ആകുലതകളേക്കൊണ്ടുള്ള പ്രയോജനം

**Mohanan Sreedharan | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                       കുലതകളുടെ നടുവിലൂടെയാണ് ഓരോ കേരളീയനും ഇന്ന് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.നാളെ എന്തു സംഭവിക്കും എന്ന ചിന്ത അവനെ ഊണിലും ഉറക്കത്തിലും വിടാതെ പിടികൂടിയിരിക്കുന്നു.ഒരു രോഗം വന്നാല്‍ അതിന്റെ ചികില്‍സ കഴിയുമ്പോഴേക്കും തെരുവിലേക്കിറങ്ങേണ്ടിവരുന്ന ജനതയുടെ എണ്ണം കേരളത്തില്‍ ജനസംഖ്യയുടെ പതിനഞ്ചു ശതമാനം ആണ്.എന്നുവച്ചാല്‍ നിത്യജീവിതത്തില്‍ നിന്ന് മാറിയുള്ള ഏതുപ്രവര്‍ത്തനവും അവരുടെ ജീവിതത്തെ താറുമാറാക്കുന്നു.ഒരു കല്യാണം , ഒരു രോഗം ,അല്ലെങ്കില്‍ പെട്ടെന്നുണ്ടാകുന്ന മറ്റേതെങ്കിലും ഒന്ന് അന്നന്ന് അദ്ധ്വാനിച്ചുകഴിയുന്ന അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഭീതിദമാണ്.ഒന്നുകില്‍ താമസിക്കുന്ന വീടും സ്ഥലവും വിറ്റ് കാര്യം നടത്തണം, അല്ലെങ്കില്‍ വട്ടിപ്പലിശക്കാരുടെ ദയാവായ്പില്‍ കാര്യം നടത്തണം.ഏതു മാര്‍ഗം സ്വീകരിച്ചാലും ഫലം ഒന്നുതന്നെ! വീട് വിട്ട് പുറത്തേക്കിറങ്ങുക എന്ന ഒന്നുമാത്രം. 1957 ലെ ഇ എം എസ് ഗവണ്മെന്റ് കുടികിടപ്പുകാര്‍ക്കെല്ലാം സ്ഥലം നല്‍കിയെങ്കില്‍ ഇന്നത്തെ ഗവണ്മെന്റിന്റെ നടപടികള്‍ ഈ പാവങ്ങളെ വീടുവിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നു എന്നു തന്നെയുമല്ല ഈ ഗണത്തിലേയ്ക്ക് എത്തിപ്പെടുന്നവരുടെ എണ്ണം കൂടികൂടി വരികയും ചെയ്യുന്നു.
                                                  ഇത് ജനസംഖ്യയിലെ 15% പേരുടെ കാര്യം.ഇനി ഇവിടെ വേറൊരു കൂട്ടരുണ്ട്.ഇടത്തരക്കാരിലെ താഴേത്തട്ടുകാര്‍.വലിയ പണക്കാരാണെന്നു ഭാവിച്ചാണു നടപ്പ്, അതാവാനുള്ള ഒരു നൂറായിരം കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്, ആട് തേക്ക് മാഞ്ചിയം മുതല്‍ ഇന്നത്തെ കാലഘട്ടത്തിനു യോജിച്ച വലം‌പിരി ശംഖു മുതല്‍ കുബേര്‍ കാഞ്ചിവരെ.ഇത്തരം അഭ്യാസങ്ങള്‍ അവരെ രക്ഷിക്കില്ലെന്നവര്‍ക്കറിയാമെങ്കിലും അതിനു കാരണം ഒന്നുകില്‍ തങ്ങളുടെ സമയമായിട്ടില്ല, അല്ലെങ്കില്‍ ദൈവദൃഷ്ടി തങ്ങളില്‍ ഇത്തവണ പതിഞ്ഞില്ല എന്ന കാര്യം പോലും അവര്‍ക്കറിയാം.അപ്പോള്‍ തങ്ങളാഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ തങ്ങള്‍ക്കാവുന്നില്ല എന്നുമാത്രമല്ല തങ്ങളുടെ ജീവിതനിലവാരം പടിപടിയായി താഴേയ്ക്ക് പോകുന്നതും അവരറിയുന്നു, എന്താണ് കാരണമെന്ന് കൃത്യമായി വിശകലനം ചെയ്യാന്‍ അവരുടെ ക്ലാസ്സ് അവരെ സമ്മതിക്കുന്നില്ലെന്നു മാത്രം.
                                                  ഇവരെ രണ്ടുകൂട്ടരേ മാത്രം ഞാന്‍ എടുത്തുപറഞ്ഞു എങ്കില്‍ കൂടിയും ബാക്കിയുള്ളവരില്‍ മധ്യവര്‍ഗികളിലെ മുകള്‍ത്തട്ടുകാരും ഭിന്നരല്ല.കാരണം ഇന്നല്ലെങ്കില്‍ നാളെ അവരും കൂപ്പുകുത്തും എന്ന് നമുക്കറിയാം.കാരണം നിലവിലെ സ്ഥിതി കുത്തകകളെ ഒഴിച്ച് മറ്റെല്ലാവരേയും പാപ്പരീകരിക്കുക എന്നതാണ് ആ ചിലവില്‍ കുത്തകകള്‍ തടിച്ചുകൊഴുക്കുക എന്നതാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലെ ഭക്ഷണം, നമ്മുടെ ആരോഗ്യസം‌രക്ഷണം, നമ്മുടെ ചികില്‍സ, നമ്മുടെ മക്കളുടെ  സഹോദരികളുടെ മാന്യമായ വിവാഹം, നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, തുടങ്ങി എല്ലാം എല്ലാം അനിശ്ചിതത്വത്തിലാണ് എന്ന് സ്പഷ്ടം.
                                എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എടുത്തുനോക്കിയാല്‍ സ്ഥിതി ഇങ്ങനല്ലെന്ന് കാണാം.അവിടെ ജനങ്ങളുടെ ജീവിതത്തെ   സാരമായി സ്പര്‍ശിക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുണ്ടെന്ന് കാണാം.ഒരു കുഞ്ഞു ജനിച്ചാല്‍ അതിനു മികച്ച പരിചരണം ലഭിക്കാവുന്ന വിധം ആശുപത്രി സൗകര്യങ്ങള്‍, ആവശ്യമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്നുള്ള സൗകര്യങ്ങള്‍, വിവാഹചിലവിലെ ധൂര്‍ത്ത് ഇല്ലായ്മ്മ എന്നിവ കൊണ്ട് അവിടത്തെ സാധാരണക്കാരന് തന്റെ ജീവിതത്തെക്കുറിച്ച് ആകുലതകളില്ല.കാരണം അവന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും സാമൂഹ്യമായ കാഴ്ചപ്പാടോടെ പരിഹരിക്കാനും തയ്യാറായ സര്‍ക്കാര്‍ സം‌വിധാനങ്ങള്‍ അവന്റെ മനസ്സിലെ ആകുലതകള്‍ ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.അവന് സ്വതന്ത്രമായി മനോല്ലാസത്തോടെ അവന്റെ തൊഴിലിലും മറ്റ് രംഗങ്ങളിലും ഇടപെടാനാവുന്നു.(മാറിവന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ ഇതിനുമാറ്റമുണ്ടാക്കുന്നു എന്നത് മറക്കുന്നില്ല.)
                         ഇതിന്റെ ആത്യന്തികമായ ഫലം എന്താണെന്നുവച്ചാല്‍ അവിടങ്ങളില്‍ മതം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ദൈവത്തിനവിടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താണു കാരണമെന്നുവച്ചാല്‍ ക്ലിയറല്ലേ! മനുഷ്യന് അവന്റെ നാളേകളേക്കുറിച്ച് യാതൊരലട്ടലുമില്ല. അഥവാ അലട്ടല്‍ വന്നാലും അവനെ സഹായിക്കാന്‍ പ്രതിബദ്ധതയുള്ള , ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ സം‌വിധാനങ്ങളുണ്ട്. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ മതങ്ങള്‍ അവിടെ നിര്‍ജീവമായിക്കൊണ്ടിരിക്കുന്നു എന്നത് സ്വാഭാവികം മാത്രം.എന്നാല്‍ നമ്മുടെ നാട്ടിലോ? ഇവിടെ നാളെ പണിയുണ്ടാകുമോ, പണിക്കിടയില്‍ പരിക്ക് പറ്റിയാല്‍ ചികില്‍സിക്കാന്‍ പണമെവിടെ? ഇനി അഥവാ കുടുംബനാഥന്‍ മരിച്ചുപോയാല്‍ കുടുംബത്തിന്റെ സ്ഥിതി എന്തായി? വീടും പറമ്പും വിറ്റ് ചികില്‍സിച്ചാല്‍ നാളെ എന്തുചെയ്യും? ഇങ്ങനെ നൂറായിരം ചോദ്യങ്ങളാല്‍ അസ്വസ്ഥമാണവന്റെ മനസ്സ്.( ഈ അന്യമന്‍സ്കത തന്നെ കൂടുതല്‍ പ്രശ്നത്തിനിടവരുത്തും.) ഈ സന്നിഗ്ധഘട്ടത്തിലാണ് മതങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്, അല്ല സ്വാധീനം ചെലുത്താന്‍ തുടങ്ങുന്നത്.                                           
                         മതത്തിനു മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കൊരു വസ്തുനിഷ്ഠ പരിഹാരം ആവശ്യമില്ല.എല്ലാ മതങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒന്നേ മിക്കവാറും പറയാനുള്ളൂ, നിങ്ങള്‍ അനുഭവിക്കുന്നതൊക്കെ ശരിതന്നെ. എന്നാല്‍ അത് മുജ്ജന്മപാപങ്ങളുടെ ഫലമാണ്, അതല്ലെങ്കില്‍ ദൈവം നിങ്ങളെ പരീക്ഷിക്കുന്നതാണ്, നല്ല നല്ല ദൈവവിശ്വാസിയായാല്‍ പരീക്ഷണം കൂടിക്കൂടീ വരും അത് നല്ലതാണ് കാരണം മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതാണ്.ആരു പറഞ്ഞു? ദാ നോക്കൂ നമ്മുടെ വേദഗ്രന്ഥങ്ങളിലുണ്ട്! അത് സത്യമോ? മകനേ അതാണ് പരീക്ഷണം എന്ന് പറയുന്നത്, നീ സംശയിക്കരുത്, കാരണം സംശയം അവിശ്വാസിയുടെ ലക്ഷണമാണ്. ഈ രീതിക്കാണ് മതങ്ങളുടെ ഉത്തരങ്ങളുടെ പ്രവാഹം.ഒന്നിനും വസ്തുനിഷ്ഠമായ കാഴ്ചപ്പാടോ ഉത്തരങ്ങളോ ഇല്ല എന്നുതന്നെയല്ല വിശ്വാസികളെ അടിമകളാക്കുന്ന ആ പഴയ കാഴ്ചപ്പാട് തന്നെ മതങ്ങള്‍ ഇന്നുംകൈക്കൊള്ളുന്നു താനും.ബഹുഭൂരിപക്ഷത്തിന്റെ ചിലവിലാണ് ഒരു ന്യൂനപക്ഷം തടിച്ചുകൊഴുക്കുന്നതെന്ന സത്യം കാണാനോ കണ്ടാല്‍ത്തന്നെ അത് ജനത്തോട് വിളിച്ചുപറയാനോ മതം തയ്യാറല്ല.ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും കഷ്ടപ്പാടുകളും തഴച്ചുവളരുന്നത് മതങ്ങളെ വളര്‍ത്താനുള്ള എളുപ്പവഴികളായി ഒരു വിഭാഗം കാണുന്നു.മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇതൊരു കൂട്ടുകൃഷിയാണ്, ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും കഷ്ടപ്പാടും വളര്‍ത്തി ന്യൂനപക്ഷം കൊഴുക്കുമ്പോള്‍ മതങ്ങള്‍ക്ക് വളരാനുള്ള സൗകര്യ്ം ന്യൂനപക്ഷവും ചെയ്തുകൊടുക്കുന്നു.
                                  കമ്യൂണിസത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. മനുഷ്യന് ആകുലതകള്‍ കഷ്ടപ്പാടുകള്‍ ഇല്ലാത്തിടത്ത് കമ്യൂണിസത്തിനെന്തു പ്രസക്തി?ജനങ്ങളുടെ ദാരിദ്ര്യത്തില്‍ നിന്ന് അവന്റെ കഷ്ടപ്പാടുകളില്‍ നിന്ന് ഒക്കെയാണ് കമ്യൂണിസം ഉടലെടുക്കുന്നത്.പക്ഷെ കമ്യൂണിസവും മതവും തമ്മിലുള്ള വ്യത്യാസമെന്താണെന്നു വച്ചാല്‍ കമ്യൂണിസം സ്പഷ്ടമായി വസ്തുനിഷ്ഠമായി ആശങ്കക്കിടയില്ലാത്ത വിധത്തില്‍ ശാസ്ത്രീയമായി ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പഠിക്കുകയും അതിനു ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു എന്നതാണ്.ഇതാണ് കമ്യൂണിസമാണ് ശരി എന്നുപറയുന്നതിന്റെ കാരണവും.ചരിത്രത്തിലാദ്യമായി മനുഷ്യന്റെ വികാസത്തെ സാമൂഹ്യ സാംബത്തീക ശാസ്ത്രമുപയോഗിച്ച് വിലയിരുത്തുകയും ഭാവി പ്രവചിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് കമ്യൂണിസത്തിന്റെ മേന്മ.അതുകൊണ്ടുതന്നെ കമ്യൂണിസം ഊര്‍ജിതമായാല്‍ കൂടുതല്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടാല്‍ മതം വാടിപ്പോകും എന്നത് സംശയമില്ലാത്ത കാര്യം.അതുകൊണ്ടുതന്നെ കമ്യൂണിസത്തിന്റെ വളര്‍ച്ചയെ, വ്യാപനത്തെ പല്ലും നഖവും ഉപയോഗിച്ച് മതം എതിര്‍ക്കുന്നു.
                     അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മതം ചെയ്യുന്നത് ദേശദ്രോഹവും മനുഷ്യദ്രോഹവുമാണ്. മനുഷ്യനെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടാതെ ജീവിക്കാന്‍ വിടാതെ ആചാരാനുഷ്ഠാനങ്ങളില്‍ കെട്ടിയിട്ട് ഞെക്കി ഞെരുക്കി മുരടിപ്പിക്കുന്ന സ്വഭാവമാണ് മതത്തിനുള്ളത്.മനുഷ്യചരിത്രത്തിന്റെ കഥ മാറ്റത്തിന്റെ കഥയാണെന്ന സാമാന്യബോധം ഉള്‍ക്കൊള്ളാന്‍ മതങ്ങള്‍ മടികാണിക്കുന്നു.ഇതിന്റെ ഒരു കാരണം ഭൂരിപക്ഷത്തിനെ കുത്തിച്ചൊര്‍ത്തുന്ന ന്യൂനപക്ഷവുമായാണ് മതം കൈകോര്‍ത്തിരിക്കുന്നത് എന്നതാണ്.രണ്ടാമത്തെ കാരണം ഏതോനൂറ്റാണ്ടുകാലത്ത് ഉല്‍ഭവിച്ച മതതത്വങ്ങള്‍ മാറ്റത്തിനു വിധേയമാക്കാതെ കാലവും മനുഷ്യനും മാറുന്നതനുസരിച്ച് മാറ്റാതെ കാത്തുസൂക്ഷിക്കുന്നു എന്നതും.ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ മതങ്ങള്‍ നിര്‍ജീവമാണ് എന്ന് കാണാം. (വെറിതെയല്ല പണ്ട് വയലാര്‍ വെള്ള പൂശിയ ശവക്കല്ലറകള്‍ എന്ന് വിളിച്ചത്.) വലിയ രീതിയില്‍ സോഷ്യല്‍ സെക്യൂരിറ്റികള്‍ നിലവിലുള്ള രാജ്യങ്ങളില്‍ പോലും പാവപ്പെട്ടവന്ന് അവകാശപ്പെട്ടത് മുഴുവന്‍ നല്‍കാതെ ഇത്തരം നക്കാപ്പിച്ചകള്‍ കൊണ്ട് അവനെ തൃപ്തിപ്പെടുത്തുന്നതാണ് കാണുന്നത്.അതുകൊണ്ടുതന്നെ കമ്യൂണിസത്തെ തടയുന്ന മതങ്ങളുടെ റോള്‍ കുറേക്കൂടി സമര്‍ത്ഥമായി നടപ്പിലാക്കുന്നു ഈ ഗവണ്മെന്റുകള്‍.എങ്കില്‍ കൂടിയും അവിടെ കമ്യൂണിസത്തിനും അതിന്റേതായ റോള്‍ നിര്‍‌വഹിക്കാനുണ്ട്.
                ഇതൊക്കെക്കൊണ്ടുതന്നെയാണ് കമ്യൂണിസ്റ്റുകാരുടെ സമരത്തിന്റെ കുന്തമുന മതങ്ങള്‍ക്ക് നേരെ കൂടെ തിരിയേണ്ടുന്നതിന്റെ ആവശ്യകത വരുന്നത്. പ്രത്യേകിച്ച് ഇന്ത്യയേപ്പോലുള്ള മൂന്നാം ലോകരാഷ്ട്രങ്ങളില്‍ മുതലാളിത്തത്തോടുള്ള സമരം പോലെ തന്നെ പ്രാധാന്യമുണ്ട് മതത്തിനെതിരഅയ സമരത്തിനും.
Post a Comment