ടിമന നാടുവാഴിയുടേതെന്ന പോലെയുള്ള പുരുഷന്റെ മാനസ്സിലിരുപ്പാണ്. ‘ സ്ത്രീകളേക്കാള്‍ പാപകാരികളായി ആരും ഈ ലോകത്ത് ജനിക്കുന്നില്ല.ചുറ്റുമുള്ളവരെ ഭയപ്പെട്ട ഒരുവന്‍ സ്ത്രീയോട് സംഭോഗം ആവശ്യപ്പെടാത്തിടത്തതുകൊണ്ടുമാത്രമാണ് സ്ത്രി ഭര്‍തൃമര്യാദകള്‍ പാലിക്കുന്നത്.സ്ത്രീകളാരും ഭര്‍ത്താക്കന്മാരില്‍ ഒതുങ്ങി നില്ല്ക്കാന്‍ ആഗ്രഹിക്കുന്നവരല്ല.എത്ര പുരുഷന്മാരെ പ്രാപിച്ചാലും അവര്‍ക്ക് മതിവരില്ല.സ്ത്രീകളുടെ ദോഷം അവര്‍ മൂലം ഉണ്ടായതല്ല.ബ്രഹ്മസൃഷ്ടിതമാണ്.( പുരാണവിചിത്രകഥാസാഗരം പുറം 285 - 287 ഡോ.സി കെ എന്‍ നായര്‍.). സ്ത്രീകളുടെ ദോഷം സൃഷ്ടികര്‍ത്താവിന്റെ പിഴ ആണെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ബ്രഹ്മാവിന്റെ മനസ്സിലിരിപ്പും കയ്യിലിരിപ്പും എന്താണെന്ന് അറിയുന്നത് നന്നായിരിക്കും.വാഗ്ദേവതയായ സരസ്വതിയാണ് അറിയപ്പെടുന്ന സ്ത്രീ പീഡനത്തിന്റെ ആദ്യ ഇരയെങ്കില്‍ പീഡകന്‍ മറ്റാരുമല്ല പിതാവ് ബ്രഹ്മാവാണ്.! ബ്രഹ്മാവ് പുത്രിയെകണ്ട് അനുരാഗപരവശനായി. ഈ വിവരം ഗ്രഹിച്ച പുത്രി അഛന്റെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കുന്നതിന് വലതുവശത്തേക്ക് ഒഴിഞ്ഞൂമാറി.തല്‍ക്ഷണം ബ്രഹ്മാവിന് വലതുവശത്ത് മുഖം മുളച്ചു.തുടര്‍ന്ന് രണ്ടു വശങ്ങളിലേക്കും തെന്നിമാറിയെങ്കിലും ബ്രഹ്മാവിന് രണ്ടു വശങ്ങളിലും മുഖം മുളച്ചു.ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സരസ്വതി മുകളിലേക്ക് ചാടി.അപ്പോള്‍ ബ്രഹ്മാവിന് അഞ്ചാമതൊരു മുഖം മുകളിലോട്ടായി വിരിഞ്ഞു.അവസാനം അഛന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നിവൃത്തിയില്ല്ലാതെ വന്നപ്പോഴാണ് മകള്‍ അഛനു വഴങ്ങുന്നത്.തുടര്‍ന്ന് നൂറുവര്‍ഷം അവര്‍ മധുവിധു ആഘോഷിച്ചു പോലൂം.അതില്‍ ജനിച്ച പുത്രനാണ് വിരാട്( പുരാണിക് എന്‍സൈക്ലോപീഡിയ - വെട്ടം മാണി പുറം 1231 - 1232.)
                           പുരുഷന്റെ കളിപ്പാട്ടമാ‍യ സ്ത്രീക്ക് അവളുടെ ശരീരത്തിന്മേല്‍ പോലും പരമാധികാരമില്ലെന്നതാണ് ദു:ഖകരമായ സത്യം.അത് സ്ഥാപിച്ചു കിട്ടുന്ന കാലത്ത് മാത്രമേ നാം സാക്ഷരരാണെന്ന് അവകാശപ്പെടാനാവൂ.സ്ത്രീ പീഡകരെ വധിക്കണമെന്നും അതല്ല കല്ലെറീഞ്ഞ് ഇഞ്ചിഞ്ചായി കൊല്ലണമെന്നും വാദിക്കുന്ന ‘സ്ത്രീസംരക്ഷകര്‍’ പോലും ലിംഗസമത്വം അംഗീകരിക്കാനോ സ്ത്രീയുടെ അന്തസ്സിനെ ആദരിക്കാനോ തയ്യാറില്ലാത്ത മേനിപറച്ചിലുകാര്‍ മാത്രമാണെന്നാണ് വസ്തുത.പുരുഷന്റെ കാല്‍ചുവട്ടില്‍ ഞെരിഞ്ഞമരുന്ന കോളനിരാജ്യമാണവള്‍.അവള്‍ ആരെ വേള്‍ക്കണമെന്നോ എത്ര വേഴ്ച്ച നടത്തണമെന്നോ എത്ര പ്രസവിക്കണമെന്നോ നിശ്ചയിക്കാനുള്ള പരിമിതമായ സ്വാതന്ത്ര്യം പോലുമവള്‍ക്കില്ല.ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത് ദാംബത്യജീവിതത്തിലാണ്, തൊണ്ണൂറു ശതമാനം പീഡനങ്ങളും നടക്കുന്നത് വീടിനുള്ളില്‍ വച്ചാണെന്നിരിക്കെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അച്ഛന്‍ മുതല്‍ അപ്പൂപ്പന്‍ വരെയുള്ള രക്ഷിതാക്കളാണ്. ആരുടെ കൈവശാവകാശ സ്വത്താണോ അവള്‍ അവരുടെ കൃഷിഭൂമിയാണ്  അവള്‍.അവിടെ എപ്പോള്‍ എന്ത് കൃഷി ചെയ്യണമെന്ന് നിശ്ചയിക്കുന്നത് സര്‍വം സഹയായ കൃഷിഭൂമിയല്ല, കൃഷിക്കാരനാണ്. തന്നില്‍ താണത് തനിക്കിര എന്ന നരിധര്‍മ്മം പുലര്‍ത്തുന്ന പുരുഷ മേധാവിത്വ - മതഭരിത സമൂഹത്തില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നത് പുരുഷന്റെ ജന്മാവകാശമാണ് എന്ന ലിംഗ ശ്രേഷ്ഠ ധാര്‍ഷ്ട്യ അവബോധമാണ് ബലാല്‍സംഗത്തില്‍ തുടിക്കുന്ന രാഷ്ട്രീയം.കുറ്റവാളികളേക്കാള്‍ ഇരയെ കുറ്റവാളിയായി മുദ്ര കുത്തുന്നതിന്റെ കാരണവും. അതുകൊണ്ടാണ് ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് ഇങ്ങനെ രേഖപ്പെടുത്തിയത്. ‘ പെണ്ണുങ്ങളെ തട്ടിക്കൊണ്ട് പോകുന്നത് ആഭാസന്മാരുടെ പ്രവൃത്തിയാണ്, എന്നാല്‍ അതിനെതുടര്‍ന്ന് ബഹളമൂണ്ടാക്കുന്നത് വിഡ്ഡികളുടെ പ്രവൃത്തിയും.’
Post a Comment