LINK+IMAGE ശ്രീ.എ.കെ.ആന്റണി അന്തോണിയായി.ഇത് 1990കളില്‍ അന്നത്തെ ഇ.കെ.നായനാര്‍ ഗവണ്മെന്റിനെ പിന്നില്‍നിന്നും കുത്തി മറുകണ്ടം ചാടിയപ്പോള്‍ അതിന്റെ നേതാവായിരുന്ന ശ്രീ.എ.കെ.ആന്റണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൌമുദി എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ടായിരുന്നു ശ്രീ.എ.കെ.ആന്റണി അന്തോണിയായി എന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീമാന്‍ ആന്റണിയുടെ കേരളത്തില്‍ വന്നു നടത്തുന്ന പ്രസ്താവനകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആ തലക്കെട്ടിലൊരു പോസ്റ്റിടാന്‍ തോന്നി.ദയവായി കേരള കൌമുദി ക്ഷമിച്ചുതരും എന്ന് വിശ്വസിക്കുന്നു.
ശ്രി എ.കെ ആന്റണി ഇന്‍ഡ്യയിലെ തന്നെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ സമുന്നതരില്‍ സമുന്നതനാണ്.അഴിമതി തീണ്ടാത്ത അപൂര്‍വം കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.( ബാക്കിയുള്ളവരുടേ പേര് ചോദിക്കരുത്, ചുറ്റിപ്പോകും.)അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ പ്രസിഡണ്ട് ശ്രീമതി സോണിയാഗാന്ധിയുടേയും പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റേയും അടുത്താണ് അദ്ദേഹത്തിന്റെ സ്ഥാനം.അതുകൊണ്ടു തന്നെ കേന്ദ്രമന്ത്രി സഭയുടേ രണ്ടാം സ്ഥാനക്കാരനായി, പ്രതിരോധവകുപ്പിന്റെ മന്ത്രിയായി അവരദ്ദേഹത്തെ ആദരിക്കുന്നു.എന്നാലോ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട് വരുന്ന അഴിമതിയാരോപണങ്ങളില്‍ അദ്ദേഹത്തെ ആരും ഇതുവരെ പെടുത്തിയിട്ടുമില്ല.
അങ്ങനെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന ശ്രീ.ആന്റണി കഴിഞ്ഞകുറേ ദിവസങ്ങളായി കേരളത്തില്‍ വന്ന്, കേരളത്തില്‍ നടക്കുന്ന ഇലക്ഷനില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ - കോണ്‍ഗ്രസ്സിന്റെ, യു ഡി എഫിന്റെ - പ്രചരണാര്‍ത്ഥം പ്രസംഗപര്യടനം നടത്തുകയാണ്. ഈ പ്രസംഗത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ചില കാര്യങ്ങളേക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തുക എന്നതാണീ പോസ്റ്റുകൊണ്ടുദ്ദേശിക്കുന്നത്.
പ്രസ്ഥവന നമ്പര്‍ 1.) കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചത് മന്‍ മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റാണ്.(പിന്നീടദ്ദേഹം ഈ പ്രസ്താവന തിരുത്തുകയും താനിങ്ങനെയാണ് പറഞ്ഞത് എന്ന രീതിയില്‍ മറ്റൊരു പ്രസ്താവന നടത്തുകയും ചെയ്തെങ്കിലും അത് മറ്റൊരു തമാശയായി.)
അദ്ദേഹം ഈ നടത്തിയ പ്രസ്ഥാവന ശരിയാണെന്നു തന്നെ വിശ്വസിക്കുക.അപ്പോള്‍ ഈ കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞത്, പ്രത്യേകിച്ചും കേരളത്തിലെ, മന്‍ മോഹന്‍ സിങ്ങിന്റെ ഗവണ്മെന്റ് തന്നെയെന്ന് വിശ്വസിക്കുക. അപ്പോള്‍ ഈ ആത്മഹത്യകള്‍ക്ക് കാരണമായതാരാണ്?.കേന്ദ്രത്തിലെ ഒന്നാം യു.പി.എ ഗവണ്മെന്റാണോ അതോ ബി ജെ പിയോ, ഇനി അതോ ഇവിടുത്തെ ഇടതുപക്ഷമോ?
യഥാര്‍ഥത്തില്‍ ഇന്നീ ആട്ടിന്‍ തോലണിഞ്ഞു ചിരിച്ചുവരുന്ന ബി ജെ പി യും കോണ്‍ഗ്രസ്സും തന്നേയാണ് ഈ നാട്ടിലെ കര്‍ഷക ആത്മഹത്യക്കു പിന്നിലെന്ന് നിസ്സംശയം നമുക്ക് കാണാന്‍ കഴിയും.ഒന്നാം ബി ജെ പി ഗവണ്മെന്റ് തുടങ്ങി വയ്ക്കുകയും ഒന്നാം യു പി എ ഗവണ്മെന്റ് ആക്കം കൂട്ടുകയും ചെയ്ത കോര്‍പറേറ്റ്വല്‍ക്കരണമാണ് ഇവിടെ കര്‍ഷക ആത്മഹത്യകള്‍ക്കു കാരണക്കാര്‍.നമ്മൂടെ കേന്ദ്രഗവണ്മെന്റിന്റെ കാലങ്ങളായുള്ള ചേരി ചേരാ നയം മാറ്റി എന്ന് അമേരിക്കക്കു കുട പിടിക്കാന്‍ തുടങ്ങിയോ, കോര്‍പറേറ്റ് കുത്തകകള്‍ക്ക് ജയ ജയ പാടാന്‍ തുടങ്ങിയോ, എന്ന് കുത്തക സ്വകാര്യമുതലാളിമാരേ പിന്താങ്ങാന്‍ തുടങ്ങിയോ അന്ന് ഇവിടത്തെ കര്‍ഷകരടക്കമുള്ള പട്ടിണിപാവങ്ങളുടെ കഷ്ടകാലം തുടങ്ങി.സ്വകാര്യ - കോര്‍പറേറ്റ് കുത്തകകള്‍ക്കുവേണ്ടി കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ - വിത്ത് വള കീടനാശിനി സബ്സിഡികള്‍ - എടുത്തുകളയുകയോ വെട്ടിക്കുറക്കുകയോ ചെയ്തു.അതോടൊപ്പം വന്ന ഒന്നും രണ്ടും യു പി എ ഗവണ്മെന്റുകള്‍ കര്‍ഷകന്റെ വിധി സ്വകാര്യമുതലാളിമാര്‍ക്ക് വിട്ടുകൊടുത്തു.കൃഷിരംഗത്തവര്‍ നടപ്പാക്കിയ അവധിവ്യാപാരം കര്‍ഷകന്റെ നട്ടെല്ലോടിച്ചു.അതോടെ കടക്കേണിയിലായ പാവം കര്‍ഷകന്ന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതായി.വേനല്‍ക്കാലത്ത് മരങ്ങളില്‍നിന്നും ഉണക്കയിലകള്‍ പൊഴിയുന്നതുപോലെ കര്‍ഷകര്‍ നാടിന്റെ നാനാഭാഗത്തെങ്ങും തുരു തുരാ ആത്മഹത്യ ചെയ്യാന്‍ തുടങ്ങി.
ചില കണക്കുകള്‍ കാണുക. 1997നും 2002നും ഇടയില്‍ മഹാരാഷ്ട്ര,മധ്യപ്രദേശ്,കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 89,362 ( എണ്‍പത്തൊന്‍പതിനായിരത്തി മുന്നൂറ്റി അറുപത്തിരണ്ടാണ്.)അതായത് ഓരോ 32 മിനിറ്റിലും ശരാശരി ഒരിന്‍ഡ്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.2002 ന് ശേഷം ഈ സംഖ്യ ഓരോ 30 മിനിറ്റിലും ഒരാള്‍ എന്ന നിരക്കിലായി.(ഹിന്റു 2007 നവമ്പര്‍ 15.)2006നു മുന്‍പായി കേരളതിലൊട്ടാകെ 1500 ല്‍ അധികം കര്‍ഷകര്‍ കേരളത്തിലൊട്ടാകെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ 2009 ല്‍ മാത്രം തമിഴ്നാട്ടില്‍ 1090 പേരും കര്‍ണാടകത്തില്‍ 2822 പേരും ആന്ധ്രാപ്രദേശില്‍ 1800 പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്.പഴയ രീതിയില്‍ത്തന്നെ കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഇന്നും നടക്കുന്നു.ഇതില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും,തമിഴ് നാട് കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ ഡി എം കെ യും, കര്‍ണാടകയില്‍ ബി ജെ പിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. തന്നേയുമല്ല,ഈ ആത്മഹത്യകള്‍ ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായപ്പോള്‍ അന്നത്തെ പ്രധാന മന്ത്രി ശ്രി.മന്‍ മോഹന്‍ സിങ്ങ് വിദര്‍ഭക്കുമാത്രമായി ഒരു സമാശ്വാസപാക്കേജ് പ്രഖ്യാപിച്ചിരുന്നു.
കനത്ത രീതിയില്‍ത്തന്നെ കര്‍ഷക ആത്മഹത്യ നടന്ന കേരളത്തിന് ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ല.ഏതാണ്ട് ആ സമയത്താണ് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടതുജനാധിപത്യമുന്നണി അധികാരത്തിലെത്തിയത്. അവരാദ്യം ചെയ്തത് ഒരു കര്‍ഷക കടാശ്വാസക്കമ്മീഷന്‍ രൂപീകരിക്കുക എന്നതായിരുന്നു.ഈ നടപടിയില്‍ കേന്ദ്രവും കേരള പ്രതിപക്ഷകക്ഷികളും പുലഭ്യം പറഞ്ഞെങ്കിലും കടാശ്വാസക്കമ്മീഷന്‍ അതിന്റെ ജോലി ചെയ്തു.പിന്നീട് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ല. 2006നു ശേഷം കേരളത്തില്‍ നിന്നും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോവിന്റെ കണക്ക്.എന്നാല്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലടക്കം ആത്മഹത്യകള്‍ക്ക് കുറവില്ലെന്നാണ് ഇതേ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടാണ് ആന്റണി പറയുമ്പോലെ മന്‍ മോഹന്‍ ഗവണ്മെന്റിന് സ്വന്തം പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ കഴിയാതെ വരികയും എന്നാല്‍ തന്റെ പാര്‍ട്ടിയുടെ ആജന്മശത്രു ഭരിക്കുന്ന ഒരു സംസ്ഥാനത്തെ ആത്മഹത്യകള്‍ നിശ്ശേഷം തടയാന്‍ തയ്യാറാവുകയും ചെയ്തത്?അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്നിടത്ത് കാണിക്കാത്ത സ്നേഹം ഒരു കമ്യൂണിസ്റ്റുസര്‍ക്കാരിനോടദ്ദേഹം എന്തുകൊണ്ടു കാണിച്ചു? ഒരു ബൈബിള്‍ വചനമുണ്ട് :- ദൈവം ദുഷ്ടനെ പന പോലെ വളര്‍ത്തുമെന്ന്.അതുപോലെ ശ്രീ.ആന്റണിയുടെ ദൈവമായ ശ്രി.മന്‍ മോഹന്‍ സിങ്ങ് കേരള കമ്യൂണിസ്റ്റെന്ന പിശാചിനെ പനപോലെ വളര്‍ത്താന്‍ തീരുമാനിച്ചതാണോ?
പ്രസ്ഥാവന നമ്പര്‍ 2.) മാര്‍ക്സിസ്റ്റുകാര്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയ വനവാസത്തിനു പോകേണ്ടിവരും.
ഇടതുപക്ഷക്കാര്‍ വളരെ ആവേശപൂര്‍വം സ്വീകരിക്കാനിടയുള്ള ഒരു പ്രസ്താവനയാണിത്.കാരണം പണ്ടിതുപോലെ ശ്രീ.ആന്റണി ഒരു പ്രസ്താവന നടത്തി.മാര്‍ക്സിസ്റ്റുകാരെ ഒരു 100 വര്‍ഷത്തേക്ക് നിയമസഭ കാണിക്കില്ലെന്ന്.എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി നല്ല ഭൂരിപക്ഷത്തോടെ ഭരണത്തില്‍ വരികയും ചെയ്തു.അതുകൊണ്ട് ബഹുമാന്യനായ ശ്രീ ആന്റണി താങ്കള്‍ ഈ പ്രസ്താവന ഉച്ചൈസ്തരം പ്രസ്താവിച്ചാലും, വീണ്ടും വീണ്ടും.
പ്രസ്താവന നമ്പര്‍ 3.) മന്‍ മോഹന്‍ സിങ്ങ് ഗവണ്മെന്റിന്റെ തൊഴിലുറപ്പു പദ്ധതി കേരളത്തിലെ ആദിവാസികളുടേയും പട്ടികജാതി പട്ടികവര്‍ഗങ്ങളുടേയും പട്ടിണിമരണം ഇല്ലാതാക്കി.( കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയെന്ന പ്രസ്താവന പിന്‍ വലിച്ചുകൊണ്ട് അദ്ദേഹം പുതുതായി പറഞ്ഞ പ്രസ്താവന.)
എന്താണ് ഇതിന്റെ സ്ഥിതി?.ഒന്നാമതായി തൊഴിലുറപ്പു പദ്ധതി ഒന്നാം യു പി എ സര്‍ക്കാരിനു പുറമേ നിന്നു പിന്തുണ നല്‍കിയ ഇടതുപക്ഷത്തിന്റെ സംഭാവനയായിരുന്നു, ഒരിക്കലും കോണ്‍ഗ്രസ്സിന്റേതായിരുന്നില്ല. ഒരുദാഹരണംകൊണ്ടത് വ്യക്തമാക്കാം.നമ്മൂടെ ഭക്ഷ്യധാന്യ ഗോഡൌണുകളില്‍ വളരെയധികം ധാന്യം കെട്ടിക്കിടക്കുന്നതായി ഒരിക്കല്‍ സുപ്രീം കോടതി നിരീക്ഷിക്കുകയും ആയത് ഇന്നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ വിലക്ക് കൊടുത്തുകൂടെ എന്ന് കോടതി ചോദിക്കുകയും ചെയ്തു.എന്നാല്‍ വളരെപെട്ടെന്നു തന്നെ നമ്മുടെ ധനകാര്യമന്ത്രി അതു പറ്റില്ലെന്നു പറയുകയും ചെയ്തു.നോക്കൂ ഈ മനോഭാവം വച്ചുപുലര്‍ത്തുന്നൊരു ഗവണ്മെന്റ് തൊഴിലുറപ്പുപോലെ ഒരു പരിപാടി നടപ്പിലാക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.അര്‍ത്ഥം വളരെ വ്യക്തമാണല്ലോ?.പാവപ്പെട്ടവര്‍ക്ക് 1 രൂപയുടെ സഹായം പോലും കിട്ടുന്നത് ഈ കോണ്‍ഗ്രസ്സുകാര്‍ക്കിഷ്ടമില്ലെന്ന് മനസ്സിലായല്ലോ അല്ലെ.( ആ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് കിലോക്ക് 1 രൂപക്ക് 1 കിലോ അരി എന്നും പറഞ്ഞിറങ്ങിയിരിക്കുന്നത് എന്നുകൂടി ഓര്‍ക്കണം.)
പിന്നേയുള്ളൊരു പ്രശ്നം ഈ തൊഴിലുറപ്പു പദ്ധതി കേരളത്തില്‍ മാത്രം നടപ്പിലാക്കിയ ഒരു പരിപാടിയല്ലല്ലോ, ഒരു അഖിലേന്‍ഡ്യാ പരിപാടിയല്ലെ.അപ്പോള്‍ അഖിലേന്‍ഡ്യാതലത്തില്‍ നടപ്പാക്കിയ ഒരു പരിപാടികൊണ്ട് കേരളത്തിലെ മാത്രം പട്ടിണി എങ്ങിനെ മാറി എന്ന് മനസ്സിലാകുന്നില്ല.അഖിലേന്‍ഡ്യാതലത്തില്‍ പട്ടിണി മാറ്റാന്‍ പറ്റി എന്ന് ശ്രീ.ആന്റണി പോലും വിശ്വസിക്കുന്നുണ്ടാകില്ല.
പ്രസ്താവന നമ്പര്‍ 4.) കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചാല്‍ സഹായം വാരിക്കോരിത്തരും.
ഈ പ്രസ്താവനയുടെ കൃത്യമായ അര്‍ത്ഥം പ്രതിപക്ഷം ഏതെങ്കിലും സംസ്ഥാനം ഭരിച്ചാല്‍ കേന്ദ്രത്തില്‍നിന്നും ഒരു സഹായം പോലും പ്രതീക്ഷിക്കണ്ട എന്നു തന്നെയാണ്.കാലങ്ങളായി ഇടതുപക്ഷം തെളിവുസഹിതം പരഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ആന്റണി ഒന്നുകൂടി അടിവരയിട്ട് പറയുന്നു എന്നുമാത്രം.കേന്ദ്രം രാഷ്ട്രീയം വച്ച് കേരളത്തെ ദ്രോഹിക്കാറുണ്ട് എന്നാണ് ആന്റണി പറഞ്ഞതിന്റെ അര്‍ത്ഥം. തന്നേയുമല്ല, നമ്മുടെ രാജ്യം ഒരു ഫെഡെറല്‍ സ്റ്റേറ്റ് ആണെന്നാണ് ഭരണഘടന നമ്മോടു പറയുന്നത്.എന്നുവച്ചാല്‍ കേന്ദ്രവും സംസ്ഥാനവും പല കക്ഷികള്‍ ഭരിച്ചാലും വിവേചനമില്ലാതെ കാര്യങ്ങള്‍ നടക്കണം എന്നുതന്നേയ്യാണ്.അതിനാണ്, അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തിനാണ് ശ്രി ആന്റണി കത്തി വച്ചിരിക്കുന്നത്.ഇതു മുളയിലെ നുള്ളിയില്ലെങ്കില്‍ ഇതിനു പിന്നാലെ വരുന്നത് ഒരു പക്ഷെ ഇതിലും വലുതായിരിക്കും.
പ്രസ്താവന നമ്പര്‍ 5.) മന്‍ മോഹന്‍ ഗവണ്മെന്റ് വാരിക്കോരിക്കൊടുക്കുന്ന പണമാണ് ഇടതുപക്ഷഗവണ്മെന്റ് കാര്യങ്ങളൊക്കെ ചെയ്യുന്നത് .
കേന്ദ്രം വാരിക്കോരിക്കൊടുക്കുന്നു എന്നു പറയുന്നതു തന്നെ ദുസൂചനകള്‍ അടങ്ങിയ പ്രസ്ഥാവനയാണ്.കാലങ്ങളായി കേരളത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും വാരിക്കോരിക്കൊടുക്കുന്നതിന്റെ കണക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.ഈ കണക്കൊന്നു പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയുന്ന കാഴ്ച്ച കേരളതിനുള്ള വിഹിതം വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുവരികയാണ്.കേരളതിന് ന്യായമായി കിട്ടേണ്ടതു മുഴുവന്‍ നിഷേധിക്കുന്ന ഒരു സര്‍ക്കാറായിരിക്കും കേന്ദ്രത്തില്‍ മിക്കവാറുമുണ്ടാകുന്നത്.അത് സ്വന്തം ഗവണ്മെന്റായാലും പ്രതിപക്ഷകക്ഷി ഗവണ്മെന്റായാലും കേന്ദ്രത്തിന് കേരളത്തോടുള്ള നയത്തില്‍ മാറ്റം കാണാറില്ല.
ഒരൊറ്റ ഉദാഹരണം മാത്രം പെട്ടെന്നൊന്ന് പറഞ്ഞോട്ടെ, നമ്മുടെ മെട്രോ റെയില്‍.എത്രയോ കാലങ്ങളായി എത്രയോ കര്‍ണങ്ങളിലീപാട്ടു നാം തുടര്‍ച്ചയായി പാടുന്നു.എന്നാല്‍ കേന്ദ്രത്തിനൊരു യുക്തിപരമായ കാരണം പറയാനുണ്ടോ അതൊട്ടില്ല താനും.ഇതാണ് ആന്റണി പറയുന്ന വാരിക്കോരിക്കൊടുക്കല്‍.
താങ്കള്‍ പറഞ്ഞല്ലോ മന്‍ മോഹന്‍ സിങ്ങ് ഗവണ്മെന്റ് വാരിക്കോരി കൊടുക്കുന്നു എന്ന്. താങ്കള്‍കൂടി അംഗമായ ഗവണ്മെന്റാണല്ലോ മന്‍ മോഹന്‍ സിങ്ങ് ഗവണ്മെന്റ്.താങ്കള്‍ക്ക് വളരെയെളുപ്പത്തില്‍ ഈ വാരിക്കോരിക്കൊടുക്കുന്നതിന്റെ അളവ് അറിയാന്‍ കഴിയും.അതൊന്നറിഞ്ഞുകഴിഞ്ഞാല്‍ താങ്കള്‍ക്ക് മനസ്സിലാവും മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരിക്കൊടുക്കുമൊപോള്‍ അതില്‍നിന്നും കൊഴിഞ്ഞുവീഴുന്ന പൊട്ടും പൊടിയുമാണ് കേരളതിലേക്കെത്തുന്നതെന്ന്.എന്നിട്ട് ആ പൊട്ടും പൊടിയും കൊണ്ടുള്ള ഇന്ദ്രജാലമാണ് കഴിഞ്ഞ 5 വര്‍ഷമായി ഇവിടെ നടന്നുകൊണ്ടിരുന്നത്,.എന്നാല്‍ കൃത്യമായി കേന്ദ്രത്തിലെ മന്‍ മോഹന്‍ വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന മറ്റു സംസ്ഥാനങ്ങളുണ്ടല്ലോ.അവിടത്തെ ജനങ്ങളുടെ ജീവിതവും പൊട്ടും പൊടിയും കിട്ടുന്ന ജനങ്ങളുടെ ജീവിതവും താങ്കളൊന്ന് താരതമ്യപ്പെടുത്തിനോക്കുക.
അവിടെയാണ് ഇടതുപക്ഷ ഗവണ്മെന്റും താങ്കളുടെ കോണ്‍ഗ്രസ്സ് ഗവണ്മെന്റും തമ്മിലുള്ള വ്യ്ത്യാസം കുടികൊള്ളുന്നത്.താങ്കളും താങ്കളുടെ പാര്‍ട്ടിയും സ്വകാര്യ - കോര്‍പറെറ്റ് കുത്തകകള്‍ക്ക് വന്തോതില്‍ സഹായവും പാവങ്ങള്‍ക്ക് വാഗ്ദാനവും നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ളവരാണെന്ന് അറിയാം.എന്നാല്‍ അതല്ല കഴിഞ്ഞ 5 വര്‍ഷ ഭരണത്തില്‍ നടന്നത്.അതുകൊണ്ടുതന്നെ താങ്കള്‍ നടത്തുന്ന ഈ പ്രസ്താവനാ മാമാങ്കം ഇവിടെ വിലപ്പോവാന്‍ സാദ്ധ്യത കുറവാണെന്നുമാത്രം.
ശ്രീ.എ.കെ.ആന്റണി അന്തോണിയായി.ഇത് 1990കളില്‍ അന്നത്തെ ഇ.കെ.നായനാര്‍ ഗവണ്മെന്റിനെ പിന്നില്‍നിന്നും കുത്തി മറുകണ്ടം ചാടിയപ്പോള്‍ അതിന്റെ നേതാവായിരുന്ന ശ്രീ.എ.കെ.ആന്റണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൌമുദി എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ടായിരുന്നു ശ്രീ.എ.കെ.ആന്റണി അന്തോണിയായി എന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീമാന്‍ ആന്റണിയുടെ കേരളത്തില്‍ വന്നു നടത്തുന്ന പ്രസ്താവനകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആ തലക്കെട്ടിലൊരു പോസ്റ്റിടാന്‍ തോന്നി.ദയവായി കേരള കൌമുദി ക്ഷമിച്ചുതരും എന്ന് വിശ്വസിക്കുന്നു.
ReplyDeleteവളരെ സത്യസന്ധമായ ചിന്താസക്തി നശിചിട്ടില്ലാത്ത കേരളീയരുടെ കണ്ണ് തുറപിക്കുന്ന ലേഖനം
ReplyDeleteആന്റണി പറഞ്ഞതാണ് സത്യം.
ReplyDeleteഒരു നിഷ്പക്ഷ വോട്ടര്‍