കെ.എസ്.ആര്‍.ടി.സി ബസ്സ് |
കാലം: 2011 മെയ് മാസം 4-)0തീയതി രാവിലെ 8.45 മണി.കേരളത്തിലെ ചാനലായ ചാനലുകളിലെല്ലാം ഫ്ലാഷ് ന്യൂസ് പ്രത്യക്ഷപ്പെട്ടു, “കളമശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് 2പേര്‍ മരിച്ചു.കൂടുതല്‍ പേര്‍ക്ക് പരിക്ക്.” അടുത്ത സ്റ്റെപ് 9 മണി വാര്‍ത്തയില്‍.ഇവിടെ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു.തിരുവനന്തപുരത്തു നിന്നും തൃശ്ശൂര്‍ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.ആലുവായില്‍ നിന്നും എറണാകുളം വഴി തേവരക്കു പോകുന്നതായിരുന്നു പ്രൈവറ്റ് ബസ്.കളമശ്ശേരിയില്‍ ടി വി എസ് കവലയിലായിരുന്നു അപകടം.കൂടാതെ വിഷ്വത്സും കാണിച്ചിരുന്നു.പരിക്കുപറ്റി വിവിധ ആശുപത്രികളില്‍ അഡ്മിറ്റായവരുടെ വിവരങ്ങളും ആ വാര്‍ത്തയിലുണ്ടായിരുന്നു.ഉച്ചയോടെ പരിക്കു പറ്റിയ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പ്രൈവറ്റ് ബസ്സ് |
പിറ്റേന്നത്തെ പത്രങ്ങളില്‍ കുറച്ചുകൂടി വിശദമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത്ര വലിയ തലക്കെട്ട് ആയിരുന്നില്ല പത്രങ്ങളില്‍ കണ്ടത്.ഏതായാലും ഇതോടെ ആ വാര്‍ത്ത പിന്നണിയിലേക്ക് മാറിപ്പോയി.ഇനിയാരെങ്കിലും ഈ അപകടത്തില്‍ മരിച്ചാല്‍, അങ്ങനെ സംഭവിക്കാതിരിക്കട്ടേ, അത് മിക്കവാറും ചരമക്കോളത്തില്‍ പ്രത്യക്ഷപ്പെടാനേ സാദ്ധ്യതയുള്ളു.
നമ്മുടെ നാട്ടില്‍ ഒരു വാര്‍ത്തയുടെ ആയുസ്സാണിത്,ഇത്രയെ ഉള്ളു അതിനായുസ്സ്,അത് മതി താനും.എന്നാല്‍ ആ വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്കും വാര്‍ത്തയുണ്ടായതിനുശേഷമുള്ള സംഭവങ്ങളിലേക്കും നമുക്കൊന്ന് പാളി നോക്കാം.
നാഷണല്‍ ഹൈവേയുടെ ഭാഗം |
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലൈന്‍ സ്കെച്ച് നോക്കുക.ആലുവ എറണാകുളം നാഷണല്‍ ഹൈവേയുടെ (NH 47)ഒരു കഷണമാണ് അത്.അതില്‍ എറണാകുളത്തേക്ക് പോകുവാനുള്ള വഴി നോക്കൂ (1) പ്രീമിയര്‍ കവലയില്‍ ( ഇന്ന് അപ്പോളോ നില്‍ക്കുന്ന സ്ഥലം) നേരെ ടി വി എസ് കവലയിലെത്തി വീണ്ടും നേരെ യൂണിവേര്‍സിറ്റി ( കൊച്ചിന്‍ യൂണിവേര്‍സിറ്റി) കവലയിലെത്തി അവിടെന്ന് വീണ്ടും നേരെ നാഷണല്‍ ഹൈവേ നീണ്ടു പോകുന്നു, (2) മറ്റൊരു വഴി പ്രീമിയര്‍ കവലയില്‍ നിന്നും ഒരല്‍പ്പം മുന്നോട്ട് വരുമ്പോള്‍ ഇടത്തോട്ട് തിരിഞ്ഞ് എച്ച് എം ടി കവലയിലെത്തി അവിടന്ന് ടി വി എസ് കവലയിലെത്തി നാഷണല്‍ ഹൈവേ മുറിച്ചു കടന്ന് സൌത്ത് കളമശ്ശേരിയിലെത്തി അവിടന്ന് യൂണിവേര്‍സിറ്റി കവലയിലെത്തി വലത്തോട്ട് തിരിഞ്ഞ് നാഷണല്‍ ഹൈവേയില്‍ ചേരുന്ന മറ്റൊരു വഴി.ഇതില്‍ വഴി നമ്പര്‍ (2) ആണ് ആദ്യം ഉണ്ടായിരുന്നത്.എല്ലാ വാഹനങ്ങളും ഇതിലേയാണ് പൊഇക്കൊണ്ടിരുന്നത്.പിന്നീട് നാഷണല്‍ ഹൈവേ വീതി കൂട്ടി പുനര്‍ നിര്‍മ്മിച്ചപ്പോള്‍ റെയില്‍ പാലത്തിനൊരു ഓവര്‍ ബ്രിഡ്ജ് പണിയുകയും ടി വി എസ് കവലയില്‍ നിന്നും യൂണിവേര്‍സിറ്റി കവലയിലേക്കൊരു പുതിയ റോഡ് തുറക്കുകയും ചെയ്തപ്പോള്‍ നാഷണല്‍ ഹൈവേയുപയോഗിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കുറച്ചെളുപ്പമായി.പക്ഷെ അധികാരികള്‍ നേരെയുള്ള റൂട്ട് (1) ബസ്സൊഴിച്ചുള്ള എല്ലാ വാഹനങ്ങള്‍ക്കുമായി തുറന്നു കൊടുക്കുകയും ഓര്‍ഡിനറി ബസ്സുകള്‍ റൂട്ട് നമ്പര്‍ (2) വിലൂടെ തന്നെ ഓടണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു.എച്ച് എം ടി കമ്പനി, സഹകരണ മെഡിക്കല്‍ കോളേജ്,ഗവണ്മെന്റ് പോളിടെക്നിക്, ഗവണ്മെന്റ് ഐ ടി ഐ, വനിതാ പോളിടെക്നിക് , സെന്റ് പോള്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റോപ് ആണ് എച്ച് എം ടി കവല എന്നോര്‍ക്കണം.പോരാതെ ഇതുമൊക്കെയായി ബന്ധപ്പെട്ടും പെടാതെയും അനേകം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്ന ഒരു പ്രദേശം കൂടിയാണത്.അതുപോലെ തന്നെ സൌത്ത് കളമശ്ശേരി ഒരു ചെറിയ കച്ചവടകേന്ദ്രവും ചുറ്റുപാടും അനേകായിരങ്ങളുടെ താമസകേന്ദ്രവും കൂടിയാണ്.അതുപ്പൊലെ തന്നെ കുറേയേറെ കമ്പനികള്‍ കൂടി ഈ ഭാഗത്തുണ്ട്.പ്രീമിയര്‍ കവല, ടി വി എസ് കവല, യൂണിവേറ്സിറ്റി കവല എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നലുകളുമുണ്ട്.
അപകടത്തില്‍ തകര്‍ന്ന ഓട്ടോ |
ഇനി കഥ ആരംഭിക്കാം.ആ സ്കെച്ചിലേക്കൊന്നുകൂടി നോക്കൂ. പ്രീമിയര്‍ കവലയില്‍ നിന്നും ഏതാണ്ട് വളരെ ദൂരത്തോളം നേരെ നീണ്ടു നിവര്‍ന്ന് വളവും തിരിവുമില്ലാതെ കിടക്കുന്ന ഹൈവേ.ശരിക്കും എറണാകുളത്തുനിന്നും വരുന്നവര്‍ക്കാണിതു പ്രയോജനം ചെയ്യുക.ലവലായ വളവില്ലാത്ത റോഡായതിനാല്‍ നല്ല സ്പീഡിലായിരിക്കും വണ്ടികള്‍ വരിക.ഈ റോഡ് മുറിച്ചു കടന്ന് സൌത്ത് കളമശ്ശേരിയിലേക്കും തിരിച്ചും പ്രൈവറ്റ് ബസ്സുകള്‍ ചീറിപ്പാഞ്ഞു വരുന്നത്.ചുരുക്കിപ്പറഞ്ഞാല്‍ ട്രാഫിക് ലൈറ്റുണ്ടെങ്കിലും അതു കാണാതെ എന്ന മട്ടില്‍ ഓടാനൊരു ശ്രമം എപ്പോഴും പ്രൈവറ്റ് ബസ്സുകള്‍ കാണിക്കും, പ്രത്യേകിച്ചും ഫാസ്റ്റ് മുതലായ ബസ്സുകള്‍ നേരെ പെട്ടെന്ന് പോകുന്നത് കാണുമ്പോള്‍.പോലീസുന്റെങ്കില്‍ മാത്രം ഒരല്‍പ്പം ഒതുക്കം അവര്‍ കാണിച്ചെങ്കിലായി.ചുരുക്കിപറഞ്ഞാല്‍ നാഷണല്‍ ഹൈവേയില്‍ ടി വി എസ് കവല ഒരപകട കെണിയായി മാറി.നിരവധി അനവധി അപകടങ്ങളിലായി അനേകം ജീവന്‍ അവിടെ ഹോമിക്കപ്പെട്ടു.ഇതിനൊരറുതി വരുത്താനായി അധികാരികളൊരു നിര്‍ദ്ദേശം വച്ചു.പ്രൈവറ്റ് ബസ്സുകള്‍ ടി വീ എസ് കവലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യൂണിവേര്‍സിറ്റി കവലയിലേക്ക് പോകട്ടെ.സംഭവം നടപ്പിലായി, അപകടം അവിടന്ന് കൂടൊഴിഞ്ഞു.എല്ലാം ശാന്തമായി എന്നാശ്വസിച്ചപ്പോള്‍ ദേ വരുന്നു അപകടം വ്യാപാരി വ്യവസായി സംഘടനയുടെ രൂപത്തില്‍.അവറ് സമരം ചെയ്യുകയും ടി വീ എസ് കവലയില്‍ നിന്നും ഇടത്തോട്ട് തിരിയുന്ന ബസ്സുകല്‍ തടഞ്ഞിടുകയും ചെയ്തു.അവരുടെ കച്ചവടം പോകുമത്രെ.അങ്ങനെ വീണ്ടും പഴയ നില പുനസ്ഥാപിക്കുകയായിരുന്നത്രെ.
ഭാഗ്യത്തിനു രക്ഷപെട്ട സെബാസ്റ്റ്യന്‍ ചേട്ടന്‍ |
3-)0 തീയതി രാത്രി 12 മണിയോടെയാണ് ആ സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപുരം സ്റ്റാന്റില്‍ നിന്നെടുത്തത്.ഉച്ചയോറ്റെ തിരുവല്ലയില്‍ നിന്നും പുറപ്പെട്ട് രാത്രി 10 മണിയോടെ തിരുവനന്തപുരത്തെത്തി അവിടെ നിന്നും തൃശ്ശൂര്‍ക്ക് പുരപ്പെട്ട് പിറ്റേന്ന് രാവിലെ 10 മണിയോടെ തൃശ്ശൂരെത്തി ഉച്ചക്ക് തിരുവല്ലക്കുപോകുന്ന സര്‍വീസ്.നല്ല കണ്ടീഷനിലുള്ള പുതിയ അശോക് ലെയ്ലാന്റ് ബസ്സ്.പവര്‍ സ്റ്റിയറിംഗ് , പവര്‍ ബ്രേക്ക്. ഡ്രൈവറുടെ സന്തോഷത്തിനുള്ള എല്ലാ കാരണങ്ങളുമായി.എത്ര ഓടിച്ചാലും ക്ഷീണമറിയില്ല.പിന്നെ മുഴുവന്‍ സീറ്റിലും യാത്രക്കാരും.ഡ്രൈവര്‍ നല്ല സന്തോഷത്തിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്.രാവിലെ ആറരയോടെ ബസ്സ് എറണാകുളത്തെത്തുമ്പോഴും ഉന്മേഷവാനായിരുന്നു അയാള്‍.അരമണിക്കൂര്‍ വിശ്രമത്തിനുശേഷം വീണ്ടും തൃശ്ശൂര്‍ക്ക്.രാവിലെ റോഡില്‍ തിരക്കായിട്ടില്ല, വെയിലിനു ചൂടു പിടിച്ചു വരുന്നതേയുള്ളു.അയാള്‍ ആക്സിലേറ്ററിലേക്ക് കാലമര്‍ത്തി.എടപ്പള്ളി ട്രാഫിക് കഴിഞ്ഞു, യൂണിവേര്‍സിറ്റി കവലയില്‍ ബ്ലോക്ക് കിട്ടി.അതും കഴിഞ്ഞ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടുമ്പോള്‍ ഓര്‍ത്തു ഇനി ടി വി എസ് കവലയില്‍ ബ്ലോക്ക് കിട്ടില്ല.അതുപോലെ തന്നെ.ദൂരെ നിന്നു ചെല്ലുമ്പോളേ കാണാം പച്ച ലൈറ്റ് കത്തി നില്‍ക്കുന്നത്.ഒന്നുകൂടി ആക്സിലേറ്ററിലേക്ക് ഒന്നുകൂടി കാലമര്‍ത്തി.വണ്ടി കവലയുടെ നടുക്കോട്ട് ചെല്ലുമ്പോഴേക്കും വലത്ത് വശത്തുകൂടെ ഒരു ചുവന്ന ബസ്സ് പാഞ്ഞു വരുന്നത് അയള്‍ കണ്ടു.ഒരാന്തലോടെ അയാള്‍ ബ്രേക്ക് ചവിട്ടാന്‍ തുടങ്ങുകയോ സ്റ്റിയറിംഗ് വെട്ടിക്കുകയോ ചെയ്യാന്‍ വിഫലമായി ശ്രമിച്ചു.പക്ഷെ അതിനുമുന്‍പേ ആ ചുവന്ന ചെകുത്താന്‍ ഒരു കട പുഴങ്ങിയ വന്മരം പോലെ അയാളുടെ ഭാഗത്ത് വന്നിടിച്ചു കഴിഞ്ഞു.തലയിലെന്തോ കുത്തിക്കയറുകയും സ്റ്റിയറിംഗ് വളഞ്ഞ് ഇടത്തെ കാലില്‍ അമരുകയും കാലിന്റെ അസ്ഥി പൊട്ടിത്തകരുകയും ചെയ്യുന്നതയാള്‍ അറിഞ്ഞു.തന്റെ വണ്ടി വലത്തേക്ക് വെട്ടി നീങ്ങുന്നതും മറ്റേ ബസ്സ് ഇടത്തേക്ക് വെട്ടി നീങ്ങുന്നതും അയാള്‍ ഒരു മൂടലിനിടയില്‍ കണ്ടു,അതോടൊപ്പം ചുവന്ന ബസ്സില്‍ നിന്ന് കരിയിലകള്‍ കൊഴിയുന്നതുപോലെ ആളുകള്‍ റോഡിലേക്ക്, തന്റെ ബസ്സിന്റെ മുന്നിലേക്ക് പൊഴിഞ്ഞു വീഴുന്നതുമയാള്‍ കണ്ടു.അവരുടെ ദേഹത്ത് വണ്ടി കയറാതെ കഴിയുന്നത്ര ശ്രദ്ധിച്ച് അയാള്‍ വണ്ടി വെട്ടിച്ചൊഴിച്ചുകൊണ്ടിരുന്നു.ആ വണ്ടി ഒരു ചെറിയ തോടും ചാടിക്കടന്ന് സമീപത്തുള്ള ഇലട്രിക് പോസ്റ്റിലിടിച്ചു നിന്നു.
കഴിഞ്ഞ 30 വര്‍ഷങ്ങളായി എറണാകുളത്തും കളമശ്ശേരിയിലും ഓട്ടോ ഓടിച്ചുപജീവനം നടത്തുന്നയാളാണ് സബാസ്റ്റ്യന്‍ ചേട്ടന്‍.വണ്ടി ഓടിച്ചും ജീവിതത്തിലോടിയും ആ മനുഷ്യന്‍ തളര്‍ന്നിരിക്കുന്നു.അപ്പോഴാണ് ടി വി എസ് കവലയിലെ ഒരു കമ്പനി അദ്ദേഹത്തിനൊരു കൊച്ചു ജോലി വച്ചു നീട്ടിയത്.ഇടസമയങ്ങളിലും രാവിലേയും അല്ലെങ്കില്‍ സെബാസ്റ്റ്യന്‍ ചേട്ടനു തോന്നുമ്പോഴൊക്കെ ആ കമ്പനിയില്‍ ചെല്ലാം , പണി ചെയ്യാം.അന്നു രാവിലെ വണ്ടി ഓടിക്കാന്‍ ഒരു താല്പര്യം തോന്നാത്തതുകൊണ്ട് അദ്ദേഹം കമ്പനിയില്‍ പോകാന്‍ തീരുമാനിച്ചു.സ്വന്തം ഓട്ടൊ ആയതുകൊണ്ട് ആരോടും കണക്കു പറയാനുമില്ല.അങ്ങനെ രാവിലെ വണ്ടിയുമായി വീട്ടില്‍ നിന്നിറങ്ങി പതിയെ ഓടിച്ച് കമ്പനിയെടെ മുന്നിലെ അടഞ്ഞു കിടക്കുന്ന കടക്കു മുന്നില്‍ വണ്ടി നിറുത്തി രണ്ടാം നിലയിലേ കമ്പനിയില്‍ പോകാന്‍ പടി കയറി പകുതിയെത്തിയതേ ഉണ്ടായിരുന്നുള്ളു അദ്ദേഹം.പെട്ടെന്നാണ് താന്‍ നിറുത്തിയിട്ട ഓട്ടോ വായുവില്‍ പറക്കുന്നത് അദ്ദേഹം കണ്ടത്.വായും പൊളിച്ച് നോക്കി നിന്ന തന്റെ മുന്നിലേക്ക് മരണദൂതനെപ്പോലെ പാഞ്ഞു വരുന്ന ചുവന്ന ആ ബസ്സ് കണ്ട് അദ്ദേഹം ഒറ്റച്ചാട്ടത്തിനു മുകളിലെത്തി.തന്റെ വണ്ടി ബസ്സിനും കടക്കുമിടയില്‍ പെട്ട് “ഗ “ പോലെ വളഞ്ഞതു കണ്ട അദ്ദേഹം ദൈവത്തിനു സ്തോത്രം ചൊല്ലി.താന്‍ വണ്ടി നിറുത്താന്‍ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍, താനും ആ വണ്ടിയും .. ..... പിന്നെ ഓര്‍ക്കാനാ പാവത്തിനായില്ല.
സാധാരണ പോലെ പച്ച സിഗ്നല്‍ കണ്ട് കടന്നു വന്ന ആ സൂപ്പര്‍ ഫാസ്റ്റില്‍ കളമശ്ശേരിയില്‍ നിന്നും സിഗ്നല്‍ തെറ്റിച്ച് ചീറിപാഞ്ഞു വന്ന ആ ബസ്സ് ഇടിക്കുകയായിരുന്നു.രണ്ടു ബസ്സും ബ്രേക്ക് ചവിട്ടിയിരുന്നില്ല എന്നാണ് കാണുന്നത്.എന്തായാലും പ്രൈവറ്റ് ബസ്സിലെ രണ്ടു യാത്രക്കാര്‍ തല്‍ക്ഷണവും ഒരാള്‍ പിന്നീടും മരിച്ചു.സ്പീഡ് 60 കി മി യില്‍ നിറുത്തുവാനായി ബസ്സിന്റെ എഞിനില്‍ ഫിറ്റ് ചെയ്തിരുന്ന സ്പീഡ് ഗവര്‍ണര്‍ പ്രൈവറ്റ് ബസ്സില്‍ വിടീച്ചിട്ട സ്ഥിതിയിലും കെ എസ് ആര്‍ ടി സി യില്‍ അപകടത്തെതുടര്‍ന്ന് മുരിഞ്ഞ നിലയിലുമായിരുന്നു.
ഏതായാലും അപകടം നടന്നന്ന് വൈകുന്നേരം മുതല്‍ പ്രൈവറ്റ് ബസ്സുകള്‍ ടി വി എസ് കവലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യൂണിവേര്‍സിറ്റി കവലയിലേക്ക് പോകാന്‍ തുടങ്ങി.അതോടെ ടി വി എസ് കവലയിലെ അപകട സാദ്ധ്യത ഏതാണ്ട് ഇല്ലാതായി എന്നു തന്നെ പറയാം.ആ മൂന്നു പേരുടെ ജീവിത ബലി ഒരു നാടിന്റെ നിത്യശാപമായിരുന്ന ഒരപകട ക്കെണി ഇല്ലാതാക്കാന്‍ ഉപകരിച്ചെങ്കില്‍ ആ ബലി , ആ രക്തസാക്ഷിത്വം അമരമാവുകയാണ്.
പക്ഷെ നമ്മുടെ റോഡുകളിലെ , അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ പലേടത്തും കണ്ടു വരുന്ന ഇത്തരം അപകടക്കെണികളുണ്ട്.ചിലയിടത്തത് റോഡിലായിരിക്കുമെങ്കില്‍ ചിലയിടത്ത് വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തുരുമ്പുപിടിച്ച ഇലക്ട്രിക് പോസ്റ്റായിരിക്കും, ചിലയിടത്ത് ഉണങ്ങിയ ഒരു മരമായിരിക്കും.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ പൌരന്മാരുടെ ഭാഗത്തുനിന്നോ ഉള്ള വളരെ നിസ്സാരമായ ഒരിടപെടല്‍ കൊണ്ട് ഒരു വലിയ അപകടം ഇല്ലാതാക്കാന്‍ കഴിയുമാരിക്കും.എന്നാലും ആരും നമ്മുടെ നാട്ടിലതിനു തയ്യാറാകാറില്ല എന്നതാണ് പ്രശ്നം.ഞാനായിട്ടെന്തിനാ എന്ന മനോഭാവമാണെല്ലാവര്‍ക്കും.ഞാന്‍ അതിലിടപെടുന്നില്ല അവനായിക്കോട്ടെ, ഞാനിടപെട്ടിട്ട് എന്തെങ്കിലും പ്രശ്നമായാലോ എന്ന മനോഭാവം.ഇതാണൊരു പ്രശ്നമെങ്കില്‍ മറ്റൊരു പ്രശ്നം എല്ലാം എനിക്കു/ഞങ്ങള്‍ക്ക് മതി എന്ന ഒരു മനോഭാവം.ഒരുദാഹരണം പറയാം.കാത്തു കാത്തിരുന്ന മെട്രോ റെയില്‍ വരാന്‍ പോകുന്നു എന്ന ത്രില്ലിലാണ് എറണാകുളം നിവാസികള്‍ മുഴുവന്‍. മെട്രോ റെയിലിന്റെ അലൈന്മെന്റ്നു വേണ്ടിയുള്ള അളവുകളും മറ്റും തകൃതിയായി നടക്കുന്നു.അപ്പോഴതാ ഒരു കൂട്ടര്‍ ഇതിലേ മെട്രോ റെയില്‍ വരാന്‍ പറ്റില്ല എന്നൊരൊറ്റ പ്രഖ്യാപനം.കാരണമെന്താ റെയിലുള്ള പണി നടക്കുമ്പോള്‍ കടകളിലേക്ക് പൊടി കയറുമത്രെ.അവരുടെ ഭാഗ്യം എന്നു പറയാം, അല്ലെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ പോയി കാര്യമായി കണ്ടു കാണും,ഏതായാലും മെട്രോ റെയി ഗോവിന്ദാ ഗോവിന്ദാ.
ഒരു ചെറിയ ഉദാഹരണം കൂടി പറഞ്ഞോട്ടേ.ഒരു വളര്‍ന്നുവരുന്ന ടൌണ്‍.അതിനു നടുവിലൂടെ യാണ് നാഷണല്‍ ഹൈവേ കടന്നുപോയിരുന്നത്.പിന്നീട് നാഷണല്‍ ഹൈവേയുടെ വികസനപദ്ധതികള്‍ വന്നപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് അവിടെയൊരു ബൈ പാസ്സാണ്.അപ്പോഴതാ ഒരൊറ്റ ദിവസത്തെ ഹര്‍ത്താല്‍ - വ്യാപാരി വ്യവസായികളുടെ വക.അതോടെ ഹൈവേ ആ ടൌണിന്റെ നടുവിലൂടെത്തന്നെ.എന്നിട്ടെണ്ടായി.അപകടമില്ലാത്ത ദിവസമില്ല ആ ടൌണില്‍.
നമ്മുടെ കേരളമെന്താ ഇങ്ങനെയായിപ്പോയത്?
നല്ല റിപ്പോർട്ട്.
ReplyDeleteഒരു ഞെട്ടലാണിപ്പോഴും..ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍...
ReplyDeleteജനങ്ങളുടെയും വ്യാപാരികളുടെയും നിസ്സഹാകരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ആലപ്പുഴ ബൈ പാസ്. കൊച്ചച്ചന്‍ (രവി കൊച്ചച്ചന്‍) ഫാര്‍മസി-ക്ക് പഠിക്കുമ്പോ തുടങ്ങിയതാണ് അതിന്റെ പണി. കൊച്ചച്ചന്‍ റിട്ടയര്‍ ആവുകേം ചെയ്തു. ഇതുവരെ ബൈ പാസ് വന്നിട്ടില്ല.
ReplyDeleteകേരളം നന്നാവില്ല ചേട്ടാ..