ഇന്നാട്ടിലെ സാധാരണക്കാരനായ മനുഷ്യരോട്

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                           സ്റ്റിസ് ബസന്തിന്റെ പ്രസ്താവനയാണ് ഇന്നലെ മുതല്‍ കേരളത്തില്‍ കൊടുംകാറ്റായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെകുറിച്ചുള്ള ആ പ്രസ്താവം വായിക്കാത്തവരോ അറിയാത്തവരോ ആയി ഈ ഭൂമി മലയാളത്തിലാരുമുണ്ടാകുമെന്ന് തോന്നുന്നില്ല.അതിനാല്‍ ഞാനത് വീണ്ടുമെഴുതി ഈ പേജ് മലീമസമാക്കുന്നില്ല. ഈ ജസ്റ്റിസ് ബസന്ത് തന്നെയായിരുന്നു കീഴ്‌കോടതികളെല്ലാം ശിക്ഷിച്ച ഈ കേസ് വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ച രണ്ടു ജഡ്ജിമാരിലൊരാള്‍. തന്നെയുമല്ല ജസ്റ്റിസ് ബസന്ത് പ്രധാന ജഡ്ജിയുടെ വിധിയോടൊപ്പം രണ്ടു പേജ് വരുന്ന ഒരു സ്വന്തം നിരീക്ഷണവും കൂട്ടിച്ചേര്‍ത്തിരുന്നു പോലും എന്തുകൊണ്ട് പ്രതികളെ വെറുതെ വിടണമെന്ന് വിശദീകരിച്ചുകൊണ്ട്. ആ നിരീക്ഷണം തന്നെയായിരിക്കണം അദ്ദേഹം ഇന്നലെ പ്രസിദ്ധീകരിക്കില്ല എന്ന പൂര്‍ണ വിശ്വാസത്തില്‍ ചാനലുകാരോട് വിശദീകരിച്ചത്. എന്നിട്ടദ്ദേഹം പറയുന്നുമുണ്ട് വിമര്‍ശകരാരും തങ്ങളുടെ വിധി വായിച്ചു നോക്കാന്‍ മിനക്കെട്ടില്ല എന്ന്.സുപ്രീം കോടതി പോലും തങ്ങളുടെ വിധി വായിക്കാന്‍ മിനക്കെട്ടില്ല എന്നും അദ്ദേഹം പറയുന്നു.
                           അദ്ദേഹത്തിന്റെ പ്രധാന ആര്‍ഗുമെന്റ് സൂര്യനെല്ലി പെണ്‍കുട്ടി ഒരു വഴിപിഴച്ചവള്‍ ആണെന്നാണ്. അവിടെ നടന്നത് ബാലവേശ്യാ വൃത്തിയെന്നും അദ്ദേഹം ആരോപിച്ചു.(കേരള കൌമുദി 10/02/13)പത്രം തുടരുന്നു, പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്നും നടന്നത് ബലാത്സംഗമല്ലെന്നും അഭിമുഖത്തില്‍ ബസന്ത് പറഞ്ഞു.പെണ്‍കുട്ടിക്ക് പക്വതയില്ലായിരുന്നു,വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ അവള്‍ തട്ടിപ്പ് കാട്ടി.ബാല്യവേശ്യാവൃത്തി അസാന്മാര്‍ഗികമാണ് എന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഞെട്ടിയത് വിധിപ്രസ്താവം വായിക്കാത്തതിനാലാണ് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു.( എല്ലാ ഉദ്ധരണികളും 10/02/13 ലെ കേരള കൌമുദി ദിനപത്രത്തില്‍ നിന്ന്.)
                                              ബാലവേശ്യാവൃത്തി പോലും കുറ്റകരമായ ഒരു രാജ്യമാണ് നമ്മുടെ രാജ്യം.പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളുടെ സമ്മതത്തോടെയാണെങ്കില്‍ പോലും പ്രാപിക്കുന്നത് ബലാത്സംഗകുറ്റമാക്കിയ രാജ്യമാണ് നമ്മുടേത്. ഈയൊരൊറ്റകാരണം കൊണ്ടുതന്നെ പ്രതികള്‍ ശിക്ഷാര്‍ഹര്‍ ആണന്ന് ഏതുകൊച്ചുകുട്ടിക്കു പോലും അറിയാം.ഇതൊന്നും അറിയാത്ത ആളല്ല ജസ്റ്റിസ് ബസന്ത്. എന്നിട്ടും പ്രതികളെ നിരപരാധികളായി കണ്ട് വിട്ടയക്കുകയും പിന്നീട് ഒരു സന്നിഗ്ധഘട്ടത്തില്‍ ആ വിധിയെ ന്യായീകരിക്കുവാന്‍ ആ ജഡ്ജ് തയ്യാറാവുകയും ചെയ്യുന്നു.എന്തുകൊണ്ടിത് എന്നതിന് എനിക്കു തോന്നിയ ഒരു വിശദീകരണമാണീ പോസ്റ്റ്.ശരിയാകാം,തെറ്റാകാം എങ്കിലും എന്റെ അഭിപ്രായം മാത്രം.
                                         നമുക്കറിയാം നാം ജീവിക്കുന്ന സമൂഹം രണ്ടു വര്‍ഗങ്ങളായി പിരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്. മനുഷ്യജാതി ഉല്‍ഭവിച്ച ആദ്യകാലങ്ങളില്‍ നിലനിന്നിരുന്ന പ്രാകൃതകമ്യൂണിസം എന്ന വ്യവസ്ഥിതി ഒഴിച്ചാല്‍ പിന്നീടു വന്ന എല്ലാ വ്യവസ്ഥകളിലും സമൂഹം വര്‍ഗങ്ങളായി തിരിഞ്ഞിരുന്നു.അടിമയും ഉടമയും അല്ലെങ്കില്‍ നാടുവാഴിയും കുടിയാനും അല്ലെങ്കില്‍ മുതലാളിയും തൊഴിലാളിയും എന്നൊക്കെയായി.തുടക്കത്തില്‍ പരസ്പരം പൊരുത്തപ്പെട്ടും സഹകരിച്ചും ഒക്കെ നില്‍ക്കാന്‍ ശ്രമിക്കുന്ന ഈ വര്‍ഗങ്ങള്‍ വളരെ പെട്ടെന്ന് സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തും.അതു സംഭവിച്ചേ മതിയാകൂ.കാരണം ഈ വര്‍ഗങ്ങളില്‍ ഒന്ന് ഏപ്പോഴും പുരോഗമനപരവും അഭിവൃത്തിയിലേക്കും ഒക്കെ നയിക്കുന്നതും മറ്റേത് നേരെ തിരിച്ചുമൊക്കെയായിരിക്കുകയും ചെയ്യും.മുന്നോട്ട് കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വര്ഗത്തെ എത്രമാത്രം പിന്നോട്ടടിപ്പിക്കാന്‍ കഴിയുമോ അതൊക്കെ മറ്റേ വര്‍ഗം ചെയ്യും.കാരണം സ്വന്തം നിലനില്‍പ്പുതന്നെ.അതുകൊണ്ടു തന്നെ സ്വന്തം വര്‍ഗത്തിനായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമെങ്കിലും അതങ്ങനയല്ല എന്ന് പുരോഗമനവര്‍ഗത്തെ ധരിപ്പിക്കാനും വിശ്വസിപ്പിക്കാനും ഒക്കെ ചൂഷകരുടെ വര്‍ഗം ശ്രമിക്കും. ശ്രമിക്കും.കാരണം എന്നാലെ അവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ എന്നതു തന്നെ!അതുകൊണ്ടു തന്നെ അദ്ധ്വാനിക്കുന്നവനെ, പണിയെടുക്കുന്നവനെ ദിനേന ചൂഷണം ചെയ്യുമ്പോളും അതങ്ങനെയല്ല എന്ന് ധരിപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും എന്നത് നിത്യജീവിതത്തില്‍ നമുക്കറിയാവുന്നതാണ്. 
                                                                ദിനം പ്രതി ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോഴും കുത്തകകള്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരികൊടുക്കുമ്പോഴും പട്ടിണിപ്പാവങ്ങള്‍ക്കു മേല്‍ നികുതി ഭാരം കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കുമ്പോഴും അത് ചെയ്യുന്നത് പാവങ്ങളെ സഹായിക്കാനാണ് എന്ന് അവര്‍ വൃഥാ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതു പോലെ തന്നെ മറ്റൊരു കാര്യമാണ് ഏതു സംഭവത്തേയും തങ്ങള്‍ക്കും തങ്ങളുടെ വര്‍ഗത്തിന്റേയും കാഴ്ച്ചപ്പാടില്‍ വ്യാഖ്യാനിക്കാനും അത് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിക്കാനുമുള്ള ത്വര.ഏതൊരു സംഭവത്തേയും ആ സംഭവമായി ത്തന്നെ കാണാതെ ആ സംഭവം തങ്ങളുടെ വര്‍ഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന്, അല്ലെങ്കില്‍ ആ സംഭവം തങ്ങളുടെ, തങ്ങളുടെ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും എന്ന് കണ്ട് അതിനനുസരിച്ച് മാറ്റിയെടുക്കാന്‍ രണ്ടു വര്‍ഗവും ശ്രമിക്കും.അങ്ങനെയാണ് പെന്‍ഴ്ഷന്‍ നിലനിര്‍ത്താനുള്ള സമരം മനോരമയ്ക്ക് അക്രമസമരവും ദേശാഭിമാനിയ്ക്ക് നിലനില്‍പ്പിനായുള്ള സമരവുമായി മാറുന്നത്.പെന്‍ഷന്‍ നിലനിറുത്തുക എന്നത് മാറിയ സാഹചര്യത്തില്‍ മുതലാളിവര്‍ഗത്തിന്റെ ലാഭത്തില്‍ കുറവുണ്ടാക്കുമെന്നതിനാല്‍ അത് വെട്ടിക്കുറയ്ക്കാനവര്‍ മുതിരും.അത് മുതലാളിത്വത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയായ കാര്യമാണ്.എന്നാല്‍ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടുന്ന പ്രവര്‍ത്തിയായതിനാല്‍ അവരത് സര്‍വസന്നാഹത്തോടെയും എതിര്‍ക്കും.കാരണം അവരെ സംബന്ധിച്ചിടത്തോളം അതാണ് ശരി.
                 നോക്കൂ, ഒരേ കാര്യം തന്നെ രണ്ടു രീതിയില്‍ രണ്ടു വര്‍ഗങ്ങളും ഉപയോഗിക്കുന്നത്.നമ്മുടെ നാട്ടിലുണ്ടാകുന്ന ഏതൊരു പ്രശ്നത്തിലും ഇതുപോലെ രണ്ടൂ പക്ഷങ്ങളുണ്ട്, ഒന്നുകില്‍ ബോധപൂര്‍വം അല്ലെങ്കില്‍ അബോധപൂര്‍വം.സമൂഹത്തിന്റെ എല്ലാ ചലനങ്ങളിലും ഇതുപൊലെ ആ സമൂഹത്തിന്റെ വര്‍ഗചായ്‌വ് പ്രകടമാണ്.പട്ടിണിപ്പാവങ്ങളും അവരുടെ നേതാക്കളും ഒക്കെ തെണ്ടികളായി മറ്റേ വര്‍ഗത്തിനു തോന്നാം, കാരണം അവരുടെ സ്വസ്ഥത നശിപ്പിക്കുന്ന (അവരെ സംബന്ധിച്ച് സ്വസ്ഥത എന്നാല്‍ സമാധാനപരമായി ലാഭം ഉണ്ടാക്കാനുള്ള പ്രവൃത്തിയാണെന്നു മാത്രം.) ഒന്നാണെന്നുകാണാം.
                     അതുപോലെ തന്നെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയും അവള്‍ പ്രതിനിധീകരിക്കുന്ന വര്‍ഗവും.താഴ്ന്ന നിലവാരത്തില്‍ നിന്നുവന്ന (എന്നുവച്ചാല്‍ തങ്ങളുടെ ഗണത്തില്‍ പെടാത്ത എന്നര്‍ത്ഥം) യാതൊരുവിധ സംസ്കാരവും( തങ്ങളുടെ വര്‍ഗത്തിന്റെ ) ഇല്ലാത്ത ഒരു പെണ്‍കുട്ടി അവള്‍ വഴിപിഴച്ചവള്‍ അല്ലെങ്കില്‍, ബാലവേശ്യയല്ലെങ്കില്‍ പിന്നെ ആരാ? അവള്‍ വഴിപിഴയ്ക്കപ്പെടേണ്ടവള്‍ ആണ് , ബാലവേശ്യയാവേണ്ടവള്‍ ആണ് മുതലാളിതവര്‍ഗത്തെ സംബന്ധിച്ചിടത്തോളം.ചിലപ്പോള്‍ തങ്ങളില്‍ ചിലര്‍ അവിടെ പോയെന്നും അവളെ പിഴപ്പിച്ചെന്നുമിരിക്കും. ഇതൊക്കെയാണ് മുതലാളിവര്‍ഗത്തിനും അവരെ പിന്‍‌തുണയ്ക്കുന്നവര്‍കും ഈ പ്രശ്നത്തിലുള്ള കാഴ്ച്ചപ്പാട്.ചിലരത് പരസ്യമായി തുറന്ന് പ്രകടിപ്പിക്കും ബസന്തിനെപ്പോലെ, ചിലരത് ഇങ്ങനെ ഭംഗിയായി മധുരം പുഅരട്ടിപറയും ദേ ഇങ്ങനെ:- “റെജീന ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റിപ്പറയുന്നവളാണ്,അതുകൊണ്ട് അവളെ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ്, സൂര്യനെല്ലി പെണ്‍കുട്ടി കഴിഞ്ഞ 17 വര്‍ഷമായി ഒരേ കാര്യം തന്നെ സ്ഥിരമായി പറയുന്നവളാണ്(അതായത് മൊഴിമാറ്റി പറയാത്തവളാണ്) അതുകൊണ്ടവളെ വിശ്വസിക്കാന്‍ കഴിയില്ല “എന്ന്.രണ്ടു പ്രാവശ്യവും രക്ഷപെടുത്തിക്കൊണ്ടുപോകുന്നത് തങ്ങളുടെ വര്‍ഗത്തിന്റെ പ്രതിനിധികളെയാണെന്ന് മധുരം നല്‍കുന്ന സുഖത്തില്‍ നാം മറന്നു പോകുന്നു.
                            അപ്പോള്‍ പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ, ജസ്റ്റിസ് ബസന്ത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെ പ്രതിനിധിയായി വക്താവായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.എന്നാല്‍ മറുഭാഗത്തെ പ്രതിനിധീകരിക്കുന്ന നമ്മളോ?
പിന്‍‌കുറിപ്പ്:- മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞുവച്ചിട്ടുണ്ട് ലാഭം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മുതലാളിയെത്തന്നെ വിലപേശി വില്ക്കാന്‍ മടിക്കാത്തതാണ് മൂലധനമെന്ന്.ലാഭം കൂട്ടാനുള്ള ഓട്ടത്തിനിടയില്‍, മുന്നിലെത്താനും റേറ്റിങ്ങ് ഉയര്‍ത്താനുമുള്ള ഓട്ടത്തിനിടയില്‍ പുറത്തുപറയരുത് എന്ന ഉറപ്പില്‍ പറയുന്ന കാര്യങ്ങള്‍ പോലും സമ്പ്രേഷണം ചെയ്യുന്ന ചാനലുകാരെക്കുറിച്ച് എന്താണ് പറയേണ്ടത്? പണ്ട് മോഹന്‍ലാല്‍ (സിനിമാനടന്‍) ഒരു ചാനലുകാരനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. അഹിതമായതെന്തോ ചോദിച്ച ചാനലുകാരനോട് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചത്, റേറ്റിങ്ങ് കൂട്ടാനായി നിങ്ങള്‍ നിങ്ങളുടെ ബെഡ് റൂമിലേയ്ക്കും മാതാപിതാക്കളുടെ ബെഡ് റൂമിലേയ്ക്കും ക്യാമറ തിരിച്ചുവൈക്കുമോ എന്നായിരുന്നു. വലിയ താമസമില്ലാതെ ആ ദൃശ്യങ്ങള്‍ കൂടി വിളംബിത്തരാന്‍ ഇത്തരം ചാനലുകള്‍ തയ്യാറാവും,കാരണം ആകാശയുദ്ധം കടുക്കാന്‍‌ന്നെയാണ് പോകുന്നത്.

3 comments :

  1. ഏതൊരു സംഭവത്തേയും ആ സംഭവമായി ത്തന്നെ കാണാതെ ആ സംഭവം തങ്ങളുടെ വര്‍ഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന്, അല്ലെങ്കില്‍ ആ സംഭവം തങ്ങളുടെ, തങ്ങളുടെ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും എന്ന് കണ്ട് അതിനനുസരിച്ച് മാറ്റിയെടുക്കാന്‍ രണ്ടു വര്‍ഗവും ശ്രമിക്കും.അങ്ങനെയാണ് പെന്‍ഴ്ഷന്‍ നിലനിര്‍ത്താനുള്ള സമരം മനോരമയ്ക്ക് അക്രമസമരവും ദേശാഭിമാനിയ്ക്ക് നിലനില്‍പ്പിനായുള്ള സമരവുമായി മാറുന്നത്

    ReplyDelete
  2. “റെജീന ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റിപ്പറയുന്നവളാണ്,അതുകൊണ്ട് അവളെ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ്, സൂര്യനെല്ലി പെണ്‍കുട്ടി കഴിഞ്ഞ 17 വര്‍ഷമായി ഒരേ കാര്യം തന്നെ സ്ഥിരമായി പറയുന്നവളാണ്(അതായത് മൊഴിമാറ്റി പറയാത്തവളാണ്) അതുകൊണ്ടവളെ വിശ്വസിക്കാന്‍ കഴിയില്ല “എന്ന്.രണ്ടു പ്രാവശ്യവും രക്ഷപെടുത്തിക്കൊണ്ടുപോകുന്നത് തങ്ങളുടെ വര്‍ഗത്തിന്റെ പ്രതിനിധികളെയാണെന്ന് മധുരം നല്‍കുന്ന സുഖത്തില്‍ നാം മറന്നു പോകുന്നു.

    ഗൌരവമുള്ള ലേഖനം.

    ReplyDelete
  3. ഈ കുറിപ്പ് വളരെ നന്നായി.

    ReplyDelete