വരാൻ പോകുന്ന കെട്ട കാലം.

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
     ഇന്നലെ കൊല്ലവർഷം 1189 മിഥുനം 13 തിരുവാതിര. അല്ലെങ്കിൽ ഇന്നലെയായിരുന്നു തിരുവാതിര ഞാറ്റുവേല.മറ്റൊരു ഞാറ്റുവേല ഇടവം 17 ( മെയ് 31, ഇന്നലെ ജൂൺ 27)ആയിരുന്നു. പൊതുവേ തിരുവാതിര ഞാറ്റുവേലയേക്കുറിച്ച് പറയുക തിരി മുറിയാമഴ പെയ്യുന്ന നാൾ എന്നാണ്.പണ്ട് കൃഷിക്കലണ്ടർ നൂറ്റാണ്ടുകളെടുത്ത് നമ്മുടെ പൂർവികർ കണ്ടെത്തിയ അനുകൂലഗുണങ്ങളിലൊന്നായിരുന്നു തിരുവാതിര ഞാറ്റുവേല.കേരളത്തെ കാലങ്ങളായി കേരളമായിത്തന്നെ നിലനിറുത്തിയിരുന്ന അനേകങ്ങളിൽ ഒന്നായിരുന്നു ഈ ഞാറ്റുവേല.
          നമ്മുടെ പൂർവികർ ഇങ്ങനെയൊരു നിഗമനത്തിലെത്താൻ കാരണം വടക്കുപടിങ്ങാറൻ മൺ‌സൂണിനേക്കുറിച്ചോ അല്ലെങ്കിൽ അതിനിടയാക്കുന്ന നിരവധി സാങ്കേതിക കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടോ ആയിരുന്നില്ല.പിന്നയോ കാലങ്ങളായി പ്രകൃതിയേയും പ്രകൃതിപ്രതിഭാസങ്ങളേയും സസൂക്ഷ്മം നിരീക്ഷിച്ച് ആ നിരീക്ഷണഫലങ്ങൾ കൃത്യമായി പഠിച്ചിട്ടുമായിരുന്നു അവരിങ്ങനെയൊരു നിഗമനത്തിലെത്തിയത്.
            പക്ഷെ ഇത്തവണ നമുക്കറിയാം തിരുവാതിര ഞാറ്റുവേല നമ്മെ ചതിച്ചുകളഞ്ഞു എന്ന്. പണ്ട് സാമൂതിരി കുരുമുളകുവള്ളികൾ പോർചുഗീസുകാർക്ക് സമ്മാനമായി നൽകിയപ്പോൾ അദ്ദേഹത്തിന് കൃത്യമായറിയാമായിരുന്നു, കുരുമുളകുവള്ളിയല്ലാതെ ഞാറ്റുവേല അവർ കൊണ്ടുപോകില്ലാ എന്ന്. ആ അചഞ്ചലമായ വിശ്വാസമാണിത്തവണ തെറ്റിയത്.ഇത്തവണത്തെ ഞാറ്റുവേലയ്ക്ക് തിരിമുറിയാതെ പോയിട്ട് ഒരു ചാറ്റൽ മഴ പോലും പേരിനുണ്ടായില്ല എന്നതാണ് സത്യം.
        കൂടുതൽ മഴ ലഭിക്കുന്ന ഇടവപ്പാതിയും പിന്നെ ഇടിയോടുകൂടിയ തുലാവർഷവും, വേനൽക്ക് ചൂടും പുഴുക്കവും കൂടുമ്പോൾ ആശ്വാസമായെത്തുന്ന വേനൽ മഴയും.ഇതാണ് കേരളത്തെ ജലസമ്പുഷ്ടമാക്കി നിറുത്തുന്ന മഴയുടെ പാറ്റേൺ.ആദ്യകാലങ്ങളിൽ മേഘത്തിന്റെ രൂപീകരണവും കാറ്റിന്റെ ഗതിയും ഒക്കെ നോക്കി കൃഷിക്കാർ ഒട്ടുമുക്കാലും ശരിയായി കാലവർഷത്തെ സ്വാഗതം ചെയ്തിരുന്നപ്പോൾ ആധുനികകാലത്ത് വാന നിരീക്ഷകരും കാലാവസ്ഥാശാസ്ത്രജ്ഞരും ഒക്കെ വന്നു കാലാവസ്ഥ പ്രവചിക്കാൻ.അപ്പോഴെന്തുണ്ടായി എന്നു വച്ചാൽ കാലാവസ്ഥാശാസ്ത്രജ്ഞർ എന്തു പറയുന്നുവോ അതിന്റെ വിപരീതം സംഭവിക്കാൻ തുടങ്ങി നാട്ടിൽ.കേരളത്തിന്റെ അന്തരീക്ഷം നമ്മുടെ സാമൂഹ്യാന്തരീക്ഷം പോലെ തന്നെ ഇളകി മറിഞ്ഞ് പ്രക്ഷുബ്ധാവസ്ഥയിലാണെന്നാണ് വിശദീകരണം. ഇന്ന് കോട്ടൺ ഹിൽ ആണെങ്കിൽ നാളെ മറ്റൊരു ഹിൽ ആയിരിക്കും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നത്.
         അതവിടെ നില്ക്കട്ടെ! ഞാൻ പറഞ്ഞുവരുന്നത് ഇക്കൊല്ലം മഴകുറവാണെന്നല്ല കഴിഞ്ഞകൊല്ലത്തെ അപേക്ഷിച്ച് ഇല്ല എന്നുതന്നെ പറയാം എന്നാണ്.കഴിഞ്ഞകൊല്ലം തന്നെ മഴ കുറവായിരുന്നു എന്നോർക്കണം.മഴകുറഞ്ഞാൽ രണ്ടുകാര്യമാണ്. ഒന്ന് കറന്റ് ഉണ്ടാകില്ല.നമ്മുടെ വൈദ്യുതി ഉൽപ്പാദനം തന്നെ 99.99%വും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചു നിൽക്കുമ്പോൾ മഴ കുറഞ്ഞാൽ വൈദ്യുതിയുടെ ഉൽപ്പാദനം കുറയുക തന്നെ ചെയ്യും.നാം പഴയ ഇരുട്ടിലേയ്ക്ക് തിരിച്ചുപോകാൻ നിർബന്ധിതരാകും.രണ്ടാമത്തെ കാര്യം കുടിവെള്ളമാണ്.മഴയില്ലെങ്കിൽ നമ്മുടെ കിണറുകൾ അല്പമെങ്കിലും അവശേഷിക്കുന്ന കുളങ്ങൾ ഒക്കെ വറ്റിവരണ്ട് ഇല്ലാതാകും നാം കുടിവെള്ളത്തിനായി നെട്ടോട്ടമോടും എന്നർത്ഥം.
         നമ്മുടെ ഭൂസ്ഥിതി വെള്ളത്തെ പിടിച്ചു നിറുത്താൻ പറ്റിയതല്ല.ചുമരിൽ ഒരു കോണി ചാരി വച്ചിരിക്കുന്നതുപോലെ ചെരിഞ്ഞ ഒരു ഭൂപ്രദേശമാണ് കേരളം.കേരളത്തിന്റെ   കടൽനിരപ്പിൽ നിന്ന്  കൂടിയ വീതിയിലുള്ള മൂന്നാർ നിൽക്കുന്നത് 1600 - 1800 മീറ്റർ ഉയരത്തിലാണെന്നോർക്കണം.അതിന്റെ ഏറ്റവും മിനിമം അർത്ഥം മൂന്നാറിൽ പെയ്യുന്ന മഴവെള്ളം ഏതാണ്ട് ഒരു മണിക്കൂറുകൊണ്ട് ഒലിച്ച് കടലിൽ വീഴും എന്നാണ്. എന്നിട്ടും കേരളം കേരളമായിത്തന്നെ നിലനിൽക്കുന്നതിന്റെ കാരണം ആയിരക്കണക്കിനു വർഷങ്ങളിലൂടെ പ്രകൃതി നിർമ്മിച്ച് നിലനിറുത്തിക്കൊണ്ടുപോരുന്ന ചില സൂത്രപ്പണികളുലൂടെയാണ്.
             എന്താണാ സൂത്രപ്പണികൾ.കാടിലെ ഇലകൾ  വെള്ളത്തിൽ വീണ് സ്പോഞ്ച് പോലെയുണ്ടാകുന്ന ഹ്യ്യൂമസ് കാട്ടിലെ ഉയരത്തിൽ വെള്ളം പിടിച്ചുവച്ച് പതിയെ പതിയെ ഭൂമിയിലേയ്ക്ക് കിനിഞ്ഞിറങ്ങാൻ അനുവദിക്കും.പിന്നെ കേരളത്തിലെ മലനിരയിൽ നിന്ന് പടിഞ്ഞാട്ട് കടലിലേക്കൊഴുകുന്ന 44 നദികൾ നമുക്കുണ്ട്.ഈ നദികളിലൂടെ മലയിൽ പെയ്യുന്ന വെള്ളമെല്ലാം ഒഴുകി കടലിൽ പോകും.അതിനു പകരം പ്രകൃതി കണ്ടെത്തിയ ഉപായം പാറ പൊടിഞ്ഞുണ്ടാകുന്ന മണലാണ്.നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ഈ മണൽ അതിനു മുകളിൽകൂടി ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.(സിമ്പിൾ ഫ്രിക്ഷൻ എന്ന് ഇംഗ്ലീഷ്.)ഈ തടസ്സപ്പെടലിന്റെ ഭാഗമായി വെള്ളം കിനിഞ്ഞിറങ്ങി അടുത്ത വീടുകളിലെ കിണറുകളിൽ പ്രത്യക്ഷപ്പെടും.എങ്ങനെയുണ്ട് സംഭവം.തീർന്നില്ല, കേരളത്തിന്റെ മധ്യഭാഗത്ത് ഏതാണ്ട് നിരപ്പായ സ്ഥലമാണ്.അവിടെ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളാണ് വയലുകൾ, കുളങ്ങൾ മറ്റു ജലാശയങ്ങൾ എന്നിവയൊക്കെ. വയലുകൾ അതിന്റെ വിസ്തീർണത്തിന്റെ ആയിരം ഇരട്ടിയുള്ള ഒരു ജലസ്ഥൂപം സൂക്ഷിക്കുന്നുണ്ടെന്നാണ് പറയുന്നത്.നോക്കൂ വയലിന്റെ സമീപഭാഗത്തൊന്നും കുടിവെള്ളക്ഷാമം അനുഭവപ്പെടാത്തതിനു കാരണം ഇതാണ്.
           അപ്പോൾ ഇനി കാര്യത്തിലേയ്ക്ക് വരാം.ആയിരത്താണ്ടുകളായി പ്രകൃതി കരുപ്പിടിപ്പിച്ച് സംരക്ഷിച്ചുവരുന്ന ഈ സംരക്ഷണ ഉപാധികളെല്ലാം പത്തോ ഇരുപതോ വർഷം കൊണ്ട് മനുഷ്യൻ ഉന്മൂലനാശം ചെയ്തില്ലേ?കാടായ കാടുകളൊക്കെ വെട്ടിത്തെളിച്ചു, പാറയായ പാറകളൊക്കെ പൊട്ടിച്ചുകടത്തി, കുന്നിടിച്ചു വയലുകളും മറ്റു ജലാശയങ്ങളും നികത്തി കേരളത്തെ ഒരു മൈതാനം ആക്കിത്തീർത്തു ഒരു പിടി ലാഭേച്ഛുക്കൾ.ജലാശയങ്ങൾ മണ്ണിട്ട് നികത്തി അവിടെ വൻ‌കിട കെട്ടിടങ്ങളും ഫ്ലാറ്റുകളും നിർമ്മിച്ചു ഇവർ.
           അങ്ങനെ നമ്മുടെ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും മാറ്റി മറിച്ചു ഒരു കൂട്ടം പേർ.നദികളായ നദികളിൽ നിന്നൊക്കെ മണൽ വാരി വാരി നദികളെയൊക്കെ കൊന്നു അവർ. എന്നിട്ടാ മണലോ? നദിക്കു ചുറ്റും താമസിക്കുന്ന സാധാരണക്കാരന് ഈ മണൽ അപ്രാപ്യമായിരുന്നു.മണൽ വാരിയവർ ലക്ഷങ്ങൾ സമ്പാദിച്ചപ്പോൾ സാധാരണക്കാരനു കുടിവെള്ളം പോലും അവർ മുട്ടിച്ചു.ജലാശയങ്ങളും വയലുകളും മണ്ണിട്ട് നികത്തി ഫ്ലാറ്റ് വച്ച് അവർ കോടികൾ സമ്പാദിച്ചപ്പോൾ ഇവിടെ ജീവിതം മുട്ടിയത് സാധാരണക്കാരനായിരുന്നു. ഫ്ലാറ്റുകൾ അവന് അപ്രാപ്യമാവുകയും അവന്റെ കുടിവെള്ളസ്രോതസ്സുകൾ അടച്ചുകലയുകയും ചെയ്തു ചിലർ.
          നമുക്കറിയാം മഴ മാറി ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ടാങ്കറുകൾ കുടിവെള്ളം കൊണ്ട് ചീറിപ്പായുന്നത്.ഈ ടാങ്കറുകൾ കുടിവെള്ളം നിറയ്ക്കുന്ന ചില കിണറുകളുണ്ട് നാട്ടിൽ.ഇത്തവണത്തെ വരൾച്ചയ്ക്ക് ഈ കിണറുകളും വറ്റാനാണ് സാദ്ധ്യത.കുടിവെള്ളം സ്വർണത്തിനേക്കാൾ വിലയുള്ള അവസ്ഥയാണുണ്ടാകാൻ പോകുന്നത്.ഈ വിലയ്ക്കും പണക്കാർ - ഈ പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുന്നവർ - എന്തു വില കൊടുത്തും വെള്ളം വാങ്ങാൻ തയ്യാറാകുമ്പോൾ അതിനൊക്കെ വില കൊടുക്കേണ്ടി വരുന്നത് പാവപ്പെട്ടവരായിരിക്കും. അവരുടേതല്ലാത്ത തെറ്റിന് കപ്പം കെട്ടാൻ വിധിക്കപ്പെട്ടവർ.
        ഇതു തന്നെയാണ് കറന്റിന്റെ കാര്യത്തിലും സംഭവിക്കുന്നത്.ഡാമുകളിലെ വെള്ളത്തെ മാത്രം അനുസരിച്ചാണ് ഇങ്ങുദൂരെ കുടിലുകളിൽ വെളിച്ചവും കാറ്റും എത്തുന്നത്.മഴ കുറഞ്ഞാൽ വെള്ളമില്ലെങ്കിൽ കറന്റിന്റെ കാര്യം കട്ടപ്പൊക.അപ്പോഴും ലക്ഷങ്ങൾ മുടക്കി പണക്കാരൻ ബദൽ മാർഗങ്ങൾ കണ്ടെത്തും, അവിടേയും ബലിയാടാവുന്നത് പാവപ്പെട്ടവൻ മാത്രം.
 എന്നു വച്ചാൽ നമ്മേപ്പോലുള്ള പാവപ്പെട്ടവരുടെ കാര്യം കട്ടപ്പൊക.
Post a Comment