കോഴിക്കോടെ സ്പെഷ്യല്‍ കോവിഡ് നിയന്ത്രണം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 

            കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കൂടുന്നതിന്‍റെ ഭാഗമായി നാടെങ്ങും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണല്ലോ? ഓരോ ജില്ലയുടേയും പ്രത്യേകതകള്‍ മനസ്സിലാക്കി ഓരോ ജില്ലയിലേയും നിയന്ത്രണങ്ങള്‍ അതത് കളക്ടര്‍മാര്‍ ഉദ്യോഗസ്ഥപ്രമുഖരുടേയും പൊതുപ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്ന സ്ട്രാറ്റജിയാണ് നിലവിലുള്ളതെന്നാണ് തോന്നുന്നത്. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ച നിയന്ത്രണങ്ങള്‍ എന്തുകൊണ്ടാണെന്നറിയില്ല ആവര്‍ത്തിച്ച് ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.(പ്രക്ഷേപണത്തില്‍ യോഗനടപടികള്‍ പുരോഗമിക്കുന്ന ദൃശ്യംകാണിക്കുമ്പോള്‍ രണ്ടു മൂന്നു പൊതുപ്രവര്‍ത്തകര്‍ മാസ്ക് കഴുത്തിലേക്ക് ഇറക്കിവച്ച് വായും മൂക്കും സ്വതന്ത്രമാക്കി ഇരിക്കുന്ന അശ്ലീലമായ കാഴ്ചയും കാണാം.കഴിഞ്ഞ ദിവസം സംഘടന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹെല്‍ത്ത് ഇന്സ്പെക്റ്ററെ കാണാന്‍ ചെന്നപ്പോള്‍ അവര്‍  എന്‍റെ മാസ്ക് സംസാരിക്കാനുള്ള സൌകര്യത്തിനായി താഴ്ത്തി വച്ചത് കണ്ട് ദേഷ്യപ്പെട്ട് നിര്‍ബന്ധമായും മുകളിലേക്കാക്കിച്ചത് ഞാനോര്‍ത്തു പോയി.കളക്ടരേറ്റിലെ യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല എന്നു വിചാരിക്കുന്നു.)

              ആ യോഗത്തിന്‍റേതായി പുറത്തുവന്ന തീരുമാനങ്ങള്‍ പ്രധാനമായും രണ്ടെണ്ണമായിരുന്നു.,

1. രണ്ടാഴ്ചത്തേക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും യോഗങ്ങള്‍ നിരോധിച്ചിരിക്കുന്നു,

2. ദേവാലയങ്ങളില്‍ ആവശ്യമുള്ള സുരക്ഷാ നടപടികളോടെ പ്രവേശനം അനുവദിക്കും.

                 ഇതു കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. കോവിഡ് മരണഭയം വിതച്ച നാളുകളിലൂടെയാണ് നമ്മള്‍ കടന്നു പോന്നത്.അക്കാലത്ത് രാഷ്ട്രീയക്കാര്‍ എവിടെയായിരുന്നു? ദൈവങ്ങള്‍ എവിടെയായിരുന്നു? കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലത്ത് കേരളം മുഴുവന്‍ അടച്ചിട്ടിരുന്ന കാലത്ത് ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ രാഷ്ട്രീയക്കാരെ ഉണ്ടായിരുന്നൊള്ളു. ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശാനുസരണം അവരോട് സഹകരിച്ച് നാടെങ്ങും സാമൂഹ്യാടുക്കളകള്‍ തുടങ്ങാനും പട്ടിണിയിലാകുമായിരുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഭക്ഷണം നല്‍കാന്‍ രാഷ്ട്രീയക്കാരേ ഉണ്ടായിരുന്നുള്ളു. പിന്നീടത് മിണ്ടാപ്രാണികളായ മൃഗങ്ങള്‍ പക്ഷികള്‍ എന്നിവരിലേക്കുവരെ സഹായം എത്തി.അതോടൊപ്പം ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പലവ്യഞ്ജനങ്ങളും മരുന്നുകളും തീര്‍ന്നുപോയത് എത്തിച്ചു കൊടുക്കാനും മറ്റു ദൈനംദിന  ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാനും രാഷ്ട്രീയക്കാരേ ഉണ്ടായിരുന്നൊള്ളു താനും.അതിനാകട്ടെ    ഭരണപ്രതിപക്ഷ ഭേദമോ വ്യത്യാസമോ ഉണ്ടായിരുന്നില്ല താനും.

             പിന്നീട് ലോക്ഡൌണ്‍ കാലം അവസാനിച്ചപ്പോള്‍ ഭരണരാഷ്ട്രീയഭേദം തലപൊക്കിയെന്നതു മറക്കുന്നില്ല.നിയന്ത്രണങ്ങള്‍ പാലിച്ച് മറ്റു പ്രദേശങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരുന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടായിരുന്നത് മറക്കുന്നില്ല.ഒരു വിഭാഗം ഒരു നിയന്ത്രണവും പാലിക്കാതെ കേരളത്തിലേക്ക് ആളുകളെ തള്ളിക്കയറ്റി നിയന്തണങ്ങളില്‍ കേടുപാടുകള്‍ വരുത്തി രോഗവ്യാപനം കൂട്ടാന്‍ ശ്രമിച്ചതും അതിനെ മറ്റൊരു വിഭാഗം ഫലപ്രദമായി പ്രതിരോധിച്ചതും രാഷ്ട്രീയം തന്നെ.രണ്ടും കേരളത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നതിലും രണ്ടു പക്ഷമില്ല.ഇനിയുമൊരു കോവിഡ് തള്ളിക്കയറ്റമുണ്ടായാല്‍ ഇനിയും നമ്മുടെ രക്ഷക്കുതകുക ദൈവങ്ങളല്ല രാഷ്ട്രീയക്കാരാണെന്ന് ഞാന്‍ എവിടെ വേണമെങ്കിലും എഴുതിവച്ചു തരാം.

                  എന്നാല്‍ ഇക്കാലയളവില്‍ എന്തായിരുന്നു ദൈവങ്ങളുടെ ജോലി?അല്ലെങ്കില്‍ ദൈവത്തിന്‍റെ മുഖ്യ ഏജന്‍റുകളുടെ ജോലി? അവരൊക്കെ സ്വന്തം സുരക്ഷ കണക്കിലെടുത്ത് മാളത്തിലൊളിക്കുകയായിരുന്നില്ലേ? എല്ലാം സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും ദൈവങ്ങളായ സ്ഥിതിക്ക് എന്താണ് ദൈവങ്ങള്‍ക്ക് ഈ രോഗത്തെ ഇത്ര പേടിക്കേണ്ട കാര്യം?ഒന്നുകില്‍ ദൈവങ്ങള്‍ക്ക് ഈ പറയുന്ന ശക്തികള്‍ ഒന്നുംതന്നെയില്ല അല്ലെങ്കില്‍ ദൈവങ്ങള്‍ തന്‍റെ ശക്തികള്‍ അവരുടെ ഭക്തര്‍ക്കായി ഉപയോഗിക്കാന്‍ മടിക്കുന്നു. ഇതിലേതാണ് ശരി എന്നു പറയേണ്ടത് ദൈവങ്ങളുടെ ഏജന്‍റന്മാരായി നടിക്കുന്ന ന്യൂനപ്ക്ഷമാണ്.

                 അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ആപത്തു കാലത്ത് ദൈവങ്ങളേക്കാള്‍ നമുക്കുപകരിച്ചത് രാഷ്ടീയക്കാരേയാണ്. കാര്യം അല്‍പ്പം അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ അവര്‍ കാണിച്ചെന്നിരിക്കും.അവരും നമ്മളേപ്പോലെ മനുഷ്യരല്ലേ?നമ്മെ നയിക്കുന്ന അതേ വികാരങ്ങള്‍ തന്നെയാണ് അവരേയും നയിക്കുന്നത്.എന്നാല്‍ ദൈവങ്ങളുടെ കാര്യം അങ്ങനെയല്ലല്ലൊ വേണ്ടത്.അവര്‍ വികാരങ്ങള്‍ക്കും വിചാരങ്ങല്‍ക്കുമൊക്കെ അപ്പുറത്താണ് എന്നാണ് വയ്പ്പ്.എന്നാല്‍ സത്യമോ? ഏതൊരു കാര്യം അവരോടു പറയണമെങ്കിലും പറയുന്ന കാര്യത്തിനനുസരിച്ചുള്ള കൈക്കൂലി അവരുടെ മുബില്‍ വച്ചു കൊടുക്കണം.എന്നാല്‍ പോരും അത് പരിഹരിക്കപ്പെടുമെന്ന ഒരുറപ്പുമില്ല താനും.രാഷ്ട്രീയക്കാരന്‍ പണം പറ്റിയിട്ട് കാര്യങ്ങള്‍ നടത്തിത്തന്നില്ലെങ്കില്‍ അവന്‍റെ (1) മുഖത്തുനോക്കി പരത്തെറി വിളിക്കാം,(2) അയാളേക്കാള്‍ മുതിര്‍ന്ന നേതാക്കളെ കാര്യം ധരിപ്പിച്ചാല്‍ അവരിടപെട്ട് സമാധാനം ഉണ്ടാക്കും,(3) നിയമപരമായ നടപടികള്‍ സ്വീകരിക്കാം,(4) ഇക്കാലത്ത് സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായ കാലത്ത് അതുപയോഗിക്കാം.എന്നാല്‍ ദൈവം പണം പറ്റിയാല്‍ കാര്യം നടത്തിത്തന്നില്ലെങ്കില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?

                    ഇതൊക്കെ വച്ചുകൊണ്ട് ഞാന്‍ പറയുന്നു,കോഴിക്കോട് കളക്ടറേറ്റില്‍ നിന്നും പുറത്തുവന്ന തീരുമാനം അധാര്‍മ്മികമാണ്,നീതിനിഷേധമാണ്.അവരത് തിരുത്തണം.

1 comment :

  1. കോഴിക്കോട് കളക്ടറേറ്റില്‍ നിന്നും പുറത്തുവന്ന തീരുമാനം അധാര്‍മ്മികമാണ്,നീതിനിഷേധമാണ്.അവരത് തിരുത്തണം.

    ReplyDelete