ചുംബനം പാപമല്ല കുറ്റവുമല്ല

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 
ദേശഭിമാനി വീക്കിലിയില്‍ (ലക്കം 34 പുസ്തകം46 ,2015 ജനുവരി 11 ) എം. സ്വരാജ് എഴുതിയ ലേഖനം ചുംബനസമരത്തെ വിലയിരുത്തുന്നത് ഈ ബ്ലോഗിലെ വായനക്കാരും അറിയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
                         ര്‍ഗീയ ഫാസിറ്റുകളും മറ്റു മതമൗലികവഅദികളും സദാചാരപോലീസിന്റെ രൂപത്തില്‍ ഉറഞ്ഞു തുള്ളുന്നതിനെതിരായി വ്യത്യസ്ഥമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.കൂടുതല്‍ യോജിച്ചതും കരുത്തുറ്റതുമായ പ്രതിഷേധങ്ങള്‍ വളര്‍ന്നുവരേണ്ടതുമുണ്ട്.കാരണം സദാചാരപോലീസെന്ന പേരില്‍ ഏകപക്ഷീയമായ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ക്രിമിനല്‍ കൂട്ടങ്ങള്‍ നാടിനാകെ ഭീഷണിയായി മാറിയിരിക്കയാണ്.ആണും പെണ്ണും തമ്മില്‍ സംസാരിക്കുന്നതും ഒരുമിച്ച് യാത്രചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം സദാചാരപോലീസിന്റെ വേട്ടയ്ക്കുള്ള കാരണമായി മാറിയിരിക്കുന്നു.ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പലതിനും വര്‍ഗീയസ്വഭാവവുമുണ്ട്.വ്യത്യസ്ഥ സമുദായങ്ങലില്‍ പെടുന്ന ആണ്‍/പെണ്‍ സൗഹൃദങ്ങളെ കടുത്ത അസഹിഷ്ണുതയോടെയാണ് ഇക്കൂട്ടര്‍ കാണുന്നത്.

                        സദാചാരപോലീസ് എന്ന് പരക്കെ വിളിക്കപ്പെടുന്ന ക്രിമിനലുകളുടെ അതിക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ ഒന്നാണ് പരസ്യമായി ചുംബിച്ചുകൊണ്ടുള്ള സമരം.ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഇഷ്ടചര്‍ച്ചാ വിഷയം ഇതാണ്.സദാചാരപോലീസിന്റെ അക്രമങ്ങളെക്കുറിച്ചല്ല മറിച്ച് പരസ്യചുംബനതേക്കുറിച്ച് മാത്രമാണ്ഇപ്പോഴത്തെ ചര്‍ച്ച. ചര്‍ച്ച ചെയ്യപ്പെടേണ്ട അതീവഗൗരവതരമായ വിഷയങ്ങളെ സമര്‍ത്ഥമായി മാറ്റിവച്ചുകൊണ്ട് ഉള്ളുപൊള്ളയായ ഇക്കിളിപേച്ചുകളില്‍ അഭിരമിക്കാനുള്ള മാധ്യമതാല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ചുംബനസമരത്തിനു കഴിഞ്ഞിരിക്കുന്നു.എതിര്‍ത്തും അനുകൂലിച്ചുമുള്ള നവമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളില്‍ മിക്കതും വൈകാരികതലത്തില്‍ മാത്രമുള്ളതാണുതാനും.

                             ചുംബിക്കുന്നത് പാപമാണെന്നും അതൊരു കുറ്റകൃത്യമാണെന്നുമൊക്കെ ചിന്തിക്കുന്നവരുണ്ട്. "സംസ്കാരത്തിന്റെ സം‌രക്ഷകര്‍" ചമയുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളും മറ്റുമതമൗലികവാദികളും ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്നവരാണ്.വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ പെട്ടവര്‍ വിവാഹിതരായാല്‍ ജാതി പഞ്ചായത്ത് കൂടി ഇരുവരേയും ചുട്ടുകൊല്ലുന്ന സംഭവങ്ങളൊക്കെ ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.ഇതൊക്കെയാണോ നമ്മുടെ സാംസ്കാരികപൈതൃകം?ഇതാണോ സം‌രക്ഷിക്കപ്പെടേണ്ടത്?സദാചാരപോലീസ് അഴിഞ്ഞാടുമ്പോള്‍ പൊടുന്നനവേയുള്ള ഒരു വൈകാരികപ്രതിഷേധം എന്ന നിലയില്‍ ആരെങ്കിലും ചുംബിച്ച് പ്രതിഷേധിക്കുന്നുവെങ്കില്‍ അതിനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

                      എന്നാല്‍ സദാചാരപോലീസിനും വര്‍ഗ്ഗീയഫാസിസത്തിനും മതതീവ്രവാദത്തിനുമൊക്കെ എതിരായ അനാദികാലത്തേയ്ക്കുള്ള സമരമുറ എന്ന നിലയ്ക്ക് പരസ്യചുംബനത്തെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഈ സമരരൂപത്തോട് വിയോജിക്കാതിരിക്കാനാവില്ല.പുരോഗമനപ്രസ്ഥാനങ്ങളുയര്‍ത്തുന്ന ഈ വിയോജിപ്പ് ചുംബനം പാപമാണെന്നോ , രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴാവുന്ന ഒരു കുറ്റകൃത്യമാനതെന്നോ കരുതുന്നതുകൊണ്ടല്ല.രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ഒരാകാശവും ഇടിഞ്ഞുവീഴില്ലെന്ന് മാത്രമല്ല ലോകം തന്നെ മാരുമെന്നാണ് ഒക്റ്റോവിയോ പാസ് എഴുതിയത്.ചുംബിച്ച് പ്രതിഷേധിക്കുന്നവര്‍ക്ക് അങ്ങനേയും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കാണാതിരിക്കുന്നുമില്ല.എന്നാല്‍ വര്‍ഗീയഫാസിസ്റ്റുകളും മതമൗലികവഅദികളും ഉയര്‍ത്തുന്ന സദാചാരപോലീസ് ഭീഷണിക്കെതിരെയുള്ള ചുംബനപ്രതിഷേധം ദുര്‍ബലവും വികലവും ആയ ഒരു സമരരീതിയാണ് എന്ന് പറയാതിരിക്കാനുമാവില്ല.

                                  ഒരര്‍ത്ഥത്തില്‍ ചുംബനസമരം സഹായിക്കുന്നത് സദാചാരപോലീസിനെതന്നെയാണ്.ചുംബനസമരങ്ങളും അതിനെതിരെ നടക്കുന്ന അക്രമങ്ങളും കേരളത്തില്‍ സൃഷ്ടിക്കുന്ന പ്രതീതി സദാചാരപോലീസിനെ ലളിതവല്‍ക്കരിക്കുന്ന തരത്തിലുള്ളതഅണ്.പ്രതിഷേധവും സമരവും ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് എന്ന തെറ്റായ സന്ദേശമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.വര്‍ഗീയവാദികള്‍ എതിര്‍ക്കുന്നത് ഇത്തരം പരസ്യചുംബനങ്ങളേയും ലൈംഗീകാരാജകത്വത്തേയും മാത്രമാണ് എന്ന പ്രചാരണത്തിനും അവസരമുണ്ടായിരിക്കുന്നു.യഥാര്‍ത്ഥത്തില്‍ ചുംബനമല്ല ഇവിടുത്തെ പ്രശ്നം.സംസാരിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ആക്രമിക്കപ്പെടുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ചര്‍ച്ചയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ചുംബനസമരം ഇടയാക്കിയത്.

                        സദാചാരപോലീസിന്റെ അക്രമങ്ങളെ എതിര്‍ക്കുന്ന മഹാഭൂരിപക്ഷം ആളുകള്‍ക്കും ചുംബനസമരത്തോട് യോജിപ്പില്ല എന്ന വസ്തുത കാണേണ്ടതുണ്ട്.വര്‍ഗീയഫാസിസ്റ്റ് ഭീഷണിക്കെതിരെ പ്രതിഷേധമുള്ളവരെയെല്ലാം അകറ്റിനിറുത്തിക്കൊണ്ട് വിരലിലെണ്ണാവുന്ന കുറച്കുപേര്‍ ചേര്‍ന്ന് നടത്തിയ ഒറ്റപ്പെട്ടതും ദുര്‍ബലവും ആയ ഒരു പ്രതിഷേധമായാണ് ചുംബനസമരം മാറിയിട്ടുള്ളത്.ഇത് ഫാസിസത്തിനെതിരായ മഹത്തായ സമരമാണെന്ന് അവകാശപ്പെടുന്നവരുണ്ട്.അത്തരക്കാര്‍ എന്താണ് ഫാസിസ്റ്റ് വിരുദ്ധസമരമെന്നോ എന്താണ് ഫാസിസമെന്നോ തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ്.വിരലിലെണ്ണാവുന്നവരുടെ വികലമായ പ്രതിഷേധങ്ങള്‍ കൊണ്ട് ഫാസിസത്തെ പ്രതിരോധിക്കാനാവില്ല.ഫാസിസത്തിനെതിരായ സമരത്തെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് വഴികാട്ടുന്നത് ഫാസിസ്റ്റുവിരുദ്ധപോരാട്ടത്തിന്റെ ചരിത്രാനുഭവങ്ങളും ദിമിത്രോവിന്റെ സിദ്ധാന്തങ്ങളും ഒക്കെയാണ്.ഫാസിസത്തിനെതിരായ ഐക്യമുന്നണിയെന്നത് ഫാസിസ്റ്റുകളല്ലാത്ത സകലരേയും സമരമുന്നണിയില്‍ അണിനിരത്തുന്നതിന്റെ പ്രാധാന്യമാണുയര്‍ത്തിക്കാട്ടുന്നത്.

                              അങ്ങനെ വിപുലമായ ബഹുജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ടുമാത്രമേ ഫാസിസ്റ്റ് ഭീഷണികളെ പ്രതിരോധിക്കാനാവൂ.ഈ സാഹചര്യത്തിലാണ് സദാചാരപോലീസിന്റെ പേരില്‍ നടക്കുന്ന ഫാസിസ്റ്റ് അക്രമങ്ങളോട് കടുത്ത എതിര്‍പ്പുള്ള മഹാഭൂരിപക്ഷത്തേയും അകറ്റിനിറുത്തുന്ന ചുംബനസമരം പരിശോധിക്കപ്പെടേണ്ടത്.ഫാസിസത്തിനെതിരെ ഉയര്‍ന്നുവരേണ്ട ഐക്യമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമായി മാത്രമേ ചുംബനസമരത്തെ കാണാനാവൂ.എന്നാല്‍ ഇക്കൂട്ടരെ തല്ലിയൊതുക്കാന്‍ പാഞ്ഞുവരുന്ന സംഘപരിവാര്‍ സംഘടനകളേയും മുസ്ലീം ഭീകരസംഘടനകളേയും കര്‍ശനമായി നേരിടേണ്ടതുണ്ട്.ഇവിടെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുനില്‍ക്കുന്ന ദയനീയസ്ഥിതിയഅണുള്ളത്.പോലീസും അക്രമികളോടൊപ്പം കൈകോര്‍ക്കുന്നതും കാണാം.

                                 ഇവിടെയാണ് ചുംബനസമരക്കാരുടേയും പിന്‍തുണയ്ക്കുന്നവരുടേയും തനിനിറം വെളിവാകുന്നത്.ഇപ്പോള്‍ ഇക്കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് സദാചാരപോലീസിനോടോ തങ്ങളെ അക്രമിക്കുന്ന സംഘപരിവാര്‍ - മതമൗലികശക്തികളോടോ അല്ല.പകരം ലക്ഷ്യബോധമില്ലാത്ത ചുംബനസമരത്തെ ഏറ്റെടുക്കുകയും സം‌രക്ഷണം നല്‍കുകയും ചെയ്യാത്ത ഇടതുപക്ഷത്തോടാണ്.എന്തല്‍ഭുതം! ഫാസിസ്റ്റ് വിരുദ്ധസമരത്തിനിറങ്ങി പുറപ്പെട്ടവര്‍ ഇടതുപക്ഷവിരുദ്ധ പ്രചാരണങ്ങളില്‍ അഭിരമിക്കുന്നു.ഫാസിസത്തെ എതിര്‍ക്കുന്ന മഹാഭൂരിപക്ഷത്തിനും യോജിപ്പില്ലാത്ത സമരരൂപവുമായി ഇറങ്ങിപുറപ്പെട്ടവര്‍ ഇപ്പോഴത് ഇടതുപക്ഷത്തിന്റെ തലയില്‍ വച്ച് ഇനി നിങ്ങള്‍ കൊണ്ട് നടക്ക് എന്ന് എന്ന് വിലപിക്കുന്നത് അപഹാസ്യവുമാണ്.

                       ചുംബനസമരത്തിന് ഇറങ്ങിത്തിരിച്ചവരുടെ രാഷ്ട്രീയവും സാമൂഹ്യപ്രതിബദ്ധതയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.നാടിനെ ബാധിക്കുന്ന ഒരു വിഷയത്തിലും ഇടപെട്ട ചരിത്രമില്ലാത്തവരഅണിക്കൂട്ടര്‍.നാളിതുവരെ ഒരു സമരത്തിനും കണ്ടിട്ടില്ലാത്തവര്‍.വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരെ സംഘടിതപ്രസ്ഥാനങ്ങള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടിയ നാളുകളില്‍ കാഴ്ചക്കാരായി നിന്നവര്‍.ഫാസിസ്റ്റുകളുടെ വാള്‍മുനയില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരികളുടെ ബലികുടീരങ്ങളെ നോക്കി പുച്ഛിച്ചവര്‍.ജനകീയസമരങ്ങളുടെ നേട്ടങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടുതന്നെ രാഷ്ട്രീയക്കാരേയും സമരങ്ങളേയും പരിഹസിച്ചവര്‍.ഇങ്ങനെയൊക്കെയുള്ള ഒരു കൂട്ടം ആളുകള്‍ ഫാസിസ്റ്റ് വിരുദ്ധസമരത്തിന്റെ ആദ്യത്തേയും അവസാനത്തേയും രൂപം ചുംബനം മാത്രമാണെന്ന് കണ്ടുപിടിച്ചുകൊണ്ടുവരുമ്പോള്‍ ചരിത്രബോധവും സ്ഥിരബുദ്ധിയും ഉള്ളവര്‍ക്ക് അതൊന്നും അംഗീകരിച്ചുകൊടുക്കാനാവില്ല.

                  സദാചാരപോലീസിനെതിരെയുള്ള മറ്റു സമരരൂപങ്ങളിലൊന്നും ഇക്കൂട്ടര്‍ക്ക് താല്പര്യമില്ല.ഇവര്‍ ഇതുവരെ ചുംബനമല്ലാതെ മറ്റൊരു സമരരീതിയും സ്വീകരിച്ചിട്ടുമില്ല.ചുംബനം ചുംബനം മാത്രം എന്നാര്‍ത്തു വിളിക്കുന്നവര്‍ ചുംബനത്തിന്റെ ലോകത്ത് മാത്രം ജീവിക്കാനാഗ്രഹിക്കുന്നവരാണ്.സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കാനോ കൂടുതല്‍ പേരെ ആകര്‍ഷിക്കാനോ ഈ സമരരീതിയ്ക്ക് കഴിഞ്ഞിട്ടുമില്ല.എം ജി സര്‍‌വകലാശാല ആസ്ഥാനത്ത് ചുംബനസമരത്തെക്കുറിച്ച് നടന്ന ചര്‍ച്ചയുടെ വാര്‍ത്തയും ചിത്രവും മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.( 2014 ഡിസംബര്‍ 18, തിരുവനന്തപുരം എഡിഷന്‍).ചര്‍ച്ചയില്‍ ചുംബനസമരത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതായി വാര്‍ത്തയില്‍ പറയുന്നു.എതിര്‍ത്തവരും അനുകൂലിച്ചവരുമെല്ലാമുള്‍പ്പെടെ പ്രസ്തുത പരിപാടിയില്‍ ആകെ പങ്കെടുത്തത് കൃത്യം 15 പേരാണ്.ഒരു സര്‍‌വകലാശാല ആസ്ഥാനത്ത് നടന്ന ചുംബനചര്‍ച്ചയില്‍ പങ്കെടുത്തവരുടെ എണ്ണമാണത്.ചുംബനസമരം കാണാന്‍ ഒളിഞ്ഞുനോട്ട മനസ്സുമായി വന്നെത്തുന്ന കുറച്ചേറെ കാണികളെ കൊച്ചിയിലും കോഴിക്കോട്ടും കാണാന്‍ കഴിഞ്ഞു എന്നത് ശരിയാണ്.എന്നാല്‍ ഈ ജനക്കൂട്ടം സമരത്തിലണിനിരക്കാന്‍ വന്നവരോ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നവരോ അല്ല.ഒളിഞ്ഞുനോട്ട മനസ്സുമായി പരസ്യചുംബനം നേരിട്ട് കാണാനുള്ള വ്യഗ്രതയോടെ വന്ന കാണികളാണ്.ഇത്തരം കാണികളെ തൃപ്തിപ്പെടുത്തലല്ലല്ലോ ഒരു ഫാസിസ്റ്റ് സമരത്തിന്റെ ലക്ഷ്യം.
            



4 comments :

  1. ചുംബനസമരം കാണാന്‍ ഒളിഞ്ഞുനോട്ട മനസ്സുമായി വന്നെത്തുന്ന കുറച്ചേറെ കാണികളെ കൊച്ചിയിലും കോഴിക്കോട്ടും കാണാന്‍ കഴിഞ്ഞു എന്നത് ശരിയാണ്.എന്നാല്‍ ഈ ജനക്കൂട്ടം സമരത്തിലണിനിരക്കാന്‍ വന്നവരോ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നവരോ അല്ല.ഒളിഞ്ഞുനോട്ട മനസ്സുമായി പരസ്യചുംബനം നേരിട്ട് കാണാനുള്ള വ്യഗ്രതയോടെ വന്ന കാണികളാണ്.ഇത്തരം കാണികളെ തൃപ്തിപ്പെടുത്തലല്ലല്ലോ ഒരു ഫാസിസ്റ്റ് സമരത്തിന്റെ ലക്ഷ്യം.

    ReplyDelete
    Replies
    1. ആദ്യം നമുക്ക് വേണ്ടത് നമ്മുടെ സംസ്കാരം തിരിച്ചറിയുക എന്നതാണ്.
      ഭാര്യക്കും ഭര്‍ത്താവിനും സ്വതന്ത്രമായി സല്ലപിക്കാന്‍ കഴിയാത്ത വൃത്തികെട്ട മനസ്സുള്ളവരുടെ നാടാണ് നമ്മുടേത്‌.

      നിരത്തില്‍ എവിടെയും മൂത്രം ഒഴിക്കാം ഒരുത്തനും ചോദിക്കില്ല .പക്ഷെ ഒരു ഉമ്മ അതുമതി നൂറു കണ്ണുകള്‍ അന്തം വിടാന്‍ .ഞരമ്പ്‌ രോഗികളുടെ നാട്

      Delete
    2. അതിനുകാരണമെന്താണ് അനോനിമസ്സേ?നമ്മുടെ സമൂഹത്തില്‍ ഫ്യൂഡല്‍ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.അതുകൊണ്ടുള്ള കുഴപ്പം എന്താണെന്നുവച്ചാല്‍ സ്വതന്ത്രമായ ഒരു തൊഴിലാളി വര്‍ഗം ഉണ്ടായിവന്നില്ല എന്നതുതന്നെയാണ്.ഫ്യൂഡലിസത്തിന്റെ വളിച്ച ഭൂ ഉടമ - കുടിയാന്‍ ബന്ധത്തിനു പകരം ൮ മണിക്കൂറ് ജോലി, ൮ മണിക്കൂര്‍ വിനോദം,൮ മണിക്കൂര്‍ വിശ്രമം എന്ന അവകാശത്തോടുകൂടിയ മുതലാളിത്വം വരണമായിരുന്നു.മുതലാളിത്വത്തില്‍ അവന്റെ ലാഭത്തെ ബാധിക്കാത്ത മറ്റെന്തും അവന്‍ അനുവദിച്ചുതരും.ഫ്യൂഡല്‍ വ്യവസ്ഥയില്‍ കുടിയാന്റെ പെണ്ണിന്റെ നിയന്ത്രണം വരെ ഉടമയുടെ കയ്യിലാണ്, ഇനി ഉടമയുടെ പെണ്ണിന്റെ കാര്യമോ, അത് മതമേലാവികളുടെ കയ്യിലും.അവര്‍ അവരുടെ ആവശ്യത്തിന്,സൗകര്യത്തിനു പടച്ചുണ്ടാക്കിയ നിയമങ്ങള്‍ക്കാണവിടെ ആധിപത്യം.പെണ്ണിനെ വരുതിയില്‍ നിറുത്താന്‍ വേണ്ട നിയമങ്ങളവര്‍ ഉണ്ടാക്കി - കുടിയാന്മാരേയും.മുതലാളിത്തത്തില്‍ ലാഭം മാത്രം വേണ്ട മുതലാളി അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യുന്നു.സ്ത്രീകള്‍ക്ക് കുറഞ്ഞകൂലിയില്‍ എല്ലാ ഷിഫ്റ്റിലും പണിയെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.രാത്രി ജോലിക്കായി പുരത്തുപോകാനുള്ള സ്വാതന്ത്ര്യം നല്‍കും.എന്നാല്‍ മുതലാളിയെ ചോദ്യം ചെയ്യാന്‍ വന്നാല്‍ കഥ മാറി.ഇതില്‍ കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീയ്ക്ക് സോഷ്യലിസത്തില്‍ കിട്ടും.എന്നാല്‍ പൂര്‍ണമായും സ്ത്രീ സ്വതന്ത്രയാകണമെങ്കില്‍ കമ്യൂണിസം വരണം.

      Delete
  2. നോ കമന്റ്സ്

    ReplyDelete