പിണറായി സംസാരിക്കുന്നു 3

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
സി പി എമ്മിന്റെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത ശ്രീ.പിണറായി വിജയന്‍ കേരള ശബ്ദവുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.ആദ്യ ഭാഗം ഇവിടെ വായിക്കുക., രണ്ടാം ഭാഗത്തിന് ഇവിടെ ഞെക്കുക.
                       ഇവയുടെയെല്ലാം (വായനശാലകള്‍,ഗ്രന്ഥശാലകള്‍ തുടങ്ങിയവ) ആഭിമുഖ്യത്തില്‍ വാര്‍ഷികപരിപാടികള്‍ സംഘടിപ്പിക്കുകയും അവര്‍തന്നെ പലവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു.അത് നാട്ടില്‍ ധാരാളം സന്ദേശങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ അടുത്തകാലത്തായി അങ്ങനെയുള്ള പരിപാടികള്‍ ഏറെക്കുറെ നിന്നു പോയി എന്നു പറയാം.അപൂര്‍വമായി മാത്രമാണിതു നടക്കുന്നത്.നാടിന്റെ സ്വന്തം രൂപത്തിലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കുക എന്നുള്ളത് മിക്കവാറും ഇല്ലാതായി.കാരണം പ്രൊഫഷണല്‍ സംവിധാനങ്ങള്‍ വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ഇതൊരു വലിയ കുറവാണ്.എന്താണെന്നു പറഞ്ഞാല്‍ ഇതിന്റെ ഭാഗമായി പരിപാടികള്‍ വൈക്കുമ്പോള്‍ നാട്ടിലുള്ള ആളുകളൊക്കെ അവിടെ എത്തിച്ചേരും.അവരോട് സംസാരിക്കുവാന്‍ ചെല്ലുന്നവര്‍ നാടിന്റെ പൊതുവായ പ്രശ്നങ്ങള്‍ അവതരിപ്പിക്കും.ആ പ്രശ്നങ്ങളില്‍ ചിലപ്പോള്‍ ചില വാഗ്വാദങ്ങള്‍ നടക്കും,ചില വാദപ്രതിവാദങ്ങള്‍ നടക്കും,അതിലൂടെ ശരിയായ നിലയിലേക്കെത്താന്‍ നാടിനെ സഹായിക്കും.ഈ പരിപാടിയാകെ ഇല്ലാതായി.ഞങ്ങള്‍ കാണുന്നത് ഇത്തരം പരിപാടികള്‍ തിരിച്ചുകൊണ്ടുവരിക എന്നതാണ്.എല്ലാ പ്രദേശങ്ങളിലും വാര്‍ഷികപരിപാടികളും മറ്റ് സ്വന്തമായ പരിപാടികളുമൊക്കെ അവതരിക്കപ്പെടണം.അതോടൊപ്പം ബോധപൂര്‍വം തന്നെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അവിടങ്ങളിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കണം.ഞങ്ങള്‍ വിചാരിച്ചാല്‍ അത്തരം ധാരാളം യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയും. ആ യോഗങ്ങള്‍ കൃത്യമായ ആശയപ്രചരണങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കണം.ഇന്ന് സമൂഹത്തില്‍ തെറ്റായി അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അതില്‍ ഇത്തരത്തിലുള്ള ഒരിടപെടല്‍ ആവശ്യമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.അത് ഒരു ബഹുജനവിദ്യാഭ്യാസം എന്ന നിലയില്‍ ഉയര്‍ന്നു വരും.ഞങ്ങളുടെ പാര്‍ട്ടി സഖാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന പരിപാടി തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.അതൊന്നുകൂടി മെച്ചപ്പെടുത്തുന്നതോടൊപ്പം ബഹുജനങ്ങളെയാകെ ബോധവല്‍ക്കരിക്കാനുള്ള ഒരു ശ്രമമുണ്ടാകണമെന്നാണ് തീരുമാനം.ഇങ്ങനെ വരുമ്പോള്‍ നാട്ടില്‍ വലിയൊരു ബോധവല്‍ക്കരണം നടക്കും.അതോടൊപ്പം തന്നെ ഈ ഗവണ്മെന്റിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടാകും.ഇപ്പോള്‍ത്തന്നെ സമരങ്ങളും പ്രക്ഷോഭങ്ങളുമുണ്ട്.അതൊന്നുകൂടി ശക്തിപ്പെടും.അപ്പോള്‍ സ്വാഭാവികമായും ഈ ഗവണ്മെന്റിനോടൊപ്പം അണിനിരന്നിട്ടുള്ള, തെറ്റിദ്ധരിച്ചു നില്‍ക്കുന്ന ആളുകള്‍ അവരെവിട്ട് ഞങ്ങളോടൊപ്പം സഹകരിക്കാന്‍ തയ്യാറാകും.അത് എല്‍ ഡി എഫിന്റെ ജനകീയാടിത്തറ ശക്തിപ്പെടുത്തും;വിപുലപ്പെടുത്തും.
                         ഇത്തരത്തിലുള്ള സമരപരിപാടികള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ചൂടേറ്റ് ഈ ഗവണ്മെന്റിന് തുടരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും.ഒരു കാര്യത്തില്‍ ഞങ്ങള്‍ വ്യക്തത തരാം.ഏതെങ്കിലും ചില സൂത്രവിദ്യകളിലൂടെ ഉപജാപങ്ങളിലൂടെ രണ്ടോ മൂന്നോ ആളുകളെ കൂടെക്കൂട്ടി ഒരു ഗവണ്മെന്റുണ്ടാക്കാം എന്ന ചിന്തയേ ഞങ്ങള്‍ക്കില്ല.ഞങ്ങള്‍ കാണുന്നത് ഇത്തരത്തിലൊരു മാറ്റം വേണമെന്നാണ്.രണ്ടോ മൂന്നോ ആളുകളെ തട്ടിയെടുത്ത് ഒരു ഗവണ്മെന്റ് രൂപീകരിച്ചാല്‍ ഇന്ന് യു ഡി എഫില്‍ കാണുന്ന വൈകൃതങ്ങളുടെയൊക്കെയും അട്ടിപ്പേര്‍ അവകാശികളായി ഞങ്ങള്‍ മാറും.എല്ലാം ഞങ്ങളുടെ തലയില്‍ വന്നു വീഴും.എന്താണോ ഒരു ഭരണം കിട്ടിയാല്‍ ഞങ്ങള്‍ ചെയ്യാറുള്ളത് അതൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.അത് ഞങ്ങളുടെ ബഹുജനസ്വാധീനത്തെ ബാധിക്കും.ഞങ്ങളുടെ ബലാബലത്തില്‍ ബഹുജനസ്വാധീനത്തെ ഗുരുതരമായി ബാധിക്കും.ഞങ്ങളുടെ ബഹുജനാടിത്തറയില്‍ മാറ്റം വരുത്തുന്ന അത്തരം നടപടികള്‍ക്ക് ഞങ്ങളില്ല.അതായത് പ്രക്ഷോഭങ്ങളിലൂടേയും സമരങ്ങളിലൂടേയുമുള്ള ബലാബലത്തിലെ മാറ്റമാണ് ഞങ്ങളുദ്ദേശിക്കുന്നത്.

ചോദ്യം:- സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുമ്പോള്‍, ഈ ഗവണ്മെന്റിനോടൊപ്പം അണിനിരന്നിട്ടുള്ള, തെറ്റിദ്ധരിച്ചുനില്‍ക്കുന്നവര്‍ അവരെ വിട്ട് നിങ്ങളോടൊപ്പം വരുമെന്നും, അത് എല്‍ ഡി എഫിന്റെ അടിത്തറ വിപുലപ്പെടുത്തുമെന്നും താങ്കള്‍ പറയുന്നു.ഇത് തന്നെയല്ലെ,മുന്നണിവിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്ന് പറഞ്ഞതിലൂടെ സി പി ഐയും ചെയ്യുന്നത്?

                                 അതിലെന്താണു വ്യത്യാസം എന്നു പറഞ്ഞാല്‍ കേരളത്തില്‍ ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഇന്ന് ഏതെങ്കിലുമൊരു മുന്നണിയിലാണ്.ഒരു കൂട്ടര്‍ യു ഡി എഫിലെങ്കില്‍ മറ്റൊരു കൂട്ടര്‍ എല്‍ ഡി എഫിലും.നിലവില്‍ യു ഡീഫിനോടൊപ്പമുള്ള ഒരു പാര്‍ട്ടി അവിടെനിന്ന് നേരെയിറങ്ങി എല്‍ ഡി എഫില്‍ വന്ന് അതിന്റെ സുഖദുഖങ്ങള്‍ അനുഭവിക്കാം എന്ന് ചിന്തിക്കേണ്ടതില്ല.അതിന് എല്‍ ഡി എഫിനൊപ്പം പ്രയാസങ്ങളൊക്കെ അനുഭവിച്ച്കൊണ്ടാണെങ്കിലും നില്‍ക്കുന്ന പാര്‍ട്ടികളുണ്ട്.ചിലപ്പോള്‍ ചില പാര്‍ട്ടികള്‍ക്ക് വേണ്ടത്ര ബഹുജനസ്വാധീനം ഉണ്ടാകില്ല.എങ്കിലും അവര്‍ എല്‍ ഡി എഫിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്.അവരെയാണ് ഞങ്ങള്‍ വിലമതിക്കുന്നത്.അല്ലാതെ ഏതെങ്കിലും ശക്തന്മാരെ കണ്ട് കൊതിയോടെ നില്‍ക്കുന്നവരല്ല ഞങ്ങള്‍.എല്‍ ഡി എഫിന്റെ ബഹുജനാടിത്തറ വിപുലപ്പെടുത്താനാണ് ഞങ്ങളുദ്ദേശിക്കുന്നത്.അത് ഞങ്ങള്‍ക്ക് കഴിയുന്നതേയുള്ളു.മറ്റവര്‍,അവര്‍ക്കവിടെ ആ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളോട് ഏതെങ്കിലും തരത്തില്ഉള്ള നീരസമോ അതിനോടൊപ്പം പോകാന്‍ കഴിയാത്ത അവസ്ഥയോ ഉണ്ടെങ്കില്‍ അതവര്‍ പരസ്യമായി പ്രകടിപ്പിക്കട്ടെ.അവരുടെ നിലപാട് വ്യക്തമാക്കട്ടെ.
            ഒന്നതാണ്,മറ്റൊന്ന് പാര്‍ട്ടികളുടെ നിലപാടെടുക്കുക.അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.അതായത്,ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പാറ്ട്ടിയായിരുന്നു പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ്.ആ പാര്‍ട്ടി ഒരു കാരണവും ഇല്ലാതെ, ഞങ്ങളുമായി ഒരു പ്രശ്നവുമില്ലാതെ (ഞങ്ങളെപ്പറ്റി ഒരു മോശവും ജോസഫ് ഇപ്പോഴും പറഞ്ഞിട്ടില്ല.) നേരെ പോയി മാണിയുമായി ലയിച്ച് യുഡി എഫിന്റെ ഭാഗമായി.അവരെ എങ്ങനെയാണ് ഞങ്ങള്‍ കാണേണ്ടത്?അവര്‍ ഇപ്പോഴുള്ള പാര്‍ട്ടി ഒന്നിച്ച് വരികയാണോ,അതോ ഇവര്‍ മാത്രമായി വരികയാണോ? അങ്ങനെ വരുമ്പോള്‍ ഞങ്ങള്‍ നേരെ വാതില്‍ തുറന്നു കൊടുക്കുകയാണോ വേണ്ടത്?ഇതാണ് ഒരു പ്രശ്നം.പിന്നെ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ജനതാദളിനകത്തായിരുന്നല്ലോ.അത് ഇപ്പോഴും എല്‍ ഡി എഫിനോടൊപ്പമുണ്ട്.ആ പാര്‍ട്ടിക്കാണ് ഇപ്പോള്‍ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കുള്ളതിനേക്കാളും കൂടുതല്‍ എം എല്‍ എ മാര്‍. യു ഡി എഫിന്റെ ഭാഗമായി അതിന്റെ ഒരു മന്ത്രിസ്ഥാനവും വഹിച്ച് ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും വാങ്ങിനില്‍ക്കുകയാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി.ചെയ്ത കാര്യങ്ങള്‍ തെറ്റായിപ്പോയി എന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ അവര്‍ ആരോടാണ് അത് ആദ്യം പറയേണ്ടത്?ദേവഗൌഡ നേതൃത്വം കൊടുക്കുന്ന ജനതാദള്‍ - എസിനോടാണ്.ഞങ്ങള്‍ക്ക് തെറ്റുപറ്റിപ്പോയി ഞങ്ങലത് തിരുത്തുന്നു, ഞങ്ങളെ തിരിച്ചെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം എന്ന് ആ പാര്‍ട്ടിയോടാണല്ലോ പറയേണ്ടത്. ആ പാര്‍ട്ടിയാണല്ലോ നിലപാട് സ്വീകരിക്കേണ്ടത്.ആ പാര്‍ട്ടി നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ മാത്രമെ ഞങ്ങളുടെ പ്രശ്നം വരുന്നൊള്ളു.അല്ലാത്തിടത്തോളം അവരുമായുള്ള ഒരു പ്രശ്നവും ഞങ്ങളാലോചിക്കേണ്ട കാര്യമില്ല.
                ഇനി ഐ എന്‍ എല്‍.ഞങ്ങളുമായി സഹകരിച്ച ഒരു പാര്‍ട്ടിയായിരുന്നു ഐ എന്‍ എല്‍.അതിലെ സലാം വിഭാഗം ഐ എന്‍ എല്‍ വിട്ട് ലീഗില്‍ച്ചേര്‍ന്ന് യു ഡി എഫിന്റെ ഭാഗമായി.വീരേന്ദ്രകുമാറിന്റെ പാറ്ട്ടിയെക്കുറിച്ച് പറഞ്ഞതുപോലെ അവര്‍ക്ക് എന്തെങ്കിലും അഭിപ്രായമുണ്ട് ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നുവെങ്കില്‍ അവര്‍ ഐ എന്‍ എലിന്റെ ആളുകളുമായല്ലെ സംസാരിക്കേണ്ടത്?അല്ലാതെ അവരെ ഞങ്ങള്‍ക്ക് നേരെ സഹകരിപ്പിക്കാന്‍ കഴിയുകയില്ല.യു ഡി എഫില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് നേരെ ഇങ്ങോട്ട് വരാന്‍ കഴിയില്ല.ഇതാണ് മനസ്സിലാക്കേണ്ട ഒരു കാര്യം.അത് വ്യക്തതയുള്ളതാണ്.നേരത്തേയും എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്.അതാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാട്.

ചോദ്യം:- സി പി എം - സി പി ഐ ലയനം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്നും 64 ലെ പിളര്‍പ്പിന് നിദാനമായ കാരണങ്ങള്‍ ഒന്നുംതന്നെ ഇന്ന് നിലവിലില്ലെന്നുമാണല്ലോ സി പി ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറയുന്നത്?

                             അതൊക്കെ ഒരു ആഗ്രഹപ്രകടനമാണ്.യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്ത് പിളര്‍പ്പിനിടയാക്കിയിട്ടുള്ള പ്രശ്നങ്ങള്‍ അതൊരു ഭരണവര്‍ഗത്തെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു.അത് പൂര്‍ണമായും ഇല്ലാതായിട്ടില്ല.ആ വ്യത്യസ്ഥതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഏതായാലും ഇപ്പോഴതിനുള്ള സമയമായിട്ടില്ലെന്നു തന്നെയാണ് സി പി ഐ എമ്മിന്റെ നിലപാട്.

1 comment :

  1. ഒരു കാര്യത്തില്‍ ഞങ്ങള്‍ വ്യക്തത തരാം.ഏതെങ്കിലും ചില സൂത്രവിദ്യകളിലൂടെ ഉപജാപങ്ങളിലൂടെ രണ്ടോ മൂന്നോ ആളുകളെ കൂടെക്കൂട്ടി ഒരു ഗവണ്മെന്റുണ്ടാക്കാം എന്ന ചിന്തയേ ഞങ്ങള്‍ക്കില്ല.ഞങ്ങള്‍ കാണുന്നത് ഇത്തരത്തിലൊരു മാറ്റം വേണമെന്നാണ്.രണ്ടോ മൂന്നോ ആളുകളെ തട്ടിയെടുത്ത് ഒരു ഗവണ്മെന്റ് രൂപീകരിച്ചാല്‍ ഇന്ന് യു ഡി എഫില്‍ കാണുന്ന വൈകൃതങ്ങളുടെയൊക്കെയും അട്ടിപ്പേര്‍ അവകാശികളായി ഞങ്ങള്‍ മാറും.എല്ലാം ഞങ്ങളുടെ തലയില്‍ വന്നു വീഴും.എന്താണോ ഒരു ഭരണം കിട്ടിയാല്‍ ഞങ്ങള്‍ ചെയ്യാറുള്ളത് അതൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.അത് ഞങ്ങളുടെ ബഹുജനസ്വാധീനത്തെ ബാധിക്കും.ഞങ്ങളുടെ ബലാബലത്തില്‍ ബഹുജനസ്വാധീനത്തെ ഗുരുതരമായി ബാധിക്കും.ഞങ്ങളുടെ ബഹുജനാടിത്തറയില്‍ മാറ്റം വരുത്തുന്ന അത്തരം നടപടികള്‍ക്ക് ഞങ്ങളില്ല.അതായത് പ്രക്ഷോഭങ്ങളിലൂടേയും സമരങ്ങളിലൂടേയുമുള്ള ബലാബലത്തിലെ മാറ്റമാണ് ഞങ്ങളുദ്ദേശിക്കുന്നത്.

    ReplyDelete