കേരളത്തോട് ഒരു തരിമ്പെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കില്‍

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                   രണ്ടു പത്രങ്ങളാണ് ഞാന്‍ രാവിലെ സാധാരണ വായിക്കാറ്, ഒന്ന് ദേശാഭിമാനിയും പിന്നൊന്ന് കേരള കൌമുദിയും.ദേശാഭിമാനിയുടെ ഇന്നത്തെ മുഖ്യ വാര്‍ത്ത ഇങ്ങനെ:- “ കേരളത്തില്‍ വര്‍ഗീയത വളരുന്നു:- പ്രധാനമന്ത്രി”.കേരള കൌമുദിയും ഇതിങ്ങനെ വാര്‍ത്തയാക്കി കൊടുത്തിരിക്കുന്നു:- “ ഡി ജി പി മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി - കേരളത്തില്‍ സാമുദായിക സ്പര്‍ദ്ധ വര്‍ദ്ധിക്കുന്നു”.മറ്റു പത്രങ്ങളൊന്നും ഞാന്‍ കണ്ടില്ലെങ്കിലും മുകളിലെ വാര്‍ത്ത ആ പത്രങ്ങളുടെ ഏതെങ്കിലും പേജില്‍ ഒരു വാര്‍ത്തയായി വരുമെന്നെനിക്കുറപ്പുണ്ട്.കാരണം,കേരളത്തെ സംബന്ധിച്ചിടത്തോളം,സ്വന്തം നാടിനെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള, ഉല്‍ക്കണ്ഠയുളവാക്കുന്ന ഒന്നാണാ വാര്‍ത്ത.
                                  പ്രധാനമന്ത്രി ഇതു പറയുമ്പോള്‍, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് വിശദമാക്കാന്‍ മുതിര്‍ന്നില്ല.അതിന്റെ ആവശ്യവും ഇല്ലായിരുന്നു,കാരണം ഡി ജി പി മാരുടെ അഖിലേന്ത്യാസമ്മേളനത്തില്‍ ആണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. അവിടെ “എന്തുകൊണ്ട് “എന്ന ചോദ്യത്തേക്കാളുപരി ഇതെങ്ങിനെ ഇല്ലാതാക്കാം എന്ന ചര്‍ച്ചയാണുയരേണ്ടിയിരുന്നത്.അതു നടന്നുകാണും എന്ന് പ്രതീക്ഷിക്കാം.
                            പക്ഷെ നമ്മെ സംബന്ധിച്ചിടത്തോളം “എന്തുകൊണ്ട്“ “എന്നു മുതല്‍” “എങ്ങനെ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെയേറെ സ്കോപ്പ് ഉണ്ട് എന്നു തന്നെയല്ല ആ ചോദ്യം വളരെ പ്രസക്തമാണുതാനും.കാരണം ചില രോഗങ്ങള്‍ക്ക് ചികിത്സ അങ്ങനെയാണ്, മൂലകാരണം അറിഞ്ഞാല്‍ മാത്രമേ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയൂ.അതുകൊണ്ട് ആ വഴിക്കൊരന്വേഷണം നടത്തിനോക്കാമെന്ന് വിചാരിക്കുന്നു.
                             ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും ഇവിടെ കൂടുതലായിരുന്നു.അതുകൊണ്ടുമാത്രമാണ് ഉത്തരേന്ത്യയിലെ ജാതിക്കോമരങ്ങളുടെ ഇടയില്‍ നിന്നും വന്ന ശ്രീ വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞത്.അത്രയേറെ ഭീകരമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്നു ചുരുക്കം.ഈ മണ്ണിലേക്കാണ് ഇസ്ലാം മതക്കാരും ക്രിസ്ത്യന്‍ മതക്കാരും കടന്നു വന്ന് ഇവിടെ പാര്‍പ്പുറപ്പിച്ചത്.എന്നാല്‍ ക്രിസ്ത്യാനികള്‍ ഇവിടെ നിലനിന്ന സമുദായവുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ ശ്രമിച്ചപ്പോഴും ഇസ്ലാമുകള്‍ അവരുടേതായ സ്വത്വം ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.ഇതിന്റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ മുഴുവന്‍ ഹിന്ദുക്കളായെന്നല്ല അവര്‍ കടന്നുവന്ന പുതിയ സ്മൂഹത്തില്‍ നിന്നും സ്വാംശീകരിക്കാവുന്നതു മുഴുവന്‍ അവര്‍ ശ്വാംശീകരിക്കുകയും എന്നാം ക്രിസ്ത്യാനികളായിത്തന്നെ നിലനില്‍ക്കുകയും ചെയ്തപ്പോള്‍ ഇസ്ലാമുകള്‍ നമ്മുടെ സമൂഹവുമായി ഒരു പരിധിയില്‍ കൂടുതല്‍ ഇണങ്ങിചേരാന്‍ ശ്രമിച്ചില്ലെന്നേ അര്‍ത്ഥമുള്ളൂ.
                             ഇത് ചില്ലറ ചില്ലറ അസ്വാസ്ഥങ്ങള്‍ക്ക് വളം വച്ചെങ്കിലും വലിയൊരു വര്‍ഗീയ കലാപമായി ഇത് മാറാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.ഇതിനുപക്ഷെ ഒരു കാരണം, ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ജാതിപരമായ വ്യത്യാസങ്ങളും അതിനെതിരെ ഉയര്‍ന്നുവന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും അതിന്റെ പുരോഗമന ചിന്തക്കാരായ നേതാക്കളുമൊക്കെയായിരിക്കണം.എന്തായാലും ഉത്തരേന്ത്യയില്‍ ചോരപ്പുഴകളൊഴുകിയപ്പോഴും കേരളം ശാന്തിയുടേയും സമാധാനത്തിന്റേയും ഒരു പച്ചതുരുത്തായിത്തന്നെ നിലകൊണ്ടു.
                            ഈ ഭൂമികയിലേക്കാണ് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുവരുന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും.എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായതോടുകൂടി അതുവരെ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന സമുദായകശക്തികള്‍ അണിയറയിലേക്ക് മടങ്ങുകയാണുണ്ടായത്.( എന്നാലവര്‍ അണിയറയില്‍ വിശ്രമിക്കുകയായിരുന്നില്ല പകരം കാര്യങ്ങള്‍ കൃത്യമായി വീക്ഷിക്കുകയായിരുന്നു,ഇടപെടാനൊരവസരം കാത്തിരിക്കുകയായിരുന്നു.)
                         സ്വതന്ത്ര ഭാരതത്തിലെ കേരള സംസ്ഥാനത്തിന്റെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റുകാരുടെ വകയായി അധികാരത്തിലേറി.ബ്രിട്ടീഷ്കാരുടെ അധീനതയിലുണ്ടായിരുന്ന മലബാര്‍ ജില്ലയുടെ ഭാഗങ്ങളും കൊച്ചി തിരുവിതാംകൂറ് എന്നീ നാട്ടുരാജ്യങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടായ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍ ഭീകരമായിരുന്നു.ഈ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാനുത്തകുന്ന കാര്യങ്ങള്‍ തുടങ്ങിവൈക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണവര്‍ക്കുണ്ടായിരുന്നത്.തന്നെയുമല്ല ഇതിനവര്‍ക്ക് മാതൃകകളുമുണ്ടായിരുന്നില്ല.പോരാത്തതിന് കമ്യൂണിസ്റ്റുകാരെന്ന ചീത്തപ്പേര്(?) വേറെയും.എങ്കിലും അന്നത്തെ ആ നേതാക്കള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.കമ്യൂണിസ്റ്റ് മന്ത്രി എന്ന നിലയില്‍ കമ്യൂണിസം നടപ്പിലാക്കുകയല്ല താന്‍ ചെയ്യാന്‍ പോകുന്നതെന്നും പകരം കോണ്‍ഗ്രസ്സുകാര്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങളാണ് ചെയ്യുകയെന്നും അന്നത്തെ മുഖ്യമന്ത്രിയായ ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചു.ഈ പ്രഖ്യാപനം സാക്ഷാല്‍ക്കരിക്കാനായി നിരവധി പരിപാടികള്‍ അവര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ തുടങ്ങി.ഇതിലാദ്യത്തേതായിരുന്നു ഭൂസ്വത്തുക്കളില്‍ വരുത്തിയ പരിഷ്കരണം.ഒരോരുത്തര്‍ക്കും കൈവശം വക്കാവുന്ന ഭൂമിക്ക് അളവ് നിശ്ചയിക്കുകയും ബാക്കി വന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കായി വിതരണം ചെയ്യാനുമുള്ള നിയമമുണ്ടാക്കി.
                                    ഈ നിയമത്തിന്റെ വാലും തലയും അരിഞ്ഞാണത് പിന്നീട് വന്ന ഗവണ്മെന്റുകള്‍ നടപ്പിലാക്കിയതെങ്കിലും അന്നത്തെകാലത്ത് അതൊരു വിപ്ലവം തന്നെയായിരുന്നു.സ്വതന്ത്രാനന്തര കേരളത്തില്‍ അല്പമാത്രമായിട്ടെങ്കിലും നില നിന്നിരുന്ന ഫ്യൂഡലിസത്തെ തുടച്ചു നീക്കാനിതു സഹായിച്ചു.തന്നെയുമല്ല,ഫ്യൂഡലിസം തുടച്ചു നീക്കപ്പെട്ട - ജാതിശക്തികള്‍ക്കധികാരമോ സ്വാധീനമോ നഷ്ടപ്പെട്ട - കേരളത്തില്‍ പിന്നീടുണ്ടാവേണ്ട മുതലാളിത്ത വളര്‍ച്ചക്കാവശ്യമായ - വ്യവസായ വളര്‍ച്ചക്കാവശ്യമായ - അടിസ്ഥാനം അവരിടുകയും ചെയ്തു.പക്ഷെ ഇതില്‍ അസഹിഷ്ണുത പൂണ്ട ചിലരുണ്ടായിരുന്നു, ഒന്നാമത് ഭാരതം മുഴുവന്‍ ഭരിക്കാനവസരം കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ്സും അധികാരവും സ്വാധീനവും നഷ്ടപ്പെട്ട ജാതി മത ശക്തി്കളും.അങ്ങനെ ആ അവസരവാദ കൂട്ടുകെട്ടിനരങ്ങൊരുങ്ങി.
                                പിന്നീട് നടന്നത് ചരിത്രം.മതേതര ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് അധികാരം ലഭിക്കാനായി കിട്ടാവുന്ന ജാതിമതകോമരങ്ങളേയും കൂട്ടുപിടിച്ച് നടത്തിയ സമരാഭാസമാണ് വിമോചനസമരം എന്ന പേരില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അനുകൂല മാധ്യമങ്ങളുടെ പിന്തുണയോടെ ഇവിടെ നടന്നത്. ഇതിന്റെ ഒരു ഘട്ടത്തില്‍ ഈ നാട്ടിലെ ഏറ്റവും വലിയ പുരോഗമന ഗവണ്മെന്റ്റിനെ പിരിച്ചു വിട്ടു.നമ്മൂടെ നാട്ടില്‍ നടന്ന ഏറ്റവും ശപിക്കപ്പെട്ട ഒരു പരീക്ഷണമായിരുന്നു അത്.ഇതില്‍ നിന്ന് കോണ്‍ഗ്രസ്സ് പഠിച്ച പാഠം അധികാരത്തിലേറാന്‍ ഏത് ജാതിമത ശക്തികളേയും കൂട്ടുപിടിക്കതില്‍ തെറ്റില്ലെന്നവര്‍ മനസ്സിലാക്കി ആ കലാപരിപാടിയില്‍ അവര്‍ സൂപര്‍ സ്റ്റാറുകളാവുകയും ചെയ്തു.
                         നോക്കൂ അധികാരത്തിലേറാന്‍ സിക്കുകാരുടെ വലിയ പിന്തുണയൊന്നും ലഭിക്കാതിരുന്ന ഭിന്ദ്രന്‍ വാലയെ പിന്തുണച്ച് വളര്‍ത്തിക്കൊണ്ടു വന്നതിന് ലഭിച്ച സമ്മാനം പ്രിയ നേതാവിന്റെ ജീവന്‍ തന്നെയായിരുന്നു.ത്രിപുരയിലും പശ്ചിമ ബംഗാളിലും സി പി എമ്മിനെ പുറത്താക്കാനായി അവിടെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുമായി കൂട്ടു ചേര്‍ന്നതും ഈ കോണ്‍ഗ്രസ്സ് തന്നെ.ആസാമില്‍ ഈ കൂട്ടുകെട്ടുണ്ടാക്കിയ പ്രശ്നങ്ങള്‍ തീപിടിച്ചുകൊണ്ടിരിക്കുന്നു.
                        കേരളത്തിലെ സ്ഥിതിയെന്താണ് കോണ്‍ഗ്രസ്സിന്റെ? ലീഗുമായും ക്രിസ്ത്യന്‍ പാര്‍ട്ടിയുമായും പരസ്യബാന്ധവവും ഹിന്ദു വര്‍ഗീയതയുമായി രഹസ്യബാന്ധവവും.ആദ്യമാദ്യം കോണ്‍ഗ്രസ്സ് പറയുന്നതനുസരിച്ച് നിന്നിരുന്ന ജാതിമത ശക്തികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നു.ഇവരുടെ അന്ത്യശാസനങ്ങളുടെ നിലയില്ലാക്കയത്തില്‍കിടന്ന് കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയേയാണ് നാം കാണുന്നത്.അഞ്ചാം മന്ത്രിസ്ഥാനവും യൂണിവേര്‍സിറ്റി ഭൂമിപ്രശ്നവും  ക്രിസ്ത്യന്‍ പാര്‍ട്ടികളുണ്ടാക്കുന്ന പ്രശ്നങ്ങളും  മറ്റും ഒരു ഭാഗത്ത് തിമിര്‍ത്താടുമ്പോള്‍ രഹസ്യബാന്ധവമായതിനാല്‍ പരസ്യമായി ഭീഷണിപ്പെടുത്തി കാര്യസാധ്യം നടത്താന്‍ കഴിയുന്നില്ല എന്ന പോരായ്മ നികത്താന്‍ എസ് എന്‍ ഡി പി, എന്‍ എസ് എസ്  എന്നീ സംഘടനകള്‍ വഴി പോരാടാനിറങ്ങുന്ന ഭൂരിപക്ഷ വര്‍ഗീയതയും പറയുന്നത് ഇവിടെ വര്‍ഗീയത വളര്‍ത്തിയത്, വളര്‍ത്തുന്നത് കോണ്‍ഗ്രസ്സാണ് കോണ്‍ഗ്രസ്സ് മാത്രമാണ് എന്നാണ്.

3 comments :

  1. ലീഗുമായും ക്രിസ്ത്യന്‍ പാര്‍ട്ടിയുമായും പരസ്യബാന്ധവവും ഹിന്ദു വര്‍ഗീയതയുമായി രഹസ്യബാന്ധവവും.ആദ്യമാദ്യം കോണ്‍ഗ്രസ്സ് പറയുന്നതനുസരിച്ച് നിന്നിരുന്ന ജാതിമത ശക്തികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നു.ഇവരുടെ അന്ത്യശാസനങ്ങളുടെ നിലയില്ലാക്കയത്തില്‍കിടന്ന് കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയേയാണ് നാം കാണുന്നത്.അഞ്ചാം മന്ത്രിസ്ഥാനവും യൂണിവേര്‍സിറ്റി ഭൂമിപ്രശ്നവും ക്രിസ്ത്യന്‍ പാര്‍ട്ടികളുണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റും ഒരു ഭാഗത്ത് തിമിര്‍ത്താടുമ്പോള്‍ രഹസ്യബാന്ധവമായതിനാല്‍ പരസ്യമായി ഭീഷണിപ്പെടുത്തി കാര്യസാധ്യം നടത്താന്‍ കഴിയുന്നില്ല എന്ന പോരായ്മ നികത്താന്‍ എസ് എന്‍ ഡി പി, എന്‍ എസ് എസ് എന്നീ സംഘടനകള്‍ വഴി പോരാടാനിറങ്ങുന്ന ഭൂരിപക്ഷ വര്‍ഗീയതയും പറയുന്നത് ഇവിടെ വര്‍ഗീയത വളര്‍ത്തിയത്, വളര്‍ത്തുന്നത് കോണ്‍ഗ്രസ്സാണ് കോണ്‍ഗ്രസ്സ് മാത്രമാണ് എന്നാണ്.

    ReplyDelete
    Replies
    1. വര്‍ഗീയത വളരേണ്ടത് ഇന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാണ് അത്യാവശ്യം , മുസ്ലീം ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ആനുകൂല്യം പറ്റുന്നു, ഭരണം ദുരുപയോഗം ചെയ്യുന്നു എന്ന് ഹിന്ദുക്കള്‍ക്ക് തോന്നുമ്പോള്‍ അങ്ങിനെ വേണ്ട എല്‍ ഡീ എഫ് മതി എന്ന് ഒരു ടില്‍റ്റ് വരും ആ ടില്‍റ്റ് കൊണ്ടാണ് എല്ലാ പ്രാവശ്യവും എല്‍ ഡീ എഫ് അധികാരത്തില്‍ വരുന്നത്, എല്‍ ഡീ എഫ് വന്നാല്‍ പാര്ട്ടിക്കല്ലാതെ മറ്റാര്‍ക്കും ഒരു ഗുണം ഇല്ല , വര്‍ഗീയ കക്ഷികളെ തരാതരം കൂട്ടുപിടിക്കാനും എല്‍ ഡീ എഫ് മറക്കാറില്ല , പക്ഷെ ഉപയോഗം കഴിഞ്ഞു കറിവേപ്പില , ഉദാ: മദനി , അധ്യാപകന്റെ കൈ വെട്ടിയവരെ പിടിക്കാതിരിക്കുക, ചന്ദ്ര ശേഖരനെ വെട്ടിയവര്‍ വന്ന കാറില്‍ മാ ശ അള്ള സ്ടിക്കര്‍ ഒട്ടിക്കുക ഈ പരിപാടികളും വര്‍ഗീയത വളര്‍ത്തുക തന്നെ, ന്യൂന പക്ഷ വര്‍ഗീയത ആണ് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നത് എന്ന് ഈ എം എസ് പറഞ്ഞിട്ടുണ്ട് , ഹിന്ദു ഉണര്‍ന്നാല്‍ ബീ ജീ പിക്ക് അല്ല ഗുണം , സീ പീ എമിന് തന്നെ

      Delete
  2. മന്‍ മോഹന്‍ സിങ്ങിനു ഇത് പറയാന്‍ യാതൊരു അര്‍ഹതയും ഇല്ല , അഴിമതി മറയ്ക്കാന്‍ പ്രൊമോഷന്‍ സംവരണം പാരലമെന്റില്‍ അവതരിപ്പിക്കുക , ആസാം തുടങ്ങിയ ഇടങ്ങളിലെ കലാപങ്ങള്‍ തടയാതിരിക്കുക , നക്സലൈടു ഭീഷണിക്കെതിരെ മൌനം പാലിക്കുക , ഭരണം ഉണ്ടെന്നു തന്നെ തോന്നാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഭരണം , വടക്കെ ഇന്ത്യയിലെ വര്‍ഗീയത ഒന്നും തെക്കില്ല , കേരളത്തെ പറയാന്‍ ഒരു കാരണവും ഇല്ല , നോര്‍ത്ത് ഈസ്റ്കാര്‍ നമ്മളുടെ ജീവിതത്തിന്റെ ഭാഗം ആയിക്കഴിഞ്ഞു അവര്‍ ഇല്ലെങ്കില്‍ ഒരു ഹോട്ടലോ കടയോ കെട്ടിടം പണിയോ നടക്കില്ല അപ്പോള്‍ പിന്നെ എന്തടിസ്ഥാനത്തില്‍ ആണ് പ്രധാനമന്ത്രി ഈ വിവരക്കേട് പറഞ്ഞതെന്നും അറിയില്ല ഒരു പക്ഷെ കര്‍ണ്നാടകയെ ഉദ്ദേശിച് ആകാം

    ReplyDelete