വിശുദ്ധനാക്കപ്പെടുന്ന ചാവറയച്ചന്റെ അത്ഭുത കൃത്യങ്ങള്‍

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                          വാഴ്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ വിശുദ്ധപദവിയിലേയ്ക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചത് ക്രിസ്തീയമതവിശ്വാസികളെ മാത്രമല്ല കേരള ചരിത്രമറിയാവുന്ന അന്യമതസ്ഥരേയും മതേതരവാദികളേയും ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ട്.വിശുദ്ധപദവി ലബ്ധിക്ക് ആവശ്യമായ അല്‍ഭുതപ്രവര്‍ത്തികള്‍ അംഗീകരിക്കുന്ന ഡിക്രിയില്‍ മാര്‍പ്പാപ്പ ഒപ്പുവച്ചതോടെയാണ് വിശുദ്ധപദവിപ്രഖ്യാപനം നവംബര്‍ 23നു നടത്താനുള്ള തീരുമാനം വത്തിക്കാനില്‍ നിന്നുണ്ടായത്. എന്നാല്‍ ചാവറയച്ചന്‍ നടത്തിയ സാമൂഹ്യപ്രസക്തിയുള്ള അല്‍ഭുതപ്രവൃത്തികളെ സംബന്ധിച്ച് കേരള സമൂഹത്തിനുവേണ്ടത്ര അറിവുണ്ടെന്നു തോന്നുന്നില്ല.
                    1846 ലാണ് ചാവറയച്ചന്‍ മാന്നാനത്ത് സ്കൂള്‍ സ്ഥാപിച്ചത്.ഒരു ഏകാധ്യാപകസ്കൂളായിരുന്നു അത്.തൃശ്ശൂരുനിന്നുള്ള ഒരു വാര്യരെയായിരുന്നു അധ്യാപകനായി നിയമിച്ചത്.അക്കാലത്തുണ്ടായ കുടിപ്പള്ളിക്കൂടങ്ങളിലോ ആശാന്‍‌കളരികളിലോ പില്‍ക്കാലത്ത് നാട്ടുരാജാക്കന്മാര്‍ സ്ഥാപിച്ച സര്‍ക്കാര്‍ സ്കൂളുകളിലോ അധ:സ്ഥിതവിഭാഗത്തില്‍‌പെട്ട കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.സവര്‍ണ്ണര്‍ക്കുവേണ്ടി സവര്‍ണര്‍ നടത്തിയിരുന്ന സ്കൂളുകളായിരുന്നു അവ.വിദ്യാഭ്യാസം മാത്രമല്ല വസ്ത്രം ധരിക്കാനും വഴിനടക്കാനും എന്തിന് അമ്പലങ്ങളില്‍ പ്രവേശിച്ച് ആരാധന നടത്താനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തീണ്ടലിനും തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനും വിധേയരായി അടിമകളേപ്പോലെ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇന്ന് ദളിതര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ പെടുന്നവര്‍ അക്കാലത്ത് തിരുവിതാംകൂറ് പ്രദേശത്ത് കഴിഞ്ഞത്.
                      തന്റെ ഇടവകയില്പെട്ട കത്തോലിക്കരെ ഉദ്ദേശിച്ചാണ് ചാവറയച്ചന്‍ മാന്നാനത്ത് സ്കൂള്‍ തുടങ്ങിയതെങ്കിലും ആ പ്രദേശത്ത് ജീവിച്ചിരുന്ന അധ:സ്ഥിതരെ അദ്ദേഹം അവഗണിച്ചിരുന്നില്ല. ഇപ്പോള്‍ മാന്നാനത്തെ പള്ളിപരിസരത്ത് സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില്‍ കയറി അദ്ദേഹം ആര്‍പ്പൂക്കര മാന്നാനം പ്രദേശത്തെ പറയ,പുലയ കുടിലുകളില്‍ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവന്ന് ഉച്ചക്കഞ്ഞിയും വസ്ത്രവും പുസ്തകവും നല്‍കി പഠിക്കാന്‍ അവസരം ഒരുക്കി.പിന്നീട് തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കുശേഷം 1936 ല്‍ സര്‍ക്കാര്‍സ്കൂളൂകളില്‍ പാവപ്പെട്ടവര്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ട് ദിവാനായിരുന്ന സി പി രാമസ്വാമി അയ്യര്‍ മഹാരാജാവിനു നല്‍കിയ കുറിപ്പില്‍ ചാവറയച്ചന്‍ ആരംഭിക്കുകയും പിന്നീട് ക്രൈസ്തവസ്ഥാപനങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്ന ഉച്ചക്കഞ്ഞി സംബ്രദായം മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
                മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പില്‍ക്കാലത്തുനടന്ന ഐതിഹാസികസമരങ്ങളെത്തുടര്‍ന്ന് 1910 ല്‍ മാത്രമാണ് അധ:സ്ഥിതര്‍ക്ക് സ്കൂള്‍പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.എന്നിട്ടും ഇവരെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായില്ല.പഠിക്കാന്‍ കൊതിച്ചു സ്കൂളില്‍ ചെന്ന ദളിതരെ പുറത്താക്കി തിരുവല്ലക്കടുത്തുള്ള പുല്ലാട്ടെയും തിരുവനന്തപുരത്ത് ഉരൂട്ടമ്പലത്തേയും സ്കൂളുകള്‍ സവര്‍ണ്ണര്‍ നിര്‍ദാക്ഷിണ്യം തീവച്ച് നശിപ്പിക്കുകയാണുണ്ടായത്.പഞ്ചമി എന്ന പെണ്‍കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാനായി ഉരൂട്ടമ്പലം സ്കൂളില്‍ ചെന്നത് മറ്റാരുമല്ല,അയ്യന്‍‌കാളിയാണെന്നോര്‍ക്കണം.വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ടതിനേത്തുടര്‍ന്നാണ് അധ:സ്ഥിതര്‍ക്ക് സ്കൂള്‍പ്രവേശനം ആവശ്യപ്പെട്ട് കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം അയ്യന്‍‌കാളി സംഘടിപ്പിച്ചത്.അതിനുശേഷം 1913 ലാണ് അധ:സ്ഥിതര്‍ക്ക് സ്കൂള്‍പ്രവേശനം ലഭിച്ചതെന്നോര്‍ക്കണം.അതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതിന് ഏതാണ്ട് ആറ് പതിറ്റാണ്ടുമുന്‍പ് താന്‍ സ്ഥാപിച്ചസ്കൂളില്‍ അന്നത്തെ കേരള സമൂഹത്തില്‍ തിരസ്കൃതരായവര്‍ക്ക് വിദ്യാഭ്യാസാവകാശം നല്‍കിയത് ചാവറയച്ചന്‍ നടത്തിയ അല്‍ഭുതപ്രവൃത്തിയായി മാറുന്നത്.പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കണം എന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.1864 ല്‍ പള്ളിക്കൂടം സ്ഥാപിക്കാത്ത പള്ളിയില്‍ പ്രാര്‍ത്ഥന അനുവദിക്കില്ലെന്നു നടത്തിയ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസവിപ്ലവത്തിനു ചാവറയച്ചന്‍ തിരികൊളുത്തുകയായിരുന്നു.
                    അതോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിനും ചാവറയച്ചന്‍ പ്രാധാന്യം നല്‍കിയിരുന്നു.1866 ല്‍ അദ്ദേഹം രൂപം നല്‍കിയ സി എം സി സന്യാസിനി സഭയിലെ അംഗമായിരുന്ന, ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ ഏവുപ്രാസ്യാമ്മയെന്നതിനെ യാദൃശ്ചികതയായി കാണാനാവില്ല.ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ മാത്രമായിരുന്നു അത്.1868 ല്‍ കൂനമ്മാവ് മഠത്തോട് ചേര്‍ന്ന് അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്കൂള്‍ സ്ഥാപിച്ച് മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന്റെ സൃഷ്ടാവ് കൂടിയായി മാറി.സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി സ്ത്രീസ്വാതന്ത്ര്യം സാമത്വം ശ്വാശ്രയത്വം എന്നിവ കൈവരിക്കാന്‍ ചാവറയച്ചന്‍ പല പദ്ധത്തികളും നടപ്പിലാക്കി.ലിംഗനീതിക്കായും സ്ത്രീപുരുഷസമത്വത്തിനായും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യപദവി കണക്കിലെടുക്കുമ്പോള്‍ അല്‍ഭുതപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു.സമൂഹത്തിലെ ഉന്നതശ്രേണിയിലുണ്ടായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ വിമോചനത്തിനായി വി.ടി.ഭട്ടതിരിപ്പാട് "അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്" എം ആര്‍ ബി "മറക്കുടക്കുള്ളിലെ മഹാനരകം" തുടങ്ങിയ കൃതികള്‍ രചിക്കുകയും മറ്റും ചെയ്തത് ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നോര്‍ക്കണം.കേരളം പില്‍ക്കാലത്ത് കൈവരിച്ച സാമൂഹ്യഗുണമേന്മകളുടെ പ്രത്യേകിച്ച് ആരോഗ്യമേഖലയിലൂണ്ടായ മുന്നേറ്റങ്ങളുടെ കാരണങ്ങളില്‍ പ്രധാനമായിട്ടുള്ളത് സ്ത്രീസാക്ഷരതയും സ്ത്രീശാക്തീകരണവുമാണെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്.
              ചാവറയച്ചന്‍ നടത്തിയ വേണ്ടത്ര അറിയപ്പെടാതെ പോയ മറ്റൊരല്‍ഭുത പ്രവൃത്തിയെകുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്.അക്കാലത്ത് ദളിത്‌വിഭാഗത്തില്‍ പെട്ടവരേക്കൊണ്ട് അടിമപ്പണിക്കു തുല്യമായ നിര്‍ബന്ധ ജോലികളാണ് സവര്‍ണര്‍ മാത്രമല്ല ക്രിസ്തീയ സമുദായത്തിലെ സമ്പന്നരും ചെയ്യിച്ചിരുന്നത്.കഷ്ടിച്ച് വിശപ്പടക്കാനുള്ള ഭക്ഷണമല്ലാതെ ന്യായമായ കൂലി നല്‍കിയിരുന്നതേയില്ല.ഊഴിയം എന്നായിരുന്നു ഈ പതിവിനെ വിളിച്ചിരുന്നത്.ചാവറയച്ചന്‍ മനുഷ്യത്വരഹിതമായ ഊഴിയം എന്ന ഏര്‍പ്പാടിനെ ശക്തമായി എതിര്‍ത്തു.തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കണമെന്ന് ശഠിക്കുകയും തന്റെ സഭയിലെ വിശ്വാസികളേക്കൊണ്ട് അത് നടപ്പാക്കുകയും ചെയ്തു.തൊഴിലാളി സംഘടനകളും മറ്റും രൂപീകരിച്ച് സംഘടിതസമരങ്ങളിലൂടെ കൂലിയും മറ്റാനുകൂല്യങ്ങളും കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്നതിന് വളരെ മുന്‍പ് തന്നെ ചാവറയച്ചന്‍ നടത്തിയ മറ്റൊരു അല്‍ഭുതപ്രവൃത്തിയായിരുന്നു അത്.
                    കേരളത്തിലെ അച്ചടിയുടെ ചരിത്രത്തിലും തനതായ സംഭാവനയും അല്‍ഭുതങ്ങളും കാട്ടിയ മഹദ്‌വ്യക്തിയാണ് ചാവറയച്ചന്‍.1846 ല്‍ ചാവറയച്ചന്‍ മാന്നാനത്ത് സ്ഥാപിച്ച സെന്റ്.ജോസെഫ് പ്രസ്സ് തിരുവിതാംകൂര്‍ഭാഗത്തെ മൂന്നാമത്തെ മുദ്രണാലയം എന്ന പേരില്‍ അറിയപ്പേടുന്നുണ്ട്.എന്നാല്‍ അതുമാത്രമല്ല അദ്ദേഹം സ്ഥാപിച്ച പ്രസ്സിന്റെ പ്രത്യേകത്.സി എം എസ് സഭയുടെ കീഴില്‍ കോട്ടയത്താണ് 1821 ല്‍ ബെഞ്ചമിന്‍ ബെയ്‌ലി വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ആദ്യപ്രസ്സ് സ്ഥാപിച്ചത്.പിന്നീട് സ്വാതിതിരുനാള്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ മേഖലയില്‍ 1935 ല്‍ സ്ഥാപിച്ചതാണ് രണ്ടാമത്തെ പ്രസ്സ്.നിരവധി ക്ലേശങ്ങള്‍ സഹിച്ച് സാങ്കേതികവിദ്യ സ്വായത്തമാക്കിയും തനതായി വികസിപ്പിച്ചും അച്ചടിയിലെ കേരള പാരംബര്യത്തിന് തുടക്കമിട്ടത് പക്ഷെ ചാവറയച്ചനായിരുന്നു. യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതികവിദ്യയെ വിദേശസഹായമില്ലാതെ കേരളത്തില്‍ തനതായി ആവിഷ്കരിക്കുകയെന്ന അല്‍ഭുതപ്രവര്‍ത്തിയാണ് ചാവറയച്ചന്‍ ചെയ്തത്.സാങ്കേതികവിദ്യയും അസംസ്കൃതവസ്തുക്കളും കിട്ടാനുള്ള പ്രയാസം മൂലം അച്ചടിച്ച പുസ്തകം വിലയേറിയ വസ്തുവും പ്രസാധനം ലാഭകരമല്ലാത്ത വ്യവസായവുമായിരുന്ന കാലത്താണ് ചാവറയച്ചന്‍ പരസഹായമില്ലാതെ അച്ചടിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നോര്‍ക്കണം.പ്രൊട്ടസ്റ്റന്റ് കത്തോലിക്കസഭകള്‍ തമ്മിലുള്ള അകല്‍ച്ച മൂലം കത്തോലിക്കനായ അദ്ദേഹത്തിന് സി എം എസ് പ്രസ് കാണാന്‍ പോലുമുള്ള അനുവാദം കിട്ടിയിരുന്നില്ല.തിരുവനന്തപുരത്തെ സര്‍ക്കാര്‍പ്രസ്സ് സന്ദര്‍ശിച്ച് വാഴത്തടയില്‍ അതിന്റെ മാതൃക പകര്‍ത്തി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി കരിങ്കല്ലില്‍ അതിനൊരു അടിത്തട്ടുമുറപ്പിച്ചാണ് മലയാളിയുടെ ആദ്യത്തെ അച്ചടിയന്ത്രം സ്ഥാപിക്കുക എന്ന അല്‍ഭുതപ്രവൃത്തി ചാവറയച്ചന്‍ നിര്‍‌വഹിച്ചത്.മറിയത്തുമ്മ എന്ന മഹിള മാന്നാനം ക്രൈസ്തവാശ്രമത്തിന് കാണിക്ക നല്‍കിയ 12000 ചക്രം (428 രൂപ) മൂലധനമാക്കിയാണ് ചാവറയച്ചന്‍ അച്ചടിയന്ത്രത്തിനു ശ്രമം തുടങ്ങിയത്.
                ചാവറയച്ചന്‍ നടത്തിയ ഇത്തരം അല്‍ഭുതപ്രവൃത്തികള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം കത്തോലിക്കാസഭയുടെ മാത്രമല്ല കേരള പൊതുസമൂഹത്തിന്റെയാകെ വിശുദ്ധനും പുണ്യാളനുമാണെന്ന്നിസ്സംശയം പറയാന്‍ കഴിയും.
(ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഡോ.ബി.ഇക്ബാല്‍ എഴുതിയ ലേഖനം.)                                                                                                                                                                                                                     
Post a Comment