മതവും ശാസ്ത്രവും ഭാഗം 2.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                               കഴിഞ്ഞ പോസ്റ്റില്‍ നമ്മള്‍ കണ്ടത് മനുഷ്യന്റെ ഉദയത്തോടെയും വളര്‍ച്ചയോടൊപ്പവുമായി എങ്ങനെ മതവും ശാസ്ത്രവും ഉരുത്തിരിഞ്ഞു വന്നു എന്നതാ‍ണ്.
                           എന്നാല്‍ ഇതു സംഭവിക്കുന്നതിനിടയില്‍ മനുഷ്യനു തന്നെയും മനുഷ്യര്‍ പരസ്പരം തമ്മിലുള്ള ബന്ധത്തിനും വളരെ മാറ്റം സംഭവിച്ചിരുന്നു.ആദ്യം പ്രാകൃത കമ്യൂണിസം എന്നറിയപ്പെടുന്ന ഒരു സംബ്രദായമായിരുന്നു നില നിന്നത്.പിന്നീട് അത് ഫ്യൂഡലിസം എന്നറിയപ്പെടുന്ന ഒരു സംബ്രദായത്തിലേക്കു വഴി മാറി.ഫ്യൂഡലിസകാലഘട്ടത്തിന്റെ പ്രത്യേകത എന്തെന്നു വച്ചാല്‍ കലയും സാഹിത്യവുമെല്ലാം ഈ കാലത്ത് വളരെ വളര്‍ന്ന് പുഷ്കലമായി എന്നതാണ്.എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങളെല്ലാം ഇതിന്റെ ഗുണഭോക്തതയില്‍ നിന്നും പുറത്തായിരുന്നു.ഈ കാലത്ത് മതം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.
                    ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഫ്യൂഡലിസ്റ്റു കാലഘട്ടത്തില്‍ ജന്മിമാരും നാടുവാഴികളുമായിരുന്നു അധികാരം കയ്യാളിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരണം നടത്തിയിരുന്നത് ജാതിമത ശക്തികളായിരുന്നു.ഇതിനൊരു കാരണം ഉയര്‍ന്ന ജാതിക്കാര്‍ ഭരണാധികാരികളും താഴ്ന്നജാതിക്കാര്‍ ഭരണീയരുമായിരുന്നു എന്നതാണ്, തന്നെയുമല്ല താഴ്ന്നവരെ അടിച്ചമര്‍ത്താന്‍ മനുഷ്യന്റെ നിയമത്തിനുപരിയായി ദൈവനിയമവും ശക്തമായി ഉപയോഗിച്ചിരുന്നു എന്നതാണ്.നാടുവാഴികളെ ചോദ്യം ചെയ്താല്‍ അത് ദൈവത്തിനെ ചോദ്യം ചെയ്യുന്നതിനു തുല്യമായിരിക്കും.( ചാതുര്‍വര്‍ണം മയാ സൃഷ്ടം - എന്ന ഭഗവത്ഗീതാ സൂക്തം ഓര്‍ക്കുക.)


                         മറ്റു രാജ്യങ്ങളില്‍ പലമതങ്ങളോ അല്ലെങ്കില്‍ ഒരേ മതത്തിലേ ഉപജാതികളോ ഇന്‍ഡ്യയെപ്പോളെ ഇത്ര ശക്തമായി, അടിച്ചമര്‍ത്തല്‍ ശക്തിയായി ഉണ്ടായിരുന്നില്ല.എന്നോര്‍ക്കണം.അതുകൊണ്ടുതന്നെ ഫ്യൂഡലിസത്തിനുണ്ടായ തകര്‍ച്ച അവിടങ്ങളില്‍ മുതലാളിത്വത്തിനു വഴിവച്ചപ്പോള്‍ ഇന്‍ഡ്യയില്‍ അതുണ്ടായില്ല.ഇന്‍ഡ്യയില്‍ ഫ്യൂഡലിസത്തിന്റെ തകര്‍ച്ചക്കാക്കം കൂട്ടിയത് കബീര്‍, തുളസീദാസ് പോലുള്ള മതപരിഷ്കര്‍ത്താക്കളായിരുന്നു.അവര്‍ സാമൂഹ്യമാറ്റം എന്നതിലുമുപരി നിലവിലുള്ള മതത്തിന്റെ / ജാതികളുടെ  പരിഷ്കരണത്തിനായി ആണ് രംഗത്തെത്തിയത്.അതുപോലെ തന്നെ ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായി പിരിഞ്ഞുനിന്ന ഇന്‍ഡ്യ, ഒറ്റരാജ്യം എന്ന ചിന്താഗതി വളരാനുള്ള മണ്ണ് സൃഷ്ടിച്ചുമില്ല അവര്‍ ചെറിയരീതിയില്‍ തുടങ്ങിവച്ച പരിഷ്കാരങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഇവിടെ വിദേശഭരണം,പ്രത്യേകിച്ചും ബ്രിട്ടീഷ് ഭരണം വന്നത്. ബ്രിട്ടീഷുകാക്കാവശ്യമുള്ള എഴുത്തുപണിക്കാരെ സൃഷ്ടിക്കാന്‍ വേണ്ടി അവര്‍ ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നു, ചരക്കുനീക്കത്തിനും പട്ടാള പോലീസ് നീക്കത്തിനുമായി റെയില്‍ വെ കൊണ്ടുവന്നു, വിവരനീക്കത്തിനായി തപാല്‍ കൊണ്ടുവന്നു.ഇതെല്ലാം ആയിരക്കണക്കിനു ചെറിയ, പരസ്പരം ബന്ധമില്ലാതിരുന്ന നാട്ടുരാജ്യങ്ങളില്‍ വന്‍ തോതില്‍ സ്വാധീനം ചെലുത്തി. ( British raj in India is an unconscious tool of history എന്ന പ്രസിദ്ധമായ മാര്‍ക്സ് വചനം ഓര്‍ക്കുക.)ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്  വന്ന രാജാറാം മോഹന്‍ റായ് തുടങ്ങിയവര്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പരിഷ്കാരങ്ങളിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും കൂടി നേടീയ അറിവുകള്‍ വച്ച് മതത്തിലെ പരിഷ്കാരങ്ങള്‍ക്കാണ് ശബ്ദമുയര്‍ത്തിയത്.  ഹിന്ദുമതത്തില്‍ നിലനിന്ന അയിത്തം, സതി സംബ്രദായം തുടങ്ങിയവക്കെതിരെയാണവര്‍ കാര്യമായി ശബ്ദമുയര്‍ത്തിയത്.സ്വതന്ത്ര ഭാരതം എന്നവര്‍ പറഞ്ഞില്ല, അധവാ പറഞ്ഞെങ്കില്‍ത്തന്നെയത് രണ്ടാം സ്ഥാനത്തേക്ക് മാറി.ഇവരുടെ പ്രസ്ഥാനങ്ങളുടേയും പിന്മുറക്കാരായാണ് ഇവിടത്തെ സ്വാതന്ത്ര്യസരപ്രസ്ഥാനം ഉയര്‍ന്നുവന്നത്.സ്വന്തം പൈത്രുകത്തില്‍നിന്നും കുതറിച്ചാടാന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനും കഴിഞ്ഞില്ല.നിലവിലെ നാടുവാഴിഭൂപ്രഭുക്കളുമായി സന്ധിചെയ്തുകൊണ്ടാണ് സ്വാതന്ത്ര്യത്തിനു ശേഷം ഇവിടെ മുതലാളിത്തം വളര്‍ന്നുവന്നത്.അതുകൊണ്ടു തന്നെ ഇവിടെ നാടുവാഴിത്തത്തിന്റേതായ പല അവശിഷ്ടങ്ങളും തുടച്ചു നീക്കാതെ ഇപ്പോഴും തുടരുന്നു.അതിലെ ഏറ്റവും ശക്തമായ ഒന്നാണ് മത /ജാതി ചിന്ത.യുക്തിവാദി സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങി എന്നു നമ്മള്‍ തമാശ പറയുന്നതിന്റെ പിന്നിലെ പ്രേരകശക്തി ഇതാണ്.നിലവിലെ നാടുവാഴിത്ത മത ശക്തികളുമായി സന്ധി ചെയ്തുകൊണ്ടാണ് മുതലാളിത്വം ഇവിടെ വളരുന്നത്.
                  അതുകൊണ്ടു തന്നെ ഇപ്പോഴും ഇവിടെ മതചിന്തകള്‍ക്ക് / ജാതിചിന്തകള്‍ക്ക്  ജനങ്ങള്‍ക്കിടയില്‍ ശക്തമായ വേരോട്ടമുണ്ട്.ആധുനീകശാസ്ത്രം ഇവിടെ വളര്‍ന്നു വരുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ അവശിഷ്ടങ്ങളുടെ ഫലമായി ജനങ്ങള്‍ക്ക് വേണ്ടതായ ശാസ്ത്രബോധമില്ല എന്നതാണ് സത്യം.പരീക്ഷക്ക് മാര്‍ക്ക് കിട്ടാന്‍ വേണ്ടി സയന്‍സ് പഠിക്കുകയും എന്നാലത് സ്വന്തം ജീവിതത്തില്‍ വേണ്ട സമയത്ത് പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുന്നു.ഇതാണ് ഭാരതത്തിലെ ഇന്നത്തെ സ്ഥിതി.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സയന്‍സ് ബിരുദധാരികളുള്ളത് നമ്മുടെ ഭാരതത്തിലാണ്, അതേ സമയം ഏറ്റവും കൂടുതല്‍ അന്ധവിശ്വാസികള്‍ ഉള്ളതും ഭാരതത്തില്‍ത്തന്നെയാണ് എന്നതാണ് വൈരുധ്യം.
                  മിക്കവാറും എല്ലാ മതങ്ങള്‍ക്കും ഒരു വേദപുസ്തകം അല്ലെങ്കില്‍ ഒരു നിയമ സംഹിതയുണ്ടായിരിക്കും.അതിനേ മുറുക്കെ പിടിക്കുക എന്നതാണ് ആ മതക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യമായ കാര്യം എന്നു മാത്രമല്ല അതിനെ ലംഘിച്ചാല്‍ ലംഘിക്കുന്നവന്‍ നിലയില്ലാത്ത നരകത്തിലേക്കായിരിക്കും ചെന്നു പതിക്കുക.ഇത് ഉറക്കെ പറയാനും പ്രചരിപ്പിക്കാനും അവര്‍ക്ക് മടിയില്ല എന്നു മാത്രമല്ല മറ്റു മതക്കാര്‍ തങ്ങളുടെ മതത്തെ അനുസരിച്ചില്ലെങ്കില്‍ നാശമായിരിക്കും ഫലമെന്നുകൂടിയും അവര്‍ പ്രചരിപ്പിക്കുന്നു.എന്നാല്‍ ശാസ്ത്രം ഈതവസ്ഥയിലും സ്വതന്ത്രമായ ചിന്താഗതിയാണുയര്‍ത്തീപ്പിടിക്കുന്നതെന്നു കാണാം.ഇപ്പോള്‍ ഇതാണു ശരി എന്നല്ലാതെ ഇതുമാത്രമേ ശരിയുള്ളു എന്ന് ഒരു ശാസ്ത്രവും പറയാറില്ല.തങ്ങള്‍ക്കും തെറ്റു പറ്റാമെന്നും പറയുന്ന കാര്യത്തില്‍ തെറ്റുണ്ടോ എന്ന് നിരന്തരം പരിശോധിക്കാനും ശാസ്ത്രം എന്നും തയാറായിരുന്നു.പക്ഷെ ഇത്തരമൊരു ചിന്താഗതി ഒരു മതവും വച്ചു പുലര്‍ത്തുന്നതായി കേട്ടുകേള്‍വി പോലുമില്ല.തങ്ങള്‍ പറയുന്നതാണ്, അതു മാത്രമാണ് ശരി എന്നതാണ് ഓരോ മതവും പറയുക.പറയുന്നതില്‍ എത്രത്തോളം ശരിയുണ്ട് എന്ന് ഒരു മതവും ഒരിക്കലും ചിന്തിച്ചു കണ്ടിട്ടില്ല.ഒരുദാഹരണത്തിന്റെ പോലും ആവശ്യം ഈ പറഞ്ഞതിനുണ്ടെന്ന് തോന്നുന്നില്ല.നമ്മുടെ സമീപകാലത്തു നിന്നു തന്നെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാം.
                       അതുപോലെ തന്നെ ശാസ്ത്രം പറയുന്ന ഓരോ കാര്യവും കൃത്യമായി വിശകലനം ചെയ്ത്  പലവട്ടം നിരീക്ഷിച്ച് ആയിരിക്കും സ്ഥിരീകരിക്കുക.ആ ഫലങ്ങള്‍ സ്ഥലകാലഭേദമന്യേ ആര്‍ക്കും നിരിക്ഷിച്ച് പരീക്ഷിച്ച് ബോധ്യപ്പെടാവുന്നതാണ്.അതുപോലെ തന്നെ ശാസ്ത്രത്തിനു പരിമിതികള്‍ ഉണ്ട്, അത് ശാസ്ത്രം സമ്മതിക്കുകയും ചെയ്യുന്നു.ഉദാഹരണത്തിന് ശാസ്ത്രത്തിന് കടന്നുചെല്ലാന്‍ പറ്റാത്ത പല മേഖലകളും ഉണ്ട്.അത് ശാസ്ത്രം സമ്മതിക്കുന്നു,എന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രത്തിനവിടെ കടന്നുചെല്ലാന്‍ കഴിയുകയും ഉത്തരം കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിയുകയും ചെയ്യും.അങ്ങനെ തന്നെയാണല്ലോ ശാസ്ത്രം ഉണ്ടായതും വളര്‍ന്നുവന്ന് ഇന്നത്തെ നിലയിലെത്തിയതും.എന്നാല്‍ മതങ്ങളാകട്ടെ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ട് നിലനില്പിനായി പോരാടുന്ന അവസ്ഥയാണുള്ളത്.(ഇപ്പോള്‍ മതങ്ങളില്‍ കാണുന്ന ഒരു തിരിച്ചുവരവിന്റെ തോന്നല്‍ ശരിക്കും മതത്തിന്റെ ഗുണം കൊണ്ടല്ല പിന്നയോ,അന്ത്യത്തിലേക്ക് മൂക്കുകുത്തിക്കൊണ്ടിരിക്കുന്ന മുതലാളിത്വം പിടിച്ചുനില്‍ക്കാനുള്ള ഒരന്തിമ പരാക്രമത്തിന്റെ ഫലമാണ്.)
                   തല്‍ക്കാലം ഞാന്‍ അവസാനിപ്പിക്കുകയാണ്. പറയാനുള്ളതു മുഴുവന്‍ പറഞ്ഞുകഴിഞ്ഞു എന്ന തോന്നല്‍ എനിക്കില്ല.ബാക്കിയുള്ളത് കമന്റുകള്‍ വഴി പൂരിപ്പിക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ.

No comments :

Post a Comment