ബിനായക് സെന്നും മനുഷ്യാവകാശപ്രവര്‍ത്തകരും ഈ കൊച്ചു കേരളവും!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ആയിരത്തിത്തൊള്ളായിരത്തി നാല്പ്പത്തിയൊന്‍പത് - അന്‍പത് കാലഘട്ടം.! അത്രയേറെ പ്രശസ്തനല്ലാത്ത ചേലക്കാട്ടെത്തു കുഞ്ഞിരാമന്‍ ശൂരനാട്ടുകേസില്‍ പ്രതിയായി.അന്നത്തെ ഭരണത്തിന്റെ ‘സുരക്ഷിതത്വത്തില്‍’ അയാളുടെ കൊച്ചുവീട് തകര്‍ന്നുവീണു.
               ആറുകുഞ്ഞുങ്ങളും ഭാര്യയുമായി ജീവന്‍ കാക്കാന്‍ കുഞ്ഞുരാമന്‍ ഒളിവില്‍ പോയി.സംഭവബഹുലമായ ആ ഒളിച്ചോട്ടത്തില്‍ അഞ്ചു കുഞ്ഞുങ്ങളും കൈവിട്ടുപോയി.പത്തുവയസ്സുള്ള ഭാര്‍ഗവി മൂന്നുവയസ്സുള്ള കൊച്ചനുജനുമായി തെണ്ടിത്തിരിഞ്ഞു.
                  കുഞ്ഞുങ്ങളെ തേടി പരതി നടന്ന പിതാവ് ആയിരം തെങ്ങ് കടപ്പുറത്ത് ഒരു കാഴ്ച്ച കണ്ടു!
                   സന്നിപാതജ്വരം പിടിപെട്ട് പ്രജ്ഞയറ്റ് കിടക്കുന്ന ഭാര്‍ഗവിയുടെ മുഖത്തുനിന്നും അവളുടെ കൊച്ചനുജന്‍ ഈച്ചയാട്ടി അകറ്റുകയാണ്.
                     അവള്‍ അമ്മയെ വിളിച്ചു.
                    കുളത്തൂപുഴ മലയില്‍ ഒളിവില്‍താമസിപ്പിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് കുഞ്ഞുരാമന്‍ മകളേയും തോളിലിട്ട് നടന്നു.
                 രണ്ടു രാത്രികളും ഒരു പകലും കൊണ്ട് ആ ധീരന്‍ അവിടെയെത്തി!
                 പക്ഷെ - അമ്മയെ കാണാന്‍ ആ കുഞ്ഞികണ്ണുകള്‍ തുറന്നില്ല! - അത് എന്നെന്നേക്കുമായി അടഞ്ഞുപോയി!
                        ആ മലയടിവാരത്തില്‍ ആ പിതാവ് ആഴത്തില്‍ ഒരു കുഴി വെട്ടി.ആ കുഴിമാടത്തില്‍ ഒരു കരിക്ക് ചെത്തിവയ്ക്കുവാന്‍ കഴിയുന്നതിനു മുന്‍പ് പോലീസ് ആ മല വളഞ്ഞു.
                                                                    (ഒളിവിലെ ഓര്‍മ്മകള്‍ - തോപ്പില്‍ ഭാസി.)
                             അങ്ങനെ ബിനായക് സെന്നിന് ജാമ്യം ലഭിച്ചു.മാവോയിസ്റ്റുകളെ സഹായിച്ചു,മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തി,മാവോയിസ്റ്റുകളെ ചികിത്സിച്ചു, മാവോയിസ്റ്റ് സാഹിത്യം വായിച്ചു,സ്വന്തം ശേഖരത്തില്‍ സൂക്ഷിച്ചു എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കേസ്.2007 ലാണ് ഛത്തീസ് ഗഢ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.അന്നുമുതല്‍ക്കു തന്നെ നമ്മുടെ നാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റും അദ്ദേഹത്തിന്റെ മോചനത്തിനായി നിരന്തര പോരാട്ടത്തിലായിരുന്നു.ഏതായാലും നമ്മുടെ നാട്ടിലെ തന്നെ ഏറ്റവും വലിയ പരമോന്നത നീതിപീഠമായ സുപ്രീം കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു.
                      എന്നാല്‍ എന്നെ ആകര്‍ഷിച്ചത് അദ്ദേഹതിന്റെ മോചനമല്ല,പകരം അദ്ദേഹത്തെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണമാണ്.
"We are a democratic country. He may be a Naxal sympathiser, that doesn't make a case of sedition against him,"കോടതി ആദ്യം നടത്തിയ നിരീക്ഷണമാണിത്.തുടര്‍ന്ന് കോടതി പറഞ്ഞത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സുഹൃത്തുക്കളായുണ്ട്,മാവോയിസ്റ്റ് സാഹിത്യം വായിക്കുന്നുണ്ട് സ്വന്തം ശേഖരത്തില്‍ അത് ശേഖരിച്ചു വച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നത് രാജ്യദ്രോഹകുറ്റത്തിന് മതിയായ കാരണമല്ല.തന്നേയുമല്ല മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പുസ്തകശേഖരത്തില്‍ ഗാന്ധിജിയുടെ പുസ്തകം കണ്ടു എന്നത് ഗാന്ധിജി മാവോയിസ്റ്റ് ആണ് എന്നതിന്റെ തെളിവല്ല എന്നും കോടതി പറയുന്നു.
                   ബിനായക് സെന്നിന്റെ മോചിപ്പിച്ചുകൊണ്ട് കോടതി ഉയര്‍ത്തിപ്പിടിക്കുന്നത് മറ്റെല്ലാ അവകാശങ്ങള്‍ക്കും മേലെയാണ് മനുഷ്യാവകാശം എന്നു തന്നെയാണ്.അതായത് മനുഷ്യന്റെ അവകാശങ്ങള്‍,അന്തസ്സ്,നിലനില്‍പ്പ് എന്നിവയെല്ലാം മഹത്തരമാണെന്നും അതിനെ എന്നും ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്നും കോടതി നമുക്ക് കാണിച്ചുതരുന്നു എന്നു തന്നെ അര്‍ത്ഥം.
            കോടതിയുടെ ഈ നിരീക്ഷണം നമ്മുടെ നാട്ടില്‍ അടുത്തു നടന്ന ചില സംഭവങ്ങളില്‍ക്കൂടി ഒന്ന് വ്യാപിപ്പിച്ച് നോക്കാനാണ് ഈ വേളയില്‍ ഞാന്‍ ശ്രമിക്കുന്നത്.
                 കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് നമ്മുടെ നാട്ടില്‍ പാലക്കാട് ഒരു വീട്ടമ്മയെ അവരുടെ പരിചയക്കാരനടക്കം ചിലര്‍ ചേര്‍ന്ന് പട്ടാപ്പകല്‍ അവരുടെ വീട്ടില്‍ വച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം വീട് കൊള്ളയടിച്ചത്.കൊലയാളികളില്‍ ചിലരെ വളരെ പെട്ടെന്നുതന്നെ പോലീസ് കസ്റ്റഡിയിലായി.അവരെ ചോദ്യം ചെയ്യുന്നതിനിടയില്‍ അവരിലൊരാള്‍ ക്രൂരമായി മര്‍ദ്ദനമേറ്റ് മരിക്കുന്നു.നമ്മുടെ പോലീസല്ലെ, ചോദ്യം ചെയ്യല്‍ കൃത്യമായി പറഞ്ഞാല്‍ ശാസ്ത്രീയാ‍യില്ല എന്നു തന്നെ കാരണം.ദൌര്‍ഭാഗ്യകരമായതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണത്.നമുക്ക് വേണമെങ്കില്‍ വാദിക്കാം അയാള്‍ ( കൊല്ലപ്പെട്ടയാള്‍) വെറും കുറ്റാരോപിതന്‍ മാത്രമാണ്,ഏതെങ്കിലും ഒരു കോടതി വിധിക്കുന്നതുവരെ അയാള്‍ ഒരിക്കലും കുറ്റവാളിയാകുന്നില്ല എന്നൊക്കെ.എന്നാല്‍ ഈ വാദക്കാര്‍ക്കുപോലും അറിയാം അയാള്‍ കുറ്റക്കൂട്ടത്തില്‍ പെട്ടവനാണെന്ന്.എങ്കിലും ദൌര്‍ഭാഗ്യത്തിന് ചോദ്യം ചെയ്യലിനിടയിലയാള്‍ മരിച്ചുപോയി.
                      പക്ഷെ അതോടെ നമ്മുടെ മാധ്യമങ്ങളുടെയും ഒരുകൂട്ടം മനുഷ്യാവകാശപ്രവര്‍ത്തകരുടേയും  മുഴുവന്‍ മനുഷ്യാവകാശവും ആളിപ്പടര്‍ന്നു.മരിച്ചവന്റെ ഭാര്യ,കുഞ്ഞുങ്ങള്‍,മറ്റു ബന്ധുക്കള്‍ എന്നിവരുടെ മുഴുവന്‍ ദു:ഖം പത്ര,ദൃശ്യമാധ്യമങ്ങളിലൂടെ വഴിഞ്ഞൊഴുകി.മരിച്ചവന്റെ അടിയേറ്റു മരിച്ച ആ സ്ത്രീ ആരുമല്ലാതായി,അവരുടെ ഭര്‍ത്താവിനോ കുഞ്ഞുങ്ങള്‍ക്കൊ മറ്റു ബന്ധുക്കള്‍ക്കോ അവരുടെ കണ്ണീരിനോ യാതൊരു വിലയുമില്ലാതായി.മരിച്ചു പോയവന്‍ പശുവിന്‍ പാലുപോലെ നേര്‍മയേറിയവനും അവനെ ചോദ്യം ചെയ്ത പോലീസുകാരോ ഏറ്റവും വലിയ മനുഷ്യാവകാശലംഘകരുമായി.ഇത്തരം മനുഷ്യാവകാശങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും നമുക്ക് വേണോ?
ആലോചിക്കേണ്ടതല്ലെ ഇത്.ഇനി മറ്റൊരു മനുഷ്യാവകാശത്തിന്റെ കഥ കൂടി കേള്‍ക്കുക.
                     കഴിഞ്ഞതിനു പിന്‍പിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണീ സംഭവം നടക്കുന്നത്.വടകരക്കടുത്ത് തെരുവം പറമ്പ് എന്ന സ്ഥലത്ത് ഒരു യുവതിയായ വീട്ടമ്മ  ക്രൂരമായി കൂട്ടമാനഭംഗത്തിനിടയാകുന്നു.കൊന്നത് കീചകനെങ്കില്‍ കൊന്നത് മാര്‍ക്സിസ്റ്റുകാര്‍ എന്ന രീതിയില്‍ പ്രചരണം കൊഴുക്കുന്നു.ഈ മാനഭംഗം വളരെപ്പെട്ടെന്ന് കേരളമാകെ ആളിപ്പടരുന്നു. കേരളത്തിലെ ഒട്ടുമിക്ക ദൃശ്യ - പത്ര മാധ്യമങ്ങളും ഈ കഥ ഏറ്റെടുക്കുന്നു.എല്‍ ഡി എഫിനെതിരെ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരായുധമായി ഈ കഥ നാടെങ്ങും കൊണ്ടാടപ്പെടുന്നു. യൂ ഡി എഫിന്റെ പ്രത്യേകിച്ചും മുസ്ലീം ലീഗിന്റെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ വികാര സാന്ദ്രമായ ഒരു സാന്നിധ്യമായി ഈ സ്ത്രീയും ഭര്‍ത്താവും അവര്‍ യു ഡി എഫ് യോഗങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്കുണ്ടായ ഈ മാനഭംഗക്കഥ വിശദീകരിക്കുന്നു.
                     അങ്ങിനെ ആ യുവതിയുടെ മാനവും അഭിമാനവും മനുഷ്യാവകാശവും എല്ലാം രണ്ടാമതും പരണത്തു കേറ്റുന്നതില്‍ വിദ്യാഭ്യാസപരമായും വിവരപരമായും അറിവുപരമായും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മള്‍ കേരളീയര്‍ക്കായുഇ എന്നു സമാധാനിക്കാം..( ആദ്യത്തെ ആക്രമണം മാര്‍ക്സിസ്റ്റുകാരുടെ മാനഭംഗമായിരുന്നു.)ഇതിന്റെ ഭാഗമായി തെരുവം പറമ്പില്‍ നടന്ന രാഷ്ട്രീയ സംഘട്ടനത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരു മാര്‍ക്സിസ്റ്റു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.ഇതോടെ ആ സ്ത്രീക്കും അംറ്റുള്ളവര്‍ക്കും ഒരു പരിധി വരെ സമാധാനം ലഭിക്കുകയും ചെയ്യുന്നു.അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു.മാര്‍ക്സിസ്റ്റ് പെട്ടിയില്‍ വീഴേണ്ടിയിരുന്ന കുറേ വോട്ടുകളെങ്കിലും യൂ ഡി എഫ് പെട്ടിയിലാക്കുന്നതിലീ കഥ പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.
                              പക്ഷെ പെട്ടി പൊട്ടിച്ചുകഴിഞ്ഞപ്പോള്‍ ഏതാണ്ട് മിക്കവാറും സീറ്റുകള്‍ ഇടതുപക്ഷം തൂത്തു വാരി.ക്രൂരമായ മാനഭംഗം പോലും വലതുപക്ഷത്തിന്റെ രക്ഷക്കെത്തിയില്ലെന്നു സാരം.അങ്ങനെ എല്ലാം കഴിഞ്ഞ് ഒട്ടൊന്ന് സമാധാനം ആയപ്പോള്‍ തെരുവം പറമ്പ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നു.വാര്‍ത്ത വേറൊന്നുമല്ല, തന്നെ മാനഭംഗപ്പെടുത്തി എന്ന് ഇലക്ഷന്‍ കാലത്ത് പറഞ്ഞതും പ്രചരിപ്പിച്ചതുമെല്ലാം വെറുതെയായിരുന്നെന്ന് ആ സ്ത്രീയും അവരുടെ ഭര്‍ത്താവും പത്രസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുന്നു.അങ്ങനെ പറഞ്ഞാല്‍ തരാമെന്ന് പറഞ്ഞിരുന്ന പ്രതിഫലം കിട്ടാതെ വന്നപ്പോഴാണീ വെളിപ്പെടുത്തലെന്നു കൂടി അവര്‍ പറയുന്നു.(അതോടെ ആ സ്ത്രീയുടെ മാനവും അഭിമാനവും മനുഷ്യനെന്ന നിലയിലുള്ള അവരുടെ അവകാശങ്ങളുമെല്ലാം മൂന്നാമതും കപ്പല്‍ കയറുന്നു.)
                    ചെയ്യാത്ത കുറ്റത്തിന് കഴുമരത്തിലേറേണ്ടിവന്ന ആ പാവം പയ്യന്റെ ആത്മാവ് ആ കുടുംബത്തെ, ആ യു.ഡി.എഫുകാരെ, ആ അറമാദിച്ച മാധ്യമങ്ങളെ വെറുതെ വിടുമെന്ന് തോന്നുണ്ടോ?. ഇവരീ കാണിച്ചു കൂട്ടുന്നതല്ലെ, പത്തോ നൂറോ വോട്ടിനായി,അഞ്ചോ പത്തോ സീറ്റിനായി എന്തു തോന്ന്യാസവും കാണിച്ചു കൂട്ടുന്നതല്ലെ യഥാര്‍ഥ മനുഷ്യാവകാശലംഘനം?
                       ഇനിയും ഇനിയുമെത്രയോ നാറുന്ന കഥകള്‍ സമീപഭാവിയില്‍ നിന്നുതന്നെ എടുത്തുകാണിക്കാനുണ്ടാകും സമീപഭൂതകാലത്തില്‍ നിന്നു തന്നെ.ഇതിന്നോ ഇന്നലയോ തുടങ്ങിയതല്ല എന്നതാണ് സത്യം. ഇതിന്റെ രക്തം പൊടിയുന്ന ഉദാഹരണമാണ് തോപ്പില്‍ ഭാസിയുടേ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകം.കമ്യൂണിസ്റ്റു പ്രസ്ഥാനത്തോടനുഭാവം കാണിച്ചു എന്നതുമാത്രമായ കുറ്റത്തിന് പീഢിക്കപ്പെട്ട എത്രയോ നിരപരാധികള്‍,അഛനോ കുടുമ്പത്തിലെ മറ്റാരെങ്കിലുമോ കമ്യൂണിസ്റ്റായതിന് പീഢിക്കപ്പെട്ട എത്രയോ ആളുകള്‍.അവര്‍ക്കൊന്നും ഒരു സഹായഹസ്തം നീട്ടാന്‍ ഇവിടത്തെ നീതിപീഠമോ മറ്റാരുമോ ഉണ്ടായിട്ടില്ല.ഇപ്പോഴത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും അവരെ അംഗീകരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങളെ സാധൂകരിക്കാനോ ആവില്ല എന്നതാണ് സത്യം.എന്നിട്ടും അവര്‍ക്ക് സഹായ ഹസ്തം നീട്ടിയ മനുഷ്യാവകാശപ്രവര്‍ത്തകന്റെ സഹായത്തിന് നമ്മൂടെ പരമോന്നതനീതിപീഠം എത്തിയിരിക്കുന്നു.ഇതൊരു മാതൃകയാക്കാന്‍ ഇനിയെങ്കിലും നമ്മുടെ മുന്‍ നിര മാധ്യമങ്ങള്‍ തയ്യാറാവട്ടെ എന്ന് നമുക്കാശിക്കാം.

1 comment :

  1. ആയിരത്തിത്തൊള്ളായിരത്തി നാല്പ്പത്തിയൊന്‍പത് - അന്‍പത് കാലഘട്ടം.! അത്രയേറെ പ്രശസ്തനല്ലാത്ത ചേലക്കാട്ടെത്തു കുഞ്ഞിരാമന്‍ ശൂരനാട്ടുകേസില്‍ പ്രതിയായി.അന്നത്തെ ഭരണത്തിന്റെ ‘സുരക്ഷിതത്വത്തില്‍’ അയാളുടെ കൊച്ചുവീട് തകര്‍ന്നുവീണു.
    ആറുകുഞ്ഞുങ്ങളും ഭാര്യയുമായി ജീവന്‍ കാക്കാന്‍ കുഞ്ഞുരാമന്‍ ഒളിവില്‍ പോയി.സംഭവബഹുലമായ ആ ഒളിച്ചോട്ടത്തില്‍ അഞ്ചു കുഞ്ഞുങ്ങളും കൈവിട്ടുപോയി.പത്തുവയസ്സുള്ള ഭാര്‍ഗവി മൂന്നുവയസ്സുള്ള കൊച്ചനുജനുമായി തെണ്ടിത്തിരിഞ്ഞു.
    കുഞ്ഞുങ്ങളെ തേടി പരതി നടന്ന പിതാവ് ആയിരം തെങ്ങ് കടപ്പുറത്ത് ഒരു കാഴ്ച്ച കണ്ടു!
    സന്നിപാതജ്വരം പിടിപെട്ട് പ്രജ്ഞയറ്റ് കിടക്കുന്ന ഭാര്‍ഗവിയുടെ മുഖത്തുനിന്നും അവളുടെ കൊച്ചനുജന്‍ ഈച്ചയാട്ടി അകറ്റുകയാണ്.
    അവള്‍ അമ്മയെ വിളിച്ചു.
    കുളത്തൂപുഴ മലയില്‍ ഒളിവില്‍താമസിപ്പിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് കുഞ്ഞുരാമന്‍ മകളേയും തോളിലിട്ട് നടന്നു.
    രണ്ടു രാത്രികളും ഒരു പകലും കൊണ്ട് ആ ധീരന്‍ അവിടെയെത്തി!
    പക്ഷെ - അമ്മയെ കാണാന്‍ ആ കുഞ്ഞികണ്ണുകള്‍ തുറന്നില്ല! - അത് എന്നെന്നേക്കുമായി അടഞ്ഞുപോയി!
    ആ മലയടിവാരത്തില്‍ ആ പിതാവ് ആഴത്തില്‍ ഒരു കുഴി വെട്ടി.ആ കുഴിമാടത്തില്‍ ഒരു കരിക്ക് ചെത്തിവയ്ക്കുവാന്‍ കഴിയുന്നതിനു മുന്‍പ് പോലീസ് ആ മല വളഞ്ഞു.

    ReplyDelete