പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

ലോകമാകെ അതിഭീകരമായ കൊറോണാപ്പേടിയിൽ പെട്ടുഴലുകയാണ്‌.ആധുനീകലോകം  നാളിതു വരെ  ദർശിച്ചിട്ടില്ലാത്ത ഒരു ദുരന്തമുഖത്താണ്‌ നില്ക്കുന്നതെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ഒരുമെയ്യായി ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ   മുഴുകിയിരിക്കുകയാണ്‌. ശാസ്ത്രം നീട്ടിയ വെളിച്ചത്തിൽ    വൈറസ്സിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങാൾ ആരായുകയാണ്‌ ശാസ്ത്രജ്ഞർ.എന്തിനുമേതിനും സ്വന്തം  പോംവഴിയുമായി വരാറുള്ള ദൈവങ്ങളും ആൾദൈവങ്ങളും പരാജയം   സമ്മതിച്ച് വീട്ടിനകത്ത് വാതിലടച്ച്  ഇരിക്കുന്നു.ശാസ്ത്രമാണ്‌ ഇതിനുള്ള ഏകപോംവഴിയെന്ന്  ഏവരും സമ്മതിച്ച് ശാസ്ത്രത്തിന്റെ വഴിയിലൂടെ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്‌ മാനുഷരെല്ലാം.

ഈയൊരവസ്ഥയിലും  തങ്ങളുടെ ദുർവാദങ്ങളുമായി ചിലരിറങ്ങിയിരിക്കുന്നു ചിലർ.പുര  കത്തുമ്പോൾ വാഴ  വെട്ടാൻ ഇറങ്ങിയിരിക്കുന്നവർ.ഇത്തരക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ആട്ടിയോടിച്ചില്ലെങ്കിൽ നമ്മുടെ ജീവിതംതന്നെ  അപകടത്തിലാവും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖപുസ്തകത്തിൽ വന്ന അത്തരം കുറിപ്പുകളെ വിമർശന വിധേയമാക്കാൻ ശ്രമിക്കുകയാണ്‌  താഴെ.

ആദ്യമേ തന്നെ പറയട്ടെ,  എന്തു മാഹാമാരി വരുമ്പോഴും അതിന്റെ ആദ്യഘട്ടത്തിൽ അടിയൻ ലച്ചിപ്പോം എന്നും പറഞ്ഞ്  ചുറ്റും കൂടുന്ന ദൈവവ്യാപാരികളെല്ലാം രോഗം  മൂർച്ഛിച്ചതോടെ പായയും മടക്കി സ്ഥലം വിട്ടു.ഇതെല്ലാം നുണയാണെന്നും പറഞ്ഞ് പ്രത്യക്ഷപ്പെടാറുള്ള രണ്ട് ആഗോള ഫ്രോഡുകളേയും സർക്കാർ ഒതുക്കി. പിന്നീടാണ്‌ രണ്ടാംഘട്ടക്കാരുടെ പ്രകടനം ആരംഭിക്കുന്നത്.ഉദാഹരണത്തിന്‌ ഇന്നു കണ്ട ഒരു ഫേസ് ബുക്ക് പോസ്റ്റ് പറയുന്നതിങ്ങനെ,മനുസ്യൻ എന്ന് പ്രകൃതിയിൽ നിന്ന്  വിട്ടുമാറി ജീവിക്കാൻ തുടങ്ങിയോ അന്നു  മുതൽ മനുഷ്യന്‌ രോഗബാധകളും  ആരംഭിച്ചു. വളരെ തെറ്റായ ഒരു സ്റ്റേറ്റ്മെന്റല്ലേ ഇത്? ഉദാഹരണത്തിന്‌ ഇന്നും മനുഷ്യൻ പ്രകൃതി  ബാഹ്യമായല്ല ജീവിക്കുന്നത്   എന്നു മാത്രമല്ല,മനുഷ്യനെ ആക്രമിക്കുന്ന കൊറോണ വൈറസ്സും പ്രകൃതിയുടെ  ഭാഗം തന്നെയല്ലേ? പണ്ടുകാലത്തെന്ന പോലെ ഇന്നും  മനുഷ്യൻ പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അങ്ങനെ പ്രകൃതിയിൽ മാറ്റം  വരുത്തിയും സ്വയം മാറിയും മാറിയ മനുഷ്യൻ വീണ്ടും  പ്രകൃതിയിൽ ഇടപെട്ടുകൊണ്ടുമാണ്‌ ജീവിച്ചു പോരുന്നത്.മനുഷ്യന്റെ  അംഗസംഖ്യ കൂടിയതുകൊണ്ടും മറ്റുപല  കാരണങ്ങൾ കൊണ്ടും  പ്രകൃതിയിലെ  മനുഷ്യന്റെ ഇടപെടൽ കൂടിയിട്ടുണ്ടെന്നു മാത്രം. മറ്റുപല കാരണങ്ങൾ  എന്നു  പറയുമ്പോൾ പ്രാധാനമായും ഒരു ന്യൂനപക്ഷത്തിന്റെ ലാഭക്കൊതി.രാജ്യാന്തര  അതിർത്തികൾ ഭേദിച്ച് കാടും  മലകളും  വയലുകളും തണ്ണീർത്തടങ്ങളും ഒക്കെ നശിപ്പിച്ച് ആ ന്യൂനപക്ഷം നടത്തുന്ന അക്രമങ്ങളാണ്‌ സഹോദരൻ മുഴുവൻ മനുഷ്യന്റെ പേരിലേയ്ക്കും കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്.എത്ര അബദ്ധമാണാ കാഴച്ചപ്പാട് എന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ?

പ്രകൃതിയുടെ ഭാഗമായേ എന്നും മനുഷ്യനു നിലനില്പ്പുള്ളു, അതിൽ നിന്ന്  വേറിട്ട ഒരു അസ്ഥിത്വം മനുഷ്യനോ ഒരു പുല്ക്കൊടിയ്ക്കൊ എന്തിന്‌ കൊറോണ വൈറസിനു പോലുമില്ല.എന്നാൽ മനുഷ്യന്റെ ആല്ലെങ്കിൽ മറ്റു ജീവികളുടെ പോലെയുള്ള  ഒരു ജീവിതരീതി വൈറസ്സുകൾക്കില്ല.ദീർഘകാലം ജീവനില്ലാതെ കഴിയാനും എന്നാൽ അനുകൂല  സാഹചര്യങ്ങൾ വരുമ്പോൾ  ജീവന്റെ ലക്ഷണങ്ങൾ കാണിക്കാനുമുള്ള കഴിവ് വൈറസ്സുകൾക്കുണ്ട്. അതുകൊണ്ടുതന്നെ വൈറസ്സുകൾ ബാധിച്ചാൽ അതിനു ചികിൽസയല്ല, പ്രതിരോധപ്രവർത്തനങ്ങളാണ്‌ കൂടുതലും.പിന്നെ  ഒരു പ്രശ്നമുള്ളത് വൈറസ്സിന്റെ അടിസ്ഥാന ജീവവസ്തുവിന്‌ ഇടയ്ക്ക്  മാറ്റം  വരും.ആയതുകൊണ്ടുതന്നെ ആദ്യം ഈ വൈറസ്സ്  വരുമ്പോൾ ഉപയോഗിച്ചിരുന്ന മരുന്നുകൾ പിന്നീട് ഇതേ വൈറസ്സ് പടരുമ്പോൾ ഫലപ്രദമാകണമെന്നില്ല.ബാധിക്കുന്ന വൈറസ്സിന്റെ ജനിതകഘടന കണ്ടെത്തി അതിനു പറ്റിയ മരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രലോകം മുഴുകിയിരിക്കുന്നത്.ശാസ്ത്രം അതു കണ്ടെത്തുകയും  മനുഷ്യരാശിയെ അപകടത്തിൽ നിന്ന് മോചിപ്പിക്കുകയും  ചെയ്യും.അതിനുള്ള കാലതാമസമാണ്‌ നിലവിലുള്ളത്.ആ കാലത്ത്  ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനു  പകരം ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് ജനദ്രോഹമാണ്‌.

ഇനി അടുത്ത ഗ്രൂപ്പിനെ നോക്കാം..അവർ ചുമ്മ വ്യാജം പ്രചരീപ്പിക്കുകയല്ല അതിനു പിന്നിൽ അവർക്ക് വ്യക്തമായ രാഷ്ട്രീയോദ്ദേശമുണ്ടെന്നതു കൂടിയാണ്‌ അവരെ ഈ  കൂട്ടത്തിൽ  നിന്ന് വ്യത്യസ്ഥമാക്കുന്നത്. കൊറോണ  വൈറസ്സ് പകരുന്നത് മനുഷ്യർ തമ്മിലുള്ള ശാരീരിക സ്പർശനം വഴിയാണെന്ന് ആരോഗ്യരംഗത്ത്  പ്രവർത്തിക്കുന്ന വിദഗ്ധർ കണ്ടെത്തി .ആ സ്പർശനം കുറയ്ക്കുന്നതിന്റെ ഭാഗമായി പാശ്ചാത്യർ അവരുടെ അഭിവാദ്യ രീതിയായ ആലിംഗന,ചുംബന,ഷേക്ക് ഹാന്റ് രീതികൾ തല്ക്കാലമൊഴിവാക്കി പകരം കൈകൂപ്പി അഭിവാദ്യം ചെയ്യാൻ തുടങ്ങി. ആയതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കു വഴി പ്രചരിക്കാൻ തുടങ്ങിയതോടെ ഒരു കൂട്ടം ആളുകൾ ചാടി വീണു.കണ്ടോ,ലോകമാസകലം പഴയ ആ ഭാരതസങ്കല്പ്പത്തീലേയ്ക്ക് തീരിച്ചു പോകുന്നതു കണ്ടോ? ഇതാണ്‌ മഹത്തായ ഭാരതീയ സംസ്കാരം. ആ സാംസ്ക്കാരമാണ്‌ ഭാരതത്തെ  മാരകരോഗങ്ങളിൽ നിന്നു രക്ഷിച്ചു കൊണ്ടിരുന്നത്.ഒരു കൂട്ടർ കുറച്ചുകൂടി മുന്നോട്ടു പോയി..തമിഴ് നാട്ടിൽ കേരളത്തെ അപേക്ഷിച്ച് കൊറോണക്കേസുകൾ കുറവാണ്‌ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതിനു കാരണം അവിടുത്തെ സ്ത്രീകൾ മഞ്ഞൾ ശരീരത്തിൽ തേച്ചു കുളിക്കുന്നു,(അപ്പോൾ പുരുഷന്മാരോ?)അവരുടെ ഭക്ഷണത്തിൽ വെളുത്തുള്ളി പോലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തിയിരിക്കുന്നു.കൈകൂപ്പി ആളുകളെ വരവേല്ക്കുന്നു,രാഹുകാലവും യമകണ്ഡകകാലവും ശുഭകാര്യങ്ങൾക്കൊഴിവാക്കുന്നു.അതുകൊണ്ടവരെ കൊറോണയല്ല യാതൊരു വൈറസ്സും ബാധിക്കുകയില്ലത്രെ എന്നാണൊരു വിദ്വാൻ തട്ടിവിട്ടത്. ഇപ്പോൾ കയ്യിലിരുപ്പ് പിടികിട്ടിയില്ലേ?ഇതിനാണ്‌ കൊറോണകാലതെ വഴവെട്ടൽ എന്നു പറയുന്നത്. ഇവിടം കൊണ്ടും തീർന്നില്ല.ഒരു ചേച്ചി അവേശം മൂത്ത്  പുരാതന ഭാരതത്തിലെ തീണ്ടലും തൊടീലുമാണ്‌  സർവരോഗങ്ങളിൽ  നിന്നും നമ്മെ രക്ഷിചിരുന്നതെന്നാ ചേച്ചി പറഞ്ഞു വയ്ക്കുന്നു.എന്നിട്ടും ആവേശം തീരാതെ ഈ നശിച്ച കമ്മികൾ ( കമ്യൂണിസ്റ്റുകാർ))വന്നതോടെയാണ്‌ ഭാരതം നശിച്ചു പോയതെന്നും  അവർ വിലപിക്കുന്നു. ഇവരെയൊക്കെ വച്ചു നോക്കുമ്പോൾ പ്രകൃതിവാദികളും വൈദ്യന്മാരുമൊക്കെ എത്ര പാവങ്ങൾ.

ഓരോ രാജ്യത്തിന്റെ  ഭൂമിശാസ്ത്രവും മറ്റുമായ സവിശേഷതകളിലൂടെയാണ്‌ അവിടുത്തെ സംസ്കാരവും അഭീവാദ്യരീതികളും മറ്റും രൂപപെട്ടു വരുന്നത്.ഭാരതത്തിലെ സ്ഥിതി  നോക്കിയാൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ അടിയാന്മാരും  ദളിതരും തൊട്ടുകൂടാത്തവരും മറ്റുമായി പൊതുസമൂഹത്തിൽ നിന്ന് അകറ്റി നിറുത്തിയിരിക്കുകയായിരുന്നു. അന്ന് കൈകൾ കൂപ്പലായിരുന്നോ  അഭിവാദ്യരീതി?അല്ലേയല്ല.പകരം കൈ വായയ്ക്കു മുകൾ പൊത്തിപ്പിടിച്ച്‌ നില്ക്കുക.അതും എതിരെ കാണുന്നവാന്റെ ജാതിയനുസരിച്ച് നില്ക്കേണ്ട അകലം കൂടികൂടി  വരും.ഇതായിരുന്നു ബഹുഭൂരിപക്ഷം വരുന്ന അടിയാളരുടെ തൊട്ടുകൂടാത്തവരുടെ - മണ്ണിൽ പണിയെടുക്കുന്നവരുടെ സ്ഥിതി.ഇനി സവർണ്ണരുടെ സ്ഥിതി നോക്കിയാലോ‍ാ? അവരും ജാ‍തിയാടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നു.ഓരോ ജാതിയ്ക്കും ഉയർന്ന ജാതിക്കാരന്റെ (അത് സവർണ്ണർ തമ്മീലായാലും) പ്രത്യേകം അകലമുണ്ടായിരുന്നു.

ഓരോ ജാതിക്കാരനും പ്രത്യേകം പ്രത്യേകം അഭിവാദ്യരീതികളുമുണ്ടായിരുന്നു, അത് കൃത്യമായി പാലിച്ചില്ലെങ്കിൽ കൊലപാതകം വരെ നടക്കുമായിരുന്നു താനും.അത്ര കർശനമായിരുന്നു അന്നത്തെ ആചാരങ്ങൾ.ഈ ആചാരങ്ങളൊക്കെ രോഗത്തെ പേടിച്ചോ രോഗാണുക്കളെ പേടിച്ചോ ആയിരുന്നില്ല.പകരം  സ്വകാര്യസ്വത്ത് കുന്നുകൂട്ടുന്നതിനും അടിയാളരെകൊണ്ട് ആവുന്നത്ര വേല  ചെയ്യിക്കുന്നതിനുമായിരുന്നു.രോഗം വരുന്നത്  വായു,പിത്ത കഫ കോപങ്ങൾ കൊണ്ടാണെന്നു വിശ്വസിച്ചിരുന്ന വൈദ്യസംബ്രദായമാണന്നുണ്ടായിരുന്നത്.അതാണെങ്കിൽ സമൂഹത്തിലെ മേലേത്തട്ടിലുള്ളവർക്കു മാത്രം ലഭ്യമായിരുന്ന ഒന്നാണു താനും. ഇതാണ്‌ അന്നത്തെ കൈകൂപ്പൽ കഥയും രോഗങ്ങളെ അകറ്റിനിറുത്തീയിരുന്ന കഥയും.ഇനി അന്നത്തെ ആയുർദൈർഘ്യം പരിശോധിച്ചാൽ ,ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത്,അതായാത് 1947ൽ കേരളത്തിന്റെ ആയുർദൈർഘ്യം 27 വയസ്സായിരുന്നു എന്നോർക്കണം.എങ്ങനെയൊക്കെ കണക്കു കൂട്ടിയാലും ഇവരീ തള്ളുന്ന കാലത്തെ ആയുർദൈർഘ്യം ഇതിലും കുറവായിരിക്കും. ഇതാണ്‌ മഹത്തായ കൈകൂപ്പൽ മാഹാത്മ്യം.

അടുത്തയാൾ പച്ചയ്ക്കു പറയുന്നു തീണ്ടലും തൊടീലുമുള്ള കാലമായിരുന്നു സുവർണ്ണ കാലമെന്ന്‌.നശിച്ച കമ്യൂണിസ്റ്റുകൾ വന്ന് സമത്വം നടപ്പാക്കിയതോടെ രോഗങ്ങൾ കേരളത്തെ കടന്നാക്രമിക്കാൻ തുടങ്ങിയത്രെ.ആരും ഇതിനോട് കാര്യമായി പ്രതികരിച്ചു കണ്ടില്ല എന്നതാണല്ഭുതം.

 

 

 

 

 


1 comment :

  1. പുര കത്തുമ്പോൾ വാഴ വെട്ടാൻ ഇറങ്ങിയിരിക്കുന്നവർ.ഇത്തരക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ആട്ടിയോടിച്ചില്ലെങ്കിൽ നമ്മുടെ ജീവിതംതന്നെ അപകടത്തിലാവും.

    ReplyDelete