വിശ്വാസം, അന്ധവിശ്വാസം പിന്നെ ഒരല്‍‌പം ശാസ്ത്രവും.

**Mohanan Sreedharan | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                             വിശ്വാസം, അന്ധവിശ്വാസം, ശാസ്ത്രം !നാം സ്ഥിരമായി കേള്‍ക്കാറുള്ള മൂന്നുവാക്കുകളാണിത്, പ്രത്യേകിച്ചും ഇക്കാലത്ത്."ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട കാര്യം അവിശ്വസിക്കേണ്ടതുണ്ടോ എന്നതാണ് ഇവിടുത്തെ പ്രശ്നം.അല്ലെങ്കില്‍ ദേ നിങ്ങളെ ഞാന്‍ തൊട്ടുനില്‍ക്കുന്നില്ലേ, അതുപോലെ എന്റെ അടുത്തുനിന്നയാള്‍ സംസാരിച്ചതാണിത്.അതുമല്ലെങ്കില്‍ എന്റെ സുഹൃത്തിനു സംഭവിച്ചതുപോലെ, കാട്ടിനകത്തെ വഴിയിലൂടെ സ്വന്തം വീട്ടിലേയ്ക്ക് രാത്രി പോകുമ്പോള്‍ പെട്ടെന്ന് ബൈക്ക് ഓഫായിപ്പോയി. അത് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തണുത്ത ഒരു കൈ തോളത്തു സ്പര്‍ശിച്ചിട്ട് ചോദിച്ചു, എടാ എന്നേം കൊണ്ടുപോകുമോ?അതാരെന്നറിയാന്‍ സുഹൃത്ത് തിരിഞ്ഞുനോക്കുമ്പോള്‍ അടുത്തിടെ മരിച്ച സുഹൃത്ത്.ഇതാദ്യമായി പറഞ്ഞത് എന്നോടായിരുന്നാല്‍ ഞാനിത് ഇഴ കീറി പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒറ്റമറുപടിയാണ് അവിടുന്ന് കിട്ടിയത്.സാറിനേയല്ലല്ലോ എന്നെയല്ലെ ശശി (മരിച്ച ആള്‍) തൊട്ടതും വിളിച്ചതുമൊക്കെ!ഞാന്‍ പ്ലിങ്ങ്.
                                              അപ്പോള്‍ ഇതാണ് വിശ്വാസം.ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് വിശ്വാസം.എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വിശ്വാസം.  അത് ശാസ്ത്രീയമായിരിക്കണം എന്നില്ല, പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്നത് അവനില്‍ വിശ്വാസമുണ്ടാക്കുന്നു.ഉദാഹരണത്തിന് നമ്മള്‍ കാണുന്ന ഭൂമി മുഴുവന്‍ പരന്നതാണ്.അത് പണ്ടും ഇന്നും അങ്ങനെ തന്നെയായിരുന്നു താനും.(ഒരുകാലത്ത് ജനങ്ങളുടെ ശാസ്ത്രീയബോധം തന്നെ അതായിരുന്നു.) എന്നാല്‍ പിന്നീടുള്ള പ്രയാണത്തില്‍ അതങ്ങനെയല്ല എന്ന് തെളിയിക്കപ്പെട്ടു.(ഇന്നത് തെളിയിക്കാന്‍ വളരെയെളുപ്പമാണ്, ബഹിരാകാശത്തുനിന്നെടുത്ത ഭൂമിയുടെ ഒരു ഫോട്ടോഗ്രാഫ് കാണിച്ചാല്‍ മതി.എന്നാല്‍ പണ്ടിങ്ങനെയായിരുന്നില്ല സ്ഥിതി.കടപ്പുറത്ത് കപ്പല്‍ വരുന്ന സമയത്ത് പോകണം, കപ്പല്‍ വരുന്നത് നിരീക്ഷിക്കണം,അതുയര്‍ന്നുയര്‍ന്നാണ് വരുന്നതെന്ന് കാണണം.എന്നാല്‍ കടലില്ലാത്ത ഇടങ്ങളിലെ കുട്ടികള്‍ എന്തു ചെയ്യുമായിരുന്നു അല്ലേ?)   

                      പക്ഷെ ഈ വിശ്വാസങ്ങള്‍ക്കുള്ള കുഴപ്പം അത് ശരിയാണോ എന്ന് അന്വേഷിക്കാതെ മനുഷ്യന്‍ വിശ്വസിച്ചുകൊണ്ടേയിരിക്കും.എന്താണിതിനു കാരണം? ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കണ്ടതല്ലേ? ഞാനെന്റെ ശരീരം കൊണ്ട് അറിഞ്ഞതല്ലേ?. അത്രയും കൊണ്ട് കുഴപ്പമില്ല,പക്ഷേ ഈ വിശ്വാസം അതനുഭവിച്ച മനുഷ്യന്‍ മറ്റുള്ളവരിലേയ്ക്കുകൂടി അടിച്ചേല്‍പിക്കാന്‍ തുടങ്ങുംഅവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.സ്വയം ആര്‍ക്കും എന്തും വിശ്വസിക്കാം, പക്ഷെ ആ വിശ്വാസം സമൂഹത്തിന് ദോഷകരമാവുമ്പോഴാണ് പ്രശ്നം.എന്റെയൊരു സുഹൃത്ത്, അദ്ദേഹത്തിന്റെ അമ്മ പ്രായാധിക്യം കൊണ്ട് കിടപ്പിലാവുകയും രാത്രി മുഴുവന്‍ വല്ലാത്ത അസ്വസ്ഥത കാണിക്കാനും തുടങ്ങി.അയാള്‍ പോയി ആദ്യം ഒരു ജ്യോല്‍സ്യനേയും അദ്ദേഹം വഴി നല്ലൊരു മന്ത്രവാദിയേയും കണ്ടു.മന്ത്രവാദി ഒരു ദിവസം മുഴുവന്‍ വീട്ടില്‍ താമസിച്ച് എന്തൊക്കയോ വലിയ മന്ത്രവാദം ചെയ്യുകയും ചെയ്തു.അല്‍ഭുതമെന്നു പറയട്ടെ, പിറ്റേന്ന് മുതല്‍ സുഹൃത്തിന്റെ അമ്മ രാത്രികളില്‍ സുഖമായി ഉറങ്ങാന്‍ തുടങ്ങി.ആ സുഹൃത്ത് അതോടെ മന്ത്രവാദിയുടെ വലിയ ആരാധകനായി. ഞാനും ഇക്കഥ കേട്ട് അല്‍ഭുതപ്പെട്ടുപോയി. പക്ഷെ പിന്നീട് ആ സുഹൃത്തിന്റെ സുഹൃത്താണാ രഹസ്യം പറഞ്ഞുതന്നത്, മന്ത്രവാദി രാത്രികളില്‍ അമ്മയ്ക്കുകൊടുക്കാന്‍ ഒരു ഗുളികപാക്കറ്റ് ഏല്പ്പിച്ചിരുന്നു.ഗുളിക കൃത്യമായി കൊടുക്കുമായിരുന്നെങ്കിലും അതേക്കുറിച്ച് പറയാന്‍ മന്ത്രവാദഭക്തി മൂത്ത അദ്ദേഹം മറന്നിരുന്നു.കറപ്പ് ( കഞ്ചാവ് വാറ്റിയെടുക്കുന്ന ഒരു വസ്തു) ആയിരുന്നു ആ ഗുളികയുടെ ഏറ്റവും വലിയ ഇന്‍‌ഗ്രേഡിയന്റ്.ഇതാണ് വിശ്വാസത്തിന്റെ ശക്തി.അത് ഊമയെക്കൊണ്ട് സംസാരിപ്പിക്കും,കുരുടനു കാഴ്ച നല്‍കും, എന്നാല്‍ കയ്യില്ലത്തവന്നു കയ്യു നല്‍കാനതിന്നാവില്ലെന്നത് സൗകര്യപൂര്‍‌വം മറക്കുകയും ചെയ്യും.
                      എന്നാല്‍ അന്ധവിശ്വാസം അതല്ല.ഒരു വിശ്വാസം ശരിയല്ലെന്നു തെളിഞ്ഞാലും വീണ്ടും വീണ്ടും ആവര്‍ത്തിച്ച് തെളിഞ്ഞാലും ആ വിശ്വാസത്തെ ഉപേക്ഷിച്ചില്ലെങ്കില്‍ അതാണ് അന്ധവിശ്വാസം.ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതിഷം.മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്ന് ജീവിച്ചിരുന്ന മനുഷ്യര്‍, അവര്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ട് രേഖപ്പെടുത്തിവച്ച ആകാശചിത്രങ്ങള്‍ .പുരാതനമനുഷ്യന്‍ സമയം കണക്കാക്കാനും ദിക്കറിയാനും ഒക്കെ ആശ്രയിച്ചിരുന്നത് ഈ ചിത്രങ്ങളേയായിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ ഇപ്പറയുന്ന ഒരു കാര്യത്തിനും ഈ ചിത്രങ്ങളെ ഉപയോഗിക്കാതായി.എന്നിട്ടും അതിലെ രാശികള്‍ക്ക് ,നക്ഷത്രങ്ങള്‍ക്ക്,രാശികള്‍ക്ക്, നാളുകള്‍ക്ക് ഒക്കെ ഗുണദോഷങ്ങള്‍ ആരോപിച്ച് അവ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്ന് വയറ്റുപിഴപ്പിനായി ചില ജ്യോതിഷികള്‍ ഉപയോഗിച്ചിരുന്നു.ആ കപടശാസ്ത്രത്തെ ഇന്നും ചുമന്നുകൊണ്ടുനടക്കുന്ന മനുഷ്യരെ വിഡ്ഢികള്‍ എന്നോ അതോ മറ്റേതെങ്കിലും പേരോ വിളിക്കേണ്ടത്?ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചൊവ്വാഗ്രഹത്തിന് മനുഷ്യരെ നിഗ്രഹിക്കാനുള്ള ശക്തിയുണ്ടെന്ന് ആളുകള്‍ വിശ്വസിക്കുന്നുവെന്നത് മനുഷ്യരാശിക്കുതന്നെ അപമാനമാണ്. ചൊവ്വാഗ്രഹത്തിലേയ്ക്ക് പോയ കൃത്രിമോപഗ്രഹങ്ങള്‍ യാതൊരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നു, വിവരങ്ങള്‍ ഭൂമിയിലേയ്ക്ക് കൈമാറുന്നു.ആ ഗ്രഹത്തില്‍ നിന്ന് ലക്ഷക്കണക്കിനു കിലോമീറ്റര്‍ അകലെ നില്‍ക്കുന്ന മനുഷ്യനെ നശിപ്പിക്കാന്‍ അതിനിപ്പോഴും ശക്തിയുമുണ്ട് താനും.സ്വന്തം യുക്തിക്കുപോലും വിശ്വസിക്കാനാവാത്ത ഈ പൊട്ടത്തരം അനുസരിച്ച് ജീവിക്കാന്‍ ഇപ്പോഴും ഈ ഭൂമിയില്‍ ആളുകളും.ഇതേപോലെ ഒരു നൂറ് അന്ധവിശ്വാസങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ നിന്ന് എടുത്തുകാണിക്കാന്‍ നമുക്കാവും.
                     
                  ഈ പറയുന്ന വെളിപാടുകള്‍ക്കൊന്നും തെളിവുകള്‍ നല്‍കാന്‍ ഇവര്‍കാവില്ല.ഇന്ത്യന്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്റ്റര്‍ ഡോ.ഗോപാലകൃഷ്ണന്റെ വാക്കുകളില്‍ പറഞ്ഞാല്‍, "യുക്തിവാദികളുമായി, സയന്‍സ് വാദികളുമായി മല്‍സരിക്കാന്‍ നാമൊരിക്കലും പുറപ്പെടരുത്.അവിടെ നമ്മള്‍ തോറ്റുപോകും.കാരണം ജ്യോതിഷത്തില്‍ പറയുന്നതിനൊന്നും തെളിവുകളില്ല, യുഗങ്ങള്‍ക്കുമുന്‍പ്ജീവിച്ചിരുന്ന ഋഷിമാരുടെ മനോമുകുരത്തിലുണ്ടായ ദിവ്യമായ ഒന്നാണ് ശാസ്ത്രം.അതിനു തെളിവുകളില്ല." ( ജ്യോതിഷവും സയന്‍സും ഒരു പുതിയ സമീപനം.അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ യു റ്റ്യൂബ് പ്രഭാഷണം, ഓര്‍മ്മയില്‍ നിന്നെഴുതിയത്.)വീണ്ടുമദ്ദേഹം പച്ചയായി പറയുന്നു രണ്ടു തരം ശാസ്ത്രമുണ്ട്, ഒന്ന് ഋഷിമാരുടെ വെളിപാടുകള്‍.പിന്നൊന്ന് സയന്‍സ് വാദികള്‍ സാധനങ്ങളെ കീറിമുറിച്ച് പറയുന്ന ഹിംസാത്മകമായ ശാസ്ത്രം.(അതേ പ്രഭാഷണം.)
                               അപ്പോള്‍ എന്താണു ശാസ്ത്രം? അതൊരു ജീവിതരീതിയാണെന്നു പറയുകയായിരിക്കും എളുപ്പം.മനുഷ്യനോടൊപ്പം ഉദയം കൊണ്ട് അവനോടൊപ്പം വളര്‍ന്ന് അവന്റെ ജീവിതത്തെ ദുരിതങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്ന ഒരു കുഞ്ഞുകൈത്തിരി.അതാണ് ശാസ്ത്രം.നിത്യജീവിതത്തിലെ ദുരിതങ്ങളെ ഇല്ലായ്മചെയ്യാന്‍ അവന്‍ കൂട്ടായി നടത്തിയ പരിശ്രമങ്ങള്‍, അവയില്‍ കൊള്ളാവുന്നതുമുഴുവന്‍ നിലനില്‍ക്കുകയും അല്ലാത്തതു സ്വാഭാവികമായി ഇല്ലാതാവികയും ചെയ്തു.നിലനിന്നത് മനുഷ്യസമൂഹത്തിന്റെ പൊതുബോധമായി മാറുകയും ആ പൊതുബോധത്തിന്മേല്‍ ഈട്ടം കൂടുക്കൂടി വരികയും ചെയ്തുകൊണ്ടിരുന്നു.
                     ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ഓരോ തലമുറയും ആ പൊതുബോധത്തിന്മേല്‍ അവരവരുടെ സംഭാവനകള്‍ ആ തലമുറയുടെ ഗുണാത്മകബോധം എന്ന നിലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും അവ പിന്നീട് പൊതുബോധങ്ങളാവുകയും ചെയ്തു.ഈ നിരന്തരമായ പ്രക്രിയയാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.ആ മുന്നോട്ട് നയിക്കലില്‍ എവിടെയൊക്കെ തടസ്സങ്ങളുണ്ടാവുന്നുണ്ടോ അവിടെയൊക്കെ സമൂഹം ഇടപെടുകയും കറക്റ്റ് ചെയ്ത് മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ടെന്ന് കാണാം. അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം എന്നുപറഞ്ഞാല്‍ മനുഷ്യവംശത്തെ ഒന്നാകെ മുന്നോട്ട് നയിക്കുന്നതും അവന്റെ ചുറ്റുപാടുകളേക്കൂടി സം‌രക്ഷിക്കുന്നതും അതിന്റെ നേട്ടങ്ങള്‍ സ്ഥായിയായി നിലനില്‍ക്കുന്നതുമായിരിക്കണം.ആ ഒന്നിനുമാത്രമേ മനുഷ്യനെയൊന്നാകെ , മനുഷ്യനേയും പ്രകൃതിയേയും ഒന്നായിക്കണ്ട് മുന്നോട്ട് നയിക്കാനാകൂ.അതിനു വിശ്വാസത്തെ അധിഷ്ഠിതമാക്കാത്ത, അന്ധവിശ്വാസത്തെ നിരാകരിക്കുന്ന ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും പുണര്‍ന്നു നില്‍ക്കുന്ന ഒരു ജനസമൂഹത്തിനേ കഴിയൂ.
                                        
Post a Comment