സി ഐ റ്റി യു അക്രമം

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഒരു കാലത്ത് കത്തി നിന്ന പ്രശ്നമായിരുന്നു സി ഐ റ്റി യു അക്രമം എന്നത്.അച്ചടി മാധ്യമങ്ങള്‍ റ്റണ്‍ കണക്കിന് കടലാസുകളാണ് സി ഐ റ്റി യു അക്രമത്തെക്കുറിച്ചെഴുതാന്‍ തയ്യാറായത്.അങ്ങനെ ഒരു പരിധി വരെ ഒതുക്കാന്‍ കഴിഞ്ഞിരുന്ന ഒന്നാണ് ഈ സി ഐ റ്റി യു അക്രമം.അപ്പോഴാണ്  കൊച്ചൌസ്സേപ്പ് പ്രശ്നത്തോടെ ആളിക്കത്താന്‍ തുടങ്ങിയത്.അപ്പോള്‍ എന്താണീ സി ഐ റ്റി യു പ്രശ്നം എന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കിയാലോ.
                             നമ്മളോര്‍ക്കുന്നുണ്ടാകും നമ്മുടെ വയലുകളിലേക്ക് ട്രാക്റ്റര്‍ മുതലായ യന്ത്രങ്ങള്‍ കടന്നു വന്നപ്പോഴുണ്ടായ പുകില്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി പി എമ്മും അതിന്റെ ഒരു വിഭാഗമായ കര്‍ഷകതൊഴിലാളിസംഘടനയും അതിനെ എതിര്‍ത്തു.പക്ഷെ അവര്‍ പറഞ്ഞതിതാണ് .“വയലുകളില്‍ യന്ത്രം കൊണ്ടുവരുന്നതിനോട് ഞങ്ങള്‍ എതിരല്ല,എന്നാല്‍ യന്ത്രവല്‍ക്കരണം വരുമ്പോള്‍ തൊഴിലില്ലാതാവുന്ന നിരവധി ആയിരങ്ങളുണ്ട് , അവരെ പുനരധിവസിപ്പിക്കണം.“ അന്നത്തെ യു ഡി എഫ് ഗവന്മെന്റ് അതു ചെവിക്കൊണ്ടില്ല തന്നേയുമല്ല പോലീസിന്റേയും അച്ചടി മാധ്യമങ്ങളുടെയും സ്വാധീനം ഉപയോഗിച്ച് അവര്‍ ബലമായി യന്ത്രവല്‍ക്കരണം (ട്രാക്ടറുകള്‍)നടപ്പാക്കി.അതിനവര്‍ക്ക് ന്യായീകരണം ഉണ്ടായിരുന്നു,കൃഷിതന്നെ നഷ്ടമാണ്, വരവില്‍ക്കവിഞ്ഞ ചിലവാണ് കൃഷിക്ക്, പ്രത്യേകിച്ച്  മനുഷ്യശക്തിമാത്രം ഉപയോഗിക്കുമ്പോള്‍ ചിലവുകൂടുകയും ശരിയായ സമയത്ത് മനുഷ്യശക്തി കിട്ടാതെ വരികയും കിട്ടിയാല്‍ത്തന്നെ അവരുടേ അലസത മൂലം കൃഷി നഷ്ടത്തിലാവുകയും ചെയ്യുന്നു.പാര്‍ട്ടിയും പോഷകസംഘടനകളും അതിശക്തമായിത്തന്നെ യന്ത്രവല്‍ക്കരണത്തെ എതിര്‍ക്കുകയും ശാരീരികമാ‍യി തടയുകയും ചെയ്തു.ആള്‍നാശവും ചോരചിന്തലും രണ്ടുഭാഗത്തുമുണ്ടായി.പതുക്കെ പതുക്കെ പാര്‍ട്ടി പിന്‍ വാങ്ങാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.
          ഇതൊക്കെ അറുപതുകളുടെ രണ്ടാം പകുതിയില്‍ നടക്കുന്ന സംഭവങ്ങള്‍.ഇന്ന് 2011ന്റെ ആദ്യഘട്ടത്തില്‍ നിന്നുകൊണ്ടു നോക്കുമ്പോള്‍, ഇത്രയും യന്ത്രവല്‍ക്കരണത്തിനുശേഷവും ഇന്നും കേള്‍ക്കുന്ന പ്രശ്നമാണ് കൃഷി നഷ്ടത്തിലാണ് എന്ന്.കഴിയാവുന്നത്ര മനുഷ്യ ശക്തിയെ ഒഴിവാക്കിയിട്ടും കേള്‍ക്കുന്നത് കൃഷി നഷ്ടമാണ് എന്നാണ്.അപ്പോള്‍ അന്ന് പ്രചരിപ്പിച്ചതുപോലെ കൃഷി നഷ്ടമാവാനുള്ള കാരണം അലസമായതോ കൃത്യസമയത്ത് ലഭിക്കാതെ പോകുന്നതോ ആയ തൊഴിലാളികളോ അല്ല.( നമുക്കറിയാം കൃഷി വളര്‍ന്ന് പന്തലിക്കണമെങ്കില്‍ അധികാരി വര്‍ഗത്തിന്റെ ശ്രദ്ധ ഉണ്ടാവണമെന്ന്, എന്നാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ അവര്‍ക്ക് താല്പര്യം കൃഷിയിലല്ല വ്യവസായങ്ങളിലാണ്.സ്വാഭാവീകമായും കൃഷി പിന്നോട്ടടിക്കുക സ്വാഭാവികം)
           അപ്പോള്‍ വയലുകളില്‍, കൃഷിയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ അവിടെ നിന്ന് വളരെയധികം ജോലിക്കാര്‍, അതും തണ്ടും തടിയുമുള്ള അനേകായിരം ചെറുപ്പക്കാര്‍, പുറത്തുവന്നു.അവര്‍ക്കാണെങ്കില്‍ കൃഷിപ്പണിയല്ലാതെ മറ്റൊരു പണിയും അറിഞ്ഞൂകൂട താനും.അവരെ പുതിയ തൊഴില്‍ പഠിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ കണ്ടില്ല കേട്ടില്ല എന്ന നയം അവലംബിച്ചു കളഞ്ഞു.അങ്ങനെ അവര്‍ തെരുവുമൂലയിലേക്കിറങ്ങി  എന്തും ചെയ്യാന്‍ തയ്യാറായി നിന്നു.
       അവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ജോലിയായിരുന്നു ചുമട്ടുപണി.അന്നുവരെ അതൊരു സംഘടിത തൊഴിലായിരുന്നില്ല.ഓരോ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും ഒന്നോ രണ്ടോ ചുമട്ടുതൊഴിലാളികളുണ്ടായിരുന്നിടത്ത് അപ്പോള്‍ പുതുതായി പതും ഇരുപതും മുപ്പതും പേര്‍ കടന്നുവന്നു.ചുമട്ടുപണി അവരുടെ കുത്തകയായി.ഓരോ മൂലയിലും,ഒന്നോ രണ്ടോ കടകളുള്ള ഓരോ പ്രദേശത്തും അഞ്ചും പതും പേര്‍ ചുമട്ടുതൊഴിലാളികളായി എപ്പോഴും ഉന്റാകുമെന്ന അവസ്ഥയായി.പതുക്കെ പതുക്കെ അവര്‍ക്ക് അവരുടേതായ സംഘടനകളായി,അതാതു രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ വിലാസമായി, തന്നെയുമല്ല ഓരോ രാഷ്ട്രീയപാര്‍ട്ടികളും അവരവരുടെ ചുമട്ടുതൊഴിലാളി സംഘടനയെ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.ഒരു രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇവരുടെ സഹായം പാര്‍ട്ടികള്‍ക്ക് അത്യന്താപേക്ഷിതവുമായിരുന്നു.
              ഇതോടൊപ്പം മറ്റൊരു കാര്യവും സംഭവിച്ചു.പണ്ടൊക്കെ ചുമടെടുക്കുന്നതിന് മുതലാളി എറിഞ്ഞുകൊടുക്കുന്ന നക്കാപിച്ച മതിയായിരുന്നു.കാരണം തൊഴിലാളികള്‍ കുറവും തൊഴില്‍ കൂടുതലും ആയിരുന്നു. എന്നാല്‍ പുതിയ കാലാവസ്ഥയില്‍ കാര്യങ്ങള്‍ തിരിച്ചായി.തൊഴിലാളികള്‍ കൂടുതലും തൊഴില്‍ കുറച്ചും.അതുകൊണ്ടുതന്നെ വില പേശുക, കൂലിക്കൂടുതല്‍ ലഭിക്കാനായി ഭീഷണി,കയ്യേറ്റം അടക്കം എന്തും ചെയ്യാനുള്ള ഒരു ത്വര തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നു വന്നു.അവന്റേയും കുടുംബത്തിന്റേയും വയറു നിറയാനിതേ മാര്‍ഗമുള്ളൂ എന്ന അവസ്ഥ സംജാതമായി.പക്ഷേ ഇതേ മാര്‍ഗം വല്ലപ്പോഴും ചുമടുകാരെ വിളിക്കുന്ന സാധാരണക്കാരന്റെ മേലും നടപ്പിലാക്കുന്ന സ്ഥിതി വന്നു.കൂലിയായി എന്തെങ്കിലും എറ്ഇഞ്ഞുകൊടുക്കുന്നതിനു പകരം അന്തസ്സായി നിന്ന് തൊഴിലാളി കണക്കു പറഞ്ഞ് കൂലിചോദിക്കുക, കൊടുത്തില്ലെങ്കില്‍ കുത്തിനുപിടിച്ചു വാങ്ങിക്കുക; ഇടത്തരക്കാരന്റെ മനസ്സുള്ള ഒരു മലയാളിക്കിത് ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു.ഒരുപക്ഷെ ചുമടുതൊഴിലാളിയുടെ മകനു പിറ്റേന്നു ഫീസ് കൊടുക്കേണ്ടതിന്റെ തത്രപ്പാടോ,അല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കുന്ന അവന്റെ അമ്മയെ ഓപറേഷന്‍ നടത്തുന്നതിനോ ഒക്കെ ആയിരിക്കാം അവന്‍ കുത്തിനു പിടിക്കുന്നത്.എന്നാലിത് അവന്റെ അഹങ്കാരമായി, അവന്റെ മുഷ്ക് ആയി വ്യാഖ്യാനിക്കപ്പെട്ടു,പ്രത്യേകിച്ചും തൊഴിലാളിവിരുദ്ധപ്രചാരണതിലേര്‍പ്പെട്ടിരിക്കുന്ന പല അച്ചടി മാദ്ധ്യമങ്ങള്‍ക്കും ഇതൊരു ചാകരയായി മാറി.അവര്‍ കൈ മൈയ് മറന്ന് തൊഴിലാളീകളുടെ മുഷ്കിനേക്കുറിച്ചുള്ള പ്രചരണത്തിലേര്‍പ്പെട്ടു.
                   ഇതില്‍ ഏറ്റവും വിചിത്രമായകാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ചുമട്ടുതൊഴിലാളികളുടെ വിഭാഗമുണ്ടെങ്കിലും സി പി എമ്മിന്റെ ചുമട്ടുതൊഴിലാളി വിഭാഗമായ സി ഐ റ്റി യ്യു മാത്രമാണ് ഇത്തരം വിധ്വംസകപ്രവര്‍ത്തനത്തിലെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യയിലെ തൊഴിലാളി വര്‍ഗത്തിന്റെ ഒരു വലിയ കൂട്ടായ്മയാണ് സി ഐ റ്റി യ്യു എന്ന സെന്റര്‍ ഓഫ് ഇന്‍ഡ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്.ഇതില്‍ ചുമട്ടുതൊഴിലാളി മുതല്‍ ഗവേഷണത്തൊഴിലാളി വരെ അംഗങ്ങളാണ്. പക്ഷെ തൊഴിലാളിവിരുദ്ധ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് സി ഐ റ്റി യു ക്കാര്‍ മുഴുവന്‍ കുഴപ്പക്കാരായ ചുമട്ടുതൊഴിലാളികളാണെന്നു വരുത്തിത്തീര്‍ത്തു.
                  ഇനിയാണ് ആഗോളവല്‍ക്കരണകാലത്തെ കളികള്‍ ആരംഭിക്കുന്നത്.ആഗോളവല്‍ക്കരണം വന്നു,നാടെങ്ങും പ്രവൃത്തികളാരംഭിച്ചു.ഇത്തരം പ്രവൃത്തി സ്ഥലങ്ങളില്‍ സമയം ലാഭിക്കാനായി പുതിയ പുതിയ മെഷീനുകള്‍ വന്നു. വാഹനങ്ങളില്‍നിന്നും ലോഡിറക്കാന്‍ (ചുമട്ടു തൊഴിലാളിക്ക് പണിപോയി )ടിപ്പറുകള്‍ വന്നു,കോണ്‍ക്രീറ്റ് മിക്സ് ചെയ്യാനും അവ മുകളിലേക്ക് എത്തിക്കാനും മെഷീനുകള്‍ വന്നു(പിന്നേയും ചുമട്ടുതൊഴിലാളിക്ക് പണിപോയി).ഇത്തരം സ്ഥലങ്ങളില്‍ തൊഴില്‍ത്തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി.പലയിടത്തും പണി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ചെറിയ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പ്രശ്നം ഒത്തുതീര്‍പ്പാവുകയും ചെയ്തു.ഇതാണ് ഭുവന പ്രസിദ്ധമായ നോക്കുകൂലി എന്നോര്‍ക്കുക.
                  ഇനിയാണ് കൊച്ചൌസേപ്പ് പ്രശ്നം.അദ്ദേഹവും താഴേത്തട്ടില്‍ നിന്നും തന്റേതായ ബുദ്ധിയും മറ്റുമുപയോഗിച്ചു വളര്‍ന്നുവന്നയാളാണ്.പാവപ്പെട്ടവന്റെ,തൊഴിലാളിയുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനന്യമല്ല.അദ്ദേഹമിപ്പോള്‍ വലുതായി,നിരവധി സ്ഥാപനങ്ങള്‍,നിരവധി തൊഴിലാളികള്‍,അങ്ങനെ നാട്ടിലെ വലിയൊരു വ്യവസായ സംരംഭകനായി.അതോടൊപ്പം തന്നെ അദ്ദേഹം സമൂഹത്തിലെ മറ്റു നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും സമൂഹത്തില്‍ മതത്തിനും രാഷ്ട്രീയത്തിനും മറ്റു സങ്കുചിതങ്ങള്‍ക്കുമതീതമായ ഒരു സ്ഥാനത്തേക്കുയരുകയും ചെയ്തു.അതോടൊപ്പം തന്നെ അദ്ദേഹം ഒരു കിഡ്നി ഫൌണ്ടേഷനുമായി ബന്ധപ്പെട്ട് ലോകത്തിനാകെ ഒരു മാതൃക അദ്ദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു.ഇത്രയൊക്കെ നല്ല മനസ്സുള്ള അദ്ദേഹം കുറച്ചു തൊഴിലാളികളുടെ വയറ്റുപ്രശ്നത്തില്‍ ഇങ്ങനെയൊരു പിടിവാശി കാണിക്കുന്നത് സ്വമനസ്സാലെയല്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനൊക്കുമോ?
          ഈ പ്രശ്നവുമായി ബന്ധാപ്പെട്ട് സി ഐ റ്റി യു ജില്ലാക്കമ്മിറ്റിയുടെ നിലപാട് ഇതാണ്: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 43-ാം പൂളിലെ രജിസ്ട്രേഡ് തൊഴിലാളികളാണ് 15 വര്‍ഷമായി 35,000 സ്ക്വയര്‍ഫീറ്റ് വരുന്ന ആസാദ് ഗോഡൌണുകളിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ചെയ്യുന്നത്. വി-സ്റ്റാര്‍ എന്ന സ്ഥാപനം വരുന്നതിനുമുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശ്രീഗിരി പേപ്പര്‍, നോവിനോ ബാറ്ററി എന്നിവിടങ്ങളിലും ഈ തൊഴിലാളികളാണ് പണി ചെയ്തിരുന്നത്. ഇവിടെ 4000 സ്ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച വി-സ്റ്റാറില്‍ രജിസ്ട്രേഡ് തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ ചെല്ലുകയും, തൊഴില്‍ ചെയ്യുന്നതിന് അവകാശം ഉന്നയിക്കുകയും മാത്രമേ ചെയ്തിട്ടുള്ളു. എന്നാല്‍, നിയമാനുസൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച് അനധികൃതമായി കാര്‍ഡ് സമ്പാദിച്ചവരെക്കൊണ്ട് തൊഴിലെടുപ്പിക്കാനാണ് സ്ഥാപന ഉടമ ശ്രമിച്ചത്. തൊഴിലാളികളോട് വളരെ ധാര്‍ഷ്ട്യത്തോടും നിന്ദയോടുംകൂടിയാണ് തൊഴിലുടമ പെരുമാറിയത്. തന്റെ സ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികളടക്കം മുന്നൂറോളം പേരെയും, ദൃശ്യ-മാധ്യമ പ്രതിനിധികളെയും മുന്‍കൂട്ടി വിളിച്ചുവരുത്തിയശേഷം ലോഡുമായി ലോറി എത്തിച്ച് ഉടമതന്നെ ലോഡ് ഇറക്കിയത് ബോധപൂര്‍വമാണ്.

തൊഴില്‍ചെയ്യുന്നതിനുള്ള അവകാശം ഉന്നയിക്കുകയല്ലാതെ തൊഴിലാളികള്‍ തൊഴില്‍ തടസപ്പെടുത്തിയിട്ടില്ല. ചെയ്യാത്ത ജോലിക്ക് കൂലിവേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. നോക്കുകൂലിക്കെതിരായി ശക്തമായ നിലപാടാണ് സിഐടിയു സ്വീകരിച്ചിട്ടുള്ളത്. വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ വരുന്നതിനെ സിഐടിയു സ്വാഗതംചെയ്യുന്നു. പ്രദേശത്ത് ഒരുവിധ തര്‍ക്കങ്ങളോ, പ്രശ്നങ്ങളോ നിലവിലില്ല. തൊഴിലുടമകളും ക്ഷേമബോര്‍ഡും അംഗീകരിച്ചിട്ടുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. അംഗീകൃത തൊഴിലാളികളെ ഒഴിവാക്കി ക്ഷേമബോര്‍ഡിലേക്ക് അടയ്ക്കേണ്ട ലെവി അടയ്ക്കാതിരിക്കാനാണ് വി-സ്റ്റാര്‍ ഉടമ ശ്രമിക്കുന്നത്. വസ്തുത ഇതായിരിക്കെ തൊഴിലാളികള്‍ക്ക് 43-ാം പൂളിലെ മറ്റു സ്ഥാപനങ്ങളിലെന്നപോലെ വി സ്റ്റാറിലും ജോലി അനുവദിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ മണിശങ്കര്‍ തൊഴിലുടമയോടും മറ്റ് അധികാരികളോടും അഭ്യര്‍ഥിച്ചു.
            പക്ഷെ ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനകളിലോ പ്രചരണങ്ങളിലോ ഒന്നും ഈ പ്രസ്ഥാവനയോടൂള്ള അഭിപ്രായം ഒന്നും കണ്ടില്ല.അതുകൂടി കണക്കിലെടുക്കേണ്ടതല്ലേ? ഏതായാലും പത്രപ്പരസ്യം കൊടുക്കാന്‍ പറ്റി എന്നതല്ലാതെ, റ്റി വി യിലും പത്രമാധ്യമങ്ങളിലും വാര്‍ത്തയാകാന്‍ പറ്റി എന്നതല്ലാതെ  ഭാവിയിലും ശ്രി കൊച്ചൌസേപ്പിന് ഇന്നത്തേപോലെ ലോഡിറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.അതുകൊണ്ടുതന്നെ തൊഴിലാളികളുമായി ഒരൊത്തുതീര്‍പ്പിനുള്ള അവസരം ഇനിയും നഷ്ടമായിട്ടില്ല എന്നേ പറയാനുള്ളു. ഇനി അതല്ല ഏതോ പ്രതികരണത്തില്‍ കണ്ടപോലെ ഭാവിയില്‍ മറ്റു വല്ല പ്രതീക്ഷകളും ആഗ്രഹങ്ങളും അദ്ദേഹത്തിനുണ്ടെങ്കില്‍ വേറൊന്നും ഇപ്പോള്‍ പറയാനില്ല.


Post a Comment