ഒരില - ഗായത്രി പാടുന്നു.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                              കഴിഞ്ഞ ദിവസം വെറുതെ നെറ്റിലൂടെ കറങ്ങുന്നതിനിടയില്‍ ചുമ്മാ ഒന്ന് ഗൂഗ്ഗിള്‍ പ്ലസ്സില്‍ കയറി നോക്കി.പ്ലസ്സിലങ്ങനെ ചുമ്മാ സര്‍ഫ് ചെയ്ത് ചെയ്ത് നടക്കുന്നതിനിടയില്‍ ഗായത്രി പാടിയ ഒരു ഗസല്‍ കാണാനിടയായി, അതിന്റെ വരികളടക്കം.വരികള്‍ ചുമ്മാ ഒന്നു വായികു നോക്കിയപ്പോള്‍ വലിയ ഗുണമുള്ളതായി കണ്ടില്ല. ഒരില മരത്തില്‍ നിന്നും താഴെ വീണു, അതൊഴുകിപ്പോയി എന്നിങ്ങനെയൊക്കെയുള്ള വെറും സാധാരണ വരികള്‍.ഒട്ടും താല്പര്യം ആ വരികളെന്നിലുണ്ടാക്കിയില്ല.

                                       എന്നാലും ഗായത്രിയല്ലെ പാടിയത് എന്നോര്‍ത്ത് ചുമ്മാ ഡൌണ്‍ലോഡ് ചെയ്ത് അതിന്റെ വരികള്‍ മാത്രമെടുത്ത് മൊബൈലിലേക്ക് കയറ്റി.നാളെ എപ്പോഴെങ്കിലും കേള്‍ക്കാമല്ലോ എന്നുമോര്‍ത്തു.ഗായത്രിയെ എനിക്കു പരിചയം രവീന്ദ്രന്‍ മാഷിന്റെ ദീനദയാലോ രാമ എന്ന പാട്ടു വഴിയാണ്.അതിന്റെ റിക്കാര്‍ഡിംഗ് സമയത്ത് മാഷുടെ ക്ഷണമനുസരിച്ച് സ്റ്റുഡിയോവില്‍ ചെല്ലുകയും ഈ പാട്ട് മാഷുടെ തന്നെ കളകണ്ഠത്തിലൂടെ കേള്‍ക്കാനുള്ള സൌഭാഗ്യവുമുണ്ടായി എനിക്ക്.അന്ന് എന്റെ സുഹ്രുത്ത് യശ:ശരീരനായ ഫിലിപ്പ് ഗായത്രിയെ ഈ പാട്ട് പഠിപ്പിക്കുന്നതും കേട്ടിരുന്നു.അന്നേ മനസ്സില്‍ കുറിച്ചിട്ട ഒരു പേരാണ് ഗായത്രിയുടെ.
ആ ഒരു ഓര്‍മ്മ കൊണ്ടുമാത്രമാണ് ഞാനാ പാട്ട് എന്റെ മൊബൈലില്‍ സേവ് ചെയ്തത്.എന്നിട്ട് രാത്രി കിടന്നിട്ട് ഉറക്കം വരാതായതുകൊണ്ടുമാത്രം തലഭാഗത്തിരുന്ന മൊബൈലിലെ ആ പാട്ട് ഓണ്‍ ചെയ്തു.
                                       ഗായത്രി എന്റെ ചെവിയിലേക്ക് ആ പാട്ട് പാടിത്തന്നു.ഞാനതു കേട്ട് എന്നെത്തന്നെ മറന്നു.ഗസല്‍ പാട്ടിന്റെ മാസ്മരികത, ഗസല്‍ പാട്ടിന്റെ മാന്ത്രികത ഗായത്രി ഈ പാട്ടിലൂടെ എനിക്കു മനസ്സിലാക്കിത്തന്നു. ഞാന്‍ കേട്ടിട്ടുണ്ട് ഗസലിന്റെ ഭാവം മൃദുവായ ലോലമായ പ്രണയവും അതിലേറെ മൃദുവും ലോലവുമായ മിസ്റ്റിസിസവുമാണെന്ന്.എന്നാല്‍ പലരുടേയും ഗസലുകള്‍ ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേരില്‍ നിന്നു മാത്രമേ ആ മാന്ത്രികസ്പര്‍ശം എനിക്കു ലഭ്യമായിട്ടുള്ളൂ.അതിലേറെ എനിക്കു നല്‍കിയത് ഹരിഹരനാണെന്നും ഞാനോര്‍ക്കുന്നു.
എന്നാല്‍ ഗായത്രി എന്നെ ഇളക്കി മറിച്ചുകളഞ്ഞു.പ്രണയത്തേക്കാളുപരി മിസ്റ്റിസിസമാണീ പാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നത്.എങ്ങോ എവിടയോ നില്‍ക്കുന്ന ശക്തനായ ഒരു മരത്തില്‍ നിന്നും ഒരില കൊഴിഞ്ഞു വീഴുന്നു.പക്ഷെ ഒരു ചെരുകാറ്റതിനെ അടിച്ചു തെറുപ്പിക്കുന്നു,അതിന്റെ ഗതി എന്താവും പ്രഭോ എന്ന് ഗായത്രി ആ മനോഹരമായ സ്വരത്തില്‍ ചോദിക്കുമ്പോള്‍ നമ്മളും അറിയാതെ ആ മൂഡിലേക്കുയരും.ആ ഇല നാമായിത്തീരും, നമ്മള്‍ പുറപ്പെട്ടു പോന്ന മരം പ്രപഞ്ചചൈതന്യമായിത്തീരും,ചെറുകാറ്റ് ഈ ഭൂമിയിലെ കൊച്ചു കൊച്ചു സംഭവങ്ങളായിത്തീരും, അതിന്റെ ശക്തിയില്‍ നാം ആ ആത്യന്തിക ലക്ഷ്യത്തില്‍ നിന്നും അകലാതെ പ്രഭോ കാത്തുകൊള്ളണമേ എന്നായിത്തീരും ആ പ്രാര്‍ത്ഥന.ഇത്രയും ശക്തമായ മിസ്റ്റിസിസം നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു പാട്ട് എന്റെ ഓര്‍മ്മയിലില്ല.
              ഗായത്രിയുടെ ആ പാട്ട് ഞാന്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു.
                                    രാത്രി വിളക്കുകളെല്ലാമണച്ച് നിശബ്ദതയില്‍ ഇരുട്ടില്‍ ശാന്തമായി പതിഞ്ഞ സ്വരത്തില്‍ വേണം ഈ പാട്ട് നിങ്ങള്‍ കേള്‍ക്കാനെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.തീര്‍ച്ചയായും ഗായത്രിയുടെ ആ മാന്ത്രികസ്വരം ഗസലിന്റെ , മിസ്റ്റിസിസത്തിന്റെ കാണാലോകത്തേക്ക്  തീര്‍ച്ചയായും നിങ്ങളെ കൂട്ടിക്കൊണ്ടു പോയിരിക്കും.
                          ഈ ഗാനത്തിന്റെ ശില്‍പ്പികള്‍ക്ക്, പ്രത്യേകിച്ചും ഇത് ആലപിച്ച ഗയത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

1 comment :

  1. രാത്രി വിളക്കുകളെല്ലാമണച്ച് നിശബ്ദതയില്‍ ഇരുട്ടില്‍ ശാന്തമായി പതിഞ്ഞ സ്വരത്തില്‍ വേണം ഈ പാട്ട് നിങ്ങള്‍ കേള്‍ക്കാനെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.തീര്‍ച്ചയായും ഗായത്രിയുടെ ആ മാന്ത്രികസ്വരം ഗസലിന്റെ , മിസ്റ്റിസിസത്തിന്റെ കാണാലോകത്തേക്ക് തീര്‍ച്ചയായും നിങ്ങളെ കൂട്ടിക്കൊണ്ടു പോയിരിക്കും.

    ReplyDelete