പ്രാകൃതകമ്യൂണിസത്തിനുശേഷം ഫ്യൂഡലിസത്തിലേക്ക് മനുഷ്യന്‍ ഉയര്‍ന്നപ്പോള്‍ ലോകത്തിലെല്ലായിടത്തുമെന്നപോലെതന്നെ ഭാരതത്തിലും മതം അവഗണിക്കാനാവാത്തൊരു ശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു.എന്നാല്‍ എല്ലാവരിലും ഒരേപോലെ തന്നെ ദൈവവിചാരവും മതവിചാരവും വളര്‍ത്താന്‍ ഭാരതമൊഴിച്ചുള്ള ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ (അടിമകളുടെ കാര്യമാണെങ്കില്‍ വ്യത്യസ്ഥമായ രീതിയില്‍, തലത്തില്‍, ഒരേ മതകാര്യം തന്നെ അടിമകള്‍ക്കുതകുന്ന രീതിലായിരുന്നു എന്നു മാത്രം)ഭാരതത്തിലെ സ്ഥിതി വ്യത്യസ്ഥമായിരുന്നു.ഭാരതത്തില്‍ ജനങ്ങളെ മതം പലതട്ടുകളാക്കിത്തിരിക്കുകയും ഓരോ തട്ടിനേയും പ്രത്യേകം പ്രത്യേകം, തമ്മില്‍ തൊടാത്ത രീതിയില്‍ ജാതികളും ഉപജാതികളുമായി തിരിക്കുകയും അങ്ങനെ ഭാരതത്തിലെ മതത്തില്‍ ജാതികളുമുപജാതികളും പ്രത്യക്ഷപ്പെടുകയും ചെയ്തു.എന്നാല്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭരണകര്‍ത്താക്കള്‍ എപ്പോഴും ഉയര്‍ന്ന ജാതിക്കാരും ഭരണീയരിലെ ഏറ്റവും താഴ്ന്ന പടിയിലെ ആളുകള്‍ ഏറ്റവും താഴ്ന്ന ജാതിക്കാരുമായിരുന്നു.ഭരണകര്‍ത്താക്കളും അവരോടൊട്ടിനില്‍ക്കുന്ന പുരോഹിതര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഒക്കെ എന്നും ഉയര്‍ന്ന ജാതിക്കാര്‍ ആയിരിക്കും,തൊട്ടുതാഴെ പട്ടാളക്കാര്‍,ഭരണയന്ത്രം തിരിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരെന്നിവരും,കച്ചവടക്കാര്‍, മുതലായവര്‍ അതിനുതാഴേയും കായികാദ്ധ്വാനം ചെയ്തു ജീവിക്കുന്ന തൊഴിലാളികള്‍,കൃഷിത്തൊഴിലാളികള്‍ എന്നിവര്‍ ഏറ്റവും താഴേയും.ദൈവ പ്രോക്തം,ഋഷിപ്രോക്തം എന്നെല്ലാം പറഞ്ഞ് പാവപ്പെട്ടവരേയും കായികാദ്ധ്വാനം ചെയ്യുന്നവരേയും അടിച്ചമര്‍ത്താനായി ആയിരിക്കണം ജാതിവ്യവസ്ഥ ഇവിടെ ഉപ്യോഗിച്ചിട്ടുണ്ടാവുക.ഈ വ്യവസ്ഥപ്രകാരം ഭരണകര്‍ത്താക്കളെല്ലാം ഉന്നത ജഅതിക്കാരും ഭരണീയരെല്ലാം താഴ്ന്ന ജാതിക്കാരുമായിരിക്കും എപ്പോഴും.അതുകൊണ്ടുതന്നെ നമുക്കറിയാം ജാതിവ്യവസ്ഥയുടെ തായ്‌വേര് എപ്പോഴും അധികാരത്തിലും പണത്തിലുമായിരിക്കും എന്ന്.ഏതായാലും ഈ പദ്ധതി പുരാതനഭാരതത്തില്‍ ചിരകാലം ചോദ്യം ചെയ്യാാത്തവിധം നിലനിന്നു, സമുദായം പുരോഗതിയിലേക്കല്ലാതെ നിശ്ചലമായി.
ലോകരാഷ്ട്രങ്ങളില്‍ മുതലാളിത്തത്തിന്റെ വരവോടെ മതത്തിന്റെ ആധിപത്യം അവസാനിച്ചു എന്നു തന്നെ പറയാം.(മറ്റു പല ഘടകങ്ങളും ഇതിനെ സഹായിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സ്വാധീനം ചെലുത്തിയത് മുതലാളിത്തം തന്നെയാണ്.)സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നനിലയിലേക്ക് കാര്യങ്ങളെത്തി.മതം രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ ചെല്ലാതായി, ഇതു തന്നെയാണ് വേണ്ടിയിരുന്നതും, കാരണം ഇഹലോകകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതെ പരലോകകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന മതത്തിന് ഭരണകാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല എന്ന തത്വം പൊതുവേ അംഗീകരിക്കപ്പെട്ടു.
എന്നാല്‍ ഇന്‍ഡ്യയില്‍ സ്ഥിതി വ്യത്യസ്ഥമായിരുന്നു.നേരത്തെ പറഞ്ഞല്ലൊ, ജാതികളും ഉപജാതികളുമായി പിരിഞ്ഞ് മതം അധപതിക്കാവുന്നതിന്റെ നെല്ലിപ്പലകയിലെത്തി നില്‍ക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്.സ്വന്തം കഷ്ടപ്പാടുകള്‍ ദൈവവിധിയാണ് എന്നാശ്വസിക്കുന്ന മനുഷ്യര്‍ക്ക് മോചനം പോയിട്ട് ആ ചിന്ത പോലും അസാദ്ധ്യമായിരുന്നു. ഇവിടേക്കാണ് ലളിതമായ ഭാഷയിലുള്ള ദോഹകളുമായി തുളസീദാസ്, കബീര്‍ തുടങ്ങിയരെത്തിയത്. മതത്തിലൊരിളക്കമുണ്ടാക്കാനിവര്‍ക്ക്ക്കായെങ്കിലും ശരിയായ കാഴ്ചപ്പാടിന്റെ അഭാവം മുതലാളിത്ത വളര്‍ച്ചക്കിത് ഉപകരിച്ചില്ല.ഈ മണ്ണിലേക്കാണ് വിദേശ ശക്തികള്‍ കടന്നുകയറിയത്.അവരില്‍ ബ്രിട്ടീഷകാര്‍ക്കാണിവിടെ ആധിപത്യം സ്ഥാപിക്കാനായത്.അവരുടെ ചരക്കുകള്‍ എത്തിക്കാനും പട്ടാളക്കാരെ എത്തിക്കാനും അവരുണ്ടാക്കിയ റെയില്പാത, അവരുടെ വിവരനീക്കത്തിനുണ്ടാക്കിയ തപാല്‍,അവര്‍ക്കാവശ്യമായ ക്ലര്‍ക്കുമാരെ ഉണ്ടാക്കാനായി അവര്‍ കൊണ്ടുവന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവയൊക്കെയാണ് ഭാരതം അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളെ മുറിച്ചുകടക്കാന്‍ സഹായിച്ചത്.നമ്മുടെ ഒരു കൊച്ചുപഞ്ചായത്തിന്റെയത്രപോലും വലിപ്പമില്ലാത്തതുമുതല്‍ ഒരു ജില്ലയുടെയത്ര വലിപ്പം ഉള്ളതുമായ 540 നാട്ടുരാജ്യങ്ങളിലായി ഇന്‍ഡ്യാമഹാരാജ്യം വിഭജിച്ചു കിടക്കുകയായിരുന്നു.ആ അവസ്ഥയില്‍ നിന്നും മാറി ഇന്‍ഡ്യ ഒറ്റ രാജ്യമാണെന്ന തോന്നലിനു ബീജാവാപം ചെയ്യാന്‍ ബ്രിട്ടീഷ്കാരുടെ ഈ നടപടികള്‍ക്കുസാധിച്ചു. കൂടാതെ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ലോകം കാണാന്‍ തുടങ്ങിയ ഒരു കൂട്ടം ജനത ഇവിടെ ഉയര്‍ന്നുവന്നു എന്നതാണ് ബ്രിട്ടീഷ് രാജ് കൊണ്ടുണ്ടായ മറ്റൊരു പ്രധാന നേട്ടം.ഈ ചെറുപ്പക്കാരാണ് സതി നിരോധിക്കണം,ബാല്യവിവാഹം നിറുത്തലാക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയവര്‍.ഇങ്ങനെ ഉഴുതു മറിക്കാന്‍ തുടങ്ങിയ മണ്ണിലേക്കാണ് ഇന്‍ഡ്യന്‍ സ്വാതന്ത്രസമരപ്രസ്ഥാനവും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കടന്നു വന്നത്.സ്വാതന്ത്ര്യസമരം കൊടുംബിരിക്കൊണ്ടെങ്കിലും സാമ്രാജ്യവിരുദ്ധസമരം എന്നനിലയിലല്ലാതെ ഒരു നാടുവാഴിത്തവിരുദ്ധസമരമായി ഇതു വളര്‍ന്നില്ല.അതുകൊണ്ടുതന്നെ നാടുവാഴിത്തത്തിനെതിരായി ഒരു ജനവികാരം വളര്‍ന്നില്ല ഇവിടെ.സ്വാതന്ത്ര്യലബ്ധിക്കുശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നെത്രുത്വത്തില്‍ ഒരു മിഷന്‍ തന്നെ വേണ്ടിവന്നു നാട്ടുരാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍.എന്നുവച്ചാല്‍ ഇന്ഡ്യ സ്വതന്ത്രമായെങ്കിലും അതൊരു മുതലാളിത്തരാജ്യമായി വളര്‍ന്നില്ല.നാടുവാഴിത്തവും മുതലാളിത്തവും കൂടിക്കുഴഞ്ഞ ഒരു സങ്കരഭരണകൂടമാണിവിടെ നില നില്‍ക്കുന്നത്.നാടുവാഴിത്തത്തിന്റെ കൂടപ്പിറപ്പാണ് മതം,ജാതി എന്നു നാം കണ്ടു കഴിഞ്ഞു.നമ്മുടെ ഭരണസംവിധാനത്തില്‍ ജാതിയും മതവും പിടി മുറുക്കിയിരിക്കുന്നതിന്റെ കാരണം മനസ്സിലായില്ലേ.
ഇനി കേരളത്തിലേക്ക് വന്നാലോ? ഇവിടേയും നാടുവാഴിത്തമുണ്ടായിരുന്നു ,അതിന്റെ ഭാഗമായ ജാതി മത ശക്തികളുടെ തേര്‍വാഴ്ചയുണ്ടായിരുന്നു,ജനം ജാതിമത ശക്തികളുടെ നുകത്തില്പെട്ട് കഷ്ടപ്പെട്ടുകൊണ്ടിരുന്നു.ഉത്തരേന്‍ഡ്യയിലേപ്പോലെ തന്നെ സാമുദായികശക്തികള്‍ തന്നെയാണിവിടെ സാമുദ്ദയികപീഡനങ്ങള്‍ക്കെതിരെ സടകുടഞ്ഞെണീറ്റത്.എസ് എന്‍ ഡി പി പ്രസ്ഥാനം, അയ്യങ്കാളിയുടെ പ്രസ്ഥാനം,പ്രത്യക്ഷരക്ഷാദൈവതം തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട ഈ മണ്ണിലേക്ക് പിന്നീട് കടന്നു വന്നത് ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു.സാമുദായികശക്തികള്‍ തുടങ്ങിവച്ച പുരോഗമന നടപടികള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വന്നു, ഇതോടെ സാമുദായീകസംഘടനകളുടെ പങ്ക് അവസാനിക്കുകയും അവര്‍ പിന്നോക്കം പോവുകയും ചെയ്തു.
കോണ്‍ഗ്രസ്സും അതിന്റെ നേതൃത്വത്തില്‍ സ്വാതന്ത്രസമരം ഇവിടെ അരങ്ങേറുകയും ചെയ്തെങ്കിലും ഉത്തരേന്‍ഡ്യയിലെപ്പോലെ അതിവിടെ ജനങ്ങളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ഒരു വികാരമായി മാറിയില്ല.പകരം അവര്‍ നെഞ്ചേന്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും അതിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളേയുമായിരുന്നു.അതിന്റെ സ്വാഭാവികമായ പരിണാമമായിരുന്നു 1957 ലെ ഇ എം എസ് മന്ത്രിസഭ.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഈ മന്ത്രിസഭ അതിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ ആശയോടും അഭിലാഷങ്ങളോടും കൂറു പുലര്‍ത്തി.നിലനിന്നിരുന്ന എല്ലാ ജനവിരുദ്ധനിയമങ്ങളേയും ആ മന്ത്രിസഭ തിരുത്തി ജനപക്ഷമാക്കി മാറ്റി.സ്വാഭാവീകമായി എതിര്‍കോണില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായി എന്നത് സ്വാഭാവികം.എതിര്‍പക്ഷത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സ് പല്ലും നഖവുമുപയോഗിച്ച് ഇതിനെ എതിര്‍ത്തു,ആ എതിര്‍പ്പ് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു,പക്ഷെ അവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത, ഒരു വലിയ തെറ്റ് ചെയ്തു.വിസ്മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന എല്ലാ സാമുദായികസംഘടനകളേയും കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ താഴെയിറക്കാനായി അവര്‍ കൂട്ടുപിടിച്ചു.ഒരു പുരോഗമന ലോകത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്ന ഒരു പിഴവാണിത്.സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ചിന്തയുടെ നഗ്നമായ ലംഘനമായി അത്.പക്ഷെ വിമോചനസമരം വിജയിച്ചതോടെ, ഇടതുപക്ഷ ഗവണ്മെന്റിനെ, കമ്യുണിസ്റ്റ് ഗവണ്മെന്റിനെ താഴെയിറക്കിയതോടെ യഥാര്‍ത്ഥത്തില്‍ സമരം ജയിച്ചത് ജാതി മത സാമുദായികശക്തികളായി.അവര്‍ ഇല്ലാത്ത മസിലും പെരുപ്പിച്ച് കാട്ടി പിന്നീട് ജനാഭിലാഷത്തെ അട്ടിമറിക്കാനാരംഭിച്ചു.
അതാണിന്നത്തെ കേരളത്തിന്റെ സമകാലീനദുരന്തം.ഭരണരംഗത്തുനിന്നും മാറിനിന്ന് ദൈവീകകാര്യങ്ങളില്‍ ശ്രദ്ധയൂന്നി ആ കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കേണ്ട മതങ്ങള്‍ ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ തുടങ്ങി.സ്വന്തം മതത്തിലെ അല്ലെങ്കില്‍ ജാതിയിലെ അംഗങ്ങളെ ബന്തികളാക്കി ചൂണ്ടിക്കാട്ടി അവര്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഗവണ്മെന്റ്റിനെ ഭീഷണിപ്പെടുത്താനും സ്വന്തം വരുതിയില്‍ നിറുത്താനും ശ്രമിക്കുന്നു.സമകാലീനകേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത് എന്ന് ഒരിക്കല്‍ക്കൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് തല്‍ക്കാലം നിറുത്തുന്നു.
No comments :
Post a Comment