ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രിയ സുഹൃത്തുക്കളെ,
                വര്‍ഷങ്ങളായി ജൂണ്‍ 5 നാം ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരികയാണ്. ഈ ദിനത്തില്‍ നാം വളരെയേറെ ആഘോഷപരിപാടികള്‍ നടത്തിവരുന്നു.നാടിന്റെ നാനാഭാഗങ്ങളിലും ഗവണ്മെന്റ് തലത്തിലും അല്ലാതെയും ധാരാളം ഉല്‍ഘാടനങ്ങളും വൃക്ഷത്തൈ വിതരണപരിപാടികളും നടക്കുന്നുണ്ട്.അതെല്ലാം പിറ്റേന്നത്തെ പത്രത്തില്‍ ചിത്രസഹിതം അച്ചടിച്ചുവരും.(അതിനെത്രമാത്രം പരിസ്ഥിതി നശിപ്പിക്കേണ്ടിവരുമെന്ന് ദൈവത്തിനറിയാം.)എന്നാല്‍ വിചിത്രമായ സംഗതി ഇതല്ല, പൊതുജനം ഇതൊന്നും ഗൌനിക്കാതെ പരിസ്ഥിതി നശീകരണം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നുമാത്രം.
               അരിക്കു വിലകൂടിയാല്‍, പച്ചക്കറിക്കും മണ്ണെണ്ണക്കും ഗാസിനും പെട്രോളിനും വിലകൂടിയാല്‍ മാത്രമേ ജനം അത്യാവശ്യം പ്രതികരിക്കൂ എന്നിടത്തെത്തി കാര്യങ്ങള്‍.അതില്‍ത്തന്നെ, വന്ന് വന്ന് ഇപ്പോള്‍ പ്രതിഷേധം രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധത്തിന്റെ ആഘോഷം പൊതുജനങ്ങളുമെന്നായിട്ടുണ്ട്.പെട്രോളിനു വിലകൂട്ടാന്‍ പോകുന്നു എന്നു കേള്‍ക്കുമ്പോഴേ തന്നെ ഹര്‍ത്താലും പ്രതീക്ഷിച്ച് ആഘോഷവസ്തുക്കള്‍ സംഘടിപ്പിക്കാന്‍ ഓടുന്ന നിലയിലേക്കെത്തി പൊതുജനം.
              നിത്യജീവിതത്തിനെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ വരെ ഇതായി ജനത്തിന്റെ പ്രതികരണമെങ്കില്‍ പെട്ടെന്നെടുത്തു കാണിക്കാത്ത പരിസ്ഥിതി നാശം പോലുള്ള കാര്യങ്ങളില്‍ ജനങ്ങളെത്ര ശ്രദ്ധ കാണിക്കും എന്നത് പറയേണ്ടല്ലോ. നിസ്സഹായതയില്‍ നിന്നുടലെടുത്ത ആ ഒരുനിര്‍വികാരതയോടെ പുഴയിലെ അടിമണല്‍ വരണ്ടി വാരാനവര്‍ പോകും,കുന്നിടിച്ച് കുഴി നികത്തി ഭൂമിയുടെ വിയര്‍പ്പുഗ്രന്ഥികള്‍ അവര്‍ മൂടിക്കളയും.പരിസ്ഥിതിവാദികള്‍ കണ്ണീരൊഴുക്കുമ്പോഴും പൊതുജനത്തിന്റെ പരിപാടി നിര്‍ബാധം തുടരുകയും ചെയ്യും.
            ഇതിനൊരു മാറ്റം വരണമെങ്കില്‍ ജനത്തിന്റെ ജീവിതത്തിനു സാരമായ മാറ്റം - ഗുണപരമായ മാറ്റം - വരണം.പട്ടിണിയില്ലാതെ, വസ്ത്രത്തിനു മുട്ടില്ലാതെ ജീവിക്കാനവനു കഴിയണം. കുട്ടികളെ മാന്യമായി വിദ്യാഭ്യാസം ചെയ്യിക്കാനവനു പറ്റണം,രോഗം വന്നാല്‍ നല്ല ചികിത്സ അവനു ലഭ്യമാകണം.എന്നാല്‍ ഇന്നീ കാര്യങ്ങളൊക്കെ അവനു ലഭിക്കുന്നില്ലേ? 2 രൂപകൊടുത്താല്‍ ഭക്ഷണം കഴിക്കാനുള്ള അരി അവനു കിട്ടുന്നുണ്ട്.വസ്ത്രത്തിനും വലിയ പഞ്ഞമില്ല അവന്, പത്താം ക്ലാസുവരെ അവന്റെ മക്കള്‍ക്കു പഠനസൌകര്യം ഉണ്ട്.രോഗം വന്നാല്‍ ചികിത്സിക്കാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളുമവനുണ്ട്.പക്ഷെ,അവന്റെ അയലത്തുകാരന്‍ വൃത്തിയുള്ള വീട്ടില്‍ താമസിക്കുമ്പോള്‍ അവന്‍ ഓലപ്പുരയിലാകുന്നു താമസം, അവന്റെ അയലത്തുകാരന്‍ രോഗം വന്നാല്‍ പട്ടണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ അവന്‍ മാത്രം സര്‍ക്കരാശുപത്രിയിലെ വരാത്ത ഡോക്ടറെ കാത്തുനിന്ന് മരണം ഏറ്റുവാങ്ങുന്നു. ചുരുക്കി പറഞ്ഞാല്‍ അസമത്വം. തന്റേയും തന്റെ അയലത്തുകാരന്റേയും ജീവിതനിലവാരം തമ്മിലുള്ള അസമത്വം, അതില്ലാതാക്കാനുള്ള തത്രപ്പാടാണ് പരിസ്ഥിതിനാശം പോലുള്ള കടുംകൈകള്‍ക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നാണെനിക്കു തോന്നുന്നത്.എന്നാല്‍ മുഴുപ്പട്ടിണിയായ കേരളജനസംഖ്യയുടെ 15% ജനത്തെ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നതെന്നു കൂടി നിങ്ങളോര്‍ക്കണം.
              സാന്ദര്‍ഭികമായി പറഞ്ഞുപോയതാണിതെല്ലാം സത്യത്തില്‍ ഞാന്‍ പറയാന്‍ വന്നകാര്യം മറ്റൊന്നാണ്. മലിനീകരണവുമായി ബന്ധപെട്ട, എന്നാല്‍ ആരും നാളിതുവരെ ചൂണ്ടിക്കാണിക്കാത്ത ഒരു മേഖല ചൂണ്ടിക്കാണിക്കാനാണ് ഞാനീ അവസരം വിനിയോഗിക്കുന്നത്.നമ്മുടെ സാമൂഹ്യമണ്ഡലത്തില്‍ വീശിയടിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യേകതരം മലിനീകരണം - നുണ, കുന്നായ്മ,അപവാദപ്രചരണം,വിവാദനിര്‍മ്മാണം എന്നിവയൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്.ഈയടുത്തകാലത്ത് ഈ മലിനീകരണത്തിന്റെ തോത് വളരെ രൂക്ഷമായി ഉയര്‍ന്നിരിക്കുന്നു.കഴിഞ്ഞ പാര്‍ലമെന്റ്, പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് ഈ മലിനീകരണം അതിരൂക്ഷമായിരുന്നു.നമ്മുടെ കൊച്ചുകേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരീക രംഗമാകെ മലീമസമാക്കി, സംസ്കാരമുള്ളവര്‍ക്ക് ഇവിടം വാസയോഗ്യമല്ലാതാക്കി ആ മലിനീകരണം. പിന്നെ പിന്നെ ഓരോ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസഹ്യമായ ആ മലിനീകരണം ഉയര്‍ന്നു വന്നത്.പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അത്ര രൂക്ഷമായില്ലെങ്കിലും നെയ്യാറ്റിങ്കര തിരഞ്ഞെടുപ്പില്‍ ഈ മലിനീകരണം സര്‍വ അതിരുകളും ലംഘിക്കുന്ന ഭീതിദമായ കാഴ്ചയാണ്  നാം കാണുന്നത്.
              ഈ മലിനീകരണം വെറും ഒരുതമാശക്കാര്യമായി ആരും കാണരുതെന്ന് ഞാനഭ്യര്‍ത്ഥിക്കുകയാണ്.കാരണം അച്ചടി മാധ്യമം വഴി ഈ നാടിനെ മുഴുവന്‍ മലീമസമാക്കാന്‍,മാരകമായ വിഷപ്രയോഗത്തില്‍ മുക്കാന്‍ എത്ര ടണ്‍ തടി നമ്മുടെ അവശേഷിക്കുന്ന അല്പമാത്രമായ കാടുകളില്‍ നിന്ന് വെട്ടിത്തള്ളിയിട്ടുണ്ടാകും? ദൃശ്യമാധ്യമങ്ങളിലൂടെ സമ്പ്രേക്ഷണം ചെയ്യാന്‍ എത്ര വാട്ട് കറന്റ് ഉപയോഗിച്ചിട്ടുണ്ടാകും? അതിന്റെ ഉല്പാദനത്തിനായി എത്രമാത്രം മലിനീകരണം നടന്നിട്ടുണ്ടാകും.അപ്പോള്‍ സമൂഹ്യാന്തരീക്ഷത്തിലുണ്ടാക്കുന്ന ഈ അദൃശ്യമലിനീകരണം നമ്മുടെ ഭൌതീകപരിസ്ഥിതിയെ വരെ കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുകയാണ്.
              എന്നാല്‍ ഈ മലിനീകരണത്തിനെതിരെ ഒരു പരിസ്ഥിതി സംഘടനയും നാളിതുവരെ ശബ്ദമുയര്‍ത്തിയതായി കണ്ടിട്ടില്ല,കേട്ടിട്ടില്ല.പുരക്കുമീതെ ചാഞ്ഞുനില്‍ക്കുന്ന ഒരു മരം വെട്ടാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രക്ഷോഭം നടത്താന്‍ പോലും മടിക്കാത്തത്ര തീവ്ര പരിസ്ഥിതിസംഘടനകളുള്ള ഈ നാട്ടില്‍ ഇത്രയും മാരകമായ ഒരു മലിനീകരണത്തിനെതിരെ ഇതുവരെ ആരും ശബ്ദമുയര്‍ത്തിയില്ല എന്നത് ഖേദകരമാണ്.

Post a Comment