ടിപ്പറപകടങ്ങള്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
വായനക്കാരോട് വാഗ്ദാനം ചെയ്തതനുസരിച്ച് ബുധനാഴ്ച പുതിയ കുറിപ്പെഴുതേണ്ടതായിരുന്നു.എന്നാല്‍ ചില തിരക്കുകള്‍ മൂലം കഴിഞ്ഞില്ല.വ്യാഴാഴ്ച വെളുപ്പിനേയാണ് ആ ദുരന്തം സംഭവിച്ചത്, പാലാരിവട്ടത്തെ ടിപ്പറപകടം. ഇതിനെ ദുരന്തമെന്നു വിളിക്കാമോ എന്നു പോലും എനിക്കു സംശയമുണ്ട്, കാരണം ഈ മട്ടിലോ ഇതിലും ഭീകരമായോ ഒരു പാടപകടങ്ങള്‍ ഇവിടെ നിത്യേനയെന്നോണം ഇവിടെ നടക്കുന്നു, പലതിലും ഒരു ഭാഗത്ത് ടിപ്പറുകളാണു താനും. ഇങ്ങനെ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നതിന് ദുരന്തം എന്നു പറയാറില്ലെന്നു തോന്നുന്നു.
എത്രയോ വട്ടം,എത്രയോ പ്രദേശങ്ങളില്‍, എത്രയോ സമയങ്ങളില്‍ ഇതേ പോലയോ ഇതിലും വലുതായോ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും നാം പാഠം പഠിക്കുന്നില്ല, കാരണം നമ്മള്‍ മലയാളികളല്ലേ ?.മലയാളികള്‍ ഒന്നില്‍ നിന്നും പാഠം പഠിക്കില്ലല്ലോ, അഥവാ പഠിച്ചാല്‍ നമ്മള്‍ മലയാളികളല്ലാതാവുമല്ലോ. പകരം ഏതോ സംസ്കാരമുള്ള പ്രദേശത്തെ ജനങ്ങളായിപ്പോകുമല്ലൊ.അതു പാടില്ല.
കേരളത്തില്‍ ടിപ്പറുകള്‍ വന്ന കഥ അറിയാമോ? എനിക്കും അറിയില്ല എങ്കിലും ഒന്ന് ആലോചിച്ചു നോക്കാം.ആദ്യകാലങ്ങളില്‍ ഭാരമുള്ള സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തെത്തിക്കാന്‍ ലോറികളാണുപയോഗിച്ചിരുന്നത്, ഇന്നും. പക്ഷെ പണ്ട് വണ്ടിയില്‍ ലോഡ് കയറ്റാനും ഇറക്കാനും മനുഷ്യാധ്വാനമാണ് ഉപയോഗിച്ചിരുന്നത്.അതായത് ചുമട്ട് തൊഴിലാളികള്‍. ഇത് മുതലാളിമാരെ സംബന്ധിച്ചിടത്തോളം ധാരാളം സമയ നഷ്ടവും പണനഷ്ടവും ഉണ്ടാക്കിയിരുന്നു. വണ്ടിയില്‍ ലോഡ് കയറ്റാനും ഇറക്കാനും ധാരാളം സമയം വേണം.പിന്നെ തൊഴിലാളിക്കു കൊടുക്കുന്ന കൂലിയും. എങ്കിലും വേറെ മാര്‍ഗമില്ലാത്തതിനാല്‍ ഇതു തന്നെ തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഫ്ലാറ്റ് സംസ്കാരം കേരളത്തിലേക്കെത്തിയത്. പെട്ടെന്ന് ഈ സംസ്കാരം കേരളത്തെ അടിമപ്പെടുത്തി. നിരവധി അനവധി ഫ്ലാറ്റുകള്‍ കൂണുകള്‍ പോലെ പൊങ്ങാന്‍ തുടങ്ങി.ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ വയലുകളും നീര്‍ത്തടങ്ങളും പുഴകളും കായലുകളും മണ്ണിട്ട് ഉയര്‍ത്താന്‍ തുടങ്ങി.കൂടാതെ പണി സ്ഥലത്തേക്ക് കൂടുതല്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിക്കേണ്ടി വന്നു, മണ്ണായും കല്ലായും കരിങ്കല്ലായും മറ്റും.സാധാരണ ലോറികളിലാണെങ്കില്‍ അതുണ്ടാക്കുന്ന സമയനഷ്ടവും ധനനഷ്ടവും ഒന്നു ചിന്തിച്ചു നോക്കൂ ( മുതലാളിമാര്‍ക്ക്).ഇവിടെയാണ് ദൈവദൂതരെപ്പോലെ ടിപ്പറുകള്‍ അവതരിക്കുന്നത്.
ടിപ്പറുകളുടെ ലോഡ് ബോഡി ഉയര്‍ത്താന്‍ കഴിയും.എന്നു വച്ചാല്‍ ജെ. സി. ബി. ഉപയോഗിച്ച് കയറ്റുന്ന ലോഡ് , അതെംതുമാകട്ടെ, ഇറക്കേണ്ടെടുത്തെത്തിയാല്‍ ഡ്രൈവര്‍ കാബിനിലിരുന്ന് ഒരു ലിവര്‍ വലിച്ചാല്‍ ഹൈഡ്രോളിക് സംവിധാനം വഴി ലോറിയുടെ ലോഡ്ബോഡി ചെരിച്ച് മുകളിലേക്കുയര്‍ത്താന്‍ കഴിയും. ഇതോടെ ലോറിയില്‍ കയറ്റിയ സാധനങ്ങള്‍ വളരെ പെട്ടെന്ന് താഴെ ഇറക്കാന്‍ കഴിയും. ധനലാഭം,സമയലാഭം.ഇതാണ്, ഏതാണ്ട് ഇതാണ് ടിപ്പര്‍.
അങ്ങനെ ടിപ്പറുകള്‍ കേരളത്തിന്റെ നെഞ്ചിലൂടെ ചിന്നവും വിളിച്ച് തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി.ശക്തി കൂടിയ എഞിന്‍,ഓടിക്കാനും നിയന്ത്രിക്കാനും തിരിക്കാനും വളരെയെളുപ്പത്തിന് പവര്‍ സ്റ്റിയരിംഗ്, സ്പീഡ് കുറക്കാന്‍ ശക്തി കൂടിയ പവര്‍ ബ്രേക്ക് , വഴിയാത്രക്കാരേയും മറ്റു വാഹനങ്ങളേയും ഓടിക്കാന്‍ ചെകുത്താന്റെ കൂവലുപോലുള്ള ഹോണും കൂടിയാല്‍ ഇന്നത്തെ ടിപ്പറായി.
കേരളത്തിലെ കുന്നായ കുന്നുകളെല്ലാം ടിപ്പറുകളില്‍ കയറി വയലുകളിലേക്കും വെള്ളക്കെട്ടുകളിലേക്കും ഒഴുകി.എതിര്‍ക്കുന്നവനെ പണം കൊണ്ടും, മദ്യം കൊണ്ടും,പെണ്ണുകൊണ്ടും ഒതുക്കി,എന്നിട്ടും ഒതുങ്ങാത്തവനെ വണ്ടി കയറ്റി കൊന്നും ടിപ്പറുകള്‍ തേര്‍വാഴ്ച ആരംഭിച്ചു. സാധാരണഗതിയില്‍ വണ്ടിയില്‍ വരുന്ന മണ്ണിന്റെ അളവ് (volume) എടുത്തിട്ട് അതിന്റെ അളവിനാണ് കൂലി. അപ്പോഴൊരു പ്രശ്നം. വണ്ടിയില്‍ വരുന്ന മണ്ണിന്റെ അളവ് കൂടുന്നു, പിന്നെ ആരോഗ്യമുള്ള നല്ല പുതിയ വണ്ടി കുറച്ചുകൂടി കൂടുതല്‍ ട്രിപ്പെടുത്താല്‍ കൂടുതല്‍ ലോഡ് സൈറ്റിലെത്തും,ലോറിയുടമസ്ഥന് കൂടുതല്‍ ലാഭം,ഡ്രൈവര്‍ക്ക് കൈ നിറയെ കാശ്. ഹാ‍ഹ എന്തൊരു സുഖം,സൌകര്യം.ഈ കാര്യം വളരെ വേഗം പ്രചാരത്തിലായി. മണ്ണിന്റെ അളവിനു മാത്രമല്ല, എടുക്കുന്ന ട്രിപ്പുകള്‍ക്ക് കൂടിയായി കാശ്.അപ്പോഴെന്തു വേണം, കൂടുതല്‍ ട്രിപ്പെടുക്കണം.അതിനു കൂടുതല്‍ ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍,അല്പസ്വല്പം മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന്,പിന്നെ ഹാന്‍സ് നിര്‍ബന്ധം. രണ്ടു പാക്കറ്റ് ഹാന്‍സ് ഒന്നിച്ച് പൊട്ടിച്ച് വായിലേക്കിടും,കീഴ്ചുണ്ടിന്റേയും മോണയുടേയും ഇടയില്‍. അതുണ്ടാക്കുന്ന ലഹരിയില്‍ വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് ചീറിപായ്യാന്‍ തുടങ്ങി.അതുപോലെ ആക്സിഡന്റുകളും പെരുകാന്‍ തുടങ്ങി.ഇന്ന് 10 ട്രിപ്പെടുക്കുന്ന ടിപ്പറ് നാളെ 15 ട്രിപ്പെടുക്കണം,അതു പറ്റിയില്ലെങ്കില്‍ 14 എങ്കിലും വേണം.പറ്റില്ലെങ്കില്‍ പൊക്കോ, നീവേണ്ടാ,എനിക്ക് പകരം ധാരാളം ഡ്രൈവര്‍മാരെ കിട്ടാനുണ്ട്. ഇതാണ് വാഹന ഉടമകളുടെ പോളിസി.ഇതോടെ ഡ്രൈവര്‍മാരും ഉഷാറായി.ഹാന്‍സടിച്ചുള്ള ലഹരിയില്‍ ഡ്രൈവറുടെ മുന്നിലെ തടസ്സങ്ങളെല്ലാം അപ്രത്യക്ഷമാകുന്നു,വണ്ടി ചീറിപ്പായുന്നു,ചിലത് ലക്ഷ്യത്തിലെത്തുന്നു,ചിലത് മറ്റു വാഹനങ്ങളുടെയും യാത്രക്കാരുടേയും പുറത്തേക്കു കയറുന്നു.
അങ്ങനെ ടിപ്പറുകള്‍ കേരളത്തിന്റെ, കേരളീയന്റേയും നെഞ്ചിലൂടെ ചെകുത്താന്‍ കൂവലുമായി തലങ്ങും വിലങ്ങും ഓടിക്കൊണ്ടേയിരിക്കുന്നു.
ഇതിനെതിരേ വന്ന സര്‍ക്കാരിന്റെ പ്രതിരോധം ദുര്‍ബലമായിരുന്നു.ലാഭാധിഷ്ഠിതമായ വ്യവസ്ഥിതി മുഴുവന്‍ ഒന്നു ചേര്‍ന്ന് സര്‍ക്കാരിനെ ഒറ്റപ്പെടുത്തി എന്നു പറയുന്നതാവും ശരി.ആദ്യം സര്‍ക്കാര്‍ വേഗനിയന്ത്രണസംവിധാനം(speed governor) നിര്‍ബന്ധിതമാക്കി വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിച്ചു.(speed governor നിര്‍ബന്ധിതമാക്കിയത് സുപ്രീം കോടതിയാണ് - എല്ലാ വലിയ വാഹനങ്ങള്‍ക്കും.പിന്നീട് ഗവണ്മെന്റ് അത് ടിപ്പറുകള്‍ക്ക് കൂടി ബാധകമാക്കുകയായിരുന്നു.) പക്ഷെ അത് തുടക്കത്തിലേ പാളിപ്പോയി.കാരണം രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോഴും മറ്റ് ടെസ്റ്റുകള്‍ക്ക് വരുമ്പോഴും ഉണ്ടാകുന്ന സ്പീഡ് ഗവര്‍ണര്‍ ഓഫീസിന്റെ മതിലു കഴിഞ്ഞാല്‍ അഴിച്ചു മാറ്റപ്പെടും.പോലീസിനും അധികാരികള്‍ക്കും എപ്പോഴും ഇതു തന്നെ നോക്കിയിരിക്കാന്‍ പറ്റുമോ?.പിന്നീട് വന്ന സംബ്രദായമായിരുന്നു സമയനിയന്ത്രണം. റോഡില്‍ തിരക്കുള്ള സമയത്ത് ടിപ്പര്‍ ലോറികള്‍ കയറ്റിയിടുക എന്നതാണ് അത്. രാവിലെ 8.30 മുതല്‍ 11.മണിവരേയും വൈകീട്ട് 3 മണി മുതല്‍ 6 മണിവരേയും. ഈ സമയത്ത് നഷ്ടപ്പെട്ട ഓട്ടം മുതലാക്കാന്‍ വീണ്ടും സ്പീഡിലോടിക്കും അപകടത്തില്‍ ചാടുകയും ചെയ്യും. അതുപോലെ തന്നെ രാത്രി ലോഡെടുക്കാനുള്ള ഒരു പ്രവണതയും കാണുന്നു.രാത്രിയാകുമ്പോഴുള്ള ഒരു ഗുണം ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടെന്നുള്ള മിഥ്യാധാരണയാണ്. എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് രാത്രി 8 മണി കഴിഞ്ഞാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടെന്നാണ്. (അതു ശരിയല്ല,എപ്പോഴും രാത്രിയില്‍ പോലും പാലിക്കാനുള്ളതാണ് ട്രാഫിക് നിയമം.)ഇങ്ങനെ ട്രാഫിക് നോക്കാതെ അമിത വേഗതയില്‍ വരുന്ന വണ്ടികളാണ് അപകടം വരുത്തി വൈക്കുന്നത്.(പാലാരിവട്ടം അപകടവും ഇങ്ങനെയാണെന്നു തോന്നുന്നു.)
ഇനി അപകടം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?.എല്ലാ അപകടങ്ങള്‍ക്കു ശേഷവും ഇങ്ങനെയൊരു ചിന്ത വരാറുണ്ട്,പലതും ചെയ്യാറുണ്ട്,കുറേ കഴിയുമ്പോള്‍ ഇതെല്ലാവരും മറക്കാറുമുണ്ട്.എന്നാല്‍ ദീര്‍ഘകാലാടിസ്ത്ഥാനത്തില്‍ അപകടം കുറക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?ചില കാര്യങ്ങള്‍ ചിന്തിക്കാനായി വിട്ടുതരുന്നു:-
1.സ്പീഡ് ഗവര്‍ണര്‍ ഊരിയിട്ട് ഓടിക്കുന്ന വണ്ടികളുടെ പെര്‍മിറ്റ് മിനിമം 6 മാസത്തേക്കെങ്കിലും തടഞ്ഞു വൈക്കുക.അതിമേല്‍ ശുപാര്‍ശകള്‍ കണക്കിലെടുക്കാതിരിക്കുക.
2.എല്ലാ വണ്ടികളിലും ജി.പി.എസ്. സിസ്റ്റം ഘടിപ്പിക്കുക.ഓരോ വണ്ടിയുടേയും ഓട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇതിലൂടെ ലഭിക്കും.മാസത്തിലൊരിക്കല്‍ ആ ലിസ്റ്റ് നോക്കി നടപടികളെടുക്കുക.റോഡ് ചെക്കിങ് ഇല്ലെങ്കിലും ഓവര്‍സ്പീഡ് പോലുള്ള കാര്യങ്ങള്‍ക്ക് ശിക്ഷ കിട്ടുമെന്ന് വന്നാല്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കുറയും.
3.മദ്യപിച്ചും മയക്കുമരുന്നും കഴിച്ച് വണ്ടിയോടിക്കുന്നവരുടെ ലൈസന്‍സില്‍ ആ വിവരം രേഘപ്പെടുത്തൂക.ഇത്തരക്കാരെ ടിപ്പറോ ബസ്സോ പോലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കാതിരിക്കുക.
4.റോഡ് ചെക്കിങ് ഊര്‍ജിതമാക്കുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്യുക.
തല്‍കാലം നിറുത്തട്ടെ; ബുധനാഴ്ച്ച വീണ്ടും കാണാം.
വിശ്വസ്ത്ഥതയോടെ
യെം യെസ് യെം.

No comments :

Post a Comment