കൊലക്കളങ്ങളാകുന്ന റോഡുകള്‍

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എല്ലാ വര്‍ഷവും ജനുവരി 1 മുതല്‍ 7 ഒരാഴ്ച കേരള സര്‍ക്കാര്‍ ട്രാഫിക് വാരമായി കൊണ്ടാടുന്നു.സര്‍ക്കാരും പോലീസും ആര്‍ടിഓ ക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയായതിനാല്‍ ഫണ്ടിനും കുറവുണ്ടാവുകയില്ല.1 -)0 മുതല്‍ തുടര്‍ച്ചയായി ഒരാഴ്ച ഡ്രൈവര്‍മാര്‍ക്ക് ക്ലാസുകള്‍, ഡ്രൈവര്‍മാരുടെ കണ്ണിന്റെ ശക്തി പരിശോധിക്കല്‍,വിദ്യാലയങ്ങളില്‍ ക്വിസുകള്‍ ക്ലാസുകള്‍, പൊതുജന ബോധവല്‍ക്കരണക്ലാസുകള്‍ തുടങ്ങി വിവിധയിനം പരിപാടികള്‍ നടക്കും.ആവര്‍ത്തിച്ചു നടക്കുന്നതിനാല്‍ നിറം മങ്ങീത്തുടങ്ങിയെങ്കിലും ഇപ്പോഴും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ താല്പര്യം കാണിക്കാറുണ്ട്.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പുണ്ടായ ദാരുണമായ ടിപ്പര്‍ - ഇന്നോവ അപകടത്തിന്റെ വെളിച്ചത്തിലും പിന്നീടുണ്ടായ ടിപ്പറപകട മരണങ്ങളുടെ വെളിച്ചത്തിലും ടിപ്പറിന്റെ മരണപ്പാച്ചിലിനെതിരായ ആക്രോശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഒരു ലോഡെങ്കില്‍ ഒരു ലോഡ് കൂടുതലെടുക്കാനുള്ള വ്യഗ്രതയില്‍ ഇടം വലം നോക്കാതെ ചീറിപ്പായുന്ന ടിപ്പറുകള്‍ കാലദൂതന്മാര്‍ തന്നെ. ഒരപകടം നടക്കുകയും അതിന്റെ മറുവശത്ത് ടിപ്പറാവുകയും ചെയ്താല്‍ ഒരു സംശയവും ആര്‍ക്കും വേണ്ടാ കാലന്‍ ടിപ്പര്‍ തന്നെ!,പൊതുജനവും മാധ്യമങ്ങളും അധികാരികളും ഒരേ സ്വരത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു കഴിഞ്ഞു.ഇതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് പാലാരിവട്ടത്തുണ്ടായ ടിപ്പര്‍ ഇന്നോവ അപകടത്തിലെ ആറു പേരുടെ ദാരുണമരണത്തിനും കാരണം ടിപ്പറല്ല മറിച്ച് ഇന്നോവ കാറും പാലാരിവട്ടം ബൈ പാസിലെ സിഗ്നല്‍ സിസ്റ്റവുമാണെന്ന് സൂക്ഷ്മമായ നിരീക്ഷണത്തില്‍ നിന്നും ആര്‍ക്കും മനസ്സിലാവും.
ലേഖകന്‍ ആദ്യമേ ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തോട്ടെ, ഞാനൊരു ടിപ്പര്‍ മുതലാളിയോ ടിപ്പര്‍ ഡ്രൈവറോ ടിപ്പര്‍ വഴി ഉപജീവനം നടത്തൂന്ന ആളോ അല്ല. എങ്കിലും ദിവസവും നാഷണല്‍ ഹൈവേ ഉപയോഗിച്ച് യാത്ര ചെയ്യുകയും അതിലെ കാഴ്ചകള്‍ കാണുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയിലാണ് ഈ കുറിപ്പ്.
നമ്മുടെ റോഡുകളുടെ സ്ഥിതിയെന്താണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം.പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എന്നതു നഗ്നമായ സത്യം. ഇനി ആ റോഡുകളിലേ രാവിലേയും വൈകുന്നേരവും ഉള്ള സ്ഥിതിയെന്താണ്? റോഡ് നിറഞ്ഞു കവിഞ്ഞല്ലേ വാഹനങ്ങള്‍ ഒഴുകുന്നത്. അതിലൂടെ ഒഴുകുന്ന വാഹനപ്പെരുപ്പം അറിയാന്‍ കൂടുതല്‍ വൈദഗ്ധ്യം വേണമെന്നില്ല, എങ്കിലും ഒരു ചെറിയ ശാസ്ത്രീയ പഠനത്തിന്റെ കഥ പറയാം. പാലക്കാടുനിന്നും കോയംബത്തൂര്‍ക്കു പോകുന്ന വഴിയിലെ ഒരു പ്രധാന കേന്ദ്രമാണ് വാളയാര്‍. കേരളത്തിന്റെ പ്രധാന ചെക്പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം. പാലക്കാട്ടുനിന്നും കോയംബത്തൂര്‍ക്ക് 50 കിലോമീറ്ററാണ് ദൂരം. ഈ ദൂരത്തിലെ വാഹനപ്പെരുപ്പത്തിന്റെ തോത് വച്ച് 1960 കളില്‍ നാറ്റ് പാക് പറഞ്ഞു പാലക്കാട് വാളയാര്‍ റോഡ് (25കിമി റോഡ്)നാലുവരിയാക്കണമെന്ന്! ഇപ്പോള്‍ 2011ന്റെ തിരു മുറ്റത്തു നമ്മള്‍ നില്‍ക്കുമ്പോഴും ആ റോഡ് സിങ്കിള്‍ ലയിന്‍ റോഡാണ്.( കഴിഞ്ഞ 3 മാസം മുന്‍പാണ് ലേഖകന്‍ അവസാനമായി അതിലേ യത്ര ചെയ്തത്.അന്നത്തെ കാര്യമാണ്,പിന്നീട് എന്തെങ്കിലും സംഭവിച്ചോ എന്നറിയില്ല.) ഇതാണ് നമ്മുടെ റോഡിന്റെ വികസനം.
റോഡ് വികസിക്കണമെങ്കില്‍ സ്ഥലം വേണം.ഒരിഞ്ച് ഭൂമി പൊതു ആവശ്യത്തിന് കേരളത്തില്‍ കിട്ടാനില്ല. ഇതൊരു അതിശയോക്തിയല്ല, സത്യം മാത്രം.കാരണം അത്രക്കധികമാണ് കേരളത്തിന്റെ ജനസാന്ദ്രത.ശരാശരി 500 കേരളത്തില്‍ ഓരോ ദിവസവും പുതുതായി രെജിസ്റ്റര്‍ ചെയ്യുന്നത്.അതും ഈ റോഡുകളിലേക്കാണ് ഇറങ്ങുന്നത്.അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ റോഡുകള്‍ വീര്‍പ്പുമുട്ടുകയാണ്.
ഇതിനു ബദലായി എറണാകുളത്തെങ്കിലും മുഴങ്ങിക്കേട്ട കാര്യമാണ് മെട്രോ റെയില്‍.വളരെ കൊട്ടി ഘോഷിച്ചു വന്ന മെട്രോ റെയില്‍ പദ്ധതി സ്വകാര്യമേഘലയില്‍ വേണമോ പൊതു മേഘലയില്‍ വേണമോ എന്ന തീരുമാനമെടുക്കാന്‍ കഴിയാതെ ഇടറി നില്‍ക്കുന്നു.മേമു, സബര്‍ബന്‍ റെയില്‍, എലിവേറ്റഡ് ഹൈവേ എന്നിവയെല്ലാം ആകാശകുസുമങ്ങളായി അവശേഷിക്കുന്നു.അപ്പോഴും നമുക്ക് ബാക്കി നമ്മുടെ റോഡുകള്‍ മാത്രം.
അപ്പോള്‍ നമുക്ക് റോഡിലേക്ക് തിരിച്ചു വരാം. അവ വാഹനപ്പെരുപ്പത്താല്‍ വീര്‍പ്പുമുട്ടുകയാണ് എന്നു നാം കണ്ടു. overcroweded ആണവ. രാവിലെ തന്നെ ഒരുമാതിരി എല്ലാം റോഡിലേക്കിറങ്ങുകയാണ്, കാല്‍നടക്കാര്‍, സൈക്കിളുകാര്‍,ഉന്തുവണ്ടിക്കാര്‍,ഓട്ടോറിക്ഷക്കാര്‍,കാറുകാര്‍,ടിപ്പറ്കാര്‍,ടെമ്പോക്കാര്‍,ലോറിക്കാര്‍( അതും പത്തും നാല്പതും ഒക്കെ ചക്രങ്ങളുള്ള ലോറികള്‍ വരെ) ബസ്സുകാര്‍ അങ്ങിനെ എന്തെല്ലാം ഉണ്ടോ അതെല്ലാം രാവിലെ കുളിച്ച് കുറിയിട്ട് റോഡിലേക്കിറങ്ങുകയാണ്.എന്നു മാത്രമല്ല അതെല്ലാം അവരവര്‍ക്കു തോന്നിയ രീതിയില്‍ തലങ്ങും വിലങ്ങും റോഡിലൂടെ ഓടുകയും ചെയ്യുന്നു.മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതു കണ്ടിട്ടില്ലേ? ഓട്ടോ റിക്ഷകളോ? പഴയ കഥ കേട്ടിട്ടില്ലെ? കാലകത്തി കുനിഞ്ഞു നിന്നാല്‍ കാലിന്റിടയിലൂടെ പാഞ്ഞു കളയും ഓട്ടോ റിക്ഷ.ലോറികളാണെങ്കിലോ അതേപോലത്തെ ഒരഞ്ചു ലോറിയില്‍ കയറ്റാവുന്ന ഭാരവും കയറ്റി സ്പീഡ് ട്രാക്കിലൂടെ ഇഴഞ്ഞു പോകുക എന്നതാണ് അവരുടെ ഇഷ്ടവിനോദം.പ്രൈവറ്റ് ബസ്സുകളാനെങ്കിലോ ( ട്രാന്‍സ്പോര്‍ട് ബസ്സുകളും മോശമല്ല) അവര്‍ക്ക് നിയമങ്ങളൊന്നും ബാധകമല്ല എന്നാണ് ഭാവം.ഇതിന്റിടയിലൂടെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഇഴഞ്ഞു പോകുന്ന ഉന്തു വണ്ടികളും കാള വണ്ടികളും. തോന്നുമ്പോള്‍ തോന്നുമ്പോലെ വട്ടം ചാടി റോഡ് ക്രോസ് ചെയ്യുന്ന കാല്‍നടയത്രക്കാര്‍.സീബ്രാക്രോസിങ്ങുണ്ടെങ്കില്‍ അതിന്റെ അപ്പുറവും ഇപ്പുറവും മാറിനിന്നേ അവര്‍ റോഡ് ക്രോസു ചെയ്യൂ.
നമ്മുടെ റോഡിന്റെ ഒരു പരിശ്ചേദം ആണ് മുകളില്‍ കാണുന്നതെന്നു തോന്നുന്നു.എന്താ ശരിയല്ലേ?
ഇവിടെ ഈ ഗതാഗതം ഒന്ന് നേരേയാക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും? വേറെ ഒന്നിനുമല്ല, രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകുന്നേരം ജീവനോടെ വീട്ടില്‍ തിരിച്ചെത്തണമെന്ന് നമുക്കൊന്നുറപ്പാക്കേണ്ടേ? അതിനു വേണ്ടി മാത്രം.
ഇതു വായിക്കുന്ന ഓരോ വ്യക്തിയും അവരവര്‍ക്കു തോന്നുന്ന അഭിപ്രായങ്ങള്‍ കമന്റായി അറിയിച്ചാല്‍ അതൊന്ന് ക്രോഡീകരിച്ച് വേണ്ട സ്ഥലങ്ങളിലെത്തിക്കാന്‍ നമുക്ക് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.സഹകരിക്കുമെന്ന വിശ്വാസത്തോടെ
എം എസ് എം.

No comments :

Post a Comment