സെന്‍സസ്

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ഇന്‍ഡ്യയില്‍ സെന്‍സസ് നടന്നുകൊണ്ടിരിക്കുകയാണ്.ചരിത്രം പറയുന്നത് 1872 ലാണ് ഇന്‍ഡ്യയില്‍ ആദ്യത്തെ സെന്‍സസ് നടന്നത് എന്നാണ്. എന്നാല്‍നാട്ടുരാജ്യങ്ങളെക്കൊണ്ട് നിറഞ്ഞ ഇന്‍ഡ്യയില്‍ ഒരേസമയത്ത് ഒരേപോലെ സെന്‍സസ് അന്ന് നടന്നില്ല എന്നതാണ് സത്യം.എന്നാല്‍ പിന്നീട് 1881 മുതല്‍ ഇന്‍ഡ്യയിലൊട്ടാകെ കൃത്യമായി ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സെന്‍സസ് നടത്തി വരുന്നു.അങ്ങിനെ നോക്കുമ്പോള്‍ 2011 ല്‍ നടക്കുന്നത് 15 -)മത്തേയും സ്വതന്ത്രഭാരതത്തിലെ 7 -)മത്തേയും സെന്‍സസ് ആണ്.ഇന്‍ഡ്യയിലാകെ ഏതാണ്ട് 100 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്,അതായത് ശരാശരി 70 കോടിയോളം കുടുംബങ്ങള്‍.ഒരു സെന്‍സസ് എനൂമറേറ്റര്‍ക്ക് നൂറുമുതല്‍ ഇരുനൂറു വീടുകള്‍ വരെയാണ് സെന്‍സസിനായി കൊടുത്തിട്ടുള്ളത്.അപ്പോള്‍ ഇന്‍ഡ്യാ മഹാരാജ്യത്തുനടക്കുന്ന സെന്‍സസ് എന്ന മഹാമാമാങ്കത്തിന്റെ വലിപ്പം ഒന്നാലോചിച്ചു നോക്കൂ.കഴിഞ്ഞ ഒന്നു രണ്ടാഴ്ചകളായി കേരളത്തിലെ ഗവണ്മെന്റ് ഓഫീസുകളില്‍ ഹാജര്‍നില തുലോം കുറവായിരുന്നു എന്നു തന്നെ പറയാം.ഒരാവശ്യവുമായി സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുന്നവരോട് പറയുന്ന മറുപടി ആളില്ല സെക്ഷനില്‍,ആള്‍ സെന്‍സസിനു പോയേക്കുവാ എന്നാണ്.ഇന്നത്തോടെ ( മാര്‍ച്ച് 5) വീടു വീടാന്തരം കയറിയിറങ്ങിയുള്ള സെന്‍സസ് അവസാനിച്ചു. 
                 ഇനി ജീവനക്കാര്‍ വീടു വീടാന്തരം കയറിയുണ്ടാക്കിയ വിവരങ്ങളുടെ വിവിധ തലങ്ങളിലുള്ള ക്രോഡീകരണമാണ് നടക്കുക.എല്ലാം കഴിഞ്ഞ് അവസാനം ഇവര്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരം പുറത്തു വരുമ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരിക്കും.എന്തിനാണ് ഇത്രയും പണച്ചിലവും മനുഷ്യാധ്വാനവും ഒക്കെ ചിലവഴിച്ചുള്ള ഈ മാമാങ്കത്തിന്റെ അര്‍ഥം?.
             ഇന്‍ഡ്യയില്‍  ഇനി വരാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാനവിവരങ്ങളാണ് ഈ കണക്കെടുപ്പിലൂടെ നമുക്ക് ലഭ്യമാകുന്നത് എന്നാണ് ഒറ്റവാക്കില്‍ ഇതിനുള്ള മറുപടി.ഇനി വരാന്‍ പോകുന്ന പത്തുവര്‍ഷത്തേക്കുള്ള വികസനപരിപാടികളുടെ അടിസ്ഥാനം ഈ കണക്കെടുപ്പായിരിക്കും.ഇവിടത്തെ ജനങ്ങളുടെ സാമ്പത്തീകമായ നിലനില്‍പ്പ്,വ്യത്യാസങ്ങള്‍, ഉച്ചനീചത്വങ്ങള്‍,സമ്പത്തിന്റെ ക്രോഡീകരണം ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വിതരണം,(വിദ്യാഭ്യാസനിലവാരം),ജീവിതത്തിന്റെ നിലവാരം എന്നിങ്ങനെ ഒരു ന്‍ഊറുക്കൂട്ടം കാര്യങ്ങള്‍ ഈ സെന്‍സസിനെ ആധാരമാക്കി ഗണിച്ചെടുക്കാം.ആ ഗണിച്ചെടുക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി ഭാരതത്തിന്റെ കണക്കുകൂട്ടലുകള്‍.
               ഇത്രയും സാധാരണകാര്യം,എല്ലാ സെന്‍സസിലും സംഭവിക്കുന്ന കാര്യം.എന്നാല്‍ കഴിഞ്ഞ കുറേ സെന്‍സസിലായി നടപ്പിലില്ലാത്തതായ ഒരു കാര്യമുണ്ട് - ഇവിടുത്തെ ജനങ്ങളുടെ ജാതിക്കണക്ക്. ഇതു വായിക്കുന്ന ആര്‍ക്കും തോന്നും ഞാന്‍ ഇന്നു വരെ പറഞ്ഞിരുന്ന എല്ലാ കാര്യവും ഒഴിവാക്കി ജാതി പറഞ്ഞു തുടങ്ങിയെന്ന്. പക്ഷെ സഹോദരാ, ജാതി നമ്മുടെ ഭാരതത്തിലെ നഗ്നമായ ഒരു യാഥാര്‍ഥ്യമല്ലെ?.ജാതിയില്ലാതെ എന്തു കാര്യമാണ് ഇവിടെ ( ഭാരതത്തില്‍) നടക്കുന്നത്.ഒരു പക്ഷെ കേരളത്തില്‍ വളരെ വലിയ ഒരു പരിധി വരെ ആളുകള്‍ ജാതിചിന്ത വെടിഞ്ഞു തുടങ്ങിയെന്നു തോന്നുന്നെങ്കിലും ഭാരതത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്.ഇപ്പോഴും, ഈ 21-)0 നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭാരതത്തില്‍ കൊടികുത്തി വാഴുന്നത് ( കേരളത്തിലും ഈ സ്ഥിതി തിരിച്ചുകൊണ്ടുവരാന്‍ ചില ശക്തികള്‍ ആഞ്ഞുപിടിക്കുന്നതായി കാണാം.എന്താണ് ഭാരതത്തിലെ ജാതിചിന്ത എന്നുവച്ചാല്‍.എനിക്ക് എന്റെ ജാതി, നിനക്ക് നിന്റെ ജാതി എന്നതു മാത്രമല്ല ഈ ജാതി ചിന്ത,പിന്നയോ നിന്റെ ജാതി മഹാ ഹീനം,അതുകൊണ്ട് നീയും ഹീനന്‍.ഹീനനായ നീയും ഞാനുമായി ഒരിടപാടുമില്ല, തന്നേയുമല്ല നീ എന്റടുത്ത് വരികയോ എന്റെ സാധനങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ഞാനും എന്റെ ആത്മാവും മോശമാകും.പിന്നെ പ്രത്യേക വഴിപാടും പൂജയുമൊക്കെ ചെയ്താല്‍ മാത്രമേ ഞാന്‍ നന്നാവൂ എന്നതാണ് എന്റെ ജാതിചിന്ത.വല്ലതും മനസ്സിലായോ? ഇത്രയേയുള്ളു കാര്യം. നീ എന്നേക്കാള്‍ താണ (ഹീന)ജാതിക്കരനാകയാല്‍ നീ എന്റടുത്ത് വരരുത്, നമ്മള്‍ തമ്മില്‍ സ്പര്‍ശിച്ചാല്‍ ഞാന്‍ അശുദ്ധനാകും.എന്റെ സ്വന്തം സാമഗ്രികളും അശുദ്ധമാകും. ഈയൊരു ചിന്ത ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണത്രെ.തന്നെയുമല്ല ജനസംഖ്യയില്‍ ഭൂരിപക്ഷവും ഇതേപോലെ താണജാതികളില്‍ പെട്ടവരാണ് താനും.
                      അതുകൊണ്ടെന്താണെന്നു വച്ചാല്‍ ജനസംഖ്യയുടെ ഭൂരിപക്ഷവും കാലങ്ങളായി പൊതുസമൂഹങ്ങളില്‍നിന്നകന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് വിദ്യാഭ്യാസവും നല്ല ജീവിതവും,നല്ല ആരോഗ്യവും നല്ല അന്തരീക്ഷവും ഇല്ലാതെ കാലങ്ങളോളം കഴിയേണ്ട അവസ്ഥയുണ്ടായി. ഇതിന്റെ ഫലമെന്താണെന്നോ? ജനസംഖ്യയുടെ ഭൂരിഭാഗത്തിനും അവരുടെ ജീവിത രൂപീകരണ സഭയിലേക്ക് പ്രവേശനമില്ലാതായി,അന്യവല്‍ക്കരിക്കപ്പെട്ടു.നമ്മൂടെ ജനസംഖ്യയുടെ ശതമാനം കുറയുന്നതിന്റെ, ഭാരതത്തിലെ ശിശുമരണനിരക്ക് അതിശയകരമാം വണ്ണം കൂടിയിരിക്കുന്നതിന്റെയൊക്കെ കാരണം മനസ്സിലായില്ലെ?.ഫ്യൂഡലിസത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന ജാതിവ്യവസ്ഥ സ്വാതന്ത്ര്യത്തിനുശേഷം ഇക്കാലമായിട്ടും തുടച്ചുമാറ്റാന്‍ കഴിയാത്തതിന്റെ ദോഷമാണിതൊക്കെ.
              എന്താണിതിന്റെ ഫലമെന്നറിയാമോ? സ്വതന്ത്രഭാരതത്തിലെ ഒരു പഞ്ചായത്തു പ്രസിഡന്റ് താണജാതിക്കരനായതിനാല്‍ മുന്നോക്കജാതിക്കരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ പോലീസ് പ്രൊട്ടക്ഷനില്‍ നടക്കുന്ന രാജ്യം നമ്മുടേതാണ്.അയിത്തജാതിക്കാര്‍ വഴി നടക്കാതിരിക്കാന്‍ മുന്നോക്കജാതിക്കാര്‍ കൊട്ടിയടച്ചവഴി തുറക്കാന്‍ പുരോഗമനപ്രസ്ഥാനക്കാര്‍ നിരന്തരസമരം നടത്തുന്നതും നമ്മുടെ ഭാരതത്തില്‍തന്നെ.പ്രേമിച്ചുവിവാഹം കഴിച്ച യുവമിധുനങ്ങളെ ചതിച്ചു വിളിച്ചുവരുത്തി അഭിമാനഹത്യ ചെയ്യുന്ന രാജ്യവും നമ്മുടെ മഹത്തായ ഭാരതം തന്നെ.
                 ഇനിയുമുണ്ട് ഇതുപോലെ ഒരു നൂറ് കഥകളെങ്കിലും പറയാന്‍.ഇത്തരക്കാരുടെ കണക്കെവിടെ കാണും? ഏത് സെന്‍സസില്‍ കാണും.പണമല്ല ഇവിടെ മനുഷ്യന്റെ മുന്നോക്ക പിന്നോക്കാ‍വസ്ഥ നിര്‍ണയിക്കുന്നത്, പിന്നയോ തന്റെ പോലും അറിവോ സമ്മതമോ ഇല്ലാതെ താന്‍ ജനിച്ച ജാതി.എത്ര പണമുണ്ടെങ്കിലും ജാതി പിന്നോക്കമാണോ നീയും പിന്നോക്കം എന്നതാണിവിടത്തെ സ്ഥിതി.
                എന്നാല്‍ ഈയൊരു കാര്യം മാത്രം നമ്മുടെ സെന്‍സസില്‍ രേഖപ്പെടുത്തുന്നില്ല.ജാതി തുടച്ചുനീക്കണമെന്നു പ്രസംഗിക്കുകയും അതിനായി ഒരുപാട് പരിപാടികളെങ്കിലും നമ്മള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.എന്നാല്‍ അതിന്റെ വിജയപരാജയങ്ങള്‍ വിലയിരുത്തുന്ന വേളയില്‍ - സെന്‍സസില്‍ - നാം ഒഴിഞ്ഞു മാറുകയും ചെയ്യും.സെന്‍സസില്‍ മതം നമ്മള്‍ രേഖപ്പെടുത്തും - ഹിന്ദു അല്ലെങ്കില്‍ കൃസ്ത്യന്‍ അല്ലെങ്കില്‍ സിക്ക് അല്ലെങ്കില്‍ മുസ്ലീം.എന്നാല്‍ ഏറ്റവും അത്യാവശ്യം വേണ്ട ജാതി , അതുമാത്രം ഇല്ല.അതു പറഞ്ഞാല്‍ പ്രശ്നമാകും,രാജ്യത്ത് കലാപമുണ്ടാകും, രാജ്യം കുട്ടിച്ചൊറാകും എന്നാണ് പറയുന്നത്.എന്നാല്‍ അയിത്തം ആചരിച്ചിട്ടും ഇത്രമാത്രം അഭിമാനഹത്യകള്‍ നടത്തിയിട്ടും ഇത്രമാത്രം വഴികള്‍ കൊട്ടിയടച്ച് അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിട്ടും കലാപം നടക്കാത്ത ഈ രാജ്യത്താണ് ഇനി സെന്‍സസില്‍ ജാതി രേഖപ്പെടുത്തിയാല്‍ കലാപം നടക്കാന്‍ പോകുന്നത്.കലാപക്കാരുടെ മനസ്സില്‍ മറ്റെന്തോ ആണ് എന്ന് വ്യക്തം.
             ഇനി നമുക്ക് പഴയ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം.1931 വരെ നടന്ന സെന്‍സസുകളില്‍ ഹിന്ദു വിഭാഗക്കാരുടെ ജാതി രേഖപ്പെടുത്തിയിരുന്നു - എന്നിട്ടും ഒരു കലാപവും ഇവിടെ ഉണ്ടായില്ല.1931 നു ശേഷം ജാതി തിരിച്ചുള്ള സെന്‍സസ് ഒഴിവാക്കാനുള്ള ഒരുശ്രമം ഇവിടെ ഉണ്ടായി.ഇതിനെതിരായി അന്നത്തെ സെന്‍സസ് മേധാവി ശ്രി.ഹട്ടന്‍ (Sri.Hutton)എന്ന ബ്രിട്ടീഷ്കാരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഹിന്ദുക്കളുടെ ജാതിതിരിച്ചുള്ള കണക്ക് എടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.എന്നാല്‍ അത് അവഗണിക്കപ്പെട്ടു.പിന്നീടിന്നുവരെ ഒരു സെന്‍സസിലും ഹിന്ദുക്കളുടെ ജാതി തിരിച്ചുള്ള കണക്ക് എടുക്കുകയുണ്ടായില്ല.
                വികസനത്തിന്റെ പുരോഗാതിയുടെ അന്ത്യവാക്കായി എല്ലാവരും കണക്കിലെടുക്കുന്ന അമേരിക്കയില്‍ പോലും അവിടത്തെ ന്യൂനപക്ഷമായ നീഗ്രോകള്‍ തുടങ്ങിയവരുടെ കണക്ക് പ്രത്യേകം പ്രത്യേകം അവിടെ എടുക്കുന്നു എന്നത് ശ്രദ്ധിക്കുക.കാരണം എല്ലാവര്‍ക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ തുല്യമായി പാങ്കുവൈക്കണമെങ്കില്‍ തുല്യമായ വികസനം എല്ലാവര്‍ക്കും എത്തണമെങ്കില്‍ ഈയൊരു കണക്കെടുപ്പ് അത്യാവ്ശ്യമാണെന്നവര്‍ക്കറിയാം.
                 ഏതായാലും ജനങ്ങളുടെ ചിരകാലമായുള്ള മുറവിളിയുടേയും മറ്റും ഫലമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് മെയ് മാസത്തില്‍ നടത്തും എന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.പക്ഷെ സെന്‍സസ് കഴിഞ്ഞ് ഉടനെ തന്നെയുള്ള ഈ കണക്കെടുപ്പ് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടുതന്നെയറിയ്യണം.

No comments :

Post a Comment