അതിഥി തൊഴിലാളികളുടെ പലായനത്തിനു പിന്നിലെ രാഷ്ട്രീയം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:





 
             ഈ കോവിടുകാലത്തെ ഹൃദയം പിളർക്കുന്ന കാഴ്ചകളോന്നായിരുന്നു തൊഴിലിടങ്ങളിൽ സംരക്ഷണവും തൊഴിലും ഭക്ഷണവും ലഭിക്കാതെ ജന്മനാട്ടിലേക്ക് പലായനം ചെയ്ത അതിഥി തൊഴിലാളികൾ.ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിനാണ് ആളുകൾ കയ്യിൽ കിട്ടിയതും വാരിയെടുത്ത് ജന്മനാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചത്.സർക്കാർ നിഷ്കർഷിച്ച സാമൂഹ്യ അകലമോ മറ്റു സുരക്ഷാ മുൻകരുതലുകളോ സ്വീകരിക്കാതെയായിരുന്നു ഈ രക്ഷപ്പെടൽ.പോലീസും തദ്ദേശീയരും അവരെ വഴിനീളെ വേട്ടയാടി.തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള ഏതൊരു വസ്തുവും അവരിൽനിന്ന് തട്ടിപ്പറിക്കപ്പെട്ടു.
                  അതിഥി തൊഴിലാളികൾക്ക് എല്ലാവിധ സുരക്ഷയുമൊരുക്കിയ കേരളത്തിൽ പോലും - മറ്റുള്ളവരുടെ പ്രേരണ കൊണ്ടാണെങ്കിൽ പോലും - സ്വദേശത്തു പോകണമെന്ന ആവശ്യവുമായി അവർ പലയിടത്തും തെരുവിലിറങ്ങിയിരുന്നു.അപ്പോൾപ്പിന്നെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു.കൂട്ടം കൂട്ടമായി ജന്മനാട്ടിലേക്ക് നടന്നു പോകുന്നവരുടെ വീഡിയോകളും ചിത്രങ്ങളും മാധ്യമങ്ങൾ നിരന്തരം സംപ്രേക്ഷണം ചെയ്തു.
              ഇതിനുമൊക്കെ അപ്പുറത്തായിരുന്നു ഇവരുടെ പ്രയാണത്തിനിടയിലുണ്ടായ മരണങ്ങൾ.ഇതിലേറ്റവും മാരകം ട്രെയിൻ ഗതാഗതം നിറുത്തി വച്ചിരുന്ന ട്രാക്കിൽ തളർന്നു കിടന്നുറങ്ങിയവരുടെ മേൽ ട്രെയിൻ പാഞ്ഞുകയറി ഉണ്ടായ നാൽപ്പതിലധികം മരണങ്ങൾ.ഭക്ഷണം പോലുമില്ലാതെ ആയിരക്കണക്കിനു കിലോമീറ്റർ നടന്ന് വഴിയിൽ വീണു മരിച്ചവരുടെ എണ്ണവും കൂടുതലായിരുന്നു.ഇതിലേറ്റവും ദാരുണം വീട്ടിലെത്താനുള്ള 1200 കിലോമീറ്ററിൽ 14 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ മരിച്ചു വീണ പെൺകുട്ടി.പിന്നീട് വാഹനഗതാഗതം പുനസ്ഥാപിച്ചപ്പോൾ കിട്ടിയ  വാഹനങ്ങളിൽ രക്ഷപെടാൻ ശ്രമിച്ചവരിൽ നിരവധി പേരും അപകടങ്ങളിൽപ്പെട്ട് മരിക്കാനിടയായി.
                        ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രശ്നത്തിലിടപെട്ട് അവരെ സുരക്ഷിതമായി വീടുകളിലെത്തിക്കേണ്ട ഭരണകൂടം ഇവരെ കണ്ടമട്ടു നടിച്ചില്ല.പ്രവാസികൾക്ക് അനുകൂലമായോ പ്രതികൂലമായോ ഒരു പ്രസ്ഥാവന പോലും സർക്കാർ നടത്തിയില്ല.പ്രതിപക്ഷ കക്ഷികൾ നിരന്തരം അവർക്കായി ശബ്ദമുയർത്തിയിരുന്നു.(പ്രതിപക്ഷത്തെ ഇടതുപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്തു മാത്രമേ ഫലപ്രദമായ ഇടപെടലുകൾ നടത്തിയതായി കാണുന്നുള്ളു.മറ്റൊരു പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായ ഒഴുക്കിനെ കൈകാര്യം ചെയ്യാനവർക്കായില്ല അല്ലെങ്കിലവർ ശ്രമിച്ചില്ല എന്നതാണ് സത്യം.)
                  ഇത്തരം അടിയന്തിരഘട്ടങ്ങളിൽ നാടിൻറെ രക്ഷക്കെത്തേണ്ടുന്ന പരമാധികാര കോടതിയാവട്ടെ തങ്ങൾക്കിതിലിടപെടാനാവില്ലെന്നു പറഞ്ഞുകൊണ്ട് അവരുടെ കൂറു തെളിയിക്കുകയും ചെയ്തു.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.രാജ്യത്തിന് ഒരപകടം വരുമ്പോൾ രക്ഷക്കെത്തേണ്ടവരെല്ലാം കയ്യും കെട്ടി മാറിനിന്ന് കാഴ്ച കാണുന്ന അവസ്ഥ എന്തുകൊണ്ടുണ്ടായി എനിക്കു തോന്നുന്ന ഒന്നാണ് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്.
                  2019 ഡിസംബർ മധ്യത്തിലാണ് നോവ കോവിഡ് 19 എന്ന പേരിലുള്ള കൊറോണ വൈറസ്സിൻറെ വ്യാപനം ചൈനയിലെ ഒരു പ്രവിശ്യയിലുണ്ടാവുന്നത്.വളരെ വേഗം തന്നെ ചൈന ഈ വൈറസ്സിൻറെ ജനിതകഘടന തിരിച്ചറിഞ്ഞ് സുരക്ഷാ നടപടികൾ ആരംഭിക്കുകയും ലോകാരോഗ്യ സംഘടനക്ക് കൃത്യമായ അറിയിപ്പു നൽകുകയുംചെയ്തു.ചൈന കൃത്യമായ നടപടികൾ സ്വീകരിക്കുകയും മൂവായിരത്തിലധികംപേരെ നഷ്ടപ്പെടുത്തിക്കൊണ്ട് വൈറസ്സിനെ പിടിച്ചുകെട്ടുകയും ചെയ്തു.എന്നാൽ വിദേശരാജ്യങ്ങളാകട്ടെ പ്രശ്നത്തെ പല കാരണങ്ങൾ കൊണ്ടും വേണ്ടവിധം ഗൗരവത്തിലെടുക്കുന്നതിൽ പരാജയപ്പെടുകയും മൂന്നര ലക്ഷത്തിലധികം മരണം നടക്കുകയും ചെയ്തിരിക്കുന്നു.ഇതിൽ 98,000 ത്തിലധികം മരണങ്ങളും നടന്നിരിക്കുന്നത് ലോകമുതലാളിത്തത്തിൻറെ തലതൊട്ടപ്പനായ അമേരിക്കയിലുമാണ്.അവരാണെങ്കിലോ പ്രസിഡൻഷ്യൽ ഇലക്ഷൻറെ പടിവാതിക്കലും.
                       പ്രസിഡണ്ടിൻറെ കരുതലില്ലായ്മയാണ് അമേരിക്കയിൽ മരണം ഇത്രക്കു കൂടാൻ കാരണമെന്ന് ഒരുമാതിരി വിദഗ്ധരൊക്കെ ഉറക്കത്തന്നെ പറയുന്നുണ്ട്. ഇതമേരിക്കൻ പ്രസിഡണ്ട് ട്രംപിനുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല.ഈ ക്ഷീണം മറികടക്കാനായി ട്രംപ് ആദ്യം ചെയ്തത് ലോകാരോഗ്യ സംഘടനയുടെ മേൽ കുതിര കയറുകയായിരുന്നു.അവർ ചൈനയുടെ പിണിയാളുകളാണെന്നും മറ്റും പയറ്റി നോക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല.അങ്ങനെയാണ് അമേരിക്ക ചൈനക്കു നേരെ തിരിഞ്ഞത്.തങ്ങളേക്കാൾ മുന്നേറുന്നു എന്നതിൻറെ പേരിൽ  ചൈനയോട് പണ്ടുമുതലേ അമേരിക്കക്ക് പകയാണ്.പലവട്ടം ഉപരോധം ഏർപ്പെടുത്തിയിട്ടും ചൈനയെ തളയ്ക്കാനവർക്കാകുന്നില്ല.അങ്ങനെയാണ് വൈറസ്സിൻറെ പേരുപറഞ്ഞ് ,ഇലക്ഷൻ മുന്നിൽ കണ്ട് ചൈനക്കെതിരെ അമേരിക്ക പോരിനിറങ്ങിയത്.സമ്മർദ്ദമുപയോഗിച്ച് ചൈനയിൽ പ്രവർത്തിക്കുന്ന നൂറു കണക്കിന് അമേരിക്കൻ കമ്പനികളെ ചൈനയിൽ നിന്ന് പിൻവലിപ്പിക്കാൻ അമേരിക്കക്ക് കഴിഞ്ഞു.
                          ഇങ്ങനെ പുറത്തുപോകുന്ന കമ്പനികൾ ചേക്കേറാൻ തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ (1)കുറഞ്ഞ കൂലിനിരക്കുള്ളതും,(2) തുറമുഖങ്ങളിലേക്ക് കണക്ടിവിറ്റിയുള്ളതും,(3) കുറഞ്ഞ ചിലവിൽ ഇടതടവില്ലാതെ പവർ(ഇലട്രിസിറ്റി,കൽക്കരി,തുടങ്ങിയവ) ലഭ്യമാകുന്നതും ഒക്കെ ആയിരിക്കണം.ദൗർഭാഗ്യവശാൽ ഈ പറഞ്ഞതിൽ പലതിലും ഇന്ത്യ പിന്നിലാണ്.അതുകൊണ്ടുതന്നെ ഈ കമ്പനികൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങൾ വിയറ്റ്നാം,മലേഷ്യ തുടങ്ങിയവയാണ്.
                        ഈ കമ്പനികളെ ഇന്ത്യയിലേക്കാകർഷിക്കണമെങ്കിൽ മേൽ പറഞ്ഞവയെല്ലാം ഇവിടെ ഒരുക്കണം.അതിലേറ്റവും എളുപ്പം കൂലി കുറയ്ക്കുക എന്നതാണ്.തൊഴിലാളികളുടെ , അന്തർദേശീയമായി നിലവിലുള്ളതുമായ അവകാശങ്ങളൊന്നാകെ ഇല്ലാതാക്കുന്നു.നിലവിലുള്ള 44 തൊഴിൽ നിയമങ്ങളൊന്നാകെ പുതുക്കിയെഴുതി 4 എണ്ണമാക്കി മാറ്റിയിരിക്കുകയാണ്.നിലവിലെ സാഹചര്യത്തിൽ - പ്രതിപക്ഷത്തിൻറെ അനൈക്യത്തിൽ - ഈ   നിയമങ്ങൾ പാസാവാനാണ് സാധ്യത.ഇതിനു മുന്നോടിയായി ഉത്തർപ്രദേശ്,മധ്യപ്രദേശ്,ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോവിഡിൻറെ പേരിൽ തൊഴിൽ സമയങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.8 മണിക്കൂർ ജോലി എന്ന ആഗോളനിയമം കാറ്റിൽപ്പറത്തി 12 മണിക്കൂർ ആക്കിയതിനെതിരെ ആഗോള തൊഴിൽ സംഘടന പോലും ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു.തൊഴിലെടക്കുന്ന സമയത്തിനു മാത്രം കൂലി , സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറച്ച് കരാർ തൊഴിലാളികളെ കൊണ്ടുവരൽ ഒക്കെ ഇതിൻറെ ഭാഗമാണ്.ഈ കരിനിയമങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.
                ഇങ്ങനെ പ്രതിഷേധിക്കുന്നവരെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം ദുരിതമനുഭവിക്കുന്ന തൊഴിലില്ലാപ്പടയെ മറുവശത്ത് സൃഷ്ടിക്കുക എന്നുള്ളത്.ഇത് തൊഴിലാളികളുടെ വിലപേശൽ ശക്തി ഇല്ലാതാക്കുമെന്ന് മുതലാളിമാർക്ക് നല്ലവണ്ണമറിയാം.ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതവുമനുഭവിച്ച് പതംവന്ന ലക്ഷങ്ങളിപ്പുറത്തുണ്ടെങ്കിൽ മുതലാളിമാർ പറയുന്ന ഏതു കണ്ടീഷനും സമ്മതിച്ച് പണിയെടുക്കുന്ന ഒരു  തൊഴിൽ സേനയെ വാർത്തെടുക്കുന്ന കാഴ്ചയാണ് നാമീ കാണുന്നത്.ഇന്നീ ദുരിതക്കടൽ നീന്തി കരക്കണയുന്നവർ എന്തിനും തയ്യാറാകുമെന്ന് ഭരണകൂടത്തിനറിയാം.അങ്ങനെ വിദേശവ്യവസായങ്ങൾ ഇന്ത്യയിലെത്തിക്കാൻ,വിദേശകുത്തകകൾക്ക് നിർലജ്ജം പരമോന്നത കോടതിയുടെ സഹായത്തോടെ ജയജയ പാടുന്ന ഇന്ത്യൻ ഭരണകൂടത്തെയാണ് നാമിന്നു കാണുന്നത്.
               എങ്കിലും വിദേശമുതലാളിമാർ ഇന്ത്യയിലെത്തുമോ കാത്തിരുന്ന്   കാണേണ്ടിയിരിക്കുന്നു.ഇടതടവില്ലാതെ സമൃദ്ധമായി ലഭിക്കുന്ന വൈദ്യുതി,നല്ല റോഡുകൾ,കുറഞ്ഞ വിലക്ക് ലഭികകുന്ന അസംസ്കൃതവസ്തുക്കൾ ഒക്കെ ഇപ്പോഴും അപ്രാപ്യമാണ്.അതു മാത്രമല്ല ഇന്ത്യയിലെ തൊഴിലാളികൾക്കിടയിലെ പുതുപ്രവണതകൾ കാണിക്കുന്നത് തൊഴിൽ ശക്തി കുറഞ്ഞ വിലയ്ക്ക് കിട്ടാനിടയില്ലെന്നുമാണ്.

1 comment :

  1. എങ്കിലും വിദേശമുതലാളിമാർ ഇന്ത്യയിലെത്തുമോ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.ഇടതടവില്ലാതെ സമൃദ്ധമായി ലഭിക്കുന്ന വൈദ്യുതി,നല്ല റോഡുകൾ,കുറഞ്ഞ വിലക്ക് ലഭികകുന്ന അസംസ്കൃതവസ്തുക്കൾ ഒക്കെ ഇപ്പോഴും അപ്രാപ്യമാണ്.അതു മാത്രമല്ല ഇന്ത്യയിലെ തൊഴിലാളികൾക്കിടയിലെ പുതുപ്രവണതകൾ കാണിക്കുന്നത് തൊഴിൽ ശക്തി കുറഞ്ഞ വിലയ്ക്ക് കിട്ടാനിടയില്ലെന്നുമാണ്.

    ReplyDelete