ചിതറിയ ചിത്രങ്ങള്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                      ആകെ കലങ്ങി മറിഞ്ഞ അവസ്ഥ.എങ്ങും അപവാദപ്രചരണങ്ങളും കുപ്രചരണങ്ങളും മാത്രം. എന്നെപ്പോലെ ഒരു സാധാരണക്കാരന് സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയാനാകാതെ മനം കലങ്ങി നില്‍ക്കുന്ന അവസ്ഥ.ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.ഓരോന്നോരോന്നായി നമുക്ക് നോക്കാം.

1.                              ഒന്നാമത്തെ കാര്യം പറയുന്നതിനുമുന്‍പ് എനിക്ക് അധികാരികളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്.ഞാന്‍ തുടര്‍ന്ന് എഴുതുന്നതെല്ലാം ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്റെ ജല്‍പ്പനങ്ങള്‍ മാത്രമായിക്കണ്ട് തള്ളിക്കളയണം എന്നാണത്.കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചപ്പോള്‍ എന്റെ പാഴ്‌മനസ്സിലേക്കോടിയെത്തിയ ഒരു കഥയും എന്റെ പ്രതികരണവും ഞാന്‍ മറ്റുള്ളവരുടെ അറിവിലേക്കായി പറയുന്നു എന്ന് മാത്രം.കഥ ഇതാണ്:- പണ്ട് സിഗററ്റുകള്‍ പരസ്യമായി ഉപയോഗിക്കുന്നത് നിരോധിച്ച കാലം, ഒരാള്‍ ഒരു കടയില്‍ നിന്ന് ഒരു പാക്കറ്റ് സിഗററ്റും ഒരു തീപ്പെട്ടിയും വാങ്ങുമ്പോള്‍ അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആ മനുഷ്യന്‍ വളരെ താഴ്മയോടെ ചോദിച്ചു, എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതിന് എന്ന്.സിഗററ്റും തീപ്പെട്ടിയും വാങ്ങുന്നത് വലിക്കാനല്ലെ എന്ന് പോലീസ്.
                       ഒരല്‍പ്പസമയം ആലോചിച്ചതിനു ശേഷം അയാള്‍ പോലീസിനോട് പറഞ്ഞൂ, തന്നെ ബലാല്‍‌സംഗക്കേസിനുകൂടി അറസ്റ്റ് ചെയ്യണമെന്ന്.എന്തിനാണെന്ന് ചോദിച്ചപ്പോളയാള്‍ പറഞ്ഞു,അതിനുള്ള ഉപകരണം കൂടി തന്റെ കയ്യിലുണ്ടെന്ന്.
                      വാഹനങ്ങളിലെ ഗ്ലാസിലെ കൂളിംഗ് പേപ്പര്‍ മുഴുവന്‍ പറിച്ചുനീക്കണമെന്നും ഒരു തരത്തിലുമുള്ള കൂളിംഗ് പേപ്പര്‍ പോലും ഒട്ടിക്കരുതെന്നുമുള്ള കോടതി ഉത്തരവ് ആണ് എന്നെ ആ പഴയ കഥ ഓര്‍മ്മിപ്പിച്ചത്.ആര്‍ ടി ഓവിലുള്ള എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത് ‘അകത്തുനിന്നു പുറത്തേക്കും, പുറത്തുനിന്ന് അകത്തേക്കും ക്ലിയര്‍ ആയി കാണാന്‍ കഴിയണമെന്നാണ് നിയമപുസ്തകം’ പറയുന്നതെന്നാണ്.അതാണിന്ന് കോടതി ഒരു തരത്തിലുമുള്ള പേപ്പറും ഗ്ലാസിലൊട്ടിക്കരുതെന്ന് പറയുന്നത്.( എന്നാല്‍ കട്ടിക്കളറില്‍ അക - പുറ ക്കാഴ്ച മറച്ചുകൊണ്ട് കര്‍ട്ടന്‍ തൂക്കിയിടുന്നതിനു വിലക്കില്ല താനും.)തീവ്രവാദം വളരുന്നതിനോട് ( വളര്‍ത്തുന്നതിനോട്) എനിക്കെന്നല്ല, നമുക്കാര്‍ക്കും അനുകൂലമനോഭാവമില്ല എന്നുതന്നെയല്ല ശക്തമായ എതിര്‍പ്പുണ്ട് താനും ആ സംഭവത്തോട്.തീവ്രവാദം വളരുന്നതിന് കൂളിങ്ങ് പേപ്പറൊട്ടിച്ച വാഹനങ്ങള്‍ വേദിയാകുന്നെങ്കില്‍ അത്തരം വാഹനങ്ങള്‍ ഒഴിവാക്കാനും ഞങ്ങള്‍ തയ്യാറാണു താനും.കാരണം ഞങ്ങള്‍ക്കാര്‍ക്കും തീവ്രവാദമനോഭാവമില്ല തന്നെ.
                   എന്നാല്‍ അതുമാത്രം മതിയോ തീവ്രവാദം ഇല്ലാതാവാന്‍.നമ്മുടെ നാടുഭരിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലൊന്നും ചെയ്യാനില്ലെ?അവരുടെ നയങ്ങളും നടപടികളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായാല്‍ കാറുകളിലെ കൂളിങ്ങ് പേപ്പര്‍ നീക്കം ചെയ്തതുകൊണ്ടെന്തു പ്രയോജനം?ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ഗവണ്മെന്റിന്റെ പലനിലപാടുകളുമാണ്, അല്ലെങ്കില്‍ കാലങ്ങളായി അവര്‍ അനുവര്‍ത്തിച്ചു വരുന്ന നയങ്ങളും പോളിസികളുമാണ് എന്നത് സുവിദിതമാണല്ലോ.നമ്മൂടെ നാടിന്റെ സാംസ്കാരീകവും ഭാഷാപരവും ധനപരവുമായും മറ്റുമുള്ള നാനാത്വത്തെ അംഗീകരിച്ച് അതിനനുസൃതമായി ഭരിക്കുന്ന ഒരു സര്‍ക്കാര്‍ എന്നുണ്ടാകുന്നോ അന്നുമുതലേ തീവ്രവാദം ഇവിടെ തളരുകയുള്ളൂ.
                ഇനിയൊരു കാര്യം ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, എന്റെ വന്ദ്യവയോധികയായ ഭാര്യ, അവളൊരു രോഗത്തിനടിമയാണ്. സൂര്യപ്രകാശം , അതെത്ര ചെറിയ അളവിലായാലും ദേഹത്തു തട്ടിയാല്‍ തട്ടുന്ന ഭാഗത്തെ ചര്‍മ്മം ചുകന്ന് തടിച്ച് വൃണമാകുന്ന ഒരു രോഗം അവളെ വേട്ടയാടുന്നു.അതുകൊണ്ടു തന്നെ എന്റെ പഴയ ചടാക്കുവണ്ടിയില്‍ സൈഡ് ഗ്ലാസുകളില്‍ അവളെക്കരുതി ഞാന്‍ കറുത്ത പേപ്പര്‍ ഒട്ടിച്ചിരുന്നു.ഇന്ന് വേദനയോടെ ഞാനത് ഇളക്കിമാറ്റി.

2.                                   കൊലപാതകം അത് ആരുടേതായാലും അപലപനീയം തന്നെയാണ്.അത് ശ്രീ.ടി.പി.ചന്ദ്രശേഖരന്റെയായാലും മൂന്നാറില്‍ കൊല ചെയ്യപ്പെട്ട അനീഷിന്റെ ആയാലും കൊലപാതകം കൊലപാതകം തന്നെയാണ് അതിനെ അപലപിക്കേണ്ടതുമാണ്.എന്നാല്‍ കൊല നടന്ന അടുത്തനിമിഷം മുതല്‍ ഒഞ്ചിയത്തെ കൊലപാതകം ചെയ്തത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്ന മട്ടില്‍ അതിന്റെ ജെനറല്‍ സെക്രട്ടറി ശ്രി.പിണറായി വിജയനെയും മാര്‍ക്സിസ്റ്റുപാര്‍ട്ടിയേയും അപഹസിക്കുന്ന ആ മനസ്സ് നീചമായ കൊലപാതകം ചെയ്തത് ആരായാലും അവരേക്കാളും നീചമാണെന്നേ ഞാന്‍ പറയൂ.കൊന്നത് ആരെങ്കിലുമാകട്ടെ, ഒരു പക്ഷെ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് വൈക്കുക.അത് കണ്ടെത്തി കുറ്റക്കാരെ കൈയ്യാമം വൈക്കേണ്ടത് , നിയമത്തിന്റെ മുന്നില്‍ ഹാജരാക്കേണ്ട ചുമതല പോലീസിനാണ്.അവരത് ചെയ്യട്ടെ.ചെയ്തു കഴിയുമ്പോള്‍ ആ കൊടുംക്രൂരകൃത്യം ചെയ്തത് അവരാണെങ്കില്‍ അവരെ ഒറ്റപ്പെടുത്താന്‍ നാടുമുഴുവന്‍ ഉണ്ടാകും.എന്നാല്‍ അതുവരുന്നതുവരെ നാം കാത്തിരുന്നേ പറ്റൂ.കാരണം ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നിര്‍ബന്ധമുള്ള ഒരു നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന നാടാണിത്.
               എന്നാല്‍ ഇതിനു കടകവിരുദ്ധമായ പ്രവൃത്തികളാണ് നമ്മുടെ നാടിന്റെ ജിഹ്വകളായ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.ഇവിടെ ഒരു കൊലപാതകം നടക്കുന്നു.പോലീസെത്തുന്നതിനു മുന്നേ തന്നെ മാധ്യമങ്ങള്‍ കൊലയാളികളെ നിശ്ചയിച്ചുകഴിഞ്ഞു.എന്നിട്ട് ആ ആളുകളെ കുറ്റവാളികളാക്കാന്‍ ആവശ്യമായ കൃത്രിമ തെളിവുകളും അവരുണ്ടാക്കി ദിനേന വെണ്ടക്കയില്‍ വാര്‍ത്ത കൊടുക്കുന്നു.പക്ഷെ ഇത് ഇന്ന് വിലപ്പോകുമെന്ന് തോന്നുന്നില്ല.കാരണം ഇവരുടേ ഇതേ അടവുകള്‍ ലാവലിന്‍ പ്രശ്നത്തില്‍ തകര്‍ത്താടിയത് കണ്ട് ചെകിടിച്ചവരാണ് ഈ കേരളത്തിന്റെ മക്കള്‍.ഇതിന്റേ ഏറ്റവും വലിയ തെളിവാണ് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്  പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ.എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞത്:- ‘ വിനൂ, നമ്മുടെ ഈ ചര്‍ച്ച തന്നെ വളരെ പക്ഷപാതപരവും ആശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരീകവിക്ഷോഭവുമൊക്കെയാണ്. അതൊരു പക്ഷെ യുക്തിസഹമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.ഇതുവരെ സംസാരിച്ച മൂന്നുപേരും വികാരവിജ്രുംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു.ഒരു സംഭവം നടന്നു,ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയും മുന്‍പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടേയും സെക്രട്ടറി മുതലുള്ള എല്ലാ നേതാക്കളുടേയും വായില്‍ തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിനുമേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകാങ്ങളിലൂടെ അതിനെപറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍‌ബാലന്‍സ്‌ഡും അണ്‍പ്രൊഫഷണലും ആയിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു അതിനാണിപ്പോള്‍ അധ്യക്ഷ്യം വഹിക്കുന്നത്.എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചക്ക് പ്രസക്തിയില്ല -  പ്രസക്തിയുണ്ടായിരിക്കാം; പക്ഷെ ഇതുപോലുള്ള  പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പൊലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.തല്‍ക്കാലം ഈ ചര്‍ച്ചയില്‍നിന്ന് ഞാന്‍ പിന്മാറുകയാണ്.’ 'Well said Sir, well said ' എന്നേ എനിക്കങ്ങയോട് പറയാനുള്ളൂ. ഈയൊരൊറ്റ പ്രഖ്യാപനത്തിലൂടെ അങ്ങ് നാവില്ലാത്ത, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാവാത്ത ജനകോടികളുടെ നാവായി മാറുകയാണ്.

3.                                ഈ പ്രശ്നങ്ങള്‍ക്കിടയിലും ഈ സന്നിഗ്ധാവസ്ഥക്കിടയിലും  പാര്‍ട്ടിയെ നന്നാക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.എനിക്കവരോട് ഒന്നേ പറയാനുള്ളൂ, ‘ അങ്ങയുടെ ഈ പരിപാടിയുടെ പേരാണ് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത്’ ‘. ഇതു തന്നെയാണല്ലോ പൊതുജനത്തിന്റെ മുന്നില്‍ തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വഴി.പാര്‍ട്ടി നന്നാവുന്നെങ്കില്‍ നന്നാവട്ടെ, തന്റെ ഇമേജെന്തായാലും നന്നാവും.അതുതന്നെ ധാരാളം.

2 comments :

  1. ഈ പ്രശ്നങ്ങള്‍ക്കിടയിലും ഈ സന്നിഗ്ധാവസ്ഥക്കിടയിലും പാര്‍ട്ടിയെ നന്നാക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്.എനിക്കവരോട് ഒന്നേ പറയാനുള്ളൂ, ‘ അങ്ങയുടെ ഈ പരിപാടിയുടെ പേരാണ് പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത്’ ‘. ഇതു തന്നെയാണല്ലോ പൊതുജനത്തിന്റെ മുന്നില്‍ തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ വഴി.പാര്‍ട്ടി നന്നാവുന്നെങ്കില്‍ നന്നാവട്ടെ, തന്റെ ഇമേജെന്തായാലും നന്നാവും.അതുതന്നെ ധാരാളം.

    ReplyDelete
  2. ശക്റ്റമായ രാഷ്ട്രീയ്യചായ്‌വ് ഇതിലും പ്രകടം. എന്നാലും നല്ല എഴുത്ത്

    ReplyDelete