ശമ്പളപരിഷ്കരണം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 

                    പണ്ടു കേട്ട ഒരു സംസ്കൃതപദ്യം ഓർത്തുകൊണ്ട് തുടങ്ങാം.അശ്വം നൈവ ഗജം നൈവ / വ്യാഘ്രോ നൈവച നൈവച.അജോപുത്രം ബലിം ദ്യാത്യാത് / ദേവോ ദുർബലഘാതക. ഇതാണാ പദ്യശകലം.അർത്ഥം ഇതാണ്,സർവശക്തനായ ദൈവം പോലും ബലവാന്മാരും ശക്തിമാൻമാരുമായ ആന കടുവ കുതിര തുടങ്ങിയവയെ ഒഴിവാക്കി ദുർബലനായ ആട്ടിൻകുട്ടിയെയാണ് ബലിയായി സ്വീകരിക്കുന്നത്.ഇതിപ്പോളോർക്കാൻ കാരണം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖപുസ്തകത്തിൽ വന്ന പലരുടേയും അഭിപ്രായപ്രകടനങ്ങൾ കണ്ടപ്പൊഴാണ്.

                        3,77,065 ഗവൺമെൻറ് ജീവനക്കാരും ഗവൺമെൻറ് ശമ്പളം നൽകുന്ന 1,38,574 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയുമടക്കം 5,15,639 പേരാണ് സർക്കാരുദ്യോഗസ്ഥരെന്നറിയപ്പെടുന്നത്.(കേരള ഗവൺമെൻറിൻറെ 2019ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് കണക്കിൽനിന്ന്.)ഇവരുടെ ശമ്പളമാണ് പരിഷ്കരിക്കുന്നത്.5 കൊല്ലം കൂടുമ്പോൾ ശമ്പളപരിഷ്കരണമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ആവശ്യം നിരവധി കാലത്തെ പ്രക്ഷോഭങ്ങളുടെ ഫലമായി നേടിയെടുത്ത ഒന്നാണ്.അല്ലാതെ ഏതെങ്കിലും ഇടതുപക്ഷ ഗവൺമെൻറിൻറെ ഔദാര്യം കൊണ്ട് നേടിയെടുത്ത ഒന്നല്ല. ഇടതു ഗവൺമെൻറിൻറെ ഔദാര്യം എന്ന് എടുത്തു പറയാൻ കാരണം വലതു ഗവൺമെൻറുകൾ 5 വർഷ ശമ്പള പരിഷ്കരണത്തെ തകർക്കാനേ ശ്രമിച്ചിട്ടുള്ളു എന്നതുകൊണ്ടാണ്. അപ്പോൾ ഒന്നാമതായി സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിനെ എതിർക്കുന്നവർക്ക് ദൽഹിയിൽ നടക്കുന്ന കർഷകസമരത്തോടുള്ള നിലപാട് എന്തായിരിക്കും? അവരും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണല്ലോ സമരം ചെയ്യുന്നത്  അതോ ഇനി അവരേയും എതിർക്കുമോ?  

                  ഈ പരിഷ്കരണ റിപ്പോർട്ട് പ്രകാരം മിനിമം ശമ്പളം 16,000 രൂപയിൽ നിന്ന് 23,000 രൂപയായി വർദ്ധിപ്പിച്ചു എന്നാണ് പത്രവാർത്തകൾ സൂചിപ്പിക്കുന്നത്.മറ്റു ശമ്പള സ്കെയിലുകളിലും ആനുപാതിക വർദ്ധനവ് ഉണ്ടാകാം.പക്ഷെ ഇതൊക്കെ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മാത്രമാണ്.ഈ നിർദ്ദേശങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച് റിപ്പോർട്ട് നൽകാൻ ഗവൺമെൻറ് മറ്റൊരു കമ്മിറ്റിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.അവർ നൽകുന്ന നിർദ്ദേശങ്ങൾക്കും വീണ്ടും ഗവൺമെൻറിന് മാറ്റങ്ങൾ വരുത്താവുന്നയാണ്.അങ്ങനെ മാറ്റം വരുത്തി അവസാനം കയ്യിൽ കിട്ടുമ്പൊഴുണ്ടാകുന്ന വർദ്ധന നിസ്സാരമാവാനും സദ്ധ്യതയുണ്ട്.പക്ഷെ ഈ ഗവൺമെൻറ് അങ്ങനെ ചെയ്യില്ല എന്നൊരു വിശ്വാസവും ബഹുഭൂരിപക്ഷം ജനങ്ങൾക്കുണ്ട്.(അതുകൊണ്ടാണല്ലോ ഒരു ന്യൂനപക്ഷമെങ്കിലും ഇതിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.)

                    എതിർപ്പുകാരുടെ ഏറ്റവും വലിയ പ്രശ്നം കേരളം കടക്കെണിയിൽ വീഴുമ്പോഴും ഇങ്ങനെ വാരിവലിച്ച് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതുണ്ടോ എന്നതാണ്. കേരളത്തിന് കടമുണ്ട് പക്ഷെ കടക്കെണിയിലല്ല എന്നാണ് സാമ്പത്തീക വിദഗ്ധർ പറയുന്നത്.അതിനവർ പറയുന്ന ന്യായീകരണം കേന്ദ്രം ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾക്കുള്ളിലൊതുങ്ങി നിന്നാണ് കടമെടുപ്പ് എന്നതാണ്.അതുകൊണ്ട് കടക്കെണി എന്ന വാദത്തിനു നിലനിൽപ്പില്ല. പിന്നെ പറയാവുന്ന വാദമാണ് ചിലവ് ചുരുക്കണമെന്നത്.2018,2019,2020 വർഷങ്ങളിൽ നമ്മൾ കടന്നുപോന്ന ദുർഘടങ്ങൾ മഹാമാരികൾ,മഹാദുരന്തങ്ങൾ,പ്രകൃതിക്ഷോഭങ്ങൾ ഒക്കെയും നീന്തിക്കടന്ന സർക്കാരാണ് നമ്മുടേത്.18ലെയും 19ലേയും മഹാപ്രളയവും പ്രളയദുരിതങ്ങളും വിവരണാതീതമായിരുന്നു.ഒരു കാര്യത്തിലും പിന്നോക്കം പോവാതെ നമ്മുടെ കയ്യും പിടിച്ച് ഈ ദുരിതകാലമെല്ലാം കടന്നുകയറി സർക്കാർ.മിക്കവാറും ദുരിതങ്ങളെയൊക്കെ സർക്കാർ Patchup) പാച്ചപ്പ് ചെയ്ത് കഴിഞ്ഞു.ഈ സമയത്തെല്ലാം നമ്മെ സഹായിക്കുമെന്ന് നാം പ്രതീക്ഷിക്കുന്ന കേന്ദ്രസർക്കാരാകട്ടെ ഈ വിഷമഘട്ടത്തിലും പരമാവധി നമ്മെ ദ്രോഹിക്കുകയാണുണ്ടായത്.പിന്നെങ്ങനെ നമുക്ക് കടം കയറാതിരിക്കും.

                               പ്രളയദുരന്തങ്ങൾ ഒട്ടവസാനിച്ച് നമ്മളൊന്ന് ശ്വാസം വിടാൻ തുടങ്ങിയപ്പൊഴാണ് കോവിഡെന്ന മഹാമാരി രംഗപ്രവേശം ചെയ്യുന്നത്.അതുണ്ടാക്കിയ ദുരിതങ്ങൾ ചില്ലറയല്ല.ആദ്യം കേരളം മുഴുവനും തുടർന്ന് ഇത് മാതൃകയാക്കി ഇന്ത്യ മുഴുവനും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.പൗരൻമാരെ തൊഴിലും കൂലിയുമില്ലാതെ വീടുകൾക്കകത്ത് അടച്ചിട്ടു.കൂലിയില്ലാതായവർക്ക് അത്യാവശ്യം പണവും പലചരക്കും മരുന്നുകളും സൗജന്യമായി എത്തിച്ചു കൊടുത്തു.പണവും ഭക്ഷ്യവസ്തുക്കളും ഇല്ലാതായിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കായി സാമൂഹ്യ അടുക്കളകൾ പഞ്ചായത്തുകൾ തോറും സ്ഥാപിച്ചു,ഒരു മനുഷ്യൻ പോലും പട്ടിണി കിടക്കാതെ സംരക്ഷിച്ചു.കേരളമൊഴിച്ച് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുക വഴി ആയിരക്കണക്കിനാളുകളാണ് യാത്രക്കിടയിൽ   അപകടങ്ങളിൽ മരിച്ചത്.അതേസമയം ഗവൺമെൻറിൻറെ നടപടിയിലെ പോരായ്മ മൂലം കേരളത്തിൽ ഒരു കുഞ്ഞു പോലും മരിച്ചില്ല എന്നതാണ് സത്യം.

                 അതിലൊക്കെ ഉപരിയായിരുന്നു കോവിഡ് ബാധിച്ചവരെ ചികിൽസിച്ച രീതി.കോവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസൽറ്റ് വന്നാൽ മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് വീട്ടിൽ വന്ന് നിങ്ങളെ ആശുപത്രിയിലെത്തിക്കും.തുടർന്ന് നല്ല ഭക്ഷണവും ചികിൽസയും.രോഗം മാറിയാൽ വീണ്ടും വാഹനത്തിൽ വീട്ടിലെത്തിക്കും.ആദ്യത്തെ ടെസ്റ്റ് മുതൽ അവസാന വീട്ടിലെത്തിക്കൽ വരേയുള്ള കാര്യങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളിൽ ലക്ഷങ്ങൾ ഈടാക്കുമ്പോൾ കേരളത്തലതു മുഴുവൻ ഫ്രീ. കേന്ദ്രത്തെ സംബന്ധിച്ച് അവർക്ക് ധൂർത്തടിക്കാൻ പണമില്ലാതിരിക്കുമ്പോൾ എങ്ങനെ സംസ്ഥാനങ്ങളെ സഹായിക്കും കേരളത്തിൽ കടം പെരുകാതിരിക്കുന്നതെങ്ങനെ?

                                            ഇനി പറയൂ,ഇതിനൊക്കെ കണ്ടമാനം പണം ആവശ്യമായി വരുന്നു.കിട്ടാനൊട്ടില്ല താനും.ആ ഒരു ഘട്ടം വന്നാൽ നിങ്ങൾ നിങ്ങളുടെ രോഗിയായ ശയ്യാവലംബിയായ അഛന്,അമ്മക്ക് മരുന്നു വാങ്ങിച്ചു കൊടുക്കാതെ മരിക്കാൻ വിടുമോ? നിങ്ങളുടെ കുഞ്ഞുമക്കൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൻറെ അളവ് പകുതിയാക്കുമോ? ഇല്ലല്ലോ? അത്രയേ ഗവൺമെൻറും ചെയ്യുന്നുള്ളു.അപ്പോൾ നിങ്ങൾ ചോദിക്കും,ഗവൺമെൻറും വീടും ഒരുപോലാണോ എന്ന്.അല്ല ഒരുപോലെയല്ല.സർക്കാരുകൾ ചെയ്യുന്നത് വീടുകളിൽ നടക്കില്ല.അല്ലെങ്കിൽ സർക്കാരിനാകാം, വീടുകളിൽ പറ്റില്ല.

                    പക്ഷെ സർക്കാർ കടം വാങ്ങുന്ന പൈസ ഉൽപ്പാദനക്ഷമമായി ചിലവാക്കണം.അതെങ്ങനെ? അതിനുള്ള ഒരു വഴിയാണ് ആളുകൾക്ക് പണമായിത്തന്നെ കൊടുക്കുക എന്നത്.ജനങ്ങളുടെ കയ്യിൽ പണമെത്തിയാൽ അവരതുകൊണ്ട് മാർക്കറ്റിലേക്കിറങ്ങും,സാധനങ്ങൾ വാങ്ങിക്കും,ചില്ലറ വിൽപ്പനക്കാർക്ക് കച്ചവടം നടക്കും,അത് മൊത്ത വിൽപ്പനക്കാരെ പ്രോത്സാഹിപ്പിക്കും,അത് ഉൽപ്പദകരെ പ്രോത്സാഹിപ്പിക്കും,മാർക്കറ്റ് മുഴുവൻ,ഉൽപ്പാദകരടക്കം ,ഇന്ത്യ മൊത്തം ചലിക്കും.കഴിഞ്ഞ  അഖിലേന്ത്യാ പണിമുടക്കിലെ ഒരു ഡിമാൻറ് ദാരിദ്ര്യരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും മാസം പതിനായിരം രൂപ വീതം സഹായധനം അനുവദിക്കുക എന്നതായിരുന്നു.എന്നാൽ കേന്ദ്രഗവൺമെൻറ് കുത്തകകളാൽ നയിക്കുന്ന ഒന്നായിരുന്നതിനാൽ നടന്നില്ല എന്നുമാത്രം.(പണവിതരണവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.അതുകൂടി ഇവിടെ പറയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ആഫ്രിക്കയിലെ ഒരു കുഗ്രാമത്തിലെ ലോഡ്ജിൽ ഒരു സായിപ്പ് റൂമടുക്കാൻ ചെന്നു.റൂമുണ്ടെന്നും നൂറു ഡോളർ അഡ്വാൻസ് വേണമെന്നും മാനേജർ.സായിപ്പ് പേഴ്സെടുത്ത് ഒരു നൂറുഡോളർ നോട്ടെടുത്ത് മേശപ്പുറത്തു വച്ചു.മാനേജർ അതിനു മുകളിൽ ഒരു പേപ്പർ വെയിറ്റ് എടുത്തു വച്ചു.അപ്പോൾ സായിപ്പ് പറഞ്ഞു എനിക്കാ റൂമൊന്നു കാണണം.മാനേജർ ഒരു റൂം ബോയിയെ വിളിച്ച് സായിപ്പിനെ കൂട്ടിവിട്ടു.

                     സായിപ്പ് പോയിക്കഴിഞ്ഞപ്പോൾ മാനേജർ ആ നോട്ടെടുത്ത് ലോഡ്ജിലെ ഹോട്ടലിലേക്ക് അരിവാങ്ങുന്ന കടയിൽ കൊടുക്കാനുള്ള നൂറു ഡോളർ കൊടുത്തിട്ടു വരാൻ പറഞ്ഞ് ബോയിയെ അയച്ചു.അരിക്കച്ചവടക്കാരൻ മൊത്തക്കടയിൽ കൊടുക്കാനുള്ള നൂറു ഡോളർ കൊടുത്തു,മൊത്തക്കച്ചവടക്കാരൻ അയാൾ അരിയെടുക്കുന്ന കടയിൽ കൊടുക്കാനുള്ള നൂറു ഡോളർ കൊടുത്തു തീർത്തു.അയാളാണെങ്കിലോ കഴിഞ്ഞ മാസം ഈ ലോഡ്ജിൽ നടന്ന കസ്റ്റമർ മീറ്റിലെ കടം നൂറു ഡോളർ കൊടുക്കാനുള്ളത് കൊടുക്കുന്നു.മാനേജർ ആ നോട്ട് വാങ്ങി മേശപ്പുറത്തെ പേപ്പർ വെയിറ്റിനടിയിൽ വച്ചപ്പോൾ സായിപ്പ് റൂം കണ്ട് തിരിച്ചു വന്നിട്ട് പറഞ്ഞു,എനിക്ക് റൂമിഷ്ടപ്പെട്ടില്ല,പണം തിരിച്ചു തന്നേക്കൂ.മാനേജർ പേപ്പർ വെയിറ്റിനടിയിലെ പണമെടുത്ത് സായിപ്പിനു കൊടുക്കുന്നു.നോക്കൂ,ഇവിടെ ആരും പണം സ്വന്തമാക്കുന്നില്ല,പക്ഷെ എത്ര ബിസിനസ്സാണ് ആ പണം കൊണ്ട് നടന്നത്.ഹോട്ടലുകാർ കടം തീർന്നതിനാൽ ഇനിയും അരി വാങ്ങും,അയാൾ മൊത്തക്കച്ചവടക്കാരനോട്,അങ്ങനെ ആ ചങ്ങല നീണ്ട് നീണ്ട് ഉൽപ്പാദകനിലേക്കെത്തുന്നത് കണ്ടുവോ)

                                  ഓരോ അഞ്ചു വർഷം കൂടുമ്പോഴും ശമ്പളപരിഷ്കരണം നടപ്പിലാക്കാമെന്നൊരു കരാർ ഗവൺമെൻറും ജീവനക്കാരും തമ്മിലുണ്ട്.വലതുപക്ഷ ഗവൺമെൻറ് ഭരണകാലത്ത് പലവട്ടം ഇത് ലംഘിക്കപ്പെടുകയും അന്നൊക്കെ അതിതീവ്രമായ പ്രക്ഷോഭ സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ സമരം എഴുപത് ദിവസത്തിലധികമാണ് നീണ്ടു നിന്നത്.ഒരിടതുപക്ഷ ഗവൺമെൻറിൽ നിന്നും അത്തരത്തിലൊരു പെരുമാറ്റമുണ്ടായാൽ അത് ശമ്പളപരിഷ്കരണത്തിൻറെ കടക്കൽ കത്തി വയ്ക്കുന്ന ഒന്നായിരുക്കുമെന്ന് ജീവനക്കാർ ആശങ്കയിലായിരുന്നു.ഏതായാലും സമയത്തു തന്നെ അത് സംഭവിക്കുന്നു എന്നതിൽ ജീവനക്കാർ സന്തോഷത്തിലാണ്.

                   ഇനിയുമൊന്നുള്ളത് പരിഷ്കരണം കൊണ്ട് ജീവനക്കാർക്കുണ്ടാകുന്ന അധിക വരുമാനം അവർ സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കുകയല്ല ചെയ്യുന്നത്.ആ പണം പല വഴികളിലൂടെ കേരള - ഇന്ത്യൻ മാർക്കറ്റിലേക്കാണിറങ്ങുന്നത്.കയ്യിൽ കിട്ടുന്ന പണം കെട്ടി വയ്ക്കാതെ,സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കാതെ പഴയ കടങ്ങൾ വീട്ടാനോ അത്യാവശ്യ വീട്ടുപകരണങ്ങൾ സംഘടിപ്പിക്കാനോ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.മാസാമാസം കിട്ടുന്ന ശമ്പളവും മാർക്കറ്റിൽ സമൂഹത്തിൽ ചിലവഴിക്കുയാണ്ചെയ്യുന്നത്.അതായത് കോടിക്കണക്കിനു രൂപയാണ് മാസം തോറും സമൂഹത്തിലേക്കിറങ്ങുന്നത്.മാർക്കറ്റിൽ സമൂഹത്തിൽ അതുണ്ടാക്കുന്ന ഉണർവ് ചില്ലറയല്ല.അതീ വിമർശകർ ആലോചിക്കുന്നതേയില്ലെന്നതാണ് സത്യം.

                  ഇനിയാണ് ഞാനാദ്യം ക്വാട്ട് ചെയ്ത സംസ്കൃതത്തിനു പ്രസക്തി.വലിയ വലിയ വ്യാഘ്രങ്ങളെ,ആനകളെ,കുതിരകളേയൊക്കെ കണ്ടില്ലെന്ന് നടിച്ച് പാവപ്പെട്ട ആട്ടിൻ കുട്ടിയുടെ മേൽ ചാടി വീണ് ഇരയാക്കാൻ എത്രപേരാണെന്നു നോക്കൂ.തിരഞ്ഞു ചെന്നാൽ സംഘിബന്ധം കണ്ടെത്താവുന്ന വ്യക്തികൾ മുതൽ ഒരു രാജ്യം ഒരു പെൻഷൻ കാർ വരെ സർക്കാരുദ്യോഗസ്ഥർക്കെതിരേയും അവരുടെ ഗവൺമെൻറിനേയും പുലഭ്യം വിളിക്കാൻ തമ്മിൽ തമ്മിൽ മൽസരിക്കുകയാണവർ.അതെ സമയം കള്ളപ്പണമായി ,അതായത് ഇന്ത്യയിലെത്തേണ്ട അല്ലെങ്കിൽ ഇന്ത്യയിൽ ടാക്സടക്കേണ്ട 22,000  കോടി രൂപയാണ് സ്വിസ്സ് ബാങ്കിലുള്ളത് എന്നാണ് കണക്കുകൾ പറയുന്നത്.എല്ലാ വിദേശ ബാങ്കുകളിലുമായി 300 ലക്ഷം കോടി രൂപയാണത്രെ നിക്ഷേപമായുള്ളത്.ഏത് വൺ ഇന്ത്യ വൺ പെൻഷൻ കാരനാണ് ഇതിനെതിരെ ശബ്ദമുയർത്തുന്നത്.അവരൊക്കെ ആനകളും കുതിരകളും വ്യാഘ്രങ്ങളുമാകുമ്പോൾ ഇപ്പുറത്ത് ബലിക്കായി ആട്ടിൻ കുട്ടികളുണ്ടല്ലോ

 

     

 

     

1 comment :

  1. എല്ലാ വിദേശ ബാങ്കുകളിലുമായി 300 ലക്ഷം കോടി രൂപയാണത്രെ നിക്ഷേപമായുള്ളത്.ഏത് വൺ ഇന്ത്യ വൺ പെൻഷൻ കാരനാണ് ഇതിനെതിരെ ശബ്ദമുയർത്തുന്നത്.അവരൊക്കെ ആനകളും കുതിരകളും വ്യാഘ്രങ്ങളുമാകുമ്പോൾ ഇപ്പുറത്ത് ബലിക്കായി ആട്ടിൻ കുട്ടികളുണ്ടല്ലോ

    ReplyDelete