പീഡനങ്ങള്‍ ഇങ്ങനെ പോയാല്‍

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                      ല്‍ഹിയില്‍ കഴിഞ്ഞ ദിവസം കാമുകനുമൊത്ത് ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാമുകനെ അടിച്ചവശനാക്കി ബസ്സില്‍ നിന്നും പുറത്തേക്കെറിണ്‍ജതിനുശേഷം ആ പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിനു വിധേയമാക്കി.ആ കുട്ടി ഇന്നും അപകടനില തരണം ചെയ്തിട്ടില്ലത്രെ.ഏതായാലും ഡല്‍ഹിയില്‍ കാര്യങ്ങളൊട്ടും ശുഭമല്ല. ഡല്‍ഹിയില്‍ അണമുറിയാത്ത പ്രതിഷേധപ്രകടനങ്ങളാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആദ്യദിവസം തന്നെ പ്രതിഷേധക്കാരുയര്‍ത്തിയ മുദ്രാവാക്യം തന്നെ “ അണി ചേരുക, നമ്മെ രക്ഷിക്കാനാരുമില്ല” എന്നതായിരുന്നു.വളരെ വികാര തീവ്രമായ അര്‍ത്ഥവ്യാപ്തിയുള്ള ഒരു മുദ്രാവാക്യം.സ്ത്രീകളുടെ മുഴുവന്‍ പ്രശ്നങ്ങളും ഈ രണ്ടുവാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ ഈ മുദ്രാവാക്യ സൃഷ്ടാക്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.ഒരു പക്ഷെ ഈ മുദ്രാവാക്യത്തിന്റ്റെ അര്‍ത്ഥവ്യാപ്തിയിലാകൃഷ്ടരായിട്ടായിരിക്കണം അണമുറിയാതെ, ലാത്തിച്ചാര്‍ജില്‍ പിന്തിരിഞ്ഞോടാതെ, ജലപീരങ്കിയില്‍ ഭയപ്പെടാതെ അങ്ങനെ സമരം വളര്‍ന്നുകൊണ്ടിരിക്കുന്നത്.
                           എങ്കില്‍, എങ്കില്‍ മാത്രം എനിക്കൊരല്‍പ്പം കൂട്ടിച്ചേര്‍ക്കാനുണ്ട്.നമ്മള്‍ ഇന്ത്യാക്കാരെ, ഇവിടെ ജനിച്ചുപോയി എന്ന കുറ്റത്തിനുമാത്രം എത്രയോ പ്രാവശ്യം നമ്മെ അവഹേളിച്ചിട്ടുണ്ട്, മാനസീകമായി നമ്മെ പീഡിപ്പിച്ചിട്ടുണ്ട്, മാനസീകമായി നമ്മെ നശിപ്പിച്ച് പിച്ചിചീന്തി എറിഞ്ഞിട്ടുണ്ട് നമ്മുടെ ഭരണാധികാരികള്‍ എന്നറിയാമോ?സബ്സിഡി ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ക്രൂരമായി വെട്ടിക്കുറച്ചുകൊണ്ട്, നിങ്ങള്‍ക്ക് കഞ്ഞിവൈക്കണമെങ്കില്‍ വിറകുമരം വച്ചുപിടിപ്പിച്ചോ എന്ന് നമ്മെ പരിഹസിക്കുകയും ചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ പതിനായിരക്കണക്കിന് കല്‍ക്കരിപ്പാടം റിലയന്‍സ് വെറുതേ എന്ന നിലയ്ക്ക് പതിച്ചുകൊടുക്കുകയും ചെയ്തതിനെ നമ്മള്‍ എന്താണു വിളിക്കേണ്ടത്?ഇതു പതിച്ചു നല്‍കിയ ഭരണാധികാരികള്‍ക്കിഷ്ടം പോലെ ചെയ്യാന്‍, അല്ലെങ്കില്‍ റിലയന്‍സ് പോലുള്ള കുത്തക മുതലാളിമാരുടെ അപ്പനപ്പൂപ്പന്മാരുടെ വകയല്ലല്ലോ ഈ പാടങ്ങള്‍.ഇതിലെ ഓരോ തരി മണ്ണും അവിടുന്ന് ഖനനം ചെയ്തെടുക്കുന്ന ഓരോ പിടി കല്‍ക്കരിയും അതുപോലുള്ള വസ്തുക്കളും ഈ നാട്ടിലെ ഓരോ പൌരനും  കൂടി അവകാശപ്പെട്ടതാണ്. അതാണ് സ്വന്തമെന്ന മട്ടില്‍ കാശുകാര്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്.
                      പഴയ കാരണവന്മാര്‍ പറയും, ഇക്കാണുന്നതൊന്നും നമ്മള്‍ വന്നപ്പോള്‍ കൊണ്ടുവന്നതല്ല, നമ്മള്‍ പോകുമ്പോള്‍ ഇതിലൊന്നും നമ്മള്‍ കൊണ്ടു പോകുന്നുമില്ല എന്ന് . എത്ര സത്യം.നമ്മുടെ പൂര്‍വികര്‍ സൂക്ഷിച്ചുപയോഗിച്ചതിന്റെ ബാക്കി അവര്‍  നമുക്കായി ഏല്‍പ്പിച്ചു തന്നിട്ടു പോയി, ഇനി നമ്മള്‍ ഇത് പൊന്നു പോലെ കാത്തുവച്ചിട്ട് നമുക്ക് ശേഷമുള്ള തലമുറയെ ഏല്‍പ്പിച്ചു കൊടുത്തിട്ടുവേണം പോകാന്‍. എന്നാല്‍ നമ്മള്‍ കാണിക്കുന്നതോ?അടുത്ത തലമുറക്കായി ഒന്നും കാത്തുവൈക്കുന്നില്ല എന്നു മാത്രമല്ല മുഴുവനും ധൂര്‍ത്തടിച്ചു നശിപ്പിച്ചിട്ടാണ് നമ്മള്‍ പോകാനൊരുങ്ങുന്നത് എന്നുകൂടിയോര്‍ക്കുക.അപ്പോള്‍ നമ്മോടുമാത്രമല്ല നമ്മുടെ അനന്തരാവകാശികളോടുകൂടി ചെയ്യുന്ന അവഹേളനമല്ലെ ഇത്?
                         പ്രത്യേകിച്ച് വലിയ കാര്യമൊന്നുമില്ലാതെ, നമ്മുടെ ഡാമുകളിലെ വെള്ളം മുഴുവന്‍ ഒഴുക്കിക്കളഞ്ഞ്, മഴ മാറുന്നതിനു മുന്‍പ് തന്നെ പവര്‍ക്കട്ട് പ്രഖ്യാപിച്ചു നമ്മുടെ മന്ത്രി.എന്നിട്ട് മന്ത്രിയും പരിവാരങ്ങളും കൂടി പാവം നമ്മുടെ പുറത്തേക്ക്, കറന്റ് കൂടിയ വിലയ്ക്ക് വാങ്ങുന്നതാണ് കാശുകൂടുതല്‍ തരണമെന്ന്.ദിനേന ഓരോ പൊന്മുട്ടയിട്ടു തന്നുകൊണ്ടിരുന്ന താറാവിനെ കഴുത്തു ഞെരിച്ചുകൊന്നതിനുശേഷം പൊന്ന് കിട്ടാനില്ലെന്നു കരഞ്ഞ് നമ്മുടെ ക്ലഴുത്തു ഞെരിക്കുന്ന പരിപാടിയായിപ്പോയി ഇത് എന്ന് തോന്നുന്നില്ലേ?കറന്റുണ്ടാക്കാനുള്ള വെള്ളം മുഴുവന്‍ ഒഴുക്കിക്കളഞ്ഞത് അവര്‍.എന്നിട്ട് കറന്റില്ലേ കറന്റില്ലേ എന്ന് അലമുറയിടുന്നതും അവര്‍.അപ്പെരും പറഞ്ഞ് നമ്മെ കുത്തിക്കവര്‍ന്ന് കാ‍ശു പിടുങ്ങുന്നതും അവര്‍.ഇനി കോടിക്കണക്കിനു കാശ് ബോര്‍ഡിനു കൊടുക്കാനുള്ള ചിലരുണ്ട്.അവരെ കുത്തിനു പിടിച്ച് ആ കാശ് വാങ്ങിച്ചാല്‍ മതി എത്രയോ കാലം ഉയര്‍ന്ന വിലയ്ക്ക് കറണ്ട് വാങ്ങിക്കാനുള്ള കാശാകും. എന്നാല്‍ ആ വഴി നോക്കുകയേ ഇല്ല.പിന്നെ കഷ്ടി പിഷ്ടി ഒരു ലൈറ്റും ഒരു ഫാനും ഒക്കെയായി കഴിഞ്ഞുകൂടുന്ന നമ്മളെ പിഴിഞ്ഞ് കാശുവാങ്ങാന്‍ ഇവര്‍ മിടുക്കരാണു താനും.ഇപ്പോ ഒന്നുകൂടി ഞാന്‍ മുകളില്‍ പറഞ്ഞ ആ മാനഭംഗം ഫീലു ചെയ്യുന്നില്ലേ?
                          മര്യാദയ്ക്ക് കൃഷി ചെയ്യുന്നവര്‍ക്കെല്ലാം നല്ല വിളവാണത്രെ.വിളവ് നല്ലതായതിനാല്‍ എഫ് സി ഐയുടെ ഗോഡൌണുകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണത്രെ. അവര്‍ അരി സംഭരിക്കുന്നത് നിറുത്തിയിരിക്കുന്നത്രെ. ഇത്രയും നല്ല വിളവുണ്ടായിട്ടും കേരളത്തില്‍ അരിയുടെ വിലയെത്രയാണ്?. മിനിങ്ങാന്ന് ഞാന്‍ അരിവാങ്ങിച്ചത് കിലോയ്ക്ക് 43.70 രൂപയ്ക്കാണ്. ഇന്നലെ അത് 49.10 രൂപയ്ക്കാണത്രെ എന്റെ സ്നേഹിതന്‍ വാങ്ങിയത്.അരി സൂക്ഷിക്കാന്‍ ഇടമില്ലാതായിട്ട്, അല്ലെങ്കില്‍ അരി വിതരണം (നാട്ടുകാര്‍ക്ക്, ആവശ്യക്കാര്‍ക്ക്) ചെയ്യാതെ നശിച്ചിട്ട് കത്തിച്ചു കളയുന്ന ഇന്നാട്ടിലാണിത് എന്നോര്‍ക്കണം.അത്ര പോലും ഇത് ആവശ്യക്കാരന്റെ കയ്യില്‍ എത്തരുത് എന്നാണ് വാശി.ഡല്‍ഹി ബസ്സിലടിച്ച ആ വികൃതമായ ചൂര് നിങ്ങള്‍ക്കും കിട്ടുന്നില്ലേ സുഹൃത്തേ?ഇല്ലെങ്കില്‍ നിങ്ങളാ മൂക്ക് ചെത്തി കാട്ടില്‍ കളയുന്നതാണ് നല്ലത്.കാരണം നിങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു ഉപയോഗവുമില്ല.
                               ഇപ്പോള്‍ ആ പെണ്‍കുട്ടികള്‍ പിടിച്ച പ്ലക്കാര്‍ഡിലെ ആ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായില്ലെ - ഞങ്ങളെ, നമ്മെ രക്ഷിക്കാന്‍ ആരുമില്ല ഇവിടെ.പഴയ നീതിസാരം പറയും - ‘പക്ഷീണാം ബലമാകാശം,---------------------------------, ബാലാനാം രോദനം ബലം, ദുര്‍ബലസ്യ ബലം രാജാ ‘ എന്ന്.അന്ന് സംഭവം ശരിയായിരുന്നു.എന്നാല്‍ കാലം മാറി മാറി ജനങ്ങളെ ജനങ്ങള്‍ ഭരിക്കുന്നു എന്ന നാട്യത്തിലുള്ള ഭരണം വന്നു. ഇന്ന് ദുര്‍ബലന്മാര്‍ക്ക് രാജാവ് (ഭരണാധികാരികള്‍) ഒരു ബലം ആയി മാറുന്നുണ്ടോ? ഇല്ല എന്നതു തന്നെയാണ് ഉത്തരം.നമ്മെ രക്ഷിക്കാനിവിടെ ആരുമില്ല, നമ്മെ രക്ഷിക്കേണ്ടവര്‍ ഒത്തുകളിച്ച് നമ്മെ നശിപ്പിക്കാന്‍ ചവിട്ടിത്തേയ്ക്കാന്‍ കൂട്ടു നില്‍ക്കുന്നു.അപ്പോള്‍ നമ്മുടെ രക്ഷയ്ക്ക് നമ്മുടെ സംഘബലം തന്നെ എന്ന തിരിച്ചറിവ് ദുര്‍ബലമായിട്ടെങ്കിലും ഉണ്ടായി എന്നത് നല്ലത് തന്നെ.അത് ഇന്ത്യ മുഴുവന്‍ പരക്കട്ടെയെന്നും അതൊരു വലിയ അന്തിമസമരത്തിന് നാന്ദിയാകട്ടെയെന്നും ആശംസിക്കുന്നു.
Post a Comment