വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പഴയ ഒരു കഥ വായിച്ചതോര്‍ക്കുന്നു. ഒരു പാവം,അയാള്‍ മരിച്ച് ദൈവസന്നിധിയില്‍ ചെന്നു വിധി കാത്തു നില്‍ക്കുകയാണ്.ദൈവം പ്രത്യക്ഷപ്പെട്ട് അയാളുടെ ജീവിതത്തിലെ കുറ്റങ്ങള്‍ മുഴുവന്‍ വായിക്കുന്നു,എന്നിട്ട് ശിക്ഷ വിധിക്കുന്നു, നീ ഒരു മാസം നരകത്തില്‍ പോയി ജീവിക്കുക.ഇതുകേട്ട് കുറ്റവാളി പൊട്ടിച്ചിരിക്കുകയാണ്.ജിജ്ഞാസയോടെ ദൈവം കാരണം തിരക്കൊയപ്പോള്‍ അയാള്‍ പറഞ്ഞു ദൈവമേ ഞാന്‍ വരുന്നതുതന്നെ നരകത്തില്‍ നിന്നാണ്,അതും അറുപതുകൊല്ലം ജീവിച്ചതിനു ശേഷം.ഇതുകേട്ട് ദൈവം അല്പമൊന്ന് ചിന്തിച്ചിട്ട് പറഞ്ഞു ബാക്കിയുള്ള കാലം മുഴുവന്‍ നിന്നെ സ്വര്‍ഗത്തിലയക്കാന്‍ പോവുകയാണ്. ഇതു കേട്ടയാള്‍ പറഞ്ഞു ദൈവമേ അങ്ങനെയൊരു വാക്ക് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.പിന്നെ ഞാനെന്തുപറയാന്‍.
              യഥാര്‍ദ്ധത്തില്‍ ഇന്നത്തെ ഇന്‍ഡ്യയില്‍ ജീവിക്കുന്ന നൂറു കണക്കിന് ചത്തു ജീവിക്കുന്നവരെ ക്കുറിച്ചാണീ കഥ എന്നു പറയാം.കാരണം അത്രയേറെ ഭീകരമാണ് ഇന്‍ഡ്യയുടെ അവസ്ഥ, പ്രത്യേകിച്ചും ഇന്‍ഡ്യയിലെ ഗ്രാമങ്ങളുടെ.
              1990 കളിലെ ബി ജെ പി കേന്ദ്രഗവണ്മെന്റ് തുടങ്ങി വച്ച ഉദാരവല്‍ക്കരണം അതിന്റെ എല്ലാ സംഹാരരൂപത്തോടും കൂടി തിമിര്‍ത്താടുന്ന കാഴ്ച്ചയാണ് നാമിന്ന് കാണുന്നത്.90കളിലാണ് അന്നത്തെ ബി ജെ പി ഗവണ്മെന്റാണ് നിലവിലുണ്ടായിരുന്ന എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് ഇസ്രായേലുമായി (നയതന്ത്ര)ബന്ധങ്ങളുണ്ടാക്കിയതും അമേരികന്‍ ഗവണ്മെന്റുമായി ആവശ്യത്തില്‍കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ തുടങ്ങിയതും

           അതിന്റെ തുടര്‍ച്ചയായിരുന്നു തുടര്‍ന്നുവന്ന യു.പി.എ ഗവണ്മെന്റും ഇതേ നടപടി തുടരുകയാണ് ചെയ്തത്.ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നതിനാല്‍ പ്രതീക്ഷിച്ചത്ര പുരോഗതിയുണ്ടാക്കാന്‍ പറ്റിയില്ലെങ്കിലും ഒരുപാട് പരിക്ക് നമ്മുടെ മഹാരാജ്യത്തിനുണ്ടാക്കാനവര്‍ക്കായി.അവസാനം ആണവകരാറുമായി ഉണ്ടായ പ്രശ്നത്തില്‍തട്ടി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും നാണം കെട്ട കുതിരക്കളിയിലൂടെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ അവര്‍ക്കായി.അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒഴിവാക്കി മറ്റു പാര്‍ട്ടികളുമായി ( പ്രധാനമായും കരുണാനിധി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും) ബന്ധമുണ്ടാക്കി ഭരണം പിടിക്കാന്‍ യു.പി.എ ക്കു കഴിഞ്ഞു.ഭരണത്തിലേറി ഉടനെ തന്നെ മന്മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഓര്‍ക്കുമല്ലോ?!! മാന്യമായി ശരിയായ രീതിയില്‍ ഭരിക്കാന്‍ ഇടതുപക്ഷം സമ്മതിച്ചില്ല, ഇനിയേതായാലും അവരുടെ ശല്യമുണ്ടാകില്ലല്ലോ എന്ന് അദ്ദേഹം ആശ്വസിച്ചത് എല്ലാവരും ഓര്‍ക്കുന്നുണ്ടല്ലോ.
                 അങ്ങനെ യു.പി.എ ഭരണം തുടങ്ങി.എന്താണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ.എനിക്കും അറിയാം,പക്ഷെ ഞാനൊരു വൃദ്ധനല്ലെ അതുകൊണ്ട് വല്യ വല്യ കാര്യങ്ങളൊന്നും മനസ്സില്‍ നിക്കില്ല.നില്‍ക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ പറയാം.
                 ഇന്‍ഡ്യയിലാകെ ഏതാണ്ട് നൂറ് - നൂറ്റന്‍പത് കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്.അതില്‍ ഏതാണ്ട് 80 ശതമാനത്തോളം പേര്‍ ദാരിദ്ര്യരേഖക്കുകീഴിലുള്ളവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്.എന്നാല്‍ യഥാര്‍ഥത്തില്‍ അത് 90 ശതമാനത്തിനുമേളില്‍ വരും എന്നാണ് ഇവിടത്തെ സാമൂഹ്യശാസ്ത്രജ്ഞരും ഒക്കെ പറയുന്നത്.എന്താണ് ദാരിദ്ര്യരേഖ എന്നു പറഞ്ഞാല്‍?.ഒരു ദിവസം സാമാന്യം പണിചെയ്ത് ജീവിക്കുന്ന ഒരാള്‍ക്ക് അന്തസ്സായി മാന്യമായി ജീവിക്കാന്‍ ഭക്ഷണം വസ്ത്രം എല്ലാമടക്കം എന്തു ചിലവുവരും എന്ന് കണക്ക് ഉണ്ട്.ഈ കണക്കില്‍താഴെ ദിവസ/മാസ വരുമാനമുള്ളവരെയാണ് ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ എന്നു പറയുന്നത്.നമ്മളൊക്കെ ( ഈ ബ്ലോഗ് വായിക്കുന്നവര്‍) അത്യാവശ്യം വരുമാനമുള്ളവരാണല്ലോ.നമുക്കൊരു ദിവസം ജീവിക്കാന്‍ എന്തു ചിലവു വരും എന്നു നോക്കുക ചുമ്മാ. നമ്മുടെ ഭാരതഭൂമിയിലെ 80 ശതമാനത്തിനും ഒരു ദിവസത്തെ ശരാശരി വരുമാനം വെറും 20 രൂപയാണെന്നോര്‍ക്കുക.ഈ 20 രൂപ കൊണ്ടു വേണം അവരുടെ കുടുമ്പത്തിലെ എല്ലാ കാര്യങ്ങളും ഒരു ദിവസം നടത്താന്‍,കുടുമ്പത്തിനു മുഴുവന്‍ ഭക്ഷണം വേണം,വസ്ത്രം വേണം,രോഗം വന്നാല്‍ മരുന്നു വേണം,കുട്ടികള്‍ക്ക് പഠിക്കാന്‍ പുസ്തകവും ബുക്കും വേണം.ഇതിനൊക്കെ കിട്ടുന്ന കൂലിയോ ഒരു ദിവസം വെറും 20 രൂപ മാത്രം.
                 എന്നാല്‍ നമ്മുടെ നാട്ടില്‍ പണക്കാര്‍ എന്നു പറയുന്ന ഒരു വിഭാഗം ഉണ്ട്.,ജനസംഖ്യയില്‍ വളരെ കുറച്ചേ അവര്‍ വരൂ.എന്നാലോ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരുടെ വരുമാനം എത്രയോ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നത്.ലഭ്യമായ ഒരു ചെറിയ കണക്കു പറയാം; 90 കളില്‍ ബി ജെ പി അധികാരത്തിലെത്തുമ്പോള്‍ അവരില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കണക്കാക്കാന്‍ രണ്ടു കയ്യിലേയും മുഴുവന്‍ വിരലുകളും തികച്ചു വേണ്ടായിരുന്നു. എന്നാലിന്നത് ആയിരങ്ങളാണ്. നോക്കൂ സാധാരണകാരന്റെ വരുമാനം ഇടിഞ്ഞിഞ്ഞിടിഞ്ഞ് പാതാളത്തോളം താഴ്ന്നപ്പോള്‍ പണക്കാരുടെ വരുമാനം വിരലിലെണ്ണാവുന്നതില്‍നിന്നും ആയിരക്കണക്കായി.
               നോക്കൂ ഈ ഭരണകക്ഷി ആര്‍ക്കു വേണ്ടിയാണ് ഭരിക്കുന്നത്?അതുകൊണ്ടല്ലേ വി എസ് പറഞ്ഞത് ഉമ്മന്‍ ചാണ്ടി മോചനയാത്ര നടത്തേണ്ടത് ദല്‍ഹിയിലേക്കാണെന്ന്.
              നമ്മുടെ സാധാരണക്കാര്‍ വാങ്ങുന്ന നിത്യോപയോഗസാധനങ്ങളുടെ വില ദിനം പ്രതി ഉയരുന്നത് നമ്മുടെ ശ്ര്ദ്ധയില്‍ പെട്ടിട്ടില്ലേ?നമുക്ക് കേരളത്തിലത് കൂടുതല്‍ ബാധിക്കില്ല എന്താണെന്നുവച്ചാല്‍ നാടുതോറും മുക്കിന് മുക്കിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വ്യാപാരകേന്ദ്രങ്ങളുണ്ട്,അവിടെ നിത്യോപയോഗസാധനങ്ങള്‍ ഇഷ്ടം പോലെ കിട്ടാനുമുണ്ട്.അതുകൊണ്ടെന്തു പറ്റും,വ്യാപാരികള്‍ക്ക് പൂഴ്ത്തിവൈക്കാന്‍ പറ്റാതായി.ഇതു കേരളത്തില്‍ മാത്രം പോരാ ഭാരതം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാവശ്യപ്പെട്ടത് ഇടതുപക്ഷം മാത്രമാണ്.അതു യു.പി.എ ക്കൊരു ശല്യമാവുകയും ചെയ്തു.നാളിതുവരെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഗവന്മെന്റിനായിരുന്നു.എന്നാല്‍ ഇടതുപക്ഷത്തിന്റെ ശല്യമവസാനിച്ച യു.പി.എ ഗവര്‍മെന്റ് വില നിശ്ചയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.എന്തുണ്ടായി,ആഗോളവിപണിയില്‍ പെട്രോളിയത്തിന്റെ വില നാറ്റമില്ലാതെ തുടരുമ്പോള്‍ത്തന്നെ ഇന്‍ഡ്യന്‍ കമ്പനികള്‍ പലമടങ്ങ് വില വര്‍ദ്ധിപ്പിച്ചു.നമുക്കറിയാം പെട്രോളിയം സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചാല്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വില ഉയരുമെന്ന്.അപ്പോള്‍ ആ 20 രൂപ ദിവസവരുമാനക്കാരെക്കുറിച്ചൊന്നോര്‍ത്തുനോക്കൂ? അവരും ഇവിടത്തെ മക്കള്‍ തന്നെയല്ലേ? അവര്‍ക്കും ഇവിടെ  ജീവിക്കേണ്ടേ?
                  കഴിഞ്ഞ യു പി എ ഗവന്മെന്റ് ഇടതുപക്ഷതിന്റെ ശല്യം കാരണം മാറ്റി വച്ചിരുന്ന ഒന്നാണ് നിത്യോപയോഗസാധനങ്ങളുടെ അവധി വ്യാപാരം.എന്താണ് അവധി വ്യാപാരം എന്നാല്‍? വളരെ ലളിതമാണത്,ഞാന്‍ മനസ്സിലാക്കിയതാണ് ശരിയെങ്കില്‍.എനിക്ക് 15 സെന്റ് സ്ഥലമുണ്ട്, ഞാനവിടെ കാന്താരി മുളക് കൃഷി ചെയ്യാന്‍ തീരുമാനിച്ചു.അങ്ങനെ കൃഷിയിറക്കി.അവിടെ നിന്നും 50 കിലൊ മുളകാണ് മാന്യമായി കൃഷി നടന്നാല്‍ എനിക്കു കിട്ടേണ്ടത്. പക്ഷെ വളമിടേണ്ട സമയമായപ്പോള്‍ എന്റെ കയ്യിലെ കാശു തീര്‍ന്നു പോയി.അപ്പോഴാണ് നമ്മുടെ “വര്‍ക്കീസ്” സ്റ്റോറിന്റെ മുതലാളി ഒരു ദിവസം വന്നു, ചുമ്മാ കൃഷിയൊക്കെ ഒന്നു ചുറ്റിക്കണ്ടു, മോശമാണല്ലോ കൃഷി, എന്തു പറ്റിയെന്നൊരു കമന്റും പറഞ്ഞു. ഞാനൊരു പാവം അപ്പാവി, ഞാന്‍ സത്യം പറഞ്ഞു,കാശില്ലാ കയ്യില്‍. മുതലാളി ഒന്നാലോചിച്ചിട്ടു പറഞ്ഞു, ശരി കൃഷി നടക്കട്ടെ, ഞാനൊരു ഇരുപത്തയ്യായിരം രൂപ തരാം,പക്ഷെ ഒരൊറ്റ കണ്ടീഷന്‍,മുളകു മുഴുവന്‍ എനിക്കു തരണം. ശരി,എനിക്കും സന്തോഷമായി,ഞാന്‍ സമ്മതിച്ചു.ഇത്തരം കൃഷികള്‍ നമുക്ക് പരിചയമുണ്ടല്ലോ.നമ്മുടെ പറമ്പിലെ ചക്ക,മാങ്ങ,കുരുമുളക് ഒക്കെ പണ്ട് ഇങ്ങനെ കൊടുക്കാറുള്ളതാണ്.
               ഇനിയാണ് അടുത്ത കളി വരുന്നത്.വര്‍ക്കി മുതലാളി വാങ്ങിയ/വില പറഞ്ഞു വച്ച മുളക് “ടോട്ടല്‍ ഫോര്‍ യു”ക്കാരന്‍ വന്ന് അന്‍പതിനായിരത്തിന് വാങ്ങിയാലോ?,അതേ അതു തന്നെ പിന്നെ വേറൊരുത്തന്‍ വന്ന് കൂടിയ വിലക്കു വാങ്ങിയാലോ, വീണ്ടും വീണ്ടും മറിച്ചു മറിച്ചു വില്‍ക്കലും വാങ്ങലും നടന്ന് അവസാനം നടന്ന കച്ചവടം ഒന്നരലക്ഷത്തിനുമാണെന്നു വിചാരിക്കുക.ഒരു കിലോ മുളകിന് എന്തു വിലക്കായിരിക്കും വില്‍ക്കുക?ഉപഭോക്താവിനെ പിഴിഞ്ഞു വാങ്ങുന്ന ഈ പണത്തിന്റെ ഒരംശമെങ്കിലും യഥാര്‍ത്ഥ കൃഷിക്കാരനു ലഭിക്കുമോ?
                    ഇതാണ് ഞാന്‍ മനസ്സിലാക്കിയ ഊഹക്കച്ചവടം/അവധിവ്യാപാരം എന്ന ഓമനപ്പേരില്‍ നടക്കുന്ന നാടകം.ഇതാര്‍ക്കാണ് ഗുണം ചെയ്യുക.ഈ പരിപാടിയെ നഖ ശിഖാന്തം എതിര്‍ത്തത് ഇടതുപക്ഷം മാത്രമേയുള്ളു.അതുകൊണ്ടാണ് ഇടതുപക്ഷത്തിനെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ കോര്‍പറേറ്റുകളും മീഡിയാകളും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നത്. നമ്മള്‍ വിചാരിക്കും മീഡിയാക്ക് ഇതിലെന്തു കാര്യമെന്ന്? പക്ഷെ പുറത്തു വരുന്ന വാര്‍ത്തകള്‍ ഭരണകക്ഷിയും കോര്‍പറേറ്റുകളും മീഡിയായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ നാറിയ കഥകളാണ് പറയുന്നത്.അപ്പോള്‍ പറയാത്ത കഥകള്‍ എത്ര ഭീകരമായിരിക്കും.
                  അതുകൊണ്ടാണ് നമ്മള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.ഇതിനെതിരേ ഇന്ന് എന്തെങ്കിലും ശബ്ദം, ദുര്‍ബലമായിട്ടെങ്കിലും, ഉയര്‍ത്തുന്നത് മതങ്ങളല്ല,,മതനേതാക്കളല്ല,ദൈവങ്ങളല്ല, ദൈവത്തിന്റെ ഏജന്റുമാരല്ല,പിന്നയോ ഇവരെല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന ഇടതുപക്ഷം മാത്രമാണ്.
Post a Comment