ദൈവികാനുഭൂതിയും നമ്മുടെ തലച്ചോറിലെ ലിംബിക വ്യൂഹവും.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                 





 (കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മാസികയായ ശാസ്ത്രകേരളത്തില്‍ 2013 ഏപ്രില്‍ (ലക്കം 510) എസ്.രാജേന്ദ്രന്‍ എഴുതിയ ലേഖനം ഈ ബ്ലോഗ്ഗില്‍ നേരത്തേ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പ്രസക്തമെന്ന് കണ്ട് പോസ്റ്റ് ചെയ്യുകയാണ്.) 


ഈശ്വരദര്‍ശനം തരും ഹെല്‍മറ്റ് ( God Helmet)                                 
                                         കാഴ്ചയില്‍ ഏകദേശം ഒരു ഹെല്‍മറ്റ് പോലിരിക്കും.തലയില്‍ ഇഷ്ടാനുസരണം ഏതു ഭാഗത്ത് വേണമെങ്കിലും ഉറപ്പിച്ചു വൈക്കാം.അതിലെ ഒരു ബട്ടണ്‍ അമര്‍ത്തി തലച്ചോറിന്റെ ഏതു ഭാഗവും ഉത്തേജിപ്പിക്കാം.സ്ഥായിയായ ഒരു തകരാറും തലച്ചോറില്‍ ഉണ്ടാക്കുകയില്ല.ഇങ്ങനെയൊരു ഉപകരണം അഥവാ യന്ത്രം ഉണ്ടോ?ഉണ്ട്.അതിന്റെ പേര് ട്രാന്‍സ്ക്രേനിയല്‍ മാഗ്നറ്റിക് സ്റ്റിമുലേറ്റര്‍ - തലച്ചോര്‍ കടന്നുള്ള കാന്തിക ഉത്തേജിനി.അത് തലയില്‍ ഒരിടത്ത് ഉറപ്പിച്ച് ബട്ടണ്‍ അമര്‍ത്തിയാല്‍ അതിവേഗം സ്പന്ദിക്കുന്ന ശക്തിയേറിയ കാന്തികമണ്ഡലം , അതിന്റെ പ്രേരണയാല്‍ ഒരു വൈദ്യുത പ്രവാഹം തലച്ചോറില്‍ ഒരു ഭാഗത്ത് സൃഷ്ടിക്കുന്നു.ആ ഭാഗം ഉത്തേജിതമാകും.ഉത്തേജിതമാക്കപ്പെട്ട ഭാഗം നിര്‍വഹിക്കുന്ന ജീവല്‍ പ്രവര്‍ത്തനങ്ങള്‍ അന്നേരം ശരീരത്തില്‍ അന്നേരം പ്രകടമാകും.ഉദാഹരണമായി തലച്ചോറില്‍ പേശീ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തെ - പ്രേരക കോര്‍ട്ടെക്സിനെ - നിങ്ങള്‍ ഉത്തേജിപ്പിക്കുകയാണെങ്കില്‍ കൈകാലുകളിലോ ഉടലിലൊ ഉള്ള ചില ഭാഗങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ചലിക്കും.
                        ഈ ഉപകരണം നിങ്ങളുടെ കയ്യില്‍ കിട്ടിയെന്നിരിക്കട്ടെ.അതിലെ കാന്തിക മണ്ഡലം നിങ്ങള്‍ എങ്ങോട്ട് തിരിച്ചു വൈക്കും?നമ്മുടെ തലച്ചോറില്‍ സെപ്റ്റം  (Septum) എന്നൊരു ചെറിയ ഭാഗമുണ്ട്.സെറിബ്രത്തിന്റെ ഉള്‍ഭാഗത്ത് , വലത് ഇടത് വെന്‍ഡ്രിക്കിളുകളെ വേര്‍തിരിക്കുന്ന ഭിത്തിയാണിത്.ഉത്തേജിപ്പിച്ചാല്‍ “ഒരായിരം ആനന്ദനിമിഷങ്ങള്‍ ഒരുമിച്ച് ഉരുണ്ടു കൂടിയ മാതിരി” നിങ്ങള്‍ക്ക് അവാച്യമായ ഹര്‍ഷാനുഭൂതി അനുഭവിക്കാമത്രെ.അന്ധനായ ഒരാളിന്റെ ദൃശ്യ കോര്‍ട്ടെക്സിനെ ഈ ഉപകരണം കൊണ്ട് ഉത്തേജിപ്പിക്കാമെങ്കില്‍ എന്താണ് “നിറം” എന്താണ് “കാഴ്ച” എന്നൊക്കെ അയാള്‍ ആദ്യമായി അനുഭവിച്ചറിയും.
                         മൂന്ന് പതിറ്റാണ്ടു മുന്‍പ് കനേഡിയന്‍ മസ്തിഷ്കശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ.മൈക്കിള്‍ പെര്‍‌സിങ്ങര്‍ (DO.Michael Persinger) സ്വന്തമായി രൂപകല്പന ചെയ്ത് ഒരു മസ്തിഷ്ക ഉത്തേജിനി നിര്‍മ്മിച്ചു.പണി തീര്‍ത്ത് കിട്ടിയ ഉപകരണത്തെ അദ്ദേഹം സ്വന്തം തലയില്‍ തന്നെ ഉറപ്പിച്ചു പരീക്ഷിച്ചു.അതിലെ കാന്തിക മണ്ഡലം അദ്ദേഹം തിരിച്ചു വച്ചത് തന്റെ ചെവിയുടെ മുകളില്‍ തലച്ചോറിലെ ചെന്നിദളത്തിനു (Temporal Lobe) നേരെയായിരുന്നു.ചെന്നിദളം ഉത്തേജിതമായപ്പോള്‍ ജീവിതത്തിലാദ്യമായി പെര്‍സിങ്ങര്‍ ഈശ്വരനെ ദര്‍ശിച്ചു!.താനിരിക്കുന്ന മുറിയില്‍ ദിവ്യമായ ഒരു സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നത് അനുഭവിച്ചറിഞ്ഞു.  പെര്‍സിങ്ങര്‍ രൂപകല്പന ചെയ്ത മസ്തിഷ്ക ഉത്തേജിനി പിന്നീട് ഈശ്വരദര്‍ശനം തരുന്ന ഹെല്‍മറ്റ് (God Helmet ) എന്ന് അറിയപ്പെട്ടു.

തലച്ചോറിലുണ്ടോ ഒരു ആത്മീയ കേന്ദ്രം?

                   ഡോ പെര്‍സിങ്ങര്‍ നടത്തിയ വിചിത്രമായ പരീക്ഷണത്തെക്കുറിച്ച് മസ്തിഷ്ക ഗവേഷകനായ ഡോ.വി എസ് അറിഞ്ഞത് തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ പാട്രിക് ചര്‍ച്ച്‌ലാന്റില്‍ നിന്നായിരുന്നു. ഒരു കനേഡിയന്‍ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിച്ച മാത്രയില്‍ അവര്‍ ടെലഫോണില്‍ ഗവേഷകനെ വിളിച്ചറിയിച്ചു.
                    ‘ഡോ.വി എസ് , താങ്കള്‍ ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.കാനഡയില്‍ ഒരാള്‍ തന്റെ തലച്ചോറിലെ ചെന്നിദളത്തെ (Temporal Lobe) കാന്തിക ഉത്തേജനം നടത്തി.അന്നേരം അദ്ദേഹത്തിന് ഈശ്വരദര്‍ശനം ലഭിച്ചു.താങ്കള്‍ എന്തു പറയുന്നു.’
                    ‘ അയാള്‍ക്ക് ചെന്നിദള ചുഴലി രോഗം ഉണ്ടായിരുന്നുവോ?’ ഗവേഷകന്‍ ആരാഞ്ഞു.
           ‘ഒരിക്കലും ഉണ്ടായിട്ടില്ല.അയാള്‍ തികച്ചും ഒരു സാധാരണക്കാരന്‍’ പാട്രിക്.
              ‘അപ്പോള്‍ തലച്ചോറിലെ ചെന്നിദളം അദ്ദേഹം സ്വയം ഉത്തേജിപ്പിച്ചു,അല്ലേ’ വി എസ്.
               ‘ലേഖനത്തില്‍ അങ്ങനെയാണ് കൊടുത്തിരിക്കുന്നത്’ ‘
                           പെര്‍സിങ്ങറുടെ അനുഭവം ഗവേഷകന് അപ്പാടെ വലിയ അല്‍ഭുതമുണ്ടാക്കിയില്ല.മസ്തിഷ്കത്തിലെ ചെന്നിദളങ്ങള്‍ പ്രത്യേകിച്ച് ഇടത് അര്‍ദ്ധഭാഗം ആത്മീയ മതപര അനുഭവങ്ങളുടെ കേന്ദ്രമാണെന്ന് പലപ്പോഴും അദ്ദേഹം ഊഹിച്ചിരുന്നു. അതിപ്പോള്‍ ഒന്നുകൂടി ബലപ്പെട്ടിരിക്കുന്നു.
                  നമ്മുടെ തലച്ചോറില്‍ ആത്മീയ മതപര അനുഭവങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേക പരിപഥം രൂപപ്പെട്ടിട്ടുണ്ടോ?അഥവാ നമ്മുടെ തലച്ചോറില്‍ ഒരു ദൈവപ്രമാണം (God Module) അടക്കം ചെയ്തിട്ടുണ്ടോ? അങ്ങിനെയൊന്ന് ഉണ്ടെങ്കില്‍ അത് എവിടെ നിന്ന് വന്നു?പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഒരു ഉല്‍പ്പന്നമാണോ, ത്രിമാനതല കാഴ്‌ചയും സംസാരഭാഷയുമെന്നപോലെ .അതോ ചില തത്വജ്നാനികളും മറ്റും അവകാശപ്പെടുന്നതു പോലെ അതൊരു നിഗൂഡ രഹസ്യമാണോ?മനുഷ്യജാതിയെ മറ്റു ജീവികളില്‍ നിന്ന് അദ്വിതീയമാക്കുന്ന അനേകം ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കിലും മതവിശ്വാസത്തോളം ദുര്‍ഗ്രഹമായ ഒരു പ്രഹേളിക മറ്റൊന്നില്ല എന്നു തന്നെ പറയാം.അതായത് അത്യുല്‍‌കൃഷ്ടമായി കരുതുന്ന ദൈവത്തില്‍, അതിന്റെ അമാനുഷീകശക്തിയില്‍ വിശ്വസിക്കാനുള്ള പ്രവണത മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കുമില്ല.
                   ഭാവല്‍ക്കശ്വാസത്താല്‍ ചൈതന്യപൂര്‍ണമെന്‍ 
                    ജീവിത നിസ്സാര ശൂന്യ നാളം................... എന്നൊക്കെ അതിശയിക്കാന്‍ മനുഷ്യനല്ലാതെ മറ്റേതൊരു ജീവിക്കാണ് കഴിയുക.
                  എവിടെ നിന്നാണ് ഹൃദയസ്‌പൃക്കായ ഈ വിധ വൈകാരീകാനുഭൂതികള്‍ രൂപം കൊള്ളുന്നത്? ചിന്താശേഷിയുള്ള ബോധേന്ദ്രിയമുള്ള ഏതൊരാള്‍ക്കും സ്വന്തം ഭാവിയിലെയ്ക്ക് ഉറ്റു നോക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ദു:ഖകരമായ യാഥാര്‍ത്ഥ്യമാണ് നശ്വരത അഥവാ മരണം. ഇത് സംബന്ധിച്ചുള്ള ആകുല പരിചിന്തനമായിരിക്കാം വൈകാരികാനുഭൂതിയുടെ ആവിര്‍ഭാവത്തിനു അടിസ്ഥാനം.എന്റെ ഈ ചെറു ജീവിതത്തില്‍ അതി ബൃഹത്തായ പ്രപഞ്ചസംവിധാനത്തില്‍ എന്തെങ്കിലും സ്ഥാനമുണ്ടോ?ഒരു വശത്ത് മാനവജന്മം വളരെ വിലപ്പെട്ടതാണ് , ചിന്താശേഷിയും സംസാരശേഷിയും സ്മൃതിശേഷിയും കൊണ്ട് അനുഗൃഹീതന്‍. മറുവശത്ത് പ്രപഞ്ചസംഭവ സന്നിധാനത്തില്‍ നമ്മുടെ ക്ഷണികമായ ജീവിതം കേവലമാണ്, നിസ്സാരമാണ്.ഈയൊരു വിരോധാഭാസം മനുഷ്യമനസ്സിനെ അഗാധമായി മഥിച്ചിട്ടുണ്ട്.ഇതില്‍ നിന്നൊരാശ്വാസത്തിനു കണ്ടെത്തിയ അത്താണിയാകാം മതം.എന്നാല്‍ അത് മാത്രമാകാനിടയില്ല.പ്രത്യാശാനിര്‍ഭരമായ ചിന്തയുടേയും നിത്യശാന്തിക്കുവേണ്ടിയുള്ള തീവ്ര അഭിവാഞ്ഛയുടേയും ഫലമാണ് മതമെങ്കില്‍ തലച്ചോറില്‍ ചെന്നിദള (Temporal Lobe) ചുഴലി ബാധിക്കുന്നവര്‍ക്ക് ദൈവീകാനുഭൂതിയും ഈശ്വരദര്‍ശനമൊക്കെ ലഭിക്കുന്നതെങ്ങനെ?എല്ലാ വസ്തുക്കളിലും ഒരു ‘ദിവ്യപ്രഭാപ്രസരണം’ അവര്‍ കാണുന്നതെങ്ങനെ? ‘ദൈവം തങ്ങളോട്  നേരിട്ട്’ ‘ സംസാരിക്കുന്നതായി തോന്നുന്നതെങ്ങനെ?ഇതൊക്കെ സ്കിറ്റ്സോ‌ഫ്രാനിയ അഥവാ ഭ്രാന്ത് രോഗം ബാധിച്ച ഒരാളിനുണ്ടാകുന്ന മതിവിഭ്രമങ്ങളും മായാ കാഴ്ച്ചകളും പോലെയാണെന്ന് കരുതാം.എന്നാല്‍ അതെല്ലാം ചെന്നിദളത്തിനെ മാത്രം ബാധിക്കുന്ന ചുഴലിയില്‍ മാത്രം പ്രകടമാകുന്നതെന്ത്? മാത്രവുമല്ല അത് ഈശ്വരാനുഭൂതി ,ദൈവദര്‍ശനം എന്നീ തരത്തിലാവുന്നതെന്തുകൊണ്ട്? ഒരു കഴുതയെ അല്ലെങ്കില്‍ കുരങ്ങിനെ അവര്‍ ദര്‍ശിക്കുന്നില്ല - എന്തുകൊണ്ട്?

തലച്ചോറിലെ റാബീസ് വൈറസ്സുകളെ തേടി

             1935 ല്‍ ജയിംസ് പേപ്പസ് (James papez) എന്ന മസ്തിഷ്ക ഘടനാ ശാസ്ത്രജ്ഞന്‍ പേപ്പട്ടി വിഷം ബാധിച്ചു മരിക്കുന്നവരുടെ അന്ത്യം നിരീക്ഷിക്കാനിടയായി.മരണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് അവര്‍ക്കുണ്ടാകുന്ന ജന്നിയുടെ തീവ്രതയും ഭീകരതയും അദ്ദേഹത്തെ ഞെട്ടിച്ചു.രോഗം ബാധിച്ച നായയുടെ ഉമിനീര്‍ വഴി മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന റാബീസ് വൈറസ്സുകള്‍ ഉപരിതല നാഡി വഴി സുഷുമ്നയിലും അതിലൂടെ തലച്ചോറിലും എത്തിച്ചേരുന്നുവെന്ന് അക്കാലത്ത് തന്നെ അറിയാമായിരുന്നു.തലച്ചോറില്‍ അതിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ വേണ്ടി പേപ്പസ് പേപ്പട്ടി വിഷബാധ മൂലം മരണമടഞ്ഞവരുടെ തലച്ചോര്‍ കീറിമുറിച്ച് പഠനം നടത്തി.ഇരു സെറിബ്രല്‍ അര്‍ദ്ധഭാഗങ്ങള്‍ക്കുമുള്ളില്‍ മസ്തിഷ്ക ദണ്ഡിന്റെ (Brain Stem) അരികുപറ്റി നാഡീ മുഴകളുടെ (ganglia) ഒരു സമുച്ചയമുണ്ട്.ഇതാണ് റാബീസ് വൈറസ്സിന്റെ അന്തിമസ്ഥാനമെന്ന് പേപ്പസ് കണ്ടെത്തി.നാഡീകോശ സമൃദ്ധമായ ഗാംഗ്ലിയോണുകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീ തതുക്കളും ചേര്‍ന്ന്  e- ആകൃതിയിലുള്ള ഒരു ഭാഗമായി തീര്‍ന്നിരിക്കുന്നു.ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ വിഖ്യാത ഫ്രഞ്ച് നാഡീ ശാസ്ത്രജ്ഞന്‍ പിയറിപോള്‍ ബ്രോക്ക ഈ മസ്തിഷ്കഭാഗത്തെ തിരിച്ചറിഞ്ഞ് ലിംബികവ്യൂഹം (Limbic System) എന്ന് നാമകരണം ചെയ്തിരുന്നു.ലിംബിക വ്യൂഹത്തില്‍ പേപ്പട്ടി വിഷം ബാധിക്കുന്നതോടെ രോഗിയുടെ വൈകാരീക ജീവിതം തകരാറിലാകുന്നു.പ്രകാശം,ശബ്ദം,സ്പര്‍ശനം,തുടങ്ങിയ ബാഹ്യ ഉദ്ദീപനങ്ങളുടെ നിസ്സാര പ്രേരണ പോലും അവരില്‍ തീവ്രവും ഭീതിജനകവുമായി ജന്നി ഉണ്ടാക്കുന്നു.ഇത്തരം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യരില്‍ ലിംബികാവ്യൂഹം വികാരജീവിതത്തിന്റെ ഇരിപ്പിടമാണെന്ന നിഗമനത്തില്‍ ജയിംസ് പേപ്പസ് എത്തിച്ചേര്‍ന്നു.

വികാരജീവിതത്തിന്റെ ഇരിപ്പിടം

                      ലിംബിക വ്യൂഹത്തിന് ബാഹ്യലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് ജ്ഞാനേദ്രിയങ്ങളാണ്.അക്കൂട്ടത്തില്‍ ഗന്ധഗ്രാഹികള്‍ക്ക് പ്രത്യേക പ്രാമാണ്യമുണ്ട്.അത് ലിംബികവ്യൂഹമുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.ഇക്കാരണത്താല്‍ താഴ്ന്ന തരം സസ്തനികള്‍ മിക്കതും അവയുടെ വൈകാരിക ജീവിതം ലൈംഗീകജീവിതം അധീശ ഭൂപ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം എന്നിവ നിര്‍വഹിക്കുന്നത് ഗന്ധത്തെ ആശ്രയിച്ചാണ്.
               ലിംബികാ വ്യൂഹത്തിന്റെ പ്രധാന ധര്‍മ്മം വികാരസൃഷ്ടിയും വികാരപ്രകടനങ്ങളുമാണ്.നമ്മുടെ ഉള്ളില്‍ തോന്നുന്ന സുഖദു:ഖങ്ങളും ഭയക്രോധങ്ങളും വീര - കരുണ ഭാവങ്ങളുമൊക്കെ ഇതില്‍ പെടും.ഒരാളിനുണ്ടാകുന്ന വൈകാരീകാനുഭവങ്ങളുടെ സമൃദ്ധിയും തീവ്രതയും അയാളുടെ തലച്ചോറിലെ ലിംബികാവ്യൂഹവും ഫാലകദളവും (Frontal Lobe) തമ്മിലുള്ള നാഡീതന്തുബന്ധത്തിന്റെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കുന്നു.
                  വികാരം സൃഷ്ടിക്കാന്‍ മാത്രമല്ല അതിന്റെ പ്രകടനവും നിയന്ത്രണവും കൂടി ലിംബികാവ്യൂഹത്തിന്റെ ജോലിയാണ്.ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നത് ലിംബിക് വ്യവസ്ഥയിലെ ഒരു ചെറു ഭാഗമാണ് - ഹൈപ്പോതലാമസ്.കേവലം 4 ഗ്രാം മാത്രം വരുന്ന ഹൈപ്പോതലാമസ്സിനെ ലിംബികാവ്യൂഹത്തിന്റെ മര്‍മ്മഭാഗമായാണ് കരുതിപ്പോരുന്നത്.വ്യൂഹത്തിന്റെ മദ്ധ്യത്തില്‍ കിടക്കുന്ന ഈ ഭാഗം സിഗ്നലുകളുടെ - സന്ദേശങ്ങളുടെ - ഒരു റിലേ സ്റ്റേഷനാണ്.ഉള്ളില്‍ തോന്നുന്ന വികാരങ്ങളെ ഹൈപ്പോതലാമസ് ബാഹ്യവികാരപ്രകടനമാക്കി മാറ്റുന്നത് മൂന്ന് ഘട്ടങ്ങളായാണ്.ആദ്യമായി ഹൈപ്പോതലാമസ് അന്തസ്രാവി ഗ്രന്ഥികളേയും സ്വതന്ത്ര നാഡീവ്യൂഹത്തേയും നേരിട്ട് സ്വാധീനിച്ച് ഉത്തേജിപ്പിക്കുന്നു.ഇത് ഹോര്‍മോണുകളുടേയും നാഡീസ്പന്ദങ്ങളുടേയും ഊര്‍ജിത ഉല്‍പ്പാദനത്തിന് ഇടയാക്കും.ഇതേ തുടര്‍ന്ന് ശരീരഭാഗങ്ങള്‍ ബാഹ്യമായി പ്രകടമാക്കുന്നു - ആംഗ്യങ്ങള്‍,ദൃഷ്ടിചലനം,മുഖഭാവങ്ങള്‍ എന്നിവയിലൂടെ.അവസാനമായി വാക്കുകളിലൂടെ വികാരം പ്രകടിപ്പിക്കുന്നു,വ്യക്തിയുടേയും സമൂഹത്തിന്റേയും അതിജീവനത്തെ ലക്ഷ്യമാക്കിയുള്ള പ്രകൃതി നിര്‍ദ്ധാരണത്തില്‍ നല്ല ഗുണങ്ങളായി പരിപോഷിപ്പിച്ച് നിലനിര്‍ത്തിയുട്ടുള്ള ഉല്‍പ്പന്നങ്ങളാണ് വികാരങ്ങള്‍.ഇതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹൈപ്പോതലാമസ്സിനെ തലച്ചോറിലെ ‘അതിജീവനകേന്ദ്രം’എന്ന് വിശേഷിപ്പിക്കുന്നു.
                      

4 comments :

  1. ചെന്നിദളം ഉത്തേജിതമായപ്പോള്‍ ജീവിതത്തിലാദ്യമായി പെര്‍സിങ്ങര്‍ ഈശ്വരനെ ദര്‍ശിച്ചു!.താനിരിക്കുന്ന മുറിയില്‍ ദിവ്യമായ ഒരു സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നത് അനുഭവിച്ചറിഞ്ഞു. പെര്‍സിങ്ങര്‍ രൂപകല്പന ചെയ്ത മസ്തിഷ്ക ഉത്തേജിനി പിന്നീട് ഈശ്വരദര്‍ശനം തരുന്ന ഹെല്‍മറ്റ് (God Helmet ) എന്ന് അറിയപ്പെട്ടു.

    ReplyDelete
  2. എന്തൊരു ചോറാണീ തലച്ചോറ്....!!!

    ReplyDelete
  3. "ചെന്നിദളം ഉത്തേജിതമായപ്പോള്‍ ജീവിതത്തിലാദ്യമായി പെര്‍സിങ്ങര്‍ ഈശ്വരനെ ദര്‍ശിച്ചു!.താനിരിക്കുന്ന മുറിയില്‍ ദിവ്യമായ ഒരു സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നത് അനുഭവിച്ചറിഞ്ഞു. പെര്‍സിങ്ങര്‍ രൂപകല്പന ചെയ്ത മസ്തിഷ്ക ഉത്തേജിനി പിന്നീട് ഈശ്വരദര്‍ശനം തരുന്ന ഹെല്‍മറ്റ് (God Helmet ) എന്ന് അറിയപ്പെട്ടു."
    So, that is God?!!! If I tie my dog naming it Dawood Ibrahim can I say I arrrested Dawood?

    ReplyDelete
  4. അതെങ്ങനാ മധുരാജേ അങ്ങനെ സംഭവിക്കുന്നത്.ഉദാഹരണത്തിന് മധുരാജ് എന്നു പേരുള്ള അനേകര്‍ ഭൂമിയിലുണ്ടാകും.അതില്‍ ഈ മധുരാജിന് ഒരു പറ്റു പറ്റിയാല്‍ അത് മറ്റെല്ലാ മധുരാജിനും സംഭവിക്കുമോ? ഇവിടെ പെര്‍സിങ്ങറിനുണ്ടായ അനുഭവമാണ് വിവരിച്ചിരിക്കുന്നത്.ചെന്നിദളം ഉത്തേജിതമാകുമ്പോള്‍ എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നാണ് ശാസ്ത്രത്തിന്റെ പിന്‍‌ബലത്തോടെയുള്ള തുടര്‍ അന്വേഷണം.

    ReplyDelete