ഹാപ്പി കൃസ്തുമസ്

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പഴയ ഒരു ടോള്‍സ്റ്റോയ് കഥ കേട്ടിട്ടില്ലെ?. പണ്ട് പണ്ട് റഷ്യയില്‍ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് പീറ്റര്‍ എന്നൊരു ചെരുപ്പുകുത്തി ഭാര്യയും മക്കളുമായി ഒരു കൊച്ചു കുടിലില്‍ കഴിഞ്ഞിരുന്നു. വളരെ ദരിദ്രമായ ആ പ്രദേശത്ത് രാവിലെ മുതല്‍ വൈകീട്ട് വരെ കുത്തിയിരുന്ന് പണിയെടുത്താല്‍ വളരെ തുച്ചമായ ഒരു തുകയേ കിട്ടുമായിരുന്നുള്ളു.അതു തന്നെ പീറ്ററിന് മദ്യപിക്കാന്‍ തികയുമായിരുന്നില്ല. വൈകീട്ട് മദ്യപിച്ച് വന്ന് ഭാര്യയേയും മക്കളേയും തല്ലും ഇടിയും നടത്തി ക്ഷീണിച്ച് കിടന്നുറങ്ങി രാവിലെ വീണ്ടൂം പണിക്കിറങ്ങുക എന്നതായിരുന്നു പീറ്ററിന്റെ ദിനചര്യ.
അങ്ങനെയിരിക്കെ നാട്ടില്‍ നടപ്പു ദീനം വന്നു ആയിരക്കണക്കിന് ആളുകള്‍ മരിച്ച കൂട്ടത്തില്‍ പീറ്ററിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. അങ്ങനെ ഭാര്യയും മക്കളും മരിച്ച് ഒറ്റക്കായതോടു കുടി പീറ്റര്‍ ആളാകെ മാറിപ്പോയി. ഞായറാഴ്ചയോ പെരുന്നാള്‍ ദിവസങ്ങളില്പോലുമോ പള്ളിയില്‍ പോകാത്ത,ബൈബീള്‍ വായിക്കാത്ത പീറ്റര്‍ ബൈബിള്‍ നിലത്തു വൈക്കാത്ത സ്ഥിതിയായി. പണി ചെയ്യുമ്പോള്‍ പോലും അടുത്തൊരിടത്ത് കാണാന്‍ പാകത്തിന് ബൈബിളും വൈച്ച് വായിച്ചു കൊണ്ടാണ് ഇപ്പോള്‍ പീറ്റര്‍ പണിയെടുക്കുന്നതു പോലും.അയല്‍ പക്കങ്ങളില്‍ കടന്നു ചെല്ലാനും അവിടത്തെ കാര്യങ്ങളന്വേഷിക്കാനും പീറ്റര്‍ സമയം കണ്ടെത്തി. ചുരുക്കി പറഞ്ഞാല്‍ കുടുംബമില്ലാതായതിനുശേഷം പീറ്ററിന്റെ ജീവിതം തന്നെ ബൈബിളിനും യേശുവിനും സമര്‍പ്പിക്കപ്പെട്ടതായി.
അങ്ങനെയിരിക്കെ ഒരുനാള്‍ പണിയെല്ലാം കഴിഞ്ഞ് ബൈബിളും വായിച്ച് കിടക്കുകയായിരുന്നു പീറ്റര്‍. പുറത്താണെങ്കിലോ സൈബീരിയായിലെ മഞ്ഞുകാലവും.അങ്ങനെ വായിച്ചുകിടന്ന് പതിവു പോലെ പീറ്റര്‍ മയങ്ങിപ്പോവുകയും ചെയ്തു. പെട്ടെന്ന് തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ യേശുവാണെന്ന് തിരിച്ചറിഞ്ഞ പീറ്റര്‍ ചാടിയെഴുനേറ്റ് വന്ദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പീറ്ററിനോട് പറഞ്ഞൂ, പീറ്ററേ നിന്റെ ഭക്തിയില്‍ ഞാന്‍ സന്തോഷവാനാണ്, ഒരുങ്ങിയിരുന്നോളൂ പീറ്റര്‍ നിന്നെ കാണാനായി ഞാന്‍ നാളെ വരുന്നുണ്ട്.അതേപോലെ തന്നെ പുഞ്ചിരിയോടെ അദ്ദേഹം അപ്രത്യക്ഷനാകുകയും ചെയ്തു.പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോഴാണ് പീറ്ററിന് മനസ്സിലായത് ഇതുവരെ കണ്ടതൊക്കെ സ്വപ്നമായിരുന്നെന്ന്. ഏതായാലും ഇനി ഉറങ്ങണ്ട, ബൈബിള്‍ വായിക്കാം എന്നു തീരുമാനിച്ച പീറ്റര്‍ വിളക്കു കൊളുത്തി വായനയില്‍ മുഴുകുകയും ചെയ്തു.
അങ്ങനെ കുറേ സമയം കഴിഞ്ഞു, പിറ്റര്‍ വായനയില്‍ത്തന്നെ.അപ്പോഴാണ് പുറത്ത് ഒരു ചുമയും ഏങ്ങി ഏങ്ങി ശ്വാസം വലിക്കുന്ന ഒച്ചയും പീറ്റര്‍ കേട്ടത്. കതകു തുറന്ന പീറ്റര്‍ കണ്ടത് റോഡ് അടിച്ചു വാരുന്ന കിഴവിയായ മറിയത്തള്ളയെ ആണ്, വയ്യാതെ പീറ്ററിന്റെ ചുമരില്‍ ചാരി നിന്ന് ആസ്മ കാരണം ബുദ്ധിമുട്ടുന്ന മറിയത്തള്ള. പാവം ഭര്‍ത്താവ് മരിച്ചു,ചെറിയ കുട്ടികളുമുണ്ട്, ജീവിക്കാന്‍ വല്ലതെ കഷ്ടപ്പെടുന്നു അവര്‍.പീറ്റര്‍ അവരെ അകത്തേക്ക് ക്ഷണിച്ചു :-
“ഹാരിത് മറിയയൊ, വാ അകത്തേക്ക് കടന്നിരിക്ക്, കുറച്ചുനേരം തണുപ്പില്‍ നിന്നും വിട്ടുനിന്നാല്‍ ഒരാശ്വാസം കിട്ടും. ഞാനൊരു ചായയും ഉണ്ടാക്കാം.“ ചായക്ക് വെള്ളം വച്ച പീറ്റര്‍ അകത്തു പോയി പഴയ പെട്ടികളൊക്കെ തപ്പി ഭാര്യയുടെ പഴയ കംബിളിത്തുണികളൊക്കെ എടുത്തുകൊണ്ടു വന്നു,കുട്ടികളുടേയും.എന്നിട്ടു പറഞ്ഞു “ ഇന്നാ ഇതു വച്ചോ, ഇങ്ങനെ തണുപ്പുകൊണ്ടു നടക്കണ്ടാ” ചായയും കുടിച്ച് ആശ്വാസത്തോടെ പോകുമ്പോള്‍ മറിയ പറഞ്ഞു, നന്നായി മോനെ,യേശു നിന്നെ അനുഗ്രഹിക്കും.
നേരം വെളുത്തപ്പോള്‍ പീറ്റര്‍ അടുക്കളയില്‍ കയറി പാചകത്തില്‍ മുഴുകി.അയാള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വിഭവങ്ങളയാള്‍ ഉണ്ടാക്കി.യേശു തന്റെ കൊച്ചു കുടിലിലേക്ക് വിരുന്നു വരുന്ന ദിവസമല്ലേ.തന്നേയുമല്ല ഒരുങ്ങിയിരിക്കാന്‍ യേശു പറയുകയും ചെയ്തിരിക്കുന്നു.അങ്ങനെ ഭക്ഷണമുണ്ടാക്കി കുളീച്ചു വന്ന് പീറ്റര്‍ യേശുവിനേയും കാത്ത് പ്രാര്‍ഥനയില്‍ മുഴുകി.സമയം കടന്നു പോയിക്കൊണ്ടിരുന്നു.താന്‍ ഭക്ഷണം കഴിക്കാനെഴുനേറ്റാല്‍ ആ സമയത്ത് യേശു വന്നെങ്കിലോ എന്നു കരുതി അതിനു പോലും പീറ്റര്‍ എഴുനേറ്റില്ല.സമയം ഉച്ച കഴിഞ്ഞു,യേശു വരുന്നില്ല,വരും വരാതിരിക്കില്ല എന്നു തന്നെ പീറ്റര്‍ കരുതി.
അപ്പോഴാണ് പുറത്തു നിന്നാരോ വിളിക്കുന്നത് പീറ്റര്‍ കേട്ടത്.കതകു തുറന്ന പീറ്റര്‍ കണ്ടത് ഒരു സ്ത്രീയും മൂന്നു കുഞ്ഞുങ്ങളുമാണ്.ദൈവത്തെയോര്‍ത്ത് എന്തെങ്കിലും തരണേ ചേട്ടാ എന്നവര്‍ കെഞ്ചിയപ്പോള്‍ പീറ്റര്‍ മറ്റൊന്നുമോര്‍ത്തില്ല, യേശുവിന് ഉണ്ടാക്കി വച്ച വിഭവങ്ങളെല്ലാം അവര്‍ക്കെടുത്തു കൊടുത്തു പീറ്റര്‍.ഭക്ഷണം കഴിച്ചെഴുനേല്‍ക്കുന്ന അവര്‍ക്ക് പീറ്റര്‍ ഭാര്യയുടേയും മക്കളുടേയും, രാവിലെ കൊടുത്തതിനുശേഷം ബാക്കിയിരുന്നതെല്ലാം എടുത്തുകൊടുത്തു. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ, യേശു നിങ്ങളെ രക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ട് അവര്‍ സ്ഥലം വിട്ടു.അപ്പോഴാണ് പീറ്ററിനു കണ്ണു തള്ളിപ്പോയത്.ദൈവമേ അങ്ങേക്കുവേണ്ടിയുണ്ടാക്കിയതെല്ലാം താന്‍ അവര്‍ക്കു കൊടുത്തല്ലോ, ആ സാരമില്ല എന്റെ യേശുവല്ലെ കാര്യങ്ങള്‍ പറയാം എന്നുമയാള്‍ കണക്കാക്കി.വീണ്ടുമയാല്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി.
കുറച്ചു കഴിഞ്ഞാപ്പോഴാണ് പുറത്തൊരു കശപിശ.സംഭവം നിസ്സാരം. അമ്മൂമ്മ കൊട്ടയില്‍ കുറേ നാരങ്ങയുമായി വില്‍ക്കാന്‍ ചന്തയില്‍ പോകുകയായിരുന്നു.അപ്പോള്‍ കുറേ വികൃതിപ്പിളേര്‍ വന്ന് കൊട്ടയില്‍ കയ്യിട്ട് വാരിയത്.അവരും അമ്മൂമ്മയും തമ്മിലുള്ള ശണ്ഠയാണ് സംഭവം.പീറ്റര്‍ ഉടനെ ക്കൂട്ടികളേയും അമ്മൂമ്മയേയും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.അവസാനം അമ്മൂമ്മ പറഞ്ഞു,സാരമില്ല പീറ്ററെ, ഇതു വിറ്റിട്ട് വേണം റേഷന്‍ വാങ്ങാന്‍.അതോര്‍ത്തപ്പോള്‍ ദേഷ്യം വന്നതാണ്.അപ്പോള്‍ കുട്ടികള്‍ പറഞ്ഞു,അമ്മൂമ്മ ഈ വയസുകാലത്ത് കൊട്ട ചുമക്കണ്ട,ഞങ്ങളതു ചന്തയില്‍ എത്തിച്ചുതരാം.അങ്ങനെ അവരും സന്തോഷമായി പോകുന്നത് പീറ്റര്‍ നോക്കി നിന്നു എന്നിട്ട് ബൈബിള്‍ വായനയിലേക്കു തിരിഞ്ഞു.വായിച്ചു വായിച്ച് പീറ്റര്‍ കിടന്നുറങ്ങീപ്പോയി.
അപ്പോള്‍ അതാ തലേ ദിവസത്തേപ്പോലെ പുഞ്ചിരിച്ചുകൊണ്ട് യേശു വന്നിരിക്കുന്നു.മുട്ടിന്മേല്‍ നിന്നു കൊണ്ട് വേദനയോടെ പീറ്റര്‍ ചോദിച്ചു:- “കര്‍ത്താവെ എനിക്കുള്ളതിലും വച്ച് നല്ലതെല്ലാമുണ്ടാക്കി ഞാന്‍ കാത്തിരുന്നുവല്ലോ, അങ്ങെന്ത്യേ വന്നില്ല.”യേശു വിടര്‍ന്നു പുഞ്ചിരിച്ചുകൊന്ണ്ട് പറഞ്ഞു, “പീറ്ററേ ഞാന്‍ ഇന്ന് പല പ്രാവശ്യം നിന്നെ കാണാനെത്തിയല്ലോ, നീയെന്നെ സല്‍ക്കരിക്കുകയും ചെയ്തല്ലോ പീറ്ററേ“. യേശുവിനെ കണ്ടതിലുണ്ടായ ആനന്ദക്കണ്ണിരിലൂടെ പീറ്റര്‍ കണ്ടു,ആസ്ത്മ കൊണ്ട് വിഷമിക്കുന്ന തണുപ്പില്‍ കോച്ചി ചുമരും ചാരി നില്ക്കുന്ന മറിയത്തള്ള, ഭക്ഷണം യാചിച്ചെത്തിയ സ്ത്രീയും അവരുടെ കുട്ടികളും, നാരങ്ങക്കൊട്ടയുമേന്തി പോകുന്ന വൃദ്ധയും കുട്ടികളും, കൂടെ ചിരിക്കുന്ന യേശുവും.
സുഹൃത്തുക്കളെ, ടോള്‍സ്ടോയ് കാലങ്ങള്‍ക്ക് മുന്‍പെഴുതിയ “യേശു വരുന്നു” എന്ന ചെറുകഥയുടെ രൂപമാണിത്.താങ്കളിത് കൃസ്തുമസ്സിന്റെ ആഘോഷതിമിര്‍പ്പുകള്‍ക്കിടയില്‍ താങ്കളുടെ മക്കള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുക. കാരണം ഈ കഥക്ക് വളരെയധികം പ്രസക്തിയുണ്ട് ഇന്നും.

1 comment :