അന്നം വിഷമാകുമ്പോള്‍!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ സിനേറിയ കണ്ടിട്ടില്ലേ, കൊലപാതകം നടക്കുന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം വരുന്നു കൊലപാതകികള്‍ മാര്‍ക്സിസ്റ്റുകാര്‍ തന്നെയെന്ന്.ഇതുതന്നെ വേറൊരു തലത്തില്‍ നടക്കുന്നതു കണ്ടോ:- ആദ്യദിവസം നടന്‍ തിലകന്റെ മകനും കുടുംബവും തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലാകുന്നു.പിറ്റേന്ന് അതേ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ പാഴ്‌സല്‍ വാങ്ങി ബസ്സില്‍ ബാംഗളൂര്‍ക്കു പോയ വിദ്യാര്‍ത്ഥി മരിച്ചു.ഇത്രയും നടന്നത്.പിറ്റേന്ന് ആദ്യം നടന്ന സംഭവം ആ ഹോട്ടല്‍ അടിച്ചു തകര്‍ക്കലാണ്.ആരാണ് എന്തിനാണ് എന്നൊന്നും ചോദിക്കരുത്, പക്ഷെ നടന്നത് അതാണ്.
 പിറ്റേന്ന് നാട്ടിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെല്ലാം കൂടി ഒന്നിച്ചങ്ങിറങ്ങി.അതോടെ എല്ലാ ഹോട്ടലുകളിലും പ്രശ്നമായി.തലേന്ന് വരെ ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരടക്കം നാട്ടുകാര്‍ മുഴുവനും സുഭിക്ഷമായി വെട്ടിവിഴുങ്ങിയതാണെന്നോര്‍ക്കണം.വെട്ടി വിഴുങ്ങിയിട്ടും ഒരുത്തനും ഒന്ന് തുമ്മിയിട്ടുപോലുമില്ല താനും.എല്ലായിടത്തും പ്രശ്നം.ഹെല്‍ത്ത് കാരോടൊപ്പം ചാനലുകാരും പണിക്കിറങ്ങി. ചാനലുകാരെന്നു പറഞ്ഞാല്‍ ഓരോ ചാനലീന്നും കാമറാമാന്‍, മൈക്കു പിടുത്തക്കാരന്‍, അവതാരകന്‍ അവന്റെ സില്‍ബന്ദികള്‍ ഒക്കെക്കൂടി ആകെ എത്രപേരെന്നു നോക്കിയേ!അവര്‍ ചവിട്ടിക്കൂട്ടി വൃത്തികേടാക്കിയ അടുക്കളകളും പരിസരങ്ങളുമല്ലെ നമ്മളെ കാണിച്ചത്.( ചാനലുകാരോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന് ഹോട്ടലുകാരോട്.)
കഥ നീണ്ടുപോകുന്നത് ഹെല്‍ത്ത്കാര്‍ക്കും ചാനലുകാര്‍ക്കും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല,പ്രത്യേകിച്ചും ചാനലുകാര്‍ക്ക്.അവര്‍ക്ക് വേറെയെന്തൊക്കെ വിഷയങ്ങളുണ്ട് പിടിക്കാന്‍ പിന്നെ നമ്മുടെ കേരളീയരല്ലെ ആളുകള്‍. ഒരു ദിവസം,അല്ലെങ്കില്‍ രണ്ടു ദിവസം, അതോടെ അവരുടെ രസം തീരും.പിന്നെ പുതിയതെന്തെങ്കിലും വേണം അവര്‍ക്ക്.
അങ്ങനെയാണ് ഹെല്‍ത്ത്കാര്‍ നേരത്തെ ഉന്നമിട്ടു വച്ചിരുന്ന നക്ഷത്ര ഹോട്ടലുകളിലേക്ക് ക്കയറിച്ചെന്നത്.നാളിതുവരെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും  തങ്ങളെ പ്രവേശിപ്പിക്കാത്തവരാണാ കാലന്മാര്‍.എന്നാ പിന്നെ പോട്ടെ വണ്ടി നക്ഷത്ര ഹോട്ടലുകളിലേക്ക്.അങ്ങനെ ചാനലുകാരും ഹെല്‍ത്ത് കാരും കൂടി അവിടെ കേറിയങ്ങ് ഉഴുതു. എന്നു തന്നെയല്ല പടം പിടിച്ച് ഹോട്ടലിന്റെ പേരു സഹിതം ചാനലിലും കൊടുത്തു.
അതോടെ ഹെല്‍ത്ത്കാര്‍ വിചാരിച്ചതുതന്നെ നടന്നു.ഒരു പട്ടണത്തില്‍ റെയ്‌ഡിനു നേതൃത്വം നല്‍കിയ ആളെത്തന്നെ കെട്ടുകെട്ടിച്ചു.അതോടെ എല്ലാ റെയ്ഡുകളും സ്വാഹാ!
എന്നു വച്ചാല്‍ ഹോട്ടലായ ഹോട്ടലുകളൊക്കെ നന്നായി, എല്ലാ പ്രശ്നങ്ങളും അവസാനിച്ചു.ഇനി ഷവര്‍മ്മ കഴിച്ച് ആരെങ്കിലും മരിക്കുന്നുണ്ടെങ്കില്‍ അത് വേറെ ആരോ കൂടോത്രം ചെയ്തതാണ് ഇത് സത്യം.സത്യം സത്യം.
ചന്ദ്രശേഖരന്‍ വധത്തിന്റെ ആരവങ്ങളൊഴിഞ്ഞു, നെയ്യാറ്റിന്‍‌കര തിരഞ്ഞെടുപ്പുകഴിഞ്ഞു, മാധ്യമങ്ങള്‍ക്ക് പെരുമാറാന്‍ , മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ അടിക്കാന്‍ പുതിയൊരു വടി കിട്ടി.അതുപോലെ പുതിയ പുതിയ ഇഷ്യൂകള്‍ വന്നപ്പോള്‍ ഭക്ഷ്യപ്രശ്നം ചാനലുകാര്‍ക്ക് തീര്‍ന്നെങ്കിലും നമ്മുടെ ജീവനാണ് നഷ്ടപ്പെടുന്നതുകൊണ്ടും ഇനിയും നഷ്ടപ്പെടാനുള്ളതെന്നതുകൊണ്ടും നമുക്കതങ്ങനെ വിടാന്‍ പറ്റുമോ?
അപ്പോള്‍ തുടങ്ങാം മോനെ ദിനേശാ!
ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന പ്രദേശം - അടുക്കള - വളരെ മോശം സ്ഥിതിയിലായിരിക്കും മിക്കവാറും എല്ലാ ഹോട്ടലുകളിലും.ചാനലുകാരും ഹെല്‍ത്ത് കാരും പറയുന്നതും കാണിച്ചു തന്നതും ഒക്കെ ശരിയാണ്, പക്ഷെ അത് ഇന്നോ ഇന്നലയോ അങ്ങനെയായതല്ല, കാലങ്ങളായി ഇങ്ങനെയായിരുന്നു.കുളിച്ചില്ലേലും ഡാഷ് പുരപ്പുറത്തു കിടക്കണമെന്നല്ലേ നമ്മുടെ പ്രമാണം.അതുതന്നെ ഹോട്ടലുകളും.
ഇനി ഇതിന്റെ മറ്റൊരു വശം:- കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടില്‍ ലോഡുമായിപ്പോയ ഒരു  ലോറി മറിഞ്ഞു.നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.അതിന്റെ ഭാഗമായി മറിഞ്ഞ വണ്ടിയില്‍ നിന്നും ഭാരചാക്കുകള്‍ ഇറക്കാന്‍ തുടങ്ങി നാട്ടുകാര്‍.പൊട്ടിയ ചാക്കുകളിലെല്ലാം,പൊട്ടാത്ത ചാക്കുകളിലും  കപ്പലണ്ടിയുടെ ഉണക്കതൊണ്ടായിരുന്നു.ലോറിക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ജനം ഞെട്ടിപ്പോയി.സമീപത്തുള്ള ഒരു മല്ലിപ്പൊടിഫാക്ടറിയിലേക്കായിരുന്നു ആ ലോഡ്.
കാര്യം പുടികിട്ടിയോ? മല്ലിപ്പൊടി എന്ന പേരില്‍ ഈ കമ്പനിയില്‍ നിന്നും പുറത്തുവരുന്നതില്‍ പകുതിയില്‍കൂടുതലും കപ്പലണ്ടിത്തൊണ്ടിന്റെ പൊടിയാണ്.സത്യത്തില്‍ നമുക്കുകിട്ടുന്ന നിത്യോപയോഗസാധനങ്ങളെയെല്ലാം ഇത്തരത്തില്‍ മായം ഗ്രസിച്ചിരിക്കുന്നു.മല്ലിപ്പൊടിയില്‍ കപ്പലണ്ടിത്തോടിന്റെ പൊടിയാണെങ്കില്‍ മുളകുപൊടിയില്‍ ഇഷ്ടികപ്പൊടിയാണത്രെ മായമായി ചേര്‍ക്കുന്നത്.ഓരോവസ്തുവിനും പകരം വയ്ക്കാന്‍ പറ്റിയ വസ്തുക്കള്‍ ഉണ്ടത്രെ.അരിയില്‍ കളറുകിട്ടാന്‍ ചെയ്യുന്ന പ്രവര്‍ത്തിയും അതിന്റെ പ്രവര്‍ത്തനവും ഒരിക്കല്‍ മനോരമ ചാനലില്‍ കാണിച്ചിരുന്നു.അതുകണ്ടാല്‍ പട്ടി പോലും ആ കഞ്ഞി കുടിക്കില്ല.
ഇന്ന് കഥ മാറി.ഇന്ന് മായമായി ചേര്‍ക്കുന്നത് മനുഷ്യനും മറ്റു ജീവികള്‍ക്കും മാരകമായിട്ടുള്ള രാസവസ്തുക്കളാണ്.കൃഷിക്കാര്‍ വില്പനക്കായുള്ളത്  ഒരു സ്ഥലത്തും സ്വന്തം ആവശ്യത്തിനായുള്ളത്  മറ്റൊരു സ്ഥലത്തുമാണത്രെ ഇന്ന് കൃഷിയിറക്കുന്നത്.എന്നുവച്ചാല്‍ സ്വന്തം ആവശ്യത്തിനുള്ളത്  രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഉണ്ടാക്കുമ്പോള്‍ വില്‍പ്പനക്കുള്ളത് അമിതരാസപ്രയോഗത്താല്‍ വലിയ വലുപ്പവും കാഴ്ച്ചക്ക് ആകര്‍ഷകത്വവും ഒന്നിച്ച് ഒരേസമയം വിളവെടുക്കാവുന്നതുമായി മാറ്റിയെടുക്കുന്നു.പണ്ട് ചന്തയില്‍ ചെന്നാല്‍ വലുപ്പവും പുഴുക്കുത്തില്ലാത്തതും നോക്കിയെടുത്തിരുന്നവര്‍ ഇന്ന് ചന്തയില്‍ ചെന്നാല്‍ ഏറ്റവും വലുപ്പം കുറഞ്ഞതും പുഴുക്കുത്തുള്ളതും നോക്കിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നത്രെ.ഒരു പാട് ഒരു പാട് ഇതിനെക്കുറിച്ച് പറയാനുണ്ട്.പക്ഷെ പറഞ്ഞിട്ടെന്തുകാര്യം?അപ്പോള്‍ ഇതും ഒരു പ്രശ്നമല്ലേ
ഇനിയുമുണ്ട് വേറെ കുറേ കാര്യങ്ങള്‍:- ഒന്നോര്‍ത്തു നോക്കിയാല്‍ വളരെ വൈവിധ്യം നീറഞ്ഞതും പോഷകസമ്പുഷ്ടവുമായ നിരവധി വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു നമ്മുടെ ഭക്ഷണക്രമം.നൂറ്റാണ്ടുകള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നാം ആര്‍ജിച്ചതാണീ ഭക്ഷണക്രമം.ദോശ + ചട്ടിണി + പഴം പുഴുങ്ങിയത്, അല്ലെങ്കില്‍ വിദേശിയാണെങ്കില്‍കൂടി നാമുമായി ഇണങ്ങിച്ചേര്‍ന്ന ഇഡ്ഡലി + ചട്ടിണി/സാമ്പാര്‍ + വട അല്ലെങ്കില്‍ പുട്ട് + കടലക്കറി + പപ്പടം ഒക്കെ നമ്മുടെ വയറു നിറക്കുന്നതോടൊപ്പം നമ്മൂടെ അദ്ധ്വാനത്തിനു വേണ്ടതായ പോഷകഗുണങ്ങളും പ്രദാനം ചെയ്തിരുന്നു.ഉച്ചഭക്ഷണമായാലും വൈകീട്ടത്തെ ഭക്ഷണമായാലും ഒക്കെ ഇതേ രീതിയിലുള്ള ചേരുവകള്‍ നാം അബോധമായിട്ടാണെങ്കിലും ഉണ്ടാക്കിയെടൂത്തിരുന്നു.കപ്പ(പൂള) + ചാള(മത്തി)ക്കറി + തെങ്ങിന്‍ കള്ള് എന്നതാണ് നമുക്ക് ലഭിക്കാവുന്ന എറ്റവും സമീകൃതാഹാരമെന്ന് എത്രപേര്‍ക്കറിയാം.
പക്ഷെ നമ്മുടെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ക്കു പോലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.ഭക്ഷണത്തിനായി നാം കൂടുതല്‍ കൂടുതല്‍ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു തന്നെയുമല്ല പുതിയ വീടുകളില്‍ നിന്നും അടുക്കളകള്‍ അപ്രത്യക്ഷമാകാനും തുടങ്ങിയിരിക്കുന്നു.
കായികമായി അദ്ധ്വാനിക്കാന്‍ മടിക്കുന്ന നമ്മള്‍ കഴിക്കുന്ന ഫാസ്റ്റ് ഫൂഡ് ,അതിലടങ്ങിയ അമിതമായ കൊഴുപ്പുകളും (പ്രകൃതിദത്തമായ കൊഴുപ്പുകളോടൊപ്പം സ്വാദും മണവുംവര്‍ദ്ധിപ്പിക്കാനുമൊക്കെയായി നാം കൃത്രിമകൊഴുപ്പുകളും മറ്റും) നമ്മൂറ്റെ ശരീരത്തില്‍ അടിഞ്ഞു കൂടുന്നു.എന്നാല്‍ ഇതിനെ ഊര്‍ജമായി മാറ്റാനുള്ള കായികാദ്ധ്വാനം ഒട്ടില്ല താനും.ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്,ചിലതു ചൂണ്ടിക്കാണിക്കാം.1.ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാര്‍ നമ്മള്‍ കേരളീയരാണ്,2.ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ - ഒരുപക്ഷെ ലോകത്തു തന്നെ - ഡയബറ്റിക് രോഗികള്‍ കേരളത്തിലാണ്,3.ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കൊളസ്ട്രോള്‍ രോഗികള്‍ കേരളത്തിലാണ്,4.ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഹൃദ്‌രോഗികള്‍ - ചെറുപ്രായത്തില്‍ത്തന്നെ ഹൃദ്രോഗം ബാധിക്കുന്നവരും - ഒക്കെ കേരളത്തിലാണ്.
അപ്പോള്‍ ഇതിനൊക്കെ ഒരു പരിഹാരം കാണേണ്ടേ?അല്ലാതെ കയ്യടി കിട്ടാന്‍ മാത്രം പണിയെടുത്താല്‍ മതിയോ?പിന്നെ ഈ പ്രശ്നങ്ങളൊക്കെ നിലവിലുള്ള ചട്ടക്കൂടുകള്‍ക്കകത്ത് നിന്നുകൊണ്ട് മാറ്റിമറിക്കാവുന്നതാണോ?അല്ലെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ക്ക് ആ രീതിയില്‍തന്നെ പരിഹാരം കാണേണ്ടേ?പരിഹാരം കാണേണ്ടവര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാത്രമാണോ,നാമും കൂടിയല്ലെ? ആ യാഥാര്‍ഥ്യത്തിലേക്ക് കണ്‍‌തുറക്കേണ്ടത് നമ്മളെല്ലാമല്ലേ?

2 comments :

  1. അപ്പോള്‍ ഇതിനൊക്കെ ഒരു പരിഹാരം കാണേണ്ടേ?അല്ലാതെ കയ്യടി കിട്ടാന്‍ മാത്രം പണിയെടുത്താല്‍ മതിയോ?പിന്നെ ഈ പ്രശ്നങ്ങളൊക്കെ നിലവിലുള്ള ചട്ടക്കൂടുകള്‍ക്കകത്ത് നിന്നുകൊണ്ട് മാറ്റിമറിക്കാവുന്നതാണോ?അല്ലെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ക്ക് ആ രീതിയില്‍തന്നെ പരിഹാരം കാണേണ്ടേ?പരിഹാരം കാണേണ്ടവര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാത്രമാണോ,നാമും കൂടിയല്ലെ? ആ യാഥാര്‍ഥ്യത്തിലേക്ക് കണ്‍‌തുറക്കേണ്ടത് നമ്മളെല്ലാമല്ലേ?

    ReplyDelete
    Replies
    1. Please read:
      http://www.madhyamam.com/news/181285/120727


      ലസാഗു

      Delete