ഒരു മഹാഭാരത കഥ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഇത്തവണ മഹാഭാരതത്തില്‍ നിന്നാകട്ടെ അടുത്ത പോസ്റ്റ്.
അങ്ങനെ ഖാണ്ഡവദഹനം ആരംഭിച്ചു.അഗ്നി ദേവന്റെ അസുഖം മാറാനായി അര്‍ജുനനെ പറ്റിച്ച് സമ്മതവും വാങ്ങി അഗ്നിദേവന്‍ ഖാണ്ഡവവനത്തെ ആര്‍ത്തിയോടെ വാരി വാരി വിഴുങ്ങാ‍ന്‍ ആരംഭിച്ചു. നാലുപാടുനിന്നും ആര്‍ത്തു വരുന്ന തീനാളങ്ങള്‍ കണ്ട് മൃഗങ്ങളും പക്ഷിക്കൂട്ടങ്ങളും പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിക്കാന്‍ തുടങ്ങി,പക്ഷെ എവിടേക്ക്. അവയെല്ലാം കൂട്ടത്തോടെ കത്തിയെരിയാന്‍ തുടങ്ങി.ആകാശത്തെ വെല്ലുവിളിച്ചുകൊണ്ട് തലയുയര്‍ത്തി നിന്ന വന്മരക്കൂട്ടങ്ങള്‍ പച്ചയോടെ തന്നെ കത്തിയെരിയാന്‍ തുടങ്ങി.
ഇവിടെയാണ് ജരിത വരുന്നത്, ഒരു പാവം കൊച്ചുകിളി.കൂട്ടില്‍ പറക്കാനറിയാത്ത മൂന്നു നാലു കൊച്ചു കുഞ്ഞുങ്ങളും മാത്രം.ഭര്‍ത്താവ് തീറ്റ തേടി ദൂരെയെവിടയോ പോയിരിക്കുകയാണ്. ഇനിയും തിരിച്ചെത്തിയിട്ടില്ല. പാവം ആ കൊച്ചു കിളിക്കെന്തു ചെയ്യാനാകും?ആനക്കൂട്ടങ്ങള്‍ പോലും രക്ഷ കിട്ടാതെ ഓടിയകലുമ്പോഴാണ് ഒരു പാവം കൊച്ചുകിളി, കൂട്ടില്‍ കുഞ്ഞുങ്ങളും, ഭര്‍ത്താവാണെങ്കിലോ ദൂരെയും.തീനാളം ആര്‍ത്തട്ടഹസിച്ച് നാലുപാടു നിന്നും ആഞ്ഞടുത്തുകൊണ്ടിരിക്കുകയും.
പെട്ടെന്നാണ് അവള്‍ക്കൊരു ബുദ്ധി തോന്നിയത്. ഈ സമയത്ത് മറ്റൊന്നുംചെയ്യാനാകില്ലെന്നവള്‍ക്കറിയാം.സഹായത്തിനവള്‍ കുറേ കേണു നോക്കിയതാണ്. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ആരും അവളുടെ രോദനം കേട്ട മട്ടു വച്ചില്ല.അപ്പോഴാണ് അവള്‍ക്കാ ബുദ്ധി തോന്നിയത്. മക്കളെ കൂട്ടിനകത്ത് വലിയ പ്രശ്നം വരാത്ത രീതിയില്‍ ഇരുത്തിയ ശേഷം അവള്‍ പുറത്തേക്ക് പറന്നു, അടൂത്തു കൂടി ഒഴുകുന്ന അരുവിയിലേക്ക്. സ്വന്തം ചിറകുകളും വാലും ശരീരവും അവളാ വെള്ളത്തില്‍ നനച്ചെടുത്ത് തീയിലേക്ക് ഉയര്‍ന്നു പറന്നു തീക്കു മുകളില്‍ നിന്ന് അവള്‍ ശരിരം ആഞ്ഞു കുടഞ്ഞൂ.ഇതു പലവട്ടം ചെയ്തു.തീ കെടുന്നോ ഇല്ലയോ എന്നവള്‍ നോക്കിയില്ല പക്ഷേ ഇതല്ലാതെ വേറൊന്ന് ചെയ്യാനവള്‍ക്ക് ആവില്ലെന്നവള്‍ക്കറിയാം.
ശരീരം തളര്‍ന്നു തുടങ്ങിയെങ്കിലും പറ്റാതായിത്തുടങ്ങിയെങ്കിലും അവള്‍ ആ പണി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇടക്കാണവള്‍ ശ്രദ്ധിച്ചത്, ഒരാള്‍ അവളെ സാകൂതം നോക്കി നില്‍ക്കുന്നു ആതീക്കിടയിലും. ആദ്യമാദ്യമവളൊന്നുംശ്രദ്ധിച്ചില്ല, പിന്നെയവള്‍ക്കു തോന്നി അയാള്‍ തന്നോടെന്തോ പറയുന്നുണ്ടല്ലോ എന്ന്.അയാള്‍ ചോദിക്കുകയാണ് “ഹേയ് കിളി, നീ എന്താണിവ്വിടെ കാണിച്ചുകൊണ്ടിരിക്കുന്നത്?നിനക്ക് തോന്നുന്നുണ്ടോ ഈ തീ കെടുത്താന്‍ നിനക്കാവുമെന്ന്?”അവള്‍ ആവും വിധം വിനയത്തോടെ ചോദിച്ചു “ അങ്ങാരാണാവോ”
“ഞാനോ, ഞാനാണ് മഴയുടേയും സമുദ്രത്തിന്റേയും ദേവനായ വരുണന്‍” അയാള്‍ പറഞ്ഞു. കിളിക്കിതു കേട്ടപ്പോള്‍ ദേഷ്യം ഇരച്ചു കയറി. “ഹേ മനുഷ്യാ നിങ്ങളീ കാടു കത്തിക്കയറുന്നതു കാണുന്നില്ലേ? ഞാന്‍ പോലും ഇത്രയധികം അധ്വാനിക്കുമ്പോള്‍ ചുമ്മാ കയ്യും കെട്ടി നോക്കി നില്‍കാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക്?“
അതേ സുഹൃത്തുക്കളെ കാടു മാത്രമല്ല നാടും കത്തിയെരിയുകയാണ്, അക്ഷരാര്‍ത്ഥത്തിലല്ലെന്നു മാത്രം.നമ്മളതു കണ്ടു കയ്യും കെട്ടി നില്‍ക്കണോ?

1 comment :

  1. ലജ്ജയില്ലേ മനുഷ്യാ നിനക്ക് ?

    ReplyDelete