പ്രവാസം

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കാലം ഒരു പ്രശ്നമല്ല കാലങ്ങള്‍ക്കതീതമായി ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.ശരി അപ്പോള്‍ തുടക്കം ഇങ്ങനെ:-
                 പാലാ കോട്ടയം ഭാഗത്തുനിന്നും ആളുകള്‍ കൂട്ടത്തോടെ പൊയ്ക്കൊണ്ടേയിരുന്നു,അങ്ങു ദൂരെയുള്ള ആ വാഗ്ദത്ത ഭൂമിയിലേക്ക്, മലബാറിലേക്ക്.കയ്യിലുള്ളതുമുഴുവന്‍ കിട്ടിയ വിലക്ക് വിറ്റ് അവര്‍ കുഞ്ഞുകുട്ടി പരാധീനങ്ങളും കൊട്ടവട്ടി സാധനങ്ങളുമായി ബസ്സ് കാത്തുനിന്ന്, ബസ്സുവന്നപ്പോള്‍ കണ്ടക്ടര്‍ക്ക് കൈ മടക്ക് കൊടുത്ത് ബസ്സില്‍ ഇടിച്ചു തൂങ്ങിക്കിടന്ന് ഛര്‍ദ്ദിച്ച് വഷളാക്കി ആലുവാ റെയില്‍‌വേ സ്റ്റേഷനിലിറങ്ങി ട്രെയിന്‍ വരാന്‍ ടിക്കറ്റെടുത്ത് കാത്തുകെട്ടിക്കിടന്ന് ബസ്സുയാത്ര ആവര്‍ത്തിച്ച് കോഴിക്കോടും തലശ്ശേരിയിലും കണ്ണൂരും ഇറങ്ങി ചിതറിപ്പോയി.കോഴിക്കോടിറങ്ങിയവര്‍ പിന്നേം ബസ്സുകയറി വയനാടെത്തി.അവിടങ്ങളിലൊക്കെ ഏജന്റുമാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.കയ്യിലുള്ള പണം മുഴുവന്‍ അയാള്‍ക്ക് പൊലിച്ച്, ജന്മിയെക്കണ്ട് മണ്ണു വാങ്ങി അവരദ്ധ്വാനിക്കാനിറങ്ങി.
              മലയാളത്തിലെ അറിയപ്പെടുന്ന ആദ്യ സംഘടിത കുടിയേറ്റം.അത് വിശദമായി പകര്‍ത്തിവച്ച എസ്.കെ പൊറ്റക്കാട് എഴുതുന്നു, വീട്ടുസാമാനം മുഴുവന്‍ കാളവണ്ടിയില്‍ കയറ്റി ആ കുടുംബം മുന്നോട്ട് നീങ്ങുമ്പോള്‍ വഴിയരികിലെ പറംബില്‍ കിളച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചേട്ടന്‍ ചോദിച്ചു:- എടാ മാത്തുവേ, ഇതെങ്ങോട്ടാടാ കൂവേ?. ഓ എന്നാ പറയാനാ ഞങ്ങളങ്ങ് പോകുവാന്നേ, മാത്തച്ചന്റെ മറുപടി. എടാവേ, ഞാനിവിടെ ഒറ്റാംതടിയാ, ഞാനുമങ്ങ് പോന്നാലോടാ ഉവ്വേ, വര്‍ക്കി ചോദിച്ചു.മാത്തച്ചനാലോചിച്ചപ്പോള്‍ അവന്‍ കൊള്ളാം, ഒറ്റാംതടി, ഒറ്റക്ക് ഒരു പത്താളുടെ പണി ചെയ്യും, തിന്നാന്‍ കൊടുക്കണമെന്നേയുള്ളൂ.അവന്‍ വരുന്നത് എന്തായാലും തനിക്കൊരു നേട്ടമായിരിക്കും. എന്നാ ആയിക്കോട്ടടാവ്വേ, മാത്തച്ചന്‍ സമ്മതം മൂളി.വര്‍ക്കി ഉത്സാഹത്തോടെ അരയില്‍ ചുറ്റിയതെടുത്ത് തലയില്‍ കെട്ടി, തലയില്‍ ചുറ്റിയതെടുത്ത് അരയില്‍ ചുറ്റി, എന്നിട്ടു പറഞ്ഞു പാം, ഞാന്‍ റെഡി.
                 ഈ പ്രവാഹം വളരെക്കാലം നീണ്ടുനിന്നു.കോട്ടയം പാലാ ഭാഗത്തുനിന്നും അദ്ധ്വാനശീലരായ കൃഷിക്കാരെ വയനാട് കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഫ്യൂഡല്‍ പ്രഭുക്കളുടെ ഏജന്റുമാര്‍ വലവീശിപ്പിടിച്ച് പ്രലോഭിപ്പിച്ച് നാടുകയറ്റി വയനാട് കണ്ണൂര്‍ ഭാഗങ്ങളിലെ പകല്‍ പോലും സൂര്യന്‍ എത്തിനോക്കാത്ത കാടുകള്‍ വെട്ടിത്തെളിച്ച് കാട്ടുമൃഗങ്ങളോടും  മലമ്പനിയോടും ഏറ്റുമുട്ടി കാട് നാടാക്കിയ കഥ അവിടെ തുടങ്ങുന്നു,അറിയപ്പെടുന്ന കേരളചരിത്രത്തിലെ പ്രവാഹവും.
                      പിന്നീട് ഈ പ്രവാഹം ബോംബേയിലേക്കായി.ആദ്യമാദ്യം, വിദ്യയുണ്ടായിട്ടും പണികിട്ടാതെ നാടിനും വീടിനും പ്രശ്നമായി അവസാനം കള്ളവണ്ടി കയറി പോയ രവി ഓര്‍ക്കാത്തൊരു നാള്‍ വലിയ പെട്ടിയും ഒക്കെ ആയി തിരിച്ചു വന്നപ്പോഴാണാ കഥ ആരംഭിക്കുന്നത്.ദൂരെ ദൂരെ കേരളത്തില്‍ നിന്നുമൊക്കെ വളരെ അകലെ ബോംബേ എന്നൊരു വലിയ പട്ടണമുണ്ടെന്നും പത്താം ക്ലാസും ടൈപ്പുമ്പഠിച്ചു ചെല്ലുന്ന ആര്‍ക്കും അവിടെ പണിയുണ്ടെന്നതും മലയാളികൊരു പുതിയ അറിവായിരുന്നു.പിന്നെ നിലക്കാത്ത പ്രവാഹമായിരുന്നു, ആദ്യം പത്താംക്ലാസു പാസാവാന്‍, പിന്നെ ടൈപ്പു പഠിച്ചു പാസ്സാവാന്‍, പിന്നെ ബോംബേയിലേക്കു പോകാന്‍.പോകുന്നവനൊക്കെ ആദ്യമാദ്യം പണക്കാരനായും പിന്നെ പിന്നെ ജീവിക്കാനുള്ളതു സംബാദിക്കുന്നുവെന്നതും പുതിയ കുട്ടികളെ അങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടേയിരുന്നു.
                             പിന്നീട് ചിത്രം മാറി. അവസാനം പോയവനൊക്കെ മാന്യമായൊരു നിലകിട്ടാതെ വന്നപ്പോള്‍ ആ ഒഴുക്ക് പതിയെ പതിയെ അവസാനിക്കാന്‍ തുടങ്ങി.അപ്പോഴാണ് പുതിയൊരു സംഭവവികാസം.ബോംബെയില്‍ വന്ന് ചരക്കിറക്കി തിരിച്ചുപോയ ഒരു പത്തേമാരിയില്‍ കയറി ഒരു പറ്റം ഭാഗ്യാന്വേഷികള്‍ പുറപ്പെട്ടു. പണ്ട് കൊളംബസ് ഇന്‍ഡ്യ കണ്ടെത്താന്‍ പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവ്യക്തമെങ്കിലും ഒരു ലക്ഷ്യമുണ്ടായിരുന്നു, ഇന്‍ഡ്യയിലെത്തുക എന്നത്.എന്നാല്‍ ഈ ചെറുപ്പക്കാര്‍ക്ക് അങ്ങനെ മുന്നിലൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല.വെറും ഭാഗ്യന്വേഷണം മാത്രം.പത്തേമ്മാരി അധികാരികള്‍ പൊലും ശരിയായൊരു ഉറപ്പ് ആര്‍ക്കും നല്‍കിയിരുന്നില്ല.ഗള്‍ഫ് മേഖലയിലെ കരയില്‍ പോലും ഇവരെ ഇറക്കിവിടാനവര്‍ തയ്യാറായില്ല, പകരം പുറങ്കടലില്‍ അവരെ തള്ളിയിടുകയാണുണ്ടായത്.തടിമിടുക്കും ഭാഗ്യവുമുള്ളവര്‍ നീന്തി കരകയറി, അവരെ കാത്തിരുന്നത് അറബി പോലീസും ശരിയല്ലാത്ത കാലാവസ്ഥയും.എങ്കിലും അവരവിടെ പിടിച്ചുനിന്നു.
                       ഇത് പലവട്ടം ആവര്‍ത്തിക്കപ്പെട്ടു.അങ്ങനെ ഇവരവിടെ ഒരു നല്ല സാന്നിധ്യമായി മാറി, ശരിയായ രീതിയില്‍ വിസയും പാസ്പോര്‍ട്ടുമൊക്കെയായി യുവജനങ്ങള്‍ അങ്ങോട്ട് ഒഴുകാന്‍ തുടങ്ങി.ഗല്‍ഫിലെ കരന്‍സിയും നമ്മുടെ കരന്‍സിയും തമ്മിലുള്ള വ്യത്യാസം നമ്മുടെ യുവജനങ്ങളെ കൂടുതല്‍ കൂടുതല്‍ അങ്ങോട്ട് ആകര്‍ഷിക്കാന്‍ തുടങ്ങി.ഗള്‍ഫില്‍ പോകുന്നവര്‍ക്കായുള്ള പുതിയ പുതിയ കോഴ്സുകള്‍( ഗള്‍ഫിലെ മാര്‍ക്കറ്റനുസരിച്ച്) ഇവിടെ തുടങ്ങി.ഗള്‍ഫില്‍ പോകുന്നവര്‍ക്കായി നിരവധി സൌകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തുകൊണ്ട് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ പ്രവാഹത്തെ പ്രോത്സാഹിപ്പിച്ചു.ഗള്‍ഫ് കാരന് നാട്ടിലും വീട്ടിലും ഒക്കെ നിലയും വിലയുമായി .സുന്ദരിമാരായ തങ്ങളുടെ പെണ്മക്കളെ ഗള്‍ഫ് കാരന് കെട്ടിച്ചുകൊടുക്കാന്‍ അച്ഛന്‍‌മാര്‍ ഗള്‍ഫ്കാരുടെ വീട്ടില്‍ ക്യൂ നിന്നു.ഗള്‍ഫ്കാരന്‍ മാത്രം ആണ്‍‌കൂട്ടിയും ബാക്കിയൊക്കെ അങ്ങനെയല്ലാത്തവരും  എന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ വളര്‍ന്നു.
                      പതിയെ പതിയെ ഇതിനും ഒരു കൊടിയിറക്കം തുടങ്ങിയിരിക്കുന്നു.ഗള്‍ഫിലെ അവസരങ്ങള്‍ കുറയാന്‍ തുടങ്ങിയിരിക്കുന്നു, ഉള്ള അവസരങ്ങളിലെ തന്നെ ശമ്പളവും മറ്റു വരുമാനങ്ങളുമൊക്കെ കുറയാന്‍ തുടങ്ങിയിരിക്കുന്നു.പുതിയൊരു സാദ്ധ്യതയെക്കുറിച്ച് നാം അന്വേഷിക്കേണ്ട സമയം ആയിരിക്കുന്നു.നമ്മുടെ നാടിനുവേണ്ടി മാത്രം നാമൊന്നും ചെയ്യാന്‍ പാടില്ലല്ലോ അല്ലെ.
                        പിന്നെ ഇപ്പോള്‍ കാണുന്ന ഒരു പുതിയ പ്രതിഭാസം എന്താണെന്നു വച്ചാല്‍  നമ്മുടെ നാട്ടില്‍ നിന്നും കയറിപൊകുന്നവരുടെ എത്രയോ ഇരട്ടിയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് വന്നു ചേരുന്നത്.ദിനം തോറും ആയിരക്കണക്കിനാളുകളാണിവിടേക്ക് ജോലി തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നു ചേരുന്നത്.എന്നുമാത്രമല്ല ആദ്യമാദ്യം ഇതുകണ്ട് തരിച്ചുനിന്ന നമ്മള്‍ ഇതാ ഇപ്പോള്‍ ഹിന്ദി അദ്ധ്യാപകരെ ട്യൂഷന്‍ വച്ച് ഹിന്ദി പഠിക്കാനും തുടങ്ങിയിരിക്കുന്നു.ബസ്സിന്റെ ബോര്‍ഡുകളും കടകളുടെ ബോര്‍ഡുകളുമെല്ലാം നാം ഹിന്ദിയിലേക്ക് മാറ്റിയിരിക്കുന്നു.കണ്ടക്ടര്‍മാര്‍ വളരെ സ്വാഭാവീകമായി മലയാളികളോടുപോലും ഹിന്ദിയില്‍ കാര്യങ്ങളന്വേഷിക്കുന്നു.അങ്ങനെ കേരളം ഒരു ഹിന്ദിളം ആയി അല്ലെങ്കില്‍ ഒരു ബീഹാറിളം ആയി പതിയെ പതിയെ മാറിക്കൊണ്ടിരിക്കുന്നു.അതായത് ഹിന്ദി വാലാ ആത്മി ചെല്ലുന്നിടത്തെല്ലാം അവന്റെ ഭാഷയും സംസ്കാരവും കൂടെ കൊണ്ടുപോകുന്നു,അതു പാലിക്കുന്നു.എന്നാല്‍ നമ്മള്‍ മലയാളികളോ, നമ്മളെവിടെ ചെല്ലുന്നോ അവിടത്തെ സംസ്കാരത്തോട് നാം ഇഴുകിച്ചേരുകയും മലയാളഭാഷയും സംസ്കാരവും നാം മറക്കുകയും ചെയ്യുന്നു.
                        വല്ലപ്പോഴും തിരിച്ചു നാട്ടിലെത്തിയാല്‍ നാം കണ്ണുകള്‍ ഉരുട്ടാവുന്നിടത്തോളം ഉരുട്ടിത്തള്ളിപ്പിടിച്ചുകൊണ്ട് അമ്മാ ഈ തെങ്ങേലും മരത്തേലുമൊക്കെ കയറി ഞറുങ്ങണം പിറുങ്ങണം തൂങ്ങിക്കിടക്കുന്ന ഒരു വള്ളിയുണ്ടല്ലോ അമ്മാ എന്നുപറയുന്ന ആ അവസ്ഥയിലാണു നമ്മള്‍ മലയാളികള്‍.എന്നിട്ടും ആ പാവം സ്വാധ്വിയായ സ്ത്രീ പറഞ്ഞുകൊടുക്കും :- മോനേ അത് കാച്ചിലല്ലയോടാ മക്കളേ എന്ന്
ശാന്തം പാവം!

3 comments :

  1. അതായത് ഹിന്ദി വാലാ ആത്മി ചെല്ലുന്നിടത്തെല്ലാം അവന്റെ ഭാഷയും സംസ്കാരവും കൂടെ കൊണ്ടുപോകുന്നു,അതു പാലിക്കുന്നു.എന്നാല്‍ നമ്മള്‍ മലയാളികളോ, നമ്മളെവിടെ ചെല്ലുന്നോ അവിടത്തെ സംസ്കാരത്തോട് നാം ഇഴുകിച്ചേരുകയും മലയാളഭാഷയും സംസ്കാരവും നാം മറക്കുകയും ചെയ്യുന്നു.

    ReplyDelete
  2. ഈ പ്രവാസപ്രവണത ചരിത്രാതീതകാലം മുതൽ തുടങ്ങിയതാണ്.

    ReplyDelete
  3. ഗള്‍ഫിന്റെ ആകര്‍ഷണ ശക്തിഒക്കെ കുറഞ്ഞു തുടങ്ങി ഇരിക്കുന്നു നന്നായിട്ട് പണി എടുത്താല്‍ നാട്ടില്‍ തന്നെ പതിനായിരത്തിന് മുകളില്‍ സമ്പാദിക്കവുന്നിടത്തു വല്ല നാട്ടിലും വന്നു കിടന്നു വെയിലു കൊള്ളേണ്ട കാര്യമുണ്ടോ ? ജീവിത രീതിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും യുറോപിനോട് കിടപിടിക്കുന്ന കേരളം വിട്ടിട്ടു അക്കരപച്ച തേടാന്‍ മലയാളി ശ്രമിച്ചു കൊണ്ടേ ഇരിക്കും അത് നമ്മുടെ ദുരഭിമാനത്തിന്റെ ഭാഗമാണ് .നല്ല ലേഖനം ആശംസകള്‍ മോഹനേട്ടാ......

    ReplyDelete