ശ്രി അച്യുതാനന്ദനെ എന്തിനൊറ്റപ്പെടുത്തണം.

**Mohanan Sreedharan | 24 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
2006 മാര്‍ച്ച് 16, 2011 മാര്‍ച്ച് 16 ഇവ തമ്മിലുള്ള ബന്ധം എനിക്ക് തോന്നുന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാമെന്നതാണ്. ഈ ദിവസമാണ് രണ്ടു പ്രാവശ്യവും ശ്രി.വി.എസ്.അച്യുതാനന്ദന് നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചത്.എന്നാല്‍ നാടെങ്ങും ഇതിനെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രകടനങ്ങളും നടന്നു.രണ്ടു പ്രാവശ്യവും പിന്നീട് ശ്രി.അച്യുതാനന്ദന് സീറ്റ് കൊടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിത്തീരുകയാണുണ്ടായത്.അങ്ങനെയാണ് ഈ രണ്ടു പ്രാവശ്യവും പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടിക്കായത്.
                              മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ സീറ്റുകളും സ്ഥാനാര്‍ത്ഥികളും അറിയിക്കുന്നതിനായി പാര്‍ട്ടി സെക്രട്ടറി ശ്രി.പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രതിഷേധപ്രകടനത്തെക്കുറിച്ചു പറഞ്ഞ മറുപടി ഇതായിരുന്നു,:- “പ്രകടനം നടത്തിയവരൊന്നും പാര്‍ട്ടിക്കാരല്ല “. ഇതൊരു വലിയ ശതമാനത്തോളം ശരിയാകാനാണു സാദ്ധ്യത.കാരണം പാര്‍ട്ടി മെംബര്‍മാര്‍ക്ക് പാര്‍ട്ടി തലത്തില്‍തന്നെ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരണവും അവരുടെ സംശയദൂരീകരണവും നടന്നിട്ടുന്റാകും.എന്നാല്‍ പാര്‍ട്ടി അനുഭാവികള്‍ ( ഇവര്‍ രണ്ടു തരത്തിലാണ്, യഥാര്‍ത്ഥ അനുഭാവികളും അനുഭാവികളെന്നു പറഞ്ഞു നടക്കുന്നവരും)ക്കും കൃത്യമായ അറിവിക്കാര്യത്തിലുണ്ടായിരിക്കണം.എന്നാല്‍ രണ്ടാമതു പറഞ്ഞ കൂട്ടത്തിലെ അനുഭാവികള്‍ , പാര്‍ട്ടി ഭരണത്തിലായതിനാല്‍ കൂടുതലായിരിക്കും.അവരായിരിക്കണം പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചതും പ്രകടനങ്ങള്‍ നടത്തിയതും.
                        അവരെ സംബന്ധിച്ചിടത്തോളം ശ്രി.വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അനിഷ്യേധ്യനായ നേതാവാണ്.അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ സര്‍വഥാ യോഗ്യനാണ്, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങള്‍ക്കുവേണ്ടി പലതും ചെയ്തയാളാണദ്ദേഹം.അദ്ദേഹത്തിന് ഒരു രണ്ടാമൂഴം നല്‍കിയില്ല എന്നു പറഞ്ഞാല്‍ ഇതെന്തൊരു പാര്‍ട്ടി.എന്തൊരു സംസ്ഥാന സെക്രട്ടറി.ചുമ്മാതല്ല പാര്‍ട്ടി സെക്രട്ടറിക്കെതിരേയും പാര്‍ട്ടിക്കെതിരേയും മുദ്രാവാക്യം മുഴങ്ങിയത്.
                   വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്റെ ജീവിതം തന്നെ ത്യാഗോജ്വലവും വീരോജ്വലവും ആയിരുന്നു.1923 ഒക്ടോബര്‍ മാസം 20 -)0 തീയതി ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കാമ്മയുടേയും മകനായി ജനിച്ച അച്യുതാനന്ദന്‍ 7-)0 ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ മരിച്ചതിനാല്‍ പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്റെ സഹായിയായി കുറേക്കാലം തുണിക്കടയില്‍ ജോലി നോക്കി.നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുംബിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.അതിലാകൃഷ്ടനായി കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായി അച്യുതാനന്ദന്‍.(1938).പിന്നീട് സഖാവ് പി.കൃഷ്ണപിള്ളയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും അങ്ങനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിച്ചേരുകയും ചെയ്തു അദ്ദേഹം (1940).
പുന്നപ്ര സമരകാലത്ത് തൊഴിലാളിക്യാമ്പിന്റെ മുഖ്യചുമതലക്കാരനായിരുന്നു അദ്ദേഹം.അക്കാലത്തദ്ദേഹം കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും അഞ്ചു വര്‍ഷത്തോളം ഒളിവില്‍ കഴിയുകയും ചെയ്തു .1957 ല്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനകമ്മിറ്റി മെംബര്‍മാരില്‍ ജീവിച്ചിരുപ്പുള്ള ഒരെ ഒരാളാണ് അച്യുതാനന്ദന്‍.
                         1965ല്‍ സ്വന്തം നാടുള്‍ക്കൊള്ളുന്ന അമ്പലപ്പുഴ നിയോജകമന്‍ഡലത്തില്‍ നിന്നും മത്സരിച്ചു തോറ്റു തുടങ്ങിയ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ 1967,1970,1991,2001,2006 വര്‍ഷങ്ങളില്‍ ജയിക്കുകയും 1977,1996 വര്‍ഷങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.1996 ല്‍ മാരാരിക്കുളത്തുണ്ടായ പരാജയം അട്ടിമറിയാണെന്നു പരാതി വരികയും അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വൈക്കുകയും ചെയ്തു.എന്നാല്‍ 2001 മുതല്‍ 2006 വരെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനമാണ് അച്യുതാനന്ദനെ അച്യുതാനന്ദനാക്കി മാറ്റിയത്.(അവലംബം വിക്കിപീഡിയ മലയാളം.)
                           പാര്‍ട്ടി വേദികളിലും മറ്റും കര്‍ക്കശക്കാരനായ നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്.2001 - 2006 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ നിരവധി വിഷയങ്ങളിലെ - പ്രത്യേകിച്ചും മതികെട്ടാന്‍ വിവാദം,പ്ലാച്ചിമട വിവാദം,കിളിരൂര്‍ പെണ്‍ വാണിഭ കേസ്, ഐസ്ക്രീം വിവാദം എന്നിവയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തിന് ജനമധ്യത്തില്‍ രാഷ്ട്രീയാതീതമായ ഒരു ഇമേജ് ഉണ്ടാക്കിക്കൊടുത്തു.പതുക്കെ പതുക്കെ പാര്‍ട്ടിക്കതീതനായി മാറാന്‍ ശ്രമിച്ചു അദ്ദേഹം.പാര്‍ട്ടി അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റേതെങ്കിലും ഒരു ജനപ്രിയ വിഷയവുമായി അദ്ദേഹം മുന്നോട്ട് നീങ്ങും.പതുക്കെ പതുക്കെ പാര്‍ട്ടിയെ പറ്റി പറയേണ്ടി വരുമ്പോള്‍ അദ്ദേഹം വിദഗ്ധമായി മൌനം പാലിക്കാന്‍ തുടങ്ങി.പാര്‍ട്ടിയേക്കുറിച്ചു പറയേണ്ടി വരുമ്പോഴൊക്കെ എന്തെങ്കിലും പ്രകോപനപരമായ ആംഗ്യങ്ങളോ ചിരിയോ അദ്ദേഹം പുറപ്പെടുവിക്കുകയും അതിന്റെ വ്യാഖ്യാനം അദ്ദേഹത്തിന്റെ നിഴല്‍ പറ്റി നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്തു.പാര്‍ലമെന്റ് റിസല്‍റ്റു വന്നപ്പോഴത്തെ അദ്ദേഹത്തിന്റെ ചിരി കുപ്രസിദ്ധമാണല്ലോ.അതുപോലെ തന്നെ പാര്‍ട്ടിയെ ജനമദ്ധ്യത്തില്‍ അപഹസിച്ചും എന്നാല്‍ തിരിച്ചും വ്യാഖ്യാനിക്കാവുന്ന അദ്ദേഹത്തിന്റെ കമന്റുകള്‍ കുപ്രസിദ്ധങ്ങളാണ്.പാര്‍ട്ടിയുടെ ഈ തീരുമാനത്തില്‍ തനിക്കു പങ്കില്ല,അതവന്മാരുടെ തീരുമാനം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കമന്റുകളും നിലപാടുകളും പാര്‍ട്ടിയെ ജനമധ്യത്തില്‍ ഇടിച്ചു താഴ്ത്താന്‍ ഉപകരിച്ചു.ഉദാഹരണത്തിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കാലം മാത്രം മതി.പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ - അതിനെ ലംഘിച്ചു കൊണ്ടുള്ള ശ്രീ.അച്യുതാനന്ദന്റെ നടപടികള്‍ ഇവയെല്ലാം വളരെയധികം കണ്ടു കേരളീയ്യര്‍. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും എന്നു പറയുന്നത്,അതുപോലെ തന്നെ ന്യൂനപക്ഷം ഭൂരിപക്ഷത്തിനു വഴങ്ങണമെന്നും ആണ് പാര്‍ട്ടി ഭരണഘടന എന്നാണ് ഈ പാവപ്പെട്ട ജനം ധരിച്ചിരിക്കുന്നത്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയും പി ഡി പി യും സംയുക്തമായി ഒരു സ്വതന്ത്രനെ പിന്താങ്ങാന്‍ തീരുമാനിച്ചു.എന്നാല്‍ ഇതേ സമയത്തു തന്നെ പി ഡി പി നേതാവ് മദനിയെക്കുറിച്ച് മതതീവ്രവാദി എന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്‍ പ്രചരണം നടക്കുകയും അതീ അച്യുതാനന്ദന്‍ ഏറ്റു പിടിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി മദനി പങ്കെടുക്കുന്ന വേദികള്‍ പങ്കിടില്ല എന്ന് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.ഇതാണോ ഒരു പാര്‍ട്ടി അംഗം ചെയ്യേണ്ട നടപടി?ഇതു കൊണ്ടെന്തുണ്ടായി? പാര്‍ട്ടി ചീത്ത,അച്യുതാനന്ദന്‍ നല്ലവന്‍ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായി ശ്രി അച്യുതാനന്ദന്.
                  കഴിഞ്ഞ കുറേ കാലങ്ങളായി നടന്നു വന്ന പരിപാടിയല്ലെ ഇത്.ആദ്യം വേള്‍ഡ് ബാങ്ക് ലോണായിരുന്നു പ്രശ്നം.അതില്‍ ഇങ്ങേരും പിണിയാളുകളും കുറച്ചു മാധ്യമങ്ങളും കൂടിയുണ്ടാക്കിയ പൊല്ലാപ്പ് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടല്ലോ.അതു കഴീഞ്ഞപ്പോളാണ് ലാവലിന്‍ വന്നത്.പിണറായി തെറ്റു ചെയ്തിട്ടില്ലെന്ന് അഖിലേന്‍ഡ്യാ സെക്രട്ടറിയടക്കം തൊണ്ടകീറി അലറുമ്പോള്‍ അച്യുതാനന്ദനു മാത്രം, കോടതി പറയും.സ്വന്തം നേതാവ് ,സഹപ്രവര്‍ത്തകന്‍ തെറ്റു ചെയ്തില്ല, ചെയ്യില്ല എന്ന് പറയാന്‍ അദ്ദേഹത്തിന്റെ നാവാടിയില്ല.എന്താ കാരണം?അയാളുടെ കാര്യം കോടതി പറയുമെന്ന് പറഞ്ഞാല്‍ അയാള്‍ കുറ്റക്കാരനാണെന്നു തന്നെ അര്‍ത്ഥം.അയാളും അയാളെ സംരക്ഷിക്കുന്ന പാര്‍ട്ടിയും കുറ്റക്കാര്‍, ഞാന്‍, ഞാന്‍ മാത്രം നല്ലവന്‍.
                    മദനി പ്രശ്നം വന്നപ്പോള്‍  ഞാന്‍ പാര്‍ട്ടിയുടെ അപചയത്തിനെതിരെ ഫൈറ്റ് ചെയ്യുകയായിരുന്നു.ഇതാണോ പാര്‍ട്ടി,ഞാനീ പാര്‍ട്ടിയിലായിപ്പോയി എന്നു മാത്രം എന്ന ലൈന്‍ ആയിരുന്നു.മദനിയെക്കുറിച്ച് ഞാന്‍ മിണ്ടില്ല,മദനിയുടെ കാര്യം പറയില്ല എന്ന ലൈന്‍ എടുത്തു.എന്നിട്ട് മദനിയെ കര്‍ണാടകക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ പഴയ ആംഗ്യവും ചിരിയും.ഇതിനിടക്ക് മറ്റൊരു സംഭവവുമുണ്ടായി.മദനിക്കെതിരെ സാക്ഷി പറഞ്ഞ കുറേ പേര്‍ പറഞ്ഞു; “ഞങ്ങളെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്.”ഇതന്വേഷിക്കാന്‍ ചെന്ന ഏഷ്യാനെറ്റ് ലേഖികയെക്കൂടി തീവ്രവാദി ലിസ്റ്റില്‍ പെടുത്തി അറസ്റ്റ് ചെയ്തു കര്‍ണാടക സര്‍ക്കാര്‍.അതോടെ മദനിക്കേസില്‍ ഔദ്യോഗീഐകവിഭാഗം പറഞ്ഞുകൊണ്ടിരുന്നത് ശരിയാകാന്‍ സാധ്യത വന്നു.“ഹയ്യോ, ഇങ്ങനെയൊരു സംഭവം ഞാന്‍ കേട്ടിട്ടേയില്ല“ എന്ന നിലപാടിലായി ശ്രി.അച്യുതാനന്ദന്‍.
                     ഇനി നോക്കൂ മൂന്നറിലേക്ക്. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നു നോക്കാതെ പണിയേല്‍പ്പിച്ചു മുഖ്യമന്ത്രി.അവര്‍ പൊളി തുടങ്ങി.കുറച്ചു പണക്കാരുടെ , പിന്നെ പാര്‍ട്ടിയോഫീസ്, ശേഷം പാവപ്പെട്ടവരുടേത്. ഇതാണ് പൂച്ചകളുടെ പരിപാടി.പണക്കാരുടെ പൊളിച്ചപ്പോള്‍ കോടതിയും പാവങ്ങളുടെ പൊളിച്ചപ്പോള്‍ പാര്‍ട്ടിയും ഇടപെട്ടു.തന്നിഷ്ട തീരുമാനവും നടപടിയും കോടതി തടഞ്ഞു.അപ്പോഴും രക്ഷക്കെത്തിയത് പാര്‍ട്ടി സെക്രട്ടറി എന്ന ശത്രു തന്നെ.നേതാവിനു നേരെ വാളു വീശുന്നതു കണ്ടാല്‍ ഇടനെഞ്ചു കാട്ടി തടുക്കണമെന്ന സിദ്ധാന്തമാണിവിടെ വര്‍ക്ക് ചെയ്തത്. അവീടയോ “ കോടതി തീരുമാനിക്കും.”അതാണ് അച്യുതാനന്ദന്‍.
                     ഇനി ലോട്ടറി പ്രശ്നമെടുത്തു നോക്കാം.ഒരുപാടു പേര്‍ ഐസക്കിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും  ആരോപണശരവുമായെത്തി. എന്റെ കാര്യം ഞാന്‍ തെറ്റുകാരനല്ല, ഐസക്കിന്റെ കാര്യം ഐസക്ക് പറയും ഇതാണ് ഏറ്റവും നല്ല അച്യുതാനന്ദന്‍ ലൈന്‍.ഈ പ്രശ്നത്തില്‍ ഐസക്കിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും അഖിലേന്‍ഡ്യാ നേതൃത്വത്തെക്കുറിച്ചും ഒരുപാടാരോപണങ്ങള്‍ വന്നു.എന്നാല്‍ അച്യുതാനന്ദന്റെ ഭാഗത്തു നിന്നും എന്തെങ്കിലും ഒരു വാക്ക് പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കന്മാരേക്കുറിച്ചും നല്ലതായോ ചീത്തയായോ പുറത്തു വന്നോ. ഇതാണ് സഹോദരന്മാരേ പാര്‍ട്ടിക്കൂറ്.ഞാനും എന്റെ മകനും മനോരമ പത്രവും( ഞാനും എന്റെ ഭാര്യയും അപ്പുക്കുട്ടന്‍ തട്ടാനും മാത്രം മതി ലോകത്ത് എന്ന് ഒറിജിനാല്‍).മാത്രം മതി, തന്നെ വളര്‍ത്തി വലുതാക്കി ഇവിടെ വരെ എത്തിച്ച പാര്‍ട്ടിയും നേതാക്കളും വെറും പുല്‍ എന്നതാണ് ഇന്നത്തെ സ്റ്റൈല്‍.
                    അവസാനം തനിക്കും മകനെതിരെ ആരോപണം വന്നപ്പോള്‍ അപ്പോഴും ചാടി വീഴാനും വീറോടെ എതിര്‍ക്കാനും ആ പാര്‍ട്ടി സെക്രട്ടറി മാത്രമേയുണ്ടായുള്ളൂ എന്നോര്‍ക്കണം.
               ഇപ്പോള്‍ പൊതുവേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറയുന്ന ഏറ്റവും വലിയ ആരോപണം അതൊരു വിപ്ലവപാര്‍ട്ടിയല്ല പകരം അതൊരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് എന്നതാണ്.ഇതിനുപോല്‍ബലകമായി പറയുന്ന കാരണങ്ങള്‍ അടിസ്ഥാനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ കുറഞ്ഞു വരുന്നു,തൊഴിലാളികളുടെ എണ്ണം കുറയുന്നു,ഉള്ള തൊഴിലാളികള്‍ തന്നെ ബ്ലൂ കോളറിനു പകരം വൈറ്റ് കോളറുകാര്‍ ആയി, ഈ പാര്‍ട്ടി വിപ്ലവത്തിനു തൊഴിലാളികളെ തയ്യാറെടുപ്പിക്കുന്നതിനു പകരം അവരുടെ വിപ്ലവാഭിനിവേശം കുറേ സാമൂഹ്യ പരിഷ്ക്കരണ പരിപാടികള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ്.ഈ യൊരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പറ്റിയ നേതാവാണ് അച്യുതാനന്ദന്‍.കാരണം അദ്ദേഹം പാര്‍ട്ടിക്കതീതനായി വളര്‍ന്നു കഴിഞ്ഞ ഒരു വ്യക്തിയാണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിപ്ലവപാര്‍ട്ടിയെന്നറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുഴുവന്‍ ആ മനുഷ്യന്റെ മുന്നില്‍ മുട്ടിലിഴയുന്നത് കണ്ടില്ലേ? ഇഴഞ്ഞില്ലെങ്കില്‍ ഞാന്‍ എന്റെ ആളുകളെ തെരുവിലിറക്കും,ജൈ വിളിപ്പിക്കും,ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളും എനിക്കു നടത്തിതന്നേ മതിയാകൂ.എനിക്കാവശ്യമുള്ളപ്പോള്‍ ഞാന്‍ പറയും,അന്നേരം പാര്‍ട്ടി ഞാന്‍ പറയുന്നതു പോലെ നിന്നു തന്നാല്‍ മതി.അതു ചെയ്തു തന്നില്ലെങ്കില്‍ പിണറായിയല്ല, പ്രകാശ് കാരാട്ടാണെങ്കിലും ഞാന്‍ വിറപ്പിച്ചു നിറുത്തും.എന്നാല്‍ 89 വയസ്സു കഴിഞ്ഞ എനിക്ക് പാര്‍ലമെന്ററി വ്യാമോഹങ്ങളില്ല, പക്ഷെ എനിക്കിനിയും പലതും ചെയ്യാനുണ്ട്, പലരേയും കയ്യാമം വൈക്കാനുണ്ട്( ഇത് പാര്‍ലമെന്ററി വ്യാമോഹമായി വ്യാഖ്യാനിക്കരുത്,വ്യഖ്യാനിച്ചാല്‍ അണികള്‍ പ്രകടനത്തിനു തയ്യാറായി നില്പുണ്ട്).
                     പ്രിയ സുഹൃത്തുക്കളെ, പാര്‍ട്ടി വളര്‍ത്തി വലുതാക്കി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ നിറുത്തി വിജയിപ്പിച്ച് പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയ ഒരാള്‍ ഒറ്റക്ക് മസിലു പെരുക്കി ക്കാണിക്കുകയാണ് പാര്‍ട്ടിക്കു നേരെ. ഏതാണാ മസിലെന്നു മനസ്സിലായോ? നിങ്ങളാണ്, പാര്‍ട്ടി അനുഭാവികളും അല്പസ്വല്പം പാര്‍ട്ടി സഖാക്കളും.ഇനിയെങ്കിലും സത്യം മനസ്സിലാക്കി വളയമില്ലാതെ ചാടുന്ന ആ മനുഷ്യനെ നല്ല ബുദ്ധി കാണിച്ചു കൊടുക്കാന്‍ തയ്യാറാവണമെന്നാണെനിക്കഭ്യര്‍ത്ഥിക്കാനുള്ളത്.
Post a Comment