ശബരിമല ധര്‍മശാസ്താവിന് ഒരു കത്ത് .

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഗവാനെ,
        കഴിഞ്ഞ കൊല്ലം ഇതേ സമയം ഞാന്‍ താങ്കള്‍ക്ക് ഒരു കത്തയച്ചതായി ഓര്‍ക്കുന്നു.സമയക്കുറവുകൊണ്ടായിരിക്കാം താങ്കള്‍ എനിക്ക് മറുപടി അയച്ചില്ല.എനിക്കതില്‍ പരിഭവമൊന്നുമില്ല.അന്നെഴുതിയ കത്തിന്റെ ആവര്‍ത്തനമല്ല ഇതെന്ന കാര്യം ആദ്യമേ പറയട്ടെ.
          രണ്ടുമാസം മുന്‍പ് ഉത്തരേന്ത്യയിലെ ജാര്‍ഖണ്ട് ക്ഷേത്രത്തില്‍ വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് അമ്പത്തിയാറുപേര്‍ ദാരുണമായി മരിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു പോയത് “സ്വാമിയെ കണ്ടാല്‍ മോക്ഷം കിട്ടും” എന്ന ഉറച്ച വിശ്വാസത്തോടെ മൂന്ന് കൊല്ലം മുന്‍പ് അങ്ങയുടെ തിരുമുന്‍പില്‍ നിന്ന് തൊഴുതിറങ്ങിയ നൂറ്റിയാറുപേര്‍ അങ്ങയുടെ തന്നെ ഭക്തന്മാരുടെ ചവിട്ടേറ്റ് അതിദാരുണമായി മരിച്ച സംഭവമാണ്.അങ്ങനെ മരിച്ചവരില്‍ അഞ്ച് കുട്ടികളുടെ പ്രാണവേദനയോടെയുള്ള നിലവിളി കേട്ടിട്ടും അങ്ങ് നിസ്സംഗനായി ഇരുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.അയ്യപ്പസ്വാമി രക്ഷിക്കുമെന്ന് നിഷ്കളങ്കമായി വിശ്വസിച്ച ആ കുട്ടികളെയെങ്കിലും അങ്ങ് രക്ഷിക്കാതിരുന്നത് കുറേ കഷ്ടമായിപ്പോയി.ഒരു പക്ഷെ അങ്ങ് ഉറങ്ങിപ്പോയതായിരിക്കാം കാരണം.ഇക്കാര്യം ഞാന്‍ കഴിഞ്ഞ എഴുത്തില്‍ സൂചിപ്പിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.വീണ്ടും ഓര്‍മ്മപ്പെടുത്തിയതിനു ക്ഷമിക്കുക.
                 മറ്റു ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് നാണം കെട്ടും വിണ്ടും ഞാന്‍ ഈ കത്തെഴുതുന്നത്.മരിച്ചവരുടെ കാര്യം അങ്ങനെ ഇരിക്കട്ടെ.അങ്ങയുടെ അശ്രദ്ധ കൊണ്ട് മരിക്കാതെ മരിക്കുന്നവരുടെ പതിനായിരക്കണക്കിനു ടണ്‍ മനുഷ്യവിസര്‍ജമാണ് പമ്പാനദിയില്‍ കൂടി ഒഴുകിപ്പോകുന്നത്.അങ്ങയെ ദര്‍ശിക്കാന്‍ വരുന്ന തമിഴന്മാരും മറ്റും കാട്ടിലേയ്ക്ക് കയറി കാര്യം സാധിക്കുകയാണ് ചെയ്യാറ്.
                  ആ വിസര്‍ജ്യമെല്ലാം എത്തിച്ചേരുന്നത് പമ്പാനദിയിലാണ്.പമ്പ മുതല്‍ ആലപ്പുഴ വരേയുള്ള നാനാജാതി മതസ്ഥരായ മുപ്പതു ലക്ഷം ജനങ്ങളാണ് പമ്പാനദിയിലെ മാലിന്യം കലര്‍ന്നുള്ള വെള്ളം ഉപയോഗപ്പെടുത്തുന്നത്.മൂന്നാലുകൊല്ലം മുന്‍പ് കേരളത്തില്‍ പടര്‍ന്നു പിടിച്ച വൈറല്‍ പനിയുടെ പ്രഭവകേന്ദ്രം പമ്പാതീരമായിരുന്നു.കേരളം മാത്രമല്ല ദക്ഷിണേന്ത്യയാകെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുവാന്‍ ഭഗവാനെ അവിടുന്നാണ് കാരണമെന്ന് പറഞ്ഞാല്‍ അങ്ങുന്നിന് എന്നോട് അലോഹ്യം തോന്നരുത്.മനുഷ്യര്‍ മാത്രമല്ല അങ്ങയെ കാണാന്‍ വരുന്നവരുടെ ഭക്ഷ്യാവശിഷ്ടങ്ങളും ശര്‍ക്കര പുരണ്ട പ്ലാസ്റ്റിക്ക് കവറുകളും മറ്റും തിന്ന് അജീര്‍ണ്ണത ബാധിച്ച് എത്രയോ മിണ്ടാപ്രാണികള്‍ ഇഞ്ചിഞ്ചായി ചത്തു പോകുന്നു.കാടിന്റെ ആവാസവ്യവസ്ഥ തകിടം മറയുന്നത് വരും തലമുറയ്ക്ക് ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്തെല്ലാം ദുഷ്ചെയ്തികള്‍ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ഇരിക്കുന്ന അങ്ങയുടെ ഭാവിയും അത്ര ശോഭനമാണെന്ന് തോന്നുന്നില്ല.കഴിഞ്ഞ കത്തില്‍ എഴുതണമെന്ന് കരുതിയിട്ടും എഴുതാതിരുന്നത് അങ്ങയെ പേടിപ്പിക്കരുതല്ലോ എന്ന് കരുതി മാത്രമാണ്.കാലം വളരെ ചീത്തയാണ്.അങ്ങയുടെ അധീനതയില്‍ സ്വര്‍ണ്ണക്കൊടിമരം സ്വര്‍ണ്ണശീവേലിപ്പുര സ്വര്‍ണ്ണത്താഴികക്കുടം സ്വര്‍ണ്ണകിരീടം,സ്വര്‍ണ്ണാഭരണങ്ങള്‍ തുടങ്ങി എത്രയോ രൂപയുടെ സമ്പത്താണുള്ളത്.അരപ്പവന്‍ സ്വര്‍ണ്ണത്തിനുവേണ്ടി ആളെക്കൊല്ലാന്‍ പോലും മടിക്കാത്തവരും ഈ നാട്ടിലുണ്ട്.അതുകൊണ്ട് അങ്ങിവരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.ബോംബു വര്‍ഷിക്കാന്‍ പോലും കഴിവുള്ള ആഗോള ഭീകരന്മാര്‍ക്ക് സെകൂരിറ്റിയൊന്നും പ്രശ്നമല്ല.അങ്ങയുടെ എല്ലാ സ്വത്തുക്കളും എടുത്ത് ധര്‍മ്മാശുപത്രി,അഗതിമന്ദിരങ്ങള്‍ , വൃദ്ധസദനങ്ങള്‍ , വികലാംഗഭവനുകള്‍ തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്.കള്ളന്‍ കപ്പലില്‍ . ആശ്രിതരേക്കൂടി സൂക്ഷിക്കണം.അങ്ങയുടെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയിലാണ് ഞാന്‍ ഇതൊക്കെ എഴുതുന്നത്.എന്തെങ്കിലും സംഭവിച്ചു പോയാല്‍ എന്റ കരിനാക്ക് കൊണ്ടാണെന്ന് അങ്ങ് വിചാരിക്കരുത്.
                    ഭഗവാനെ, അവിടുന്ന് എല്ലാം അറിയുന്നവന്‍ . അങ്ങയുടെ തിരുമുന്‍പില്‍ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും മോഷണവും പിടിച്ചുപറിയും എല്ലാം കണ്ടിട്ടും അങ്ങ് നിര്‍‌വികാരനായി ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് മറ്റൊരു സംശയമാണ് തോന്നുന്നത്. പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം.ശബരിമല ശ്രീകോവിലില്‍ ഇപ്പോള്‍ കുടികൊള്ളുന്നത് ഒറിജിനല്‍ അയ്യപ്പന്‍ തന്നയോ അതോ പണ്ടത്തെ വിഗ്രഹത്തിന്റെ അതേ വലിപ്പത്തിലും ആകൃതിയിലും പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഡ്യൂപ്ലിക്കേറ്റ് അയ്യപ്പനാണോ എന്നാണ് എന്റെ സംശയം.വിഗ്രഹത്തില്‍ ശരീരഭാഗങ്ങള്‍ പൂവുകൊണ്ടും ആഭരണങ്ങള്‍ കൊണ്ടും അലങ്കരിച്ചുവച്ചാല്‍ കണ്ണടച്ച് തൊഴുതു നില്‍ക്കുന്ന ഭക്തര്‍ സംഗതി അറിയില്ലല്ലോ.ശ്രീകോവിലില്‍ മറ്റാര്‍ക്കും പ്രവേശനം ഇല്ലാത്തതും ഒരു കണക്കിനു നല്ലതാണ്.കളവുമുതല്‍ വരെ ഒളിച്ചുവയ്ക്കാന്‍ പറ്റിയ ഇടമാണ് ശ്രീകോവില്‍.അതുകൊണ്ടു തന്നെയാണ് ക്ഷേത്രത്തിലെ ശാന്തിവൃത്തി തങ്ങള്‍ക്കു മാത്രം അവകാശപ്പെടുന്നതാണെന്ന് ചിലര്‍ വാശിപിടിക്കുന്നത് എന്നു തോന്നുന്നു.
മകരജ്യോതി എന്ന ഭുലോക തട്ടിപ്പിനേപ്പറ്റി ഞാന്‍ കഴിഞ്ഞ എഴുത്തില്‍ സൂചിപ്പിച്ചിരുന്നോ എന്നു സംശയിക്കുന്നു.പൊന്നംബലമേട്ടില്‍ തെളിയുന്ന പ്രകാശം മനുഷ്യനിര്‍മ്മിതമാണെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചു കഴിഞ്ഞു.എന്നിട്ടും ഈ വഞ്ചന തുടരാനാണ് ഉദ്ദേശമെന്ന്‍ തോന്നുന്നു.ഇക്കാര്യത്തില്‍ അങ്ങ് എന്തെങ്കിലും രീതിയില്‍ ഇടപെടണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. എന്തായാലും അലസന്മാരും അന്ധവിശ്വാസികളും അത്യാഗ്രഹികളും വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി അങ്ങയെ കാണാന്‍ വരുന്നവരുടെ എണ്ണവും കൂടിവരുമെന്ന കാര്യം ഉറപ്പാണ്.എല്ലാം കൊണ്ടും അങ്ങ് കരുതിയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്ത് ചുരുക്കുന്നു.
ആദരപൂര്‍വം
വി എസ് ബാലകൃഷ്ണപിള്ള
തൊടുപുഴ.
(യുക്തിരേഖ വാല്യം 29 ലക്കം 1 2014 ജനുവരിയില്‍ വന്നത് പോസ്റ്റ് ചെയ്യുന്നു കാലികപ്രസക്തിയുള്ളതുകൊണ്ട്.)

1 comment :

  1. അത് വിസര്‍ജ്യമല്ല...അത് അപ്പിസ്വാമിയാണ്!!!

    ReplyDelete