ന്യൂസ് 18ൻെ ഗാഡ്ഗിൽ സ്നേഹം അഥവാ മാധ്യമങ്ങളുടെ വഴി തെറ്റിക്കൽ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

ഇന്ന് (168) ന് രാത്രി ഭാര്യയെ സഹായിക്കാൻ പച്ചക്കറി അരിയാൻ ചെന്നതാണ്.(സഹായിച്ചില്ലെങ്കിൽ വെറും കഞ്ഞി കറിയില്ലാതെ കഴിക്കേണ്ടി വരുമെന്ന ഭീഷണിയുമുണ്ട് ).കറിക്കരിയാൻ ഡൈനിങ്ങ് ടേബിളിൽ സന്നാഹങ്ങളൊരുക്കി വച്ചിട്ടുണ്ട്,കൂടെ ടിവിയും ഓൺ ചെയ്തു വച്ചിട്ടുണ്ട്.ന്യൂസ് 18 - അവസാനഭാഗമായിരിക്കണം,കാണാനിടയായി.അവതാരകൻ ഗാഡ്ഗിലിനു വേണ്ടി ശക്തിയുക്തം വാദിക്കുന്നു.അതിനെ എതിർത്തവരെ കുറ്റപ്പെടുത്തുന്നു.അദ്ദേഹത്തിൻറെ വാദപ്രകാരം ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാഞ്ഞിട്ടാണെന്നു തോന്നും.വിഎസ് വിജയൻ,ജോൺ പേരുവന്താനം മുതൽപ്പേർ സിപിഎം എംഎൽഎ ശശീന്ദ്രനടക്കം ചർച്ചയിലുണ്ട്.
                       ഞാൻ കാണാൻ തുടങ്ങുമ്പോൾ ശശിധരനോടാണ് ചോദ്യം.അങ്ങേരും അങ്ങേരുടെ പാർട്ടിയും എന്തോ കൊലക്കുറ്റം ചെയ്തപോലാണ് ചോദ്യം ചെയ്യൽ.ശശീന്ദ്രൻ പറഞ്ഞതിതാണ്.ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ 195 പാറമടകൾ വയനാട്ടിലുണ്ടായിരുന്നത് ഇന്ന് 5 ആയി ചുരുങ്ങി.(ശരിയാണോ എന്ന് വയനാട്ടുകാർ പറയട്ടെ.)അടുത്ത ചോദ്യത്തിനു മുമ്പ് അദ്ദേഹം ഔട്ട് ഓഫ് ലൈനിലായി.പിന്നീട് ചോദിച്ചത് പെരുവന്താനത്തോടാണ്,അദ്ദേഹത്തെയും ലൈനിൽ കിട്ടിയില്ല.അതോടെ ചോദ്യപരിപാടി അവസാനിക്കുന്നു.അടുത്ത പ്രസ്താവന ഓൺലൈൻ വോട്ടിങ്ങിൽ 81 ശതമാനം പേർ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന് വോട്ടുചെയ്തിരിക്കുന്നു.19 ശതമാനം പേർ എതിർത്തും.ഗംഭീരം തന്നെ അല്ലേ? 81 ശതമാനം പേരിൽ എത്ര പേർ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഗൗരവപൂർവം വായിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്.വോട്ടു ചെയ്തവർ മാത്രമല്ല ചാനലിലെ എത്ര പേർ ആ രിപ്പോർട്ട് വായിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും? അതും പോകട്ടെ,മുഖപുസ്തകത്തിലും മറ്റുമീഡിയകളിലും ഇതിനുവേണ്ടി വാദിക്കുന്നവരുടെ കാര്യത്തിലും എനിക്കാ സംശയമുണ്ട്.
                                കഴിഞ്ഞ പ്രളയകാലത്ത് ഡാമുകൾ തുറന്ന് പ്രളയമുണ്ടാക്കി എന്ന് വാദിച്ച അത്രയും ഗൗരവമേ ഇന്നത്തെ ഗാഡ്ഗിൽ (വി)വാദത്തിലും കാണാൻ കഴിയുന്നുള്ളു.ചില പാളിച്ചകളുണ്ടെങ്കിലും മാധവ് ഗാഡ്ഗിലിൻറേത് കേരളത്തെ രക്ഷപെടുത്തുവാനുള്ള നല്ലൊരു റിപ്പോർട്ടാണ്.പക്ഷെ കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും ഉണ്ടായ പ്രളയത്തെ ഇല്ലാതാക്കാൻ ആ റിപ്പോർട്ട് നടപ്പിലാക്കിയതുകൊണ്ട് കഴിയുമായിരുന്നോ ?ഇല്ല എന്നുതന്നെയാണുത്തരം.കഴിഞ്ഞ പ്രളയത്തിനുശേഷവുംകഴിഞ്ഞ കുറേ വർഷങ്ങളിലായും അനുഭവപ്പെട്ടുകൊണ്ടിരുന്ന അമിതമായ വരൾച്ച ഗാ്ഡ്ഗിൽ റിപ്പോർട്ടിൻറെ അഭാവം കൊണ്ടുണ്ടായതാണോ? അതുമല്ല
മാധവ് ഗാഡ്ഗിൽ എന്ന ബാംഗലൂരുവിൽ താമസിക്കുന്ന മഹാരാഷ്ട്രക്കാരനായ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനോട് പശ്ചിമഘട്ടമലനിരകൾ എന്ന ലോകപൈതൃകപട്ടികയിൽ പെട്ട മലനിരകളെ വീണ്ടെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്.ആ പണി അദ്ദേഹം വൃത്തിയായി ചെയ്യുകയും ചെയ്തു.വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ല.

                                ഇനി കേരളത്തിലേയ്ക്ക് നോക്കാം.കടൽനിരപ്പിലുള്ള ഫോർട്ട് കൊച്ചിയിൽ നിന്ന് ഏതാണ്ട് 120 കിലോമീറ്ററിനപ്പുറത്തുള്ള മൂന്നാറിനപ്പുറമെത്തുമ്പോൾ ഉയരം ആറായിരം അടിക്കു മുകളിലേക്കുയരും.ഇതുതന്നെ മറ്റൊരു രീതിയിൽ പറഞ്ഞാൽ ചുമരിലൊരു മരപ്പലക ചാരിവച്ചതുപോലെയാണ് ഭൂമിയിൽ കേരളത്തിൻറെ കിടപ്പ്.45 ഡിഗ്രിയോളം ചെരിഞ്ഞ്.ഈ ചെരിഞ്ഞ ഭൂമിയിൽ സഹസ്രാബ്ദങ്ങളോളം പ്രകൃതി നടത്തിയ പ്രവർത്തനങ്ങളുടെഫലമായാണ് ഇത്രയും സസ്യജന്തു വൈവിധ്യത്തോടെ കേരളം ദൈവത്തിൻറെ സ്വന്തം നാടായി മാറിയത്.പക്ഷെ അപ്പോഴും നമ്മൾ മനസ്സിലാക്കേണ്ട കാര്യം കേരളത്തിൻറെ ഈ ചെരിഞ്ഞ നില കാരണം കേരളം മൊത്തമൊരു പരിസ്ഥിതി ലോലപ്രദേസമാെന്നതാണ്.
                      കേരളത്തിൻറെ ഭൂപ്രകൃതിയെ പൊതുവേ മൂന്നായി തിരിച്ചിരിക്കുന്നു,മലകളും പാറകളും നിബീഢവനങ്ങളും നിറഞ്ഞ മലനാട്(High Land),പ്രായേണ സമതലമെന്നു പറയാവുന്ന ഇടനാട്.ഇടനാട് (MidLand ) പൊതുവേ നദികളും കായലുകളും വയലുകളും ഇടനാടൻ കുന്നുകളും നിറഞ്ഞ പ്രദേശമാണ്.പുഴകളും വയലുകളും ചതുപ്പുകളും നിറഞ്ഞ തീരപ്രദേശം.(Low Land).സഹസ്രാബ്ദങ്ങളെടുത്ത് പ്രകൃതി രൂപം നൽകിയ ഈ ഭൂപ്രകൃതി ദശാബ്ദങ്ങൾ കൊണ്ടുതന്നെ മനുഷ്യൻറെ ഇടപെടൽ മൂലം നശിപ്പിച്ചത്.അല്ലാതെ പശ്ചിമഘട്ടത്തിലെ ഗാഡ്ഗിലിൻറെ അഭാവമല്ല കേരളത്തിൻറെ മുഴുവൻ നാശത്തിനു കാരണമെന്നർത്ഥം.എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിനു കേരളത്തിൻറെ രക്ഷക്കായി ഒരൂപാട് ചെയ്യാനുണ്ട് താനും.ഗാഡ്ഗിലിൻറെ മെച്ചങ്ങളും വേർതിരിച്ച് കാണാതെ ഗാഡ്ഗിൽ ഗാഡ്ഗിൽ എന്നട്ടഹസിക്കുന്നവർ ഒന്നുകിൽ കഥയറിയാതെ ആട്ടം കാണുകയോ അല്ലെങ്കിൽ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നു.
                               ഒരുദാഹരണം മാത്രം പറയാം.2011ലെ സെൻസസ് റിപ്പോർട്ട് കൃത്യമായി വായിച്ചാൽ മനസ്സിലാകുന്ന വസ്തുത,കേരളത്തിൽ ഏതാണ്ട് 8 ലക്ഷം വീടുകളാണ് വില്പനയ്ക്കായി കെട്ടിയുയർത്തിയ ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്.ഇവ പണിയാനും പശ്ചിമഘട്ടത്തിലെ കല്ലും മണലും തടിയുമൊക്കെയാണുപയോഗിച്ചിരിക്കുന്നത്.എന്നവച്ചാൽ ചുരുക്കം പേരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി പശ്ചിമഘട്ടത്തെ ഉപയോഗിച്ചു തീർക്കുകയാണ്.ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരമായ വികസനം എന്ന സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണത്.ഇത്തരം പ്രവണതകളെ മുഴുവനായും ചെറുക്കാൻ ഗാഡ്ഗിൽ റിപ്പോർട്ടിനേക്കൊണ്ട് മാത്രം ആവില്ല.ലക്കുതെറ്റിയ വികസനത്തെ പ്രതിരോധിക്കാൻ മുതലാളിത്തത്തെ,ആഗോളവൽക്കരണത്തെ, ഒക്കെ ചെറുക്കണ്ടതായി വരും.
                                     നദിയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തി ധാരാളം നിർമ്മിതികൾ കെട്ടിയുയർത്തിയത് പ്രളയകാലത്തെ ആഘാതം വർദ്ധിപ്പിച്ചതായി കണ്ടു.ഇത്തരം സ്ഥലങ്ങളിൽ ഭൂമിയുടെ മേഖലാവത്ക്കരണവും നിർമ്മാണങ്ങളുടെ നിയന്ത്രണവുമാണഭികാമ്യം.
                     നവകേരള നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസംഘടനയും 13 അംഗസംഘടനകളും കൂടി 40 ഓളം വിദഗ്ധരുടെ സഹായത്തോടെ രണ്ട് മാസം സമയമെടുത്ത് ഉണ്ടാക്കിയ ഒരു റിപ്പോർട്ടുണ്ട്,Post Disaster Need Assessment(PDNA).
കേരളത്തിൻറെ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മിതമായ രീതിയിൽ മാത്രം പ്രകൃതിവിഭവങ്ങളുപയോഗിച്ചുകൊണ്ട് കേരളത്തെ പുനഃസൃഷ്ടി്കാനുള്ള ഒരു പദ്ധതി. 31000 കോടി രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നതെങ്കിലും ആ പണം കടമോ മറ്റു സഹായങ്ങളോ ഇല്ലാതെ ഇത്രയും പണം ഇവിടെനിന്നുതന്നെ കണ്ടെത്താനുള്ള മാർഗങ്ങളും അവർ നിർദ്ദേശിക്കുന്നുണ്ട്.കേരളം നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഈ റിപ്പോർട്ട് പരിഹാരം നിർദ്ദേശിക്കുന്നുമുണ്ട്.മൂന്ന് കാര്യങ്ങളിലാണ് ഈ റിപ്പോർട്ട് ഊന്നുന്നത്.1.പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് പാരിസ്ഥിതികമായി സുസ്ഥിരമായ വികസനം,2.സാമൂഹ്യനീതിയിലൂന്നിയ വികസനപരിപാടികൾ,3.സ്ത്രീശാക്തീകരണം ലക്ഷ്യമാക്കുന്ന പരിപാടികൾ.ശരിക്കും കുളിരു കോരുന്നില്ലേ ഇത് നടപ്പിലായാൽ കേരളം വളരെ ഉയർന്ന ഒരു നിലയിലെത്തും.
                   അതുകൊണ്ട് നടപ്പിലാക്കുന്നതിനായി മറ്റൊരു റിപ്പോർട്ട് തട്ടിക്കൂട്ടിയെടുത്തിരിക്കുകയാണ് സർക്കാർ 37000 കോടി ചിലവു പ്രതീക്ഷിക്കുന്ന പരിപാടി.പേര് Rebuilt Kerala Development Proogramme (RKDP)). ഈ പണം ലോകബാങ്ക്,ഐഎംഎഫ്,ജപ്പാൻ ബാങ്ക്,ജർമ്മൻ ബാങ്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് കടം വാങ്ങി പശ്ചാത്തലസൗകര്യ വികസനത്തിനായി നിർമ്മിതികൾ നടത്തുക. ഇതിൻറെ വിവരങ്ങളും ലഭ്യമാണ്.അപ്പോൾ ജനങ്ങൾക്ക് ചർച്ച ചെയ്യണമെങ്കിൽ ഈ റിപ്പോർട്ടുകളുടെ നേട്ടകോട്ടങ്ങൾ ചർച്ച ചെയ്യാം.നമ്മൾ ഒന്നിച്ചൊരു തീരുമാനം എടുത്താൽ ആ തീരുമാനം ഗവൺമെൻറിനേക്കൊണ്ട് ഏറ്റെടുപ്പിക്കാനും കഴിയും.ഇന്നത്തെ സാഹചര്യത്തിൽ ഇതാണ് വേണ്ടതെന്നെനിക്കു തോന്നുന്നു.
                     ഇനി ഒരു ചെറിയ കാര്യം കൂടി.ന്യൂസ് 18 ദൈന്യത്തോടെ നിരന്തരം ഉയർത്തിക്കാട്ടുന്ന ഒരു വയനാടൻ കർഷകനുണ്ട്.പണിത്തിരക്കിൽ കല്യാണം പോലും മറന്നുപോയ ഒരു പാവം.അദ്ദേഹം പറയുന്ന കൃഷിയുടെ കണക്കു കേട്ടോളൂ, 2400 കവുങ്ങ്,340 തെങ്ങ് ബാക്കിയൊന്നും അദ്ദേഹം പറയുന്നില്ല.ഈ രണ്ട് കണക്ക് മാത്രം വച്ച് അദ്ദേഹത്തിൻറെ കൃഷിഭൂമി എത്രയായിരിക്കുമെന്ന് ഒന്നു കണക്കാക്കി നോക്കൂ.വയനാട്ടിലെ ധനികകർഷകരിലൊരാളാണിത് എന്നത് വ്യക്തം.എന്നാൽ അദ്ദേഹത്തോട് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനേക്കുറിച്ച് ബുദ്ധിപൂർവം അവതാരകൻ ചോദിക്കുന്നേയില്ല.എന്നാൽ ഞാൻ മനസിലാക്കിയിരിക്കുന്നത് ഗാഡ്ഗിൽ റിപ്പോർട്ടിനോട് ധനികകർഷകർക്ക് പൊതുവേ എതിർപ്പായിരുന്നു എന്നാണ്.അദ്ദേഹത്തിനു നഷ്ടമുണ്ടായി,അതു ഞാനംഗീകരിക്കുന്നു.എന്നാൽ അതുപോലെതന്നെ ലാഭവും അദ്ദേഹത്തിനുണ്ടായിക്കാണില്ലേ ? എന്നാൽ ഇതല്ല ഒരു ദരിദ്രകർഷകൻറെ സ്ഥിതി.സർക്കാർ താങ്ങാനില്ലെങ്കിൽ അവനും കുടുംബത്തിനും ആത്മഹത്യ മാത്രം വഴി.
                            അപ്പോൾ പ്രളയദുരന്തത്തിനുദാഹരണമായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്ത ഒരാളെ ഉയർത്തിക്കാണിക്കുക അതേസമയം തന്നെ ഗാഡ്ഗിലിനുവേണ്ടി ഗദ് ഗദപൂർവം വാദിക്കുക എന്ന ഇരട്ടത്താപ്പ് കൊണ്ടെന്തു പ്രയോജനം?

1 comment :

  1. അപ്പോൾ പ്രളയദുരന്തത്തിനുദാഹരണമായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്ത ഒരാളെ ഉയർത്തിക്കാണിക്കുക അതേസമയം തന്നെ ഗാഡ്ഗിലിനുവേണ്ടി ഗദ് ഗദപൂർവം വാദിക്കുക എന്ന ഇരട്ടത്താപ്പ് കൊണ്ടെന്തു പ്രയോജനം?

    ReplyDelete