കടിക്കുന്ന പട്ടികള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                     പട്ടികളെ - വളര്‍ത്തു മൃഗങ്ങളെ - മനുഷ്യന്‍ വളര്‍ത്താന്‍ തുടങ്ങിയത് ചരിത്രാതീതകാലം മുതലാണെന്ന് പറയപ്പെടുന്നു എന്നല്ലാതെ കൃത്യമായ ഒരു കാലം അതിനു പറയാനാവില്ല എന്നതാണ് സത്യം.മൃഗങ്ങളേയും മറ്റും കൊന്നു തിന്നിരുന്ന മനുഷ്യന്‍ അവന്റെ ഭക്ഷ്യാവശിഷ്ടങ്ങള്‍ തന്റെ ആവാസത്തിനു സമീപം തന്നെ ഉപേക്ഷിക്കുകയും അത് തിന്നാന്‍ മണം പിടിച്ച് ചെന്നായയുടെ കുലത്തില്‍ പെടുന്നതും മറ്റുമായി എത്തുകയും ചെയ്തിരിക്കണം.പിന്നീട് ഇങ്ങനെ മനുഷ്യനെ ചുറ്റിപറ്റി നിന്നാല്‍ ഭക്ഷണം തരപ്പെടുത്താമെന്ന് അവരിലൊരു വിഭാഗം കണ്ടെത്തുകയും അവര്‍ കാടും തന്റെ ബന്ധുക്കളേയും ഉപേക്ഷിച്ച് മനുഷ്യന്റെ പിന്നാലെ കൂടുകയും ചെയ്തിരിക്കണം.
                             അങ്ങനെ പിന്നാലെ കൂടിയ ഇന്നത്തെ പട്ടിയുടെ പിന്‍‌മുറക്കാര്‍ തന്റേയും മനുഷ്യന്റേയും ശത്രുക്കളായ മൃഗങ്ങളും അതു പോലെ തന്നെ ഭക്ഷ്യയോഗ്യമായ ജന്തുക്കളും സമീപത്തുവരുമ്പോള്‍ മുരളുക,കുരയ്ക്കുക തുടങ്ങിയ ചില കലാപരിപാടികളിലൂടെ മനുഷ്യനെ വിവരം അറിയിക്കുകയും അങ്ങനെ ഇവരുമായുള്ള ബന്ധം ഒരു പരസ്പരസഹായ സഹകരണ സംഘമായി മാറുകയും ചെയ്തിരിക്കണം.ഏതായാലും ആ പുരാതനകാലഘട്ടം മുതല്‍ പട്ടിയും മനുഷ്യനുമായുള്ള ബന്ധം വളര്‍ന്നു വികസിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.മനുഷ്യരില്‍ തന്നെ പലജാതികളുണ്ടെന്നതു പോലെ പട്ടികളിലും ഇങ്ങനെ പല ജാതികളെ കാണാവുന്നതാണ്.കൊച്ചമ്മമാരുടെ മടിയില്‍ ജീവിതനിര്‍വൃതി കണ്ടെത്തുന്ന പോമറേനിയനുകള്‍ വരെ പൊതുവേ പട്ടികള്‍ എന്നാണറിയപ്പെടുന്നതെങ്കിലും ഇവിടെ പരാമര്‍ശിക്കുന്നത് ആ പഴയ കര്‍ത്തവ്യം - മനുഷ്യനും അവന്റെ ചുറ്റുപാടുകള്‍ക്കും കാവല്‍ നില്ക്കുകയും ഒരിലയനങ്ങിയാല്‍ പോലും കുരച്ച് തങ്ങളുടെ യജമാനനെ അറിയിക്കുകയും ചെയ്യുന്ന ആ ക്ലാസിക്ക് വര്‍ഗത്തെ കുറിച്ചുമാത്രമാണ്.
                          തങ്ങള്‍ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കുന്നവനെ തങ്ങളുടെ യജമാനനായിക്കണ്ട് അയാള്‍ക്ക് മാത്രം സ്വജീവന്‍ പോലും തൃണവല്‍ക്കരിച്ച് സംരക്ഷണം നല്‍കുക, അല്ലെങ്കില്‍ തങ്ങളെ പൂര്‍ണമായും സംരക്ഷിക്കും എന്നുറപ്പുള്ള നായ്ക്കള്‍ക്ക് മാത്രം ഭക്ഷണവും സംരക്ഷണവും എന്ന ഒരു നയമാണ് ഇവര്‍ തമ്മിലെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഇവിടെ ഇക്കാര്യം ചെയ്യാന്‍ ഈ നായ്ക്കള്‍ സത്യമോ ധര്‍മ്മമോ കുലവംശമോ ഒന്നും നോക്കാറില്ല. എന്നുവച്ചാല്‍ പോലീസിന്റെ നായ് കള്ളനെ കണ്ട് കുരക്കുമ്പോള്‍ കള്ളന്റെ നായ് പോലീസിനെ കാണുമ്പോഴായിരിക്കും കുരക്കുക.തങ്ങളുടെ യജമാനന്‍ കള്ളനാണോ, കൊലപാതകിയാണോ, തീവ്രവാദിയാണോ, അട്ടിമറിക്കാരനാണോ, പോലീസാണോ,അതിര്‍ത്തികാക്കുന്ന ജവാനാണോ, നാട്ടിലെ അറിയപ്പെടുന്ന വേശ്യയാണോ എന്നൊന്നും ഈ നായ്ക്കള്‍ കാര്യമായി ഗൌനിക്കാറില്ല.പകരം തങ്ങളുടെ സംരക്ഷകന്‍ ആരായിരുന്നാലും അയാള്‍ എന്തു ചെയ്താലും അതിനു മുഴുവന്‍ സംരക്ഷണം നല്‍കുക,അതിനെ സംരക്ഷിക്കാന്‍ എന്തും ചെയ്യുക എന്നത് തങ്ങളുടെ കുലധര്‍മ്മമായി ഈ നായ്ക്കള്‍ കാണുന്നു.
                         ഉദാഹരണത്തിന് ഒരു കള്ളന്റെ പട്ടി തന്റെ മുതലാളിയെ അറസ്റ്റു ചെയ്യാന്‍ വരുന്ന പോലീസുകാരനെ കടന്നാക്രമിക്കുന്നത് നമുക്ക് കാണാം. കള്ളന്‍ സമൂഹത്തിലെ പുഴുക്കുത്താണെങ്കിലും അവനെ പിടിക്കാന്‍ വരുന്ന പോലീസ് സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് വരുന്നതെന്നും പട്ടി ഗൌനിക്കാറില്ല.അവനെ സംബന്ധിച്ചിടത്തോളം അവന് അവന്റെ മുതലാളിയുടെ കാര്യത്തില്‍ മാത്രമേ താല്പര്യമുള്ളൂ.അത് കള്ളനായാലും കൊള്ളാം പോലീസായാലും കൊള്ളാം അവന്റെ മുതലാളി സംരക്ഷിക്കപ്പെടേണ്ടവനാണ് എന്നു മാത്രം അവനറിയാം.ഇനി കഷ്ടകാലത്തിന് ഒരു പട്ടി മരിച്ചുപോയി എന്നിരിക്കട്ടെ, യാതൊരു മനസാക്ഷിക്കുത്തും കൂടാതെ ആ മുതലാളി പോയി മറ്റൊരു പട്ടിയെ സ്വന്തമാക്കുന്നതും ആ പുതിയ പട്ടിയെ പഴയ പട്ടിയുടെ എല്ലാം നല്‍കി അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും കാണാം.അതുപ്പൊലെ തന്നെ നിലവിലെ ഉടമസ്ഥനെ വിട്ടുപിരിയാതിരിക്കാന്‍ ഒരു പട്ടി ശ്രമിക്കുമെങ്കിലും ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടു പോയാല്‍ അടുത്ത നിമിഷം തന്നെ അവന്‍ മറ്റൊരു മുതലാളിയുടെ പിന്നാലെ വാലാട്ടി നടക്കുന്നതും കാണാം.
                     എന്നാല്‍ തങ്ങളുടെ പഴയകാല ജീവിതം -കാട്ടില്‍ സ്വൈര്യമായി വേട്ടയാടി ജീവിക്കുക എന്നത് - തുടര്‍ന്നുകൊണ്ടുപോവുന്ന ആ യഥാര്‍ത്ഥ പട്ടികളെ എണ്ണത്തില്‍ കുറവാണെങ്കിലും നമുക്ക് കാണാം.എന്നാലവര്‍ എണ്ണത്തില്‍ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ് എന്നത് നാം ജീവിച്ചിരിക്കുന്ന സമൂഹത്തിന്റെ അപചയം എന്നേ പറയേണ്ടതുള്ളൂ.
                               (അവസാനവാചകത്തില്‍ പൂച്ച പുറത്തു ചാടിയതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ് തരാന്‍ ഉദ്ദേശിക്കുകയാണ്.ഈ പോസ്റ്റ് യു ഡി എഫില്‍ നിന്നും അവിഹിത സൌജന്യം പറ്റി എല്‍ ഡി എഫിന്റെ മെക്കിട്ടുകയറുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ചല്ല.അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിഹിതമായതു നല്‍കി സ്വന്തം വരുതിക്കു നിറുത്തിയിരിക്കുന്ന യു ഡീ ഫിനെക്കുറിച്ചുമല്ല.കാര്യം എല്‍ ഡി എഫിനെ ഏറ്റവും കൂടുതല്‍ പുലഭ്യം പറയുന്നത് ഏറ്റവും കൂടുതല്‍ അവിഹിതം പറ്റിയ മനോരമ( 11 പത്രപ്രവര്‍തകര്‍ക്ക് പണം കൊടുക്കാതെ ഫ്ലാറ്റ്)യാണെങ്കിലും, പുലഭ്യം പറയലില്‍ രണ്ടാമത് നില്‍ക്കുന്ന മാതൃഭൂമിയാണ് അവിഹിതത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും ( 6 പേര്‍) അതും മേല്‍ പോസ്റ്റുമായി യാതൊരു ബന്ധവും നിങ്ങള്‍ ആരോപിച്ചു പോവരുത്.

4 comments :

  1. എന്നാല്‍ തങ്ങളുടെ പഴയകാല ജീവിതം -കാട്ടില്‍ സ്വൈര്യമായി വേട്ടയാടി ജീവിക്കുക എന്നത് - തുടര്‍ന്നുകൊണ്ടുപോവുന്ന ആ യഥാര്‍ത്ഥ പട്ടികളെ എണ്ണത്തില്‍ കുറവാണെങ്കിലും നമുക്ക് കാണാം.എന്നാലവര്‍ എണ്ണത്തില്‍ കുറഞ്ഞുവന്നുകൊണ്ടിരിക്കുകയാണ് എന്നത് നാം ജീവിച്ചിരിക്കുന്ന സമൂഹത്തിന്റെ അപചയം എന്നേ പറയേണ്ടതുള്ളൂ.

    ReplyDelete
  2. ഇവിടെ ഇക്കാര്യം ചെയ്യാന്‍ ഈ നായ്ക്കള്‍ സത്യമോ ധര്‍മ്മമോ കുലവംശമോ ഒന്നും നോക്കാറില്ല. എന്നുവച്ചാല്‍ പോലീസിന്റെ നായ് കള്ളനെ കണ്ട് കുരക്കുമ്പോള്‍ കള്ളന്റെ നായ് പോലീസിനെ കാണുമ്പോഴായിരിക്കും കുരക്കുക.തങ്ങളുടെ യജമാനന്‍ കള്ളനാണോ, കൊലപാതകിയാണോ, തീവ്രവാദിയാണോ, അട്ടിമറിക്കാരനാണോ, പോലീസാണോ,അതിര്‍ത്തികാക്കുന്ന ജവാനാണോ, നാട്ടിലെ അറിയപ്പെടുന്ന വേശ്യയാണോ എന്നൊന്നും ഈ നായ്ക്കള്‍ കാര്യമായി ഗൌനിക്കാറില്ല.പകരം തങ്ങളുടെ സംരക്ഷകന്‍ ആരായിരുന്നാലും അയാള്‍ എന്തു ചെയ്താലും അതിനു മുഴുവന്‍ സംരക്ഷണം നല്‍കുക,അതിനെ സംരക്ഷിക്കാന്‍ എന്തും ചെയ്യുക എന്നത് തങ്ങളുടെ കുലധര്‍മ്മമായി ഈ നായ്ക്കള്‍ കാണുന്നു.

    ReplyDelete
  3. സാറെ കലക്കന്‍ ഞാന്‍ ഇതില്‍ നിന്ന് ഒരു ഭാഗം കോപ്പി ചെയ്തു ഭൂലോകം .കോം ഇലെ എന്റെ പോസ്റ്റിനു വന്ന ഒരു കമന്റിനു മറുപടിയായി ഇട്ടിട്ടുണ്ട് കൂട്ടത്തില്‍ ഇതിന്ടെ ലിങ്കും. ദേഷ്യം ഇല്ലല്ലോ അല്ലെ?.

    ReplyDelete
    Replies
    1. നന്നായി,എന്റെ ബ്ലോഗിനല്ല പ്രാധാന്യം അതില്‍ഊടെ ഞാന്‍ പറയാന്‍ ശ്രമിക്കന്ന കാര്യങ്ങള്‍ക്കാണ്.അതുകൊണ്ട് അത് എങ്ങനെ വേണമെങ്കിലും ആര്‍ക്കും ഉപയോഗിക്കാം.(പോസ്റ്റില്‍ എന്താണോ ഉദ്ദേശിച്ചിരിക്കുന്നത് അതിനു വിരുദ്ധമായി അര്‍ത്ഥം വരരുതെന്നു മാത്രം.)

      Delete