നിന്ദ്യമായ ഒരു കാര്യം.

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                          
                    എനിക്കൊരിക്കല്‍ ഫേസ്‌ബുക്കില്‍ നിന്നും,  കാശിയിലെ നരഭോജികളായ  ശൈവ(?) സന്യാസിമാരെക്കുറിച്ചൊരു വീഡിയോ കിട്ടി.അതു കണ്ട ദിവസം ഞാന്‍ ഭക്ഷണം കഴീച്ചില്ലെന്നതാണ് സത്യം.ഇതുപോലുള്ള നിരവധി കഥകള്‍ പലനാടുകളില്‍ നിന്നും പലസന്ദര്‍ഭങ്ങളിലുമായി ഉയര്‍ന്നു വരാറുണ്ട്.ശരിക്കും ഇത്തരം കഥകള്‍ - മനുഷ്യമാംസം മനുഷ്യന്‍ തന്നെ ഭക്ഷണമാക്കുന്നത് - നമ്മളിലുയര്‍ത്തുന്നത്  ജൂഗുപ്സ എന്ന വികാരമായിരിക്കും, അറപ്പായിരിക്കും.ഇതേ വികാരം തന്നെയാണ് കൊല്ലം കപ്പല്‍ കൊലക്കേസിലെ മരിച്ചവരുടെ ബന്ധുക്കള്‍ ഒരു കോടി രൂപ കൈപ്പറ്റി കേസില്ല എന്ന് എഴുതിക്കൊടുത്തതായി വായിച്ചപ്പോള്‍ എനിക്കുണ്ടായത്.അറപ്പ്, ജൂഗുപ്സ, എനിക്ക് എന്നെത്തന്നെ അറപ്പാകുന്ന അവസ്ഥ, ഇതാണെനിക്കുണ്ടായത്.ഏതായാലും കോടതി അവസരത്തിനൊത്തുയരുകയും കൃത്യമായ മറുപടി നല്‍കുകയും ചെയ്തു എന്നതു മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കുന്നത്.
                      എന്തായിരിക്കാം ആ കുടുംബങ്ങളെ ഒരു കോടി രൂപവീതം കൈപ്പറ്റി കേസ് ഒഴിവാകാന്‍ പ്രേരിപ്പിച്ച ചേതോവികാരം?ഒരു കുടുംബത്തിലെ ഗൃഹനാഥനും മറ്റേ കുടുംബത്തിലെ സഹോദരികളുടെ ഏക സഹോദരനുമാണ് വെടിയേറ്റു മരിച്ചത്.മരിച്ച ഈ രണ്ടു പേരും അവരവരുടെ കുടുംബത്തിലെ അത്താണിയുമായിരുന്നു.അവരവര്‍ രാപകല്‍ പണിയെടുത്ത് കൊണ്ടുവരുന്നതുകൊണ്ടാണ് ഈ കുടുംബങ്ങളില്‍ തീ പുകഞ്ഞുകൊണ്ടിരുന്നത്.ഈ മരണങ്ങള്‍ ആ കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തും എന്നതും സത്യം.അപ്പോള്‍ ഇറ്റാലിയന്‍ ഗവണ്മെന്റ് ഈ കുടുംബങ്ങള്‍ക്ക് നല്‍കിയ ഒരുകോടി രൂപ എന്നത് ആ കുടുംബങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും നല്‍കുവാനുതകും.കുടുംബനാഥന്‍ വെടിയേറ്റുമരിച്ച കുടുംബത്തിലെ ടീനേജ് പ്രായമുള്ള രണ്ടു കുട്ടികള്‍ക്ക് ഭാവിവിദ്യാഭ്യാസത്തിനും അതിലെ പെണ്‍കുട്ടിയുടെ കല്യാണത്തിനും ഈ തുക ഉതകും.ഒരു പക്ഷെ അയാള്‍ ജീവിച്ചിരുന്നെങ്കില്‍ ഇത്രയും ഭംഗിയായി കാര്യങ്ങള്‍ നടക്കുമായിരുന്നില്ല.മരിച്ചയാളുടെ സഹോദരിമാരും അമ്മയും അല്പസ്വല്‍പ്പം ശല്യങ്ങളുണ്ടാക്കിയെങ്കിലും അത് പെട്ടെന്ന് തീരുമെന്ന് പ്രതീക്ഷിക്കാം.ഇതു പോലെ തന്നെയായിരിക്കണം മരിച്ച മറ്റയാളുടെ കുടുംബത്തിലും.വിവാഹപ്രായമായി പുര നിറഞ്ഞു നിന്ന ആ പെങ്ങന്മാരില്‍ ഈ പണം പ്രതീക്ഷയുയര്‍ത്തിക്കാണണം.കാരണം ആ പയ്യന്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ നല്ലൊരു കല്യാണം നടത്താന്‍ പറ്റുമെന്നവര്‍ സ്വപ്നം പോലും കാണുമായിരുന്നില്ല.
                 അപ്പോള്‍ ഈ കുടുംബങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഈ നടപടി ശരിയാണ്.ഇനി ഇതിനുപകരം കാലങ്ങളോളം വസ്തുവിറ്റും പണ്ടം വിറ്റും കേസു നടത്തി കൊലയാളികളായ  ആ രണ്ടു നാവികരെ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നു കരുതുക.എന്നാല്‍ മരിച്ചുപോയ ആ ഗൃഹനാഥന്‍ തിരിച്ചു വരുമായിരുന്നോ?മരിച്ച ആ പയ്യന്‍ തിരിച്ചുവരുമായിരുന്നോ?അപ്പോള്‍ അതിലും എത്രയോ നല്ല കാര്യമാണ് കൊലയാളികള്‍ തരുന്ന ആ പണം കൈപ്പറ്റി ആ കുടുംബങ്ങളുടെ ഭാവിജീവിതമെങ്കിലും ഭാസുരമാക്കുക എന്നത് ! അപ്പോള്‍ അവര്‍ ചെയ്തതു ശരിതന്നെയല്ലെ?അപ്പോള്‍ പിന്നെ കോടതി എന്തുകൊണ്ടാണ് ഇതിനെ വളരെ മോശമായി ചിത്രീകരിച്ച് പ്രസ്താവനയിറക്കിയത്?
                        കടല്‍ക്കൊല ,അതൊരബദ്ധമാണെങ്കിലും കരുതിക്കൂട്ടിചെയ്തതാണെങ്കിലും അതൊരു കുറ്റകൃത്യമാണ്.നമ്മള്‍ ജീവിക്കുന്ന പരിഷ്കൃതസമൂഹം നരഹത്യയെ ഏറ്റവും വലിയ കുറ്റമായി കാണുന്നു.ഒരിക്കല്‍ ഒരു മാറാരോഗി സുപ്രീം കോടതിയോട് ദയാവധത്തിനുവേണ്ടി യാചിച്ചത് ഓര്‍ക്കുന്നുണ്ടോ? കോടതി അത് അനുവദിച്ചില്ല.എന്റെ ഓര്‍മ്മയില്‍ ഹര്‍ജി നിഷേധിക്കാന്‍ കോടതി പറഞ്ഞ കാരണം നമുക്കൊരാള്‍ക്ക് ജീവന്‍ കൊടുക്കാന്‍ കഴിയില്ല, പിന്നെ ആ ജീവിതം ഇല്ലാതാക്കാന്‍ നമുക്കെന്തധികാരം എന്നതാണ്.നമുക്ക് മറ്റൊരാളുടെ ജീവന്‍ ഇല്ലാതാക്കാന്‍ അധികാരമില്ല എന്നത് (മറ്റു പലര്‍ക്കും പല സാഹചര്യങ്ങളിലും ഇതിനു കഴിയും എന്നത് മറക്കുന്നില്ല) ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും അംഗീകരിച്ചിരിക്കുന്ന ഒരു കാര്യമാണ്.ജീവന്‍ ഒരു ബുദ്ധിജീവിയുടേതാകട്ടെ, ഒരു ഭ്രാന്തന്റേതാകട്ടെ,ഒരു മാറാരോഗിയുടേതോ ആരോഗ്യവാന്റേയോ ആകട്ടെ, ഒരു ഭ്രാന്തന്റേയോ കൊള്ളക്കാരന്റേയോ ആകട്ടെ,ആരുടേതാണെങ്കിലും ജീവന്‍ വിലപ്പെട്ടതാണ്,അതിനെ നിഷേധിക്കാന്‍,നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.അതുകൊണ്ടു തന്നെ അതു സംഭവിച്ചാല്‍ അതിന്റെ ഗൌരവം കണക്കിലെടുത്ത് അതു നടത്തിയ ആളെ മാതൃകാപരമായി ശിക്ഷിച്ചേ മതിയാകൂ.സമൂഹം ചീത്ത ഉദാഹരണങ്ങളിലേക്ക് മാറാതിരിക്കാന്‍ സമൂഹത്തിനു മുന്നില്‍ ഒരു പാഠമായി കൊലയാളിക്കു നല്‍കുന്ന ശിക്ഷ ഉതകും എന്നാണ് നിയമവിദഗ്ധരുടെ കാഴ്ച്ചപ്പാട്.എന്നാല്‍ ഇവിടെ ഇതു നടക്കുന്നതിനു തടസ്സം വന്നിരിക്കുന്നു.മറ്റൊരു രാജ്യത്തെ രണ്ടു പൌരന്മാരെ തങ്ങളുടെ പൌരന്മാര്‍ കൊലചെയ്തതിന് ആ രാജ്യത്തിന്റെ ഉന്നത ഭരണാധികാരികളാണ് ഇവിടെയെത്തി നമ്മുടെ ഗവണ്മെന്റിനെപ്പോലും - തികചും ജനാധിപത്യരീതിയില്‍ നിലവില്‍ വന്ന, ആ രാജ്യത്തെപോലെ തന്നെ അധികാരവും ശക്തിയുമൊക്കെയുള്ള നമ്മുടെ ഗവണ്മെന്റിനെപ്പോലും - ഇരുട്ടില്‍ നിറുത്തിക്കൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഒത്തുതീര്‍പ്പിലെത്തിയത്.ഇത് അത്യന്തം   ഗൌരവാവഹമായ ഒരു സംഭവമാണ്. കൃത്യമായി നിയമവാഴ്ച്ചയുള്ള ഒരു രാജ്യത്ത് കടന്നുകയറി ആ രാജ്യത്തെ നിയമവ്യവസ്ഥയെയാകെ അട്ടിമറിച്ചുകൊണ്ട് ഇരകളുമായി നേരിട്ട്  ഒത്തുതീര്‍പ്പുണ്ടാക്കുക എന്നതാണിവിടെ നടന്നിരിക്കുന്നത്.ഈ സംഭവം നമ്മുടെ ഇന്‍ഡ്യാമഹാരാജ്യത്തിന്റെ യശസ്സ് എന്തുമാത്രം ഇടിച്ചു താഴ്ത്തിയെന്ന് ആലോചിച്ചുനോക്കുക.ചിലനേരങ്ങളില്‍ നാട്ടിന്‍പുറത്തെ കുപ്രസിദ്ധിയാര്‍ജിച്ച വിടുകളിലാണീതരം പേക്കൂത്തുകള്‍ നടക്കാറ് എന്നോര്‍ക്കണം.ചില കുപ്രസിദ്ധവീടുകളില്‍ ഇരിട്ടിന്റെ മറപറ്റി കടന്നുചെല്ലുകയും അവിടത്തെ സ്ത്രീയെ ബലമായി പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവം പഴയകാലത്ത് നടക്കാറുണ്ട്.ആര്‍ക്കുമിതില്‍ പരാതിയും കാണുകയില്ല,കാരണം അതാവീടല്ലെ എന്ന ന്യായം. ആ വീടുകളുടെ നിലവാരത്തിലേക്ക്ആയില്ലെ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.
                        ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ വേണം രണ്ടുകുടുംബങ്ങളെ കോടിയുടെ പ്രഭയില്‍ സ്വന്തം ആളുകളെ തള്ളിപ്പറയാനിടയാക്കിയ സംഭവത്തെ വിലയിരുത്തേണ്ടത്.ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഒരു ഗവണ്മെന്റ് അതിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കേണ്ടിയിരുന്നത്.ഗവണ്മെന്റ് ആ പാവം രണ്ടു കുടുംബങ്ങളോടൊപ്പം നില്‍ക്കണമായിരുന്നു.കാരണം ആ പാവം കുടുംബങ്ങളുടെ കൂടി വോട്ടുവാങ്ങിയാണീ ഗവണ്മെന്റ് - അതിപ്പൊ കേരളത്തിന്റെയായാലും കേന്ദ്രത്തിന്റെയായാലും - അധികാരത്തില്‍ വന്നത്.അതുകൊണ്ടുതന്നെ ഗവണ്മെന്റിന് അവരെ തിരഞ്ഞേടുത്തു വിട്ടവരോടൊരു താല്പര്യം വരണമായിരുന്നു.എന്നാല്‍ കഷ്ടകാലത്തിന് ഇന്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഈ ഗവണ്മെന്റിന്റെ താല്പര്യം ആ കൊലയാളികളുടെ ഗവണ്മെന്റിനോടായിപ്പോയി.ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങളായ രണ്ടുപേര്‍ മരീച്ചാല്‍ ദാരിദ്ര്യരേഖക്ക് താഴേയുള്ളവരുടെ എണ്ണത്തില്‍ അത്രയും കുറവുണ്ടാകും എന്ന് ചിന്തിക്കുന്ന  ഗവണ്മെന്റായിപ്പോയി ഇവിടെ നിലനില്‍ക്കുന്നത്.ഈ പ്രശ്നത്തിലിടപെടേണ്ട ഗവണ്മെന്റ് നിശബ്ദമായി നിന്നതിന്റെ ഫലമാണിവിടെ കണ്ടത്.ഇന്നിപ്പോള്‍ ഇറ്റലിക്കാരോട് പണം വാങ്ങി കേസില്ല എന്നു പറഞ്ഞതുകൊണ്ട് അത്രയെങ്കിലും കിട്ടി.നാളെയിനി റിലയന്‍സ്‌കാരനോ മറ്റോ അബദ്ധത്തിലൊരാളെ കൊന്നാല്‍ മരിച്ചവന്റെ കുടുംബത്തിനാവശ്യമായ തുക കൊടുതാല്‍ മതിയാവുന്നതാണ് എന്നു വരുന്നത് ശരിയാണോ?മറ്റന്നാള്‍ നാട്ടിലെ ഒരു ലോക്കല്‍ ഗുണ്ട നാട്ടിലെ പണക്കാരനുവേണ്ടി ഒരാളെ കൊല്ലുകയും എന്നിട്ട് നഷ്ടപരിഹാരവുമായി ഇറങ്ങുകയും ചെയ്യുന്ന അവസ്ഥയാണോ വരാന്‍ പോകുന്നത്.എനിക്കുവേണമെങ്കില്‍ എന്റെ പ്രതിയോഗിയെ തല്ലിക്കൊല്ലാം,ആരേയും പേടിക്കേണ്ട,കൊന്നിട്ട് അയാളുടെ വീട്ടുകാര്‍ക്ക് ആവശ്യമുള്ള പണം നല്‍കിയാല്‍ മതി എന്ന അവസ്ഥയാണോ നവലിബറല്‍ പരിഷ്കാരങ്ങളുടെ അന്തസത്ത?

3 comments :

  1. ഇന്നിപ്പോള്‍ ഇറ്റലിക്കാരോട് പണം വാങ്ങി കേസില്ല എന്നു പറഞ്ഞതുകൊണ്ട് അത്രയെങ്കിലും കിട്ടി.നാളെയിനി റിലയന്‍സ്‌കാരനോ മറ്റോ അബദ്ധത്തിലൊരാളെ കൊന്നാല്‍ മരിച്ചവന്റെ കുടുംബത്തിനാവശ്യമായ തുക കൊടുതാല്‍ മതിയാവുന്നതാണ് എന്നു വരുന്നത് ശരിയാണോ?മറ്റന്നാള്‍ നാട്ടിലെ ഒരു ലോക്കല്‍ ഗുണ്ട നാട്ടിലെ പണക്കാരനുവേണ്ടി ഒരാളെ കൊല്ലുകയും എന്നിട്ട് നഷ്ടപരിഹാരവുമായി ഇറങ്ങുകയും ചെയ്യുന്ന അവസ്ഥയാണോ വരാന്‍ പോകുന്നത്.എനിക്കുവേണമെങ്കില്‍ എന്റെ പ്രതിയോഗിയെ തല്ലിക്കൊല്ലാം,ആരേയും പേടിക്കേണ്ട,കൊന്നിട്ട് അയാളുടെ വീട്ടുകാര്‍ക്ക് ആവശ്യമുള്ള പണം നല്‍കിയാല്‍ മതി എന്ന അവസ്ഥയാണോ നവലിബറല്‍ പരിഷ്കാരങ്ങളുടെ അന്തസത്ത?

    ReplyDelete
  2. അറിവുകള്‍ അത് പകരനുല്ലതാണ് ................നന്ദി

    ReplyDelete
  3. You are right. The bishops and their pimps shows their real patriotism. Shame....

    ReplyDelete