നദികളുടെ സംയോജനം

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                 കേരളത്തിലാകെ 44 നദികളെയൊള്ളെന്നാണ് പറയുന്നത്,അതില്‍ ഏതാണ്ട് രണ്ടു നദികളൊഴിച്ച് ബാക്കിയെല്ലാം പടിഞ്ഞാറോട്ട് കേരളത്തില്‍ക്കൂടി ഒഴുകി അറബിക്കടലില്‍ ചേരുന്നു.അതുകൊണ്ട് കേരളത്തില്‍ ആവശ്യത്തില്‍കൂടുതല്‍ വെള്ളം എന്നും ഉണ്ടായിരുന്നു.എന്നാല്‍ നമ്മുടെ തൊട്ടപ്പറത്തുകിടക്കുന്ന തമിഴ്നാട്ടിലേക്ക് ചെന്നാലോ,അവിടെ ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിനുപോലും നദികളില്ല,വെള്ളമില്ല,കേരളത്തിലേയും തമിഴ്നാട്ടിലേയും സാംസ്കാരികവ്യത്യാസങ്ങള്‍ക്കു കാരണം ഒരു പക്ഷെ ഇതായിരിക്കാം.ഭാരതമെന്ന നമ്മുടെ മഹാരാജ്യം ഒട്ടാകെ എടുത്തുനോക്കിയാലും നദികള്‍ സമമായിട്ടല്ല വിന്യസിച്ചിരിക്കുന്നതെന്ന് കാണാം, പ്രകൃത്യാ തന്നെ.ചില ഭാഗങ്ങള്‍  നദികളാല്‍ സമ്പന്നമാണ്, അവിടെ കൃഷിയും മറ്റും വളരെ സജീവമാകുമ്പോള്‍ മറ്റു ചില ഭാഗങ്ങളില്‍ വെള്ളമില്ലാതെ ഉണങ്ങിക്കിടക്കുന്ന അവസ്ഥ വരുന്നു.എന്താണിതിനൊരു പരിഹാരം എന്നു ചിന്തിക്കുന്നവര്‍ക്ക് ഇതാ ഒരു മറുപടി കിട്ടിയിരിക്കുന്നു.മറ്റാരുമല്ല ഈ മറുപടി തന്നിരിക്കുന്നതെന്നാണ് ശ്രദ്ധിക്കേണ്ടത് - സാക്ഷാല്‍ സുപ്രീം കോടതി തന്നെയാണാ മറുപടി പറഞ്ഞു തന്നിരിക്കുന്നത് നമുക്ക് .എന്താണാ മറുപടി എന്നോ - ഭാരതത്തിലെ നദികളെയെല്ലാം കനാലുകള്‍ വഴി കൂട്ടിയോജിപ്പിക്കുക.അപ്പോള്‍ വെള്ളം കുറവുള്ള നദികളിലേക്ക് കൂടുതല്‍ വെള്ളമുള്ള നദികളിലെ വെള്ളം ഒഴുകി എത്തിക്കോളും, കനാലുകള്‍ വഴി വെള്ളം ഒഴുകുമ്പോള്‍ ആ ഭാഗങ്ങളിലും കൃഷി നടത്താം. എങ്ങനെയുണ്ട് സുപ്രീം കോടതിയുടെ ബുദ്ധി?
                           കഴിഞ്ഞ 30 വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാറിന്റേയും സുപ്രീം കോടതിയുടേയും പരിഗണനയിലിരുന്ന ഒരു വിഷയമായിരുന്നൂ ഇത്.ആദ്യ വാജ്‌പേയി ഗവണ്മെന്റിന്റെ കാലത്താണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നത്, തന്നെയുമല്ല മുന്‍‌രാഷ്ട്രപതി അബ്ദുല്‍കലാം ആസാദ് ഇതിനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. അങ്ങനെ കഴിഞ്ഞ 30 വര്‍ഷത്തോളമായി കേന്ദ്രസര്‍ക്കാറും സുപ്രീംകോടതിയും ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു വിഷയത്തിന് പരിസമാപ്തിയായി.തെക്കേ ഇന്‍ഡ്യയിലെ 16 ഉം വടക്കെ ഇന്‍ഡ്യയിലെ 14 ഉം നദികളെ കനാലുകള്‍ വഴി ബന്ധിപ്പിച്ച് ( കനാലുകള്‍ പലതും നദികളുടെ അത്രതന്നെ വലുപ്പം ഉള്ളവയായിരിക്കും.) അതുവഴി 3.5 കോടി ഹെക്റ്റര്‍ ഭൂമിയില്‍ ജലസേചനസൌകര്യം ഉണ്ടാക്കുക,34,000 മെഗാവാട്ട് ജലവൈദ്യുതിയുണ്ടാക്കുകമുതലായവയാണ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്വപ്നങ്ങള്‍.
                          നേരത്തെ പറഞ്ഞ 30 പദ്ധതികളില്‍ ( തെക്കെ ഇന്‍ഡ്യയിലെ 16, വടക്കെ ഇന്‍ഡ്യയിലെ 14) കെന്‍ - ബെത്‌വ കനാലിന്റെ പണി സംബന്ധിച്ചുമാത്രമാണ്  രൂപരേഖ തയ്യാറാക്കപ്പെട്ടത്. ഇതുതന്നെ വിശദമായ ഒന്നല്ല താനും.വിശദമായ രൂപരേഖയായാല്‍ മാത്രമെ എത്രപേരെ കുടിയൊഴിപ്പിക്കേണ്ടി വരൂ, എത്ര ഗ്രാമങ്ങള്‍, നഗരങ്ങള്‍ ഇല്ലാതാകൂ എന്ന് മനസിലാകൂ.മാറ്റപ്പെടുന്നവരുടെ പുനരധിവാസത്തിനും അണക്കെട്ടുകളുടെ നിര്‍മ്മാണങ്ങള്‍ക്കും കനാലിന്റെ നിര്‍മ്മിതിക്കുമൊക്കെ എത്ര ചെലവു വരൂ എന്ന് എന്നിട്ടേ തീരുമാനിക്കാന്‍ കഴിയൂ, എന്നിട്ടെ ഈ മുഴുവന്‍ പണവും എവിടുന്നുണ്ടാക്കും എന്ന് ആലോചിക്കാന്‍ കഴിയൂ.
                       ചുരുക്കി പറഞ്ഞാല്‍ ഇപ്പോഴും ഇതൊരു സ്വപ്നപദ്ധതിയായിത്തന്നെ തുടരുകയാണ്.ഏതു പദ്ധതി വരുമ്പോഴും അതിന്റെ നേട്ട - കോട്ട വിശകലനം വളരെ സീരിയസ്സായി ഗവണ്മെന്റ് എടുക്കാറുണ്ട്.അതിന്റെ വെളിച്ചത്തില്‍ അനേകം പദ്ധതികള്‍ക്ക് ഗവണ്മെന്റ് അനുമതി നിഷേധിക്കാറുമുണ്ട്.പരിസ്ഥിതി ആഘാതപഠനവും ഗവണ്മെന്റ് നടത്താറുണ്ട്. എന്നാല്‍ ഈ 30 പദ്ധതികളിലും ഇങ്ങനെ ഒരു പഠനം നടത്തിയതായി കാണുന്നില്ല എന്നതാണ് സത്യം.ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാനഗവണ്മെന്റുകള്‍ യാതൊരു തരം നയപരമായ തീരുമാനങ്ങളും എടുത്തിട്ടുമില്ല.ചില നദീതടങ്ങളില്‍ നിന്നുംഗണ്യമായ രീതിയില്‍ - അളവില്‍ വെള്ളം എടുക്കേണ്ടതായിവരും,മറ്റു നദികളിലേക്ക്.അത് നിലവിലുള്ള കൃഷി,വ്യവസായം,ആ പ്രദേശത്ത് താമസിക്കുന്നവരുടെ ആവശ്യം,നിലവിലുള്ള നദിയിലെ വെള്ളം ഒഴുകി എത്തുന്ന കായല്‍,അല്ലെങ്കില്‍ തണ്ണീര്‍തടങ്ങള്‍ മുതലായവയെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് യാതൊരു പഠനവും നടത്തിയതായി പറയുന്നില്ല.സാധാരണഗതിയില്‍ പ്രകൃതി,പ്രകൃതി എന്ന് വിളിച്ചുകൂവുന്നവരാണീ പരിപാടി നടത്താന്‍ പോകുന്നതെന്നാണതിന്റെ തമാശ.
                      എന്നിട്ടും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന മൂന്നംഗ ബെന്‍ജ് ഈ പദ്ധതി നടപ്പിലാക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുനു.ഇതു നടപ്പാക്കുന്നതിന്റെ മേല്‍നോട്ടത്തിനായി ഒരു സമിതിയേയും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു.തന്നെയുമല്ല കോടതിക്കീ സമിതി കാലാകാലം റിപ്പോര്‍ട്ട് നല്‍കുകയുംവേണം, പുരോഗതിയെക്കുറിച്ച്. എന്നു വച്ചാല്‍ ഒരു മാര്‍ഗനിര്‍ദ്ദേശകമായിട്ടല്ല പിന്നയോ നടപ്പിലാക്കണം എന്നൊരു നിര്‍ദ്ദേസമായിട്ടാണ് കോടതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
                         കേരളത്തിലെ പമ്പ,അച്ചന്‍‌കോവിലാറ് എന്നീ നദികള്‍ തമിഴ് നാട്ടിലെ വൈപ്പാറുമായി സംയോജിപ്പിക്കാന്‍ നിലവിലുള്ള 30 പദ്ധതികളിലൊന്നായി നിര്‍ദ്ദേശിച്ചിരിക്കുന്നു.എന്നുവച്ചാല്‍ പമ്പയിലേയും അച്ചന്‍‌കോവിലാറ്റിലേയും അധികജലം തമിഴ്നാട്ടിലെ വൈപ്പാര്‍ വഴി തമിഴ്‌നാട്ടിനു നല്‍കുകയാണ് ഈ പദ്ധതി.(വെള്ളമില്ലാതെ വരണ്ടുണങ്ങുന്ന ഭൂമി കണ്ട് മനമലിഞ്ഞ് പണ്ട് രാജാവ് അണകെട്ടി മുല്ലപ്പെരിയാറ്റിലെ ജലം തമിഴ്‌നാടിനുകൊടുത്തതിന് ഇപ്പോഴും നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നോര്‍ക്കണം.) ഇത് നടപ്പിലായാല്‍ തെക്കെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ആവശ്യത്തിനു വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകും.ഇപ്പോള്‍തന്നെ വേനല്‍ക്കാലത്ത് ഈ നദികളിലൊന്നും ആവശ്യത്തിനു വെള്ളമില്ല താനും.തന്നെയുമല്ല ഈ നദികളിലെ വെള്ളം കുട്ടനാടുവഴി കായലിലേക്കോഴുകുന്നതുകൊണ്ടാണ് ഇപ്പോള്‍ കുട്ടനാട്ടിലെ അഴുക്കുവെള്ളം(കൃഷിക്കാരുടെ രാസവളപ്രയോഗവും കീടനാശിനിപ്രയോഗം മൂലവും മലിനാകുന്നത്) കുറേയൊക്കെ ഇല്ലാ‍തായി അവിടം വാസയോഗ്യമായിത്തീരുന്നത്.തന്നെയുമല്ല വേനല്‍ക്കാലത്ത് , കടല്‍നിരപ്പില്‍ നിന്നും താഴെ നില്‍ക്കുന്ന കുട്ടനാട്ടില്‍ ഓരുവെള്ളം കയറാതെ കുട്ടനാടിനെ കുട്ടനാടാക്കി നിലനിറുത്തുന്നത് ഈ നദികളില്‍നിന്നെത്തി നിറയുന്ന വെള്ളമാണ്.നദീ സംയോജനത്തിന്റെ ഭാഗമായി ഈ നദികള്‍ വൈപ്പാറിലേക്ക് തിരിച്ചുവിട്ടാല്‍ പിന്നെ കുട്ടനാട് കെട്ടനാടായി മാറും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
                        ഇതു കെരളത്തിന്റെ പെട്ടെന്ന് എടുത്തുപറയാവുന്ന കാര്യം.ഇതുപോലെ ഒരു നൂറുനൂറായിരം പ്രശ്നങ്ങള്‍ മറ്റ് 29 പദ്ധതികളുമായി ബന്ധപ്പെട്ട് പറയാനുണ്ടാകും.ഇതൊന്നും കണക്കിലെടുക്കാതെ, ഇതിന്റെ പ്രത്യാഘാതങ്ങളെക്കൂറിച്ചൊന്നും പഠിക്കുക പോളും ചെയ്യാതെ ഇത് നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്.വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ മനുഷ്യരാവശ്യപ്പെട്ടിട്ടോ,കൃഷിഭൂമി കൃഷിക്കുപയുക്തമാക്കണമെന്നോ ആരും ആവശ്യപ്പെട്ടിട്ടോ  ഒന്നുമല്ല ഈ വിധി.മുല്ലപ്പെരിയാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജനങ്ങളും സര്‍ക്കാറും സമരരംഗത്താണ്. ഇതിന്റെ തീര്‍പ്പിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരു കക്ഷി സുപ്രീം കോടതി തന്നെയാണ്. എന്നിട്ടും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാനോ തീര്‍പ്പുകല്‍പ്പിക്കാനോ കോടതിക്കു സമയമില്ല.എന്നാല്‍ ആരും ആവശ്യപ്പെടാത്ത ഇക്കാര്യത്തില്‍ ഇടപെടാനും തീര്‍പ്പുകല്‍പ്പിക്കാനും വളരെ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞിരിക്കുന്നു.ഇത് കോടതിയുടെ ജനങ്ങളോടുള്ള സമീപനത്തിലെ പ്രത്യേകതയാണോ? സംശയിക്കേണ്ടിയിരിക്കുന്നു.
                    പത്ത് കൊല്ലം മുന്‍പ് 5.6 കോടി ലക്ഷം രൂപ മതിപ്പു ചെലവ് കണക്കാക്ക്ക്കിയിരുന്ന പ്രോജെക്ട് ആണിത്.ഇന്ന് അത് ഇരട്ടിയോ അതില്‍കൂടുതലോ വരുമെന്ന് കണക്കാക്കപ്പെടുന്നു.കേന്ദ്രഗവണ്മെന്റിന് ഒരു വര്‍ഷം നികുതിയായി വരുന്ന തുകയോളം വരും ഇത്.എന്നാല്‍ ഇതിലും കുറഞ്ഞ തുക കര്‍ഷകര്‍ക്ക് ഭൂമിയും വിത്തുംവളവും ലഭ്യമാക്കാനായി ചിലവഴിച്ചിരുന്നെങ്കില്‍ നമ്മൂടെ സമ്പദ് വ്യവസ്ഥയില്‍ത്തന്നെ അത് വലിയ മാറ്റങ്ങളുണ്ടാക്കുമായിരുന്നു.
                   ഇത്രയും സങ്കീര്‍ണമായ ഒരു വിധിയെക്കുറിച്ച് പൊതുവെ ജനം ബോധവാന്മാരല്ലെന്നു തോന്നുന്നു, വിധിയെക്കൂറിച്ചുള്ള അഭിപ്രായങ്ങള്‍ കണ്ടിട്ട്. അതുപോലെ തന്നെ കേരളത്തിന് വളരെയേറെ ദൂഷ്യമായിട്ടുള്ള ഈ വിധിയെക്കുറിച്ച് നമ്മൂടെ ഗവണ്മെന്റിനും വലിയ പ്രതിഷേധമുണര്‍ന്നതായിക്കണ്ടില്ല.ഒരു പക്ഷെ കുതിരക്കച്ചവടത്തില്‍ക്കൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തത്രപ്പാടില്‍ ഇത്തരം ചീളുകേസുകള്‍ ശ്രദ്ധിക്കാന്‍ ഉമ്മന്‍ പ്രഭൃതികള്‍ക്ക് സമയം കിട്ടിക്കാണില്ല.

2 comments :

  1. ഇത്രയും സങ്കീര്‍ണമായ ഒരു വിധിയെക്കുറിച്ച് പൊതുവെ ജനം ബോധവാന്മാരല്ലെന്നു തോന്നുന്നു, വിധിയെക്കൂറിച്ചുള്ള അഭിപ്രായങ്ങള്‍ കണ്ടിട്ട്. അതുപോലെ തന്നെ കേരളത്തിന് വളരെയേറെ ദൂഷ്യമായിട്ടുള്ള ഈ വിധിയെക്കുറിച്ച് നമ്മൂടെ ഗവണ്മെന്റിനും വലിയ പ്രതിഷേധമുണര്‍ന്നതായിക്കണ്ടില്ല.ഒരു പക്ഷെ കുതിരക്കച്ചവടത്തില്‍ക്കൂടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തത്രപ്പാടില്‍ ഇത്തരം ചീളുകേസുകള്‍ ശ്രദ്ധിക്കാന്‍ ഉമ്മന്‍ പ്രഭൃതികള്‍ക്ക് സമയം കിട്ടിക്കാണില്ല.

    ReplyDelete
  2. അണ്ടിയോട്‌ അടുക്കട്ടെ..പുളിയറിയുമ്പോള്‍ കുട്ടനാട്ടുകാര്‍ തന്നെ വീടിനു പുറത്തിറങ്ങും. എല്ലാം അവസാനത്തേക്ക് വയ്ക്കുന്നതാനല്ലോ നമ്മുടെ ശീലം. എന്‍ഡോസള്‍ഫാന്‍ പ്രശ്നവും, മുല്ലപ്പെരിയാറും ഒക്കെ ഇങ്ങനെ ആയിരുന്നില്ലേ?

    ReplyDelete