മാധ്യമങ്ങള്‍

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
മുല്ലാ നാസറുദ്ദീന്‍ കഥകളുടെ കൂടെ മുല്ല ന്യായാധിപനായി വാണ ഒരു കഥയുണ്ട്.ന്യായാധിപനായ ശേഷം ആദ്യത്തെ കേസ്, വാദി വന്ന് പ്രശ്നങ്ങള്‍ മുഴുവന്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥമായിത്തന്നെ മുല്ല പറഞ്ഞു : നിങ്ങള്‍ പറയുന്നതു ശരിയാണ്. അപ്പോള്‍ പ്രതി ഉടനെ അങ്ങേരുടെ വശം സത്യസന്‍ധമായി വിവരിച്ചു. അതു മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോഴും മുല്ല പറഞ്ഞു : താങ്കള്‍ പറയുന്നതും തികച്ചും ശരിയാണ്. അതു കേട്ട് രോഷാകുലനായി കോടതി ഗുമസ്തന്‍ ദേഷ്യത്തോടെ ചോദിച്ചു : അതെങ്ങനെ ശരിയാകും?.അപ്പോഴും മുല്ല പറഞ്ഞു, താങ്കള്‍ പറയുന്നതും തികച്ചും ശരിയാണ്.
ഏതാണ്ട് ഈ കഥയെ അനുസ്മരിപ്പിക്കുംവിധമാണ് നമ്മുടെ പല മുഖ്യധാരാമാധ്യമങ്ങളും കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവരുടെ ഇഷ്ടജനങ്ങള്‍ക്ക് അനുകൂലമായിട്ടല്ലാത്ത വാര്‍ത്തകളേ ഇവര്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഭാവിയില്‍ ചരിത്രവിദ്യാര്‍ദ്ധികള്‍ക്ക് ഒരു പാഠമെന്ന നിലയില്‍ ഇപ്പോള്‍ നടക്കുന്ന പല റിപ്പോര്‍ട്ടുകളേയും ശേഖരിച്ചു വൈക്കാവുന്നതാണ്. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന ഒരു സ്റ്റൈലാണ് ടു ജി സ്പെക്ട്രം അഴിമതിയുടെ റിപ്പോര്‍ട്ടിങ്ങില്‍ കാണുന്നത്.
1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന് ആദ്യമായി പറഞ്ഞതു സി എ ജി യാണ്.ആ വിവരം നമ്മുടെ മെയിന്‍ ദൃശ്യ വാര്‍ത്താ മാദ്ധ്യമങ്ങളൊന്നുമല്ല ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ആദ്യമാദ്യം മുഖ്യമാദ്ധ്യമങ്ങളതു മറച്ചു വൈക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കാര്യം പതുക്കെ പതുക്കെ കത്തിക്കയറുന്നതു കണ്ടപ്പോള്‍ ഒരു നിവൃത്തിയുമില്ലാതെ അവരതു ഉള്‍പേജിലും മറ്റുമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.അപ്പോഴും തങ്ങളുടെ മാനസപുത്രന്മാര്‍ അഴിമതി നടത്തിയെന്നോ അഴിമതിക്കാരാണെന്നോ ഒരു സൂചന പോലും നല്‍കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.ഈ പ്രശ്നത്തില്‍ ജെ പി സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിച്ചപ്പോള്‍ (അതിപ്പോഴും തുടരുകയാണ്.) ഒരു ദിവസം പാര്‍ലമെന്റ് സ്തംഭിച്ചാല്‍ നമ്മുടെ നാടിന്റെ നഷ്ടം 9.5കോടി രൂപയാണെന്നുവരെ അതിനുത്തരവാദി പ്രതിപക്ഷമാണെന്ന നിലയില്‍ അവര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഇതു മാത്രമല്ല പ്രശ്നം. റിപ്പോര്‍ട്ടിങ്ങില്‍ അടിമുടി മാധ്യമങ്ങളെല്ലാം പുലര്‍ത്തിയിരുന്ന ഒരു വികാരമുണ്ട്,: നിസ്സംഗത അടിമുടി നിസ്സംഗത.അവര്‍ 1.76 ലക്ഷം കോടി ര്‍ഊപയുടെ അഴിമതി നടത്തിയെന്ന് സി ജി പറയുന്നു,അതിനെന്താ മന്ത്രിയെ പുറത്താക്കിയില്ലെ, പിന്നെന്തിനാ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്? ജനങ്ങളുടെ കാശല്ലെ നഷ്ടപ്പെടുന്നത്, എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്.എന്തൊരു നിസ്സംഗതയാണെന്നു നോക്കൂ. ജനങ്ങളെ ഞങ്ങള്‍ അവരുടെ കൂടെയല്ല, നിങ്ങളുടെ കൂടെയാണെന്ന് എനിക്കു പറയുവാന്‍ പറ്റുന്നില്ല എന്നറിയാമല്ലോ?.അതുകൊണ്ട് ഞങ്ങള്‍ നിഷ്പക്ഷരാണ് സുഹ്രുത്തുക്കളേ നിഷ്പക്ഷര്‍. ഇതാണവരുടെ നാട്യം.
നമ്മുടെ പൊതു ഖജനാവിലേക്ക് കിട്ടേണ്ടിയിരുന്ന 1.76ലക്ഷം കോടി രൂപ ( ചില്ലറ കാശൊന്നുമല്ല, 1
.76ലക്ഷം കോടി എന്ന് ഊഹിക്കാന്‍ പോലും പറ്റാത്തവരാണ് പാവങ്ങളായ നമ്മള്‍) യാണ് നമ്മുടെ പ്രധാന മന്ത്രിയും ഒക്കെ അറിഞ്ഞുകൊണ്ട് സ്വകാര്യകമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തത്. ഇവിടെയാണ് നമ്മുടെ മാധ്യമങ്ങളുടെ നിഷ്പക്ഷത എന്നോര്‍ക്കണം.ഇത്രത്തോളം ഹീനമായ ദാസ്യവൃത്തി മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതു കാണുമ്പോള്‍ ഒരു .............. നമുക്ക് തോന്നുന്നില്ലേ?
ഇതു പോലെ നമ്മുടെ മാധ്യമങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ച മറ്റൊരു കാര്യം കൂടി ഒന്നു ചൂണ്ടികാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയആണ്. ഇത്രയും കാലം നമ്മളൊക്കെ ധരിച്ചു വച്ചിരുന്നത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും എം.പി മാരും ഒക്കെ കൂടിയിരുന്നാണ് മന്ത്രിമാരേയും മറ്റും തിരഞ്ഞെടൂക്കുന്നതെന്നായിരുന്നു. പക്ഷെ അടുത്തകാലത്ത് പുറത്തു വന്ന ചില റ്റെലഫോണ്‍ സംഭാഷണങ്ങളുടെ റ്റേപ്പുകള്‍ പറയുന്നത് അതങ്ങനെയല്ല സംഭവിക്കുന്നതെന്നാണ്.ഇതും പുറത്തു കൊണ്ടുവന്നത് മുഖ്യധാരാമാധ്യമങ്ങളല്ല പുറമ്പോക്കില്‍ കഴിയുന്ന ഏതോ മാധ്യമമാണെന്നോര്‍ക്കണം.കോര്‍പറേറ്റ് തലവന്മാര്‍ ( ആഗോളവല്‍ക്കരണം ഇന്ഡ്യാവല്‍ക്കരണമായി മാറിയപ്പോള്‍ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിലൊന്നാണ് ഇത്.) അവര്‍ക് താല്പര്യമുള്ളവരെ മന്ത്രിമാരാക്കാന്‍ മുന്നിട്ടിറങ്ങും, ( താല്പര്യം വരുന്നതെങ്ങനെയെന്നത് മറ്റൊരു രഹസ്യം), അതു നടപ്പിലാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനെ പാട്ടിലാക്കാന്‍ , നേതൃത്വത്തിനു വേണ്ടത് കണ്ടറിഞ്ഞ് ഓഫര്‍ ചെയ്യാന്‍ ഇടനിലക്കാരുണ്ടത്രെ. മറ്റു രാജ്യങ്ങള്‍ക്കായി നമ്മുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഒരു രഹസ്യ ഏജന്റ് നീരാ റാഡിയയാണവരുടെ നേതാവ്. കൂട്ടിന് നമ്മുടെ വീരശൂരപരാക്രമികളായ ഭരണാധിപന്മാരെ എഴുതി കൊല്ലുന്ന സിംഹങ്ങളായ പത്രക്കാരും ( ഇവിടെ നമ്മുടെ മുഖ്യധാരക്കാര്‍ പിന്നോക്കം പോയില്ലെന്നോര്‍ക്കണം.)
ആദ്യം നമ്മള്‍ കേട്ടത് paid news syndromഎന്നതാണ്. അതായത് കാശുവാങ്ങി വാര്‍ത്ത കൊടുക്കുന്നു എന്ന്. കൊട്ടാരം കള്ളനായ സുകുമാരക്കുറുപ്പിനെക്കുറിച്ച് അയാള്‍ സത്യസന്‍ധനും ഹരിശ്ചന്ദ്രന്റെ മകനും ആണെന്ന് വാര്‍ത്ത വരണോ കാശു കൊടുത്താല്‍ മതി, പറയുന്ന കാശ്.അടുത്ത ഘട്ടം നാട്ടിലെ കഴുത്തറപ്പന്‍ ബ്ലേഡ് കമ്പനി നല്ല ജനസേവന കമ്പനിയാണെന്നും അവരുടെ ഷെയര്‍ വില കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്ത വരണോ? പത്ര മുതലാളിക്ക് ബ്ലേഡ് കമ്പനിയില്‍ ഷേയര്‍ കൊടുത്താല്‍ മതി.അതും കഴിഞ്ഞ് മൂന്നാം ഘട്ടം - നേരത്തേ പറഞ്ഞ കോര്‍പറേറ്റ് വേശ്യാവൃത്തി.നമ്മള്‍ പൊതുജനം - കോമണ്‍ മാന്‍ - ആം ആദ്മി - ഇതുവല്ലതുമറിയുന്നുണ്ടോ?
ശരി; ഇതവിടെ നില്ക്കട്ടെ !. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതു പോലെ പണ്ടൊരു സി ജി റിപ്പോര്‍ട്ട് പുറത്തു വന്നു. അതു തന്നെ, ലാവ്ലിന്‍ തന്നെ. സി ജി പറഞ്ഞു ( എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്,വിശദാംശങ്ങളിലേക്ക് പോകുന്നില്ല.) ലാവലിന്റെ സഹായത്തോടെ ചെയ്ത പണിയില്‍ മുടക്കുമുതലിനനുസരിച്ച് വരവുണ്ടായില്ല എന്ന്.അതിനു നമ്മുടെ ഇലക്ട്രിസിറ്റി ബോര്‍ഡ് തെളിവായി കണക്കുകള്‍ വച്ച് അതിനു മറുപടി പറയുകയും ജി അത് അംഗീകരിക്കുകയും ചെയ്തു.പിന്നീടാണ് ഇതിന്റെ ഏതോ ഒരു ഘട്ടത്തില്‍ ശ്രി.പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നെന്ന്. അതോടെ നമ്മുടെ പത്രങ്ങളെല്ലാം ചാടിയിറങ്ങി.പിന്നെ പറയാത്ത നുണകളില്ല,അസത്യങ്ങളില്ല.പിണറായിക്ക് വന്ന് വന്ന് സിങ്ങ്ഗപ്പൂരില്‍ രണ്ടാം ഭാര്യയുണ്ടെന്നു വരെ പറഞ്ഞു കളഞ്ഞു പത്രങ്ങള്‍.എന്തെല്ലാം വലിച്ചു വാരിയിട്ട് അലക്കി പത്രങ്ങള്‍ എന്ന് അവര്‍ക്ക് പോലും അറിയില്ല.പിണറായിക്ക് സിംഗപ്പൂരില്‍ ബിസിനെസ്സ്,കൊട്ടാരം പോലത്തെ വീട്,വരദാചാരിയുടെ തല, മറ്റവന്റെ മറ്റത്.എന്തെല്ലാമായിരുന്നു അവര്‍ വലിച്ചു വാരിയിട്ടത്. ആദ്യം കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു,പിന്നെ മഹത്തായ സി ബി അന്വേഷിച്ചു, ഇനിയിപ്പൊ ഇന്റര്‍ പോളിനു വിടാന്‍ പോകുന്നു.ഇത്രയൊക്കെ അന്വെഷിച്ചിട്ടും പിണറായിയോ പിണറായിയുടെ ആളുകളോ ഒരു നയാപൈസയുടെ പോലും അഴിമതി കാട്ടിയെന്നതിനു തെളിവില്ലെന്നും.
അപ്പോ പത്രങ്ങളായ പത്രങ്ങളൊക്കെ എഴുതി കൂട്ടിയതോ, ഇപ്പോഴും എഴുതുന്നതോ? ആരെങ്കിലും എന്തെങ്കിലും ഇതു ചോദിക്കുന്നുണ്ടോ? വരദാചാരിയുടെ തല എന്നു പാടിക്കൊണ്ടിരുന്ന പത്രങ്ങളൊക്കെ പ്ലേറ്റ് മാറ്റി വച്ചപ്പോള്‍ വായനക്കാരും പ്ലേറ്റ് മാറ്റി എന്നല്ലാതെ നിങ്ങള്‍ക്കെവിടുന്നീ നുണ കിട്ടി എന്നോ നുണയാണെന്നു തെളിഞ്ഞിട്ട് എന്താണൊരു സോറി പോലും ആരും പറയാതിരുന്നെന്നും ഒരു വായനക്കാരനും ചോദിച്ചു കേട്ടില്ല.
എന്താത്? നമുകത്രക്ക് ആണത്വമില്ലെ? നമ്മളാരും നട്ടെല്ലുള്ളവരല്ലേ? നമ്മുടെ നട്ടേല്ല് നമ്മളാര്‍ക്കാണ് പണയം വച്ചിരിക്കുന്നത്?
തല്‍കാലം നിറുത്തട്ടെ; ബുധനാഴ്ച്ച വീണ്ടും കാണാം.
വിശ്വസ്ത്ഥതയോടെ
യെം യെസ് യെം.
Post a Comment