എടലാക്കുടി പ്രണയ രേഖകൾ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 

ശുചീന്ദ്രത്തുനിന്നും ഒന്നര മൈൽ വടക്ക്,നാഗർകോവിലിലെത്തുംമുമ്പേ ഒറ്റപ്പെട്ട ഒരു കടലോരഗ്രാമമാണ് എടലാക്കുടി.അവിടുത്തെ ജയിലിലാണ് വധശിക്ഷക്കു വിധിക്കപ്പെടുന്ന കൊടുംകുറ്റവാളികളെ പാർപ്പിക്കുന്നത്.അവിടേക്കാണ് സവിശേഷനായ ആ കുറ്റവാളിയെ തിരുവനന്തപുരത്തെ ജയിലിൽ നിന്നും കൊണ്ടുവരുന്നത്.തൂക്കുശിക്ഷക്ക്  വിധിക്കപ്പെട്ടവനായിരുന്നില്ല അയാൾ.പക്ഷെ കറുത്തു ശോഷിച്ച അയാൾ പോലീസുകാർക്ക് പേടിസ്വപ്നമായിരുന്നു.

                 ഉദാഹരണത്തിനു സെല്ലിലുള്ള ഏതെങ്കിലും തടവുകാരനെ കൈത്തരിപ്പു തീർക്കാൻ വാർഡൻമാർ തല്ലിയെന്നിരിക്കട്ടെ,തല്ലുകൊണ്ട് അവശനായ ആ കറുത്തു മെലിഞ്ഞ സവിശേഷനായ തടവുപുളളി അട്ടഹസിക്കും,”നിറുത്തടാ ചെറ്റകളെ. നോക്കി നിക്കാണ്ട് കൂട്ടം ചേർന്നടിയെടാ ഈ ചെറ്റകളെ.തടവുകാരൊത്തുകൂടി അടിയോടടി.നിവൃത്തിയില്ലാതെ വാർഡൻമാർ പിൻവാങ്ങും.അവസാനം ജയിലർ തീരുമാനിച്ചു.ഇവനിവിടെ കിടന്നാൽ കുഴപ്പമാണ്.ഇവനെ എടലാക്കുടിക്കു തട്ടാം.അവിടാകുമ്പോൾ  കൊലപ്പുള്ളികളുടെ കൂട്ടത്തിലിട്ട് പാണ്ടിപ്പോലീസ് കൈക്കഴപ്പ് തീർത്തോളും,പന്ന റാസ്കൽ.അങ്ങനെയാണ് ആ സവിശേഷനായ തടവുപുള്ളി എടലാക്കുടി ജയിലിലെത്തിയത്.ആ തടവുപുള്ളിയുടെ പേരായിരുന്നു കൃഷ്ണപിള്ള.അതേ കമ്യൂണിസ്റ്റുപാർടിയുടെ സമുന്നതനായ സ്ഥാപകനേതാവ് പി.കൃഷ്ണപിള്ള.

                                           സഖാവ് എന്ന അപരനാമത്തിൽ കേരളമെങ്ങും മുഴങ്ങിയ സഖാവ് പി.കൃഷ്ണപിള്ളയുടെ എടലാക്കു ടി ജയിൽ വാസവും അവിടെ വച്ച് പരിചയപ്പെടുന്ന - പരസ്പരം കാണാതെ കേൾക്കാതെ -തങ്കമ്മ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതും ഒക്കെ രേഖകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്ന നോവലാണ് എടലാക്കുടി പ്രണയ രേഖകൾ.2018 മാർച്ചിൽ ഒന്നാം പ്രിന്റും 2018 ഒക്ടോബറിൽ രണ്ടാം പ്രിന്റും 2019 ഏപ്രിലിൽ മൂന്നാം പ്രിന്റും ഇറങ്ങിയ ഒന്നാണീ പുസ്തകം.ഇന്നലെയാണ് ഞാനത് വായിച്ച് തീർത്തത്.വായിച്ച് കഴിഞ്ഞപ്പോഴുള്ള എന്റെ വികാരമെന്തെന്ന് ചോദിച്ചാൽ സഖാവ് പൊതുരംഗത്ത് പുലർത്തിയിരുന്ന അതെ ആത്മാർത്ഥതയും ഋജുത്വവും തന്റെ പ്രണയത്തിലും വിവാഹജീവിതത്തിലും ഒട്ടുമേ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പുലർത്തിയെന്നാണ്.അതുകൂടികൊണ്ടാണ് സഖാവ് എന്ന് വിളിക്കുമ്പോൾ അത് കൃഷ്ണപിള്ള സഖാവിനെയാണ് അദ്ദേഹത്തെ മാത്രമാണ് എന്ന് നമ്മൾ തിരിച്ചറിയുന്നത്.

              നോവലിൽ വൈകാരികത കലർത്താൻ നോവലിസ്റ്റ് കെ.വി.മോഹൻകുമാർ ഒട്ടുമേ ശ്രമിച്ചിട്ടില്ല എന്നത് നന്നായി എന്ന അഭിപ്രായക്കാരനാണ് ഞാൻ.അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ നമ്മുടെ ഉള്ളിലെ സഖാവിന്റെ രൂപത്തിന് മങ്ങലേൽക്കുമായിരുന്നു.തന്റെ ജീവിതം കൊണ്ട് ഒരു മാതൃകാ കമ്യൂണിസ്റ്റിന് മാതൃകാ കാമുകനും മാതൃകാ ഭർത്താവുമാകുവാൻ കഴിയുമെന്നദ്ദേഹം നമുക്ക് കാണിച്ചു തരുന്നു തന്റെ ജീവിതം കൊണ്ട്.

                        പാമ്പുകടിയേറ്റ സഖാവിന്റെ ചിത്രം കാണിച്ചുകൊണ്ടാണ് നോവലാരംഭിക്കുന്നത്. തന്റെ ഒളിവു സങ്കേതത്തിലെ - ചെല്ലിക്കണ്ടത്തെ നാണപ്പന്റെ വീട്ടിലെ - മുറിയിൽ കെട്ടിയ അയയിൽ നിന്നും തോർത്ത് വലിച്ചെടുത്തപ്പോൾ അയയിൽ ഒളിച്ചിരുന്ന പാമ്പ് അദ്ദേഹത്തെ കടിക്കുകയായിരുന്നു.ഓടിക്കൂടിയ സഖാക്കൾ വിഷഹാരി വെള്ളാശേരി വൈദ്യൻ വരാൻ കാത്തുനിൽക്കുമ്പോൾ അകത്ത് സഖാവ് മരണത്തിലേക്ക് പതിയെ അടുക്കുകയായിരുന്നു.അന്നേരം വിരിയുന്ന ഓർമ്മകളിലാണ് തങ്കമ്മ വിടരുന്നത്.

                                ജയിലിൽ ഒറ്റപ്പെട്ടുപോയ സഖാവിന് പുറംലോകവുമായി ബന്ധപ്പെടാൻ ഒരു പാലം വേണമായിരുന്നു.അതിനുള്ള ഒരു പാലമുണ്ടാക്കുന്നതിന്റെ ഭാഗമായി തന്നോട് അൽപ്പം അടുപ്പം കാണിക്കുന്ന അയ്യൻ  പോലീസിനെ ഉപയോഗിക്കുന്നു.അയാളോട്  വഴി പുറത്തുനിന്ന് ഹിന്ദി പുസ്തകങ്ങൾ എത്തിച്ചുതരാൻ ഏർപ്പാട് ചെയ്യുന്നു.അങ്ങനെ അയ്യൻ പോലീസ് കണ്ടെത്തിയ ആളാണ് ഹിന്ദി വിശാരദിന് പഠിക്കുന്ന തങ്കം. പതിയെ പതിയെ പരസ്പരം ഒരു ബഹുമാനം ഇവരിൽ ഉടലെടുക്കുന്നു.കൃഷ്ണപിള്ള ഹിന്ദിയിലെഴുതിക്കൊടുക്കുന്ന കുറിപ്പുകൾ തങ്കമ്മ മലയാളത്തിലാക്കും.എന്നിട്ട് സൂക്ഷിച്ച് വയ്ക്കും.

                          അങ്ങനെ ജയിൽ മോചിതനായ കൃഷ്ണപിള്ള നേരെ തങ്കത്തിന്റെ വീടന്വേഷിച്ച് വീട്ടിലെത്തുന്നു.അൽപ്പം ആളുകൾ കൂടിയെങ്കിലും നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അച്ചൻ ഇവളെ രജിസ്റ്റർ വിവാഹം ചെയ്തു കൊടുക്കുന്നു.നവദമ്പതികൾ അന്നുതന്നെ തിരുവനന്തപുരത്തിന് പോകുന്നു. തിരുവനന്തപുരത്തേക്ക് പോകുന്ന വഴി കൃഷ്ണപിള്ള ബസ്സിൽ വച്ച്  തങ്കമ്മയെ ചേർത്തു പിടിച്ച് പറയുന്നതിങ്ങനെ,എൻറെ ജീവിതത്തിൽ ഒന്നാം സ്ഥാനം പാർട്ടിക്കാണ്,അതു കഴിഞ്ഞാൽ പിന്നെ മുഴുവൻ നീയായിരിക്കും.അങ്ങനെ തിരുവനന്തപുരത്തെ താവളമായ പൊന്നറ ശ്രീധറുടെ വീട്ടിലെത്തി തങ്കമ്മയോട് പറയുന്നത് ഇന്ന് നമ്മുടെ ഹണിമൂണിങ്ങ് അല്ലെ.ഞാൻ പെട്ടെന്നിങ്ങ് എത്തിയേക്കാമെന്നാണ്.പോയിട്ട് വരുന്നതോ രാത്രി 12 മണിക്കുശേഷവും, ശ്രീധരുടെ പെങ്ങന്മാർ അണിയിച്ചോരുക്കിയ മണിയറയിൽ ഊണുപോലും കഴിക്കാതെ പുതുമണവാട്ടി അന്നേരം ഉറക്കമായിരുന്നു.

                  പിന്നെന്നും ഇതുതന്നെ സ്ഥിതി.തങ്കമ്മ പ്രതിഷേധിക്കുന്നുണ്ട് ,പരിഭവം പറയുന്നുണ്ട്,വിതുംബു‌ന്നുണ്ട് ,കരയുന്നുണ്ട്.പക്ഷെ അപ്പോഴൊക്കെ തങ്കമ്മയെ ചേർത്ത് പിടിച്ച് പുറത്തെ സംഭവവികാസങ്ങളും അതിൽ പാർട്ടി ഇടപെടേണ്ട പ്രാധാന്യവും ക്ഷമയോടെ വിശദീകരിച്ചു കൊടുക്കും.പിന്നെ തങ്കമ്മയെ പതിയെ പാർട്ടി പ്രവർത്തനത്തിനിറക്കുന്നു.ആദ്യം പാർട്ടി പത്രത്തിന്റെ പ്രൂഫ് റീഡറായി,പിന്നീട് വനിതകളെ സംഘടിപ്പിക്കുന്ന ചുമതല നൽകുന്നു.ഇതിനിടയിൽ അവർ ഗര്ഭിണിയാകുന്നു,ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു.മാർക്‌സും ഏംഗൽസും എന്ന് ഭാര്യയും ഭർത്താവും കൂടി തമാശ പറയുന്നുമുണ്ട്.പക്ഷെ ദൗർഭാഗ്യം.ജനിച്ച് മണിക്കൂറുകൾക്ക് ശേഷം ആ കുഞ്ഞുങ്ങൾ മരിച്ചു പോകുന്നു.ഇതിനിടയിൽ നിരവധി ഇന്റിമേറ്റായ സംഭവങ്ങൾ ഗ്രന്ഥകാരൻ വിശദീകരിച്ചു പോകുന്നുണ്ട്.ഒരിക്കൽ തങ്കമ്മയെ എൻ.സി .മാത്യുവിനൊപ്പം കോഴിക്കോട്ടേക്കയക്കുന്നു.പോകാൻ നേരം തങ്കമ്മ ഭർത്താവിനോട് പറയുന്നു തനിക്ക് സാരിയും ബ്ലൗസുമില്ല എന്ന്,സഖാവ് ഗൗരവപൂർവം പറയുന്നത് നമ്മൾ പാർട്ടിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്.പാർട്ടിക്ക് വേണമെന്നുണ്ടെങ്കിൽ നല്ല ഡ്രസ്സ് വാങ്ങിത്തരട്ടെ.മാത്യുവും തങ്കമ്മയും ബസ്സിൽ കയറി ബസ്സ് വിടാറായപ്പോൾ ഒരു മനുഷ്യൻ ഓടി വന്ന് ഒരു പൊതി തങ്കമ്മയെ ഏൽപ്പിക്കുന്നു.കോഴിക്കോട്ടെത്തി പൊതി തുറന്നു നോക്കുമ്പോൾ രണ്ട് സാരിയും രണ്ട് ബ്ലൗസും.

                  തിരക്കിനിടയിൽ ഇവർ രണ്ടുപേരും പലയിടത്തായി കണ്ടുമുട്ടുന്ന സ്ഥിതി വന്നു.തേങ്ങൽ ഓരോ കണ്ടുമുട്ടലിലും തങ്കമ്മയുടെ ഹൃദയത്തിൽ നിന്ന് തൊണ്ടയോളം എത്തുന്നുണ്ട്.പക്ഷെ അത് കണ്ടിട്ടും കണ്ടില്ല എന്ന രീതിയിൽ സഖാവ് പോവുകയാണ്,തങ്കമ്മയുടെ വാനോളം വളർന്ന പ്രതീക്ഷകളെ ഇല്ലാതാക്കി.അവിടെയാണ് സഖാവ് ആദ്യം പറഞ്ഞ വാചകം ഓർമ്മവരിക ,"ഒരു കാര്യം പറയട്ടെ.പാർട്ടി കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടം എന്റെ തങ്കത്തെയാണ്.എന്നുമത് ഓർമ്മ വേണം.ആത്മാർത്ഥമായാണ് ഞാനിത് പറയുന്നത്."

               അങ്ങനെയുള്ള ഓട്ടത്തിനിടയിലാണ് സഖാവ് കണ്ണാർകാട്ടുള്ള ഷെൽട്ടറിലെത്തുന്നത്.ആഗസ്റ്റിലെ വേനൽമഴ തീമിർത്തു  പെയ്തു തോർന്ന രാവിൽ സഖാവ് റിപ്പോർട്ട് എഴുതാനാരംഭിച്ചു.വിമർശനമുണ്ട് സ്വയം വിമർശനമില്ല.ഹെഡിങ്ങ് എഴുതി അടിയിൽ വരച്ചു.തുടർന്ന് റിപ്പോർട്ടെഴുതാൻ തുടങ്ങി.അന്നേരമാണത് സംഭവിച്ചത്."സഖാവേ.." ആവുന്നത്ര ഉച്ചത്തിലാണ് വിളിച്ചത്.മാധവനാണ് വിളികേട്ടത്."എന്താ സഖാവേ "സഖാവേ, സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു.സാരമില്ല.അറിയിക്കേണ്ടിടത്തെല്ലാം അറിയിച്ചെക്ക്." "സഖാവ് പേടിക്കേണ്ടെന്നേ, വെള്ളാശേരി വൈദ്യൻ ഇപ്പോഴെത്തും."മാധവൻ താഴെ നോക്കി.എഴുതിക്കൊണ്ടിരുന്ന കടലാസും പേനയും താഴെ കിടക്കുന്നതെടുത്ത് കയ്യിൽ പിടിപ്പിച്ചു .സഖാവ് വീണ്ടും എഴുതാനാരംഭിച്ചു."എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചു ആരുന്നു.എന്റെ ശരീരമാകെ തളരുകയാണ്.എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം.സഖാക്കളെ മുന്നോട്ട്.ലാൽ സലാം.ആ കയ്യിൽ നിന്നും പേന വഴുതി താഴെ വീണു.സഖാവ് കൈ കൊണ്ടെന്തോ കാണിച്ചു.

എല്ലാം അവസാനിച്ചു.

നല്ലൊരു വായനാനുഭവം തന്ന മോഹന്കുമാറിന് നന്ദി. 

1 comment :

  1. എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചു ആരുന്നു.എന്റെ ശരീരമാകെ തളരുകയാണ്.എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം.സഖാക്കളെ മുന്നോട്ട്.ലാൽ സലാം.

    ReplyDelete