ഭക്ഷ്യ സുരക്ഷാ നിയമം അട്ടത്ത്, വിഷഭക്ഷ്യ വിതരണം നാടൊട്ടുക്കും.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
[ യുക്തിരേഖ എന്ന മാസികയുടെ 2012 ആഗസ്റ്റ് ലക്കം ( വാല്യം 27,ലക്കം 8) പ്രസിദ്ധീകരിച്ച മുഖപ്രസംഗം കാലിക പ്രസക്തിയുള്ളതുകൊണ്ട് ബ്ലോഗില്‍ കൂടി ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.]
                             കേരളത്തില്‍ അംഗീകൃതമാനദണ്ഡമായ പൊതുശിശുമരണനിരക്കുകള്‍,ആയുര്‍ദൈഘ്യം എന്നിവ കണക്കിലെടുത്താല്‍ ,ഏതാണ്ട് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ആരോഗ്യനേട്ടം കൈവരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ കേരളമാതൃക ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നുണ്ട്.2000-)മാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനാലക്ഷ്യം സാക്ഷാത്കരിക്കാന്‍ പഞ്ചായത്തുരാജ് നിയമത്തില്‍ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതല ഗ്രാമപഞ്ചായത്തുകളെ ഏല്‍പ്പിക്കുകയുണ്ടായി.ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യസംരക്ഷണം ഫലപ്രദമാക്കാനുള്ള നടപടിയായിരുന്നു അത്.ഗ്രാമങ്ങളിലും വന്‍‌കിടനഗരങ്ങളിലും ഇന്ന് സമാനമായി ആരോഗ്യനശീകരണ സമര്‍ത്ഥമായ കൃത്രിമാഹാരങ്ങള്‍ കടകളില്‍ അനിയിന്ത്രിതമായി വിറ്റഴിക്കുകയാണ്.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പഞ്ചായത്ത് - ബ്ലോക്ക് - ജില്ലാ പഞ്ചായത്തധികൃതരും മറ്റും ഈ വിഷയം കണ്ടതായി നടിച്ചില്ല.അതിന്റെ അനിവാര്യഫലമാണ് ഭക്ഷ്യവിതരണം ഒരു സാര്‍വത്രിക സത്യമായും വസ്തുനിഷ്ഠമരണക്കൊയ്ത്തായും രൂപം പൂണ്ടത്.
                        കച്ചവടസ്ഥാപനങ്ങള്‍ക്ക് ലൈസന്‍‌സ് കൊടുക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ പറ്റുന്ന രംഗമാണിത്.മൂന്നുമാസം കൂടുമ്പോള്‍ പ്രസിഡണ്ടിന്  ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും പഞ്ചായത്തിലെ ഒരുദ്യോഗസ്ഥനേയും കൂട്ടി ഭക്ഷ്യവിതരണസ്ഥാപനങ്ങള്‍ പരിശോധിക്കാം.അപാകതകള്‍ റിക്കാര്‍ഡ് ചെയ്യാം.അവ നിശ്ചിതദിവസപരിധിക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്ന് താക്കീത് ചെയ്യാം.ഇതിനു ഫലപ്രദമായ പ്രതികരണം കിട്ടുമെന്നുറപ്പാണ്.പക്ഷെ ഇതു ചെയ്യാനുള്ള ജനകീയ ബോധരാഹിത്യമാണ് ഷവര്‍മ്മ മരണം തൊട്ടുള്ള മാരകസംഭവങ്ങള്‍ക്കാധാരം.അതുപോലെ തന്നെ ശവാവസ്ഥയിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും.ശമ്പളം പറ്റുന്ന യന്ത്രങ്ങളായി ഇവര്‍ തരം താഴുമ്പോള്‍ നിയമങ്ങള്‍ പല്ലുകൊഴിഞ്ഞ നായയുടെ പരുവത്തിലാകുന്നു.
                         ഉടന്‍ മരണമാണ് ഇപ്പോള്‍ സര്‍ക്കാറിനെ തച്ചുണര്‍ത്തിയത്.നിരന്തരമരണത്തിന്റെ തുഴത്തോണിയിലാണ് ഭക്ഷ്യവ്യാപാരസ്ഥാപനങ്ങളുടെ കര്‍മ്മരംഗം.ബിരിയാണിയില്‍ കൃത്രിമനിറം കലര്‍ത്തല്‍,അച്ചാറില്‍ സുഡാന്‍ റെഡ് എന്ന മാരകവിഷം കലര്‍ത്തല്‍, പഴങ്ങളെ രാസവസ്തുക്കളില്‍ മുക്കി നിറം മാറ്റല്‍,തൊലിയില്‍ മെഴുകുപുരട്ടി തിളക്കം കൂട്ടല്‍, ഇരക്കുമതി ചെയ്തതെന്ന ലേബലൊട്ടിക്കല്‍, എന്നിവയ്ക്കുപുറമെ പഴകിയ ആഹാരവില്‍പ്പന, പലതവണ വേവിച്ച എണ്ണയുടെ പുനരുപയോഗം,ആഴ്ചകള്‍ പഴക്കമുള്ള ന്യൂഡിത്സ് വില്‍പ്പന,നിരോധിത രാസ - കളര്‍വസ്തു ഉപയോഗം,സെപ്റ്റിക്‍ടാങ്ക് മാലിന്യം ഒഴുകിയെത്തുന്ന അടുക്കളകള്‍,പഴകിയ പഴവര്‍ഗവില്‍പ്പന,ആഴ്ച്ചകള്‍ പഴക്കമുള്ള ജൂസ് വില്‍പ്പന,ഒരു മാസത്തോളം പഴക്കമുള്ള എണ്ണ പൊറോട്ട,മീന്‍‌കറി,അച്ചാറ്, ചപ്പാത്തി,ജൂസ് എന്നിവയുടെ വില്‍പ്പന,വൃത്തിഹീനമായ അടുക്കളകള്‍,അടുക്കള പരിസരങ്ങളിലെ മലിനജലക്കെട്ടുകളും മാലിന്യകൂമ്പാരങ്ങളും,വൃത്തിഹീനങ്ങളായ ഫ്രീസറുകള്‍,നമ്മുടെ ഭക്ഷ്യവിഭവ വില്പനശാലകളിലെ വിഭവവൈവിദ്ധ്യങ്ങള്‍,ഇതൊക്കെയാണ് ‌‌- അന്വേഷണങ്ങളിലെ കണ്ടെത്തലുകളാണിവ.
                           ഇത്രയും നീചത്വവും സംസ്കാരശൂന്യതയും മനുഷ്യത്വരാഹിത്യവും വ്യാപാരതന്ത്രമാക്കിയ വ്യാപാരികള്‍ നിയമനടപടികള്‍ വന്നപ്പോള്‍ ഒരു തരിമ്പും പശ്ചാത്തപിക്കുകയല്ല ഹോട്ടല്‍ റെയ്ഡുകള്‍ നിയമലംഘനമാണെന്നാരോപിച്ച് സംഘടിതമായി ഹോട്ടലുകള്‍ അടച്ചിടല്‍ സമരമാണ് നടത്തിയത്.അതിനു നേതൃത്വം നല്‍കിയ ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷനെ നാടുകടത്താന്‍ സമയമായില്ലെ?
                     കോളറ മുതല്‍ എച്ച് ഐ വി വരെ വ്യാപിച്ച ഒരു സംസ്ഥാനത്ത് റേഷനരിയില്‍ പോലും ചത്ത എലികളും എലിക്കുട്ടികളും കാണുന്നത് ആരുടെ മഹത്വം കൊണ്ടാണ്?നക്ഷത്ര ഭോജനശാലകള്‍ പോലും മേല്‍ കൊടുത്ത അസംബന്ധങ്ങളുടെ കേദാരങ്ങളാണത്രെ.മനുഷ്യജീവിതം നാലുനാണ്യത്തുട്ടുകള്‍ക്ക് പന്താടുന്ന ഈ പകല്‍കൊള്ളക്കാരെ നിലയ്ക്കു നിറുത്താനുള്ള നട്ടെല്ല് ഭരണകൂടത്തിന് അനിവാര്യമായുണ്ടാകണം.
                25-07-2012 വരെ 822 ഹോട്ടലുകള്‍ പരിശോധിച്ചതില്‍ 46 എണ്ണം പൂട്ടിക്കുകയും 436 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു.
                           2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാനിലവാരനിയമം 2011 ആഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വന്നു.അതില്‍ ഹോട്ടല്‍,ബേക്കറി,പലവ്യഞ്ജനവ്യാപാരികള്‍, മത്സ്യ - മാംസവിതരണക്കാര്‍,എന്നിവ വഴിയുള്ള ഭക്ഷ്യമലിനീകരണം തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്.ഫുഡ് സേഫ്ട്ടി കമ്മീഷണര്‍, താഴെ ഡെസിഗ്നേറ്റഡ് ഓഫീസര്‍,അതിനു താഴെ ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്നിങ്ങനെ പ്രധാന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാന ചുമതലകള്‍ ഈ നിയമം നല്‍കുന്നത്.
                ഈ നിയമപ്രകാരം ഹോട്ടല്‍ /കാന്റീന്‍ കൂള്‍ ബാര്‍ തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളും അടിസ്ഥാനപരമായ 30 നിബന്ധനകള്‍ പാലിച്ചേ പറ്റൂ.പാലിക്കുന്നില്ലെങ്കില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് സ്ഥാപനം അടച്ചു പൂട്ടാം, സാധനങ്ങള്‍ പിടിച്ചെടുക്കാം,പരിശോധിച്ച് നടപടി സ്വീകരിക്കാം.അതില്‍ ചിലത് താഴേ കൊടുക്കുന്നു:

1.അടുക്കളയില്‍ വെള്ളം കെട്ടി നില്‍ക്കരുത്,കൊതുക്,പുഴുക്കള്‍ വളരുന്ന സാഹചര്യം പാടില്ല.
2.അടുക്കള മാലിന്യങ്ങള്‍ അടപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിക്കണം.
3.കക്കൂസ് കുളിമുറി - അടുക്കളയില്‍ നിന്നും നിശ്ചിത അകലത്തിലായിരിക്കണം,അതിന്റെ   വാതിലുകള്‍ താനെ അടയുന്ന സ്പ്രിങ്ങ് ഡോറുകള്‍ ആവണം.ഒരു ദിവസം 4 നേരം അണുനാശിനി ഉപയോഗിച്ച് കഴുകണം.
4.അടുക്കള ഈച്ച കടക്കാത്തവിധം നെറ്റുകള്‍ അടച്ചോ ഇലട്രിക് ഫ്ലൈ ട്രാപ്പുകള്‍ ഉപയോഗിച്ചോ സംരക്ഷിക്കണം.
5.ഒരു കാരണവശാലും മലിനജലം ഹോട്ടലിനകത്തോ പൂറത്തോ കെട്ടിക്കിടക്കരുത്.
6.ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം.കാലാനുസൃതമായി ടെസ്റ്റ് ചെയ്ത് രേഖകള്‍ സൂക്ഷിക്കണം.
7.പകര്‍ച്ചവ്യാധികളുള്ള തൊഴിലാളികളെ ഒഴിവാക്കണം.
8.പൊരിക്കാനുപയോഗിക്കുന്ന എണ്ണ നിറം മാറിയാല്‍ ഒഴിവാക്കണം.
9.തുറസ്സായ സ്ഥലത്ത് ഭക്ഷണം കൈകാര്യം ചെയ്യരുത്.
10.ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൃത്യമായി ബില്ലുകള്‍ നല്‍കണം,ബില്ലില്‍ ഹോട്ടല്‍ നാമം.സൈന്‍‌സ് നമ്പര്‍,റെജിസ്റ്റ്രേഷന്‍ നമ്പര്‍,തിയ്യതി എന്നിവ കാണിക്കണം.
11.കാഷ് കൌണ്ടറിനു മുകളില്‍ ഫുഡ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.
                              ഈ നിയമം നടപ്പിലാക്കാന്‍ പ്രാദേശീക ജനകീയ ഇടപെടല്‍ അനിവാര്യമാണ്.കോഴ പറ്റി തട്ടിപ്പുകാരെ സഹായിക്കുന്ന ഓഫീസറെ പിടിക്കാന്‍ ജനം വേണം.
                           ഈ നിയമത്തിലെ ദുര്‍ബലമായ നിര്‍വഹണവിഭാഗത്തെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യസംവിധാനത്തെ പ്രയോജനപ്പെടുത്താന്‍ നിയമനിര്‍മ്മാണം ഉടന്‍ വേണം.
                       സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ അതില്‍ ഭക്ഷ്യസുരക്ഷാനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം.ചെറിയ പരാതികള്‍ വന്നാല്‍പോലും കടകളടപ്പിക്കണം.പരാതി പരിഹരിച്ചേ തുറക്കാന്‍ അനുവദിക്കാവൂ.മാലിന്യസംസ്കരണ സൌകര്യവും ശുദ്ധജലലഭ്യതയും ഉറപ്പാക്കാതെ ലൈസന്‍സ് നല്‍കുന്നത് കുറ്റകരമാക്കണം.സേവനാവകാശനിയമത്തിന്റെ പ്രയോഗം വഴി ഉദ്യോഗസ്ഥരെ വരച്ചവരയില്‍ നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിയണം.1950 മുന്‍പ് നിര്‍മ്മിച്ച എല്ലാ നിയമങ്ങളും പരിഷ്കരിച്ചേ തീരൂ!.1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം കുപ്പത്തൊട്ടിയിലെറിയാന്‍ കാലമായി.
                       നിയമം നോക്കുകുത്തിയാകാതിരിക്കണമെങ്കില്‍ നിയമനിര്‍വഹണ സംവിധാനം ശക്തവും സജീവവും കര്‍മ്മനിരതവുമാകണം.മന്ത്രിയുടെ കര്‍മ്മശേഷിയാണതിനുമാധാരം.
             ജനജീവിതത്തിന്റെ സുരക്ഷ സുസ്ഥിരമാക്കാന്‍ ഇപ്പോഴുണ്ടായ അപകടമരണങ്ങള്‍ കാരണമായത് ഭാവിമരണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും എന്ന് ഉറപ്പാണല്ലോ.

1 comment :

  1. നിയമം നോക്കുകുത്തിയാകാതിരിക്കണമെങ്കില്‍ നിയമനിര്‍വഹണ സംവിധാനം ശക്തവും സജീവവും കര്‍മ്മനിരതവുമാകണം.മന്ത്രിയുടെ കര്‍മ്മശേഷിയാണതിനുമാധാരം.
    ജനജീവിതത്തിന്റെ സുരക്ഷ സുസ്ഥിരമാക്കാന്‍ ഇപ്പോഴുണ്ടായ അപകടമരണങ്ങള്‍ കാരണമായത് ഭാവിമരണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും എന്ന് ഉറപ്പാണല്ലോ.

    ReplyDelete