പീഡനത്തെക്കുറിച്ച് ഒരു വാക്കു കൂടി

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                               ബ്ലോഗായ ബ്ലോഗെല്ലാം ഇപ്പൊ പീഡനത്തെക്കുറിച്ചുമാത്രമാണ് സംസാരിക്കുന്നത്.ഇര എത്ര ഡിഗ്രി ചെരിഞ്ഞാണു കിടന്നിരുന്നത്, ആരൊക്കെ ഏതൊക്കെ ആംഗിളില്‍ പ്രവേശിപ്പിച്ചു,അന്നേരം ഇര എന്തു പറഞ്ഞു, എന്തുകൊണ്ട് അങ്ങിനെ പറഞ്ഞില്ല?,അങ്ങനെയായിരുന്നില്ലേ പറയേണ്ടത്?,ആ പറച്ചിലിനെ ആരാണു തടഞ്ഞത് തുടങ്ങിയ നൂറായിരം അപഹാസ്യമായ ചര്‍ച്ചകളിലേക്കത് കൂപ്പുകുത്താന്‍ തുടങ്ങിയിരിക്കുന്നു.എന്നാല്‍ ആ ചര്‍ച്ചകളെക്കൊണ്ട് എന്തെങ്കീലും ഒരു ഗുണം ആര്‍ക്കെങ്കിലുമുണ്ടോ അതൊട്ടില്ല താനും.ഒരു പക്ഷെ ഇത്തരം വളിപ്പുകള്‍ പടച്ചുവിടുന്നവന് / വള്‍ക്ക് ഒരു രചനാഭോഗത്തിന്റെ സുഖം കിട്ടിയെങ്കിലായി.(അത്തരക്കാര്‍ കൂടിവരൂന്നോന്നൊരു സംശയം.)
                              പക്ഷെ മേല്‍ പറഞ്ഞ എഴുത്തുകള്‍ കൊണ്ട് എന്തെങ്കിലും ഒരു മാറ്റം ഇന്നാട്ടിലുണ്ടാകുമോ എന്ന് സംശയമാണ്.കാരണം ഈ രോഗത്തിന്റെ കാരണം വേറെയാണല്ലോ!
                               വന്ന് വന്ന് സ്ത്രീകളുടെ (സോറി, ഇരയുടെ) വസ്ത്രധാരണമാണ് പീഡനത്തിനു കാരണമെന്നുവരെ പറഞ്ഞുവച്ച വിദ്വാന്മാരുണ്ട്.അങ്ങനെയാകുമ്പോള്‍ മൂന്നു വയസ്സുപോലും തികയാത്ത കുട്ടിയേയൂം അറുപത് തികഞ്ഞ അമ്മൂമ്മാമാരെപോലും പീഡിപ്പിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം വന്നു.അപ്പോള്‍ വന്ന അടുത്ത വാദം വീട്ടിലിരിക്കേണ്ട സ്ത്രീകള്‍ അതുചെയ്യാത്തതുകൊണ്ടാണ് പീഡനങ്ങളുണ്ടാകുന്നതെന്നായിരുന്നു.അതിനു മറുപടിയായി കൂടുതല്‍ സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നത് വീടുകളില്‍ വച്ചാണെന്നു വന്നു.
                       ഇങ്ങനെ കൊണ്ടും കൊടുത്തും ചോദ്യത്തിനു തരാതരം പോലെ അപ്പപ്പോള്‍ തോന്നുന്ന മറുപടിയും കൊടുത്ത് ഇതങ്ങനെ ഒരു വലിയ വാദപ്രതിവാദമായി വളരുന്നു എന്നതല്ലാതെ സമൂഹത്തിനോ മനുഷ്യര്‍ക്കോ ഒന്നും ഒരു ഗുണവും ഇല്ല എന്നു മാത്രം.
                       ഒന്നു ചോദിച്ചോട്ടെ!. സ്ത്രീകളെ കാണുമ്പോള്‍ ഓരോ പുരുഷന്റേയും ശരീരത്തിനു ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാ‍കുന്നു.അല്ലെങ്കില്‍ അവന്‍ (സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ മകളോ അല്ലാത്ത) ഒരു സ്ത്രീയെ സ്വീകരിക്കാന്‍ - അവള്‍ അയാളുടെ സുഹൃത്തായിരിക്കാം, സഹപ്രവര്‍ത്തകയായിരിക്കാം - തയ്യാറെടുക്കുന്നു.അവന്റെ ഞരമ്പുകള്‍ ചെറുതായി ഒന്നുവലിയുന്നൂ, ശരീരം അല്‍പ്പം വിയര്‍ക്കാന്‍ തുടങ്ങുന്നു.എന്നെ തല്ലാന്‍ വരട്ടെ, ഇത് സംഭവിക്കുന്നത് സ്ത്രീകളുമായി കൂടുതല്‍ ഇടപഴുകാന്‍ അവസരം കിട്ടാത്ത്അവരിലാണ്.ഒരു പുരുഷസുഹൃത്തിനെ കാണുമ്പോള്‍ ഇങ്ങനെയൊരു അബോധമായ തയ്യാറെടുപ്പ് മറ്റൊരു പുരുഷന്‍ നടത്താറില്ല.കാരണം പുരുഷന്മാര്‍ തമ്മില്‍ അടുത്തിടപഴകി പുരുഷന്‍ എന്നാലെന്താണെന്നും ഒക്കെ അവനറിയാം.ഒരു പുരുഷസുഹൃത്ത് അടുത്തേക്ക് വരുമ്പോള്‍ സ്ത്രികള്‍ക്ക് ഇങ്ങനെയുണ്ടാകുന്നുണ്ടോ എന്നെനിക്കറിയില്ല.ഒണ്ടാകുമായിരിക്കണം.
                  നമ്മുടെ സമൂഹം ഫ്യൂഡല്‍ വ്യവസ്ഥയില്‍ സ്ത്രീകളേയും പുരുഷന്മാരേയും അടുത്തിടപഴുകാന്‍ അന്നത്തെ സമുദാ‍യം അനുവദിച്ചിരുന്നില്ല.സമൂഹം തന്നെ 4 ജാതികളായി ത്തൊഴിലടിസ്ഥാനത്തില്‍ അന്ന് വിഭജിച്ചിരുന്നു, അതില്‍ നാലാമത്തെ ജാതിയും ഏറ്റവും താണതുമായ ശൂദ്രന്മാരിലൂം താഴെയായിരുന്നു സ്ത്രീയുടെ സ്ഥാനം.അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചില മാറ്റങ്ങള്‍ കണ്ടേക്കാമെങ്കിലും പൊതുവേ പുരുഷന്മാരില്‍ നിന്നും തുലോം താഴെയായിരുന്നു അവളുടെ സ്ഥാനം.പുരുഷന്മാര്‍ക്കുണ്ടായിരുന്ന എല്ലാ അധികാരാവകാശങ്ങളും സ്ത്രീകള്‍ക്ക് ഇല്ലായിരുന്നു.
                പിന്നെ വന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനമായിരുന്നു, അതിനു നടു നായകത്വം വഹിച്ചിരുന്ന ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വതന്ത്രഭാരതം എന്നാല്‍ രാമരാജ്യമായിരുന്നു.ആ രാമന്‍ തന്റെ ഭാര്യയോട് - സീതയോട് - എങ്ങനെ പെരുമാറിയെന്നതിനു രാമായണം തന്നെ സാക്ഷി.ഇതുമാത്രമല്ല ഉണ്ടായ പ്രശ്നം!. പഴകി ജീര്‍ണിച്ച ഫ്യൂഡലിസത്തെ കുടഞ്ഞു കളഞ്ഞ് മുതലാളിത്വമെന്ന പുതിയ ഒരു വ്യവസ്ഥയെ വരിക്കേണ്ട ഒന്നായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമരം.പാശ്ചാത്യരാജ്യങ്ങളുടെ - പ്രത്യേകിച്ചും സ്ത്രീകളെ തുല്യരായി പരിഗണിക്കുന്ന മുതലാളിത്വ, സോഷ്യലിസ്റ്റ് സംബ്രദായം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ ചരിത്രം നമ്മെ അതാണ് പഠിപ്പിക്കുന്നത്.എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യസമര കോണ്‍ഗ്രസ്സ് നേതാക്കള്‍ ഫ്യൂഡല്‍ പ്രഭുക്കളുമായി സന്ധി ചെയ്തുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിച്ചത്.ഇതിന്റെ ഫലമായി മുതലാളിത്വ വ്യവസ്ഥയുമല്ല, എന്നാല്‍ ഫ്യൂഡല്‍ വ്യവസ്ഥയുമല്ല എന്ന രീതിയിലുള്ള ഒരവിയല്‍ സംബ്രദായമാണ് നിലനിലനില്‍ക്കുന്നത്.
                          അതുകൊണ്ടെന്തുണ്ടായി എന്നു വച്ചാല്‍ ഫ്യൂഡല്‍ മാടമ്പി സംസ്കാരത്തിന്റെ എല്ലാ ജീര്‍ണതകളും - ദൈവവിശ്വാസവും മതജാതി വിശ്വാസവും ഭൂപ്രഭുക്കളും അവരുടെ പണിസ്ഥലങ്ങളില്‍ പണിയെടുക്കാന്‍ അവര്‍ക്കായി അടിമകളും ആ അടിമകളെ അടിമകളാക്കി നിലനിറുത്താനായി നിരക്ഷരത, ദാരിദ്ര്യം സ്ത്രീ പുരുഷ അന്തരം ഒക്കെ നിലനിറുത്തിപ്പോരുകയും അതിന്റെ മുകളില്‍ വ്യവസായ ശാലകളും അവിടെ പണിയെടുക്കുന്ന തൊഴിലാളികളും (തീര്‍ച്ചയായും സ്ത്രീകളും പുരുഷന്മാരും) അവാര്‍ക്ക് മിനിമം വിദ്യാഭ്യാസവും, പണിയെടുക്കാനുള്ള ആരോഗ്യം നിലനിറുത്തുന്നതിനായുള്ള ചുറ്റുപാടുകളും ഒക്കെ അനുവദിച്ചുകൊടുക്കുന്ന മുതലാളിയുമൊക്കെ നിലനില്‍ക്കുന്നു.തൊഴിലാ‍ാളികളാകുമ്പോള്‍ സ്ത്രീയും പുരുഷനുമെല്ലാം തൊഴിലാളികളാണെങ്കിലും സ്ത്രീകള്‍ക്ക് അവിടേയും അവഗണനയുണ്ടെങ്കിലും ഫ്യൂഡലിസത്തിന്റെ ശാപം ഒരിക്കലും അവര്‍ക്ക് മുതലാളിത്വത്തില്‍ ഉണ്ടാകുന്നില്ല.
                             അപ്പോള്‍ കാതലായ പ്രശ്നം ഇതാണ്, ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളായ ജാതിമതശക്തികള്‍ ആരോഗ്യകരമായ ഒരു സ്ത്രീപുരുഷബന്ധത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നു.അതേ ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങള്‍ ആരോഗ്യകരമായ ഒരു പാഠപുസ്തകനിര്‍മ്മാണത്തിനുവരെ എതിരു നില്‍ക്കുന്നു.അപ്പോള്‍ ഇന്നാട്ടിലെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ക്കുകാരണം ഈ ഫ്യൂഡലിസം മാത്രമാണ്.ഇതിനെ നശിപ്പിച്ച് മുതലാളിത്വവിപ്ലവം( മാറ്റം) കൊണ്ടുവരാതെ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനുള്ള സമരം പൂര്‍ണ്ണമാവുകയില്ല. (മുതലാളിത്ത്വം   വന്നാലും സ്ത്രീ പൂര്‍ണ്ണമായും സംരക്ഷീക്കപ്പെടുകയില്ല എന്നത് മറ്റൊരു സത്യം, എങ്കിലും ഇന്നത്തേതിനേക്കാള്‍ മാറ്റമുണ്ടായിരിക്കും.)
                  ഇനി പെട്ടെന്ന് ചെയ്യാവുന്നതെന്താണെന്നു വച്ചാല്‍ സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി ചില നിസ്സാര അന്തരമുണ്ടെന്നതൊഴിച്ചാല്‍ ഒന്നിച്ച് ഒരേ രീതിയില്‍ മുന്നേറേണ്ടവരാണെന്ന രീതിയില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെറുപ്പത്തിലേ തുടങ്ങുക.ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ന്ന് ക്ലാസ്സ് മുറികളിലിരിക്കാനും അറ്റന്റസ് രെജിസ്റ്ററില്‍ ഇവരുടെ പേരുകള്‍ ഇടകലര്ത്തിയെഴുതുകയും ചെയ്യുക.തീര്‍ന്നില്ല സ്വന്തം കുടുംബത്തില്‍ ആണ്‍കുട്ടിയെപ്പോലെ തന്നെ പെണ്‍കുട്ടിയേയും താന്‍ നൊന്തുതന്നെ പ്രസവിച്ചതാണെന്ന ബോധത്തോടെ അമ്മമാര്‍ കാണുകയും തന്റെ സ്വന്തം രക്തത്തില്‍ പിറന്ന മകളാണെന്ന ധാരണയോടെ അഛന്മാര്‍ ലാളിക്കുകയും ചെയ്യണം.പോരാ, പെങ്കുട്ടികളുടെ ഹത്യ നടക്കുന്നതിന്റെ ഒരു പ്രധാന കാരണം അവള്‍ ഉണ്ടാക്കിവയ്ക്കുന്ന ചിലവാണ്, കല്യാണത്തിന്( കണ്ടോ ഫ്യൂഡല്‍ ഇമ്പാക്റ്റ്), ആ ചിലവ് സര്‍ക്കാര്‍ ഏല്‍ക്കാന്‍ തയ്യാറാകണം.പക്ഷെ അതിന് ഈ ഉദാരവല്‍ക്കരണ സഹായിയായി നില്‍ക്കുന്ന സര്‍ക്കാര്‍ എത്രമാത്രം തയ്യാറാകും? കണ്ടോ സ്ത്രീയുടെ അന്തസ്സും മാനവും സംരക്ഷിക്കാനുള്ള സമരം ആന്റി ഫ്യൂഡല്‍, ആന്റിസാമ്രാജ്യത്വ ആന്റി ഉദാരവല്‍ക്കരണസമരമായി മാറുന്നത്?
                  

3 comments :

  1. .പോരാ, പെങ്കുട്ടികളുടെ ഹത്യ നടക്കുന്നതിന്റെ ഒരു പ്രധാന കാരണം അവള്‍ ഉണ്ടാക്കിവയ്ക്കുന്ന ചിലവാണ്, കല്യാണത്തിന്( കണ്ടോ ഫ്യൂഡല്‍ ഇമ്പാക്റ്റ്), ആ ചിലവ് സര്‍ക്കാര്‍ ഏല്‍ക്കാന്‍ തയ്യാറാകണം.പക്ഷെ അതിന് ഈ ഉദാരവല്‍ക്കരണ സഹായിയായി നില്‍ക്കുന്ന സര്‍ക്കാര്‍ എത്രമാത്രം തയ്യാറാകും? കണ്ടോ സ്ത്രീയുടെ അന്തസ്സും മാനവും സംരക്ഷിക്കാനുള്ള സമരം ആന്റി ഫ്യൂഡല്‍, ആന്റിസാമ്രാജ്യത്വ ആന്റി ഉദാരവല്‍ക്കരണസമരമായി മാറുന്നത്?

    ReplyDelete
  2. ഘനവും ആഴവുമേറിയ ഒരു ലേഖനം

    ReplyDelete
  3. വെറുതേ മുതലാളിത്തത്തേയും ഫ്യൂഡലിസത്തേയുമൊന്നും വലിച്ചുകെട്ടി വരേണ്ടതില്ല.എല്ലാം കച്ചവടം.എന്തും വില്പനച്ചരക്ക്.പണവും അന്തമില്ലാത്ത സുഖവും മാത്രം ലക്ഷ്യം.കള്ളും പെണ്ണും സുഖിക്കാനുള്ള ഉപാധികൾ.പെണ്ണിനെ ആസ്വദിക്കാനുള്ള സർവ്വ സംവിധാനങ്ങളുമൊരുക്കി ആധുനിക മാധ്യമങ്ങളും ഉപകരണങ്ങളും.ആരെ ഒളിക്കാൻ,ആരെ മറയ്ക്കാൻ...ഒന്നുമില്ല.കള്ളൻ നമ്മുടെ ഉള്ളിലുള്ളപ്പോൾ പുറത്തേയ്ക്ക് വിരൽചൂണ്ടാൻ നാം ലജ്ജിക്കണം.

    ReplyDelete