തമിഴന്മാരാകുന്ന കേരളീയര്‍, കേരളീയരാവുന്ന തമിഴന്മാരും.

**Mohanan Sreedharan | 8 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
(ഈ പോസ്റ്റ് വായിച്ച് മലയാളികളല്ലാത്ത ആരും ആത്മരോഷം കൊള്ളരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.കാരണം ഈ പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത് മലയാളികളല്ലാത്ത ആരേയും താറടിച്ചു കാണിക്കാനല്ല.അപ്പോള്‍ മലയാളികളെ താറടിച്ചുകാണിക്കാനാണെന്നു വരുന്നു.അവര്‍ ആത്മരോഷം കൊള്ളാറില്ല കാരണം അവര്‍ക്ക് ആത്മാവില്ലല്ലോ !)
                     1960 കളിലെ , 1970 കളിലെ തമിഴന്മാരെക്കുറിച്ചൊന്നോര്‍ത്തു നോക്കൂ, അവരുടെ ജീവിതത്തേയും.പണക്കാരുടെ അല്ല, ഇടത്തരക്കാരുടേയുമല്ല, പിന്നയോ സാധാരണ ജനങ്ങളുടെ ജീവിതം.പകലന്തിയോളം പണിയെടുത്ത് അന്നന്നത്തെ അത്താഴത്തിന് വഴികാണുന്നോര്‍.കഠിനമായ മഞ്ഞിലും മഴയിലും വെയിലിലും അല്പവസ്ത്രധാരി(ണി)കളായി അല്പം പോലും വിശ്രമമില്ലാതെ പണിയെടുക്കുന്ന പാവപ്പെട്ടവര്‍.അവരില്‍ പലരേയും നമ്മുടെ നാട്ടിലും അടുത്തകാലം വരെ കാണാമായിരുന്നു.പാതയോരത്ത് കടുപ്പമുള്ള പ്രദേശത്ത് തോടുകീറാന്‍ പുരുഷന്മാരോടൊപ്പം കൈക്കോട്ടെടുത്ത് അദ്ധ്വാനിക്കുന്ന തമിഴ് സ്ത്രീകളേയും നമ്മുടെ നാട്ടില്‍ ധാരാളം കാണാമായിരുന്നു.(ഇന്നാ സ്ഥാനം ബീഹാറികളും ഒറീസ്സാക്കാരും ബംഗാളുകാരും കയ്യടക്കിയിരിക്കുന്നു.)
                     പകലന്തിയോളം അദ്ധ്വാനിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരല്‍പ്പം മാനസീകോല്ലാസത്തിനായി അവര്‍ തീര്‍ച്ചയായും ചെല്ലുന്നത് ചാരായഷാപ്പുകളില്‍ത്തന്നെയാണ്.അതുകഴിഞ്ഞാല്‍ നേരേ അവരൊരു പോക്കാണ് സിനിമാ കൊട്ടകകളിലേക്ക്.ചാരായഷാപ്പില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍ സുഖം അവര്‍ക്ക് കിട്ടുന്നത് ശിവാജി ഗണേശനും എം ജി ആറും ഒക്കെ അഭിനയിച്ച സിനിമകള്‍ കാണുമ്പോഴാണ്.വീരപാണ്ഡ്യനായും ഏഴൈ തോഴനായും ഒക്കെ ഈ നടന്മാര്‍ വേഷം കെട്ടി ഓവര്‍ ആക്ട് ചെയ്യുന്നതുകാണുംപോള്‍ അവര്‍ക്കു കിട്ടുന്ന ഒരു സുഖം.ശിവാജി ഗണേശനും എം ജി ആറുമൊക്കെ അഭിനയിക്കാനറിയാവുന്ന നല്ല നടന്മാരാണ്.എന്നാല്‍ സ്വന്തം തമിഴ് മക്കള്‍ക്കു വേണ്ടി ഇവര്‍ കാണിച്ചുകൂട്ടുന്ന ഓവര്‍ ആക്ട് സഹിക്കാന്‍ അന്നത്തെ ഒരു മലയാളിയെക്കൊണ്ടുപോലും കഴിയില്ലായിരുന്നു.
                       മലയാളികള്‍ക്കുവേണ്ടി തമിഴ് സിനിമയുണ്ടാക്കുന്ന മദ്രാസില്‍ നിര്‍മ്മിക്കുന്നതാണെങ്കില്‍ കൂടിയും ജീവിത ഗന്ധിയായ നല്ല നല്ല സിനിമകള്‍ ഉണ്ടായിക്കൊണ്ടിരുന്നു.കെ.എസ്.സേതുമാധവനും വിന്‍സെന്റും പി.ഭാസ്കരനും തോപ്പില്‍ ഭാസിയും പി.എന്‍.മേനോനുമൊക്കെ സംവിധാനം ചെയ്ത നല്ല നല്ല സിനിമകള്‍.അതിലെ നായികാ നായകന്മാരുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഒപ്പം നാമും ആലോലമാടുമായിരുന്നു. എന്നാലത് നമ്മുടെ തമിഴന്മാര്‍ സിനിമ കണ്ട് കരയുകയും ചിരിക്കുകയും ചെയ്യുന്നതുപോലെ ആയിരുന്നില്ല.പാവം തമിഴ് മക്കള്‍.സിനിമയില്‍ തങ്ങളുടെ പട്ടിണി മാറ്റിത്തരുന്ന, തങ്ങള്‍ക്ക് പണവും കയറിക്കിടക്കാന്‍ വീടും മുതലാളിയോടു ഗലാട്ടെ പണ്ണി വാങ്ങിത്തരുന്ന ഈ നായകരെ അവര്‍ ജീവിതത്തിലും നേതാക്കന്മാരാക്കി.ശിവാജി ഗണേശന്‍ നേരത്തെ മരിച്ചു.തന്നെ താനാക്കിയ തന്റെ രത്തത്തിന്‍ രത്തമായ അരുമതമിഴന്മാരെ വഞ്ചിച്ചുകൊണ്ട് എം ജി ആര്‍ നിരവധി കാലം മുഖ്യമന്ത്രിയായി തമിഴകം വാണു.
                     പക്ഷെ മലയാളികള്‍ ബുദ്ധിയുളളവരും കാര്യങ്ങള്‍ അറിയാവുന്നവരുമായിരുന്നു.അവര്‍ സിനിമാക്കാരെ നിറുത്തേണ്ടിയിടത്ത് നിറുത്തി.അവരെ രാഷ്ട്രിയത്തില്‍ പ്രോത്സാഹിപ്പിച്ചില്ല.കളത്തിലിറങ്ങിയ നിത്യഹരിതനായകനെ നിറുത്തേണ്ടിയടത്തു നിറുത്തി മലയാളികള്‍ അവരുടെ സല്‍പ്പേര് നിലനിറുത്തി.എന്നാലിന്നോ? കഴിഞ്ഞ ദിവസം ടി വിയില്‍ വന്ന ഒരു മലയാളസിനിമ ഇങ്ങനെ:- സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍ക്ക് സ്ഥലം കളക്ടറായി ജോലി കിട്ടുന്നു, ചാര്‍ജെടുക്കാന്‍ അദ്ദേഹം ഓട്ടോറിക്ഷയിലേറി മറ്റു റിക്ഷകളുടെ അകമ്പടിയോടെ കളക്ടറേറ്റിലെത്തുന്നു.കളക്ടര്‍ , തന്റെ ഓഫീസ് സ്റ്റാഫിനോട് അപമര്യാദയായി പെരുമാറിയ ഒരുത്തനെ മര്‍ദ്ദിച്ചൊതുക്കുന്നു. 60 കളിലെ തമിഴന്മാര്‍ പോലും കാണാത്ത കോലങ്ങളായിത്തീര്‍ന്നിട്ടുണ്ട് ഇന്ന് മലയാള സിനിമ.മേലുദ്യോഗസ്ഥനോട് തട്ടിക്കയറുകയും കയ്യേറ്റശ്രമം നടത്തൂക പോലും ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ പൊലീസുകാര്‍.അഛനെ തെറിപറഞ്ഞൊതുക്കുന്ന സൂപര്‍ സ്റ്റാര്‍ നായകന്മാര്‍ നമ്മള്‍ മലയളികള്‍ക്ക് പകര്‍ന്ന് നല്‍കുന്ന സന്ദേശമെന്താണാവോ?നമ്മുടെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി ദിലീപ് പ്രഭൃതികള്‍ അഭിനയമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങള്‍ കണ്ടാല്‍ ഓക്കാനമല്ല ഛര്‍ദ്ദില്‍ തന്നെ വന്നു പോകും എന്ന നിലയായിട്ടുണ്ട്.(എന്നാല്‍ ഇവരൊക്കെ മാന്യമായി അഭിനയിച്ച വിരലിലെണ്ണാവുന്ന നല്ല സിനിമകളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്.)
                                 എന്നാല്‍ ഇന്നത്തെ തമിഴ് സിനിമകള്‍ നോക്കൂ.പഴയ 60 കളിലെ മലയാള സിനിമകളുടെ ചാരുത പരത്തുന്ന നിരവധി നല്ല നല്ല സിനിമകള്‍ ഇന്ന് എത്ര വേണമെങ്കിലും തമിഴിലുണ്ടാവുണ്ണുണ്ട്.അതുകൊണ്ടാണ് ഞാന്‍ ആദ്യമെ പറഞ്ഞത്, നമ്മള്‍ തമിഴന്മാരും തമിഴന്മാര്‍ നമ്മളുമായി രൂപാന്തരം പ്രാപിക്കുന്നു എന്ന്.
                               ഇനി മറ്റൊരു കാര്യം.തമിഴ് നാട്ടുകാര്‍ ആവേശത്തോടെ കാലങ്ങളായി ആഘോഷിച്ചിരുന്ന ഒരാഘോഷമാണ് അക്ഷയതൃതീയ.അന്നേ ദിവസം സാമാനങ്ങള്‍ വാങ്ങാന്‍ നല്ല ദിവസമായി അവര്‍ കണ്ടിരുന്നു.അക്ഷയതൃതീയ ദിവസം വാങ്ങുന്ന വസ്തുക്കള്‍ക്ക് ആ വര്‍ഷം പഞ്ഞമുണ്ടാകില്ലെന്നവര്‍ വിശ്വസിച്ചു.അതേ, വിശ്വാസം മാത്രം.ശരിയാണോ എന്ന് ആരും പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകില്ല.ഈ തൃതീയ നമ്മുടെ മലയാളികള്‍ - എല്ലാ മലയാളികളുമല്ല സ്വര്‍ണ രത്ന വ്യാപാരികള്‍ മാത്രം - ഒരവസരമായി എടുത്തു.ഈ അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് ഐശ്വര്യമാണെന്നവര്‍ ചുമ്മാ പത്രം ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്നതെല്ലാം മലയാളികളെ സംബന്ധിച്ച് ശരിയും സത്യവുമാണല്ലോ.അതുകൊണ്ടവര്‍ കിടപ്പാടം പോലും വിറ്റ് / പണയപ്പെടുത്തി സ്വര്‍ണം വാങ്ങിക്കുന്നു.അങ്ങനെ ഐശ്വര്യം നേടുന്നു, കച്ചവടക്കാര്‍.ഇത്രത്തോളം വിഡ്ഡികളാണല്ലോ മലയാളികള്‍.തമിഴന്മാര്‍ മണ്ടന്മാരാണെന്നും അവരെ പറ്റിക്കാന്‍ എളുപ്പമാണെന്നും പണ്ട് നമ്മുടെ നാട്ടുകാര്‍ പറയുമായിരുന്നു.എന്നാല്‍ ഇന്ന് ഒരു തമിഴനെ പറ്റിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കൊരവാര്‍ഡ് നല്‍കാന്‍ ഞാന്‍ തയ്യാറാണ്.എന്നാല്‍ ഈ തമിഴന്‍ വേണമെങ്കില്‍ നിങ്ങളെ പറ്റിച്ചു പൊയ്ക്കളയും.
                          അതുകൊണ്ടു കൂടിയാണ് ഞാന്‍ ആദ്യമേ പറഞ്ഞത്, നമ്മള്‍ തമിഴന്മാരായി മാറിയെന്ന്, അതുപോലെ അവര്‍ നമ്മളായും മാറിയെന്ന്.
       ( ഇതൊരു സാംബിള്‍ മാത്രം.ഒന്നാലോചിച്ചാല്‍ ഇനിയും ഇനിയും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതിനുദാഹരണമായി എടുത്തൂകാണിക്കാന്‍ കഴിയും.)
Post a Comment